മലങ്കരസഭയെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ ഹൃദയവേദന നല്‍കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സംജാതമായിരിക്കുന്നത്. അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന ചിന്തയില്‍ പലരും പല രീതിയില്‍ പ്രതികരിക്കുന്നു. അനേകര്‍ നിശ്ശബ്ദരായിരിക്കുന്നു. ഈ അവസരത്തിലും തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി താന്‍ ഉദ്ദേശിക്കുന്ന കടവിലേക്ക് കാര്യങ്ങള്‍ വന്നടുക്കുന്നത് കണ്ട് ആഹ്ലാദപൂര്‍വ്വം, എന്നാല്‍ ഗൂഢമായി ചിരിക്കുന്ന ഒരു തന്ത്രശാലിയുടെ മുഖം തെളിഞ്ഞുകാണാം. ആ മുഖം മറ്റാരുടേതുമല്ല. പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ തോമസ് പ്രഥമന്‍റേതു തന്നെ.
മലങ്കരസഭയില്‍ നേതൃത്വം എന്ന് ഒന്നുണ്ടെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചാല്‍ നന്നായി. നമ്മള്‍ കേസില്‍ ജയിക്കുന്നുണ്ട്. 'ജയം എനിക്കും, പറമ്പ് മൂത്താനാര്‍ക്കും' എന്നു പണ്ട് കുടിയാന്‍ പറഞ്ഞ പോലെയാണ് ഇന്നത്തെ അവസ്ഥ. കേസിലെല്ലാം നമ്മള്‍ മുറയ്ക്ക് ജയിക്കുന്നുണ്ട്. എന്നാല്‍ നിര്‍വഹണഘട്ടം വരുമ്പോള്‍ സഭ അമ്പേ പരാജയപ്പെടുന്നു. അവസാനനിമിഷം നിയമത്തിന്‍റെ ഏതെങ്കിലും തലനാരിഴയില്‍ തൂങ്ങിക്കിടന്ന് തോമസ് പ്രഥമന്‍ നൃത്തം ചെയ്യുന്നതും ഒരു കൂലിപ്പട അട്ടഹാസം മുഴക്കുന്നതും നാം കാണുന്നു. നിസ്സഹായരായി മലങ്കരസഭ മാറിനിന്നു കാഴ്ചക്കാരാവുന്നു.
ഇതിന്‍റെ കാരണമന്വേഷിക്കുമ്പോഴാണ് ഈ സഭാവഴക്കില്‍ തന്ത്രപൂര്‍വം പൊതുജനങ്ങളെയും മാധ്യമങ്ങളെയും നേതാക്കളെയും കോടതിയേയും തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരുന്നതില്‍ തോമസ്സ് പ്രഥമന്‍ കാണിക്കുന്ന അസാധാരണമായ മെയ്വഴക്കം കാണുന്നത്. ഓര്‍ത്തഡോക്സ് സഭ നിലംപരിചാവുന്നതും ഈ 'തന്ത്ര' രംഗത്താണ്. ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ആരും ശ്രദ്ധിക്കാത്ത ഒരു സംഭവം ആദ്യം പറയാം.
കേന്ദ്രത്തില്‍ ബി. ജെ. പി. ഭരിക്കുന്ന സമയം. ആര്‍. എസ്. എസ്. മേധാവി ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നു: "ന്യൂനപക്ഷങ്ങള്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് - മാര്‍ത്തോമാ സഭകളെ നോക്കുക. വൈദേശിക മേധാവിത്വം അവര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവര്‍ സാമൂഹികപരമായും ഭരണപരമായും ഇന്ത്യന്‍ സംസ്ക്കാരത്തിനു യോജിച്ചവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. മതവിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച കൂടാതെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്ക്കാരം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാവുന്നതിന്‍റെ ഉദാഹരണമാണ് ഇത്."
ഓര്‍ത്തഡോക്സ് സഭ നാളിതുവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് ലഭിച്ച ഒരംഗീകാരമായിരുന്നു ഇത്. സഭ ഈ അവസരം ഉപയോഗിച്ചിരുന്നുവെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനവും ഇടപെടലുകളും അവസാനിപ്പിക്കാമായിരുന്നു. പക്ഷേ, സഭ ചെയ്തതെന്താണ്? കേരളത്തിലെ ക്രിസ്ത്യാനികളെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വോട്ട് ബാങ്ക് ആക്കി മാറ്റാന്‍ അച്ചാരം വാങ്ങിയിരുന്ന ഒരു അഖിലലോക സഭാകൗണ്‍സില്‍ മുന്‍ നേതാവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയുമായ ഒരു ബുദ്ധിജീവി (ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള സി. എസ്. ഐ. സഭാംഗം) ഒരു പ്രസ്താവനയെഴുതി ഓര്‍ത്തഡോക്സ് അരമനകള്‍ തോറും വന്നു. സുദര്‍ശന്‍ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട എന്ന പ്രകോപനപരമായ പ്രസ്താവനയില്‍ ഓര്‍ത്തഡോക്സ് ബുദ്ധിജീവി മെത്രാന്മാര്‍ ഒപ്പിട്ടുകൊടുത്തു.
ഈ സമയം തോമസ് പ്രഥമന്‍ എന്തു ചെയ്തുവെന്നു കൂടി നാം അറിയണം. അവര്‍ ആര്‍. എസ്. എസ്. നേതാക്കളുടെ അടുത്തേക്ക് ആളെ അയച്ചു. യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷനാണു അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എങ്കിലും അദ്ദേഹത്തിന് ഇവിടെ അധികാരമൊന്നുമില്ലെന്നും തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭാരതീയ സംസ്ക്കാരം ഉള്‍ക്കൊള്ളുന്നവരാണെന്നും സംഘപരിവാര്‍ നേതൃത്വത്തെ അവര്‍ ബോധ്യപ്പെടുത്തി. ഓര്‍ത്തഡോക്സ് ബിഷപ്പുമാരുടെ മുന്‍പ്രസ്താവനയും അവര്‍ ഉപയോഗിച്ചു. ഓര്‍ത്തഡോക്സുകാര്‍ കമ്യൂണിസ്റ്റുകാരാണെന്നു കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും ബോധ്യപ്പെടുത്തുവാന്‍ ആ പ്രസ്താവന അവരെ സഹായിച്ചു. ബി. ജെ. പി. യും, കേന്ദ്രസര്‍ക്കാരും ഓര്‍ത്തഡോക്സ് പക്ഷത്തിന് എതിരായ സാഹചര്യം അങ്ങനെയാണുണ്ടായത്. മാത്രമല്ല, ഓര്‍ത്തഡോക്സുകാരനായി ജീവിക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ചിരുന്ന ബി. ജെ. പി. നേതാവും ബസേലിയസ് കോളജ് മുന്‍ പ്രൊഫസറുമായ ഒ. എം. മാത്യു സാറിനെ അവര്‍ ആദരപൂര്‍വം പാത്രിയര്‍ക്കീസ് പക്ഷത്തേക്ക് ആനയിക്കുകയും ചെയ്തിരുന്നു.
ബി. ജെ. പി. യുടെ അഖിലേന്ത്യാതലത്തില്‍ വരെ സ്വാധീനമുള്ള ആ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇന്നു യാക്കോബായ സമ്മേളനങ്ങളില്‍ സഭാചരിത്രത്തില്‍ സ്റ്റഡിക്ലാസ് നടത്തുന്നു. അദ്ദേഹത്തിന്‍റെ പിതാവാണ് കുമരകത്തെ വന്‍ പാത്രിയര്‍ക്കാസമൂഹത്തോട് പോരാടി അവിടെ ഓര്‍ത്തഡോക്സ് പക്ഷത്തിനു ദേവാലയം സ്ഥാപിച്ച ഒരുവട്ടിത്തറ മാത്യുവെന്ന് അറിയുന്നവര്‍ ഇന്നു നമ്മുടെ സഭാനേതൃത്വത്തില്‍ ഇല്ലായിരിക്കാം. അതായത് തങ്ങളുടെ പക്ഷത്തിന്‍റെ ഏറ്റവും വലിയ ഒരു ശത്രുവിന്‍റെ പുത്രനെപ്പോലും ശരിയായ സമയത്ത് ശരിയായി ഉപയോഗിക്കുവാന്‍ പാത്രിയര്‍ക്കീസ് പക്ഷത്തിനു കഴിഞ്ഞപ്പോള്‍ ഓര്‍ത്തഡോക്സ് സഭ പുതിയ ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
അലക്സാണ്ടറെ അട്ടിമറിച്ച കഥ
ഇതിനിടെ പി. സി. അലക്സാണ്ടര്‍ ഇന്ത്യന്‍ പ്രസിഡന്‍റു സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടും എന്ന അവസ്ഥ വരുന്നു. ഓര്‍ത്തഡോക്സ് സഭാ സ്നേഹം അസ്ഥിക്കു പിടിച്ചിട്ടുള്ള അലക്സാണ്ടറെങ്ങാനും ഇന്ത്യന്‍ പ്രസിഡന്‍റായാലത്തെ അവസ്ഥ മറ്റാരും വിലയിരുത്തിയില്ലെങ്കിലും തോമസ് പ്രഥമന്‍ വിലയിരുത്തി. മണര്‍കാട് പള്ളിയില്‍ വച്ച് മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ഒരു പ്രോഗ്രാം നിശ്ചയിച്ചു കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും തടയാന്‍ പറ്റുമോ? തോമസ് പ്രഥമന്‍ ഈ ചോദ്യം തന്‍റെ അനുയായി വൃന്ദത്തിനോടു ചോദിച്ചു. ഏതുവിധേനയും അലക്സാണ്ടര്‍ ഇന്ത്യയുടെ രാഷ്ട്രപതി ആവുന്നത് തടയണമെന്ന് അദ്ദേഹം തീരുമാനിച്ചു. മൂന്നു വിധത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
1. അലക്സാണ്ടര്‍ ക്രിസ്ത്യാനികള്‍ക്ക് സ്വീകാര്യനല്ല എന്നു കാണിച്ച് ആയിരക്കണക്കിനു കമ്പി സന്ദേശങ്ങള്‍ വാജ്പേയിയുടെ പേരില്‍ അയച്ചു.
2. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചില വ്യവസായ കേന്ദ്രങ്ങള്‍ മുഖേന സ്വാധീനിച്ച് അലക്സാണ്ടര്‍ക്കെതിരെ നിലപാട് എടുപ്പിച്ചു.
3. തന്‍റെ മുന്‍ ഓപ്പറേഷന്‍ വഴി പരിചയപ്പെട്ട കേരളത്തിലെ ബി. ജെ. പി. നേതൃത്വം വഴി സ്വാധീനം ചെലുത്തി. അബ്ദുള്‍ കലാമിന്‍റെ പേര് ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നത് ഒ. രാജഗോപാലാണെന്ന് അന്നത്തെ പത്രങ്ങള്‍ നോക്കിയാല്‍ മനസിലാവും.
ഈ സമയം ഓര്‍ത്തഡോക്സ് നേതൃത്വം വെറുതെ ഇരിക്കുകയായിരുന്നുവെന്ന് കരുതിയാല്‍ തെറ്റി. സത്യവാന്‍ കൊട്ടാരക്കര എന്ന മറ്റൊരു ബുദ്ധിജീവി, അലക്സാണ്ടര്‍ അധികാരദുര്‍മോഹി ആണെന്നു കാണിച്ച് തയ്യാറാക്കിയ ലഘുലേഖനം വായിച്ച് ആസ്വദിക്കുകയും അത് പരുമല പെരുന്നാളിനു വിതരണം ചെയ്യപ്പെടുന്നത് കണ്ട് കണ്ണുമടച്ച് രസിക്കുകയുമായിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായ ഇന്ത്യന്‍ പ്രസിഡന്‍റ് ഉണ്ടാവാതിരിക്കാന്‍ പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടു സാധിച്ചു.
ഓര്‍ത്തഡോക്സ് സഭയുടെ ബലത്തെ ബലഹീനത ആക്കുന്നതിനുള്ള അതിവിദഗ്ധമായ യുദ്ധതന്ത്രങ്ങള്‍ ഇതിനിടെ ആവിഷ്ക്കരിക്കപ്പെട്ടു. മനോരമയെയും ഉമ്മന്‍ചാണ്ടിയെയും ആണ് ഈ അവസരത്തില്‍ ലക്ഷ്യമിട്ടത്. ഇവരുടെ സ്വാധീനം ഓര്‍ത്തഡോക്സ് പക്ഷത്തിനു പ്രത്യക്ഷത്തില്‍ ഗുണം ചെയ്യില്ലായെങ്കിലും പരോക്ഷമായി സഭയ്ക്കു വേണ്ടി പലതും ചെയ്യുവാന്‍ താല്പര്യവും സന്നദ്ധതയും ഉള്ളവരാണെന്ന് തോമസ് പ്രഥമന്‍ മനസ്സിലാക്കിയിരുന്നു. ഭരണത്തിന്‍റെ പിന്നാമ്പുറങ്ങളിലും മറ്റു മേഖലകളിലും ഇവരുടെ സ്വാധീനം ഓര്‍ത്തഡോക്സ് പക്ഷം പലപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ മറുപക്ഷം ഇവരെ ഓര്‍ത്തഡോക്സുകാരുടെ എതിരാളികളാക്കി ചിത്രീകരിക്കുന്നതില്‍ വിജയം വരിച്ചിരിക്കുകയാണ്.
മനോരമയ്ക്കോ, ഉമ്മന്‍ചാണ്ടിക്കോ ഓര്‍ത്തഡോക്സുകാരുടെ വക്താക്കളായി പരസ്യ നിലപാടുകളെടുക്കുന്നതിനു തടസ്സങ്ങളുണ്ട്. ഒരു പ്രൊഫഷണല്‍ പത്രസ്ഥാപനത്തിന് ഉടമസ്ഥരുടെ സാമുദായിക പക്ഷപാദിത്വം തങ്ങളുടെ നിലപാടുകളില്‍ പ്രകടിപ്പിക്കാന്‍ പരിമിതികളുണ്ട്. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കും ഒരു വിഭാഗത്തിനു വേണ്ടി നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയില്ല. ഈ അവസ്ഥയെ ഓര്‍ത്തഡോക്സുകാരുടെ ഇടയില്‍ പ്രചരിപ്പിക്കാനും, അവരെ ശത്രുക്കളായി പ്രഖ്യാപിക്കാനും തോമസ് പ്രഥമനു കഴിഞ്ഞു.
മനോരമയ്ക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ഓര്‍ത്തഡോക്സ് പക്ഷക്കാരെ സംഘടിപ്പിക്കുന്നവര്‍ മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്.
1. പാത്രിയര്‍ക്കീസ് പക്ഷത്തിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അവരുടെ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ എന്താണു തെറ്റ്? പാത്രിയര്‍ക്കീസുകാര്‍ മനോരമ ഉപേക്ഷിച്ച് മറ്റൊരു പത്രം വരുത്തുന്നതുകൊണ്ട് മനോരമയ്ക്ക് ക്ഷീണം ഉണ്ടാവുമെന്നല്ലാതെ സഭയ്ക്ക് എന്താണ് ഗുണം?
2. പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് അനുകൂലമായ വാര്‍ത്തകളുമായി ഒരു പത്രം ഇന്ന് പ്രസിദ്ധീകരിക്കുന്നുണ്ടോ? അങ്ങനെ ഒരു പത്രം പ്രസിദ്ധീകരിച്ചാല്‍ അത് എത്ര കോപ്പികള്‍ വില്ക്കും?
3. കേരളത്തിലെ ജനസംഖ്യയില്‍ 5 ശതമാനത്തില്‍ അധികം വരാത്തവരാണ് ഓര്‍ത്തഡോക്സുകാര്‍ (കേരളത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ 20 ശതമാനത്തില്‍ താഴെയാണെന്ന് മനസ്സിലാക്കുക). അവരില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായത് സഭയുടെ ഏതെങ്കിലും സഹായം കൊണ്ടല്ല. ആ വ്യക്തിയുടെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം കൊണ്ടാണ്. അങ്ങനെ ഒരാള്‍ സഭയില്‍ ഉണ്ടായതില്‍ അഭിമാനിക്കുന്നതിനു പകരം അദ്ദേഹത്തെ അപമാനിക്കുന്നത് എത്ര നികൃഷ്ടമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മാടക്കട തുടങ്ങുന്ന സഭാ ഭക്തന്‍ തനിക്ക് മറ്റ് വിഭാഗത്തിന്‍റെ കച്ചവടം ആവശ്യമില്ല എന്ന മട്ടില്‍ പ്രവര്‍ത്തിക്കുകയും പ്രഖ്യാപിക്കുകയും ചെയ്താല്‍ അയാളെ നാം എന്തു വിളിക്കും?
തോമസ്സ് പ്രഥമന്‍ ബാവാ കാണിച്ച മറ്റൊരു ദീര്‍ഘവീക്ഷണത്തെക്കുറിച്ചു കൂടി ഇവിടെ പരാമര്‍ശിക്കാതെ വയ്യ. പാത്രിയര്‍ക്കീസ് പക്ഷത്ത് 10 മെത്രാന്മാര്‍ മാത്രം ഉണ്ടായിരുന്ന സമയത്ത് അതില്‍ 6 മെത്രാന്മാര്‍ ഓര്‍ത്തഡോക്സ് സഭയുമായി യോജിക്കണം, കോടതിവിധി അംഗീകരിക്കണം എന്ന അഭിപ്രായമുള്ളവരായിരുന്നു (ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, യൂഹാനോന്‍ മാര്‍ പീലക്സീനോസ്, ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സക്കറിയ മാര്‍ നിക്കോളവാസ്). ഇവിടെ ഒരു പ്രാദേശിക സുന്നഹദോസ് കൂടി ഇവര്‍ തീരുമാനമെടുക്കുന്നതിന്‍റെ അപകടം മുന്‍കൂട്ടിയറിഞ്ഞ തോമസ് മാര്‍ ദീവന്നാസിയോസ് അവരില്‍ തനിക്ക് അപകടകാരികളെന്നു തോന്നിയ 4 പേരെ തന്ത്രപൂര്‍വ്വം ഓര്‍ത്തഡോക്സ് പക്ഷത്ത് എത്തിക്കുകയും മറ്റു രണ്ടു പേരെ ഭീഷണിപ്പെടുത്തി തന്‍റെ കൂടെ നിര്‍ത്തുകയും ചെയ്തു. ബുദ്ധി മന്ദിച്ചുപോയ യുവമെത്രാന്മാരാകട്ടെ യോജിച്ച് ഒരു തീരുമാനമെടുത്ത് ജനങ്ങളെ കൂടെനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ അകത്തും പുറത്തുമുള്ള പ്രതിയോഗികളെ അവസരത്തിനൊത്ത് ചരടുവലികള്‍ നടത്തി ഒതുക്കുന്ന തോമസ് പ്രഥമനെ നമ്മള്‍ അംഗീകരിച്ചു പോവും. ഈ യുവമെത്രാന്മാര്‍ അനവസരത്തില്‍ കൂറുമാറ്റം നടത്താതിരുന്നാല്‍ അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ നടക്കില്ലായിരുന്നു. ഇന്നത്തെ പദവിയിലേക്കോ അവസ്ഥയിലേക്കോ അദ്ദേഹം ഉയരുകയും ചെയ്യില്ലായിരുന്നു.
അവരെ പറഞ്ഞയയ്ക്കുന്നതില്‍ അദ്ദേഹം കാണിച്ച വിരുത് അവര്‍ക്ക് ഓര്‍ത്തഡോക്സ് പക്ഷത്ത് സ്വീകരണം കിട്ടാതിരിക്കുന്നതിനു വേണ്ടിയുള്ള ഒളിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഓര്‍ത്തഡോക്സ് പക്ഷത്തെ യുവമെത്രാന്മാരാണ് ആ കെണിയില്‍ വീണത്. കണ്ടനാട് ഭദ്രാസനത്തിലെ 75% വൈദികരെയും ജനങ്ങളെയും തന്നോടൊപ്പം നിലനിര്‍ത്തിയ ഡോ. തോമസ് മാര്‍ അത്താനാസിയോസിനെ പഴയ ഓര്‍ത്തഡോക്സുകാര്‍ വേണ്ടവിധം അംഗീകരിക്കാഞ്ഞതു കൊണ്ടു എന്തു സംഭവിച്ചു എന്നു നമുക്കറിയാം. ഈ പഴയ ഓര്‍ത്തഡോക്സുകാരുടെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നു കണ്ടെത്താന്‍ ഗവേഷണബുദ്ധിയൊന്നും വേണ്ട. ഓര്‍ത്തഡോക്സ് പക്ഷത്ത് ഇന്നും നിലനില്‍ക്കുന്ന ചില പള്ളികള്‍ ഇന്നും തുറക്കുവാന്‍ സമ്മതിക്കാത്ത ചില വന്‍തോക്കുകളെ ഇതിനു പിന്നില്‍ കാണാം. അവര്‍ക്കു പിന്നില്‍ പൂര്‍ണചന്ദ്രന്‍റെ ചിരിയോടെ മറ്റൊരു മുഖവും.
പൗലോസ് ദ്വിതീയന്‍ ബാവാ ശ്രേഷ്ഠ കാതോലിക്കാ ആയിരുന്നപ്പോള്‍, ഇന്നത്തെ തോമസ് പ്രഥമന്‍ കാതോലിക്കാസ്ഥാനത്തെ എത്രമാത്രം ഇകഴ്ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ആ വിഷയത്തെപ്പറ്റി വിപുലമായ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ശ്രേഷ്ഠ കാതോലിക്കാ സ്ഥാനം എത്ര 'ശ്രേഷ്ഠവും പാവനവു'മാണെന്ന് തോമസ് പ്രഥമന്‍ പ്രഖ്യാപിക്കുന്നു. ആദ്യകാലത്തു പുറംതിരിഞ്ഞു നിന്നവര്‍പോലും ഇന്ന് അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അദ്ദേഹത്തിന്‍റെ കുതന്ത്രങ്ങള്‍ എല്ലാം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള 'ബാബുപോളു'മാര്‍ പോലും ഉടനെ അദ്ദേഹത്തെ അംഗീകരിക്കേണ്ടി വരും.
ഒരു വശത്ത് തോമസ് പ്രഥമന്‍ താന്‍ മനസ്സില്‍ കാണുന്നതൊക്കെ കീഴടക്കി വരുമ്പോള്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഇന്നത്തെ അവസ്ഥയെന്താണ്? എല്ലായിടത്തും കെടുകാര്യസ്ഥത നിറഞ്ഞുനില്‍ക്കുന്നു. ശരിയായ ഒരു തീരുമാനവും എടുക്കുവാനോ നടപ്പാക്കുവാനോ ഉത്തരവാദപ്പെട്ടവര്‍ ഇല്ലാത്ത അവസ്ഥ.
സ്വന്തം നിലയില്‍ പുതുപ്പള്ളി പള്ളിക്കാര്‍ നേടിയെടുത്ത വ്യവഹാര വിജയം പോലും ഇന്ന് അവര്‍ക്ക് വിനയായിരിക്കുന്നു. പുതുപ്പള്ളി പള്ളിയുടെ, ശക്തിയും ചൈതന്യവും പലരുടെയും ഉറക്കം കെടുത്തുന്നു. മതസൗഹാര്‍ദ്ദത്തിന്‍റെ ഈറ്റില്ലമായ അവിടെ നിന്നു കേരളീയ സംസ്കാരത്തിന്‍റെ ചിഹ്നങ്ങള്‍ തൂത്തെറിയണമെന്ന് അധികാരസ്ഥാനങ്ങളില്‍ നിന്നു ചിലര്‍ വാദിക്കുന്നു.
നമ്മുടെ പള്ളികളും, പെരുന്നാളുകളും നമ്മുടെ ഇടവകക്കാരുടേതു മാത്രമല്ല, ഈ ദേശത്തിന്‍റെയും ദേശക്കാരുടെയും കൂടിയാണെന്നുള്ള അറിവ് ഇല്ലാതെ പോകുന്നത് കഷ്ടമാണ്. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ആഘോഷങ്ങളും മേളങ്ങളും പെരുന്നാളുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത് എല്ലാവരുടെയും സഹകരണവും സൗഹാര്‍ദ്ദവും ദേവാലയനടത്തിപ്പിലും മറ്റും ലഭിക്കുന്നതിനുവേണ്ടി ആയിരുന്നു. ഭൂരിപക്ഷ മതത്തെയും അധികാരസ്ഥാനങ്ങളെയും വെറുപ്പിക്കാതെ മലങ്കര നസ്രാണികള്‍ രണ്ടായിരം കൊല്ലം ഇവിടെ ജീവിച്ചത് ഇത്തരം ചില സംവിധാനങ്ങളിലൂടെ ആയിരുന്നു.
ഇന്ന് ഇതര മതസ്ഥരുടെ സഹകരണം ആവശ്യമില്ലെന്ന് നമുക്ക് തോന്നുന്നുണ്ടാവാം. ഗള്‍ഫ് പണവും അമേരിക്കന്‍ പണവും ഉള്ളപ്പോള്‍ ആരെ പേടിക്കണം? എന്തിനു മതമൈത്രി? ശവസംസ്കാരത്തിനും വിവാഹത്തിനും മാമോദീസായ്ക്കും കിട്ടുന്ന കണക്കില്ലാത്ത പണം മതിയല്ലോ എന്ന ചിന്തയാണു നമ്മുടെ അധികാരികള്‍ക്ക്.
അവര്‍ക്ക് ആചാരങ്ങളുടെ അടിസ്ഥാനത്തെപ്പറ്റിയോ പരമ്പരാഗതമായി നിലനില്‍ക്കുന്ന മൂല്യങ്ങളെപ്പറ്റിയോ തല്ക്കാലം ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരിക്കാം. എന്തായാലും മലങ്കര സഭയ്ക്ക് ഇതര മതസ്ഥരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്‍തുണയും സഹകരണവും നഷ്ടപ്പെടുത്തുന്നതിലും നാം വിജയിച്ചു കൊണ്ടിരിക്കുന്നു. ഒരു വശത്ത് പുത്തന്‍ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും, കരിസ്മാറ്റിക് കൂട്ടങ്ങളും നമ്മുടെ ജനതയെ ചോര്‍ത്തിയെടുക്കുമ്പോള്‍, നമ്മുടെ തന്നെ തെറ്റായ നടപടികള്‍ നമ്മുടെ ശക്തിയും ചൈതന്യവും ചോര്‍ത്തിക്കളയുന്നു.
മലങ്കരസഭയെ സ്നേഹിക്കുന്നവര്‍ ഏറെ വേദനിക്കുന്നു. നമ്മള്‍ തിരമാലകളില്‍ പെട്ട വഞ്ചിയെപ്പോലെ ഉലഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും ഓര്‍ത്തഡോക്സ് സഭ ഇങ്ങനെ വിവേകശൂന്യമായ നേതൃത്വത്താല്‍ വലയുമ്പോള്‍ നമുക്ക് ആശ്വസിക്കാം. മറുപക്ഷത്ത് ഇതേ സംസ്കാരവും ഇതേ രക്തവുമുള്ള വിഭാഗത്തിനു ഒരു നേതൃത്വമെങ്കിലും ഉണ്ടല്ലോ. "ഒരു രക്ഷയുമില്ലാതെ വന്നാല്‍ ആ പ്രഥമനെ നമ്മുടെ കൂടി പ്രഥമന്‍ ആക്കിയേക്കാം. യോജിച്ച സഭയ്ക്ക് ആ പ്രഥമനെപ്പോലുള്ള തലവനെക്കൂടി കിട്ടിയാല്‍ അന്ത്യോഖ്യന്‍ ബന്ധമൊക്കെ പിന്നെ അറബിക്കടലിലെങ്ങാനും അന്വേഷിക്കേണ്ടി വരും." ഓര്‍ത്തഡോക്സ് സഭയിലെ ഒരു തീവ്രവാദി കടുത്ത നിരാശയോടെ പറഞ്ഞ വാക്കുകളാണിത്. ഇവിടെയാണ് തോമസ് പ്രഥമന്‍റെ വിജയം. ഒരു സമയത്ത് സ്വന്തം മെത്രാന്മാരാല്‍ പോലും ഉപേക്ഷിക്കപ്പെട്ട അദ്ദേഹം ഇന്ന് എവിടെയും വിജയശ്രീലാളിതനാണ്. തന്‍റെ പക്ഷത്തെ ഉറപ്പിക്കുന്നതിലും അവിടെ തന്‍റെ നില ഉറപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു കഴിഞ്ഞു.
ഇനി അക്രമണത്തിന്‍റെ കാലഘട്ടമായിരിക്കും. എതിരാളികളുടെ കോട്ടകൊത്തളങ്ങളിലേക്ക് തന്‍റെ യാഗാശ്വത്തെ അഴിച്ചുവിടുവാന്‍ അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു. ഇതുവരെ ഓര്‍ത്തഡോക്സ് പക്ഷത്തു നിന്ന ചിലരെ മുന്‍നിര്‍ത്തിയായിരിക്കും അദ്ദേഹത്തിന്‍റെ പടയൊരുക്കം. ഈ സമയത്ത് മലങ്കരസഭ പരാജയപ്പെടാതിരിക്കണമെങ്കില്‍ ബുദ്ധിയും ശക്തിയും സമാഹരിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം.
ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ അത്മായക്കാരുടെ യഥാര്‍ത്ഥ മുന്നേറ്റം ഉണ്ടാവണം. പക്ഷേ, വസ്തുതകള്‍ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുകയല്ല വേണ്ടത്.
സഭയുടെ ശക്തി സഭാംഗങ്ങളുടെ കൂട്ടായ്മയാണ്. വ്യത്യസ്തങ്ങളായ രാഷ്ട്രീയാഭിപ്രായങ്ങളും താല്പര്യങ്ങളും ഉള്ളവര്‍ സഭാംഗങ്ങളുടെ ഇടയിലുണ്ട്. അവര്‍ അവരുടെ 'നിലപാടു തറ'കളില്‍ നിന്നുകൊണ്ടു തന്നെ സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ആവശ്യം. ആ ഒരു ശക്തി സമാഹരണമാണ് വേണ്ടത്. ഒപ്പം യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുകയും വേണം.
പിടിവാശികള്‍ എപ്പോഴും ദോഷമാണു ചെയ്യുന്നത്. നമുക്ക് ഒരിക്കലും കിട്ടാത്ത ഒന്നിനു വേണ്ടി വാശി പിടിച്ചിട്ടു കാര്യമില്ല. കാശ്മീര്‍ അതിര്‍ത്തി പ്രശ്നം പോലെ എക്കാലത്തേക്കും ഉള്ളതല്ല മലങ്കരയിലെ തര്‍ക്കങ്ങള്‍. വിട്ടുവീഴ്ച ചെയ്യേണ്ടിടത്ത് പിടിവാശി പിടിക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ പാത്രങ്ങളാവാം എന്നതു മാത്രമാണു ഫലം.
ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലുണ്ടായ ഒരു അഭ്യന്തര പ്രശ്നത്തെ തോമസ് പ്രഥമന്‍ തനിക്ക് അനുകൂലമാക്കുവാന്‍ പയറ്റിയ തന്ത്രങ്ങള്‍ ശ്രദ്ധിക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സാധ്യതയുള്ള എല്‍. ഡി. എഫിന്‍റെ പിന്‍തുണ പിടിച്ചുപറ്റുക, ഓര്‍ത്തഡോക്സുകാരന്‍ എന്നു മുദ്ര കുത്തി ഉമ്മന്‍ചാണ്ടിയെ പരമാവധി കുഴപ്പത്തിലാക്കുക, മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയും അനുഭാവവും നേടുക. താല്കാലികമായെങ്കിലും ഇക്കാര്യങ്ങളില്‍ ഒരു പരിധി വരെ വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതേസമയം നീതിയും നിയമവും നൂറു ശതമാനവും അനുകൂലമായ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തങ്ങളുടെ നിലപാട് പൊതുജനമദ്ധ്യത്തിലോ മാധ്യമങ്ങളിലോ അവതരിപ്പിക്കുവാന്‍ പോലും സാധിച്ചിട്ടുമില്ല. ദയനീയമായ ഈ അവസ്ഥയെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഓര്‍ത്തഡോക്സ് സഭയുടെ പള്ളികളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുതലാക്കുവാന്‍ കാപട്യത്തിന്‍റെ മൂര്‍ത്തികള്‍ക്കു ഇനിയും സാധിക്കും.
കോട്ടയം ഭദ്രാസനത്തിലെ പല പള്ളികളിലും ഭദ്രാസന നേതൃത്വത്തോട് എതിര്‍പ്പുള്ള വിഭാഗങ്ങളുണ്ട്. ആ അവസ്ഥയും മുതലെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മെത്രാന്മാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച മാറുന്നതിനു പ്രായോഗിക സമീപനങ്ങള്‍ ഉടനെ ഉണ്ടാവണം. കാലങ്ങളായി 'മെത്രാന്‍ കക്ഷി'യുടെ കോട്ടയായ ഒരു വലിയ പള്ളിയില്‍ മെത്രാന്മാര്‍ക്കു പ്രവേശന ഫീസ് ചുമത്തുവാനുള്ള തീരുമാനം പൊതുയോഗം ഏകകണ്ഠമായി എടുത്തു കഴിഞ്ഞു. ജനവികാരത്തിന്‍റെ ഗതിസൂചികയായി ഇതിനെ കണ്ട് ഉടനെ ആത്മപരിശോധന ആരംഭിക്കുവാന്‍ നേതൃത്വത്തിന് കഴിഞ്ഞാല്‍ ഒരു പക്ഷേ രക്ഷപെടുമായിരിക്കും.
തോമസ് പ്രഥമന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനമായും, സഭയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഉച്ചയില്‍ ഊതുന്ന കാറ്റായും സ്വയംകൃതാനര്‍ഥമായുള്ള നമ്മുടെ നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പകല്‍ പറക്കുന്ന അസ്ത്രമായും മലങ്കരസഭയെ പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്കു നടത്തുകയാണ്. പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണ് എന്നു ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങളുടെ പ്രതികരണം ക്ഷണിക്കുന്നു.
(മനനം, ജൂലൈ 2005)
No comments:
Post a Comment