Wednesday 27 September 2023

സോദരര്‍ തമ്മിലെ പോരൊരു പോരല്ല

ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവര്‍

മലങ്കരസഭയിലെ പള്ളിവഴക്കുകളുടെ പേരില്‍ മുതലെടുപ്പ് നടത്തുവാന്‍ ഇതരസഭകളും രാഷ്ട്രീയക്കാരും തമ്മില്‍ മത്സരിക്കുകയാണ്. ഈ പള്ളിവഴക്കാണു ക്രിസ്ത്യാനികള്‍ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ നാണക്കേടെന്ന് കത്തോലിക്കാ പുരോഹിതന്മാര്‍ വ്യാപക പ്രചരണം ആരംഭിച്ചുകഴിഞ്ഞു. അടപ്പൂരിന്‍റെ ലേഖനം (ഒക്ടോബര്‍ 13, മംഗളം) ഉദാഹരണം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ദൈവവിളിയുടെ പേരില്‍ നിര്‍ബന്ധമായും കന്യാമഠങ്ങളില്‍ ചേര്‍ക്കുന്നതും അവിടെ കാളക്കൂറ്റന്മാരായ വൈദികരുടെ പീഡനത്തിന് നിരന്തരം വിധേയമാക്കുന്നതും ഒടുവില്‍ പൊട്ടക്കിണറ്റിലേക്കും വാട്ടര്‍ടാങ്കിലേക്കും വലിച്ചെറിഞ്ഞ് പ്രതികളായ കത്തനാരന്മാരെ രക്ഷിക്കുന്നതിനായി സഭ മുഴുവന്‍ സ്വാധീനവും ഉപയോഗിക്കുന്നതും സുപ്രീം കോടതിയിലെ ജഡ്ജിമാരെപ്പോലും സഭയുടെ പേരില്‍ സ്വാധീനീക്കാന്‍ ശ്രമിക്കുന്നതുമൊക്കെ മാധ്യമങ്ങളിലൂടെ നിരന്തരം വിചാരണ ചെയ്യപ്പെടുന്നത് കേരള ക്രൈസ്തവര്‍ക്ക് നല്‍കുന്ന അഭിമാനം ഒട്ടും ചെറുതല്ലല്ലോ. തട്ടുങ്കല്‍ ബിഷപ്പിനെപ്പോലുള്ള മഹാപുരോഹിതന്മാരുടെ ചരിത്രം ഇവിടെ പരാമര്‍ശിക്കുവാന്‍ പോലും നാം ലജ്ജിക്കുന്നു.

ലൈംഗികാരോപണത്തിന്‍റെ പേരില്‍ ഒരു ബിഷപ്പ് തന്നെ വിചാരണ നേരിടുമ്പോഴാണ് മാര്‍തോമ്മാക്കാര്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാരെ ഉപദേശിക്കാനെത്തുന്നത്. സെമിത്തേരിയെയും വാങ്ങിയപ്പോയവരെ സ്മരിക്കുന്നവരെയും പുച്ഛിക്കുന്നവര്‍ക്ക് സെമിത്തേരിക്ക് പുല്ലുവിലയാവാം. എന്നാല്‍ അതിനെ ഏറ്റവും വിലമതിക്കുന്ന സഹോദരന്മാര്‍ അതിന്‍റെ ഉടമസ്ഥാവകാശത്തിനു വേണ്ടി വഴക്കടിക്കുന്നത് കണ്ട് നിങ്ങള്‍ ചിരിക്കണ്ട. മഹാകവി വള്ളത്തോളിന്‍റെ വാക്കുകളാണ് അവര്‍ക്കുള്ള മറുപടി.

"സോദരര്‍ തമ്മിലെ പോരൊരു പോരല്ല,

സൗഹൃദത്തിന്‍റെ കലങ്ങിത്തെളിയലാം."

ചില്ലുമേടയിലിരുന്നു കല്ലെറിയരുതെന്നാണു സഹോദര സഭകളോടു പറയാനുള്ളത്.

സമാധാനം സ്വപ്നം കണ്ടാല്‍ പോരാ

സഭയില്‍ ബുദ്ധിജീവികള്‍ക്കോ ആചാര്യന്മാര്‍ക്കോ ആധ്യാത്മിക നേതൃത്വത്തിനോ യാതൊരു പഞ്ഞവുമില്ല. എന്നാല്‍ ജനങ്ങളുടെ കണ്ണീരിന്‍റെ പണം കോടതി മുറികള്‍ വഴി ഒഴുകിപ്പോകുന്നത് തടയാന്‍, തങ്ങളുടെ ആത്മാവിന്‍റെ ആത്മാവും മാംസത്തിന്‍റെ മാംസവും ആകുന്ന സഹോദരന്‍റെ കൈപിടിക്കുവാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. എന്താണ് ഈ പള്ളിവഴക്ക് അനുസ്യൂതമായി ഇങ്ങനെ തുടരുന്നതെന്നു ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. സഭ ഭരിച്ച എല്ലാ കാതോലിക്കാ ബാവാമാരും സ്ഥാനമേറ്റ് ദേവലോകത്തെത്തുമ്പോള്‍ ആദ്യം പറയുന്നത് സഭാ സമാധാനത്തെപ്പറ്റിയാണ്. പ. മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി സ്ഥാനമേറ്റപ്പോള്‍ മലങ്കര എന്ന നാമം സ്വീകരിച്ചിട്ടുള്ള എല്ലാ നസ്രാണികളുടെയും ഐക്യത്തെപ്പറ്റി സ്വപ്നസദൃശ്യമായ ഒരു പ്രസംഗം ചെയ്തത് കേട്ടവരില്‍ നിന്നും ഇന്നും മാഞ്ഞുപോയിട്ടില്ല. പരി. മാത്യൂസ് ദ്വിതീയന്‍ ബാവാ തന്‍റെ ഭരണകാലത്ത് സമാധാനം കൈവരുവാന്‍ ആത്മാര്‍ത്ഥമായി പ്രയത്നിച്ചു. പരി. ദിദിമോസ് ബാവയും സഭാ സമാധാനത്തിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ.പൗലൂസ് ദ്വിതീയന്‍ ബാവായും സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വം സ്വപ്നം കാണുന്ന പിതാവാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ക്രിയാത്മകമായ ഒരു നീക്കവും നടത്താന്‍ ഇതുവരെ ആവാത്തത് എന്തു കൊണ്ടാണ്? പാത്രീയര്‍ക്കീസ് വിഭാഗത്തിന്‍റെ കടുംപിടിത്തമെന്നോ സാത്താന്യശക്തികളുടെ കൊടുംപിടുത്തമെന്നോ പറഞ്ഞ് നമുക്കൊഴിയാം. പക്ഷേ, യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് ദര്‍ശനദാരിദ്ര്യവും ഭാവനാരാഹിത്യവും മാത്രം കൈമുതലായുള്ള ചില വ്യക്തികളുടെ അതിരു കടന്ന ഇടപെടല്‍ മാത്രമാണ് എന്നു നമുക്കു കാണാന്‍ കഴിയും. സഭയുടെ വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗങ്ങളായവരുമായി സംസാരിക്കുമ്പോള്‍ അവര്‍ക്കൊന്നും നിശ്ചയമില്ല സഭയെ സംബന്ധിച്ച തീരുമാനങ്ങള്‍ എവിടെ നിന്നാണുണ്ടാവുന്നതെന്ന്. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും ഒക്കെയും എടുക്കേണ്ട തീരുമാനങ്ങള്‍ അതിനു മുന്നേതന്നെ തീരുമാനിക്കപ്പെടുന്നു. വിവേകപൂര്‍ണമായ ഒരു തീരുമാനവും ഉണ്ടാവുന്നില്ല.

കോതയുടെ പാട്ട് സഭയ്ക്കു ആപത്ത്

മുന്‍പ്, എ.കെ. ആന്‍റണി മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ ജാതിമത സംബന്ധമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സെന്‍സസ് എടുക്കുവാന്‍ തീരുമാനമുണ്ടായി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒരു വിഭാഗമായിട്ടാണ് ആ സെന്‍സസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. അപ്പോള്‍ ദേവലോകത്തുനിന്ന് മാനവവിഭവശേഷി വകുപ്പെന്ന പേരില്‍ ഒരു പ്രസ്താവന വന്നു കേരളത്തിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം. മുപ്പതു ലക്ഷത്തിനുമേല്‍ അംഗസംഖ്യയുള്ളവരാണ് ഞങ്ങള്‍. അന്നു കേരള ക്രൈസ്തവരുടെ സംഖ്യ അറുപതുലക്ഷത്തിനും താഴെയായിരുന്നു. ഗവണ്‍മെന്‍റ് ഓര്‍ത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി. ഭാഗ്യവശാല്‍ അന്ന് ആ സെന്‍സസ് നടന്നില്ല. അത് നടന്നിരുന്നുവെങ്കില്‍ ഓര്‍ത്തഡോക്സ് വിഭാഗവും മറ്റുള്ള ക്രിസ്ത്യാനികളും തമ്മിലുള്ള ജനസംഖ്യാപരമായ കൃത്യമായ കണക്ക് പുറത്തുവന്നിരുന്നെങ്കില്‍ കോടതിയിലും കോടതിക്കുപുറത്തും രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലും എന്തുപ്രതിഫലനമാണ് ഉണ്ടാവുമായിരുന്നതെന്ന് പ്രതിപാദിക്കുന്നത് സഭാംഗങ്ങളുടെ ഉത്തമ താല്പര്യത്തിനു നിരക്കാത്തതായതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.

പറഞ്ഞുവന്നതിതാണ്, ഒരു സഭയെ പ്രതിനിധീകരിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നവരും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരും അവ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരും വേണ്ടത്ര ആലോചനയും  അവധാനതയും തങ്ങള്‍ ഉത്തരവാദപ്പെട്ടിരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരായിപ്പോയാല്‍ ആ സഭ കൊടുക്കേണ്ടി വരുന്ന വില കനത്തതായിരിക്കും എന്നുമാത്രമാണ്.

വരമ്പത്തെ വരാല്‍ മുട്ടകള്‍

ഓര്‍ത്തഡോക്സ് സഭയുടേതായി പുറത്തുവരുന്ന നിലപാട്, യാക്കോബായക്കാര്‍-ആ പേരില്‍ പോലും അവരെ വിളിക്കുന്നത് തീവ്രവാദികള്‍ക്ക് സമ്മതമല്ല, അവരുടെ ഭാഷയില്‍ പുത്തന്‍ കുരിശു സൊസൈറ്റിക്കാര്‍-തങ്ങളുടെ പള്ളികളും സ്ഥാപനങ്ങളും ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കി സ്വയം പുറത്തുപോവണം. പുറത്തുപോയി വേറെ പള്ളിവച്ചാലും അവരെ അങ്ങനെ വിടാം എന്നല്ല. 1975 -ലെ കക്ഷി വഴക്കിനുശേഷം യാക്കോബായക്കാര്‍ വച്ച പള്ളിയാണു കത്തിപ്പാറത്തടം പള്ളി. കണ്ടനാട് അത്താനാസ്യോസ് തിരുമേനിയുടെ കൂടെ ആ പള്ളിയിലെ കത്തനാരും പോന്നതോടെ ആ പള്ളിയിലും ഓര്‍ത്തഡോക്സുകാര്‍ക്ക് അവകാശമായി. ചുരുക്കത്തില്‍ ഇന്നുവരെ യാക്കോബായക്കാര്‍ വച്ചിരിക്കുന്ന എല്ലാ പള്ളികളും ഓര്‍ത്തഡോക്സുകാര്‍ക്ക് വിട്ടുകൊടുത്തിട്ട് നിങ്ങള്‍ വല്ല വീടുകളിലും ആരാധന നടത്തിക്കോളിന്‍ എന്താണ് യഥാര്‍ത്ഥ ഓര്‍ത്തഡോക്സ് നിലപാട്. കണ്ടനാട് അത്തനാസ്യോസ് തിരുമേനി കാലം ചെയ്ത ശ്രേഷ്ഠബാവായുടെ ഓര്‍മപ്പെരുന്നാള്‍ ഭക്തിപൂര്‍വം ആചരിക്കുന്നതിന്‍റെയും അദ്ദേഹം പുതുതായി വയ്ക്കുന്ന പള്ളികള്‍ ഏലിയാസ് തൃതീയന്‍ ബാവായുടെയും വേണ്ടി വന്നാല്‍ പെരുമ്പള്ളി തിരുമേനിയുടെയും വരെ നാമത്തില്‍ ആക്കുന്നതിന്‍റെയും അര്‍ഥം യാക്കോബായക്കാര്‍ക്കുപോലും ഇപ്പോഴും ശരിക്കു പിടികിട്ടിയിട്ടില്ല. ഏറെ ബുദ്ധിയുള്ള വരാല്‍ വരമ്പത്ത് മുട്ടയിടുന്നതുപോലെ ഈ വരാലുകളുടെ മുട്ടകളെല്ലാം വിരിയാന്‍ പോകുന്നത് റീത്തുപള്ളികളിലാണോ എന്നു സംശയിക്കുന്നവരെയും കുറ്റം പറയാന്‍ വയ്യ.

ചുരുക്കത്തില്‍ യാക്കോബായക്കാര്‍ക്ക് സൂചി കുത്താന്‍ ഇടം കൊടുക്കില്ല എന്നു തന്നെയാണ് ഓര്‍ത്തഡോക്സ് ഉപജാപകസംഘത്തിന്‍റെ പുരോഗമനാത്മക നിലപാട്. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുവാന്‍ സഭയിലെ ഏതെങ്കിലും ഇടയനോ ആടിനോ ആവതില്ല. കാരണം കോടതി വിധിയിലൂടെ മെത്രാന്‍ കക്ഷിക്കു ലഭിച്ചു എന്നു പറയപ്പെടുന്ന സമ്പൂര്‍ണ്ണവിജയം നടപ്പില്‍ വരുത്തുവാന്‍ എല്ലാ ഓര്‍ത്തഡോക്സുകാരും കടപ്പെട്ടവരാകുന്നു.

അമ്മമാരെ അപമാനിക്കരുത്

ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് ഇങ്ങനെയാകുമ്പോള്‍ യാക്കോബായക്കാരുടെ നിലപാട് അതിലും വിചിത്രമാണ്. 1995 ലെ സുപ്രീംകോടതിവിധിയോട് ബന്ധപ്പെട്ട് യോജിച്ച മലങ്കര അസോസിയേഷന്‍ കൂടി ഒന്നായ സഭയുടെ ഭാഗമാകുവാനുള്ള അസുലഭ അവസരത്തിനുവേണ്ടി, കോടതിയില്‍ ചെലവിനുള്ള പണം അടച്ചെങ്കിലും അതിന്‍റെ അനുഭവം സ്വീകരിക്കുവാന്‍ മുതിരാതെ എന്നും ഇരുട്ടില്‍ കഴിയാനും 1934-ലെ ഭരണഘടനയെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടി വീഴാനും ഉറക്കത്തില്‍പോലും മൂത്രമൊഴിക്കാനും വിധി ചോദിച്ചു വാങ്ങിയവരാണവര്‍. തങ്ങള്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും സഭാ തലവനായ അന്ത്യേഖ്യന്‍ പാത്രീയര്‍ക്കീസിനു കീഴ്പെട്ടവരാണെന്നും ഇവര്‍ സ്വയം വിശ്വസിക്കുന്നു. ഇവര്‍ ആ സഭയുടെ ഭാഗമാണെങ്കില്‍ ഇവിടെയുള്ള യാക്കോബായ മെത്രാന്മാര്‍ക്ക് ആ സഭയുടെ സുന്നഹദോസില്‍ അംഗത്വം ഉണ്ടായിരിക്കേണ്ടതല്ലേ? അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാനും പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെടാനും ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അവസരം ഉണ്ടായിരിക്കേണ്ടതല്ലേ? എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചു കാണാത്തതുകൊണ്ടും മലങ്കരയിലെ മെത്രാന്മാര്‍ക്ക് അന്ത്യോഖ്യന്‍ സഭാ സുന്നഹദോസില്‍ അംഗത്വം ഇല്ലായെന്ന് അവരുടെ ഭരണഘടനയില്‍ പറയുന്നതുകൊണ്ടും ഇവര്‍ക്ക് അന്ത്യോഖ്യന്‍ സഭയുമായുള്ള ബന്ധം മൂസാബുര്‍ഗാന്‍മാര്‍ സേവേറിയോസിന്‍റെ സഭയ്ക്ക് മലങ്കര സഭയോടുള്ള ബന്ധത്തിനപ്പുറമൊന്നുമല്ല എന്നു വ്യക്തം. എന്നിട്ടുമിവര്‍ ഇപ്പോഴും അന്ത്യോഖ്യന്‍  ഗാഥ പാടി തങ്ങളിലൂടെ ഒഴുകുന്നത് അന്ത്യോഖ്യന്‍ രക്തമാണെന്നു മുദ്രാവാക്യം മുഴക്കി സ്വന്തം അമ്മമാരെ അപമാനിക്കുന്നത് എന്തിനാണ്? അന്ത്യോഖ്യന്‍ സഭയുടെ സുന്നഹദോസില്‍ പ്രാതിനിധ്യമില്ലാത്ത മെത്രാന്മാര്‍ ആ സഭയുടെ അംഗങ്ങളല്ലായെന്ന ബോധം ആ മെത്രാന്മാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഉണ്ടാകുകയെന്നതാണ് മലങ്കര സഭാസമാധാനത്തിന്‍റെ പ്രഥമ നടപടി. അതുണ്ടാവുകയോ ഉണ്ടാക്കുകയോ ചെയ്യുവാന്‍ എന്താണുവേണ്ടത്?

ഏറ്റവുമാദ്യം വേണ്ടത് മലങ്കരസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവരുടെ പ്രാദേശിക വ്യത്യാസം കൂടാതെയുള്ള സഹകരണമാണ്. വിവാഹബന്ധങ്ങളിലും മറ്റും അല്മായക്കാര്‍ തമ്മില്‍ ഇപ്പോള്‍ തന്നെയുള്ള ബന്ധം സുവിശേഷയോഗങ്ങളിലും ആധ്യാത്മിക സംഘടനകളിലുംകൂടി സജീവമാക്കണം. അതിന് ഉന്നതപുരോഹിതവര്‍ഗത്തിന്‍റെ സമ്പൂര്‍ണാംഗീകാരമോ അനുമതിയോ ഉണ്ടാവുന്നില്ലായെങ്കില്‍ തന്നെ പ്രാദേശികതലത്തില്‍ ജനങ്ങള്‍ തുടക്കമിടണം.

ഗുരുക്കന്മാരെ നിങ്ങള്‍ എവിടെ?

യോജിച്ച മലങ്കരസഭയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം യോജിച്ച സഭയിലെ പഴയ പാത്രിയര്‍ക്കീസ് വിഭാഗത്തിനു തങ്ങളെ രണ്ടാം കിടക്കാരായി കോട്ടയം നേതൃത്വം കരുതുന്നു എന്ന തോന്നല്‍ വന്നതാണ്. അത് വെറും തോന്നലായിരുന്നില്ല എന്ന് ഇന്നത്തെ ദേവലോകം വാസികളുടെ പെരുമാറ്റത്തില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളു.

പരുമലപ്പള്ളിയിലെ കണ്ണീര്‍ക്കാശില്‍ മൂന്നു കോടി വീതം ജനറല്‍ ഫണ്ടായി ചെലവഴിക്കുന്നുവെന്ന കണക്ക് അവിടെ അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ടല്ലോ. ഈ ജനറല്‍ ഫണ്ടാണ് കേസിന്‍റെ ഫണ്ട് എന്നാണ് ജനങ്ങളുടെ ധാരണ. തെറ്റോ ശരിയോ എന്ന് ആരും പറയുന്നില്ല. തെറ്റായാലും ശരിയായാലും ആ തുക മലങ്കരസഭയുടെ സമാധാനത്തിനായി ചെലവാക്കുവാന്‍ കഴിയണം.

യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരുമായി വീതം വച്ചോ വഴക്കു പിടിച്ചോ പിരിയണം പിരിഞ്ഞേ പറ്റൂ എന്നാണ് ഇരുവിഭാഗത്തിന്‍റേയും നേതൃത്വത്തിന്‍റെ ചിന്ത. കോടതി വിധി വഴി തങ്ങള്‍ക്ക് എല്ലാം ലഭിക്കും എന്ന ചിന്ത ഓര്‍ത്തഡോക്സ് നേതൃത്വത്തിനും കയ്യൂക്കുകൊണ്ടും തെറിവിളി കൊണ്ടും എല്ലാം പിടിച്ചെടുക്കാം എന്ന ചിന്ത യാക്കോബായ നേതൃത്വത്തിനും കുറഞ്ഞുവരുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ ഇരുവരെയും പിരിച്ചു വിടാം എന്ന ചിന്തയ്ക്കാണ് പ്രാമുഖ്യം.

എന്നാല്‍ ആ ചിന്തയ്ക്ക് ക്രിസ്തീയമായോ ധാര്‍മ്മികമായോ എന്തെങ്കിലും അടിത്തറ ഉയര്‍ത്താനാവില്ല. എല്ലാം സ്വത്തിനു വേണ്ടി എന്ന കോടതികളുടെ ചിന്തകള്‍ക്ക് അടിവര ഇടാന്‍മാത്രമെ ആ വഴിക്കുള്ള പരിശ്രമം ഇട നല്‍കൂ.

ഈ അവസരത്തില്‍ തിരിച്ചറിവ് ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും 

ചെയ്യാം. പലരും കരുതുന്നതു പോലെ പള്ളികളും സ്വത്തുക്കളും വീതം വച്ചു പിരിയേണ്ട യാതൊരു കാര്യവുമില്ല. മനുഷ്യന് താമസിക്കുവാന്‍ സ്ഥലം ഇല്ലാത്ത  ഈ കാലഘട്ടത്തില്‍ പുതിയ ആയിരം പള്ളികള്‍ ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കണം. അതിനു വിവേകമുള്ള ദര്‍ശനമുള്ള നേതൃത്വം ഉണ്ടാവണം.

അതിനു ഏറ്റവും പറ്റിയ സാഹചര്യമാണിപ്പോള്‍ ഉണ്ടാവുന്നത്. ഓര്‍ത്തഡോക്സ് സഭയിലും യാക്കോബായ സഭയിലും പുതിയ മാനേജിംഗ് കമ്മറ്റികളും മറ്റ് ഭാരവാഹികളും നിലവില്‍ വരേണ്ട സമയം അടുത്തിരിക്കുന്നു. ഈ തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ യോജിച്ച ഒരു നേതൃത്വം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇരു വിഭാഗങ്ങളിലേയും ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത നിലവാരവും പുലര്‍ത്തുന്ന ഗുരുക്കന്മാര്‍ രംഗത്തുവരട്ടെ. ജ്വോഷാ അച്ചനെയും ,കെ.എം. ജോര്‍ജ് അച്ചനെയും, ജേക്കബ് കുര്യന്‍ അച്ചനെയും പോലുള്ള, മെത്രാന്മാരുടേയും ബാവമാരുടേയും ഗുരുസ്ഥാനമുള്ള ആചാര്യന്മാര്‍ മടികൂടാതെ പ്രവര്‍ത്തന രംഗത്തെത്തട്ടെ. യാക്കോബായ വിഭാഗത്തിലേയും ശ്രേഷ്ഠരായ പുരോഹിതന്മാരായ ഗുരുക്കന്മാര്‍ ഇപ്പോള്‍ ആകുന്നു സുപ്രസാദ കാലം ഇപ്പോള്‍ ആകുന്നു രക്ഷാദിവസം എന്നു മനസ്സിലാക്കി മുന്നോട്ടു വരട്ടെ..

ഇരിക്കുന്ന കമ്പ് മുറിച്ച് കോടാലിക്കൈ ഉണ്ടാക്കുന്ന പണി 

രാഷ്ട്രീയക്കാരാണു സോദരര്‍ നമ്മിലെ ഈ പേര് ഏറ്റവും മുതലെടുക്കുന്നവര്‍. കേരള നിയമസഭയില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാരായി 17 അംഗങ്ങള്‍ വരെ ഉണ്ടായിരുന്ന സമയമുണ്ട്. എന്നാല്‍ പരസ്പരമുള്ള പോര് ആ സംഖ്യ ഇന്ന് അംഗുലീ പരിമിതമാക്കിയിരിക്കുന്നു. ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ പരസ്പരം തോല്പിക്കും എന്നു പറഞ്ഞ് കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍പോലും ഇതരസമുദായക്കാര്‍ എത്രയോ സീറ്റുകളാണ് തട്ടിയെടുത്തതെന്ന് രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കറിയാം. ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാ തലത്തിലും ഇത് ആവര്‍ത്തിക്കും. തിരുവല്ലയില്‍ പുതുശ്ശേരിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സുകാര്‍ 7 സീറ്റില്‍ യു.ഡി.എഫിനെ തോല്പിച്ചു എന്ന് പ്രചരിപ്പിക്കുന്നത് സഭാ സ്നേഹികളല്ല, സഭാ ശത്രുക്കളാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ഇതരസമുദായക്കാരെ ഒന്നിപ്പിക്കുന്നതിനും ഓര്‍ത്തഡോക്സുകാര്‍ക്ക് സീറ്റ് നിഷേധിക്കാനും മത്സരിക്കുന്നവരെ തോല്പ്പിക്കാനുമുള്ള ഒരു തന്ത്രമാണിതെന്ന് ആര് എന്ന് തിരിച്ചറിയും?

കഴിഞ്ഞ നിയമസഭയില്‍ മൂവാറ്റുപുഴയില്‍ നിന്ന് ബാബുപോളും ഒല്ലൂരില്‍ നിന്ന് രാജാജിയും പിറവത്തുനിന്ന് എ.ജെ. ജേക്കബും, മണ്ണാര്‍ക്കാട് നിന്നുജോസ് ബേബിയും യാക്കോബായ ശക്തി കേന്ദ്രങ്ങളില്‍ നിന്നു ഇടതുപക്ഷ ടിക്കറ്റില്‍ ജയിച്ച ഓര്‍ത്തഡോക്സ് അംഗങ്ങളാണ്. എന്നാല്‍ അവര്‍ ഓര്‍ത്തഡോക്സുകാരാണെന്ന് കൊട്ടിഘോഷിക്കുവാന്‍ ഇരുപക്ഷത്തുമുള്ള ചില തീവ്രവാദികള്‍ മുതിര്‍ന്നതോടെ ഇവരുടെ രാഷ്ട്രീയഭാവിക്കുമേല്‍ ഇരുള്‍ വീണു. ഇടതുപക്ഷത്തുപോലും ഇതാണവസ്ഥയെങ്കില്‍ യു.ഡി.എഫിലെ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാവും എന്ന് എടുത്തു പറയേണ്ടതില്ല.

കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സമുദായാംഗം ഉണ്ടായതില്‍ ആഹ്ലാദവും അഭിമാനവും തോന്നേണ്ടതിനുപകരം ആ വ്യക്തിത്വത്തെ ഏതെല്ലാം വിധത്തില്‍ മുറിപ്പെടുത്താമോ അതൊക്കെയും ഇരു വിഭാഗങ്ങളും മത്സരിച്ച് ചെയ്തുകൊണ്ടിരിക്കുന്നു. മലങ്കരസഭയുടെ യോജിപ്പിനായി എത്രയോ കാലമായി ഉമ്മന്‍ചാണ്ടി, ടി.എം. ജേക്കബ്, ടി.യു. കുരുവിള, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ പരിശ്രമിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. എന്നാല്‍ സുറിയാനിക്കാരുടെ രാഷ്ട്രീയമായ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇതരവിഭാഗക്കാരുടെ കുല്‍സിത ശ്രമങ്ങളാണ് എപ്പോഴും വിജയിക്കുന്നത്. ഇരിക്കുന്ന കമ്പ് മുറിച്ച് കോടാലിക്കൈ ഉണ്ടാക്കുന്ന പണി ഇരുവിഭാഗങ്ങളും അവസാനിപ്പിച്ചേ പറ്റൂ.

ഓര്‍ത്തഡോക്സ് യാക്കോബായ സമുദായത്തിനു കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന മേല്‍ക്കയ്യ് ഇല്ലാതാക്കാനുള്ള ഇതര സഭാവിഭാഗങ്ങളുടെയും മറ്റും ശ്രമത്തെ തിരിച്ചറിയാനും ഒരുമയിലൂടെ മാത്രമേ നമുക്ക് നിലനില്‍ക്കാനാവൂ എന്നു മനസിലാക്കാനും ഇരുവിഭാഗങ്ങളും വൈകിക്കൂടാ.

കോടതി വക കാതോലിക്കാമാര്‍ ഉണ്ടാകുന്നത്

ഒടുവില്‍ കോടതികളും അക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ വരുന്ന കോടതിപരാമര്‍ശങ്ങള്‍ അപകടസൂചനകളാണു നല്‍കുന്നത്. ഇരു വിഭാഗങ്ങളുടെയും മുഴുവന്‍ സ്വത്തുകളും ഇടവകപള്ളികളും പബ്ലിക് ട്രസ്റ്റുകളായതുകൊണ്ട് അത് ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്റര്‍മാരെ വയ്ക്കുവാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജഡ്ജിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ദേവലോകത്തും പുത്തന്‍കുരിശിലും കാതോലിക്കാമാരുടെയും മലങ്കര മെത്രാപ്പോലീത്തമാരുടെയും ജോലികള്‍ നിര്‍വഹിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥരെ നാളെ സര്‍ക്കാരോ കോടതിയോ നിയമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നാലും അതിശയിക്കേണ്ടതില്ല.

ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ പരസ്പരം പോരടിക്കുന്നത് പലരും കരുതുന്നതു പോലെ സ്വത്തോ പണമോ കൈക്കലാക്കുന്നതിനുവേണ്ടി അല്ല എന്നതാണു യാഥാര്‍ഥ്യം. ഈ സഭയുടെ സ്വത്തുക്കള്‍ മറ്റ് സഭക്കാരുടേതുപോലെ വിദേശ സഹായത്തോടെ സ്വരുക്കൂട്ടിയതോ ഭരണാധികാരികള്‍ ദാനം നല്‍കിയതോ അല്ല. ഈ മണ്ണില്‍ ഇവിടത്തെ സാധാരണക്കാരായ മനുഷ്യര്‍ മണ്ണിനോട് പടവെട്ടി നേടിയതിന്‍റെ ഒരു പങ്ക് തങ്ങളുടെ സമുദായത്തിനുവേണ്ടി സമര്‍പ്പിച്ചതിലൂടെ ഉണ്ടായതാണ്. ആ പൂര്‍വികരുടെ ഭൗതികാവശിഷ്ടം ഉള്‍ക്കൊള്ളുന്ന മണ്ണു ജനങ്ങള്‍ക്ക് വലിയ ബലവും ബലഹീനതയുമാണ്. അതിന്‍റെ ഉടമസ്ഥാവകാശം സഹോദരനായാല്‍ പോലും വിട്ടുകൊടുക്കുന്നത് അവരുടെ ഏറ്റവും വലിയ വേദനയാണ്. അത് ഉള്‍ക്കൊള്ളാന്‍ കോടതിക്കോ ഇതരസമുദായാംഗങ്ങള്‍ക്കോ സാധിക്കുകയുമില്ല.

ഈ സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ തങ്ങള്‍ ആരെന്ന് സ്വയം മനസിലാക്കി പരസ്പരം ധാരണയിലാവുകയല്ലാതെ സഭാവഴക്കുകള്‍ അവസാനിക്കുവാന്‍ മറ്റ് യാതൊരു കുറുക്കുവഴിയുമില്ല. അതിനുള്ള മാര്‍ഗങ്ങളെയാണ് നാം തേടിപ്പിടിക്കേണ്ടത്. അല്ലെങ്കില്‍ കോടതി വക കാതോലിക്കാന്മാര്‍ ഉണ്ടാകുന്നത് നാം അനുഭവിക്കേണ്ടി വരും.

നാല്‍വര്‍ സംഘത്തിന്‍റെ സംഘക്കളി

ഓര്‍ത്തഡോക്സ് നേതൃത്വം എന്നാല്‍ ദേവലോകത്തെ ഒരു നാല്‍വര്‍ സംഘം എന്നു ധരിച്ചാല്‍ മതിയെന്നാണ് കേള്‍ക്കുന്നത്. സഭയോടുള്ള അവരുടെ കൂറിനെയൊ അഭിനിവേശത്തെയോ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ ചിന്തകളുടേയും  ചെയ്തികളുടേയും ആത്യന്തിക ഫലം സഭയ്ക്കു ഗുണമാണോ എന്നാണ് ചിന്തിക്കേണ്ടത്. ഈ നാല്‍വര്‍ സംഘത്തെപ്പറ്റി സരസ്സനായ ഒരാള്‍ പറഞ്ഞതിങ്ങനെയാണ്. "ഇവരില്‍ പ്രമുഖന് പണവും പദവിയുമുണ്ട്. പക്ഷെ പവിത്രതയില്ല. അപരനാകട്ടെ ആവേശവും ആത്മാര്‍ത്ഥതയുമുണ്ട്. എന്നാല്‍ ആലോചനയില്ല. വൈദികപ്രമുഖനാകട്ടെ പാരമ്പര്യവും പാണ്ഡിത്യവുമുണ്ട് എന്നാല്‍ പാകതയില്ല. ഇവരോടൊപ്പമുള്ള മെത്രാനാകട്ടെ കടമ്പനാടന്‍ ചുവടുകളറിയാം  എന്നാല്‍ അടവുകളറിയില്ല. ചുരുക്കത്തില്‍ നാലു ഘടകങ്ങളാണ് നമ്മുടെ നേതൃത്വ കാര്യദര്‍ശികള്‍ക്കില്ലാത്തത് 'പവിത്രത, പാകത, ആലോചന, അടവ് (തന്ത്രം)'. ഈ കുറവുകള്‍ ഓരോ തീരുമാനത്തിലും പ്രകടമാണ്. നാല്‍വര്‍ സംഘത്തിന്‍റെ സംഘക്കളി അതേപടി തുടരാന്‍ അനുവദിച്ചുകൂടാ. 

മുള്‍മരമെരിയാതെ എരിതീ  

സഭാ സമാധാനം സംബന്ധിച്ച ഏതൊരു ധാരണയിലും ഓര്‍ത്ത ഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഒറ്റ സമുദായമാണെന്നും സമുദായാംഗങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്ക്കാരികവുമായ ഉയര്‍ച്ചയെ സഹായിക്കുക പ്രധാനമാണെന്നുമുള്ള  ചിന്താധാര ഉയര്‍ന്നു വരേണ്ടതാണ്. ആധ്യാത്മികമായ ഉയര്‍ച്ചമാത്രമാണ് സഭയുടെ ചുമതല എന്ന ചിന്ത പല കേന്ദ്രങ്ങളില്‍ നിന്നും പലപ്പോഴും ഉണ്ടാവാറുണ്ട്. സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതു കൊണ്ടാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. കര്‍ത്താവിന്‍റെ മണവാട്ടിയായ സഭ എല്ലാ വിഭാഗീയതയ്ക്കും അപ്പുറമുള്ള ദൈവജനത്തിന്‍റെ കൂട്ടായ്മയാണ്. ഭൗതികമായ സഭയുടെ ചുമതല ആ സഭയിലേയ്ക്ക് ജനങ്ങളെ നയിക്കുകയാണ്. എന്നാല്‍ ഭൗതീകമായി ഭൂമിയില്‍ നില കൊള്ളുമ്പോള്‍, ഇവിടുത്തെ ഭൗമീക സാഹചര്യങ്ങള്‍ പങ്കുവെക്കേണ്ടി വരുമ്പോള്‍ ഏതൊരു സഭയ്ക്കും സാമുദായികത്വത്തിന്‍റെ അംശങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. ഭൗതികമായ നിലനില്‍പ് അനിവാര്യമായതിനാല്‍ അതുകൊണ്ടു തന്നെ ഭൗതീകമായ ഉയര്‍ച്ചക്കുവേണ്ടിയുള്ള പരിശ്രമങ്ങളിലും ഏര്‍പ്പെടേണ്ടിവരും.  'മുള്‍മരമെരിയാതെ എരിതീ തന്‍ നടുവില്‍' നില്ക്കുന്നതു മോശ കണ്ടതു പോലെയാണ് സമുദായത്തില്‍ സഭയുടെ  സാന്നിദ്ധ്യം എന്ന തിരിച്ചറിവ് ഉണ്ടായാലേ ചിന്താക്കുഴപ്പത്തില്‍ നിന്നു  രക്ഷപെടാനാവൂ.

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എന്ന ബ്രീട്ടീഷ് രാജ്ഞി

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെപ്പറ്റി തര്‍ക്കത്തിന്‍റെ യാതൊരു ആവശ്യവുമില്ല. 1934-ലെ ഭരണഘടനയില്‍ അത് നിര്‍വചിച്ചിട്ടുണ്ട്. ആകമാന സുറിയാനിസഭയുടെ അദ്ധ്യക്ഷനാണ് പാത്രിയര്‍ക്കീസ് എന്ന് ഭരണഘടന അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതേ സമയം മലങ്കരയുടെ തലവന്‍ പൗരസ്ത്യ കാതോലിക്ക ആണെന്നുംവ്യക്തമാക്കുന്നു.ഇതില്‍ ഒരു വൈരുദ്ധ്യവുമില്ല  ഇന്ത്യ ഇപ്പോഴും കോമണ്‍വെല്‍ത്തില്‍ അംഗമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള സംഭവങ്ങള്‍വരുമ്പോള്‍ മാത്രമാണ് കോമണ്‍വെല്‍ത്തിനെപ്പറ്റി പലപ്പോഴും നാം അറിയുക. എങ്കിലും കോമണ്‍വെല്‍ത്ത് ഒരു യാഥാര്‍ത്ഥ്യമാണ്.  കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പരസ്പരം അയയ്ക്കുന്ന പ്രതിനിധികളെ 'ഹൈ കമ്മീഷണര്‍  എന്നാണെല്ലോ വിളിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് ' അംബാസിഡര്‍'മാരാണെല്ലോ നിയുക്തരാവുക. പേരില്‍ മാത്രമാണ് വ്യത്യാസമെന്ന് വ്യാഖ്യാനിക്കാമെങ്കിലും അത് സൂചിപ്പിക്കുന്ന ബന്ധം പ്രാധാന്യമര്‍ഹിക്കുന്നു. ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനു വിധേയരായിരുന്ന രാജ്യങ്ങള്‍ ചരിത്രപരമായ ബന്ധം തുടരുന്നതിനുള്ള നിയമപരമായ സംഘടനയാണ് കോമണ്‍വെല്‍ത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിയമവ്യവസ്ഥയും ബ്യൂറോക്രസിയും പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനങ്ങളും ഈ രാജ്യങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നു. ഇന്നും ഇംഗ്ലീഷ് ഈ രാജ്യങ്ങളുടെയെല്ലാം ഔദ്യോഗികഭാഷയായി തുടരുന്നു. പാശ്ചാത്യ സുറിയാനിയും ആരാധനാക്രമങ്ങളും വേഷവിധാനങ്ങളുമെല്ലാം മലങ്കരസഭയില്‍ നിലനില്ക്കുന്നതും ഇതു പോലെ തന്നെയാണ്. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്‍റെ അദ്ധ്യക്ഷ ബ്രിട്ടീഷ് രാജ്ഞി തന്നെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഈ രാജ്ഞിക്ക് മറ്റ് രാജ്യങ്ങളിലെ ഭരണത്തില്‍ നാമമാത്രമായ അധികാരം പോലുമില്ല. എന്നാല്‍ അതുകൊണ്ട് ബ്രിട്ടനിലെ രാജ്ഞിയുടെ പ്രാധാന്യമോ, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ അംഗീകാരമോ ഇല്ലാതാവുന്നില്ല. 

 ഇതേ രീതിയിലുള്ള ബന്ധമാണ് മലങ്കരസഭയും അന്ത്യോക്യന്‍ സുറിയാനി സഭയും തമ്മില്‍ ഉള്ളതും. ആകമാന സുറിയാനി സഭയെന്ന കോമണ്‍വെല്‍ത്തിന്‍റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു ചരിത്രപരമായ കാരണങ്ങളാല്‍ ഒരിക്കസലും അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനെ ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹത്തിന്‍റെ പ്രാധാന്യം ഒരു വിധത്തിലും കുറയുകയുമില്ല.

സിംഹാസനപ്പോര്

ഇവിടെയുണ്ടാകുന്ന ഒരേയൊരു പ്രശ്നം പത്രോസ്ശ്ലീഹായുടെ സിംഹാസനത്തില്‍ നിന്നു മാത്രമെ ശ്ലൈഹിക പിന്‍തുടര്‍ച്ച ഉണ്ടാവൂ എന്ന വിശ്വാസം പ്രചരിപ്പിച്ചതു മൂലം ഉണ്ടാവുന്നതാണ്. ലോകമെങ്ങുമുള്ള ഒരു ഓര്‍ത്തഡോക്സ് സഭയ്ക്കും ആ വിശ്വാസമില്ല. മലങ്കരയിലെ കക്ഷി വഴക്കിന്‍റെ പേരില്‍ അങ്ങനെയൊന്ന് അവിടെ പ്രചരിപ്പിക്കാനിടയായി. തുടര്‍ന്നുണ്ടായതാണ് മാര്‍ത്തോമാശ്ലീഹായുടെ പട്ടത്വ പ്രശ്നവും. ഈ പ്രശ്നത്തില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പൊതുവായ വിശ്വാസം സ്വീകരിക്കുകയാണ് എല്ലാവര്‍ക്കും കരണീയം.  കോപ്ടിക് സഭ, ഇന്‍ഡ്യന്‍സഭ, എത്യോപ്യന്‍ സഭ, സിറിയന്‍സഭ, അര്‍മീനിയന്‍ സഭ- മൂന്നു സാര്‍വ്വത്രിക സുന്നഹദോസുകള്‍ മാത്രം അംഗീകരിക്കുന്ന ഈ സഭകള്‍ തമ്മില്‍ മാത്രമാണല്ലോ വി. കുര്‍ബ്ബാനയില്‍ സംസര്‍ഗ്ഗം ഉള്ളത്. അതുകൊണ്ട് വിശ്വാസപരമായ എന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കില്‍ അത് അത് ഓര്‍ത്തഡോക്സ് സഭകളുടെ ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി  അവരുടെ തീരുമാനത്തിനു വിടുവാന്‍ ഇരുകൂട്ടരും തീരുമാനിക്കട്ടെ. മറ്റുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുവാന്‍ ശേഷിയുള്ളവരാണ് ഇരുസഭകളിലേയും ഗുരുക്കന്മാരുടെ നേതൃത്വം. അവരോട് പറയാനുള്ളത് "മലങ്കരയിലെ തര്‍ക്കം തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലായെങ്കില്‍ ദൈവം അവിടെ മറ്റാരെയെങ്കിലും എഴുന്നേല്പ്പിക്കും. എന്നാല്‍ നിങ്ങള്‍ ഇതു ചെയ്തില്ലെങ്കില്‍ അതിന്‍റെ ദുരന്തം നിങ്ങളും നിങ്ങളുടെ തലമുറയും   അനുഭവിക്കും."

കുഞ്ഞൂഞ്ഞിനെ വെറുതെ വിടുക.

സഭയുടെയോ സമുദായത്തിന്‍റെയോ സഹായത്താലല്ല ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതാവായതും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തിയതും. എന്നാല്‍ ഈ സഭയിലെ അംഗം ആയത് ഒരു ബാധ്യത ആക്കുന്ന രീതിയിലാണ് പലപ്പോഴും പല ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഒരാള്‍ പൊതുസമൂഹത്തിന്‍റെ നേതാവായി ഉയരുന്നതിലൂടെ താന്‍ ജനിച്ച സമുദായത്തിനും അപ്പുറത്തേക്ക് അയാള്‍ വളരുകയും പ്രവര്‍ത്തനമേഖല മുഴുവന്‍ സമൂഹവുമായി വികസിക്കുകയും ആണ്. സാമുദായികമായ സങ്കുചിതതാല്പര്യങ്ങള്‍ക്കായി അങ്ങനെയുള്ളവരെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ ജനാധിപത്യസങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്നവരാണ്. ഒപ്പം സഭയെ അവമതിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നു.

രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലി സഭാ പിതാക്കന്മാര്‍ കണ്ടുപഠിക്കുമോ? കേരളത്തിന്‍റെ മുഖ്യന്ത്രിയായിരിക്കുമ്പോള്‍ പോലും തന്‍റെ മണ്ഡലത്തിലെ ഒരു സാധാരണക്കാരന്‍റെ ശവമടക്കില്‍ പങ്കെടക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിച്ചേരുന്നു. എന്നാല്‍ ഒരു പള്ളിയില്‍ അമ്പത് വര്‍ഷം ശുശ്രൂഷിച്ച കപ്യാര്‍ മരിച്ചാല്‍ പോലും കൈമുത്ത് ഉറപ്പാക്കാതെ ഒരു മെത്രാന്‍ അവിടെ എത്തുമോ?

എന്നാല്‍ സമുദായാംഗങ്ങള്‍ എല്ലാ മേഖലകളിലും രാഷ്ട്രീയരംഗത്തും സാമൂഹ്യ-നയതന്ത്ര-വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമെല്ലാം ഔന്നത്യം പ്രാപിക്കുന്നതിനെ സഭ സന്തോഷപൂര്‍വം നോക്കിക്കാണുകയും അവര്‍ക്ക് ആവുന്നവിധത്തിലുള്ള സഹകരണം നല്‍കുകയും വേണം. എന്നാല്‍ ഒരിക്കലും അവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പരിമിതപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത് വലിയ തെറ്റാണ്. സഭാംഗങ്ങളുടെ ബഹുമുഖ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പരിശ്രമിക്കുകയും അവരിലൂടെ ലഭിക്കുന്ന സദ്ഫലങ്ങള്‍ മുഴുവന്‍ സമൂഹത്തിനു ലഭിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യാന്‍ സഭയ്ക്കു കഴിയണം. ചുരുക്കത്തില്‍ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്ന  ദൗത്യത്തില്‍ പങ്ക് വഹിക്കുവാന്‍ ഓരോ വ്യക്തിയെയും ശക്തമാക്കുന്നതിന് പരിശ്രമിക്കുകയും ദൈവരാജ്യത്തിന്‍റെ സദ്ഫലങ്ങള്‍ മുഴുവന്‍ സമൂഹത്തിനായി പങ്കുവയ്ക്കുവാന്‍ യത്നിക്കുകയും ചെയ്യുകയാണ് സഭയുടെ ചുമതല എന്നു മറക്കാതിരിക്കണം.

പൂച്ചയ്ക്ക് മണികെട്ടാന്‍ ആയിരം എലികള്‍

സോദരര്‍ തമ്മിലെ പോര് പോരല്ല എന്നു പറയുമ്പോള്‍ പരസ്പരം തല്ലിത്തകര്‍ക്കുന്ന ഈ സംസ്കാരത്തെ നീതികരിക്കാന്‍ തുനിയുകയല്ല. നാളെ ഈ പോരടിക്കുന്നവര്‍ തമ്മില്‍ അല്ലെങ്കില്‍ അവരുടെ അടുത്ത തലമുറകളെങ്കിലും തമ്മില്‍ ധാരണയിലെത്തും എന്നതില്‍ ഒരു സംശയവും വേണ്ട. ആ ധാരണ എത്രയും നേരത്തേ ആയിക്കൂടേ എന്ന അതിമോഹമുള്ള അനേകര്‍ ഇപ്പോഴും ഇരുവിഭാഗങ്ങളിലുമുണ്ട്. അവരെയാണ് ഈ ലഘുലേഖനം പ്രതിനിധാനം ചെയ്യുന്നത്.

യോജിപ്പ് ഉണ്ടാകുന്നതില്‍ നിന്നും ഇരു വിഭാഗങ്ങളെയും തടയുന്ന രണ്ട് പ്രധാന ചിന്താധാരകളുണ്ട്. ഇനി ഒരു യോജിപ്പ് ഉണ്ടായാല്‍ പാത്രിയര്‍ക്കീസിന് വിധേയത്വം നല്‍കേണ്ടി വരുമെന്നും അത് ആധിപത്യത്തിലേക്ക് വഴി തെളിക്കുമെന്നും ഒരു കൂട്ടര്‍ സഭയ്ക്കുള്ളില്‍ നിന്ന് പാത്രിയര്‍ക്കല്‍ ആധിപത്യത്തിന് വേണ്ടി പരിശ്രമിക്കുന്നത് സഭയുടെ വളര്‍ച്ചയെ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ചിന്തിക്കുന്നു. പാത്രിയര്‍ക്കീസിന്‍റെ അധികാരം വ്യക്തമായി നിര്‍വചിച്ചശേഷമുള്ള ഒരു യോജിപ്പ് മാത്രമേ ഇനി ഇരുവിഭാഗത്തെയും നേതൃത്വത്തിനു സമ്മതമായി വരൂ എന്നതുകൊണ്ട് ആ പ്രശ്നം ഇനി ഉണ്ടാവുകയില്ല. മാത്രമല്ല, അന്ത്യോഖ്യന്‍ സഭ എന്താണെന്നും അതിന്‍റെ പരിമിതികളും പ്രസക്തിയും എന്താണെന്നും ഇന്ന് ഇരുവിഭാഗത്തിനും വ്യക്തമായ ധാരണയും ഉണ്ട്.

ഓര്‍ത്തഡോക്സ് പക്ഷവുമായി ഇനി ഒരു യോജിപ്പ് ഉണ്ടായാല്‍ വീണ്ടും ചതിവ് പറ്റുമെന്നാണ് യാക്കോബായക്കാര്‍ കരുതുന്നത്. തങ്ങള്‍ പുതുതായി വച്ച പള്ളികള്‍പോലും 1934 ലെ ഭരണഘടനയ്ക്ക് വിധേയമാകുന്ന ഒരു കുരുക്കിലേക്ക് തല വെച്ചുകൊടുക്കാന്‍ തങ്ങള്‍ക്ക് ഭ്രാന്തില്ല എന്നുതന്നെ വികാരജീവികളും വിചാരജീവികളും ഒരു പോലെ പറയും അവിടെയും പരിഹാരം കണ്ടെത്താന്‍ കഴിയും.

പുതുതായി വച്ച യാക്കോബായ പള്ളികള്‍ സിംഹാസന പള്ളികളുടെ സ്റ്റാറ്റസില്‍ കുറെക്കാലം നിലനില്‍ക്കട്ടെ, സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്ത സുന്നഹദോസ് അംഗമായിരിക്കുകയും, അദ്ദേഹത്തിന്‍റെ നിയമനം പ്രസ്തുതപള്ളികളുടെ അസോസിയേഷന്‍ നിര്‍വഹിക്കുകയും ചെയ്യണം.

ഇപ്പോഴുള്ള മെത്രാന്മാര്‍ക്ക് അവര്‍ ഇപ്പോള്‍ ഭരിക്കുന്ന പള്ളികളുടെ ഭരണം മാത്രം യോജിച്ച സഭയിലും തുടക്കത്തില്‍ നല്‍കിയാല്‍ മതി. അതിനാവശ്യമായ ക്രമീകരണങ്ങളും വിശദാംശങ്ങളും ചര്‍ച്ച ചെയ്ത് ഉണ്ടാക്കാവുന്നതേയുള്ളൂ.

മറ്റ് മൂപ്പിളമ തര്‍ക്കങ്ങളും യോജിപ്പിന്‍റെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍ പരിഹരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. പൂച്ചയ്ക്ക് മണികെട്ടാന്‍ കഴിവുള്ള എത്രയോ എലികള്‍ ഇപ്പോഴും മാളത്തിലുണ്ട്. പാണ്ടന്‍ പൂച്ചമാരുടെ പല്ലിന്‍ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല എന്ന് കൃത്യമായി അറിയാവുന്ന എലികള്‍. അവര്‍ മാളത്തില്‍ നിന്നു പുറത്തുവരട്ടെ. ഇരുഭാഗത്തേയും വിവരവും വിവേകവുമുള്ള വൈദികരെയും അല്‍മായരേയും ആണ് ഉദ്ദേശിക്കുന്നത്. 

പിറവത്ത് പിറക്കാനിരിക്കുന്നത്

പിറവത്ത് ടി.എം. ജേക്കബിന്‍റെ ശവക്കല്ലറയ്ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിനു മുന്‍പുതന്നെ അടുത്ത സ്ഥാനാര്‍ത്ഥി ഞങ്ങളുടെ ആളായിരിക്കണം എന്ന യാക്കോബായ മെത്രാന്‍റെ ഭീഷണികേട്ട് ജനം ഞെട്ടി. എന്നാല്‍ ശവമടക്കലും അതിന്‍റെ കാണിക്ക വാങ്ങലും തൊഴില്‍പരമായ അവകാശമാക്കിയവര്‍ക്ക് മരണവും ഒരു അവസരമാണെന്ന് ജനത്തിന് അറിഞ്ഞുകൂടല്ലോ.

മരിച്ച ജേക്കബിനെയും ജനിക്കാന്‍ പോകുന്ന ജേക്കബിനെയും യാക്കോബായക്കാര്‍ കൈവശപ്പെടുത്തുന്നത് ഓര്‍ത്തഡോക്സുകാര്‍ക്ക് സഹിക്കാനാവുമോ? ഞങ്ങള്‍ പാരപണിയും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.

ഇവിടെ ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയ കക്ഷികളാണ്. ഇരുപക്ഷത്തും ഇടതുപക്ഷവും വലതുപക്ഷവും അല്പസ്വല്പം ബി.ജെ.പി. യുമുണ്ട്. അവരുടെ വോട്ടെല്ലാം രാഷ്ട്രീയമായിത്തന്നെ വീഴും. മെത്രാന്മാരുടെ കാല് കഴുകിയ വെള്ളം തീര്‍ത്ഥമാണെന്നു കരുതുന്ന അല്പബുദ്ധികളായ കുറച്ച് വിശ്വാസികള്‍ ഇരുഭാഗത്തുമുണ്ടാവും. അവരുടെ വോട്ടുകള്‍ പരസ്പരം നിര്‍വീര്യമാവും. അതിനു വേണ്ടി മിനക്കെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മീയ നേതൃത്വത്തിന്‍റെ അഹങ്കാരം കൂട്ടാതിരുന്നാല്‍ സഭയ്ക്കും നാടിനും നന്ന് എന്നേ ജനത്തിനു പറയാന്‍ കഴിയൂ.

ജന്തര്‍മന്തറിലെ കോണ്‍ഗ്രസ് മന്ദിരം

അഭിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആസ്ഥാനമന്ദിരം ഡല്‍ഹിയില്‍ ജന്തര്‍ മന്തര്‍ റോഡിലുള്ള കോണ്‍ഗ്രസ് ഹൗസായിരുന്നു. 1969-ല്‍ ഇന്ദിരയുടെയും നിജലിംഗപ്പയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പ്രസ്തുത മന്ദിരം നിജലിംഗപ്പ വിഭാഗത്തിനായി. ആ വിഭാഗം സംഘടനാ കോണ്‍ഗ്രസ് ആയി അറിയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വിഭാഗമായി ഇന്ദിരാ വിഭാഗത്തെ കോടതി പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് എ.ഐ.സി.സി. ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിക്കാതെ പുതിയ കെട്ടിടം ഉണ്ടാക്കുകയാണ് ചെയ്തത്. സംഘടനാ കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ആ മന്ദിരം ജനതാ പാര്‍ട്ടിയ്ക്കു കൈവന്നു. ജനതാപാര്‍ട്ടി പിളര്‍ന്ന് ജനതാദളും ജനതാദള്‍ പിളര്‍ന്ന് ജനതാദള്‍ (യു) വും ഉണ്ടായപ്പോഴൊക്കെയും ഓഫീസ് കൈവശം വച്ചിരുന്ന വരെ ഒഴിപ്പിക്കാന്‍ ഒരു ശ്രമവും ആരും നടത്തിയിട്ടില്ല. ഇപ്പോള്‍ അത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് ജനതാദളിന്‍റെ കൈവശമാണ്.

ഒരു സംഘടനയോ, സമൂഹമോ പിളരുമ്പോള്‍ കൈവശാവകാശമുള്ളവരെ കോടതി വഴി ഒഴിപ്പിക്കാനുള്ള ശ്രമം അധികാരമുള്ള രാഷ്ട്രീയക്കാര്‍പോലും നടത്താറില്ല. ഇരുവിഭാഗങ്ങളിലായി നില്‍ക്കുന്ന മലങ്കര സുറിയാനി സഭയിലെ നേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ് അത്. കോലഞ്ചേരിക്കുവേണ്ടി യാക്കോബായക്കാരോ മറ്റ് പ്രധാന പള്ളികള്‍ക്കുവേണ്ടി ഓര്‍ത്തഡോക്സ്കാരോ കേസ് നടത്തുമ്പോഴും ജയിക്കുമ്പോഴും പിന്‍തുടരേണ്ട ഒരു പ്രമാണമായിരിക്കണം അത്.

കോലഞ്ചേരിയില്‍ പൂര്‍ണ കൈവശാവകാശം ഉണ്ടായപ്പോള്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ തമ്മില്‍ പരസ്പര ധാരണ നഷ്ടപ്പെട്ടതിനാലാണ് അവിടെ യാക്കോബായ വിഭാഗത്തിന് അവസരം ലഭിച്ചത്. തൃക്കുന്നത്ത് സെമിനാരിയില്‍ നിന്ന് മണ്ണാറപ്ര അച്ചനെ പുറത്തു ചാടിച്ചപ്പോഴാണ് യാക്കോബായക്കാര്‍ക്ക് അവകാശം ഉന്നയിക്കാന്‍ അവസരം ലഭിച്ചത്.

കോട്ടയം ഭദ്രാസനത്തിലെ ഒരു പള്ളിയിലും ഇന്ന് പരസ്പരം പോരോ ശവത്തിന് വില പറച്ചിലോ ഇല്ലാത്തത് 'കോട്ടയം കുഞ്ഞച്ച'ന്മാരുടെ പ്രായോഗിക ബുദ്ധി. മീനടം ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ഏതാനും വര്‍ഷം മുന്‍പ് പാത്രിയര്‍ക്കീസ് ഭാഗത്ത് മാത്രം പ്രവര്‍ത്തിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ ശവമടക്കം പള്ളിക്കാരുടെയും ഓര്‍ത്തഡോക്സ് ഇടവക മെത്രപ്പോലീത്തയുടെയും പൂര്‍ണ പങ്കാളിത്തത്തോടെ നടന്നപ്പോള്‍ യാക്കോബായ വിഭാഗം അവസരോചിതമായി പെരുമാറിയത് ഒരു ഉദാഹരണമാണ്. കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഇരുവിഭാഗങ്ങളിലേയും വൈദികര്‍ പരസ്പരം ശുശ്രൂഷകളില്‍ സഹകരിക്കുന്നതുപോലെ വടക്കുംതെക്കുമുള്ള വൈദികര്‍ക്കും ആയിക്കൂടേ എന്നാണ് കോട്ടയംകാര്‍ ചോദിക്കുന്നത്.

സമ്പൂര്‍ണ്ണ യോജിപ്പ് സമ്പൂര്‍ണ സമാധാനം

ചുരുക്കത്തില്‍ കൈവശാവകാശം അംഗീകരിച്ചു കൊണ്ടുള്ള സമാധാനപരമായ സഹവര്‍ത്തിത്വം അംഗീകരിക്കാതെ സഭാ പ്രശ്നം ഒരിക്കലും അവസാനിക്കില്ല. ആ സഹവര്‍ത്തിത്വം പൂര്‍ണ്ണമായ യോജിപ്പിലേക്ക് സഭയെ നടത്തും. കാരണം വിഭജിച്ചു പിരിയുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് യോജിച്ചു പോവുകയെന്ന് പ്രായോഗികമതികള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

(മനനം, പുസ്തകം 1, ലക്കം 1, 2012 ഏപ്രില്‍)


No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...