Tuesday 12 September 2023

അര്‍ക്കദിയാക്കോന്‍റെ നിഴല്‍ | ജോര്‍ജുകുട്ടി കോത്തല

2007-ല്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നാം നാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനി പത്രമോഫീസുകളിലേക്ക് പാഞ്ഞെത്തി. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പു വാര്‍ത്ത പത്രങ്ങളില്‍ മുന്‍പേജില്‍ വന്നില്ല എന്നതിലുള്ള പ്രതിഷേധ പ്രകടനമാണ് തുടര്‍ന്നുണ്ടായത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് നിങ്ങള്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ കൊടുക്കുമല്ലോ, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്തയും ഒന്നാം പേജില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ വിവരമറിയും. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയോട് എന്തുമാവാമെന്നോ?

അതിനു മറുപടിയായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. എസ്.എന്‍.ഡി.പി. യുടെയും എന്‍.എസ്.എസ്. ന്‍റെയും സെക്രട്ടറി സ്ഥാനം ആ സംഘടനകളില്‍ അഥവാ സമുദായത്തില്‍ സമുന്നതമാണ്. ഓര്‍ത്തഡോക്സ് സഭാസെക്രട്ടറിയുടെ സ്ഥാനം സഭയില്‍ അത്രത്തോളം സമുന്നതമല്ല. സഭയില്‍ പ്രധാന മേലദ്ധ്യക്ഷപദവി വേറെയുണ്ട്. അതുകൊണ്ടുതന്നെ താങ്കള്‍ ഉദ്ദേശിക്കുന്ന സ്ഥാനം മാധ്യമങ്ങളില്‍ ലഭിക്കില്ല. എങ്കിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് സമൂഹത്തിലുള്ള പ്രാധാന്യം നിമിത്തം നിങ്ങള്‍ക്ക് അര്‍ഹമായ പരിഗണന എല്ലാ മാധ്യമങ്ങളും നല്‍കും.

ആ മറുപടി അദ്ദേഹത്തിനു ആശ്വാസപ്രദമായില്ല. എന്നു മാത്രമല്ല, സ്ഥാനത്തെ ചെറുതാക്കാന്‍ ഓര്‍ത്തഡോക്സ് സഭക്കാരുടെ മാനേജ്മെന്‍റില്‍ നിന്നു പ്രസിദ്ധീകരിക്കുന്നവ ഉള്‍പ്പെടെയുള്ളവര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപ പ്രചരണത്തിനും അദ്ദേഹം തുടക്കമിട്ടു. അതിന്‍റെ അനുരണനങ്ങളാണ് പിന്നീട് സഭാതലത്തില്‍ നിന്നും പൊതുസമൂഹത്തിലേക്ക് ഒഴുകിയെത്തിയ അനാശാസ്യ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചതും.

എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിമാരെപ്പോലെ പ്രാധാന്യം തനിക്കുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരിക്കാം തന്‍റെ കന്നി ബജറ്റ് പ്രസംഗം മാലോകര്‍ക്കു ദൃശ്യമാക്കാന്‍ ടി.വി. ചാനലുകാരെ ക്ഷണിച്ചത്. പ. ദിദിമോസ് ബാവാ ക്ലിപ്പിട്ടില്ലായിരുന്നുവെങ്കില്‍ സെക്രട്ടറിയുടെ ബജറ്റ് പ്രസംഗം നമുക്ക് ലൈവായി കാണാമായിരുന്നു.

താന്‍ സഭാ സെക്രട്ടറിയാണെന്നും സഭയുടെ സി.ഇ.ഒ. ആണെന്നും വൈദിക-അല്‍മായ ട്രസ്റ്റിമാര്‍ തനിക്കു താഴെ ആണെന്നും ഇക്കാര്യങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വാര്‍ത്താ മാധ്യമങ്ങളെ രേഖാമൂലം അറിയിച്ചെങ്കിലും പ. ദിദിമോസ് ബാവാ അതിനും ക്ലിപ്പിട്ടു.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിക്കും ലഭിക്കുന്ന മാധ്യമശ്രദ്ധയും പരിഗണനയും മറ്റ് സമുദായനേതാക്കളില്‍ അസൂയ ജനിപ്പിക്കാറുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ ജനസംഖ്യകൊണ്ട് കേരളത്തില്‍ രണ്ടാമത്തെയും മൂന്നാമത്തെയും സമുദായങ്ങള്‍ എന്ന നിലയിലുള്ള പരിഗണനയ്ക്ക് ഒപ്പം അവരുടെ സംഘടനകള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനശൈലി കൂടിയാണ് അവര്‍ക്ക് ഈ പദവി നല്‍കുന്നതെന്ന് നാം കാണണം. സ്വന്തം സമുദായത്തില്‍പെട്ട നേതാക്കള്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ ഭരണകൂടത്തിലും പാര്‍ട്ടിയിലും ലഭിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനായി അവര്‍ പ്രത്യക്ഷമായും പരോക്ഷമായും നീക്കങ്ങള്‍ നടത്തും. സമുദായത്തിലെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍പോലും പ്രതിരോധിക്കുവാന്‍ അവര്‍ മതിലുകള്‍ പണിയും. എന്നാല്‍ ഓര്‍ത്തഡോക്സ് വക്താക്കളാകട്ടെ, സ്വസമുദായാംഗങ്ങള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുക മാത്രമല്ല അവരെ തള്ളിപ്പുറത്താക്കാന്‍ കൂടി മടിക്കാറില്ല. പള്ളികളിലും സഭാ സമ്മേളനങ്ങളിലുമൊക്കെ പൊതുസമൂഹം ആദരിക്കുന്ന രാഷ്ട്രീയ, രാഷ്ട്രീയേതര നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെ വരെ നമ്മുടെ സഭാനേതൃത്വത്തിലുള്ളവരും പുരോഹിതരും മറ്റും പലപ്പോഴും എതിര്‍ക്കാറുണ്ട്. സമൂഹം അംഗീകരിക്കുന്നവരെ മാനിച്ചാല്‍, തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്ന ഭയമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍, സമൂഹത്തിന്‍റെ ശ്രദ്ധ ലഭിക്കണമെങ്കില്‍ അതിന് ഇതര രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ സാന്നിദ്ധ്യം പലപ്പോഴും അനിവാര്യമായി വരാറുണ്ട്. കേരള സമൂഹത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കംകുറിച്ച മഹാസംഭവത്തെ (പഴയസെമിനാരിയുടെ 200-ാം വാര്‍ഷികത്തെ) മാധ്യമങ്ങളും സമൂഹവും അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാതിരിക്കുക മാത്രമല്ല, അവിടെ നടന്ന പ്രസംഗങ്ങളെ ഒരു കോമഡിഷോയാക്കി ദിവസങ്ങളോളം പ്രചരിപ്പിക്കുക കൂടി ചെയ്തു. ഇതൊക്കെ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതകളാണ്. നേതൃത്വത്തിന്‍റെ ഭാവനാദാരിദ്ര്യം സഭയുടെ ദൗര്‍ഭാഗ്യമായി മാറുന്നതിന്‍റെ ഉദാഹരണങ്ങളും.

കേരളത്തിലെ സമുദായ സംഘടനകളില്‍ ഏറ്റവും ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിന് ആരംഭം കുറിക്കുമ്പോള്‍ മഹാനായ മന്നത്തു പത്മനാഭന്‍ പ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിച്ച പ്രതിജ്ഞ പ്രസിദ്ധമാണല്ലോ. "ഞാന്‍ എന്‍റെ കഴിവുകള്‍ മുഴുവന്‍ എന്‍റെ സമുദായത്തിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി വിനിയോഗിക്കും. എന്നാല്‍ എന്‍റെ സമുദായത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഇതര സമുദായങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും" എന്ന പ്രതിജ്ഞയാണ് ആ സമുദായ സംഘടനയെ കേരള സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ മന്നത്തു പത്മനാഭനെ സമുദായ നേതാവായല്ല 'ഭാരതകേസരി'ആയാണ് കേരളസമൂഹം വിലയിരുത്തിയത്.

സഭയിലൂടെ കൈവരുന്ന സ്ഥാനങ്ങളും അംഗീകാരവും വ്യക്തിപരമായ ഉയര്‍ച്ചയ്ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാനുള്ള വെമ്പലാണ് ഇന്ന് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തെ ഒരു മാമാങ്കമാക്കി മാറ്റുന്നത്. 1653 വരെ വൈദികപ്രമുഖനായിരുന്ന അര്‍ക്കദിയാക്കോനാണ് സഭാഭരണം നിര്‍വഹിച്ചുവന്നത്. സവിശേഷമായ ആ ഭാരതീയപാരമ്പര്യം അര്‍ക്കദിയാക്കോന്‍ മെത്രാന്‍ സ്ഥാനമേറ്റതോടെ അന്യംനിന്നു. അന്നു മുതല്‍ ഇന്നുവരെ സമുദായനേതൃത്വവും സഭാനേതൃത്വവും സഭാധ്യക്ഷന്‍റെ ഉത്തരവാദിത്തമായി. എങ്കിലും അര്‍ക്കദിയാക്കോന്‍റെ നിഴല്‍ ചിലപ്പോഴെങ്കിലും സഭാസെക്രട്ടറിയുടെ മേല്‍ പതിക്കാറുണ്ട്. അവരുടെ സ്വപ്നങ്ങളില്‍ അര്‍ക്കദിയാക്കോന്‍ കടന്നുവരാറുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭാവവും രൂപവും ചിലപ്പോഴൊക്കെ വിജ്രംഭിക്കുന്നത് നമുക്ക് ക്ഷമിക്കാം. എന്നാല്‍ എല്ലാവരും ഒന്നോര്‍ക്കുന്നത് നന്ന്. സഭയില്‍ ഇനി അര്‍ക്കദിയാക്കോന്‍ സ്ഥാനം പുനഃസ്ഥാപിക്കപ്പെടാന്‍ പോവുന്നില്ല. എന്നാല്‍ നമ്മുടെ രാഷ്ട്രവും രാഷ്ട്രീയവും നിയന്ത്രിക്കുന്നത് 'അര്‍ക്കദിയാക്കോന്മാര്‍' തന്നെയാണ്. നമ്മുടെ സഭയില്‍ നിന്നും അങ്ങനെയുള്ള ധാരാളം സ്ഥാനികള്‍ ഉണ്ടാവേണ്ടതുമുണ്ട്. പക്ഷേ, അതിലേക്കുള്ള വഴി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനമല്ല. സമൂഹത്തില്‍ സജീവമായുള്ള പങ്കുവഹിക്കലാണ്. അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള പ്രോത്സാഹനം നല്‍കലാണ് - അവരെ കൈപിടിച്ചുയര്‍ത്തലാണ് - സഭാനേതൃത്വത്തിന്‍റെ ചുമതല, അവരുടെ സ്ഥാനത്ത് എത്തിച്ചേരലല്ല എന്നുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവട്ടെ.

(മലങ്കര നവോത്ഥാനം 2017 മാര്‍ച്ച്) 

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...