Tuesday 19 September 2023

വലിയ ജീവിതാനുഭവങ്ങള്‍ കൊച്ചുസാറില്‍നിന്നും | ടി. പി. ജോര്‍ജ്ജുകുട്ടി


നമ്മുടെ ഈ കാലഘട്ടത്ത് ജീവിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരോ നിര്‍ഭാഗ്യവാന്മാരോ എന്നു ചോദിച്ചാല്‍ മറുപടി പല വിധത്തിലും ലഭിക്കും. ആധുനികമെന്നും അത്യാന്താധുനികമെന്നും ഉത്തരാധുനികമെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ സാഹിത്യത്തില്‍ മാത്രമല്ല പലപ്പോഴും ജീവിതാനുഭവങ്ങളിലും നമുക്കു ചേര്‍ത്തുവയ്ക്കാം. എന്തായാലും ഒരു റേഡിയോപോലും കേള്‍ക്കുവാനുള്ള അവസരമില്ലാതിരുന്ന ബാല്യകാലത്തും ഏറ്റവും ആധുനികമായ മൊബൈല്‍ ആപ്പുകളുടെ വിസ്മയലോകത്തും ജീവിക്കാന്‍ കഴിഞ്ഞ നമ്മുടെ ഏറ്റവും മുതിര്‍ന്ന തലമുറയുടെ ഒരു പ്രതിനിധിയുമായി ഒരഭിമുഖ സംഭാഷണം നടത്തണമെന്ന് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ഒരുള്‍വിളിയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ധത്തില്‍ ജനിച്ചവരുടെ പ്രതിനിധിയായി അവര്‍ കണ്ടെത്തിയത് തഴക്കുഴിയിലെ ബഹുമാനപ്പെട്ട കൊച്ചുസാറിനെയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തില്‍ ബാല്യകൗമാരങ്ങള്‍ പിന്നിടുന്നവരുടെ പ്രതിനിധികളായി തറക്കുന്നേല്‍ രൂബേന്‍ തോമസ് ലാലും കോതാനില്‍ സച്ചു ഷാജി ഏബ്രഹാമും നിയുക്തരായി. തലമുറകളുടെ പാലമായി കണ്ണന്താനത്തെ ബേബിച്ചായനും കൂടി എത്തിയപ്പോള്‍ കൗമാര കൗതുകങ്ങള്‍ക്ക് പാകമായ പ്രജ്ഞയുടെ പിന്‍ബലവുമായി. ഇത്തരമൊരു കൂടിച്ചേരലിന്‍റെ വിശേഷങ്ങള്‍ക്ക് അക്ഷരരൂപം നല്‍കുവാന്‍ അതുകൊണ്ടു തന്നെ അവസരം ലഭിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ഈയുള്ളവനും കഴിഞ്ഞില്ല. ഒപ്പം ചേരാന്‍ കൊച്ചുസാറിന്‍റെ കൊച്ചമ്മയും കൂടി എത്തിയപ്പോള്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കലിന് പുന്നെല്ലിന്‍റെ രുചിയും മുല്ലപ്പൂവിന്‍റെ മണവും പഴുത്തുഞാലുന്ന ഞാലിപ്പൂവന്‍റെ മധുരവുമായി.

1960-ലാണ് കോത്തലയിലെ എന്‍..എസ്.എസ്. യു.പി.എസില്‍ അധ്യാപകനായി കൊച്ചുസാര്‍ 'കൊച്ചുസാറാ'യി തന്നെ എത്തുന്നത്. സമൂഹത്തിലെങ്ങും ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞുനിന്ന കാലം. 'മുണ്ടുമുറുക്കിയുടുക്കുക' എന്ന് ഇന്ന് നമ്മള്‍ അനുഭവമില്ലാതെ പ്രയോഗിക്കുന്ന ശൈലി അക്ഷരാര്‍ത്ഥത്തില്‍ നിലനിന്ന ദാരിദ്ര്യത്തിന്‍റെ പുഷ്കലകാലം. അധ്വാനിക്കുന്നവനും അരവയര്‍ നിറയ്ക്കുക അത്ര എളുപ്പമല്ലാതിരുന്ന ദുഷ്കര കാലം. അധ്യാപക ജോലിയുമായി 1960-ല്‍ കോത്തല എന്‍.എസ്.എസ്. യു.പി. സ്കൂളില്‍ അധ്യാപകനായി ചേരുന്ന ദിനം ഇപ്പോഴും സാറിന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. അപ്പോള്‍ പെട്ടെന്ന് രൂബേനൊരു സംശയം. 'അന്ന് സാറിന് എത്ര രൂപ ശമ്പളമുണ്ടായിരുന്നു?' അപ്പോള്‍ സാറു പറഞ്ഞു 'ഇന്നു കിട്ടുന്ന പെന്‍ഷന്‍ അന്നത്തെ ശമ്പളത്തിന്‍റെ 300 ഇരട്ടിയാണ്.' കുട്ടികളുടെ സംശയം തീരാതിരുന്നപ്പോള്‍ സാര്‍ അന്ന് സ്കൂളില്‍ പഠിപ്പിച്ചിരുന്ന ഓര്‍മ്മയില്‍ ഒരു മനക്കണക്കിട്ടു. ഇന്നത്തെ പെന്‍ഷന്‍ 23700 രൂപയെന്നു കണക്കാക്കിയാല്‍ അന്നത്തെ ശമ്പളം എത്രയായിരുന്നു?

കംപ്യൂട്ടറും കാല്‍ക്കുലേറ്ററും കൈവശമില്ലാതിരുന്നതുകൊണ്ട് പുതുതലമുറയുടെ കണക്കുകൂട്ടലുകള്‍ അല്‍പം നീണ്ടുവെങ്കിലും എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ് സച്ചുവിനെ തുണച്ചു. 'എഴുപത്തിയൊന്‍പത്.'

അതു കേട്ടപ്പേള്‍ ആദ്യ ശമ്പളം കയ്യില്‍ കിട്ടിയ അന്നത്തെ ആഹ്ലാദം സാറിന്‍റെ മുഖത്തു തിരതല്ലി. 

അപ്പോള്‍ ടീച്ചര്‍ ഓടിയെത്തി പറഞ്ഞു 'അന്നത്തെ ആ എഴുപത്തിയൊമ്പത് രൂപ അത്ര ചെറുതൊന്നുമായിരുന്നില്ല. 79 രൂപ ശമ്പളക്കാരനെ കൈക്കലാക്കാന്‍ എത്രയോ ഭൂഉടമകള്‍ ആഗ്രഹിച്ചുവെന്ന് ഓര്‍മയുണ്ടോ? അങ്ങനെ വന്ന ആലോചനകളൊന്നും ഇങ്ങേര്‍ സ്വീകരിക്കാതിരുന്നത് ഒരു ശമ്പളക്കാരിയെ കെട്ടിയാല്‍ അത് തന്‍റെ കുടുംബത്തിന് ഒരു രക്ഷയാകുമെന്ന് കരുതിയാണ്.' അത് ആ കാലഘട്ടത്തിന്‍റെ നന്മയാണ്. ഇന്നത്തെപ്പോലെ 'ഞാനും ഭാര്യയും മക്കളുമെന്ന' ചിന്ത അന്ന് ആര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലാം കുടുംബത്തിനുവേണ്ടി എന്നായിരുന്നു എല്ലാവരുടെയും ചിന്ത. മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും കുടുംബം അഭിവൃദ്ധിപ്പെടുത്തുവാനും വേണ്ടി എല്ലാവരും പരമാവധി പരിശ്രമിച്ചിരുന്ന കാലമായിരുന്നു അത്. ആ കാലഘട്ടത്തിലെ  ആ ഉള്‍ക്കാഴ്ചയും വിശ്രമമില്ലാത്ത അധ്വാനവുമാണ് നമ്മുടെ സമൂഹത്തിലെ ഇന്നത്തെ എല്ലാ അഭിവൃദ്ധിയുടെയും അടിസ്ഥാനം എന്ന് കൊച്ചുസാര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ടീച്ചറും ബേബിച്ചായനും അത് തലകുലുക്കി സമ്മതിച്ചു.

പിന്നീട് ബേബിച്ചായന്‍റെ ഊഴമായിരുന്നു. കോത്തല ദേശത്തിന്‍റെ പഴമയിലേക്ക്, കോത്തല പള്ളിയുടെ ഉത്ഭവത്തിലേക്ക്, അന്നത്തെ കുടുംബങ്ങളുടെ പരസ്പര സഹകരണത്തെപ്പറ്റി ഒക്കെ ബേബിച്ചായന്‍ ഒരു ചര്‍ച്ച തുടങ്ങിവച്ചു.

തെക്കുംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്ന നമ്മുടെ നാട്ടില്‍ തെക്കുംകൂര്‍ രാജാക്കന്മാരുടെ വിശ്രമവസതി ഇന്നും നിലനില്‍ക്കുന്നതിനെപ്പറ്റിയും കോത്തല എന്ന സ്ഥലനാമത്തിന്‍റെ നിഷ്പത്തിയെപ്പറ്റിയും ഒക്കെ കൊച്ചുസാര്‍ വിശദമായി പ്രതിപാദിച്ചു. അത് അടുത്തലക്കത്തിലേക്കുള്ള പഠനവിഷയമാക്കാമെന്ന് പ്രദക്ഷിണത്തിന്‍റെ പ്രതിനിധികള്‍ക്ക് അപ്പോള്‍ ഒരു ദര്‍ശനവുമുണ്ടായെന്നു തോന്നുന്നു.

എന്തായാലും വളരെ കൗതുകമുണര്‍ ത്തുന്ന ഒരു ചോദ്യം ഉന്നയിച്ച് രൂബേന്‍ ചര്‍ച്ചയുടെ ഗതി തിരിച്ചു. 'നമ്മള്‍ എങ്ങനെ മെത്രാന്‍കക്ഷിക്കാര്‍ ആയി മാറി ? കക്ഷിനിലപാടിനു പിന്നിലെ കാര്യങ്ങള്‍ വാസ്തവത്തില്‍ എന്താണ് ?' 

പാമ്പാടി തിരുമേനി

പാമ്പാടി തിരുമേനി വട്ടശ്ശേരില്‍ തിരുമേനിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് അദ്ദേഹം സ്വാഭാവികമായും മെത്രാന്‍ കക്ഷിയില്‍ നിന്നു. നമ്മുടെ പിതാക്കന്മാരൊക്കെയും പാമ്പാടി തിരുമേനിയുടെ നിലപാടിന് ഒപ്പം നില്‍ക്കുന്നവരായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും നമ്മള്‍ മെത്രാന്‍കക്ഷിക്കാരായി. അക്കാലത്തെ കക്ഷിവഴക്കില്‍ പാമ്പാടി പള്ളിയില്‍ പാമ്പാടി തിരുമേനി താമസിച്ചിരുന്ന കെട്ടിടം എതിര്‍വിഭാഗക്കാര്‍ തീയിടുകയും അന്ന് റമ്പാച്ചന്‍ ആയിരുന്ന തിരുമേനിക്ക് അവിടെ തുടര്‍ന്നു താമസിക്കാന്‍ കഴിയാതെ വരുകയുമുണ്ടായി. ഈ സാഹചര്യത്തിലാണല്ലോ തിരുമേനിയുടെ ഗുരു മഠത്തിലാശാന്‍ പൊത്തന്‍പുറത്ത് 13 ഏക്കര്‍ സ്ഥലം തിരുമേനിക്ക് നല്‍കുന്നതും.

മഠത്തിലാശാന്‍

മഠത്തിലാശാനെപ്പറ്റി പറഞ്ഞപ്പോള്‍ സച്ചു ചോദിച്ചു. 'മഠത്തിലാശാനാണ് പാമ്പാടിയിലെ ഇന്നത്തെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളായി തീര്‍ന്ന സര്‍ക്കാര്‍ വിദ്യാലയത്തിനും സ്ഥലം കൊടുത്തതെന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്കൂളിന് മഠത്തിലാശാന്‍റെ പേര് അല്ലായിരുന്നോ നല്‍കേണ്ടത്.?'

"തീര്‍ച്ചയായും അങ്ങനെ തന്നെയായിരുന്നു വേണ്ടിയിരുന്നത്. ആധുനിക പാമ്പാടിയുടെ പിതാവ് എന്നു വിളിക്കേണ്ടത് മഠത്തിലാശാനെ തന്നെയാണ്. അദ്ദേഹം ദാനമായി നല്‍കിയ സ്ഥലങ്ങളുടെ വില കണക്കാക്കിയാല്‍ ഇന്ന് അതിന് ശതകോടികളുടെ മൂല്യമുണ്ടാവും. പാമ്പാടി സ്കൂളില്‍ അധ്യാപകനായി വന്ന പൊന്‍കുന്നം വര്‍ക്കി സാറിന്, സാഹിത്യരംഗത്തുണ്ടായിരുന്ന സ്ഥാനം പരിഗണിച്ചാണ് സ്കൂളിനെ അദ്ദേഹത്തിന്‍റെ സ്മാരകമാക്കിയത്. പൊന്‍കുന്നം വര്‍ക്കി സാര്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നുവല്ലോ. മഠത്തിലാശാന്‍റെ പ്രവര്‍ത്തനകേന്ദ്രം പാമ്പാടി മാത്രമായിരുന്നുവല്ലോ. അതുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നവരുടെ കണ്ണില്‍ അദ്ദേഹത്തിന്‍റെ പേര് പെട്ടില്ല എന്നേയുള്ളു."

വിദ്യാഭ്യാസരംഗം

കൊച്ചുസാര്‍ അന്ന് വിദ്യാഭ്യാസം ആരംഭിച്ചത് കോത്തല സി.എം.എസ്. സ്കൂളിലായിരുന്നു. 135 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ആ സ്കൂളായിരുന്നു ഈ നാടിന്‍റെ വിദ്യാഭ്യാസ രംഗത്തിനു തുടക്കം കുറിച്ചത്. അത് സ്ഥാപിച്ച മിഷണറിമാരോട് നാം കടപ്പെട്ടിരിക്കുന്നു എന്നു സാര്‍ പറഞ്ഞു.

സാര്‍ അധ്യാപകനായി ചേര്‍ന്ന എന്‍.എസ്.എസ്. സ്കൂള്‍ സ്ഥാപിതമായത് 1960 ലാണ്. വാസ്തവത്തില്‍ കോത്തലയില്‍ ഒരു സ്കൂളിന് അപേക്ഷ നല്‍കിയതും അത് ലഭിച്ചതും നമ്മുടെ പള്ളിയിലെ ഇടവകാംഗമായിരുന്ന തറക്കുന്നേലെ ഫിലിപ്പ് മാഷിനായിരുന്നു (എണ്ണശ്ശേരില്‍). എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഒരു സ്കൂള്‍ മാനേജ്മെന്‍റ് ഏറ്റെടുക്കുവാനുള്ള സാഹചര്യം നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വാഭാവികമായും അന്ന് അത് സാധിക്കുമായിരുന്ന കരയോഗത്തിനു ലഭിച്ചു. കഴിഞ്ഞ തലമുറയിലെ നമ്മുടെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായുമുള്ള അവസ്ഥയെ അത് വ്യക്തമാക്കുന്നുണ്ട്, കൊച്ചുസാര്‍ പറഞ്ഞു നിര്‍ത്തി. ഈ സമയം രൂബേന്‍ ചോദിച്ച ചോദ്യം ശ്രദ്ധേയമായി.

"വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ പിന്നോക്കമായിരുന്ന ഈ കാലഘട്ടത്തില്‍തന്നെയാണല്ലോ പുള്ളോലിക്കലെ ഡോക്ടര്‍ ജോര്‍ജ് ജേക്കബ് ലണ്ടനില്‍ പോയി വിദ്യാഭ്യാസം നേടിയത് . അത് എങ്ങനെ സാധിച്ചു?"

"പുള്ളോലിക്കല്‍ കുടുംബത്തിന് അന്ന് ബന്ധുബലം മൂലം കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂടുതല്‍ ഭൂസ്വത്തുമുണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരേക്കാള്‍ അറിവും അവര്‍ക്ക് ഉണ്ടായിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ എന്നെ കണ്ടതുപോലെ പുള്ളോലിക്കലെ ഡോക്ടറെയും കണ്ട് ഒരു അഭിമുഖം നടത്തുന്നത് നന്നായിരിക്കും." കൊച്ചുസാറിന്‍റെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കഴിഞ്ഞ തലമുറയുടെ നന്മയെപ്പറ്റി സാര്‍ പറഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു കേട്ടു. അന്നത്തെ തലമുറയ്ക്ക് എന്തെല്ലാം പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ വിശ്വാസത്തിനും അധ്വാന മനോഭാവത്തിനും പരിധിയോ പരിമിതികളോ ഉണ്ടായിരുന്നില്ല. വിശ്വാസവും ജീവിതവും അവര്‍ക്ക് രണ്ടായിരുന്നില്ല. അധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കും അവര്‍ ഒരേ പ്രാധാന്യം നല്‍കി. അവരുടെ ആ ജീവിത ശൈലിയാണ് ഇന്നത്തെ നമ്മുടെ എല്ലാ പുരോഗതിയ്ക്കും അടിസ്ഥാനമെന്ന്, കുട്ടികള്‍ ഒരിക്കലും മറക്കരുത്.

ജീവിതം തനിക്ക് നല്‍കിയ സന്ദേശം അദ്ദേഹം ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. എളിയവനെ ..... എന്ന വാക്യം തന്നെ ഓര്‍മ്മിപ്പിച്ചത് കണ്ണന്താനത്തെ അപ്പച്ചനാണ്. നിങ്ങള്‍ക്കും ഞാന്‍ അതു പകര്‍ന്നു നല്‍കുന്നു. പ്രാര്‍ത്ഥന എന്നാല്‍ ഏറെനേരം ഉരുവിടുന്നതിലല്ല അത് ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നതിലാണ് ശ്രേഷ്ഠത എന്നു സാര്‍ ഓര്‍മ്മിപ്പിച്ചു. കര്‍ത്തൃപ്രാര്‍ത്ഥനയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. നമ്മുടെ കടക്കാരോട് നമ്മള്‍ ക്ഷമിക്കുന്നതുപോലെ ദൈവം നമ്മോടു ക്ഷമിക്കണമെന്നാണല്ലോ അവിടെ നാം പ്രാര്‍ത്ഥിക്കുന്നത്. 'പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം മനസില്‍ സൂക്ഷിച്ചുകൊണ്ട് വേണം നാം പ്രാര്‍ത്ഥിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും' കൊച്ചുസാര്‍ പറഞ്ഞു നിര്‍ത്തി. 

മുപ്പത്തഞ്ചു വര്‍ഷമായി പ്രമേഹ ബാധിതനായിരുന്ന കൊച്ചുസാറിനു മുമ്പു കണ്ടപ്പോഴുള്ള ക്ഷീണമൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ എന്നു ബേബിച്ചായന്‍ പറഞ്ഞപ്പോള്‍ വാര്‍ധക്യത്തില്‍ ആരോഗ്യം വീണ്ടെടുത്ത അത്ഭുതകരമായ അനുഭവം അദ്ദേഹം പങ്കുവച്ചു. വര്‍ഷങ്ങളായി ഇന്‍സുലിന്‍ വലിയ തോതില്‍ എടുത്തിരുന്ന താന്‍ ഇന്ന് ഒരു മരുന്നും കഴിക്കുന്നില്ല. പ്രകൃതിജീവനത്തിന്‍റെ സന്ദേശം കോത്തല ഇടവകയ്ക്ക് പരിചിതമാണെങ്കിലും അടുത്ത കാലംവരെ അതിനോട് മുഖം തിരിച്ചിരുന്ന സാറിന്‍റെ അനുഭവം ഏറെ ശ്രദ്ധയമായി. കൊച്ചുസാറിന്‍റെ മൂത്ത മകന്‍ ഗവേഷകന്‍ കൂടിയായ പ്രൊഫ. ഡോ. തോമസ് മാത്യു നിര്‍ദ്ദേശിച്ച ഒരു ഭക്ഷണക്രമം മാത്രം കൃത്യമായി പിന്തുടര്‍ന്നാണ് എല്ലാ മരുന്നുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിമുക്തി നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഗുളികകളുടെ വലിയൊരു സമാഹാരം ഓരോ നേരവും അകത്താക്കികൊണ്ടിരുന്ന കൊച്ചുസാറിന് ഇന്നു ഭക്ഷണമാണ് മരുന്ന്. പുതിയ ഭക്ഷണക്രമത്തിലേക്കു വന്നതിനുശേഷം ആശുപത്രിയിലേക്കു പോകേണ്ടതായി വന്നിട്ടില്ല എന്നു സന്തോഷത്തോടെ സാര്‍ പറഞ്ഞു.

പ്രകൃതിജീവനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പാതകളിലൂടെ സഞ്ചരിക്കുവാന്‍ എക്കാലവും താല്പര്യം പ്രകടിപ്പിക്കുന്ന കോത്തലയിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ലഭിച്ച നിധിയാണ് കൊച്ചുസാര്‍ പങ്കുവച്ച ജീവിത അനുഭവങ്ങളും സന്ദേശവുമെന്ന് സച്ചുവും രൂബേനും പറഞ്ഞു. ആ നിധി തീര്‍ച്ചയായും നമ്മുടെ ഇടവകയ്ക്കും നാടിനും മാര്‍ഗ്ഗദര്‍ശകമാകുംവിധത്തില്‍ തങ്ങള്‍ പകര്‍ന്നു നല്‍കുക തന്നെ ചെയ്യും. അവര്‍ ഉറപ്പു നല്‍കി.




No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...