Tuesday 19 September 2023

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ഒരു എപ്പിസ്കോപ്പല്‍ സഭ | ജോര്‍ജ്ജുകുട്ടി കോത്തല

സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അന്ത്യോഖ്യാ എന്ന പുതിയ സഭയുടെ ഉത്ഭവം മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലും അസ്വസ്ഥത ഉളവാക്കിയിരിക്കുന്നത് കൗതുകകരമാണ്. പുതിയ സഭയെയും മെത്രാന്മാരെയും ശപിച്ചു തള്ളുവാന്‍ ഇരു വിഭാഗങ്ങളും മല്‍സരിക്കുന്നതു കാണുമ്പോള്‍ മഹാനായ ശ്രീനാരായണ ഗുരുവിന്‍റെ  ജീവിതകാലത്തുണ്ടായ ഒരു രസകരമായ സംഭവം ഓര്‍മ വരുന്നു.

എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ശാഖകള്‍ രൂപീകരിച്ചു തുടങ്ങുന്ന കാലം. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശത്താല്‍ ആകൃഷ്ടരായി ഈഴവ സമുദായാംഗങ്ങള്‍ ശാഖകള്‍ ആരംഭിക്കുന്നു. അങ്ങനെ ആരംഭിച്ച തീരപ്രദേശത്തുള്ള ഒരു ശാഖയില്‍ വലിയ അഭിപ്രായ വ്യത്യാസം. പ്രശ്നപരിഹാരത്തിനു ഗുരുസ്വാമി തന്നെ എത്തുന്നു. ഗുരു വരുന്നു എന്നു കേട്ട് അദ്ദേഹത്തെ കാണുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുമെത്തി. അവരില്‍ ഒരു കൂട്ടര്‍ വളരെ മാറിയാണു നില്‍ക്കുന്നത്. അവര്‍ ആരാണെന്നു ഗുരു തിരക്കി. അവര്‍ ആ പ്രദേശത്തുള്ള ഏറ്റവും താഴ്ന്ന ജാതിക്കാരാണ്. അതുകൊണ്ടാണ് അവര്‍ മാറിനില്‍ക്കുന്നത്. ഗുരുവിനെ കൊണ്ടുവന്നവരില്‍ നിന്നും മറുപടി കിട്ടി. അവരെ നമ്മുടെ അടുത്തേക്കു വിളിക്കരുതോ. ശാഖയിലെ തര്‍ക്കത്തില്‍പെട്ട ഒരു വിഭാഗക്കാരോട് ഗുരു ചോദിച്ചു. 'പാടില്ല. ഒരിക്കലും പാടില്ല. അവര്‍ ഹീനജാതിക്കാരാണ്.' നിങ്ങള്‍ എന്തു പറയുന്നു. ഗുരു മറ്റേ വിഭാഗക്കാരോട് ചോദിച്ചു. "അവരെ ഒരു കാരണവശാലും വിളിക്കാന്‍ പാടില്ല." അവരും മറുപടി പറഞ്ഞു. ഉടന്‍തന്നെ ഗുരു മറുപടി നല്‍കി. "എങ്കില്‍ ഇതാ ഞാന്‍ മടങ്ങിപ്പോവുന്നു. നിങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനാണല്ലോ ഞാന്‍ വന്നത്. ഇപ്പോള്‍ നിങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായിരിക്കുന്നു. ഇനി എന്‍റെ ആവശ്യമില്ല."

മലങ്കരസഭയിലെ ഇരു വിഭാഗക്കാരോടും ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഗുരു ഇതു തന്നെ പറയുന്നുണ്ടാവും. മലങ്കരയിലെ ഇരുകക്ഷികളായി തമ്മില്‍ കലഹിച്ചു നില്‍ക്കുന്ന നിങ്ങള്‍ക്ക് ഒരു കാര്യത്തില്‍ യോജിപ്പുണ്ടല്ലോ. മാര്‍ മൂസാ ഗുര്‍ഗാനെയും അദ്ദേഹം വാഴിച്ച മെത്രാന്മാരെയും സ്വീകരിച്ചു കൂടാ എന്നതില്‍. അതുകൊണ്ട് ഇനിയും നിങ്ങള്‍ എന്തിനു വ്യത്യസ്ത വിഭാഗങ്ങളായി നിന്നു തമ്മില്‍ അടിക്കണം?

മൂസാ ഗുര്‍ഗാനെ മെത്രാപ്പോലീത്താ ആയി വാഴിച്ച മാര്‍ അത്താനാസ്യോസും മാര്‍ മിലിത്തിയോസും ഓര്‍ത്തഡോക്സ് സഭയും യാക്കോബായ സഭയും അംഗീകരിക്കുന്ന മെത്രാന്മാരാണ്. ഇരുവരെയും അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസോ കോട്ടയത്തെ കാതോലിക്കോസോ മുടക്കിയിട്ടില്ല. ഇതുപോലെ രണ്ടു വിഭാഗക്കാരുടെയും അംഗീകാരം പൂര്‍ണ്ണമായും ഉള്ള മെത്രാന്‍ സ്ഥാനം മാര്‍ നിക്കോളാവാസിനു കൂടി മാത്രമേയുള്ളു. ഓര്‍ത്തഡോക്സ് സഭയിലെ ഇതര മെത്രാന്മാരുടെ വാഴ്ച യാക്കോബായ സഭയോ, യാക്കോബായ സഭയിലെ മെത്രാന്മാരുടെ വാഴ്ച ഓര്‍ത്തഡോക്സ് സഭയോ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ മൂസാ ഗുര്‍ഗാന്‍ മെത്രാനോ അദ്ദേഹം വാഴിച്ച മെത്രാന്മാര്‍ക്കോ പട്ടത്വത്തില്‍ എന്തെങ്കിലും കുറവുണ്ടെന്ന് ഇരു സഭകള്‍ക്കും പറയുവാന്‍ ആവില്ല. ഗുര്‍ഗാന്‍ മെത്രാപ്പോലീത്താ വാഴിക്കപ്പെട്ടപ്പോള്‍ യാക്കോബായ വിഭാഗം ഉന്നയിച്ച ഏക വിമര്‍ശനം രണ്ടു മെത്രാന്മാര്‍ കൂടിയാണു വാഴിച്ചത്, മൂന്ന് മെത്രാന്മാര്‍ വേണ്ടിയിരുന്നു എന്നു മാത്രമാണ്. ഒരു മെത്രാന്‍ മാത്രമായി മെത്രാന്‍ വാഴ്ച്ച നടത്തിയതിനു സഭാചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ആ സാഹചര്യത്തില്‍ ആ വാദത്തിന് പ്രസക്തിയില്ല എന്നത് അന്നുതന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും മൂസാ ഗുര്‍ഗാന്‍റയും അദ്ദേഹം വാഴിച്ച മെത്രാന്മാരുടെയും പൗരോഹിത്യ സ്ഥാനത്തെ ചോദ്യം ചെയ്യുവാന്‍ യാതൊരു നിവൃത്തിയുമില്ല. 

ഈ സാഹചര്യത്തില്‍ ഇരുസഭകള്‍ക്കും ചെയ്യാനാവുന്നത് തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇവര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിലക്കു കല്പന പുറപ്പെടുവിക്ക മാത്രമാണ്. തങ്ങള്‍ പുതിയൊരു സഭയാണെന്നു അവര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആ വിലക്കിനു യാതൊരു പ്രസക്തിയും ഇല്ല തന്നെ. ചുരുക്കത്തില്‍ അന്ത്യോഖ്യന്‍ സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാന്മാര്‍ പൂര്‍ണ്ണതയുള്ള മെത്രാന്മാരാണ്. അവരുടെ മേല്‍ ഓര്‍ത്തഡോക്സ് സഭയ്ക്കോ യാക്കോബായ സഭയ്ക്കോ യാതൊരുവിധ അധികാരങ്ങളുമില്ല. അതേസമയം അവരുടെ പട്ടത്വത്തെ അംഗീകരിക്കാതിരിക്കാന്‍ നിവൃത്തിയുമില്ല.

ഇങ്ങനെയൊരു സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും ചിന്തിക്കുന്നവരാണ് കൂടുതലും. എന്നാല്‍ ക്രൈസ്തവ സഭയുടെ ചരിത്രത്തിലേക്കും ദൈവകൃപയുടെ വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ചിന്തയിലേക്കും ആഴ്ന്നിറങ്ങിയാല്‍ 'ഒക്കെയും നന്മയ്ക്ക്' എന്നു നമുക്കു കാണുവാന്‍ കഴിയും. കുസ്തന്തീനോസ്പോലീസ് സുന്നഹദോസ് ശപിച്ചു തള്ളിയ നെസ്തോറിയന്‍ വിഭാഗക്കാരാണ് പിന്നീട് പേര്‍ഷ്യയിലും ഒരു പരിധിവരെ ഇന്ത്യയിലും സുവിശേഷത്തിന്‍റെ ദീപശിഖ ഏന്തിയത്. അവരിലൂടെ എത്രയോ ആളുകളാണ് യേശുവിനെ അറിഞ്ഞതും ഇപ്പോഴും അനുഭവിക്കുന്നതും. ക്രൈസ്തവ സഭയിലെ ഏതൊരു ഭിന്നിപ്പിനെയും അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു മുകുളത്തിന്‍റെ പൊട്ടിവിരിയലായി മാത്രം കണ്ടാല്‍ മതിയാവും. ഈ ഒരു വസ്തുതയുടെ ശാസ്ത്രീയമായ ഉപയോഗമാണ് കത്തോലിക്കാ സഭ ഉപയോഗിച്ചു വരുന്നത്. അവര്‍ വ്യത്യസ്ത റീത്തുകളും പ്രസ്ഥാനങ്ങളും അനുവദിക്കുന്നത് ഈ വൈവിധ്യവല്‍ക്കരണത്തിന്‍റെ പ്രയോജനം നേടുന്നതിനു വേണ്ടിയാണ്. വൈവിധ്യം വൈരുദ്ധ്യമായി കാണുന്നവരാണ് ഇതിനെയെല്ലാം ഭയപ്പെടുന്നത്.

മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥയില്‍ പുതിയൊരു സഭയ്ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്. മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലും ഇന്ന് സ്ഥാപിത താല്പര്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇരുസഭകളും മല്‍സരിച്ചു നടത്തുന്ന മെത്രാന്‍ വാഴ്ച തന്നെ പരിശോധിക്കുക. പണവും സ്വാധീനവും സഭാ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നവരുടെ  താല്പര്യവും മാത്രമാണ് ഇരു സഭകളിലും ഇന്ന് മെത്രാന്‍ പദവിക്കുവേണ്ടുന്ന യോഗ്യത. തങ്ങള്‍ക്കു താല്പര്യമില്ലാത്തവരെ ഒഴിവാക്കുന്നതിനുവേണ്ടി മാത്രം പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും കീഴ്വഴക്കങ്ങളും കൊണ്ടുവരുന്നു. ചുരുക്കത്തില്‍ ഏതാനും ചില വ്യക്തികളുടെ കരചലനങ്ങള്‍ക്കനുസൃതമായി സഭകള്‍ ചലിക്കപ്പെടുന്നു. ഇത് ദൈവിക നീതിയ്ക്കോ സഭയുടെ ധര്‍മ്മത്തിനോ നിരക്കുന്നതല്ല. ആ സാഹചര്യത്തില്‍ അവിടെ സ്ഫോടനങ്ങളും ഉരുകിയൊലിക്കലും ഉണ്ടായേ പറ്റൂ. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേധാവികള്‍ക്ക് ഇഷ്ടമോ അനിഷ്ടമോ ഉള്ളതുകൊണ്ടു മാത്രം എല്ലാ കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ നീങ്ങികൊള്ളണമെന്നില്ല. മലങ്കരസഭയില്‍ ഉണ്ടാവേണ്ടിയിരുന്ന ഐക്യം എത്രയോ തവണ ഏതാനും വ്യക്തികളുടെ പിടിവാശികൊണ്ട് സംഭവിക്കാതെ പോയി എന്നതു നമുക്കറിയാവുന്ന വസ്തുതയല്ലേ?

സഭാധികാരികള്‍ തങ്ങളുടെ നിയോഗത്തില്‍ നിന്നു വ്യതിചലിക്കപ്പെടുമ്പോള്‍ വ്യവസ്ഥകളും വ്യവസ്ഥിതി തന്നെയും കീഴ്മേല്‍ മറിയും. അവിടെ ഗര്‍ത്തങ്ങള്‍ നികത്തപ്പെടുകയും മലകള്‍ ഉണ്ടായിവരികയും ചെയ്യും. മലങ്കരസഭയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.

കഴിവും യോഗ്യതയും ഉള്ളവരാകട്ടെ, ഇല്ലാത്തവരാകട്ടെ ഒരുകൂട്ടം ആളുകളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തിനും ഒരു രാജ്യത്തിനു തന്നെയും എക്കാലവും മുന്നോട്ടുപോവാനാവില്ല. സര്‍വ്വായുധ സജ്ജരായ ഇന്ത്യന്‍ സേന പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെ രോഷത്തിനു മുന്നില്‍ വെണ്ണീറായ കാഴ്ചകള്‍ നമ്മുടെ മുന്നിലില്ലേ? നമ്മുടെ കയ്യിലുള്ള ചെങ്കോലും കിരീടവും ബലഹീനരെ ആട്ടിപായിക്കുന്നതിനുള്ള ആയുധങ്ങളായി ആരും കരുതിക്കൂടാ. തെറ്റു ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ളതല്ല ഇടയന്‍റെ വടി. അവരെ ശരിയായ വഴിക്കു കൊണ്ടുവരാനുള്ള വാത്സല്യമാണെന്നു പലരും പലപ്പോഴും മറന്നുപോവുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ഒരിക്കലും ദൈവം തള്ളിക്കളയുന്നില്ല. ക്രൈസ്തവ സഭയുടെ ആരംഭം തന്നെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദൈവകരുണയുടെ ആവിര്‍ഭാവത്തില്‍ നിന്നാണല്ലോ. പുതിയ സഭകള്‍ രൂപംകൊള്ളുമ്പോഴെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഈ ദൈവിക കരുണയുടെ തുടര്‍ച്ച നമുക്ക് പലപ്പോഴും ദര്‍ശിക്കാവുന്നതാണ്. തള്ളിക്കളയുന്ന കല്ലുകള്‍ മൂലക്കല്ലുകളാവുന്നതും സഭാചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

മലങ്കരസഭാ ചരിത്രത്തില്‍ വലിയ മാര്‍ ദീവന്നാസ്യോസ് എന്ന് അറിയപ്പെടുന്ന ആറാം മാര്‍ത്തോമ്മായുടെ കാലത്ത് കാട്ടുമങ്ങാട് അബ്രഹാം (കുര്യന്‍) റമ്പാന്‍, വിദേശ മേല്‍പ്പട്ടക്കാരനായ മാര്‍ ഗ്രീഗോറിയോസിനാല്‍ മെത്രാനായി അഭിഷിക്തനായപ്പോള്‍ തിരുവിതാംകൂര്‍ - കൊച്ചി ഗവണ്‍മെന്‍റുകളുടെ പിന്‍തുണയോടെ സര്‍വ്വശക്തിയും ഉപയോഗിച്ച്  സഭാനേതൃത്വം അദ്ദേഹത്തെ എതിര്‍ത്തു. എന്നാല്‍ പില്‍ക്കാലത്ത് സഭയ്ക്ക് മേല്‍പ്പട്ടക്കാരെ വാഴിക്കുന്നതിനു ആ സ്ഥാപിച്ച സ്വതന്ത്ര സഭയുടെ പിന്‍സഹായം തേടേണ്ടിവന്നു. അവരുടെ സഹായം തേടിയതിനുശേഷവും അവരെ നിന്ദിക്കുവാന്‍ നമുക്കാവുന്നു എന്നത് നമ്മുടെ സംസ്കാര സവിശേഷത.

മലങ്കരസഭയില്‍ ഈ സഭയ്ക്ക് നേരിട്ട് പ്രയോജനപ്പെടാത്ത മെത്രാന്‍ വാഴ്ച ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. പ. പരുമല തിരുമേനിയും മറ്റുംചേര്‍ന്ന് കൊളംബോയില്‍ വച്ച് അമേരിക്കന്‍ സഭയിലേക്ക് റിനിവിലാത്തി മാര്‍ തിമോത്തിയോസ് എന്ന മെത്രാനെ വാഴിച്ചു. ആ മെത്രാന്‍ അമേരിക്കയില്‍ ചെന്ന് ആംഗ്ലിക്കന്‍ ഓര്‍ത്തഡോക്സ് സഭ രൂപീകരിക്കുകയും നിരവധിപേര്‍ക്ക് മെത്രാന്‍ പട്ടം ഉള്‍പ്പെടെ പൗരോഹിത്യം നല്‍കുകയും ചെയ്തു. ആ പരമ്പരയില്‍ പട്ടംഏറ്റ കാള്‍ മര്‍ക്കന്‍റയിര്‍ എന്ന ആംഗ്ലിക്കന്‍ ബിഷപ്പാണ് കേരളത്തിലെത്തി റവ. സ്റ്റീഫന്‍ വട്ടപ്പാറ ഉള്‍പ്പെടുന്ന ആംഗ്ലിക്കന്‍ സഭാവിഭാഗത്തിനു പട്ടം നല്‍കിയത്. ആ സഭയില്‍ ഇന്നു നിരവധി ബിഷപ്പുമാരും വൈദികരുമുണ്ട്. കേരളത്തിലെ സി. എസ്. ഐ. വിഭാഗത്തില്‍ നീതി ലഭിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെയാണ് ആ സഭാവിഭാഗം ഉള്‍ക്കൊണ്ടത്.

ഇപ്രകാരം നീതിയും നിയമവും നിഷേധിക്കപ്പെട്ടവരുടെ നിലവിളി എപ്പോഴും ഫലം കിട്ടാതെ പോവുകയില്ല എന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. നമ്മള്‍ നമുക്കു മാത്രം ഉപയോഗിക്കാനായി അറയില്‍ സൂക്ഷിച്ചുവയ്ക്കുന്ന പൗരോഹിത്യത്തിന്‍റെ ഉറവകള്‍ അത് ദൈവത്തില്‍ നിന്നു വന്നതായതുകൊണ്ട് ഉറവ പൊട്ടി പുറപ്പെടുന്നതുപോലെ പുറപ്പെടുകയും നമ്മള്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ദൈവം ആഗ്രഹിക്കുന്നിടത്ത് എത്തിച്ചേരുകയും ചെയ്യും. അതില്‍ ആരും പരിഭവപ്പെട്ടിട്ടു കാര്യമില്ല. കാരണം, ദൈവത്തിന്‍റെ വഴികള്‍ നമുക്കു ഗോചരമല്ല എന്നപോലെ അവിടത്തെ പദ്ധതികളും നമുക്ക് മുന്‍കൂട്ടി കാണാനാവില്ല.

എങ്കിലും ഇവിടെ ഒരു ചോദ്യം പ്രസക്തമാവുന്നു. ഇനി ഒരു ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇവിടെ എന്തെങ്കിലും ചെയ്യാനുണ്ടോ? ആത്മാര്‍ത്ഥമായ അന്വേഷണം നടത്തുമ്പോള്‍ നമുക്കു വ്യക്തമാവും, ഇവിടെയുള്ള സഭകള്‍ സമുദായങ്ങളായി അധഃപ്പതിക്കുകയും അതിലെ സ്ഥാനികള്‍ ചടങ്ങുകള്‍ നടത്തി പണം വാങ്ങുന്നവര്‍ മാത്രമായി തീരുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്താല്‍ നിന്ദിക്കപ്പെട്ടവന്‍റെ സുവിശേഷം ഏറ്റെടുത്ത് പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ഇവിടെ ഒരു എപ്പിസ്കോപ്പല്‍ സഭ തയ്യാറായാല്‍ അതിന്‍റെ പ്രസക്തി വളരെയാണ്.

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...