Saturday, 12 October 2024

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍



യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "കുട്ടിച്ചന്‍" എന്ന തറക്കുന്നേല്‍ ടി. പി. ജോര്‍ജുകുട്ടിയെക്കുറിച്ച് അങ്ങനെ തന്നെയേ പറയാന്‍ കഴിയൂ. വേദഭാഷയില്‍ അങ്ങനെ പറയുമ്പോള്‍, ചലച്ചിത്രഭാഷയില്‍ ഇങ്ങനെയും പറയാമെന്നു തോന്നുന്നു: 'വ്യത്യസ്തനാമൊരു .... കുട്ടിച്ചന്‍ സാറിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല." അക്ഷരാര്‍ത്ഥത്തില്‍, "ആരും തിരിച്ചറിഞ്ഞില്ല" എന്നത് സത്യമല്ല താനും. പാടത്തുമാപ്പിള കുടുംബാംഗവും കഴിഞ്ഞ തലമുറയില്‍ അറിയപ്പെട്ട രാഷ്ട്രീയ നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന തറക്കുന്നേല്‍ പാപ്പച്ചായന്‍ എന്ന ഫീലിപ്പോസിന്‍റെ പുത്രനും, റബര്‍ ബോര്‍ഡ് അംഗവും, ന്യൂനപക്ഷമോര്‍ച്ച കോട്ടയം ജില്ലാ സെക്രട്ടറിയും, കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളി മുന്‍ സെക്രട്ടറിയും, ദീര്‍ഘകാല സണ്ടേസ്കൂള്‍ അധ്യാപകനും, കോത്തല ആര്‍.പി.എസ്. പ്രസിഡന്‍റും, കോത്തല നാഷണല്‍ റീഡിംഗ് റൂം സെക്രട്ടറിയും, എഴുത്തുകാരനും, പുസ്തകപ്രസാധകനും, സാമൂഹ്യപ്രവര്‍ത്തകനും ഒക്കെ ആയിരുന്ന ടി. പി. ജോര്‍ജുകുട്ടിയെന്ന വ്യക്തിയെ അദ്ദേഹം തിരശീലക്കപ്പുറം കടന്നിട്ടും നാമൊക്കെ തിരിച്ചറിയുവാന്‍ ഇനിയും ഒത്തിരിയുണ്ടെന്നതാണ് സത്യം. 

അതുകൊണ്ടുതന്നെ, ഈ ഗ്രന്ഥത്തില്‍ ശ്രീ. വി. ജി. രാമചന്ദ്രന്‍ നായര്‍ കുട്ടിച്ചനെക്കുറിച്ച് വാക്കുകള്‍കൊണ്ട് വരയ്ക്കുന്ന ഒരു ചിത്രം എന്നെ വളരെ ആകര്‍ഷിച്ചു:

"തനതായ ഒരു ശൈലിയില്‍ മുണ്ടുമടക്കിക്കുത്തി, തലയല്പം ചെരിച്ച്, ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ച ഒരു ചെറുചിരിയോടെയുള്ള ആ വരവോ, നര്‍മ്മം കലര്‍ത്തിയുള്ള ആ സംഭാഷണമോ, അക്ഷരങ്ങളുടെ കൂട്ടുകാരനെന്നോ, മികച്ച സംഘാടകനെന്നോ, മര്‍മ്മമറിഞ്ഞ് പ്രഹരിക്കുവാന്‍ ചാണക്യനീതി സ്വായത്തമാക്കിയ രാഷ്ട്രീയക്കാരനെന്നോ, സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത ഇടവകക്കാരനെന്നോ, നിര്‍ണ്ണായകഘട്ടങ്ങളില്‍ കടുത്ത നിലപാടുകള്‍ എടുക്കുകയും എടുപ്പിക്കുകയും ചെയ്ത കൂര്‍മ്മബുദ്ധിയെന്നോ, എഴുത്തുകാരനെന്നോ, പ്രസാധകനെന്നോ, പത്രാധിപരെന്നോ, കര്‍ഷകമിത്രമെന്നോ, നാഷണല്‍ റീഡിംഗ് റൂമിന് ജീവവായുവേകി നിലനിര്‍ത്തിയവനെന്നോ, ഏതു വിശേഷണവും താങ്കള്‍ക്ക് ചേരുമല്ലോ."

കുട്ടിച്ചന്‍റെ വ്യക്തിത്വസിദ്ധികളെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ പലരും എഴുതിയിട്ടുള്ളത് നമ്മെ അമ്പരപ്പിക്കുന്ന വസ്തുതകളാണ്. അവയില്‍ ശ്രീ. ഫിലിപ്പോസ് ഏബ്രഹാം നടത്തുന്ന നിരീക്ഷണങ്ങളില്‍ നിന്ന് ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിക്കാതിരിക്കാന്‍ കഴിയുന്നില്ല: 

"കുട്ടിച്ചന്‍ തന്‍റെ കൂടെ കൂടുന്നവരോട് ഒപ്പം നടക്കുകയും, അവരുടെ ബലവും ബലഹീനതയും മനസ്സിലാക്കുകയും, കഴിവും, അഭിരുചികളും തിരിച്ചറിഞ്ഞ് സാന്ത്വനവും, പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നതില്‍ ജാഗരൂകനായിരുന്നു. സുഹൃത്തുക്കളുടെ സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും താളുകള്‍പോലും ഹൃദിസ്ഥമാക്കിയിരുന്നു. തന്‍റെ ഓരോ സൗഹൃദങ്ങളുടേയും താളുകള്‍ ചുളിവുവരാതെ ഹൃദയത്തോടു ചേര്‍ത്ത് ഭദ്രമായി സൂക്ഷിച്ചിരുന്ന കുട്ടിച്ചന്‍റെ ഈ പ്രത്യേക കഴിവാണ് കേവലം അച്ചടിച്ച പുസ്തകങ്ങളുടെ പ്രസാധകനോ വിതരണക്കാരനോ ആയി മാത്രം കുട്ടിച്ചനെ അടയാളപ്പെടുത്താന്‍ കഴിയാത്തതും. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പിറവിയെടുത്ത ഹ്യൂമന്‍ ലൈബ്രറിയെന്ന നൂതന ആശയത്തോടു കുട്ടിച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും സാമ്യമുണ്ടെന്ന് എനിക്കു തോന്നുവാനുള്ള കാരണവും കുട്ടിച്ചനെ അനുസ്മരിക്കുവാന്‍ ഇങ്ങനെയൊരു തലക്കെട്ട് ("ഹ്യൂമന്‍ ലൈബ്രറിയിലെ പുസ്തകവായനക്കാരന്‍") നല്‍കുന്നതും."

തറക്കുന്നേല്‍ ജോര്‍ജുകുട്ടി എന്‍റെ നാട്ടുകാരനായിരുന്നു. എന്‍റെ കുടുംബബന്ധത്തിലുള്ള ആളും ആയിരുന്നു. കോത്തലയിലും ചുറ്റുപാടുമുള്ള സാമൂഹ്യ, ബൗദ്ധിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ജോര്‍ജുകുട്ടി നല്‍കുന്ന നേതൃത്വവും എന്നെ ആകര്‍ഷിച്ചിരുന്നു. ചങ്ങനാശേരിയില്‍ അദ്ദേഹം ദീര്‍ഘകാലം നടത്തിയിരുന്ന ബുക്ക്വേവും, പാമ്പാടി പൊത്തമ്പുറത്ത് അദ്ദേഹം നടത്തിയിരുന്ന "വിന്‍വേവ് പ്രിന്‍റിംഗ് & പബ്ലിക്കേഷന്‍" സ്ഥാപനവും അനേകംപേര്‍ക്ക് കൈത്താങ്ങലും പ്രോത്സാഹനവും വഴികാട്ടിയും ആയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍, "മലങ്കര നവോത്ഥാനം", "മനനം", "പ്രദക്ഷിണം", "നസ്രാണിവിചാരം", "ജന്മഭൂമി" മുതലായവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും കുറിപ്പുകളും ആര്‍ജ്ജവമുള്ള ഒരു തൂലികയുടെ സാക്ഷ്യങ്ങളായിരുന്നു. ഇവയിലെല്ലാം വ്യത്യസ്തമായി, സണ്ടേസ്കൂള്‍ അദ്ധ്യാപകന്‍, ബാലവേദി, ബാലജനസഖ്യം, വയോജനകൂട്ടായ്മ, "പ്രദക്ഷിണം", "കുരുത്തോല" മുതലായവയുടെ മുഖ്യ രക്ഷാധികാരിയെന്ന നിലയിലുള്ള മാതൃകാപരമായ ഇടപെടലുകളാണ് എന്നെ വിസ്മയിപ്പിച്ചത്. പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കുവാന്‍ ഏതറ്റംവരെയും പോകുവാനുള്ള ചങ്കൂറ്റവും ജോര്‍ജുകുട്ടിയെ വ്യത്യസ്തനാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോത്തല വച്ച് തിരുവോണത്തോടനുബന്ധിച്ച് ഒരു സാംസ്കാരിക സമ്മേളനം നടന്നതിന്‍റെ മുഖ്യസംഘാടകന്‍ ശ്രീ. ജോര്‍ജുകുട്ടി ആയിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ തിരുവോണസന്ദേശം നല്‍കുവാന്‍ എന്നെ ക്ഷണിച്ചു. അതിനായി ചെന്നപ്പോഴാണ് മനസ്സിലായത് ചിലരെയൊക്കെ ആദരിക്കുവാനും കൂടി ആയിരുന്നു ആ സമ്മേളനം എന്ന്. അക്കൂട്ടത്തിലും എന്നെ ഉള്‍പ്പെടുത്തി. മറ്റാരും ശ്രദ്ധിക്കാതിരുന്ന രണ്ടുമൂന്നു കാര്യങ്ങള്‍ ജോര്‍ജുകുട്ടി എന്നെക്കുറിച്ചു ശ്രദ്ധിച്ചുവെന്ന് അദ്ദേഹത്തിന്‍റെ ആമുഖവാക്കുകളില്‍ നിന്ന് മനസ്സിലായി. കോത്തല പ്രദേശത്തുനിന്ന് പി.എച്ച്.ഡി. ആദ്യമായിയെടുത്തയാള്‍ ഞാനാണെന്നും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പോയി പഠിച്ച് ഭാരതീയ തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം ഒന്നാം റാങ്കോടെ പാസ്സായ കോത്തലക്കാരന്‍ ഞാനാണെന്നും, ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ആദ്യമായി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച കോത്തലക്കാരനും ഞാനാണെന്ന് ജോര്‍ജുകുട്ടി പറഞ്ഞുകേട്ടപ്പോള്‍ അതെനിക്കു പുതിയ അറിവായിരുന്നു. 

"അറിവും സ്നേഹവും സമ്പത്തും പകര്‍ന്നു നല്‍കുമ്പോഴാണ് മഹത്വമേറുന്നത്" എന്നും "നേട്ടങ്ങളെക്കുറിച്ച് കണക്കു കൂട്ടാതെ, തിരികെക്കിട്ടുമെന്ന് ഉറപ്പോ, ശാഠ്യങ്ങളോ ഇല്ലാതെ ഒരാള്‍ സ്വന്തം ജീവിതം പകുത്തുനല്‍കുമ്പോള്‍ അവന് ഈശ്വരന്‍റെ മനസ്സാണ്" എന്നും ഒരു സോഷ്യല്‍ മീഡിയ സുഭാഷിതത്തില്‍ (ജെ.കെ.വി.) കേട്ടത് എത്ര ശരിയാണെന്ന് "കുട്ടിച്ചന്‍" നമുക്കു കാട്ടിത്തന്നു. ആ കാഴ്ചയെ കൂടുതല്‍ ദീപ്തമാക്കിയത് കുട്ടിച്ചനെ എന്നെക്കാള്‍ കൂടുതല്‍ വ്യക്തിപരമായി അറിയുന്ന രണ്ടു പേര്‍ (പ്രിയപ്പെട്ട, ലാലും, ഈശോയും) എന്നെ സന്ദര്‍ശിച്ചതോടെയാണ്. 

ശരാശരിക്കാരായ ചില യുവാക്കള്‍ക്ക് ആത്മവിശ്വാസവും ദിശാബോധവും നല്‍കുവാന്‍ കുട്ടിച്ചന്‍ നടത്തിയ ഇടപെടലുകള്‍; ഒറ്റപ്പെട്ട ചിലര്‍ നടത്തിയിരുന്ന കലുങ്കുകൂട്ടായ്മകള്‍ കുട്ടിച്ചന്‍റെ സാന്നിധ്യത്തില്‍ നാടിനു ഗുണമുള്ള "കപ്പ" കൂട്ടായ്മകളും, ജീവിതങ്ങളെ മാറ്റിമറിച്ച "പള്ളി"മുറ്റഭാഷണങ്ങളുമായി മാറിയത്; ചിലര്‍ക്ക് പ്രയോജനപ്പെടും എന്നു തോന്നിയ പുസ്തകങ്ങള്‍ കുട്ടിച്ചന്‍ അവര്‍ക്ക് സമ്മാനമായി നല്‍കിയത്; ചിലരെ ചിലപ്പോള്‍ പഠന, ഗവേഷണയാത്രകള്‍ക്ക് കൂടെകൊണ്ടുപോയത്; ചിലരെക്കൊണ്ട് ജീവിതം പഠിപ്പിക്കുവാന്‍ സാഹസിക യാത്രകള്‍ നടത്തിച്ചത്; അങ്ങനെ അവരില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയത്. ആ വിവരണം അങ്ങനെ തുടര്‍ന്നു. ചുരുക്കത്തില്‍, അവരില്‍ പലരും ആ ഇടപെടലില്‍ വേരുറച്ച, വളര്‍ന്നുപൊങ്ങിയ, നന്മമരങ്ങളായി മാറി. ചിലരൊക്കെ വിജയം വരിച്ച തൊഴില്‍ സംരംഭകരും ബിസിനസുകാരും ആയി മാറി. പള്ളിയോട് അകന്ന് "പ്രദക്ഷിണ"ത്തില്‍ മനസ്സില്ലാമനസ്സോടെ നീങ്ങിയവര്‍ "കുരുത്തോല'കളായി അകത്തും പുറത്തും. യേശുവിന് ഓശാന പാടി, അവനോടൊപ്പം "പള്ളിപണി"ക്കാരായി. വിതക്കാരനാകുവാന്‍ മാത്രം ശ്രദ്ധിച്ച കുട്ടിച്ചന്‍, എല്ലാ കൊയ്ത്തും മാറിനിന്നാസ്വദിച്ചു. 

കുട്ടിച്ചനെ കേന്ദ്രീകരിച്ച ഈ ഗ്രന്ഥം, "വായന", "സംസ്കാരം", "സമാധാനം" എന്നിവയിലൂന്നിയ പാഠപുസ്തകമായിരിക്കുന്നു. കുട്ടിച്ചന്‍റെ രചനകള്‍ എല്ലാം ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. തികഞ്ഞ ഒരു സഭാസ്നേഹിയായിരുന്ന കുട്ടിച്ചന്‍ സഭയ്ക്കുള്ളിലെ കലഹകേളികള്‍ക്കെതിരെ ചാട്ടവാര്‍ എടുത്തതിന്‍റെ സീല്‍ക്കാരമാണ് മുപ്പതോളം ലേഖനങ്ങള്‍. കുട്ടിച്ചന്‍ "മലങ്കര നവോത്ഥാനം", "മനനം", "പ്രദക്ഷിണം", "നസ്രാണിവിചാരം""ജന്മഭൂമി" മുതലായവയില്‍ എഴുതിയതു പൂര്‍ണ്ണമായി പുനഃപ്രസിദ്ധീകരണം നടത്തുവാന്‍ മറ്റൊരവസരം ഉണ്ടാകട്ടെ. കുട്ടിച്ചനെക്കുറിച്ച് കുടുംബാംഗങ്ങള്‍, ശിഷ്യര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ പലരും എഴുതിയിട്ടുള്ളത് വായിച്ചപ്പോഴാണ് ഈ ലോകത്തില്‍ യഥാര്‍ത്ഥ നന്മ കാണുന്ന കണ്ണുകള്‍ അടയുന്നില്ല എന്നു ബോധ്യപ്പെട്ടത്. 

ഒരു നാടിന്‍റെ വിഹായസില്‍ മിന്നിമറഞ്ഞ താരകമെന്നും, ഒരു മണ്ണിന്‍റെ പച്ചപ്പിനെ തൊട്ടുതലോടിയ പൂന്തെന്നലെന്നും, ഒരു ഇരുള്‍പാതയില്‍ ഒളിവീശി കടന്നുപോയ മിന്നല്‍പിണരെന്നും, ഒരു കൂട്ടം കുരുവികള്‍ക്ക് ഇടം കൊടുത്ത്, കൊടുങ്കാറ്റില്‍ വീഴ്ത്തപ്പെട്ട മരമെന്നും വിശേഷിപ്പിക്കാവുന്ന ചിലരൊക്കെ നമുക്കു ചുറ്റുമുണ്ട്. പൊന്നാടകളില്‍ നിന്നൊഴിഞ്ഞു മാറി, "ഞാനൊന്നുമറിഞ്ഞില്ല, ഞാനിവിടുത്തുകാരനല്ല" എന്ന ഭാവത്തില്‍ നടന്നകന്നുപോകുന്നവര്‍! അതിനാണ് ബൈബിള്‍ ഭാഷയില്‍ "മനുഷ്യപുത്രന്‍റെ" ശൈലിയെന്നു പറയുന്നത്. 

യുവാക്കളെ "വഴിതെറ്റിച്ചു"വെന്ന് കുറ്റാരോപിതനായ യവനചരിത്രത്തിലെ സാത്വികദാര്‍ശനികന്‍ സോക്രട്ടീസ്, ഓരോ കാലഘട്ടത്തിലും തനിക്ക് പിന്‍ഗാമികളെ കണ്ടെത്തുന്നുണ്ട് എന്ന് ചരിത്രം സാക്ഷിക്കുന്നു. മഹാഭാരതത്തിലെ സഞ്ചയനെപ്പോലെ എല്ലാം കണ്ടും കേട്ടും ഇരുന്നിട്ടും തിരശീലയ്ക്കു പിന്നില്‍ പരസ്യത്തിനു വേണ്ടിയല്ലാതെ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കുന്നവരുടെ തലമുറയും അന്യംനില്‍ക്കുവാന്‍ ചരിത്രം അനുവദിക്കുന്നില്ല. ബൈബിളിലെ സുവിശേഷവീരനായ പൗലൂസിനെയും മറ്റു പലരെയും വെള്ളിവെളിച്ചത്തിലേക്ക് ആനയിച്ചിട്ട് സ്വയം രംഗം വിടുന്ന ബര്‍ന്നബാസുകളും ചരിത്രത്തിന്‍റെ തുടര്‍ച്ചയില്‍ എന്നുമുണ്ട്. നമ്മുടെ കുട്ടിച്ചന്‍ അക്കൂട്ടത്തില്‍ എവിടെയൊക്കെയോ ഉണ്ട്. ശാസ്ത്രത്തില്‍ പണ്ടത്തെ "രാമനിഫക്ട്" പോലെ, ചരിത്രത്തില്‍ നമുക്കു ചുറ്റം ഒരു "കുട്ടിച്ചനിഫക്ട്" ഈ ഗ്രന്ഥത്തിന്‍റെ താളുകളില്‍ എവിടെയോ ഉണരുന്നതുപോലെ തോന്നും ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്ക്. ആ ഉണര്‍ത്തുപാട്ടിലും, കൊയ്ത്തുപാട്ടിലും താളം പിടിക്കുവാന്‍ എങ്കിലും നമുക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

No comments:

Post a Comment

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...