കോത്തല സെഹിയോന്‍ പള്ളിയിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ നിലവിലെ സഭയുടെ സ്ഥിതിയില്‍ അസ്വസ്ഥരായി, തങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ സമീപിച്ചപ്പോള്‍ കെ. എം. ജോര്‍ജ് അച്ചന്‍ കൊടുത്ത മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍.
പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്ന ഓര്‍ത്തഡോക്സ് അസഹിഷ്ണുത ഞങ്ങളെ അസ്വസ്ഥരാക്കുകയാണ്. എന്താണ് നമ്മുടെ വിശ്വാസപരവും, ചരിത്രപരവുമായ തനിമ? അത് പാത്രിയര്‍ക്കീസ് വിഭാഗവുമായി എത്ര മാത്രം വിഭിന്നമാണ്?
യാക്കോബായ, ഓര്‍ത്തഡോക്സ് എന്നത് ഒരു ഒറ്റ സമൂഹമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഒരേ വിശ്വാസം, ഒരേ രക്തം, ഒരേ കുടുംബം. ഞാന്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ സഭ ഒന്നായിരുന്നു. ഞാന്‍ ഏതു സമയത്താണോ വൈദിക സെമിനാരിയില്‍ ചേര്‍ന്നത്, എന്ത് മൂല്യങ്ങള്‍ മനസ്സില്‍ കരുതികൊണ്ടാണോ അന്നവിടെ പഠിച്ചത് അതെല്ലാം ഞാന്‍ ഇപ്പോഴും മുറുകെ പിടിക്കുന്നു. പിന്നെ ഉണ്ടായ വിഭജനങ്ങള്‍ക്ക് കാരണക്കാര്‍ ചില വ്യക്തികളാണ്. സാധാരണ ജനങ്ങള്‍ അല്ല ഭിന്നത ഉണ്ടാക്കിയത്. മറിച്ച് ചില വ്യക്തികളും നേതൃസ്ഥാനത്തുള്ള അവരുടെ ചില താല്പര്യങ്ങളും ആണ്. അന്നും ഇന്നും എന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു മലങ്കരസഭയേ ഉള്ളു. ഞാന്‍ സ്വപ്നാടകന്‍ ആണെന്നു ചിലര്‍ പറയുമായിരിക്കും. പക്ഷേ, യോജിച്ച സഭയെ ഭിന്നിപ്പിക്കാന്‍ ചിലരൊക്കെ പറഞ്ഞ കാരണങ്ങളോടും അതിന് അവര്‍ കൈക്കൊണ്ട നടപടികളോടും ഞാന്‍ ശക്തിയായി വിയോജിക്കുന്നു. ഇക്കാര്യങ്ങളൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അതിരുകടക്കുന്ന രാഷ്ട്രീയനിലപാടുകളും പ്രഖ്യാപനങ്ങളും സഭയോടു ബന്ധപ്പെടുത്തി ഉണ്ടാവുകയും വീണ്ടുവിചാരമില്ലാത്തവര്‍ അതിനു പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ഇതുവരെ പിന്തുടര്‍ന്നുവന്ന നല്ല മാതൃകകള്‍ നഷ്ടപ്പെടുകയും വിനാശകരമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യില്ലേ? അത് സഭയുടെ സ്വാതന്ത്ര്യവും സഭാംഗങ്ങളുടെ അവകാശങ്ങളും നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കില്ലേ?
സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ നമുക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. നല്ല പൗരന്മാരായി രാഷ്ട്രനിര്‍മ്മിതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നാം. എന്നാല്‍ സഭ ഭൂരിപക്ഷമാകുന്നത് ലോകത്തിലെ പല രാജ്യങ്ങളിലും വലിയ പ്രശ്നമാണ്. രാഷ്ട്രത്തിന്‍റെ ഭാഗമായിട്ട് സഭ തീരുന്ന അവസ്ഥയാണ് കുസ്തന്തിനോസ് ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനുശേഷം റോമാ സാമ്രാജ്യത്തില്‍ ഉണ്ടായത്. യൂറോപ്പില്‍ അടുത്തകാലം വരെയും അതായിരുന്നു സ്ഥിതി. പില്‍ക്കാലത്ത് രാഷ്ട്രവും സഭയും രണ്ടാകുന്നതാണ് നല്ലതെന്ന് വിവരമുള്ള നേതാക്കന്മാര്‍ പഠിപ്പിച്ചു. പലപ്പോഴും ക്രിസ്തീയ മൂല്യങ്ങള്‍ അടിയറ വെയ്ക്കേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. സഭയും രാഷ്ട്രവും രണ്ടാണ്. സമൂഹത്തിനു പരിവര്‍ത്തനം ഉണ്ടാകുവാനുള്ള ഒരു പുളിപ്പ് ആയി സഭ നിലകൊളളണം.
കക്ഷി രാഷ്ട്രീയ തല്പര്യങ്ങളുടെ കൂടെ സഭ നില്‍ക്കരുത്. മെത്രാന്മാരും അച്ചന്മാരും രാഷ്ട്രീയ ഗോദയില്‍ ഇറങ്ങരുത്. സഭാ വിശ്വാസികള്‍ പൗരന്മാരാണ.് വോട്ടവകാശം അവര്‍ക്കുണ്ട്. രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടിയും നീതിയ്ക്കുവേണ്ടിയും നിലകൊള്ളാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.
ഞങ്ങളുടെ അമ്മമാരുടെ വീടുകളിലെ സഭാനിലപാടിനെപ്പറ്റി ഞങ്ങള്‍ തന്നെ ഒരു കണക്കെടുത്തപ്പോള്‍ നാലില്‍ മൂന്നും യാക്കോബായ വിഭാഗക്കാരാണ്. ഇത് ഒരുപക്ഷേ, കോട്ടയം ജില്ലയിലെ മാത്രം സ്ഥിതിയാവാം. നമ്മുടെ പിതാക്കന്മാരുടെ പ്രായോഗികബുദ്ധിയാവാം അതിനിടയാക്കിയത്. തെക്കും വടക്കുമുള്ളവര്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോട്ടയം ഭദ്രാസനത്തില്‍ നിലനില്‍ക്കുന്ന സൗഹൃദം നിലനിര്‍ത്താന്‍ നാം ഏതറ്റം വരെയും പോകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. കോട്ടയത്തിന്‍റെ ഈ സംസ്കാരം വെല്ലുവിളികള്‍ നേരിട്ടാല്‍ ഞങ്ങള്‍ എങ്ങനെ പ്രതികരി ക്കണം?
നാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നു കരുതുന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്‍റെ അനുഗാമികള്‍ ആകണം. നൂറു ശതമാനം അങ്ങനെ ആകുവാന്‍ സാധിക്കും എന്ന് ഞാന്‍ പറയുന്നില്ല, നാം ഏവരും കുറവുള്ളവരാണ് . കഴിയുന്നിടത്തോളം കര്‍ത്താവ് പഠിപ്പിച്ച സ്നേഹം, ത്യാഗം എന്നിവ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.
നമ്മുടെ അയല്‍ക്കാരുമായുള്ള നീതിപൂര്‍വ്വകമായ സ്നേഹബന്ധമാണ് കര്‍ത്താവിന്‍റെ ഇഷ്ടം. നമ്മുടെ ആളുകളുടെ മനസ്സില്‍ വിഷം കയറ്റുന്ന വ്യക്തികള്‍ ഉണ്ട്. അത്തരം വിഷവലകള്‍ക്ക് അകത്തുപെടാതിരിക്കുകയാണ് യുവജനങ്ങളായ നിങ്ങള്‍ ചെയ്യേണ്ടത്. അയല്‍ക്കാരനെയും ശത്രുവിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിനോട് നമുക്ക് ഇന്നുള്ള ബന്ധം എന്താണെന്ന് നിങ്ങള്‍തന്നെ ചിന്തിക്കുക.
ഇന്ത്യന്‍ പാരമ്പര്യത്തില്‍ 'കലി എന്നൊരു സങ്കല്‍പം ഉണ്ട്' കലി വരുമ്പോള്‍ ചിലര്‍ക്ക് അന്നുവരെ പഠിച്ച പല നല്ല കാര്യങ്ങളും മറന്നുപോകും. കലി ഒരു അന്ധകാരശക്തി ആണ്, ഇരുട്ട് പരത്തുകയാണ് അതിന്‍റെ ജോലി. ഓര്‍ത്തഡോക്സ്, യാക്കോബായ എന്ന പേരില്‍ കലി ബാധിക്കുന്നവര്‍ മനുഷ്യജീവന്‍റെ എല്ലാ സൗന്ദര്യത്തെയും എല്ലാ സൗരഭ്യത്തെയും നശിപ്പിക്കുന്നു.
സഭയില്‍ സമാധാനം എന്നത് സാധ്യമാണോ?
മനുഷ്യന്‍റെ ബന്ധങ്ങളില്‍ അസാധ്യമായതൊന്നും ഇല്ല. നമ്മുടെ സഭയില്‍ അനുതാപം എന്നതിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. നോമ്പു മുഴുവന്‍ അനുതാപത്തിന്‍റേതാണ്. വലിയ നോമ്പിന്‍റെ ആരംഭം അനുതാപത്തിലൂടെ ആണ് (ശുബ്കോനോ ശുശ്രൂഷ). പരസ്പരം ഉള്ള അനുരഞ്ജനത്തിന്‍റെ ശുശ്രൂഷയാണ് അത്. ഇത് ഇല്ലാതെ ലോകം മുമ്പോട്ടു പോകുകയില്ല. സഭയില്‍ തീര്‍ച്ചയായും അത് ഉണ്ടാകണം. അനുതാപം ഉണ്ടെങ്കിലെ ഇവയെല്ലാം സാധ്യമാവുകയുള്ളൂ. കത്തോലിക്ക സഭ മധ്യനൂറ്റാണ്ടുകളില്‍ ഒത്തിരി തെറ്റുകള്‍ മനുഷ്യരാശിക്കെതിരായി ചെയ്തിട്ടുണ്ട്. പക്ഷേ ആധുനിക കാലത്ത് മാര്‍പാപ്പാമാര്‍ പലതവണ തെറ്റുകള്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇത് അനുതാപമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പാ നല്ല ഉദാഹരണമാണ്.
സഭയുടെ മിഷന്‍ എന്നാല്‍ വഴക്ക് ഉണ്ടാക്കുക എന്നതല്ല. നേരായ ദിശാബോധം ഇടയന്മാര്‍ പകര്‍ന്നു നല്‍കണം. ഇടയന്‍ മുമ്പേ നടന്ന് ആടുകളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കണം. നമ്മുടെ സഭയുടെ ജോലിയും ഇതു തന്നെയാണ്. ജനങ്ങളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കുക എന്നത് ഞാനുള്‍പ്പെടെയുള്ള വൈദികനേതൃത്വത്തിന്‍റെ ചുമതലയാണ്. ഞങ്ങള്‍ക്കു തെറ്റുപറ്റിയാല്‍ നിങ്ങള്‍ സ്നേഹപൂര്‍വ്വം തിരുത്തണം. അതുപോലെ നിങ്ങളുടെ തിരുത്തലിനു വിധേയരാകാന്‍ അച്ചന്മാരും മെത്രാന്മാരുമായ ഞങ്ങളും വിനയപൂര്‍വ്വം തയ്യാറാകണം. എല്ലാറ്റിലും ഉപരി, നമ്മുടെ പിതാവാം ദൈവത്തിന്‍റെ ആര്‍ദ്രകരുണയും മനുഷ്യസ്നേഹവും യേശുക്രിസ്തുവിലൂടെ നമുക്കു ലഭിച്ചതിനെ നന്ദിപൂര്‍വ്വം ഓര്‍ക്കയും വേണം.
(പ്രദക്ഷിണം, ജൂലൈ 2018)
No comments:
Post a Comment