Monday 25 March 2024

പോരാടൂര്‍ ക്രിസ്ത്യാനികള്‍ | ടി. പി. ജോര്‍ജുകുട്ടി

പോരാടൂര്‍ ക്രിസ്ത്യാനികള്‍ തങ്ങളെപ്പറ്റിത്തന്നെ പ്രചരിപ്പിക്കുന്ന ഒരു രസികന്‍ നിരീക്ഷണമുണ്ട്. ഈ ഭൂമി മലയാളത്തിലെ ഒരു ചെറിയ പ്രദേശമാണ് പോരാടൂര്‍. ഓര്‍ത്തഡോക്സുകാരാണ് ഇവിടുത്തെ നിവാസികളിലേറെയും. തങ്ങളുടെ പൊതുസ്വഭാവത്തെപ്പറ്റിയുള്ള പോരാടൂര്‍ നിരീക്ഷണം ശ്രദ്ധിക്കുക. 

1. ഞായറാഴ്ചകളില്‍ പോത്തിറച്ചി വാങ്ങി ഭക്ഷിക്കുക.

2. തിരഞ്ഞെടുപ്പുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യുക.

3. മനോരമ പത്രം വരുത്തുകയും വായിക്കുകയും ചെയ്യുക.

4. പത്രത്തിലെ ചരമകോളം നോക്കി കഴിയുന്നത്ര സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുക. 

അടുത്തകാലംവരെ ഇതില്‍ യാതൊരുമാറ്റവും കൂടാതെ കാര്യങ്ങള്‍ നടന്നുവന്നു. എന്നാല്‍ ഇപ്പോള്‍ ആകെക്കൂടെയൊരുമാറ്റം കണ്ടും കേട്ടും തുടങ്ങിയിരിക്കുന്നു. ഈ സ്വഭാവസവിശേഷതകള്‍ പോരാടൂരുകാരുടേതു മാത്രമാണെന്നു കരുതേണ്ടതില്ല. കോട്ടയം ജില്ലയിലും പത്തനംതിട്ടയിലും കൊല്ലത്തും എറണാകുളത്തുമെല്ലാം പോരാടല്‍ ഊരായി (ജീവന്‍) കരുതുന്ന ഇങ്ങനെയുള്ളവര്‍ ധാരാളം താമസിച്ചു വരുന്നുണ്ടെന്ന് നമുക്കറിയാം. കേരളത്തിലെ പുത്തന്‍കൂറു നസ്രാണി സമുദായത്തിലെ അന്ത്യോഖ്യാ വിരുദ്ധരായ ഒരു സമുദായത്തെയാണ് നാമിവിടെ കാണുന്നത്. പുത്തന്‍കൂറ്റുകാരെന്ന പേരെങ്ങനെ വന്നുവെന്നു നോക്കുന്നതിനു മുമ്പേ പോരാടൂരുകാര്‍ക്ക് എന്തു മാറ്റമാണുണ്ടായതെന്നു നോക്കാം. 

പോരാടൂരുകാര്‍ പോത്തിറച്ചിയുടെ അളവ് കുറച്ചുകൊണ്ടുവരികയാണ്. ഒന്നാമത് നല്ല പോത്തിറച്ചി കിട്ടാനില്ല. രണ്ടാമതായി കൊളസ്ട്രോള്‍ എന്ന പിശാച് പൊതുവേ എല്ലാവരെയും പിടികൂടിയിട്ടുണ്ട്. മുമ്പുകാലത്ത് രാവന്തിയോളം കൃഷിഭൂമികളില്‍ പണിയെടുത്തിരുന്നവരുടെ അനന്തരതലമുറയ്ക്ക് അധ്വാനം കുറയുകയും ആഹാരം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി വന്നതാണ് ആ പിശാചുബാധ. എന്നാല്‍ കൈപ്പത്തി ചിഹ്നത്തോടുള്ള മമതയ്ക്കും കുറവുണ്ടായെങ്കില്‍ അതിന്‍റെ കാരണമെന്താണ്? 

രണ്ടും മൂന്നും നാലും കാര്യങ്ങളെ ഒന്നായിത്തന്നെ നമുക്കു വിലയിരുത്താം. കൈപ്പത്തി, കോണ്‍ഗ്രസ്, ചരമക്കോളം എന്നിവയാണല്ലോ അത്. കൈപ്പത്തി എന്നു പറയുന്നത് ശരിയല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നുകംവെച്ച കാളകള്‍ മരണയാത്രയില്‍ തങ്ങളുടെ ശരീരത്തോട് ചേര്‍ത്തുവച്ചിരിക്കണം എന്ന് വില്‍പത്രത്തിലെഴുതിയ കാരണവന്മാരും ഇവിടെ ഉണ്ടായിരുന്നു. കാളപ്പെട്ടി മുതല്‍ കൈപ്പത്തി ചിഹ്നംവരെ കോണ്‍ഗ്രസിന്‍റെ അടയാളവാക്യങ്ങള്‍ മനസ്സിന്‍റെ വികാരമായി സൂക്ഷിച്ചവര്‍. മനോരമ ഭക്തിയും ഇതോടൊപ്പം അവര്‍ സൂക്ഷിച്ചുവച്ചു. കെ. സി. മാമ്മന്‍ മാപ്പിളയ്ക്കും കെ. എം. ചെറിയാനും കാതോലിക്കാ ബാവായ്ക്ക് തൊട്ടുതാഴെയുള്ള സ്ഥാനം അവര്‍ വകവച്ചു കൊടുത്തിരുന്നു. മാത്തുക്കുട്ടിച്ചായന്‍റെ അവസാന കാലമായപ്പോള്‍ അതൊരു പടി താഴേയ്ക്കു പോന്നു. എന്നാല്‍ ഇപ്പോഴുള്ള പത്രാധിപന്മാരോട് ആ വികാരം അവര്‍ക്കില്ല എന്നതും സത്യം. 

ചുരുക്കത്തില്‍ പോരാടൂര്‍ സ്വഭാവത്തിന് ഉണ്ടായ മാറ്റം കാലത്തിന്‍റെ മാറ്റം കൂടിയാണ്. എന്നാല്‍ അതിലപ്പുറം ആ മാറ്റം ചില നിറങ്ങളുടെയും ചില കളികളുടെയും ചില കിളികളുടെയും മാറ്റമാണ്. നിറമെന്നാല്‍ കൊടിയുടെ നിറം. കളിയെന്നാല്‍  രാഷ്ട്രീയക്കാരുടെ കളി, കിളിയെന്നാല്‍ രാഷ്ട്രീയക്കാരുടെ ഇരകള്‍ കൊത്തി ജീവിക്കുന്ന കിളികള്‍. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന മധ്യതിരുവിതാംകൂര്‍ നസ്രാണി രാഷ്ട്രീയം ഇടതുപക്ഷ മുന്നണികള്‍ക്ക് സൃഷ്ടിക്കുന്ന അസൗകര്യം വളരെ വലുതായിരുന്നു. കേരളാ കോണ്‍ഗ്രസിനെ വളര്‍ത്തിയും പിളര്‍ത്തിയും തളര്‍ത്തിയും ഏറെക്കാലം ഇടതുപക്ഷക്കിളികള്‍ നടന്നെങ്കിലും ഒടുവില്‍ 'വന്ന വെള്ളം നിന്ന വെള്ളംകൂടി കൊണ്ടുപോകുന്ന' അവസ്ഥയായിരുന്നു ഇന്നലെ വരെ. അപ്പോഴാണ് 'നൂറ്റാണ്ടുവഴക്ക്' ഒരു വഴിക്കുമെത്താതെ വിലക്ഷണന്മാരുടെ കയ്യിലെ കെടാവിളക്കായി നിന്നു കത്തുന്നത് കോട്ടയത്തെ അച്ചന്‍ അച്ചായന്‍ ഇടതുപക്ഷം കാണുന്നത്. അച്ചനും കപ്യാരും കുറച്ച് അച്ചായന്മാരും കുറേക്കാലമായി കോട്ടയത്ത് ഇടതുപക്ഷ സോപ്പുതേച്ചു കുളിക്കാന്‍ തുടങ്ങിയിട്ട്. ഷാപ്പിലെ കറിയുടെ മണത്തിന്‍റെകൂടെ നല്ല ലബാനോന്‍ ദേവദാരു കൂടെ ഉണ്ടായാല്‍ അതിന്‍റെ സുഖമൊന്നുവേറെ. 

മാര്‍ത്തോമ്മായുടെ മക്കള്‍ മാര്‍ക്സിന്‍റെ മക്കളായെന്ന് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയില്‍ തോറ്റമ്പിയ കാരണവര്‍ പ്രസ്താവനയിറക്കി. മാടമ്പിയുടെ പ്രസ്താവന ന്യായമാണ്. പുതുശ്ശേരിക്ക് തിരുവല്ലായില്‍ സീറ്റ് കിട്ടാതിരുന്നത് ഓര്‍ത്തഡോക്സ് സഭയോടു കാണിച്ച അവഗണനയായി സഭാനേതൃത്വം പ്രചരിപ്പിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഭാനേതൃത്വത്തിലെ ഉന്നതരായ ഒരു നാല്‍വര്‍സംഘം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം. മാണിയെ നേരിട്ടു കണ്ട് തിരുവല്ല സീറ്റ് പുതുശ്ശേരിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നും അതിന്‍റെ ഫലമായാണ് 'പുതുശ്ശേരിവധം' ആട്ടക്കഥ വിരചിതമായതെന്നുമാണ് യാഥാര്‍ത്ഥ്യം. അവരുടെ ഉദ്ദേശ്യം നാലു കാശുള്ള സഭാസ്ഥാനിയുടെ ബന്ധുവിന് സീറ്റ് നല്‍കുകയെന്നതായിരുന്നു. അല്ലെങ്കിലും കല്യാണാലോചന വരുമ്പോഴും സീറ്റുധാരണ വരുമ്പോഴും നമുക്ക് ഓര്‍ത്തഡോക്സ് എന്നോ മാര്‍ത്തോമ്മാ എന്നോ വല്ല ഭേദവുമുണ്ടോ? 

എന്തായാലും നല്ലവനായ പുതുശ്ശേരിയെ സഭാനേതൃത്വത്തിലെ വല്ലഭന്മാര്‍ പുല്ലുപോലെ ഒതുക്കിക്കെട്ടി. ഒപ്പം ആ ചെലവില്‍ യു.ഡി.എഫ്. ന്‍റെ ഏതാനും സീറ്റുകളും നഷ്ടപ്പെടുത്തിക്കൊടുത്തു. അതിന്‍റെ പ്രതിഫലം വേണ്ടപ്പെട്ടവര്‍ വേണ്ടപ്പെട്ടവരോട് വേണ്ടവിധത്തില്‍ വാങ്ങിച്ചെടുത്തു. നമുക്കെന്തിന് കൊതിക്കെറുവ്? 

യഥാര്‍ത്ഥ ചരിത്രം

പുത്തന്‍കൂറ്റുകാരെന്നും പഴയകൂറ്റുകാരെന്നും സുറിയാനി ക്രിസ്ത്യാനികള്‍ പിരിയാനിടയായ ചരിത്രം 1653-ലെ കൂനന്‍കുരിശു മുതല്‍ തുടങ്ങുന്നതാണ്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ വച്ച് കത്തോലിക്കാ വിശ്വാസവും മാര്‍പാപ്പായുടെ ആധിപത്യവും കേരള ക്രിസ്ത്യാനികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. അതുവരെ ഇവിടെ നിലനിന്നത് നെസ്തോറിയന്‍ വിശ്വാസം ആയിരുന്നുവെങ്കിലും അവരുടെ ഭാഷ കല്‍ദയ സുറിയാനി ആയിരുന്നു. അതേ കല്‍ദയ സുറിയാനി റോമന്‍ ആധിപത്യത്തിലും തുടര്‍ന്നു. എന്നാല്‍ കൂനന്‍കുരിശില്‍ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചപ്പോള്‍ (കത്തോലിക്കാ വിശ്വാസത്തെയല്ല ജസ്യൂട്ട് പാതിരിമാരുടെ നേതൃത്വത്തെയാണ് തള്ളിക്കളഞ്ഞതെന്ന് കത്തോലിക്കാ വ്യാഖ്യാനം) മുതല്‍ ഇതര സഭകളുടെ സഹായം തേടിയ മലങ്കരസഭയ്ക്ക് ലഭ്യമായത് സിറിയയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കൈത്താങ്ങാണ്. 

1665-ല്‍ അന്ത്യോഖ്യന്‍ സഭയില്‍നിന്ന് മാര്‍ ഗ്രീഗോറിയോസ് മെത്രാന്‍ ഇവിടെയെത്തിയപ്പോള്‍ ആഹ്ലാദഭരിതരായ മാര്‍ത്തോമ്മായുടെ മക്കള്‍ അദ്ദേഹത്തെ ദൈവതുല്യമായി കണ്ടു. അദ്ദേഹം കൊണ്ടുവന്ന ഭാഷയും വേഷവും ആരാധനയും അകാരാദിയുമെല്ലാം നമ്മള്‍ അതേപടി സ്വീകരിച്ചു. അവരുടെ ഭാഷ പാശ്ചാത്യ സുറിയാനി ആയിരുന്നു. കല്‍ദയ സുറിയാനിയില്‍നിന്നും വ്യത്യസ്തമായ പാശ്ചാത്യസുറിയാനി സ്വീകരിച്ചവര്‍ അങ്ങനെ പുത്തന്‍കൂറ്റുകാരായി. നാലു പുത്തന്‍ കിട്ടുമ്പോള്‍ പഴമയെ ചവിട്ടിക്കളയാന്‍ ഇന്നും മടിയില്ലാത്ത നമ്മള്‍ പുത്തന്‍ പദമെടുത്ത് പുരപ്പുറത്ത് കെട്ടിത്തൂക്കി. ഈ പുത്തന്‍ പ്രേമം പുത്തന്‍കൂറ്റുകാര്‍ ഇന്നും കൈവിട്ടിട്ടില്ല. പുത്തനായൊരു ഉപദേശവുമായി ആരെവിടെ നിന്നെത്തിയാലും അവരുടെ കൂടെക്കൂടി പുത്തനുണ്ടാക്കാന്‍ ഇന്നും പുത്തന്‍കൂറ്റുകാര്‍ക്ക് മടിയില്ല. അങ്ങനെയാണ് ബ്രദറന്‍, ആംഗ്ലിക്കന്‍, നവീകരണ, യൂയോമയ, ശാബത്, യഹോവസാക്ഷി, രക്ഷാസൈന്യം തുടങ്ങി പഥ്യോപദേശപ്രസ്ഥാനം മുതല്‍ തങ്കൂപദേശ പ്രസ്ഥാനം വരെ എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് പുത്തന്‍കൂറ്റപ്പച്ചന്മാര്‍ വിലസുന്നത്. ഒപ്പം സഭയിലെ നല്ലൊരു പങ്ക് വിശ്വാസികളെയും അവര്‍ കൊണ്ടുപോയി. 1912-ല്‍ മുടക്കപ്പെട്ടവനെന്ന് യാക്കോബായക്കാരും തങ്കപ്പെട്ടവനെന്ന് ഓര്‍ത്തഡോക്സുകാരും വിളിക്കുന്ന അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചപ്പോള്‍ അതേ സമയത്തു തന്നെ കുക്ക് സായ്പ്പ് ഇവിടെ ആരംഭിച്ച കൈകൊട്ടിപ്പാട്ട് പ്രസ്ഥാനം പെന്തക്കോസ്തുസഭ എന്ന മഹാപ്രസ്ഥാനമായി വളരുകയും സഭയിലെ നല്ലൊരു പങ്ക് വിശ്വാസികള്‍ ക്രമേണ അവിടേയ്ക്ക് ചേക്കേറുകയും ചെയ്തു. 

നൂറു വര്‍ഷം കൊണ്ട് വക്കീലന്മാര്‍ക്ക് നൂറു തലമുറ ജീവിക്കാനുള്ള സ്വത്ത് സഭ സമ്പാദിച്ചു കൊടുത്തപ്പോള്‍ നൂറു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച എത്രയോ പ്രസ്ഥാനങ്ങളും സഭകളും നമ്മേക്കാള്‍ നൂറിരട്ടി വളര്‍ന്നുവെന്നത് നമ്മള്‍ കാണുന്നില്ല. 

മനോരമയിലെ അച്ചായന്മാരും സഭയും

ഓര്‍ത്തഡോക്സ് സഭയുടെ പ്രതിസന്ധികളെല്ലാം നേരിടുന്നതില്‍ മനോരമ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള നല്‍കിയ നേതൃത്വത്തെ ആര്‍ക്കും ഒരിക്കലും അവഗണിക്കാനാവില്ല. ഓര്‍ത്തഡോക്സ് സഭയുടെ അതായത് അന്നത്തെ മെത്രാന്‍ കക്ഷിയുടെ മുന്നണിപ്പോരാളി മാറ്റാരുമായിരുന്നില്ല. അന്ത്യോഖ്യന്‍ സഭയുടെ കടന്നുകയറ്റമായാണ് പാത്രിയര്‍ക്കീസുമാരുടെ നീക്കങ്ങളെ അദ്ദേഹം കണ്ടത്. വ്യക്തിപരമായി മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ തിരുമേനിയുമായി അല്‍പ്പം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉറച്ച പിന്തുണ നല്‍കി സഭയുടെ സ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമാക്കുവാന്‍ മാമ്മന്‍ മാപ്പിളയുടെ പ്രവര്‍ത്തനം മൂലം കഴിഞ്ഞു. കോട്ടയത്തും കോട്ടയത്തിനു തെക്കുമുള്ള പ്രദേശങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ശക്തമായ വേരോട്ടം ഉണ്ടാകാന്‍ മലയാള മനോരമയുടെ മെത്രാന്‍ കക്ഷിയുടെ അനുകൂല സമീപനമാണ് മുഖ്യപങ്കു വഹിച്ചത്. ഹൈക്കോടതിയില്‍ നിന്ന് എതിരായ വിധി വന്ന ഒരവസരത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയെപ്പോലും വിമര്‍ശിച്ചുകൊണ്ട് കോര്‍ട്ടലക്ഷ്യത്തിനു പുല്ലുവില നല്‍കി അദ്ദേഹം പ്രതികരിച്ച് ജനങ്ങളുടെ മനസ്സിന് ഉത്തേജനം നല്‍കിയതുകൊണ്ടാണ് നാണംകെട്ട ഒരു കീഴടങ്ങലില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം രക്ഷപെട്ടത് എന്ന വസ്തുത ചരിത്രത്താളുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 

മാമ്മന്‍ മാപ്പിളയ്ക്കു ശേഷം പത്രാധിപരായ കെ. എം. ചെറിയാന്‍ സമന്വയത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പാത പിന്തുടര്‍ന്നു. സഭയില്‍ നിലവില്‍ വന്ന സമാധാനത്തെ ശാശ്വതീകരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയുടെ കുറവാണ് ഇന്ന് സഭ നേരിടുന്നത്. 

മാത്തുക്കുട്ടിച്ചായന്‍റെ ദര്‍ശനം കെ. സി. മാമ്മന്‍ മാപ്പിളയുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. എന്നാല്‍ പുതിയ കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍ മൂലം പത്രം മുഖേനയുള്ള സഭാപ്രചരണത്തിന് അദ്ദേഹം തുനിഞ്ഞില്ല. പ്രൊഫഷണലിസത്തിനു അതിരുകവിഞ്ഞ പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന് ഒരു സമയത്തും പ്രൊഫഷണലുകളുടെ ഉപദേശം തള്ളുവാന്‍ കഴിയുമായിരുന്നില്ല. സഭയിലെ കേസ് നടത്തിപ്പില്‍ വലിയ പണച്ചെലവ് സ്വന്തം നിലയില്‍ ഏറ്റെടുക്കുവാന്‍ പലപ്പോഴും തയ്യാറായ അദ്ദേഹത്തിന് പക്ഷേ വക്കീലന്മാരുടെ തങ്ങളുടെ സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള വാദഗതികളെയും നീക്കങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോയി എന്നതാണു ആധുനിക മലങ്കര സഭാചരിത്രത്തെ പിന്നോട്ടടിക്കാന്‍ ഇടയാക്കിയ ഒരു ചരിത്രപരമായ വസ്തുത എന്നതു പറയാതിരിക്കാന്‍ വയ്യ. 

1995-ലെ സുപ്രീംകോടതി വിധിയ്ക്കുശേഷം അഭിവന്ദ്യ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി നടത്തിയ ദീര്‍ഘനാളത്തെ സഭാസമാധാന ചര്‍ച്ച ഒടുവില്‍ വിജയം കണ്ടതായിരുന്നു. സുപ്രീംകോടതിവിധിക്കും 1934-ലെ ഭരണഘടനയ്ക്കും വിധേയമായി പരസ്പരം സ്വീകരിക്കുന്നു എന്ന വ്യവസ്ഥ പാത്രിയര്‍ക്കീസ് ഭാഗം അംഗീകരിച്ച് എഴുതി നല്‍കിയത് കോട്ടയം ദേവലോകം അരമനയില്‍ വച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ആ വ്യവസ്ഥ സ്വീകാര്യമല്ല, സുപ്രീംകോടതിവിധി എന്നു പരാമര്‍ശിക്കാനാവില്ല എന്ന് ലഭിച്ച നിയമോപദേശമാണ് സഭാസമാധാനത്തെ ഒരു മരീചികയാക്കി മാറ്റിയത് എന്ന വസ്തുത പലര്‍ക്കും അറിയില്ലായിരിക്കാം. നിരാശനായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി വൈദിക സെമിനാരി ഉപേക്ഷിച്ച് ഡല്‍ഹിയിലെത്തുന്നതിനു മുമ്പ് സന്ദര്‍ശിച്ചത് മൂവാറ്റുപുഴയിലെ പൗലൂസ് ദ്വിതീയന്‍ ബാവായെ ആയിരുന്നു. അവരുടെ ആശയവിനിമയത്തെപ്പറ്റി രണ്ടുപേരും ഭൂമിയില്‍ ഇല്ലാത്ത ഇന്നത്തെ അവസ്ഥയില്‍ പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അതിനു തുനിയുന്നില്ല. 

ചുരുക്കത്തില്‍ തന്‍റെ പിതാവിനൊപ്പം, ഒരുപക്ഷേ അതിനേക്കാളുപരി മലങ്കരസഭയെ സ്നേഹിച്ച മഹാനായ കെ. എം. മാത്യുവിന് സഭയുടെ താല്‍പര്യമെന്ന് നിയമോപദേശകര്‍ പറഞ്ഞത് ഉത്തമവിശ്വാസത്തിലെടുത്തതുകൊണ്ട് സഭാസമാധാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു തുഴക്കാരനാകാന്‍ സാധിച്ചില്ല. അതിലപ്പുറം സ്വന്തം പ്രസ്ഥാനത്തിന് സഭാസമാധാനം എത്രയോ തലവേദനകള്‍ ഒഴിവാക്കുവാന്‍ ഇടനല്‍കുമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചില്ല. താന്‍ ഏറെ സ്നേഹിക്കുന്ന ജനാധിപത്യപ്രസ്ഥാനത്തിനും അതിന്‍റെ നായകനായ തന്‍റെ ശിഷ്യനും സഭാസമാധാനം നല്‍കുമായിരുന്ന യഥാര്‍ത്ഥ സമാധാനത്തെപ്പറ്റിയുള്ള ചിന്തയും സഭയുടെ ഉത്തമ താല്‍പര്യത്തെപ്പറ്റിയുള്ള നിഗമനം മൂലം അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. 

ചിലപ്പോഴെങ്കിലും നാം പ്രൊഫഷണലുകളെ മറ്റ് രീതിയിലും മനസ്സിലാക്കണം. അവര്‍ യഥാര്‍ത്ഥത്തില്‍ പ്രൊഫഷണലായതുകൊണ്ട് പൊന്മുട്ടയിടുന്ന താറാവിനെ കൈമാറാനോ കൊല്ലാനോ അവര്‍ തയ്യാറാവുകയില്ല. അത് സഭ എന്ന പൊന്മുട്ടയിടുന്ന താറാവിനെ അവര്‍ കൈവിട്ടില്ലായെങ്കിലും താറാവ് അവരെ കൈവിട്ടത് സമീപകാല ചരിത്രം. 

നമ്മള്‍ പറഞ്ഞു തുടങ്ങിയത് പോരാടൂരുകാരുടെ സ്വഭാവ സവിശേഷതകളെപ്പറ്റിയാണല്ലോ. ഇപ്പോഴും പോരാടൂരുകാര്‍ മനോരമയെ കൈവിട്ടില്ലായെങ്കിലും സഭയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം മനോരമക്കാരാണെന്ന് ഇടയ്ക്കിടെ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന് അല്ലാതെ വോട്ടുചെയ്തിട്ടില്ലായെങ്കിലും കോലഞ്ചേരിക്കേസിലും മറ്റും ഗവണ്മെന്‍റ് സഭയെ സഹായിച്ചില്ല എന്ന ചിന്ത അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നവരെ അവര്‍ കേള്‍ക്കുന്നുണ്ട്. ചരമക്കോളം വായിച്ച് ശവമടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും എതിര്‍കക്ഷി തിരുമേനിമാരുടെ കൈ മുത്താന്‍ താല്പര്യമില്ലാത്തതുകൊണ്ട് പള്ളിയിലേക്കുള്ള പോക്ക് കുറച്ച് വീട്ടില്‍പോയി മൃതദേഹം കണ്ടുപോരുന്ന രീതിയും ഉണ്ടായി വരുന്നു. 

കുഞ്ഞോമ്മാച്ചന്‍റെ കുരിശുവര

ഇത്രയും വായിച്ചപ്പോള്‍ പോരാടൂര്‍ക്കാരന്‍ കുഞ്ഞോമ്മാച്ചന്‍ ഒരു ചോദ്യം: "നീ ഞങ്ങളുടെ ചെലവില്‍ ഇത്രയും എഴുതി. കൊള്ളാം. പക്ഷേ എന്താണിതിന്‍റെ ഗുണപാഠം?" 

അല്പം സമയം മെനക്കെടുത്തിയാല്‍ അതിന്‍റെ എന്തെങ്കിലും 'ഗുണം' കിട്ടണമെന്നു നിര്‍ബന്ധമുള്ള പോരാടൂര്‍കാരന്‍ ഗുണപാഠം കൊണ്ടേ പോകൂ എന്നു മനസ്സിലായി. 

അപ്പച്ചാ, മുമ്പു കാലത്ത് അതാത് കാലത്തിന്‍റെ സന്ദര്‍ഭവും സമ്മര്‍ദ്ദവും അനുസരിച്ച് അന്നത്തെ ആളുകള്‍ എടുത്ത തീരുമാനങ്ങള്‍ ഇന്നും വള്ളിപുള്ളി കൂടാതെ പിന്മുറക്കാരും പിന്തുടരേണ്ട ആവശ്യമില്ല എന്നത് ഒന്നാം പാഠം. അന്ത്യോഖ്യയോട് അന്ധമായ ഭക്തിയോ അന്തംവിട്ട വിരോധമോ ഇന്ന് ആവശ്യമില്ല. അന്ത്യോഖ്യന്‍ സിംഹാസനം ഒടുവില്‍ ഉറയ്ക്കാന്‍ പോകുന്നത് മലങ്കരയിലെ മണ്ണില്‍ തന്നെ ആയിരിക്കും. കാരണം സുറിയാനിക്കാര്‍ എന്ന് അന്തസ്സോടെയും അഭിമാനത്തോടെയും പറയാവുന്ന സാഹചര്യം ഈ ഭൂമി മലയാളത്തില്‍ മാത്രമേ ഉള്ളൂ. രണ്ടാമത്തെ പാഠം പിള്ളേച്ചനും വെള്ളാപ്പള്ളിയും കൂടെ പഠിപ്പിക്കുന്ന പാഠം തന്നെ. ഭിന്നിച്ചു നിന്നാല്‍ എല്ലാം 'പച്ച'യ്ക്കു പോകുമെന്ന് മനസ്സിലായവര്‍ വൈരാഗ്യം മറന്നു. നമ്മുടെ അവസ്ഥയും ഭിന്നമല്ല. ഒരു വശത്ത് വിരുന്നുകാരും മരുന്നുകാരും. വേറൊരു വശത്ത് റീത്തുകാരും കുത്തുകാരും. ഇവര്‍ക്കെല്ലാം വേണ്ടത് സുറിയാനിക്കാരുടെ ചോരയും നീരും. അതുകൊണ്ട് അനാവശ്യമായ പോര് നിര്‍ത്തി ചോരയെ തിരിച്ചറിയാനുള്ള സമയം തീരുന്നു. 

"ആമേന്‍." കുഞ്ഞോമ്മാച്ചന്‍ കുരിശുവരച്ചു. 

(നസ്രാണി ഐക്യസംഘം പ്രസിദ്ധീകരിച്ച നസ്രാണി വിചാരം, പുസ്തകം 2, ലക്കം 1, സെപ്റ്റംബര്‍ 2012)

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...