Wednesday 20 September 2023

അതുകൊണ്ട് നമുക്കും മിണ്ടാതിരിക്കാം | കുഞ്ഞെറുക്കന്‍

മലങ്കരസഭാ പ്രശ്നം ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് കീറാമുട്ടിയായും പൊതുസമൂഹത്തിന് നാറ്റകേസായും സഭാപിതാക്കന്മാര്‍ക്ക് പൊതിയാത്തേങ്ങയായും പിതാക്കന്മാരുടെ അരമനമക്കള്‍ക്കും വക്കീലന്മാര്‍ക്കും അക്ഷയഖനിയായും സഭാമക്കള്‍ക്ക് നിത്യദുഃഖമായും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മലങ്കരസഭ കണ്ട എക്കാലത്തെയും വലിയ ദാര്‍ശനികനും സഭാസ്നേഹിയും ആയിരുന്ന പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി അക്ഷീണം പരിശ്രമിച്ച് ഇതിന് പരിഹാരം ഉണ്ടാക്കിയ സാഹചര്യം 1995-ല്‍ ഉണ്ടായത് നമുക്കറിയാം. അവസാന നിമിഷം ഇത് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ വിജയിക്കുക തന്നെ ചെയ്തു. അവര്‍ അതില്‍ മാത്രമല്ല വിജയിച്ചത്. പരമോന്നത സിംഹാസനത്തെ പണ്ട് പിണറായി പറഞ്ഞതുപോലെയുള്ളവരുടെ ആസ്ഥാനമാക്കുന്നതിലും വിജയിച്ചു. ഇതൊക്കെ എന്തിന്‍റെ പേരിലാണ്? അവിടെയാണ് രസം. ഇതെല്ലാം ചെയ്യുന്നത് സഭാസ്നേഹത്തിന്‍റെ പേരിലാണത്രെ. ഈ സഭാസ്നേഹികളുടെ ചെയ്തികള്‍ ആരെയും ഞെട്ടിപ്പിക്കുക തന്നെ ചെയ്യും. 

ഗ്രിഗോറിയോസ് തിരുമേനി ഒടുവില്‍ പറഞ്ഞത് "എടാ ഗ്രിഗോറിയോസേ എന്നാണ് ഇപ്പോള്‍ തനിക്കു ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന" എന്നാണ്. ആ പുണ്യപുരുഷന്‍ ഒടുവില്‍ മനംനൊന്ത് മരണത്തിനു മുന്നില്‍ കീഴടങ്ങി. മഹാനായ ആ വ്യക്തിപ്രഭാവത്തിനു കഴിയാഞ്ഞത് ഇനി ആര്‍ക്കും സാധിക്കില്ല എന്ന മാനസികാവസ്ഥയിലാണ് ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതിന് ത്രാണിയുള്ളവര്‍. 'വയ്യാത്ത പശു എന്തിനിങ്ങനെ കയ്യാല കയറണം' എന്ന ചിന്തയില്‍ അവരില്‍ പലരും നവതിയുടെ താടിരോമങ്ങള്‍ തടവി ചിന്താവിഷയങ്ങളുമായി കഥ തുടരുന്നു. തീവ്രസമാധാനം വാക്കിലും ചിന്തയിലും പ്രകടിപ്പിക്കുന്ന പണ്ഡിതന്മാരാകട്ടെ, ഉപദേശം കൊടുത്തു മടുത്തു കഴിയുന്നു. എവിടെയെങ്കിലും സംവിധായകനായാല്‍ മതി, നിര്‍മാതാവിന്‍റെ ഭാരമൊന്നുമെടുക്കേണ്ടതില്ല എന്നു കരുതി മറ്റു ചിലര്‍ ആശ്വസിക്കുന്നു.  കുപ്പായത്തിന്‍റെ പകിട്ടു പൂര്‍ത്തിയായവരെയാകട്ടെ ഉറക്കത്തില്‍ റെയില്‍വേപ്പാളം പേടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സഭാംഗങ്ങള്‍ വിലപിച്ചിട്ടും സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു ചിന്തിക്കാന്‍ ആരുമില്ലാതെ ആയിരിക്കുന്നു. 

വാസ്തവത്തില്‍ എന്തുകൊണ്ടാണ് നൂറ്റാണ്ടു കഴിഞ്ഞിട്ടും വക്കീലിനും വക്കാണത്തിനും മലങ്കരസഭ ഇന്നും വാഗ്ദത്തഭൂമിയായി തുടരുന്നത്? എന്താണ് അടിസ്ഥാന പ്രശ്നം? ഇതെല്ലാം കാശിന്‍റെ ഏനക്കേടാണെന്ന് കോടതി പറയും. നമ്മളും അതു തന്നെ പറയും. എന്നാല്‍ സഭ യോജിച്ചാലും കാശു കിട്ടുന്നവര്‍ക്ക് കൂടുതല്‍ കിട്ടുകയേയുള്ളു. പിന്നെന്തുകൊണ്ടാണിവര്‍ ഒരിക്കലും യോജിപ്പു വേണ്ട എന്നു പറഞ്ഞ് വാ കീറുന്നത്? രണ്ടായിരം വീട്ടുകാരുള്ള പള്ളിയില്‍, പള്ളിക്കെട്ടിടവും ഇരുപതു വീട്ടുകാരെയും കിട്ടിയാല്‍ ഒരു കൂട്ടര്‍ ആര്‍ത്തുവിളിക്കുന്നു. ബാക്കി ജനത്തെ അവര്‍ക്കുവേണ്ട.

അപ്പോള്‍ അതാണു കാര്യം. അവര്‍ക്കു കൂടുതല്‍ ജനത്തെയൊന്നും വേണ്ട. ഇവനെയൊക്കെ ഭരിച്ചിട്ടും വലിയ കാര്യമില്ല. ഇപ്പോത്തന്നെ രണ്ടു കീശയും നിറയുന്നുണ്ട്. വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും തരുവാന്‍ വേണ്ടപ്പെട്ടവര്‍ ഇപ്പോള്‍തന്നെ ധാരാളമുണ്ട്. ഇനി കുറെക്കൂടി അവന്മാര്‍ വന്നിട്ടെന്തുകാര്യം? സഭ എത്ര വളര്‍ന്നാലും നമുക്കിത്രയൊക്കെയല്ലേ തിന്നാന്‍ പറ്റൂ. കൂടുതല്‍ തൊപ്പിക്കാര്‍ വന്നാല്‍ അവരൊക്കെ ഇവിടുള്ളവരേക്കാള്‍ വിളഞ്ഞ വിത്തുകളാ. അതുകൊണ്ടു കൂടുതല്‍ തൊപ്പിക്കാരെയൊന്നും നമ്മള്‍ക്കു വേണ്ട. വന്ന വെള്ളം നിന്ന വെള്ളം കൂടി കൊണ്ടുപോയാലത്തെ അവസ്ഥയായല്ലോ ഇപ്പത്തന്നെ. മൂന്നെണ്ണം വന്നപ്പംതന്നെ ഇവിടുണ്ടായിരുന്ന സ്കൂളും കോളജും എല്ലാം കൊടുക്കാന്‍ ഇവിടെ ആളുണ്ട്. അല്ലെങ്കില്‍ അതൊക്കെ പിടിച്ചുമേടിക്കാനവര്‍ക്കറിയാം. ഇവിടുള്ളവരൊക്കെ എന്താ രണ്ടാംകെട്ടിലെയാണോ? ഇനിയും ഇത്തരക്കാര്‍ കുറെക്കൂടി വന്നാലത്തെ സ്ഥിതി ഓര്‍ക്കാനും കൂടി വയ്യ. ചുരുക്കത്തില്‍, മേല്‍പറഞ്ഞ പോലെയുള്ള ചിന്തകളും കാഴ്ചപ്പാടുകളുമുള്ള ഏറെ സങ്കുചിതമായ വ്യക്തിത്വങ്ങളാണ് ഇന്ന് സഭയുടെ ഉന്നതതലങ്ങളിലൊക്കെയും കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. വിവരവും വിവേകവും ചുക്കിനും ചുണ്ണാമ്പിനുംപോലും ഇല്ലാത്തവര്‍. സോഡാ നാരങ്ങാ അടിച്ചുകൊടുത്തു കൊണ്ടിരുന്നവനാണിന്ന് പരമകാരുണികന് ഉത്തരവുകള്‍ നല്‍കുന്നത്. 

ഋഷിതുല്യരായ പുരോഹിത നേതൃത്വവും മഹാന്മാരായ അത്മായനേതാക്കളും നയിച്ച മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥയെ ഓര്‍ത്തു നമുക്കു കരയാം. അല്ലെങ്കില്‍ ചിരിക്കാം. ഓരോ സമൂഹത്തിനും അര്‍ഹമായ ഭരണനേതൃത്വത്തെയാണല്ലോ ലഭിക്കുക. സമര്‍ത്ഥരും പ്രാപ്തരുമായ വിദ്യാര്‍ത്ഥികളെയെല്ലാം എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളിലേക്ക് നയിച്ച്, കൊള്ളാവുന്ന യുവാക്കളെയെല്ലാം ഉന്നത പ്രൊഫഷനുകളിലേക്ക് പറഞ്ഞുവിട്ടതിനുശേഷം 'ഹേ സുറിയാനിക്കാരാ നീ എന്തിനു നിലവിലുള്ള പുരോഹിത നേതൃത്വത്തിനെ വിമര്‍ശിക്കുന്നു?' കഴിഞ്ഞ ദിവസം കാരണവരോട് സുഹൃത്ത് കാരണവര്‍ ചോദിക്കുന്നതുകേട്ട് ഞാന്‍ ചിരിച്ചുപോയി. "നിങ്ങടെ വീട്ടിലെ കൊച്ച് സെമിനാരിയില്‍ എങ്ങാനും ചേര്‍ന്നോ? കഴിഞ്ഞ ദിവസം അവന്‍ കൂട്ടുകാരോട് പറയുന്ന തെറി കേട്ട് ഞാന്‍ അന്തിച്ചുപോയി. അവന്‍ എത്ര മര്യാദക്കാരനായിരുന്നു.' ചോദ്യം കേട്ട കാരണവര്‍ ഒന്നും പ്രതികരിച്ചു കണ്ടില്ല.

ഇതാണ് നമ്മുടെ അവസ്ഥ. കൊള്ളാവുന്നവരെ പലവഴി പറഞ്ഞുവിട്ടിട്ട്, ഒടുവില്‍ സെമിനാരിയിലേക്ക് വിടുന്നവരില്‍ നിന്നല്ലേ അച്ചനും മെത്രാനും അധിപന്മാരും ഒക്കെ ഉണ്ടാവുന്നത്. അവരൊക്കെ ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അവര്‍ക്ക് സഭയെന്നു പറഞ്ഞാല്‍ പോക്കറ്റില്‍ വരുന്ന കാശാണ്. സഭാസ്നേഹമെന്നു പറഞ്ഞാല്‍ വായില്‍ വരുന്ന തെറിയാണ്. അവരില്‍ നിന്നും നന്മ വരുമെന്നു ചിന്തിക്കുന്നവര്‍ക്കൊക്കെ വട്ടാണ്. അതുകൊണ്ട് നമുക്കും മിണ്ടാതിരിക്കാം.

(മലങ്കര നവോത്ഥാനം 2019 ഫെബ്രുവരി)

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...