Wednesday 27 September 2023

പാമ്പാടി പുണ്യവാന്‍റെ കുന്നംകുളംയാത്ര: സപ്തതി സ്മൃതി

120 വയസ് പൂര്‍ണ്ണ ആയുസ് ആയി ചിത്രീകരിക്കപ്പെടാറുണ്ട്. ജനിച്ച് 120-ാം വര്‍ഷം കഴിഞ്ഞ് സ്മരിക്കപ്പെടുവാന്‍ ഭാഗ്യം ലഭിക്കുക തീര്‍ച്ചയായും പൂര്‍ണതയുടെ അനുഭവം തന്നെയാണ്. പ. പാമ്പാടി തിരുമേനിയുടെ 120-ാം ജന്മദിനമാണ് 2005 ഏപ്രില്‍ 5. അന്ന് അദ്ദേഹത്തിന്‍റെ 40-ാം ഓര്‍മദിനവുമാണ്. പാമ്പാടി തിരുമേനിയുടെ ജീവിതം പൂര്‍ണ അര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടുന്നതിനും സഭയ്ക്കും സമൂഹത്തിനും അദ്ദേഹത്തില്‍ നിന്നു പ്രചോദനം നേടുവാനും സാധിക്കേണ്ട സന്ദര്‍ഭമാണ് ഇത്.

തിരുമേനിയെപ്പോലെ സാധാരണ കുടുംബത്തില്‍ ജനിക്കുകയും ആ കാലഘട്ടത്തില്‍ സാധാരണക്കാര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ഒപ്പം ജനങ്ങള്‍ക്കും സഭയ്ക്കും കാലാതീതമായ ദര്‍ശനം പ്രായോഗികമായി പകര്‍ന്നു നല്‍കുകയും അതുവഴി തങ്ങളുടെ ജീവിതം മുഴുവന്‍ ലോകത്തിനുമായി സമര്‍പ്പിക്കുകയും ചെയ്യുന്നവരെയാണു പ്രവാചകന്മാരായും സഭാപിതാക്കന്മാരായും പരിശുദ്ധന്മാരായും സഭാചരിത്രത്തില്‍ കാണുന്നത്. അവര്‍ ചിലപ്പോള്‍ സന്യാസത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണജനതയുടെ ജീവിതത്തില്‍ നിന്നും അകന്നുമാറുന്നുവെന്നു നമുക്കു തോന്നാം. എന്നാല്‍ മരണത്തിന്‍റെയും ഇരുട്ടിന്‍റെയും ശക്തിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഈ ഋഷിമാരുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് പ്രധാന പങ്കു വഹിക്കുന്നതെന്നു നാം പലപ്പോഴും അറിയാറില്ല.

പാമ്പാടി തിരുമേനിയുടെ കുന്നംകുളം യാത്രയുടെ 70-ാം വര്‍ഷമായ 2005 ല്‍, മരണത്തെയും രോഗത്തെയും പരാജയപ്പെടുത്താന്‍ ആ മഹാത്മാവ് നടത്തിയ ധീരവും ലളിതവുമായ മാര്‍ഗത്തെ കൂടുതല്‍ മനസിലാക്കുന്നതിനും ഈ തലമുറയില്‍ ആ സ്നേഹപ്രവാഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു അറിയുന്നതിനുമായി പ്രദക്ഷിണം ടീമംഗങ്ങള്‍ കുന്നംകുളത്തേക്ക് ഒരു സ്നേഹയാത്ര നടത്തി. ആ യാത്രയില്‍ കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങള്‍ ഞങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കുന്നംകുളം അങ്ങാടിയില്‍ പ്ലേഗു രോഗബാധയാല്‍ ആളുകള്‍  മരിച്ചു വീഴുന്നു. നാട്ടുകാരൊഴികെ മറ്റെല്ലാവരും സ്ഥലം വിടുന്നു. ഇടയന്മാരായും ഇടപാടുകാരായും മറുനാടുകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരെല്ലാം അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നു. ഈ സമയത്തു കോട്ടയം ഭദ്രാസനത്തിന്‍റെ കുറിയാക്കോസ് മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തന്‍റെ ജീവനു യാതൊരു പ്രാധാന്യവും കൊടുക്കാതെ ജനതയുടെ ജീവനുവേണ്ടി, വേണ്ടിവന്നാല്‍ തന്‍റെ ജീവന്‍ മറുവിലയായി കൊടുക്കാന്‍ തയ്യാറായി അവിടെയെത്തുന്നു. തിരുമേനിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മരണത്തിന്‍റെ ശക്തികള്‍ പിന്മാറി.

രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുന്നതിനും നേരത്തെ മരിച്ചുപോയവരുടെ ആശ്രിതരെ ആശ്വസിപ്പിക്കുന്നതിനും പ്രാര്‍ത്ഥനയും ജാഗരണവും വഴി വിശ്വാസത്തില്‍ ജനത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി തന്‍റെ മുഴുവന്‍ സമയവും അദ്ദേഹം വിനിയോഗിച്ചു. അതിന്‍റെ റിസല്‍ട്ടാവട്ടെ അത്ഭുതകരമായിരുന്നു. തങ്ങള്‍ക്ക് എന്തു സംഭവിക്കും എന്ന ഭയത്താല്‍ മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രോഗബാധിതരും ആശങ്കാകുലരുമായ കുന്നംകുളത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ മുഴുവന്‍ അവിടെ 'അതിജീവനശേഷി' നേടി. പിന്നീട് രോഗം അവരെ ഭയപ്പെടുത്തിയില്ല ബാധിച്ചുമില്ല.

തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ അമാനുഷിക പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുന്നവര്‍ ധാരാളമുണ്ട്. പ്ലേഗുബാധ മാറിയതിനുശേഷവും കുന്നംകുളത്തു തിരുമേനി എല്ലാ വര്‍ഷവും എത്തുമായിരുന്നു. ദൈവത്തിന്‍റെ നേരിട്ടുള്ള പ്രതിനിധിയായി ജനങ്ങള്‍ അദ്ദേഹത്തെ പരിഗണിച്ചു. തിരുമേനിയുടെ ഓരോ വാക്കും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പാലിച്ചു. ഭ്രാന്തന്മാരും ബുദ്ധിവൈകല്യമുള്ളവരുമെല്ലാം തിരുമേനിയുടെ വാക്കുകളാല്‍ സുഖപ്പെട്ട അനുഭവങ്ങള്‍ ധാരാളമുണ്ട്. ദൈവത്തില്‍ ഉറച്ചുവിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരുടെ വാക്കുകള്‍ ദൈവവചനമായി രൂപാന്തരപ്പെടുന്ന സംഭവങ്ങള്‍ ഇവിടെയും ധാരാളമായി സംഭവിച്ചു.

കുന്നംകുളം ഭദ്രാസനത്തില്‍ ഇന്നു നാല്പതോളം ഇടവകകളുണ്ട്. ഈ ഇടവകകളില്‍പ്പെട്ടവര്‍ക്കെല്ലാം തിരുമേനിയുടെ വ്യത്യസ്തങ്ങളായ കഥകള്‍ പറയാനുണ്ട്. മങ്ങാട്ടു പള്ളിയില്‍ ചെന്നാല്‍ ഏതു വേനലിലും വറ്റാത്ത ജലവുമായി ഒരു കിണര്‍ കാണാം. ആ ഇടവകക്കാര്‍ നിരവധി കിണറുകള്‍ കുത്തി നിരാശരായവരായിരുന്നു. തിരുമേനിയുടെ വാക്കുകള്‍ പ്രകാരം കിണര്‍ കുത്തിയപ്പോള്‍ അവിടെ നിന്നും നിലയ്ക്കാത്ത ഉറവ രൂപപ്പെട്ടു. ഇന്നത്തെ ആധുനിക വേനലുകളിലും ആ വെള്ളം വറ്റുന്നില്ല, കുന്നംകുളംകാരുടെ വിശ്വാസത്തിന്‍റെ ഉറവുകള്‍ പോലെ.

തിരുമേനിയുടെ ജീവിതത്തിനും സന്ദേശത്തിനുമുള്ള പ്രാധാന്യം അത്ഭുതങ്ങള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും വഴി മാറുന്ന പ്രവണതയും പലയിടത്തും കാണുന്നുണ്ട്. തിരുശേഷിപ്പുകളോടുള്ള ബഹുമാനം വഴിതെറ്റാതിരിക്കുവാന്‍ നിതാന്ത ജാഗ്രത ആവശ്യമാണ്.

അത്ഭുതങ്ങളുടെ ഭാഷയിലല്ലാതെയും തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ നമുക്കു വിലയിരുത്താം. തന്‍റെ ചുമതലകള്‍ തികഞ്ഞ ദൈവാശ്രയത്തോടെ പാലിക്കുകയും തന്നില്‍ വിശ്വസിച്ച ജനതയെ പ്രവൃത്തികള്‍ വഴിയും ശരിയായ ഉപദേശങ്ങള്‍ വഴിയും തന്‍റെ നാഥന്‍റെ സവിധത്തിലേക്കു നയിച്ച യഥാര്‍ത്ഥ അജപാലകന്‍ എന്ന നിലയില്‍. ഇന്നു സഭയുടെ നേതൃത്വത്തിലുള്ളവരെ പറ്റി ജനങ്ങളും ജനങ്ങളെപ്പറ്റി നേതാക്കളും പരാതി പറയുന്നവരാണ്. ആരുടെയും പരിഭവം തീരുന്നുമില്ല. നൂറ്റാണ്ടു കഴിഞ്ഞിട്ടും കേസുകള്‍ തീരുന്നില്ല. ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടു മുടക്കുകള്‍ അഴിയുന്നില്ല. ഉടക്കുകള്‍ ഒഴിയുന്നില്ല. എല്ലാവരും പരസ്പരം പഴി പറയുന്നതു മാത്രം മിച്ചം. പാമ്പാടി തിരുമേനിയുടെ കാലത്തും കേസും വഴക്കും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും എല്ലാ അര്‍ത്ഥത്തിലും അവരെ നയിക്കുകയും ചെയ്തപ്പോള്‍ കേസിന്‍റെയും വഴക്കിന്‍റെയും ദോഷങ്ങള്‍ തന്‍റെ ഇടവകയെ ബാധിച്ചില്ല. അദ്ദേഹത്തിന്‍റെ ശൈലി സഭ ആകമാനം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ കേസും വഴക്കും പരിഹരിക്കപ്പെടുമായിരുന്നുവെന്നും വ്യക്തമാണ്. യോജിച്ച സഭയില്‍ എല്ലാവരുടെയും സ്നേഹബഹുമാനങ്ങള്‍ സ്വീകരിച്ച് കാലം ചെയ്യുവാന്‍ അദ്ദേഹത്തിനു സാധിച്ചതിനു കാരണവും ഈ വിശുദ്ധിയും നിര്‍മലതയും തന്നെയാണ്.

പാമ്പാടി തിരുമേനിയുടെ കുന്നംകുളത്തെ പ്രവര്‍ത്തനങ്ങളില്‍ ആശ്ചര്യപ്പെട്ട അന്നത്തെ കൊച്ചിരാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു ക്ഷണിച്ചുവരുത്തി. രാജകുടുംബാംഗങ്ങള്‍ തിരുമേനിയുടെ അനുഗ്രഹത്തിനായി കാത്തുനിന്നു. അവരുടെ തലയില്‍ സ്ലീബാ വച്ചു തിരുമേനി പ്രാര്‍ത്ഥിച്ചു. 'മാമുനിക്ക് സമ്മാനമായി' പട്ടില്‍ പൊതിഞ്ഞ സ്വര്‍ണനാണയനിധി മഹാരാജാവ് നല്‍കി. ഈ പണം അവിടെയുള്ള പാവങ്ങള്‍ക്കു പ്രയോജനകരമായി വിനിയോഗിച്ചാല്‍ തനിക്കു ലഭിയ്ക്കുന്നതായി പരിഗണിക്കുന്നതാണ് എന്നറിയിച്ച് തിരുമേനി ആ ഉപഹാരം തിരികെ നല്‍കി. പണത്തോടുള്ള ഈ മനോഭാവം ഇന്നു നമ്മുടെ സമൂഹം പഠനവിധേയമാക്കേണ്ടതാണ്. ധനശേഖരണമെന്ന ഒരേ ഒരു അജന്‍ഡയുടെ മുന്‍പിലാണല്ലോ നാമെല്ലാം ഇന്നു പതറുന്നത്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം ആരില്‍നിന്ന് എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു, അഥവാ അറിയില്ലായിരുന്നു.

ചുരുക്കത്തില്‍ തിരുമേനിയുടെ കുന്നംകുളത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ നമ്മുടെ സഭ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം തെളിയുന്നു. നേതൃത്വവും ജനങ്ങളും ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വ്വഹിക്കുക - ചുമതലകളെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു ബോധ്യമാകും അതൊരിക്കലും അവസാനിക്കുന്നില്ല എന്ന്.

മരണവും രോഗവും അന്ധതയും വ്യത്യസ്ത അളവുകളില്‍ നമ്മുടെ ഭവനങ്ങളിലും ഇടവകകളിലും സമൂഹത്തിലും നിഴലിട്ടു നില്‍ക്കുന്നു. പ്ലേഗിന്‍റെ നടുവിലേക്ക് പാമ്പാടി തിരുമേനിയെ നയിച്ച ആ ദൈവികസ്നേഹം നമ്മെ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ നാം ഒഴിവുകള്‍ കണ്ടെത്തുന്നു, ഒഴിഞ്ഞുമാറുന്നു. അതുകൊണ്ട് നമ്മുടെ വാക്കുകള്‍ കൊണ്ട് രോഗം അകലുന്നില്ല. മരണം വഴിമാറുന്നില്ല, അന്ധകാരം നീങ്ങുന്നില്ല.

തിരുമേനിയെ വിശുദ്ധ പുരുഷനാക്കി മാറ്റിനിര്‍ത്തി അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാ ശക്തിയാല്‍ നമ്മുടെ സമ്പത്തു വര്‍ദ്ധിപ്പിക്കാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നാം ചിന്തിക്കുന്നു. അങ്ങനെയുള്ള ഓരോ ശ്രമവും തിരുമേനിയെ നമ്മില്‍ നിന്ന് അകറ്റുവാന്‍ ഇടയാക്കും എന്നു നാം മനസ്സിലാക്കാന്‍ വൈകിയിരിക്കുന്നു.

തിരുമേനിയുടെ കബറിടം നമുക്കു നല്‍കേണ്ടത് ദൈവശക്തിയിലുള്ള അചഞ്ചലമായ വിശ്വാസവും ആ ശക്തിക്കു വിധേയരായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമാണ്.

ദൈവസന്നിധിയിലായിരിക്കുന്ന തിരുമേനിക്ക് നമ്മുടെ പ്രഖ്യാപനം വഴിയുള്ള ബഹുമതികള്‍ കൊടുക്കണമെന്നുള്ള മുറവിളികളല്ല നമ്മില്‍ നിന്നുണ്ടാവേണ്ടത്. സ്നേഹസമ്പന്നനായ ആ പിതാവ് നല്കിയ സ്നേഹവും പരിഗണനയും സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കും ഒഴുകിയെത്തുന്നതിനുള്ള പരിശ്രമങ്ങളാണ്.

തിരുമേനി ജനിച്ചതും ജീവിച്ചതും സാധാരണക്കാരന്‍റെ ജീവിത സാഹചര്യങ്ങളിലാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ഉറച്ച വിശ്വാസത്തോടെ ദൈവോന്മുഖരായി സമൂഹത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും തിരുമേനിയുടെ ജീവിതം സാക്ഷിക്കുന്നു. തിരുമേനിയെ സ്മരിക്കുമ്പോള്‍ അദ്ദേഹം പ്രവര്‍ത്തിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ അടുപ്പം നമ്മുടെ ഹൃദയത്തില്‍ വന്നു തൊടും. ആ അനുഭവം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും അത്ഭുതങ്ങള്‍ നമ്മിലും സമൂഹത്തിലും സംഭവിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

(പ്രദക്ഷിണം, ഫെബ്രുവരി 2016)

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...