Wednesday 13 September 2023

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം | ജോര്‍ജുകുട്ടി കോത്തല

'ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍ നിന്നും രക്ഷിക്കണമേ' എന്ന് നൂറ്റാണ്ടുകളായി മലങ്കരസഭാംഗങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയൊരു വചനം ഉണ്ടാവുമോ എന്ന് ആരും അന്വേഷിച്ചില്ല. 91-ാം സങ്കീര്‍ത്തനത്തിലെ ഈ ഭാഗം വി. വേദപുസ്തക പരിഭാഷകളില്‍ വചനം എന്നല്ല മഹാമാരി എന്നാണു ഭാഷാന്തരം ചെയ്തിരിക്കുന്നത്.

അപ്പോള്‍ സുറിയാനിയില്‍ നിന്നും തര്‍ജമ ചെയ്തവര്‍ക്ക് പറ്റിയ പിശകായിരിക്കാം ഇതെന്നു കരുതാം. എന്നാല്‍ അത് വെറും പിശകാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാനാവില്ല. കാരണം ഈ പരിഭാഷയ്ക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് സഭാചരിത്ര ഗവേഷകന്‍ ഡോ. എം. കുര്യന്‍ തോമസ് പറയുന്നത്. എന്തായാലും അന്നുമുതല്‍ ഇന്നുവരെയും മലങ്കരസഭയില്‍ സമാധാനം എന്നൊന്നുണ്ടായിട്ടില്ല. 'എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നത് നന്ന് എന്ന് കയ്യാഫാ പറഞ്ഞത് സത്യമായ ദീര്‍ഘദര്‍ശനമായി അവന്‍ പറഞ്ഞു'വെന്ന് നോമ്പിലെ നമസ്കാരത്തില്‍ നാം ചൊല്ലുന്നുണ്ടല്ലോ. സങ്കീര്‍ത്തന പരിഭാഷയിലെ ഈ പിശകും സത്യമായ ദീര്‍ഘദര്‍ശനമായി അന്നത്തെ പിതാക്കന്മാര്‍ക്കു അനുഭവമായിട്ടുണ്ടാവാം. എന്തായാലും  ആ തര്‍ജമയ്ക്ക് പൂര്‍ണപ്രസക്തി കൈവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. മലങ്കരസഭയിലെ ഇരുവിഭാഗത്തെയും നയിക്കുന്നത് ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം ആണെന്നത് ഇന്ന് എല്ലാവര്‍ക്കും അനുഭവമാണല്ലോ.

ന്യൂനപക്ഷങ്ങള്‍ എവിടെയും അരക്ഷിതത്വം നേരിടുന്ന വര്‍ത്തമാനകാലത്ത് ന്യൂനാല്‍ ന്യൂനപക്ഷമായ മലങ്കര ക്രിസ്ത്യാനികള്‍ തമ്മില്‍തല്ലുന്നതിന് യാതൊരു ന്യായീകരണവും പറയാനില്ല. ആര്‍ക്കുവേണ്ടിയാണീ പേക്കൂത്ത് എന്നു ചോദിച്ചാല്‍ ഉത്തരം പറയാനാരുമില്ല. മോശമായി പറയുന്നവന്‍ മോശ എന്നാണല്ലോ ഇന്നത്തെ ആപ്തവാക്യം. മലങ്കരയില്‍ അങ്ങനെ ധാരാളം മോശമാരുണ്ടാവുകയാണ് ഓരോ ദിനവും. അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പള്ളിപ്പെരുന്നാളിനു വന്ന തിരുമേനി ഇറച്ചിക്കറി മടി കൂടാതെ അകത്താക്കുന്നതു കണ്ട പള്ളിമൂപ്പനു സങ്കടം വന്നു. 'നമ്മുടെ തിരുമേനിമാരു ഇറച്ചി കഴിക്കുമോ? മുന്‍പൊന്നും അങ്ങനെ കണ്ടിട്ടില്ല.' മൂപ്പന്‍റെ ആത്മഭാഷണം ന്യൂ ജെന്‍ മെത്രാനെ ചൊടിപ്പിച്ചു. "ഇറച്ചി തിന്നരുതെങ്കില്‍ അത് തരാതിരുന്നാല്‍ പോരേ?" അദ്ദേഹം ചോദിച്ചു. നേരല്ലേ? കൊടുത്തിട്ടു കുറ്റം പറയാമോ? പഴയകാലത്തെ തിരുമേനിമാര്‍ക്ക് പഴയ സംസ്കാരം, പുതിയ കാലത്ത് പുതിയ സംസ്കാരം. അതിനു കുറ്റം പറയുന്നതെന്തിനാ? അതുപോലെ തന്നെയല്ലേ അരമനകളിലെ പാര്‍ശ്വവര്‍ത്തികളെ കുറ്റം പറയുന്നതും? അവര്‍ തരംതാണ ഭാഷയിലാണു പ്രതികരിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നതല്ലേ കുറ്റം? പള്ളിപിടുത്തവും പിള്ളാരേ പിടുത്തവും നടത്താന്‍വേണ്ടി ചെല്ലുംചെലവും കൊടുത്ത് ഇറക്കിവിട്ടിരിക്കുന്ന കാളികൂളിമാര്‍ നല്ല ഭാഷ പറയണമെങ്കില്‍ അവര്‍ക്കതു വശമായിരിക്കേണ്ടേ? ഇന്നലെ വരെ കൂലിത്തല്ലും ഗുണ്ടാപ്പണിയുമായി നടന്നവന്‍ ഇന്ന് ആരൂഢന്‍റെ ആരൂഢമായാലും അവന്‍ വന്ന വഴി അവനു മറക്കാനാവുമോ? ഇന്നലെ വരെ ചെയ്തത് ഇനിയും ചെയ്യാതിരിക്കാനാവുമോ? വചനം ഇരുട്ടില്‍ സഞ്ചരിക്കുന്ന വഴികള്‍ അങ്ങനെ നീളുകയാണ്.

കറ തീര്‍ന്ന കോടതി വിധി കിട്ടി, മലങ്കരയിലെ മുഴുവന്‍ ജനതയുടെയും ആധിപത്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് തങ്ങള്‍ ഗ്രൂപ്പുനേതാക്കള്‍ മാത്രമാണെന്ന് നമ്മുടെ നേതൃത്വത്തിനു തോന്നുന്നത്? ഇരുട്ടില്‍ വചനം പ്രത്യക്ഷമാവുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണല്ലേ ഇത്? "മലങ്കരസഭ ഒന്നേയുള്ളു മക്കളെ, നിങ്ങള്‍ വരിക, നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുക. പരിഹാരങ്ങള്‍ നമുക്കു കണ്ടെത്താം" എന്ന പിതൃസഹജമായ സമീപനം പിതാക്കന്മാരില്‍ നിന്നുണ്ടാവാത്തതിനു കാരണം ജന്മപാപവും കര്‍മ്മപാപവുമാണെന്ന് ആരെങ്കിലും വിലയിരുത്തിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം ഒരുപക്ഷത്തെ മാത്രമാണു നയിക്കുന്നതെന്നു കരുതരുത്. വിഡ്ഡിത്തരത്തിനു ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും എടുത്തുകൊണ്ടിരിക്കുന്ന മറുഭാഗത്തിന്‍റെ വകതിരിവുകേടിനെപ്പറ്റി പ്രത്യേക ചര്‍ച്ചയുടെ ആവശ്യമില്ല? 1995-ലെ സുപ്രീംകോടതി വിധിക്കുശേഷം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഇരുവിഭാഗവുമായി നിരന്തരം ചര്‍ച്ച ചെയ്തു. ഒടുവില്‍ സമാധാനത്തിന്‍റെ സുവര്‍ണ്ണലിപികള്‍ കരാറായെഴുതി. '1934-ലെ ഭരണഘടനയ്ക്കു വിധേയമായി പരസ്പരം സ്വീകരിക്കുന്നു.' ദേവലോകത്തുനിന്നും അനുവാദം വാങ്ങി തിരുമേനി പുത്തന്‍കുരിശിലെത്തിയപ്പോള്‍ പക്ഷേ കഥ മാറി. 'ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിക്കും വിധേയമായി' എന്നു ചേര്‍ത്താലേ തങ്ങള്‍ ഒപ്പിടൂ. ഇരുട്ടിലെ വചനം പറഞ്ഞു. മറുപക്ഷത്തെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കാന്‍ ഇരുകയ്യുകളും നീട്ടി കാത്തിരുന്ന ഒരു നേതൃത്വം അന്ന് മലങ്കര സഭയ്ക്കുണ്ടായിരുന്നു. ആവശ്യമില്ലാത്ത വ്യവസ്ഥകള്‍ക്കു വിധേയമാവാന്‍ അവര്‍ക്കു പക്ഷേ നിവൃത്തി ഉണ്ടായിരുന്നില്ല. ചര്‍ച്ച വഴിമുട്ടി. 'സുപ്രീംകോടതി വിധിക്കു വിധേയം' എന്ന് എഴുതണമെന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തിയവര്‍ ഇന്ന് എന്തായിരിക്കും പറയുക? വേണ്ട, മളീമഠിന്‍റെ നിരീക്ഷണത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവോടെ നടത്തിയ 2002-ലെ അസോസിയേഷനിലേക്ക് എല്ലാ പള്ളികള്‍ക്കും ക്ഷണം കിട്ടി. ക്ഷണം കിട്ടാതിരുന്ന യാക്കോബായ വിഭാഗം പുതുതായി വച്ച പള്ളികളും ക്ഷണം സ്വീകരിച്ച് അസോസിയേഷനില്‍ പ്രതിനിധികളുടെ ലിസ്റ്റ് നല്‍കി. എന്നിട്ടോ? ഇരുട്ടിലെ വചനം അവരുടെ അകവാള്‍ തന്നെ വെട്ടി. അസോസിയേഷന്‍ ബഹിഷ്കരിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും അവര്‍ക്ക് തോന്നി.  ഫലമോ? അതുവരെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു ബന്ധവുമില്ലാതിരുന്ന പുതിയ പള്ളികള്‍ കൂടി സഭയ്ക്ക് ലഭിച്ചു. പുതുപ്പള്ളിയിലെ പുതിയ പള്ളി ഉള്‍പ്പെടെ എല്ലാ പള്ളികളും ഇന്ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തം. അവിടേയ്ക്കെല്ലാം പുതിയ വികാരിമാര്‍ നിയമിക്കപ്പെട്ടു കഴിഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് വിവേകവും വിനയവുമുള്ള നേതൃത്വം ഉണ്ടായിരുന്ന കാലത്താണ് ഔദ്യോഗിക ക്ഷണം നിരസിച്ചും എന്നാല്‍ വിഡ്ഡിത്തം കാട്ടിയും യാക്കോബായ വിഭാഗം സെല്‍ഫ്ഗോളുകള്‍ അടിച്ച് സ്വയം പുറത്തായത്. എന്നിട്ടവര്‍ എതിര്‍ഭാഗത്തെ 'മൊണ്ണ' എന്നു വിളിക്കുന്നതു കാണുമ്പോള്‍ അവരുടെ ബുദ്ധിയെപ്പറ്റിയും സിദ്ധിയെപ്പറ്റിയും പറയുവാനും 'മൊണ്ണ' സമാനമായ പദങ്ങള്‍ തിരിച്ചും പറയേണ്ടി വരും. ഇരുട്ടിലെ വചനത്തിന്‍റെ ശക്തി അപാരം തന്നെ.

ഇപ്പോഴും യാക്കോബായ വിഭാഗം കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവരുടെ  ആത്മനാശത്തിനു വേഗം കൂട്ടിക്കൊണ്ടിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയിലെ വിശ്വാസികള്‍ക്കിടയില്‍തന്നെ സഭാനേതൃത്വത്തിന്‍റെ കടുംപിടുത്തത്തോട് എതിര്‍പ്പുള്ളവര്‍ ഏറെയാണ്. കൊല്ലത്തു പണിക്കര്‍ എന്നും  ഇല്ലത്ത് നായരെന്നും ഒക്കെ പേരു പറഞ്ഞ് ഓര്‍ത്തഡോക്സ് വിഭാഗക്കാരില്‍ നിന്നു തന്നെയുള്ളവര്‍ സ്വയം വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭാനേതൃത്വത്തോട് തിരുത്തല്‍ ആവശ്യപ്പെട്ടപ്പോള്‍, യാക്കോബായ വിഭാഗക്കാര്‍ മെത്രാന്മാര്‍ സഹിതം അതിന്‍റെ മുമ്പില്‍ അണിനിരന്ന് സഭാനേതൃത്വത്തെ ചീത്തവിളിച്ചതെന്തിനാണ്? അതോടെ പണിക്കര്‍ക്ക് പിന്‍തുണയുമായി വന്ന ഓര്‍ത്തഡോക്സുകാര്‍ പിന്നോട്ടു പോയില്ലേ? ഇപ്പോഴും 1934-ലെ ഭരണഘടന നടപ്പാക്കുന്ന പള്ളികളില്‍ നിന്നും യാക്കോബായക്കാര്‍ ഒഴിഞ്ഞുപോവുന്നതെന്തിന്? കോടതിവിധിയോട് ചേര്‍ന്നു നിന്ന് സഭയ്ക്കുള്ളില്‍ തന്നെ നില്‍ക്കാനും, തങ്ങളുടെ പള്ളിയും സ്വത്തുക്കളും സംരക്ഷിക്കാനുമുള്ള സാധ്യത സ്വയം ഉപേക്ഷിക്കാന്‍ ആരാണിവര്‍ക്ക് പ്രേരണ നല്‍കുന്നത്? അവന്‍ തന്നെ; ഇരുട്ടില്‍ സഞ്ചരിക്കുന്നവന്‍.

വിവേകത്തെ നശിപ്പിക്കുകയാണ് ഇരുട്ടിന്‍റെ സ്വഭാവം. സഭ പൊതുസമൂഹത്തിനു മുമ്പില്‍ ചീഞ്ഞുനാറുന്നുവെന്നും അതിനു പരിഹാരം കാണണമെന്നും മറുപക്ഷത്തുനിന്നു വിഡ്ഡിത്തം കാട്ടുന്നവരോടു ക്ഷമിക്കണമെന്നും പള്ളിക്കെട്ടിടങ്ങളേക്കാള്‍ വില ജനങ്ങള്‍ക്കാണെന്നും ഒരൊറ്റ വ്യക്തിയെപ്പോലും നമുക്ക്  നഷ്ടപ്പെടുവാന്‍ പാടില്ലായെന്നും വിവേകമതികളായ വൈദികര്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തിന് കത്തെഴുതിയപ്പോള്‍ അത് കിട്ടിയവര്‍ക്ക് അതു മനസിലാകാഞ്ഞിട്ടല്ല അതിനെ എതിര്‍ത്തത്. 'നേരേ ചൊവ്വേ നടെക്കെടാ കുരുത്തംകെട്ടവനേ' എന്ന, താന്‍ പണ്ടു നിരന്തരം കേട്ടുകൊണ്ടിരുന്ന ശാസനയാണ് അത് ലഭിച്ചവര്‍ക്ക് അതില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞതെങ്കില്‍ നമുക്കിന്ന് എന്തു ചെയ്യാനാവും? ഇരുട്ടില്‍ നടക്കുന്നവന്‍ വീണ്ടും ജയിക്കുന്നു.

പാത്രിയര്‍ക്കീസിന്‍റെയും അന്ത്യോഖ്യന്‍ നേതൃത്വത്തിന്‍റെയും ഉള്ളിലിരുപ്പും കയ്യിലിരുപ്പും നേരിട്ടനുഭവിച്ച്  ഊരാക്കുടുക്കിലായിരിക്കുന്ന ശ്രേഷ്ഠബാവായോട് മലങ്കരസഭ സഹാനുഭൂതി പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. അദ്ദേഹത്തിന്‍റെ ശ്രമഫലമായി സ്ഥാപിതമായ വിദേശത്തെ പള്ളികളെല്ലാം പാത്രിയര്‍ക്കീസ് നേരിട്ട് ഏറ്റെടുത്തു. സ്വദേശത്തെ പള്ളികള്‍ ഓര്‍ത്തഡോക്സ് ലിസ്റ്റിലുമായി. പൗരസ്ത്യ കാതോലിക്കാ വെറും മഫ്രിയാനായാണെന്നും ഇന്ത്യയ്ക്കു പുറത്തെ കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്നും പാത്രിയര്‍ക്കീസ് നേരിട്ടു പറഞ്ഞതോടെ താന്‍ നട്ടുവളര്‍ത്തിയതെല്ലാം കാട്ടുമുന്തിരിയായിപ്പോയല്ലോ എന്ന തിരിച്ചറിവില്‍ ഒരു വാക്കും ഉരിയാടാനാകാതെ അസ്തപ്രജ്ഞനായി കഴിയുകയാണദ്ദേഹം. ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടായിരുന്നു ശരിയെന്ന് അദ്ദേഹത്തിനു പൂര്‍ണമായും ബോധ്യപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്സ് നേതൃത്വം അദ്ദേഹത്തെ കാണുകയും ഈ വൃദ്ധതയില്‍ അദ്ദേഹത്തിന് അല്പം 'തുഷ്ടിപുഷ്ടികള്‍' ഉണ്ടാവട്ടെ എന്നു കരുതി പ്രവര്‍ത്തിക്കുകയും ചെയ്താല്‍, തല മറന്ന് അന്ത്യോഖ്യന്‍ എണ്ണ തലയില്‍ തേക്കുന്നവര്‍ക്കെല്ലാം വീണ്ടുവിചാരം ഉറപ്പ്.

ഇപ്പോള്‍ അവിടെയുള്ള മെത്രാന്മാരെയെല്ലാം ഇവിടെ വന്നാല്‍ എന്തു ചെയ്യും എന്ന ചിന്ത തന്നെ അനാവശ്യം. ഇപ്പോള്‍ അവര്‍ക്കുള്ള പള്ളികളും സ്ഥാപനങ്ങളും മാത്രം അവര്‍ക്കു നല്‍കിയാല്‍ മതി. പുതുതായി ഒന്നും കൊടുക്കേണ്ടതില്ല. ഇപ്പോള്‍ റീത്തുകാരും അവരോടു പറയുന്നത് 'നിങ്ങള്‍ വന്നാല്‍ മതി, പുത്തന്‍പള്ളികളുണ്ടാക്കാം സെമിത്തേരികളുണ്ടാക്കാം' എന്നൊക്കെയാണ്. എന്തായാലും റീത്തുകാരുടെ മുട്ടകള്‍ ഓര്‍ത്തഡോക്സുകാരുടെ ചൂടില്‍ വിരിയിക്കാന്‍ നമ്മള്‍ ഇടകൊടുക്കരുത്.

പണ്ട്, വട്ടക്കുന്നേല്‍ ബാവായുടെ കാലത്ത് മീനടം പള്ളിയില്‍ പാത്രിയര്‍ക്കീസ് പക്ഷത്തെ ഒരച്ചന്‍റെ കൊച്ചമ്മ മരിച്ചു. ഇപ്പോഴത്തെ പഴയസെമിനാരി മാനേജര്‍ തോമസ് ഏബ്രഹാം അച്ചനായിരുന്നു വികാരി. വികാരിയുടെ അനുവാദം കൂടാതെ പാത്രിയര്‍ക്കീസ് പക്ഷം  സെമിത്തേരിയില്‍ ശവമടക്കു നടത്തുവാന്‍ തുനിഞ്ഞപ്പോള്‍, എന്തു ചെയ്യണമെന്ന് ബാവായോട് ചോദിച്ച മീനടംകാരോട് മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു, "അവര്‍ അടക്കിയിട്ടു പോകട്ടെ, നിങ്ങള്‍ എതിര്‍ക്കാന്‍ പോവേണ്ടതില്ല." അന്തംവിട്ട പള്ളിക്കാരോട് തിരുമേനി പറഞ്ഞു, "ഇപ്പോള്‍ നമ്മുടെ സമ്മതമില്ലാതെ ശവമടക്കു നടത്തിയവര്‍, നാളെ കുര്‍ബാന ചൊല്ലിക്കാനും ധൂപം വയ്ക്കാനും നമ്മുടെ അടുത്തുവരുമ്പോള്‍ അത് ചെയ്തു കൊടുക്കുകയും വേണം." ബാവായുടെ ദീര്‍ഘദര്‍ശനം എത്ര സത്യമായിരുന്നെന്നോ. ആ അച്ചനും കുടുംബവും എക്കാലത്തും പള്ളിയുടെ ഭാഗമായി തന്നെ നിന്നു. പാത്രിയര്‍ക്കീസ് പക്ഷത്തു കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് അച്ചന്‍ മരിക്കുന്നത്. ശവമടക്കു നടത്തിയത് കോട്ടയം ഭദ്രാസനത്തിന്‍റെ ഈവാനിയോസ് തിരുമേനി. അച്ചന്‍റെ കുടുംബക്കാര്‍ ഇന്നും പള്ളിയോടു ചേര്‍ന്നുനില്‍ക്കുന്നു.

ഇടവക വികാരിയുടെ അനുവാദത്തോടെ ശവമടക്കു നടത്തുന്നതു മൂലം സഭയ്ക്ക് ഒരു തോല്‍വിയുമുണ്ടാകുന്നില്ല. മാത്രമല്ല പിന്നീട് സ്വാഭാവികമായും അവര്‍ പള്ളിയോടു ചേര്‍ന്നുനില്‍ക്കും. മറുപക്ഷത്തുള്ള മുഴുവന്‍ ആളുകളും നമ്മുടെ തന്നെ ഭാഗമാണ്. അവരെ പ്രകോപിച്ചു നമ്മള്‍ വിട്ടുകളയരുത്. യഥാര്‍ത്ഥ സഭാസ്നേഹികള്‍ക്ക് ഒരാളെങ്കിലും സഭ വിട്ടുപോയാല്‍ വേദന തോന്നും. ഈ ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ച അഞ്ചു പുരോഹിതന്മാരെ പുച്ഛത്തോടെ പരാമര്‍ശിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ കമന്‍റുകള്‍ സഭാസ്നേഹികളുടേതാണെന്നു കരുതുക വയ്യ. സഭാസ്നേഹം ഒരു തീവ്രവാദ പ്രവര്‍ത്തനമല്ല. നൂറുകണക്കിനു ഭദ്രാസനങ്ങള്‍ പൗരസ്ത്യ സഭയ്ക്കുണ്ടായിരുന്ന ഇറാന്‍ - ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് ക്രൈസ്തവര്‍ മരുന്നിനു പോലുമില്ല. ആഗോളമത തീവ്രവാദം ക്രൈസ്തവ സമൂഹത്തിന്‍റെ വേരറക്കുവാന്‍ ലക്ഷ്യമിടുന്ന ഈ കാലത്ത്, ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുക പരമപ്രധാനമാണ്. യാക്കോബായ വിഭാഗം നമ്മുടെ രക്തത്തിന്‍റെ രക്തവും മാംസത്തിന്‍റെ മാംസവുമാണ്. വിദേശാധിപത്യം അടിമനുകമാണെന്ന് അവര്‍ ഇന്നു മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ക്ക് സൂചി കുത്താനിടം നല്‍കില്ലായെന്ന നിലപാട് അവരുടെ വീണ്ടുവിചാരത്തിനുള്ള സാധ്യതകള്‍ നശിപ്പിക്കുകയാണ്. മലങ്കരയുടെ മക്കളെ, അന്ത്യോഖ്യയുടെയും റോമിന്‍റെയും ആധിപത്യത്തിലേക്ക് വിടാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം നിലപാട് എടുക്കുക മാത്രമാണ് ഇപ്പോള്‍ വേണ്ടത്. അത് ചെയ്യുമ്പോള്‍ സന്ധ്യയാവും ഉഷസുമാവും. ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം അപ്രത്യക്ഷമാവുകയും ജീവനുള്ള വെളിച്ചത്തിന്‍റെ വചനം പ്രത്യക്ഷമാവുകയും ചെയ്യും.

(മലങ്കര നവോത്ഥാനം 2019 ഡിസംബര്‍)

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...