Tuesday, 15 August 2023

വീണവായനയും പ്രാണവേദനയും... | ജോര്‍ജുകുട്ടി

 പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സെമിനാരിയില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികളെ അരമനയിലേക്ക് ക്ഷണിച്ച് അവരുമായി പരിചയപ്പെടുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. അങ്ങനെയുള്ള ഒരവസരത്തില്‍ ബാവാ തിരുമേനി വിദ്യാര്‍ത്ഥികളോട് ഒരു ചോദ്യം ചോദിച്ചു: "സഭ ആരുടേതാണ് എന്നാണ് നിങ്ങളുടെ അഭിപ്രായം?" എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "സഭ പരിശുദ്ധ ബാവാ തിരുമേനിയുടേതാണ്." മറുപടി തിരുമേനിയെ സംതൃപ്തനാക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവര്‍ ഉത്തരം തിരുത്തി, "സഭ തിരുമേനിമാരുടേതാണ്", "സഭ പ. സുന്നഹദോസിന്‍റേതാണ്", "സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റേതാണ്", "സഭ എല്ലാവരുടേതുമാണ്", "സഭ ദൈവത്തിന്‍റേതാണ്", "സഭ യേശുവിന്‍റേതാണ്" ഉത്തരങ്ങള്‍ മാറി മാറി വന്നെങ്കിലും തിരുമേനിയുടെ മുഖം പ്രസന്നമായില്ല. ഒടുവില്‍ തിരുമേനി അവരോട് ഓരോരുത്തരും സ്വയം നെഞ്ചത്തു കൈ വയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് "സഭ എന്‍റേതാണ്" എന്ന് അവരെ കൊണ്ട് പറയിച്ചു. ഈ സംഭവം വാസ്തവത്തില്‍ നമ്മെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഇന്നു നമ്മള്‍ ഓരോരുത്തരുടെയും ചിന്ത ഈ സഭ നമ്മുടേതല്ല, മറ്റ് ആരുടെയോ ആണ് എന്നാണല്ലോ? എന്നാല്‍ ആരുടേത് എന്ന് ആര്‍ക്കും കണ്ടെത്താനുമാവുന്നില്ല.

സഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പല തീരുമാനങ്ങളും പുറത്തു വരുമ്പോള്‍ ഈ തീരുമാനം ആരുടേതാണ് എന്ന് എല്ലാവരും പരസ്പരം അന്വേഷിക്കുന്നു. ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ഉന്നതനേതൃത്വത്തെ സമീപിച്ച് സംശയം തീര്‍ക്കാമെന്ന് കരുതി, മുമ്പ് ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍പോലും ബന്ധപ്പെടുവാന്‍ ശ്രമിച്ചാല്‍ ഒരു മറുപടി പോലും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ 'ഹൈക്കമാന്‍ഡ്' പോലെ എന്തോ ഒന്ന് എവിടെയോ പ്രവര്‍ത്തിക്കുന്നുണ്ടാവും. ജനങ്ങള്‍ക്ക് അദൃശ്യവും അസ്പര്‍ശ്യവുമായ എന്തോ ഒന്ന് എവിടെയോ ഉണ്ടാവണം. അത് കണ്ടുപിടിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടി വരും.

ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ അസോസിയേഷന്‍ സെക്രട്ടറിയായി ചുമതല ഏറ്റപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു സംഘം യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ ചോദിച്ചു. വാസ്തവത്തില്‍ സഭാ സെക്രട്ടറിയുടെ ജോലി എന്താണ്? യോഗങ്ങളിലും ജാഥകളിലും കാതോലിക്കായുടെ വടി പിടിക്കുക എന്നതാണോ? ചോദ്യത്തിന് കാരണമുണ്ട്. വിനീതരും വിധേയരുമായി പ്രവര്‍ത്തിച്ചിരുന്ന അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് പലപ്പോഴും ധാര്‍ഷ്ട്യത്തിന്‍റെയും അവഗണനയുടെയും കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട്. റാലികളില്‍ ഒരു ജീപ്പില്‍ അംശവടിയുടെ വാഹകരായി ചിത്രീകരിക്കപ്പെടുവാന്‍ മാത്രമായിരുന്നു അവരുടെ നിയോഗം. ആ ദുരവസ്ഥ കണ്ടിട്ടാണ് യുവാക്കള്‍ സെക്രട്ടറിയോട് ചോദിച്ചത് എപ്പിസ്കോപ്പസിയുടെ വടി പിടുത്തക്കാരന്‍ മാത്രമാണോ അസോസിയേഷന്‍ സെക്രട്ടറി? ആ ചോദ്യത്തിന് സെക്രട്ടറിയുടെ മറുപടി 'പിടിക്കേണ്ടി വന്നാല്‍ പിടിക്കാതെ എന്തു ചെയ്യും' എന്നു മാത്രമായിരുന്നു. എന്തായാലും ആ സ്ഥിതിക്ക് ഇന്നു മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് എപ്പിസ്കോപ്പസിയുടെ വടി പിടിക്കേണ്ട ചുമതലയില്‍ നിന്ന് അസോസിയേഷന്‍ കാര്യദര്‍ശി മോചിതനായിരിക്കുന്നു എന്നു മാത്രമല്ല ഒരു പടി കൂടി കടന്ന് എപ്പിസ്കോപ്പസിയെക്കൊണ്ട് തന്‍റെ വടി പിടിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തിരിക്കുന്നു. തന്നെയുമല്ല അസോസിയേഷന്‍ കാര്യദര്‍ശി വളര്‍ന്ന് സഭയുടെ സി.ഇ.ഒ. ആകുവാന്‍ ശ്രമിക്കുന്നു. സഭാസെക്രട്ടറിയെന്ന ഭരണഘടനാപരമല്ലാത്ത പദം നോട്ടീസുകളിലും മറ്റും കൂടെക്കൂടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു.

എന്നാല്‍ ഏത് സി.ഇ.ഒ. മാരും കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം വ്യക്തിപരമായ ഉയര്‍ച്ച ലക്ഷ്യം വച്ചാല്‍ കമ്പനിയുടെ ഉടമസ്ഥര്‍ക്ക് അത് കണ്ടുകൊണ്ടിരിക്കാന്‍ സാധ്യമല്ല. സഭയുടെ താല്പര്യത്തിന്‍റെ വടികളല്ല അദ്ദേഹം ഇന്ന് എപ്പിസ്കോപ്പസിയെക്കൊണ്ട് പിടിപ്പിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ ഹിഡന്‍ അജണ്ടകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുള്ള സഭാസ്നേഹികളുണ്ട്.  തീര്‍ച്ചയായും 'സഭാസ്നേഹികളില്‍' അസൂയാലുക്കളും അസഹിഷ്ണുക്കളും ഉണ്ടാവാം. രാഷ്ട്രീയ സാമര്‍ഥ്യം അംഗീകരിച്ചുകൊടുക്കാന്‍ രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് അത്ര എളുപ്പം കഴിയില്ല എന്നുള്ളതും യാഥാര്‍ഥ്യം.

സഭാ-രാഷ്ട്രീയ മേലാളന്മാരുടെ കുടയും വടിയും പിടിച്ചു നടന്ന സഭാ സെക്രട്ടറിയുടെ അവസ്ഥയില്‍ നിന്ന് ഏറെ ഉയര്‍ന്ന് മേല്‍പറഞ്ഞവരെ കൊണ്ട് തന്‍റെ കുടയും വടിയും  വരെ എടുപ്പിക്കാന്‍ കഴിഞ്ഞ സഭാ സെക്രട്ടറിയെ ആദരിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക?

എന്നാല്‍ സെക്രട്ടറിയുടെ നിലയും വിലയും ഉയരുന്നതിന് അനുപാതികമായിട്ടല്ല അതിനേക്കാള്‍ പതിന്‍മടങ്ങ് താഴ്ന്ന നിലയിലേക്കാണ് സഭയുടെ അന്തസും സ്വീകാര്യതയും കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഓര്‍ത്തഡോക്സ് സഭ ഇന്ന് പരിഹാസപാത്രം മാത്രമല്ല ഇതര സമൂഹങ്ങള്‍ക്കിടയില്‍ നിന്ദാപാത്രം കൂടി ആയിത്തീര്‍ന്നിരിക്കുന്നു. ഇതര സമുദായങ്ങളില്‍പെട്ട ഉന്നതനേതാക്കളെ പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തതു വഴി മറ്റു സമൂഹങ്ങളില്‍ നമ്മള്‍ ഒറ്റപ്പെട്ടവരായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയുടെ സമ്മേളനങ്ങളിലേക്ക് ഈ സഭയിലെ സ്തുതിപാഠകരെ മാത്രമേ ക്ഷണിക്കാവൂ എന്ന തീരുമാനമെടുത്തതു വഴി നമ്മുടെ സമ്മേളനങ്ങളൊക്കെ ഇന്ന് ടി.വി. ചാനലുകളിലെ 'വക്രദൃഷ്ടി'ക്കാരുടെ ഇഷ്ടവേദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊതുസമൂഹത്തില്‍ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും അറിയാത്ത വിശാരദന്മാരുടെ തിരുമൊഴികള്‍ സഭാമക്കളെ ലജ്ജിപ്പിക്കുന്നു. സഭാസമ്മേളനങ്ങളില്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കുന്നത് ആ സമ്മേളനങ്ങള്‍ക്ക് പൊതുസമൂഹത്തിന്‍റെ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയും കൂടിയാണ്. കഴിഞ്ഞയിടെ നടന്ന ഒരു സഭാപരിപാടി നമ്മുടെ മാധ്യമങ്ങളില്‍ ദിവസങ്ങളോളം 'കോമഡി ഷോ'യ്ക്ക് വിഷയമായതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്? അന്നത്തെ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്‍റിലെ പ്രമുഖരെ പങ്കെടുപ്പിക്കരുതെന്ന ചിലരുടെ നിര്‍ബന്ധം മൂലമല്ലേ, രാജ്യം മുഴുവന്‍ അറിയേണ്ട മഹാസംഭവത്തിന് ഒരു കോമാളിത്ത പ്രതിച്ഛായ ഉണ്ടാകാന്‍ കാരണം.

രാഷ്ട്രീയ രംഗത്ത് സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കരുതെന്ന് ആര്‍ക്കും പറയാനാവുകയില്ല. എന്നാല്‍ സഭയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഏതെങ്കിലും വിഭാഗത്തെ ആക്ഷേപിക്കുന്നതോ അവഹേളിക്കുന്നതോ ആവാന്‍ പാടില്ല. സഭയ്ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നതാണല്ലോ പ്രധാന ആക്ഷേപം. സഭയ്ക്കു ലഭിക്കുന്ന അവസരങ്ങള്‍ അവിവേകം കൊണ്ടും അഹങ്കാരം കൊണ്ടും നഷ്ടപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്. കോലഞ്ചേരി പള്ളിയിലെ  നാലു തവണകളിലും ഓര്‍ത്തഡോക്സ് അച്ചന്മാര്‍ക്ക് തവണ കിട്ടിയപ്പോള്‍, അതിലൊരു വൈദികനെ അദ്ദേഹത്തിന്‍റെയും കൂടെയുള്ളവരുടെയും താല്പര്യത്തിനു വിരുദ്ധമായി അസമയത്തും അസ്ഥാനത്തും സ്ഥലംമാറ്റിയതു മൂലമല്ലേ ഇന്നത്തെ കോലഞ്ചേരി പ്രശ്നം ഉണ്ടായത്? തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ആള്‍രൂപമായ ഇതരവിഭാഗത്തിന്‍റെ തലവന് ആസൂത്രിതമായ കളികള്‍ക്ക് അവസരമുണ്ടാക്കിയതിന്‍റെയും അതിനോട് പ്രതികരിച്ച് നാണംകെട്ടതിന്‍റെയും ഉത്തരവാദിത്തം ആര്‍ക്കാണ്? 

ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് സ്വീകരിക്കുവാന്‍ എല്ലാവര്‍ക്കും എപ്പോഴും കഴിയണമെന്നില്ല. എന്നാല്‍ വിവേകപരമായ ഉപദേശം നല്‍കുവാന്‍ കഴിയുന്നവര്‍ക്ക് ചെവി കൊടുക്കുവാന്‍ എപ്പോഴും കഴിയും. ആലോചനകള്‍ സ്വീകരിക്കില്ല എന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇന്നത്തെ സഭയെയും നാളത്തെ സഭയെയും നശിപ്പിച്ചായാലും താന്‍ തെളിക്കുന്ന വഴിയേ മാത്രമേ യാത്ര ചെയ്യൂ എന്ന നിര്‍ബന്ധബുദ്ധി  മാത്രമാണ് ഇന്നത്തെ പ്രശ്നം.

ഇത്രയും പറയുമ്പോള്‍ തന്നെ സഭാഭക്തി തലയ്ക്കു പിടിച്ച ചിലര്‍ ഉറഞ്ഞു തുള്ളുന്ന കാഴ്ച നമുക്കു കാണാം. എന്നാല്‍ വാസ്തവത്തില്‍ എന്താണ് സഭാഭക്തി? ആരാണു സഭാസ്നേഹി? കാതോലിക്കാദിന പ്രതിജ്ഞയില്‍ 'സഭയിലെ എല്ലാ തിരുമേനിമാരോടും ഭക്തിയും കൂറും' ഉറച്ചു പ്രഖ്യാപിക്കുന്ന ഒരു പ്രതിജ്ഞാവാചകം കാണാം. ഭൂമിയിലെ എല്ലാ സുഖത്തോടും കൂടി കാതോലിക്കാ നീണാള്‍ വാഴണമെന്ന പ്രാര്‍ത്ഥനയും. തിരുമേനിമാരോട് നമുക്കുള്ള ആദരവിനെ ഭക്തി എന്നാണോ വിളിക്കേണ്ടത് എന്നെനിക്കറിയില്ല. കാതോലിക്കാ ബാവായ്ക്ക് 'ഭുവി സുഖങ്ങളെല്ലാം' പ്രാപ്യമാണോ എന്നും നമുക്കറിയില്ല. അത്മായക്കാര്‍ക്ക് അജ്ഞാതമായ പലതുമാണല്ലോ ഇന്ന് അരമനകളില്‍ നടക്കുന്നത്. അതുകൊണ്ട് അതിനെപ്പറ്റി നാം തര്‍ക്കിക്കേണ്ടതില്ല. എന്നാല്‍ ആരെങ്കിലും എവിടെയെങ്കിലും എഴുതി വച്ചിരിക്കുന്ന പ്രതിജ്ഞകള്‍ ഏറ്റുചൊല്ലണ്ടേവരല്ല അത്മായക്കാര്‍ എന്ന ബോധം ഉണ്ടാവുന്നതാണ് സഭാസ്നേഹത്തിന്‍റെ ആദ്യപടി എന്നാണ് എന്‍റെ തോന്നല്‍. സഭാംഗങ്ങള്‍ സഭയുടെ പേരില്‍ നടക്കുന്ന എല്ലാറ്റിനെയും കണ്ണടച്ച് ഏറ്റുപാടുന്നവരായാല്‍, തിരുത്തേണ്ടത് തിരുത്തണമെന്ന് പറയുവാന്‍ നമുക്ക് എങ്ങനെ കഴിയും.

ഈ ദുരവസ്ഥ മൂലം തെറ്റായ ആഹ്വാനങ്ങളും പക്വതയില്ലാത്ത നിരീക്ഷണങ്ങളും അനാവശ്യമായ നിരൂപണങ്ങളും നാള്‍ക്കുനാള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനമാവട്ടെ നിസംഗതയോടെയും വെറുപ്പോടെയും ഇവയ്ക്കൊന്നും ഒരു പ്രാധാന്യവും നല്‍കാതെ നിഷ്ക്രിയരായി നമുക്കിതിലൊരു കാര്യമില്ല എന്ന ബോധ്യത്തില്‍ കഴിയുകയും ചെയ്യുന്നു,

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിനു ശേഷവും സഭാധികാരികള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സഭയ്ക്കകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. വലിയ ആള്‍ബലം തങ്ങള്‍ക്കൊപ്പമുണ്ടെന്ന് എല്ലായ്പ്പോഴും ഭരണക്കാരെ ബോധ്യപ്പെടുത്തുവാന്‍ കഴിവുള്ള യാക്കോബായ പക്ഷത്തിന്‍റെ തിണ്ണമിടുക്കില്‍ ഓര്‍ത്തഡോക്സ് താല്പര്യങ്ങള്‍ അടിയറ വയ്ക്കപ്പെട്ടുവെന്ന തോന്നല്‍ കോട്ടയത്തിനു തെക്കും വടക്കുമുള്ള സഭാംഗങ്ങളില്‍ ഉണ്ടാക്കുന്നതില്‍ അതിനായി പരിശ്രമിച്ചവര്‍ വിജയിച്ചിട്ടുമുണ്ട്. യാക്കോബായക്കാര്‍ക്കും ഓര്‍ത്തഡോക്സ്കാര്‍ക്കും ആള്‍ക്കൂട്ടത്തെ അവകാശപ്പെടുവാനും സംഘടിപ്പിക്കുവാനും കഴിവുള്ള കോട്ടയംകാരാവട്ടെ, സഭാരാഷ്ട്രീയത്തെയും യഥാര്‍ത്ഥ രാഷ്ട്രീയത്തെയും രണ്ടായി കാണുന്ന പ്രായോഗികബുദ്ധികളുമാണ്. അതുകൊണ്ടു തന്നെയാണല്ലോ കോട്ടയത്തെ ഒരു പള്ളിയിലും കാര്യമായ കക്ഷിവഴക്കിനു സ്ഥാനമില്ലാത്തതും യാക്കോബായ വൈദികരുടെ ശവസംസ്കാര ശുശ്രൂഷയില്‍ പങ്കാളികളാകാനും തങ്ങളുടെ പള്ളികളില്‍ അവരെ അടക്കം ചെയ്യാന്‍പോലും കോട്ടയത്തെ ഓര്‍ത്തഡോക്സുകാര്‍ മടിക്കാത്തതും. മറിച്ചു ഓര്‍ത്തഡോക്സ് പള്ളികളുമായും അച്ചന്മാരുമായും സഹകരിക്കാന്‍ യാക്കോബായക്കാര്‍ക്കും കാര്യമായ വൈമനസ്യമൊന്നും ഇവിടെയില്ല. മഹാനായ പാറേട്ട് മാര്‍ ഈവാനിയോസ് തിരുമേനിയുടെ വിവേകപൂര്‍ണ്ണമായ പ്രായോഗിക നിലപാടുകളാണ് ഇതിനു പിന്നിലുള്ള മൂലകാരണമെന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ആ ഓര്‍മ്മ വര്‍ത്തമാനകാലത്തില്‍ അനിവാര്യമായിരിക്കുന്നു. ഏതു കോടതിവിധികള്‍ വന്നാലും രാജഭരണത്തെപ്പോലെ അത് ഏകപക്ഷീയമായി ഇന്ന് നടപ്പാക്കപ്പെടുകയില്ല. ഭരണകൂടത്തിനു തൃപ്തികരമായി തോന്നാത്ത വിധികള്‍ നടപ്പാക്കാതിരിക്കാന്‍ പല വഴികളുമുണ്ടെന്ന് നമുക്കറിയാം. ജനക്കൂട്ടത്തെ ചവിട്ടിമെതിക്കുവാന്‍ ജനാധിപത്യഭരണകൂടങ്ങള്‍ക്ക് കഴിയുകയില്ല.  വിളപ്പില്‍ ശാലയില്‍ നാം അതു നേരിട്ടു കണ്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, ഇന്ദിരാപക്ഷത്തിനു കോടതി വിധിച്ച ജന്തര്‍മന്തറിലെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ നിന്ന് പ്രായേണ ദുര്‍ബലരായ സംഘടനാ കോണ്‍ഗ്രസുകാരെ ഇറക്കിവിടാന്‍ പോലീസിനെ ഉപയോഗിക്കാന്‍ തന്‍റെ ഉഗ്ര പ്രതാപകാലത്ത് പോലും ഇന്ദിരാഗാന്ധി ആഗ്രഹിച്ചില്ല. ആ മന്ദിരം സംഘടനാ കോണ്‍ഗ്രസുകാര്‍ ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ അവര്‍ക്കും ജനതാപാര്‍ട്ടി പലതായി പിളര്‍ന്നപ്പോള്‍ കൈവശക്കാരായിത്തീര്‍ന്ന ഇപ്പോഴത്തെ ജനതാദള്‍ (യു)വിനും  ലഭിച്ചു. മലങ്കരയിലെ പള്ളിത്തര്‍ക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നു വാദിക്കുന്നവര്‍ ഓര്‍മയില്‍ ഇത് സൂക്ഷിക്കണം. കോടതിവിധികള്‍ ഭരണകൂടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ഭാഗത്ത് ആള്‍ക്കൂട്ടമുണ്ടെങ്കില്‍ അവരുടെ വികാരവും പരിഗണിക്കപ്പെടും. ആരു ഭരിച്ചാലും, അതിനു മാറ്റമുണ്ടാവില്ല. 

തീര്‍ച്ചയായും യാക്കോബായക്കാരുടെ ആള്‍ക്കൂട്ടത്തിന്‍റെ ആവേശവും അവരുടെ തന്ത്രശാലികളായ തലവന്മാരുടെ ജാഗ്രതയും അവരെ പിന്‍ തുണച്ച് ഇണക്കത്തില്‍ കുണുക്കിട്ടു കൊടുത്തുകൊണ്ടിരിക്കുന്ന  തങ്കച്ചന്മാരുടെയും ബഹനാന്മാരുടെയും മറ്റും തലയിണമന്ത്രവും മൂലം യു.ഡി.എഫ്. നേതൃത്വം യാക്കോബായക്കാരുടെ പിണിയാളുകളായി മാറിയെന്ന തോന്നല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനുണ്ടായി. യു.ഡി.എഫ്. നേതൃത്വത്തെക്കൊണ്ട് ചുടുചോറു വാരിക്കുവാന്‍ കഴിഞ്ഞതിനൊപ്പം എല്‍.ഡി.എഫു. മായി മികച്ച ബന്ധം നിലനിര്‍ത്താനും യാക്കോബായ നേതൃത്വത്തിനു സാധിച്ചു. ഈ നയതന്ത്രവൈദഗ്ധ്യം മൂലമാണു ഏതു കോടതിവിധി എതിരെ വന്നാലും ' അടിയന്‍ ലച്ചിപ്പോം' എന്നു പറഞ്ഞ് ചാടിവരുവാനും തങ്ങളുടെ താല്പര്യം സംരക്ഷിക്കാനും തോമസ് പ്രഥമന് സാധിക്കുന്നത്.

അതേസമയം ഇതിനുനേരെ വിപരീതമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിലെ സ്ഥിതി. മുഖ്യമന്ത്രി ഓര്‍ത്തഡോക്സുകാരനാണെന്ന സാങ്കേതികകാരണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണം വഴി യു.ഡി.എഫ്. നേതൃത്വത്തെ ഗട്ടറില്‍ വീഴ്ത്തിയ യാക്കോബായ തന്ത്രത്തിനു പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല തങ്ങളെ സഹായിക്കാന്‍ ഒരു പരിധിവരെയെങ്കിലും കഴിഞ്ഞിരുന്നവരെ  മൂന്നു ചുവടുകൊണ്ട് പാതാളത്തിലേക്കയ്ക്കുവാനും ഓര്‍ത്തഡോക്സ് പക്ഷത്തെ  നവ വാമനന്മാര്‍ക്ക് സാധിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്കരിക്കാനും തിരുമേനിമാരുടെ കബറടക്കത്തിനു വന്നാല്‍പോലും അവരെ മുദ്രാവാക്യം വിളിച്ച് ആക്ഷേപിക്കാനും അവര്‍ മടിച്ചില്ല. യു.ഡി.എഫു. മായി ഓര്‍ത്തഡോക്സ് നേതൃത്വത്തിനുണ്ടാവുന്ന അകല്‍ച്ച മുതലെടുക്കുവാന്‍ എല്‍.ഡി.എഫ്. നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. എന്തെല്ലാം പ്രശ്നം ഉണ്ടായാലും തിരഞ്ഞെടുപ്പുകാലത്ത് ഒരു വണ്ടി നിറയെ ഖദര്‍ധാരികളെ അരമനകളിലേക്കും അങ്ങാടികളിലേക്കും അയച്ചാല്‍ മതി എല്ലാം ശുഭമാകുമെന്നു കരുതിയ യു.ഡി.എഫ്. നേതൃത്വമാകട്ടെ വാമനന്‍റെ മൂന്നാമത്തെ ചവിട്ടു കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയതറിഞ്ഞതും.

എന്നാല്‍ ഇപ്പോള്‍ വീണ വായന നടത്തുന്ന ഓര്‍ത്തഡോക്സ് ഇടതുപക്ഷ കൂട്ടായ്മയും പ്രാണവേദനയില്‍ പിടയുന്ന യു.ഡി.എഫ്. നേതൃത്വവും യാക്കോബായ പക്ഷത്തിന്‍റെ തന്ത്രപരമായ സാമര്‍ഥ്യത്തിന്‍റെ ഇരകള്‍ മാത്രമാണ്. അവരുടെ സമസ്ത താല്പര്യങ്ങളും ഇന്നും നാളെയും സംരക്ഷിക്കപ്പെടും. അവരുടെ ശത്രു അവരുടെ ഇടയില്‍ നിന്നു വരുന്ന ഭിന്നിപ്പുകള്‍ മാത്രമാണ്. ഒപ്പം അവരെ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടുള്ള പുതിയ പാത്രിയര്‍ക്കീസിന്‍റെ നയങ്ങളും.

എങ്കില്‍ക്കൂടിയും ജനങ്ങളുടെ ജാഗ്രത അവിടെ സജീവമാണ്. സുപ്രീംകോടതി വിധിക്കുശേഷം യാക്കോബായ പക്ഷത്തില്‍ നാലു മെത്രാന്മാരുടെ ചേരിമാറ്റം മൂലവും മറ്റു പലവിധ പ്രശ്നങ്ങള്‍ മൂലവും കലുഷിതമായ കാലഘട്ടത്തില്‍ മണര്‍കാട് പള്ളിയില്‍ ഒരു മഹായോഗം ചേര്‍ന്നു. അപ്പോള്‍ അവിടെ ഒരു പ്രചരണമുണ്ടായി, ദീവന്നാസിയോസും മറുപക്ഷം ചേരുവാന്‍ പോകുകയാണ്. സ്റ്റേജില്‍ ബന്യാമീന്‍ മാര്‍ ഒസ്താത്തിയോസ് എന്ന കുന്നംകുളം മെത്രാന്‍ മാത്രം. അദ്ദേഹം പ്രഖ്യാപിച്ചു, ഇപ്പോള്‍ കേള്‍ക്കുന്നു ദീവന്നാസിയോസ് മെത്രാച്ചനും മറുപക്ഷത്തേക്കു പോവുന്നു എന്ന്. മക്കളേ, ഈ ബെന്യാമീന്‍ മാത്രം മതി. ഞാനെന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും." ഉടനെ സദസില്‍ നിന്നു മുദ്രാവാക്യം വിളി ഉയര്‍ന്നു

"എവിടെടാ ....യോസ്? വെക്കടാ വടിയും ഊരെടാ മുടിയും." ഏതായാലും ആ മുദ്രാവാക്യം വിളികള്‍ അധികം ഉയരുന്നതിനു മുമ്പേ ദീവന്നാസിയോസ് രംഗത്തെത്തുകയും തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്തു.

ജനങ്ങളുടെയും കക്ഷിയുടെയും താല്പര്യത്തിനു വിരുദ്ധമായി ആര് എന്തെല്ലാം ചെയ്താലും അവരെ ജാഗരൂകമായി വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹം യാക്കോബായ പക്ഷത്ത് സജീവമായുള്ളതിനാല്‍, അവിടെ മെത്രാന്മാര്‍ക്കും നേതൃത്വത്തിനും താക്കീത് നല്‍കുവാന്‍ അവര്‍ക്കു കഴിയും. എന്നാല്‍ ഓര്‍ത്തഡോക്സ് പക്ഷത്തെ സ്ഥിതി അതല്ല. വളരെ വേഗം കുതന്ത്രങ്ങളില്‍ കുടുങ്ങിപ്പോവുന്ന നേതൃത്വം മാത്രമേ ഇവിടെയുള്ളു. അതുകൊണ്ടു തന്നെ തങ്ങള്‍ ഊരാക്കുടുക്കിലാണെന്നും ഇന്നു തങ്ങള്‍ പ്രതീക്ഷ വച്ചിരിക്കുന്നവരുടെ ഉന്നം മറ്റൊന്നാണെന്നും അവര്‍  തിരിച്ചറിയുമ്പോഴേക്കും കാലം ഏറെ വൈകിയിരിക്കും.

പൊതുസമൂഹത്തെയും ഇതര ജനങ്ങളെയും സ്വന്തം മക്കളെയും ശത്രുവായി കരുതുകയും അവരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്ന തന്ത്രപരമായ പാളിച്ചകള്‍ സഭാനേതൃത്വത്തിന് ഉണ്ടാവാതിരിക്കണമെങ്കില്‍ വിവേകമതികളായ അത്മായ-വൈദിക നേതൃത്വം ഉണ്ടാവണം. മികച്ച വൈദികര്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. അവര്‍ സഭാ നേതൃത്വത്തിലേയ്ക്കും സഭാഭരണതലങ്ങളിലേയ്ക്കും കടന്നുവരുവാന്‍ തയ്യാറാവുകയും ആയതിലേയ്ക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

നമുക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്നത് ഇനി വരാന്‍ പോകുന്ന അത്മായ നേതൃത്വത്തില്‍ മാത്രമാണ്.  പിതാക്കന്മാര്‍ നന്നായി ഉറങ്ങട്ടെ. ഉറക്കമെണീറ്റു വരുമ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ആടുകളെ പച്ചപ്പു നിറഞ്ഞ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കാനുള്ള സ്വസ്ഥതയും അവര്‍ക്ക് കൈവരട്ടെ. അതിനായി അവര്‍ക്ക് ബുദ്ധിയുപദേശിക്കാന്‍ കഴിവുള്ള ഒരു മികച്ച മാനേജിംഗ് കമ്മിറ്റിയും ചുമതലക്കാരും ഉണ്ടാവട്ടെ.

ഇതൊന്നും ഒരിക്കലും ഓട്ടോമാറ്റിക്കായി സംഭവിക്കില്ല. ഓരോ ഇടവകയിലും ജനങ്ങള്‍ ഉണരണം. വിവേകമുള്ള പ്രതിനിധികള്‍ പൊതുയോഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടണം. അവര്‍ക്ക് മികച്ച നേതൃത്വത്തെ കണ്ടെത്താനാവണം. ഇ. ജെ. ജോണും, കെ. സി. മാമന്‍ മാപ്പിളയും റാവുസാഹിബ് ഒ. എം. ചെറിയാനും, സി. എം. സ്റ്റീഫനും, ഇ. ജോണ്‍ ജേക്കബും ഒക്കെ അവരുടെ മനസ്സിലേക്ക് കടന്നുവരണം.

ഇനി  ഈ സഭയുടെ നേതൃത്വത്തില്‍ നിന്ന് വിവേകപൂര്‍ണമായ സ്വരം മാത്രമേ കേള്‍ക്കാന്‍ ഇടയാകാവൂ. 

അല്ലെങ്കില്‍ അന്ന് മണര്‍കാട് മുഴങ്ങിയ മുദ്രവാക്യം വ്യത്യസ്ത നാമധേയങ്ങളോടെ നമ്മുടെ ദേവാലയങ്കണങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കാനിടയാവും എന്നതില്‍ സംശയം വേണ്ട.

(മലങ്കര നവോത്ഥാനം, 2016 ഒക്ടോബര്‍)

No comments:

Post a Comment

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...