Wednesday, 27 December 2023

മനുഷ്യപുത്രന്‍ | ടി. പി. ജോര്‍ജുകുട്ടി


അവര്‍ പറഞ്ഞു: അദ്ദേഹം അദ്ഭുത പുരുഷനാണ് അല്ലെങ്കില്‍ ഇങ്ങനെ ഒരേസമയം രാജ്യം മുഴുവനും ഒപ്പം തന്‍റെ കര്‍മ്മമണ്ഡലത്തിലും നിറഞ്ഞു നില്‍ക്കുന്നതെങ്ങനെ?

ഞങ്ങള്‍ പറഞ്ഞു: അല്ല. അദ്ദേഹം അദ്ഭുത പുരുഷനല്ല. ഞങ്ങളെപ്പോലെ ഞങ്ങള്‍ക്കൊപ്പമുള്ള സാധാരണ മനുഷ്യനാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രവൃത്തിയിലുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ ഓരോ നിമിഷവും ജനമദ്ധ്യത്തില്‍ നിലനിര്‍ത്തുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം അത്യുന്നതനായ ഭരണാധികാരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ പിഴവുകളില്ലാത്ത തീരുമാനങ്ങളിലൂടെ ഈ നാടിനെയും പ്രസ്ഥാനത്തെയും ശരിയായ പന്ഥാവിലൂടെ നയിക്കുന്നതെങ്ങനെ? 

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം അത്യുന്നതങ്ങളില്‍ നിലകൊള്ളുന്നവനല്ല. എപ്പോഴും ഞങ്ങള്‍ക്കൊപ്പമുള്ള കൂട്ടാളിയാണ്. ഞങ്ങളുടെ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുവാന്‍, വീണുപോകുന്നവരുടെ മുറിവുകളില്‍ എണ്ണ പകരുവാന്‍, കുഴഞ്ഞു വീഴുന്നവര്‍ക്ക് താങ്ങായി നില്‍ക്കുവാന്‍ വേര്‍പാടിന്‍റെ വേദനയില്‍ ആശ്വാസം പകരുവാന്‍ അദ്ദേഹം എപ്പോഴും കൂടെ ഉണ്ടല്ലോ. ഞങ്ങളുടെ പ്രാര്‍ത്ഥനയാണ് ശരിയായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു കരുത്തു പകരുന്നത്. ഞങ്ങള്‍ക്കൊപ്പം നടന്നു നേടിയ അനുഭവസമ്പത്താണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം സ്വന്തത്തിനും ബന്ധത്തിനും പരിഗണന കൊടുക്കാത്തവനാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ധനമോഹികളായ സ്വാര്‍ത്ഥ മനുഷ്യരുടെ കൊടിയ വൈരാഗ്യത്തിനു അദ്ദേഹം ഇരയാവുന്നത്. 

ഞങ്ങള്‍ പറഞ്ഞു: അല്ല. അതു ശരിയല്ല. തന്‍റെ സ്വന്തം ആളുകള്‍ക്ക് അദ്ദേഹം എന്തു പരിഗണനയും നല്‍കുന്നവനാണ്. തലചായ്ക്കാനിടം നല്‍കിയ ആയിരങ്ങള്‍ അദ്ദേഹത്തിന്‍റെ ആരാണ്? രോഗത്തിന്‍റെയും ദുരിതത്തിന്‍റെയും വേദനയില്‍ സാന്ത്വനത്തിന്‍റെയും ഔഷധത്തിന്‍റെയും രൂപത്തില്‍ ചെന്നുനിന്ന് കണ്ണീരൊപ്പിയ ആയിരങ്ങള്‍ അദ്ദേഹത്തിന് ആരാണ്? ആരുടെ കുട്ടികള്‍ക്കാണ് അദ്ദേഹം പഠനസൗകര്യമൊരുക്കുന്നത്? ആര്‍ക്ക് തൊഴില്‍ നല്‍കാനാണ് അദ്ദേഹം രാപകല്‍ എഴുതുകയും പറയുകയും ചെയ്യുന്നത്? ഇവരെല്ലാം അദ്ദേഹത്തിന്‍റെ സ്വന്തക്കാരും ബന്ധുക്കളുമല്ലേ? ദുര്‍മോഹങ്ങളുമായി വരുന്നവരൊക്കെയും നിരാശരായി മടങ്ങുന്നു. അന്തരീക്ഷത്തെ വിഷലിപ്തമാക്കാനുള്ള അവരുടെ പുറപ്പാടുകള്‍, ആ കരുതലിന്‍റെ ആഴമറിഞ്ഞ ആയിരങ്ങളുടെ സ്നേഹം ചാലിച്ച അഗ്നിയില്‍ ചാമ്പലാവുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അവര്‍ പറഞ്ഞു: അദ്ദേഹം വിമര്‍ശനങ്ങളില്‍ പതറാത്ത കഠിനഹൃദയനാണ്. അല്ലെങ്കില്‍ എങ്ങനെയാണ് കഠിന വിമര്‍ശനങ്ങളെയും ഭര്‍ത്സനങ്ങളെയും ഭാവവ്യത്യാസം കൂടാതെ നേരിടുന്നത്? 

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം പരിഭവങ്ങളില്‍ മനം നോവുന്ന ലോലഹൃദയനാണ്. എന്നാല്‍ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തെ ഒന്നും ചെയ്യാനാവില്ല. പക്ഷേ, കൂടെനിന്നു കരം പിടിക്കേണ്ടവര്‍ എറിയാനുള്ള കല്ലുമായി മുന്നിലും പിന്നിലും പതുങ്ങിനില്‍ക്കുന്ന കാഴ്ചയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ആയിരം കരങ്ങള്‍ ആ കണ്ണീര്‍ തുടയ്ക്കാനായി ഉയരുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അവര്‍ പറഞ്ഞു: അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശാലിയാണ്. അല്ലെങ്കില്‍ എങ്ങനെയാണ് ആയിരങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത്? 

ഞങ്ങള്‍ പറഞ്ഞു: അല്ല അതു ശരിയല്ല. അദ്ദേഹം നിസ്സഹായനായ മനുഷ്യന്‍റെ വേദനയകറ്റാന്‍ ഏതു പരിധിവരെയും വിട്ടുവീഴ്ച ചെയ്യുന്ന അലിവിന്‍റെ മനുഷ്യനാണ്. എന്നാല്‍ സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും വിഷവിത്തുകള്‍ മുളപ്പിക്കാനുള്ള ഏത് ശ്രമത്തെയും അദ്ദേഹം തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യും. 

അവര്‍ പറഞ്ഞു: അദ്ദേഹം തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ്. അല്ലെങ്കില്‍ സ്ഥാനങ്ങള്‍ അദ്ദേഹത്തെ ഇങ്ങനെ തേടിവരുന്നതെങ്ങനെ?

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം തന്ത്രങ്ങള്‍ മെനയുന്ന ധിഷണാശാലിയല്ല. കാര്യങ്ങള്‍ ഋജുവായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേരിന്‍റെ മനുഷ്യനാണദ്ദേഹം. കൂടെ നില്‍ക്കുന്നവരെപ്പറ്റിയും നാടിനുവേണ്ടി ചെയ്യാനുള്ളവയെപ്പറ്റിയും മാത്രം ചിന്തിക്കുന്ന ആ വ്യക്തിത്വത്തെ മുന്നോട്ടുള്ള പാതയില്‍ തടസ്സപ്പെടുത്തുവാന്‍ ഒരു കുടിലതന്ത്രത്തിനും കഴിയില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ തേടാത്ത അദ്ദേഹത്തെ ചുമതലകള്‍ തേടി എത്തുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം യഥാര്‍ത്ഥ മനുഷ്യപുത്രനാണ്. 

ഞങ്ങള്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതു ശരിയാണ്. മനുഷ്യത്വത്തിന്‍റെ ആള്‍രൂപമായി നമ്മുടെ ഇടയില്‍ പിറക്കുകയും നമ്മോടൊപ്പം ജീവിക്കുകയും നമ്മെ നേരായ ദിശയിലേക്കു നയിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മനുഷ്യപുത്രനാണദ്ദേഹം. 

അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഈ മനുഷ്യപുത്രനെ ഏശുകയില്ല. നേരായ മനസ്സോടെ കറപുരളാത്ത വ്യക്തിത്വത്തോടെ ദൃഢമായ മനസ്സാക്ഷിയോടെ കരുത്തുള്ള ആത്മാവോടെ ആ മനുഷ്യപുത്രന്‍ നമ്മെ നയിക്കാന്‍ കൂടെയുണ്ട്. നമുക്ക് ഒരുമിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കാം. അകലെ നിന്ന് ആരാധനയോടെ നോക്കുന്നവര്‍ നിങ്ങള്‍. അടുത്തുനിന്ന് ആ ഹൃദയം തൊട്ടറിഞ്ഞവര്‍ ഞങ്ങള്‍.

(മനനം, 2009 ഫെബ്രുവരി)

No comments:

Post a Comment

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...