Tuesday 26 September 2023

ഞങ്ങള്‍ അല്‍പ്പവിശ്വാസികള്‍ | ജോര്‍ജുകുട്ടി കോത്തല

കുര്‍ബ്ബാന, കുമ്പസാരം, കുന്തിരിക്കം എന്നിങ്ങനെയുള്ള 3 ത്രി 'കു'കള്‍ ചേര്‍ന്ന ഒരു ത്രിത്വത്തോട് ബന്ധപ്പെട്ടായിരുന്നു സാധാരണ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയുടെ നാളിതുവരെയുള്ള ആരാധനയും ജീവിതവുമെല്ലാം. കുര്‍ബാനയോടുള്ള ഭക്തിയും കുമ്പസാരം നല്‍കുന്ന വിശുദ്ധിയും കുന്തിരിക്കത്തിന്‍റെ സുഗന്ധമായി അവരുടെ ജീവിതത്തിനു രുചിയും നിറവും മണവും നല്‍കി. അതുകൊണ്ടുതന്നെ ഇതവര്‍ക്ക് അനുഭവേദ്യമാക്കിയിരുന്ന പുരോഹിതവര്‍ഗത്തോട് അവര്‍ക്ക് ഭക്തിയോടടുത്ത ആദരവുമുണ്ടായിരുന്നു. തിരുമേനിമാരോടെല്ലാം 'ഭക്തിയും കൂറും' കാതോലിക്കാദിനത്തില്‍ ഉറക്കെ പ്രഖ്യാപിക്കാനും അവര്‍ക്കു മടിയില്ലായിരുന്നു. എന്നാല്‍ തങ്ങളില്‍ നിന്ന് ഭക്തിയും കൂറും കൈപ്പറ്റിയിരുന്നവര്‍ തിരികെ നല്‍കുന്നതെന്താണെന്നവര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നും ദൗര്‍ഭാഗ്യകരമെന്നുമൊക്കെ പലരും വാക്കുകളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ശുദ്ധ അധാര്‍മികതയുടെ വെളിപ്പെടുത്തലുകള്‍ ഒരു ജനതയെയാകെ നിരാശയുടെ നിലയില്ലാ നീര്‍ക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ നീട്ടിയെടുത്തിട്ടും ഇപ്പോഴും കല്പവൃക്ഷംപോലെ അധികാരികള്‍ക്ക് ആഹരിക്കാന്‍ വിഭവങ്ങളൊരുക്കുന്ന, എന്നാല്‍ സാധാരണജനങ്ങളെ ഞെക്കിപ്പിഴിയുന്ന സഭാക്കേസിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കുതറി മാറാന്‍ ഇനി വിശ്വാസികള്‍ ഒട്ടും വൈകിക്കൂടാ. വിദേശ മേല്‍ക്കോയ്മയുടെ വീര്യമുള്ള കയ്പു നീരാണല്ലോ ഈ സഭയുടെ ഇന്നത്തെ ദുര്‍ഗതിയുടെയും വക്കാലത്തു ജീവികളുടെ സദ്ഗതിയുടെയും കാരണമായി ചൂണ്ടിക്കാട്ടാന്‍ നമ്മുടെ മുമ്പില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന വിശുദ്ധ പശു. വിദേശത്തു നിന്നുള്ളതായാലും സ്വദേശത്തു നിന്നുള്ളതായാലും ഒരു മേല്‍ക്കോയ്മയും നമുക്കാവശ്യമില്ല എന്നു എല്ലാ വിശ്വാസികളും ഉറപ്പിച്ചു പറയേണ്ട സുപ്രസാദകാലം ഇതാ വന്നെത്തിയിരിക്കുന്നു. ആത്മിക ചുമതലകള്‍പോലും നിര്‍വഹിക്കുമ്പോള്‍ കാലിടറുന്ന പുരോഹിതവര്‍ഗത്തിന് എങ്ങനെയാണ് ഭൗതിക ചുമതലകള്‍ പ്രേരണക്കും പ്രലോഭനങ്ങള്‍ക്കും വിധേയരാകാതെ നിര്‍വഹി ക്കുവാന്‍ കഴിയുക? ഒന്നായ മലങ്കരസഭ ഭരിക്കാനും നയിക്കാനും തങ്ങള്‍ക്കാണവകാശമെന്നും തങ്ങള്‍ക്കതിനധികാരമുണ്ടെന്നും സാധാരണ വിശ്വാസികള്‍ തിരിച്ചറിയാതെ, ഏതെങ്കിലും വിധികള്‍ക്ക് കീഴടങ്ങിക്കൊടുക്കേണ്ട ഒരു ബാധ്യതയും ആര്‍ക്കുമില്ല. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ സിയേഷനാണ് മലങ്കരസഭയുടെ പരമാധികാരമെങ്കില്‍, ആ അസോസിയേഷന്‍റെ അജന്‍ഡ നിശ്ചയിക്കുവാനും അതിന്‍റെ അംഗങ്ങള്‍ക്കു തന്നെയാണ് പരമാധികാരം. ഏതു ഭരണഘടനയും അസോസിയേഷനു വിധേയമാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, പുരോഹിതവര്‍ഗ്ഗത്തിനു തീറെഴുതിക്കൊടുത്ത എല്ലാ അധികാരങ്ങളും അവകാശങ്ങളും അവര്‍ക്ക് തിരികെ പിടിക്കാനും എളുപ്പം കഴിയും.

പറഞ്ഞുവരുന്നത്, ഇന്നു മെത്രാന്മാരും കാതോലിക്കായും സുന്നഹദോസുമെല്ലാം കൈവശം വച്ചിരിക്കുന്ന അവകാശാധികാരങ്ങള്‍ അത്മായ പ്രതിനിധികള്‍ക്കു വീതംവച്ചു നല്‍കണമെന്നൊന്നുമല്ല. പക്ഷേ, ജനഹിതത്തിനു വിരുദ്ധമായി ഏതെങ്കിലും വകുപ്പുകളുടെ പിന്‍ബലത്തില്‍ എക്കാലവും സഭാഭരണം നിര്‍വഹിക്കാമെന്നും പുരോഹിതവര്‍ഗത്തിന്‍റെ പിന്‍ബലത്തോടെ ഇടവകകള്‍ നിയന്ത്രിക്കാമെന്നും കരുതുന്നവര്‍ ആ മൂഢസ്വപ്നത്തില്‍ ഇനി അധികകാലം കഴിയേണ്ടതില്ല എന്നു മാത്രമാണ്.

വൈദികരെയും വൈദികനേതൃത്വത്തെയും കണ്ണുമടച്ചു വിശ്വസിക്കുവാന്‍ ഇനി സുബോധമുള്ള ഒരു വിശ്വാസിയും തയാറല്ല. സുന്നഹദോസില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഗതി മാത്രമല്ല, അതിനു പിന്നില്‍ നടക്കുന്ന ചതികളെപ്പറ്റിയും ഇന്ന് അവര്‍ക്കു ബോധ്യമുണ്ട്. ആത്മീയമായ കൂദാശകളിലൂടെ ജനങ്ങളെ ചതിക്കുന്നവര്‍ക്കും അവരെ പിന്തുണക്കുന്ന മേലാളന്മാര്‍ക്കും അധികാരത്തിന്‍റെ ബ്ലാങ്ക് ചെക്ക് നല്‍കുവാന്‍ വിശ്വാസികള്‍ ഇനി തയാറാവില്ല. അതെ, ഞങ്ങള്‍ ഇപ്പോള്‍ അല്‍പവിശ്വാസികളാണ് നിങ്ങളുടെ കാര്യത്തില്‍.

ഇവിടെ ഒരു ചോദ്യമുണ്ട്. ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ യഥാര്‍ത്ഥ സ്വത്വം എന്താണ്? എന്തിനുവേണ്ടിയാണവര്‍ ഈ കോടതികളായ കോടതികളിലെല്ലാം കയറിയിറങ്ങുന്നത്? ആളും അര്‍ത്ഥവും ഏറെയുള്ള പള്ളികളുടെയൊക്കെ മുമ്പില്‍ പോലീസിനെയും പട്ടാളത്തിനെയും നിരത്തുന്നത്? ഇതൊക്കെ തെറ്റാണെന്നു പറയുന്നവരെ 'നവോത്ഥാനക്കാര്‍' എന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്? ഇതിന്‍റെയെല്ലാം പരമാധികാരം തരാമെന്നു പറഞ്ഞാല്‍ കൂടി, 'വേണ്ട, എനിക്ക് കോടതിയും രാഷ്ട്രീയവുമാണിഷ്ടം' എന്നു പറഞ്ഞുനടക്കുന്നവര്‍ക്ക്, ശാന്തിയുടെയും ശാന്തതയുടെയും അല്പവസ്ത്രംപോലും വേണമെന്നു തോന്നാത്തത്? 

അതിനൊക്കെ മറുപടി നമ്മള്‍ തന്നെ കണ്ടുപിടിക്കണം. നമ്മള്‍ വിശ്വാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന യഥാര്‍ത്ഥ സുറിയാനി ക്രിസ്ത്യാനി സ്വത്വം എന്തെന്ന് നാം ആദ്യം തിരിച്ചറിയണം. നമ്മുടെ പിതാക്കന്മാര്‍, ആദരിക്കുകയും വിധേയപ്പെടുകയും ചെയ്തത് സഭയ്ക്കും ദൈവത്തിനുംവേണ്ടി സ്വയം എറിഞ്ഞുകളഞ്ഞ പിതാക്കന്മാരെയാണ്. അവരെ പിന്‍പറ്റി തന്നെയാണ് സഭ നിലനിന്നതും. പരുമല തിരുമേനിയിലും പാമ്പാടി തിരുമേനിയിലും എല്ലാം നാം ദര്‍ശിച്ചതും അനുഭവിച്ചതും വിശുദ്ധിയുടെ ആ ദിവ്യതേജസ്സും ഉത്തരവാദിത്തപൂര്‍ണ്ണമായ സഭാസ്നേഹവുമാണ്. അവരുടെ പിന്മുറക്കാരില്‍നിന്നും നമ്മള്‍ പ്രതീക്ഷിച്ചതും അതു തന്നെ ആയിരുന്നു. എന്നാല്‍ തങ്ങള്‍ വെറും ഫാന്‍സിഡ്രസുകാരാണെന്നു തങ്ങളുടെ ഉത്തരവാദിത്തവും വിധേയത്വവും ചില രാഷ്ട്രീയ നേതാക്കളോടും പ്രത്യയശാസ്ത്രത്തോടുമാണെന്ന് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും പ്രഖ്യാപിക്കുന്ന ഇത്തരക്കാരില്‍ ഇനി നമ്മള്‍ പിതൃഭാവമൊന്നും പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല. വൈദിക സെമിനാരിയില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ലീപ്പിംഗ് സെല്ലായി ആരംഭിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സെല്ലുകളും ബ്രാഞ്ചുകളുമാണ് ഇന്ന് പത്തി വിടര്‍ത്തി ആടുന്നത്. മറുപക്ഷത്തുള്ള രാഷ്ട്രീയക്കാരാവട്ടെ എങ്ങനെയും ഭരണത്തിലെത്തിയാല്‍ കിട്ടുന്ന കടലാസുകളിലെല്ലാം 'ണ്ട' 'ണ്ണ' വരച്ചാല്‍ ഉത്കൃഷ്ടഭരണമാണെന്നു സ്വയം സമാധാനിക്കുന്നവരുമാണ്. ഭരണത്തിലേറുക എന്ന ഒരേ ഒരു അജന്‍ഡ മാത്രമുള്ള അവരില്‍ നിന്നും ആരും നന്മയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ചുരുക്കത്തില്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറാതെ, പൊതുസമൂഹത്തിന്‍റെ അവഹേളനപാത്രമായി നിലനില്‍ക്കാതെ, കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരായി നമുക്ക് സ്വയം കണ്ടെത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിനാണ് ഓരോരുത്തരും ഉത്തരം കണ്ടെത്തേണ്ടത്.

ദൈവത്തോടു മാത്രം ഉത്തരവാദിത്വമുള്ളവരായി, സ്വയം ചുമതലകള്‍ നിറവേറ്റുന്നവരായി നമുക്ക് രൂപാന്തരപ്പെടാം. സഭയുടെ പേരില്‍ നടക്കുന്ന തിന്മകളെയും ദേവാലയത്തില്‍ നിന്നു കള്ളന്മാരെയും കാപട്യക്കാരെയും പുറത്താക്കിയ ദൈവപുത്രനില്‍ നിന്ന് ശക്തിയും ചൈതന്യവും ആര്‍ജിച്ചുകൊണ്ട് നമുക്ക് തുറന്നെതിര്‍ക്കാം. അതെ, ഇത് നമുക്കു പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ഈ സഭയെ സഭയായി നിലനിര്‍ത്താന്‍ സാധാരണ വിശ്വാസികള്‍ക്കു മാത്രമേ കഴിയൂ.

(മലങ്കര നവോത്ഥാനം 2018 ഓഗസ്റ്റ്) 

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...