Tuesday 19 September 2023

കുഞ്ഞേലീ, ധൈര്യമായി പ്രാര്‍ത്ഥിച്ചോ | ടി. പി. ജോര്‍ജുകുട്ടി കോത്തല

മലങ്കരയിലെ ഈ ഒടുക്കത്തെ പള്ളിവഴക്കുകൊണ്ട് ഒത്തിരി ഗുണമുണ്ടായിട്ടുണ്ടെന്നാണു കുഞ്ഞിക്കാച്ചേട്ടന്‍ പറയുന്നത്. ദൈവത്തിനും വേണ്ടാത്ത സഭയാണിത് അതുകൊണ്ടാണ് ഏതു കോടതിവിധി വന്നാലും ഈ സഭയില്‍ ഒരു മാറ്റവും വരാത്തത് എന്ന് കുഞ്ഞേലിച്ചേട്ടത്തി പറയുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞിക്കാച്ചേട്ടനു കലികയറും. "എടീ, എരണംകെട്ടവളേ, ലോകത്തിലെല്ലായിടത്തും എല്ലാ സഭയിലും ചെറുപ്പക്കാര്‍ പള്ളിയില്‍ പോകാതിരിക്കുമ്പോഴും ഇന്നും നമ്മുടെ പിള്ളാരു പള്ളിയില്‍ പോണൊണ്ടെങ്കില്‍ അതിനു പിന്നില്‍ ഈ സഭാവഴക്കിനു ഒരു റോളുണ്ട്. കാര്യം ശരിയാ, ഇന്നത്തെ പിള്ളേര്‍ക്ക് ബാവാകക്ഷി മെത്രാന്‍കക്ഷി എന്നൊന്നും പറയുന്നത് അത്ര ഇഷ്ടമല്ല. എന്നാല്‍, അവരുടെ അപ്പനമ്മമാരുടെ വിശ്വാസത്തിന്‍റെ ബലം ഈ കക്ഷിവഴക്കില്‍ നിന്നും ഉണ്ടായതാ. അമ്മേ ഞങ്ങളു മറന്നാലും അന്ത്യോഖ്യായെ മറക്കില്ല എന്നും കൂനന്‍കുരിശിന്‍ സത്യത്തെ വീറോടെ വീണ്ടും ഉയര്‍ത്തീടുന്നു - ഞങ്ങള്‍ക്കാര്‍ക്കും വേണ്ട വേണ്ട അന്ത്യോഖ്യായുടെ മേല്‍ക്കോയ്മ എന്നും ആവേശത്തോടെ വിളിച്ചവര്‍ക്കേ അതിന്‍റെ സ്പിരിറ്റ് അറിയാന്‍ പറ്റൂ. ആ സ്പിരിറ്റായിരുന്നു എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ അവര്‍ക്ക് താങ്ങായത്. ഇതു വല്ലതും നിനക്കറിയാമോ?"

"ഓ കുന്തം, ഈ വഴക്കിട്ടു വഴക്കിട്ടു രണ്ടു കൂട്ടരും നശിച്ചില്ലേ, തലതിരിഞ്ഞ മനുഷ്യാ?"

"എടീ എന്ധ്യാനീ, ആരു നശിച്ചെന്നാ നീ പറയുന്നത്? ഇപ്പോഴത്തെ ഈ വഴക്കു തുടങ്ങുന്നതിനു മുന്‍പ് രണ്ടു കൂട്ടര്‍ക്കുംകൂടി എത്ര പള്ളിയുണ്ടായിരുന്നു - ആയിരത്തിചില്വാനം. എന്നാലിന്നോ പള്ളികള്‍ രണ്ടായിരത്തിലധികം വരും. സ്കൂളുകള്‍, കോളേജ്, ആശ്രമങ്ങള്‍, ആപ്പീസുകള് എല്ലാം ഇരട്ടിയിലധികമായില്ലേ? മറ്റേതു സഭകള്‍ക്കാടീ ഈ വളര്‍ച്ചയുണ്ടായത്. ആ റീത്തുകാര്‍ കുറേ കേറിക്കാണും, അതും നമ്മുടെ ഇനം തന്നെയല്ലേടീ? ഒന്നുമല്ലേലും നമ്മുടെ പള്ളിപ്പാട്ടുകളെല്ലാം കത്തോലിക്കര്‍ക്കും കാണാപ്പാഠമാവാന്‍ കാരണം അവരല്ലേ?"

"വഴക്കിട്ടു പള്ളി രണ്ടാക്കിയതാ നിങ്ങളു വലിയ വലിപ്പമായി കാണുന്നത്. രണ്ടു കൂട്ടരും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഇതിന്‍റെ ഇരട്ടി വലുതാകില്ലായിരുന്നോ?"

"ഒരു ചുക്കും ഉണ്ടാകത്തില്ലായിരുന്നു. പള്ളികള്‍ വിഭജിച്ചതോടെ കൂട്ടായ്മകളുടെ ശക്തി വലുതാകുകയായിരുന്നു. വലിയ ഇടവകയില്‍ ആര്‍ക്കും തമ്മില്‍ പരിചയമില്ല ഇപ്പോഴും. എന്നാല്‍ വിഭജിച്ചുപോയവര്‍ തമ്മിലുള്ള ഐക്യം എത്രയോ ശക്തമാണ്. പത്തും മുപ്പതും വീട്ടുകാര്‍ മാത്രമുള്ള ചെറിയ പള്ളികള്‍ എത്ര ഗംഭീരമായിട്ടാണു കാര്യങ്ങള്‍ നടത്തുന്നത്."

"അപ്പം നിങ്ങളു പറഞ്ഞുവരുന്നത് സഭക്കാര് തമ്മിത്തല്ലി പള്ളികളൊക്കെ രണ്ടും മൂന്നുമാകട്ടെ ആള്‍ക്കാരു തമ്മില്‍ തല്ലിച്ചാകട്ടെ എന്നാണല്ലേ? നിങ്ങളെപ്പോലൊരു തലതിരിഞ്ഞവനെയാണല്ലോ കര്‍ത്താവേ ഞാന്‍ ഇക്കാലമത്രയും....."

"ആരു തമ്മിത്തല്ലിയെന്നാണു നീ പറയുന്നത്, എടീ നീ പത്രത്തിലെ കല്യാണപരസ്യം നോക്കിയിട്ടുണ്ടോ? ഓര്‍ത്തഡോക്സു ചെറുക്കന് പെണ്ണ് യാക്കോബായയില്‍ നിന്നു തന്നെ വേണം. യാക്കോബായ പെണ്ണിനോ ഓര്‍ത്തഡോക്സ് ചെറുക്കന്‍ വേണം. എന്താ ഇതിന്‍റെ ഗുട്ടന്‍സ്? അല്ല, ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ തമ്മിലല്ലേ ഈ കല്യാണമായ കല്യാണമെല്ലാം നടക്കുന്നത്? ഓര്‍ത്തഡോക്സ് മാനേജിംഗ് കമ്മിറ്റി അംഗത്തിന്‍റെ മകനു കെട്ടാന്‍ യാക്കോബായ ഷെവലിയറുടെ മകള്‍ തന്നെ വേണം. കല്യാണത്തിനു മറ്റേ ഭാഗത്തെ തിരുമേനിയെ പള്ളിയില്‍ കേറ്റാന്‍ മേലാത്തതുകൊണ്ട് റിസോര്‍ട്ടില്‍വച്ച് ആബൂന്‍മാര്‍ വന്നു കെട്ടിപ്പിടിക്കുകേം ചെയ്യും. പിന്നെ തമ്മില്‍ തല്ലുന്നതോ? ചില പള്ളികളില്‍ പണ്ടേ തന്നെയുള്ള കുടുംബവഴക്കുകളാണ് ഈ കല്ലേറിലും തല്ലിലും കലാശിക്കുന്നത്. അതും അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. തല്ലൊള്ള പള്ളിയിലെ പിള്ളേരേ നീ കണ്ടിട്ടുണ്ടോ? എന്തൊരു ഉശിരാ അവര്‍ക്ക്, അവര്‍ ഏതു രംഗത്തുചെന്നാലും വിജയിക്കുകേം ചെയ്യും. എത്ര തല്ലിയാലും പെണ്ണുകെട്ടു വരുമ്പോ മറുഭാഗത്തു നിന്നുതന്നെ അവര്‍ കെട്ടുകേം ചെയ്യും." 

"ഈ കല്യാണ വിരുന്നിനു വന്നു കെട്ടിപ്പിടിക്കുന്നവരാണു തിരുമേനിമാരെങ്കില്‍ ഇപ്പോഴുള്ള തര്‍ക്കമൊക്കെ അവര്‍ക്ക് തീര്‍ക്കാന്‍ മേലേ?"

"എടീ, അതു തീര്‍ക്കേണ്ട സമയമാവുമ്പോള്‍ അവരു തീര്‍ക്കുക തന്നെ ചെയ്യും. ഇന്നാള് യാക്കോബായിലെ ഒരു സിമ്പളന്‍ തിരുമേനി ഓര്‍ത്തഡോക്സിലെ ഒരു തിരുമേനിയെ ഫോണില്‍കൂടി 'എന്‍റെ കറുത്തമുത്തേ, പണിയൊക്കെ ഞങ്ങള്‍ക്ക് ശരിക്കും ഏറ്റൂ. എന്നാലും കുഴപ്പമില്ല. തല്‍ക്കാലം വലിയ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ട, നിവൃത്തിയില്ലാത്ത ഒരു സാഹചര്യമുണ്ടായാല്‍ മാത്രമേ ഞങ്ങളുടെ ആള്‍ക്കാരെ തിരിപ്പിക്കാന്‍ പറ്റൂ. അതുപോലെയുള്ള മന്ത്രങ്ങളല്ലേ ഞങ്ങളുതന്നെ മുമ്പ് ഓതിക്കൊടുത്തത്, അതുകൊണ്ട് ആ വിഷം ഒക്കെ ഇറങ്ങാന്‍ ഇത്തിരി സമയം കൂടിവേണം. അതുവരെ 34 ലെ ആ പിടി ഒട്ടും അയച്ചുകളയരുത്. അതു കളഞ്ഞാല്‍ പിന്നെയും വെള്ളക്കാരു ചോപ്പന്മാര് ഞങ്ങളുടെ തലയില്‍കയറി നിരങ്ങും. അതുകൊണ്ട് ആബൂന്‍ ഒട്ടും പുറകോട്ടുപോകല്ലേ?' എന്നു പറയുന്നത് ഞാന്‍ കേട്ടതാ."

"അതൊള്ളതാ, ഇപ്പഴത്തെ ഈ 34 ന്‍റെ കളികൊണ്ട് ഏറെ ഗുണം കിട്ടാന്‍ പോകുന്നത് നമ്മുടെ ബാവാകക്ഷിക്കാര്‍ക്കു തന്നാ. അങ്ങനെ ഒരൊറപ്പുള്ള ഭരണഘടന ഇല്ലായെങ്കില്‍ ഈ തിരുമേനിമാരുടെ എല്ലാം തലേല്‍ കാക്ക തൂറുമെന്ന് അവര്‍ക്കു തന്നെയറിയാം. അതുകൊണ്ട് അവര്‍ ഇപ്പം പുറത്തു പറയുന്നതൊന്നുമല്ല അവരുടെ മനസ്സില്‍ എന്നു എനിക്കും തോന്നീട്ടൊണ്ട്"

"അത് എന്‍റെ സഹവാസത്തിന്‍റെ ഗുണംകൊണ്ട് നിനക്കു തോന്നിയതാ, നിനക്കറിയാമോ നാളെ ഈ മാര്‍തോമ്മാ സിംഹാസനവും പത്രോസിന്‍റെ സിംഹാസനവുമൊക്കെ ഒരുമിച്ച് ഈ ഇന്ത്യാ മഹാരാജ്യത്തുനിന്ന് മലയാളിമലങ്കര മക്കള്‍ നയിക്കുകേം ഭരിക്കുകേം ഒക്കെ ചെയ്യും. കാരണം, ഈ ഒടുക്കത്തെ തീവ്രവാദികള്‍ അവിടെയെങ്ങും ഒന്നും സമ്മതിക്കത്തില്ല. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിനെയും മെത്രാന്മാരെയും ഈ തീവ്രവാദികള്‍ കൊന്നുകെട്ടിത്തൂക്കി ആ ശരീരങ്ങള്‍ എത്രയോ ദിവസം ആ അരമനയില്‍ തൂക്കിയിട്ടു എന്ന് ആരെങ്കിലും ഇന്നോര്‍ക്കുന്നുണ്ടോ? അതൊക്കെ കഴിഞ്ഞിട്ട് നൂറു നൂറ്റി ഇരുപതു കൊല്ലമേ ആയുള്ളൂ. ഈ ഇന്ത്യാ മഹാരാജ്യത്തു മാത്രമേ അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കത്തൊള്ളൂ. കാരണം, മഹത്തായ ഒരു സംസ്കാരം ഇവിടെയുണ്ട്. അത് കാത്തുരക്ഷിക്കാന്‍ ജാഗരൂകമായ സൈന്യവും ഭരണഘടനയും ജനാധിപത്യവും സംവിധാനങ്ങളും ഇവിടൊണ്ട്. അതുകൊണ്ട് നാം ഭയപ്പെടേണ്ടതില്ല."

"ശരിയാ, ഇപ്പഴാ നിങ്ങളുപറഞ്ഞത് എനിക്ക് മനസിലായത്. ഇവിടെ ഈ രാജ്യത്ത് നമുക്ക് സുഖമായി സുരക്ഷിതമായി കഴിയാമെന്നുള്ളതുകൊണ്ടാണു നാം ഇങ്ങനെ വഴക്കടിച്ചുപോവുന്നത്. അതത്രവലിയ കുഴപ്പം പിടിച്ച കാര്യമൊന്നുമല്ല. ഈ വഴക്കുള്ളതുകൊണ്ടാണല്ലോ രണ്ടുപക്ഷത്തും ധാരാളം നല്ല തിരുമേനിമാരും അച്ചന്മാരും ഒക്കെ ഉണ്ടായത്. രണ്ടു ബാവാമാരും ഒരുപോലെ മിടുക്കന്മാരല്ലേ. അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടുതന്നെ നാളെ ഉണ്ടാവാന്‍ പോവുന്ന ഐക്യവും അതുപോലെ ഉറച്ചതായിരിക്കും." 

"അതാടീ ഞാന്‍ പറഞ്ഞത് സഭാഐക്യം ശരിയായ സമയത്ത് ഉണ്ടാകുക തന്നെ ചെയ്യും. അതുകൊണ്ടു കുഞ്ഞേലീ നീ ധൈര്യമായി പ്രാര്‍ത്ഥിച്ചോ."

"നിങ്ങള് ആണുങ്ങള് ഞങ്ങടെ പ്രാര്‍ത്ഥനയെ പുച്ഛിക്കരുത്. നിങ്ങടെ തിയോളജി കൊണ്ടോ ബയോളജികൊണ്ടോ ഒന്നുമല്ല ഈ സഭ നിലനില്‍ക്കുന്നത്. ഞങ്ങള്‍ പെണ്ണുങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടാ. ഞങ്ങളു പ്രാര്‍ത്ഥിച്ചാ അതിനു ഫലം ഉണ്ടാവുക തന്നെ ചെയ്യും. ഞങ്ങളുടെ സഭാസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്തത് മറ്റൊന്നുംകൊണ്ടല്ല. ഇപ്പോ രണ്ടുഭാഗത്തുമായി എന്തുമാത്രം സ്ഥാനികളാണുള്ളത്. കൊട്ടയിലും കൊള്ളത്തില്ല, കോട്ടയത്തും കൊള്ളത്തില്ല എന്നുപറഞ്ഞതുപോലല്ലേ? നെല്ലിക്കാച്ചാക്ക് അഴിഞ്ഞുപോയാലത്തെ പോലല്ലേ ഈ സ്ഥാനികള് പരപരാന്ന് നടക്കുന്നത്. ഞാന്‍ പറഞ്ഞത് അച്ചന്മാരുടെയും മെത്രാന്മാരുടെയും കാര്യമല്ല. അവരുടെ ഇരതേടാന്‍ അവര്‍ക്കറിയാം. എന്നാല്‍ ഈ സ്ഥാനമോഹികളെ യോജിച്ച സഭയില്‍ എന്തോന്നു ചെയ്യും. അതറിഞ്ഞിട്ട് തീരുമാനിക്കാം പ്രാര്‍ത്ഥിക്കണമോ വേണ്ടയോ എന്ന്."

"എടീ, നിങ്ങള് തള്ളമാരുടെ പ്രാര്‍ത്ഥനകൊണ്ടാണ് ഈ സഭ നിലനിന്നുപോകുന്നതെന്ന് ആര്‍ക്കാ അറിയാന്‍മേലാത്തത്? പിന്നെ നീ അതിന്‍റെ പേരില്‍ തിയോളജിയെ കുറ്റംപറയരുത്. അത് ഒത്തിരിപ്പേരുടെ ജീവിതമാര്‍ഗ്ഗമാ. സഭയ്ക്കോ സമൂഹത്തിനോ ഗുണമൊന്നുമില്ലെങ്കിലും ഒരുപാട് പേര് അതുകൊണ്ടു ജീവിക്കുന്നുണ്ട്. നമുക്കായി ഒരുത്തര്‍ക്കും ഒരു തൊഴില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുകേല. അപ്പോ, ഉള്ള തൊഴില് നശിപ്പിക്കാനും പാടില്ല. പിന്നെ സ്ഥാനികളുടെ കാര്യമൊന്നും ഒരു വിഷയമല്ല. നമ്മുടെ മാണിസാറിന്‍റെ പാര്‍ട്ടീടെ സംസ്ഥാന കമ്മിറ്റിയില്‍ ആയിരക്കണക്കിനാ ആളുകള്‍. അത് കൂടണമെങ്കില്‍ തിരുനക്കര മൈതാനം ബുക്ക് ചെയ്യണം. അതുപോലെ ആവശ്യക്കാരെയെല്ലാം ഉള്‍പ്പെടുത്തി നമ്മുടെ കമ്മിറ്റികളൊക്കെ വലുതാക്കാവുന്നതേയുള്ളൂ. ഈ കമ്മിറ്റികളിലേക്കുള്ള നോമിനേഷന് ലേലം ഏര്‍പ്പെടുത്താനും മടിക്കേണ്ടകാര്യമില്ല. പിന്നെ വേറൊരു പിരിവും നടത്തേണ്ടി വരില്ല. നമ്മുടെ ഒരു പള്ളിയില്‍ കത്തോലിക്കാ പള്ളിയിലേപ്പോലെ പെരുന്നാള്‍ നടത്തിപ്പിന് പ്രസുദേന്തിമാരെ ക്ഷണിച്ചു. അഞ്ചു ലക്ഷമായിരുന്നു റേറ്റ്. പതിനഞ്ചു കൊല്ലത്തേക്കു ബുക്കിംഗ് കഴിഞ്ഞു. അതുപോലെ ഈ കമ്മിറ്റികളിലേക്കൊക്കെ ഒരു റേറ്റ് വച്ചാല്‍ മതി. പിന്നെ കാതോലിക്കാദിന പിരിവുപോലും വേണ്ടിവരില്ല. പിന്നെ ഈ കമ്മിറ്റിക്കൊന്നും ഫലത്തില്‍ ഒരധികാരോം ഇല്ലെന്ന് ആര്‍ക്കാണറിയാത്തത്? പ്രസംഗിക്കുന്നേനു മുമ്പു പിമ്പും തിരുമേനിമാരുടെ കൈമുത്താമെന്നുള്ളതാണ് അവരുടെ അധികാരം. ഇനി ഈ കൈമുത്തിനും കൂടെ ഒരു ഫീസു വെച്ചാല്‍ അതും നല്ലതാ. കമ്മിറ്റിക്കാരുടെ കടീം മാറും തിരുമേനിമാരുടെ കാര്യോം നടക്കും. അതുകൊണ്ടു കുഞ്ഞേലീ നീ ഒന്നുകൊണ്ടും അധൈര്യപ്പെടരുത്. നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം, സമാധാനം വരട്ടെ, സഭ നന്നാവട്ടെ."

(മലങ്കര നവോത്ഥാനം 2018 ഫെബ്രുവരി) 

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...