Sunday 1 October 2023

സഭാനേതൃത്വവും രാഷ്ട്രീയ നിലപാടുകളും | ടി. പി. ജോര്‍ജുകുട്ടി, കോത്തല

'റവറന്‍റ് ഫാദര്‍ എന്നു വിളിക്കുന്നതിനേക്കാള്‍ എനിക്ക് താല്പര്യം സഖാവ് ഫാദര്‍ എന്നു വിളിക്കുന്നതാണ്. ഇത് ഞാന്‍ പറയുന്നത് എന്‍റെ സഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്കാ ബാവായുടെ അനുമതിയോടെയാണ്' എന്ന് ഒരു ഓര്‍ത്തഡോക്സ് വൈദികന്‍ പരസ്യമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത്, ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചരണയോഗത്തില്‍ പ്രസംഗിക്കുന്നത് വാട്സ് ആപ്പിലൂടെയും മറ്റ് പല ഓണ്‍ലൈന്‍ മീഡിയാകളിലൂടെയും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. ആ സഖാവിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അംഗീകരിക്കാത്തവരും അതിനെ വിമര്‍ശിക്കുവാനോ ചോദ്യം ചെയ്യുവാനോ മുതിര്‍ന്നില്ല. 'സഖാവിന്‍റെ ഇഷ്ടം അങ്ങനെയാണെങ്കില്‍ അങ്ങനെ ആകട്ടെ, ഏതൊരു ഇന്ത്യന്‍ പൗരനും അതിന് സ്വാതന്ത്ര്യം ഉണ്ടല്ലോ' എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു.

അതുപോലെ സഭയുടെ വൈദികട്രസ്റ്റി ആയിരിക്കുമ്പോള്‍ ഒരുന്നത വൈദികനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുകയുണ്ടായി. ആ സഖാവിനു വിജയിക്കുവാന്‍ കഴിഞ്ഞില്ലായെങ്കിലും കുഞ്ഞാടുകള്‍ക്ക് പ്രതിഷേധമൊന്നും ഇല്ലായിരുന്നു. 'അപ്പന് അപ്പന്‍റെ ഭാര്യയെ കാര്യം, എനിക്ക് എന്‍റെ ഭാര്യയെ കാര്യം' എന്ന് ഒരു മകന്‍ അപ്പനോട് പറഞ്ഞതുപോലെ ജനം പ്രതികരിച്ചുവെന്നു മാത്രം. പുരോഹിതന്മാരും മഹാപുരോഹിതന്മാരുമൊക്കെ ഈ രാജ്യത്തെ പൗരന്മാരാണ്. പൗരന്മാര്‍ക്കുള്ള എല്ലാ അവകാശവും അവര്‍ക്കുമുണ്ട്. അതവര്‍ പ്രയോഗിക്കട്ടെ. ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. 

എന്നാല്‍ സാധാരണജനങ്ങള്‍ സ്വീകരിക്കുന്ന ഈ സമീപനം പുലര്‍ത്താന്‍ സഭയുടെ അധികാരികളും ബാധ്യസ്ഥരാണ്. സഭാംഗങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ മാനിക്കുന്നതിന് അവര്‍ക്കും കഴിയണം. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പലരുടേയും സമീപനം ഇക്കാര്യത്തില്‍ അങ്ങനെയല്ല കാണുന്നത്. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ പ്രതിഷേധം വിളിച്ചു വരുത്തുന്ന രീതികള്‍ കൈക്കൊള്ളുന്നതിനും മനഃപ്പൂര്‍വ്വം പല കേന്ദ്രങ്ങളും ശ്രമിക്കാറുമുണ്ട് എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും അതിനു മുമ്പും അന്നത്തെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സ്ഥാനാര്‍ത്ഥികളോടും സഭാനേതൃത്വം കാണിച്ച അവഹേളനാപരമായ നിലപാടിനെക്കുറിച്ച് ഇനിയും നമ്മള്‍ മിണ്ടാതിരിക്കേണ്ടതുണ്ടോ? ഈ സഭയിലെയും പൊതുസമൂഹത്തിലെയും വലിയൊരു വിഭാഗം ജനം ആദരിക്കുന്ന ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും ബഹിഷ്കരിക്കുവാനുള്ള ആഹ്വാനത്തിനു സഭാനേതൃത്വം തയാറായപ്പോള്‍ അതില്‍ ദുഃഖിച്ചവരാണ് സഭാജനങ്ങളില്‍ ഏറിയപങ്കും. എന്നാല്‍ അതിനോടുള്ള പ്രതികരണങ്ങള്‍ രാഷ്ട്രീയമായി വിലയിരുത്തപ്പെടും എന്നതിനാല്‍ പൊതുവെ ആളുകള്‍ നിശബ്ദരായി. എന്നാല്‍ അത് തങ്ങളുടെ സമീപനത്തിന്‍റെ അംഗീകാരമായാണ് അധികാരികള്‍ കണ്ടത്. അതുകൊണ്ടുതന്നെ സ്ഥാനത്തും അസ്ഥാനത്തും സഭാനേതാക്കന്മാര്‍ക്ക് ചേരാത്തവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പലരില്‍ നിന്നും പലപ്പോഴും ഉണ്ടായി. ഒരു മുഖ്യമന്ത്രി സ്ഥാനമേറ്റാല്‍ അദ്ദേഹത്തെ പോയി സന്ദര്‍ശിക്കുന്ന പതിവൊന്നും ഇതുവരെ സഭാപിതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ തലവനും ആഗോള കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനുമായ മാര്‍പാപ്പാ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ച മാത്യൂസ് പ്രഥമന്‍ ബാവാ ചെയ്തത് എന്താണ്? അദ്ദേഹം റോമിന്‍റെ പോപ്പാണെങ്കില്‍, ഞാന്‍ ഈ സഭയുടെ അദ്ധ്യക്ഷനാണ്. എനിക്ക് എന്‍റെ സഭയുടെയും ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കേണ്ടതുണ്ട്. ബാവായുടെ നിലപാട് ശരിയെന്നു ബോദ്ധ്യപ്പെട്ട മാര്‍പാപ്പാ കോട്ടയത്ത് ഏലിയാ കത്തീഡ്രലില്‍ വന്ന് മലങ്കരസഭയെയും അതിന്‍റെ അദ്ധ്യക്ഷനെയും മാനിച്ചു. ഇത് എല്ലാ അദ്ധ്യക്ഷന്മാര്‍ക്കും എപ്പോഴും സാധിക്കുന്ന കാര്യമാണെന്ന് ഇവിടെ സൂചനയില്ല. സ്വാഭിമാനം എന്നാല്‍ വ്യക്തിപരമായ അഹങ്കാരമല്ല എന്നും സഭയുടെ പരമാദ്ധ്യക്ഷപദം എന്നാല്‍ ഇതര സമൂഹങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിക്കുന്ന ഗുരുപീഠമാണെന്നും തെളിയിക്കുവാന്‍ എല്ലാവര്‍ക്കും എപ്പോഴും കഴിയണമെന്നില്ലല്ലോ.

മുഖ്യമന്ത്രിയെ സഭാദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചത് അക്ഷന്തവ്യമായ അപരാധമാണെന്ന് ആരും പറയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും വിധേയമായി മാത്രമേ സഭയ്ക്ക് പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ടുതന്നെ ആ സ്ഥാനങ്ങള്‍ക്ക് ആദരവ് നല്‍കാനും ആ സ്ഥാനം വഹിക്കുന്നവരോട് നല്ല ബന്ധം സൂക്ഷിക്കാനും സഭാനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ് എന്നതില്‍ യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ല. എന്നാല്‍ വ്യക്തിപരമായ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിച്ചവര്‍ മാത്രം ഈ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ മാത്രമേ ഈ വിധത്തില്‍ പ്രവര്‍ത്തിക്കൂ എന്ന നിലപാട് വിമര്‍ശിക്കപ്പെടും. സഭാംഗമായ വ്യക്തി മുഖ്യമന്ത്രി ആയിരുന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹത്തോടും സഹപ്രവര്‍ത്തകരോടും ഈ സഭാനേതൃത്വം കാണിച്ച സമീപനത്തെ മാന്യതയില്ലാത്തത് എന്നു മാത്രമേ നമുക്കു വിശേഷിപ്പിക്കാനാകൂ. അവരുടെ ഏതെങ്കിലും നിലപാടുകള്‍ സഭാ താല്പര്യത്തിനു വിരുദ്ധമാണെങ്കില്‍ അതിനെതിരെ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമായിരുന്നില്ലേ? നിയമപരമായി സാധിക്കാത്ത കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെയെങ്കില്‍ അങ്ങനെയും ശ്രമിക്കാം. എന്നാല്‍ അധിക്ഷേപത്തിന്‍റെ രീതിയില്‍ സാമാന്യമര്യാദകള്‍ക്കു നിരക്കാത്ത വിധത്തില്‍ രാഷ്ട്രീയ എതിരാളികളോട് എന്നപോലെ പെരുമാറിയതിനു യാതൊരു നീതീകരണവുമില്ല. ഈ സഭയിലെ വലിയൊരു വിഭാഗം ആളുകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയെയും മറ്റ് നേതാക്കളെയും ബഹിഷ്ക്കരിക്കുവാനും അവര്‍ക്കെതിരെ പ്രചരണം നടത്തുവാനും സഭാനേതൃത്വം തുനിഞ്ഞത് വളരെയേറെ ജനങ്ങളെ വേദനിപ്പിച്ചു. രാഷ്ട്രീയവും സഭയും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള ശ്രമത്തെ തുറന്നെതിര്‍ക്കാന്‍ അന്ന് പലരും മടിച്ചത് സ്ഥാനമാനങ്ങളെ അതിരറ്റു ബഹുമാനിക്കുന്ന പരമ്പരാഗതമായ കുടുംബങ്ങളില്‍ വളര്‍ന്നതുകൊണ്ടു ശീലിച്ച പാരമ്പര്യം കൊണ്ടു മാത്രമാണ്. പിതാക്കന്മാരെയും പുരോഹിതന്മാരെയും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന പാരമ്പര്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുതലെടുക്കുന്ന സമീപനത്തെ തുറന്നെതിര്‍ക്കാന്‍ ഇന്നും നമ്മള്‍ മടിച്ചാല്‍ ജനം ഇരകളും മറ്റു ചിലര്‍ വേട്ടക്കാരും ആയി രൂപാന്തരപ്പെടുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. 

സഭാംഗം എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് സവിശേഷമായ പരിഗണന നല്‍കണമെന്നോ, യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നോ ആരും പറയുന്നില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സുകാരനായതിനാല്‍ അദ്ദേഹത്തെ ഏതു വിധേനയും തോല്‍പ്പിക്കണമെന്ന് പ്രചരണം നടത്തി അതിനുവേണ്ടി അരയും തലയും മുറുക്കി യാക്കോബായ വിഭാഗം പരിശ്രമിക്കുമ്പോള്‍, അവരോടൊപ്പം നിന്നുകൊണ്ടു 'അവനെ ക്രൂശിക്കുക' എന്ന് ആക്രോശിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് നേതൃത്വവും രംഗത്തിറങ്ങിയതിന്‍റെ പിന്നില്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രമാണുള്ളതെന്ന് ആര്‍ക്കാണ് അറിയാത്തത്? യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും അദ്ദേഹം തങ്ങളോടു നീതിപുലര്‍ത്തിയില്ല എന്നു പ്രചരിപ്പിക്കുന്നുവെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയക്കളികള്‍ സുവ്യക്തമാണ്. അത്തരം രാഷ്ട്രീയക്കളികള്‍ക്ക് കൂട്ടുനില്‍ക്കാന്‍, സഭാംഗമായ ഒരു വ്യക്തിയെ ഒറ്റപ്പെടുത്തുവാന്‍ ഈ സഭയുടെ നേതൃത്വം പരിശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. 

വകതിരിവില്ലാത്ത രീതിയില്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ട് നേട്ടം കൊയ്യുന്നവര്‍ പലരുണ്ട്. നിയമസഭാ സീറ്റ് തരപ്പെടുത്താനും വിജയിക്കാനുമൊക്കെ ചിലര്‍ക്കു കഴിഞ്ഞത് അവരുടെ രാഷ്ട്രീയ സാമര്‍ത്ഥ്യമായി നമുക്ക് അംഗീകരിച്ചു കൊടുക്കാം. എന്നാല്‍ അത്തരം പ്രവണതകള്‍ സഭയ്ക്കും പൊതുസമൂഹത്തിനും നല്‍കുന്ന സന്ദേശങ്ങള്‍ ഒട്ടും ശുഭകരമല്ല. പ്രായോഗിക രാഷ്ട്രീയ കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയും തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൃത്യമായി ചെന്നെത്താനുള്ള എല്ലാ സംവിധാനങ്ങളുമുള്ള വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തങ്ങളുടെ പോക്കറ്റിലാക്കി എന്ന മട്ടില്‍ ഹ്രസ്വദൃഷ്ടികളായ ചില സഭാജീവികള്‍ പെരുമാറുന്നതു കാണുമ്പോള്‍ 'കഷ്ടം' എന്ന് പലരും മൂക്കത്തു വിരല്‍ വച്ചുപോവുന്നു.

സഭാംഗമായ മുഖ്യമന്ത്രിയെ സഭാനേതൃത്വം ബഹിഷ്ക്കരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സഭാപരിപാടികള്‍ തുടര്‍ച്ചയായി ബഹിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത് 'കാവ്യനീതി'യായി മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. യഥാര്‍ത്ഥ കാരണം എന്തെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. സാന്നിധ്യം കൊണ്ടോ സഹകരണം കൊണ്ടോ ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തെ പ്രീണിപ്പിച്ചാല്‍ യാക്കോബായ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ഓര്‍ത്തഡോക്സുകാര്‍ ശ്രമിക്കുമെന്ന് നെടുമ്പാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി ഇടതുമുന്നണി നേതൃത്വത്തെ വിശ്വസിപ്പിക്കുവാന്‍ യാക്കോബായ നയതന്ത്രത്തിനു കഴിഞ്ഞു. യു.ഡി.എഫ്. ഭരണകാലത്തും ഇതു തന്നെയാണ് സംഭവിച്ചത്. ചുരുക്കത്തില്‍ തന്ത്രത്തിലും നയതന്ത്രത്തിലും സംഭവിക്കുന്ന വീഴ്ചകളാണ് നമ്മെ പരാജയപ്പെടുത്തുന്നത്. ബഹിഷ്ക്കരണമല്ല അതിനുള്ള മറുമരുന്ന്. പൊതു സമൂഹത്തിനു കൂടി ബോധ്യപ്പെടുന്ന വിട്ടുവീഴ്ചകളും കൂടിയാലോചനകളും ആണ്.

സഭയ്ക്ക് അത്മായ വൈദിക രംഗങ്ങളില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിക്കുവാനും സൂക്ഷ്മതയോടെ നീങ്ങുവാനും ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ കുടിലമായ സമീപനംകൊണ്ട് ഈ സഭയില്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് ഇനി ഒരവസരം നല്‍കുവാന്‍ പാടില്ല. വിവേകത്തോടെയും വിവേചനബുദ്ധിയോടെയും മുന്നിട്ടിറങ്ങി സഭയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുവാന്‍ നമുക്ക് ലഭിക്കുന്ന ഈ അവസരം നാം ഉപയോഗിച്ചേ മതിയാവൂ. 

(മലങ്കര നവോത്ഥാനം 2016 ഡിസംബര്‍ )

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...