സംസ്ഥാന ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു സമുദായത്തില്‍ നിന്ന് ഒരാള്‍ സംസ്ഥാന മുഖ്യമന്ത്രിയാവുക. അദ്ദേഹം ആ സ്ഥാനത്തെത്തുമ്പോള്‍ മുതല്‍ സ്വന്തം സമുദായത്തിലെ പുരോഹിതര്‍ ആ സ്ഥാനത്തു നിന്നും അദ്ദേഹത്തെ താഴെയിറക്കാനും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും തുനിയുക. ലോകത്ത് മറ്റൊരിടത്തും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്? എന്താണിതിനു കാരണമെന്ന് ജനങ്ങള്‍ അത്ഭുതപ്പെടുന്നു.
ലക്ഷ്യം ഉമ്മന്‍ചാണ്ടി
കേരളജനസംഖ്യ മൂന്നേകാല്‍ കോടിയാണ്. അതിന്‍റെ പതിനെട്ട് ശതമാനമാണ് ക്രിസ്ത്യാനികള്‍. ഏതാണ്ട് അറുപത് ലക്ഷം. ലത്തീന്‍-സിറിയന്‍-മലങ്കര വിഭാഗങ്ങളില്‍പെട്ട കത്തോലിക്കാ വിഭാഗമാണ് അതില്‍ പകുതിയിലേറെ: പെന്തക്കോസ്തു വിഭാഗങ്ങളും മറ്റ് പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരും കൂടി മറ്റൊരു വിഭാഗമുണ്ട്. പിന്നീട് അവശേഷിക്കുന്ന പതിനെട്ടു ലക്ഷം പേരാണ് ഓര്‍ത്തഡോക്സ്-മാര്‍ത്തോമ്മാ-യാക്കോബായക്കാര്‍ വിഭാഗങ്ങളില്‍ ഉള്ളത്. ഇവരില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ ഏകദേശം പന്ത്രണ്ടുലക്ഷത്തോളം വരും. അതായത് ഓരോ വിഭാഗവും ആറു ലക്ഷം അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നു.
ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളില്‍ പുരോഹിതന്മാരും മെത്രാന്മാരും മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ പ്രമുഖരായ അല്‍മായര്‍ക്ക് ഇടവകകളിലും സഭയിലും പ്രമുഖ സ്ഥാനവും നിര്‍ണായക തീരുമാനങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തവും ഉണ്ടായിരുന്നു. ഒരു പരിധിവരെ പുരോഹിതന്മാരെ നിയന്ത്രിക്കുന്നതിനും സഭയുടെ ഇതര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമ്പത്തിക സാമൂഹിക വ്യവസായിക രംഗങ്ങളിലൊക്കെയും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെയെന്നും നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും രംഗത്ത് അറിവോ അംഗീകാരമോ ഉള്ള വ്യക്തികള്‍ സഭയില്‍ സ്വാധീനം നേടുന്നത് തങ്ങളുടെ മേധാവിത്വത്തിന് ഭീഷണിയായി പുരോഹിതനേതൃത്വം കണ്ടു തുടങ്ങി: രാഷ്ട്രീയ സാമൂഹിക അംഗീകാരമുള്ള വ്യക്തികള്‍ക്ക് സഭയിലും ഇടവകകളിലും പ്രവര്‍ത്തിക്കുന്നതിന് താല്പര്യം നഷ്ടപ്പെടുന്ന വിധത്തില്‍ പുരോഹിതന്മാരും അവരുടെ നേതൃത്വവും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ സ്വാഭാവികമായും പള്ളികളും സഭയും പുരോഹിതഭരണത്തിന്‍ കീഴിലായി മാറി. ഇത് മലങ്കരസഭയുടെ പാരമ്പര്യത്തിനോ സംസ്കാരത്തിനോ ചേരാത്ത നടപടികളിലേക്ക് സഭയെ നയിക്കുവാന്‍ ഇടയാക്കുന്നു എന്നതാണ് വസ്തുത.
ഉന്നതമായ വ്യക്തിത്വവും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ഔന്നത്യവും ഉള്ളവര്‍ സഭയിലുണ്ടാവുന്നത് തങ്ങളുടെ മേധാ ശക്തിയെ ബലഹീനമാക്കും എന്ന ചിന്തയില്‍ നിന്നും ഉണ്ടായ അഹങ്കാരജന്യമായ അജ്ഞത മൂലം സഭാംഗങ്ങള്‍ സമൂഹത്തില്‍ ഉയരുന്നതിനെ പുരോഹിതനേതൃത്വത്തിന് അംഗീകാരിക്കാനാവുന്നില്ല. പി.സി. അലക്സാണ്ടര്‍ എന്ന മഹാനായ വ്യക്തി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകാരത്തോടെ ഇന്ത്യയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിച്ചേരുമെന്നുള്ള അവസ്ഥ ഉണ്ടായപ്പോള്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് - യാക്കോബായ മെത്രാന്മാര്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിനു ടെലിഗ്രാം ഡല്‍ഹിയിലേക്ക് അയയ്ക്കുകയും ചെയ്തു. യാക്കോബായ നേതൃത്വം അതിനു തുനിഞ്ഞത് കറ കളഞ്ഞ
ഒരു ഓര്‍ത്തഡോക്സ് വിശ്വാസി ഇന്ത്യന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ അത് തങ്ങള്‍ക്ക് കോടതി കേസുകളിലും വിധി നടത്തിപ്പിലും പ്രതികൂലമായി ഭവിക്കും എന്നു ചിന്തിച്ചാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ്പുമാര്‍ ചിന്തിച്ചത് ഇന്ത്യയുടെ അത്യുന്നത സ്ഥാനത്ത് തങ്ങളുടെ സഭാംഗമായ ഒരാള്‍ എത്തുന്നത് സഭയില്‍ തങ്ങളുടെ പ്രാമുഖ്യം കുറയ്ക്കാന്‍ ഇടയാക്കും എന്നാണ്. ഈ ചിന്ത തന്നെയാണ് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയ്ക്കെതിരെ തിരിയുവാന്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ വ്യക്തിത്വത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇന്നത്തെ സഭാ സമരങ്ങളുടെ പിന്നിലുള്ള പ്രധാന ലക്ഷ്യം.
പൊതുനിരത്തുകളിലും കവലകളിലും പൊതുയോഗങ്ങളും ജാഥകളും വിലക്കിയ ഹൈക്കോടതി വിധി നിലവിലിരിക്കെയാണ് റോഡുകള്‍ ഉപരോധിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി കോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് വൈദികരും മേലധ്യക്ഷരും ആക്രോശിക്കുന്നത്. കോടതിവിധികള്‍ എല്ലാം ഉടനടി നടപ്പാക്കാനാവുകയില്ല. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ഭയന്ന് പാര്‍ലമെന്‍റ് ആക്രമണ കേസില്‍ സുപ്രീം കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള വധശിക്ഷാ വിധിയുടെ അവസ്ഥയും അതു തന്നെ. ക്രമസമാധാന തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ ചുമതലയാണ്. മുഖ്യമന്ത്രി തന്‍റെ സത്യാപ്രതിജ്ഞ വാചകത്തോട് നൂറുശതമാനവും കൂറുപുലര്‍ത്തി ജനാധിപത്യസംവിധാനത്തിന്‍റെ മഹത്വം കാത്തു സൂക്ഷിക്കുമ്പോള്‍, നൂറ്റാണ്ടുകളുടെ വിശുദ്ധി പരിപാലിക്കുവാന്‍ ചുമതലപ്പെട്ടവര്‍ ചെളിവെള്ളത്തില്‍ ഉരുണ്ടുകളിക്കുന്ന കാഴ്ച കേരളജനതയെ ലജ്ജിപ്പിക്കുന്നു.
എറണാകുളം ജില്ലയിലെ മുഴുവന്‍ എം.എല്‍.എ. മാരും രാഷ്ട്രീയ കക്ഷികളും കോടതി വിധി നടപ്പാക്കുന്നതിനെതിരേ നിലപാട് എടുക്കുമ്പോള്‍ ഗവണ്‍മെന്‍റിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ സമയവും സാവകാശവും വേണമെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണറിയാത്തത്?
എ.കെ. ആന്‍റണി ശിവഗിരിയില്‍ കോടതിവിധി നടപ്പാക്കിയപ്പോള്‍ പോലീസ് നടപടിയെ ആദ്യം എതിര്‍ത്തത് അന്നത്തെ കാതോലിക്കാ ബാവ മാത്യൂസ് ദ്വിതീയന്‍ ആയിരുന്നു. അതുപോലെയുള്ള നടപടിയിലേക്ക് ഉമ്മന്‍ചാണ്ടി നീങ്ങിയാല്‍ അദ്ദേഹത്തെ തുണയ്ക്കുവാന്‍ എത്ര സമുദായിക രാഷ്ട്രീയനേതാക്കള്‍ മുന്നോട്ട് വരും?
പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്?
ഉമ്മന്‍ചാണ്ടിക്കെതിരെ സഭയെ തിരിപ്പിക്കുന്നതിനു പിന്നില്‍ ആരെന്ന ചോദ്യം ഇവിടെ ഉയരുന്നു. മൂന്നു താല്പര്യങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
1. മുന്‍പു സൂചിപ്പിച്ചതുപോലെ മെത്രാന്മാരുടെ പദവിയേക്കാള്‍ ഔന്നത്യമുള്ള ഒരാള്‍ സഭയില്‍ ഉണ്ടാവരുത് എന്ന പുരോഹിതന്മാരൂടെ വിചാരം. മെത്രാന്മാരുടെ അംഗീകാരം സഭയ്ക്കുള്ളില്‍ മാത്രമാണെന്നും അത് ജനങ്ങള്‍ നല്‍കുന്നിടത്തോളം മാത്രമേ നിലനില്‍ക്കുന്നുള്ളു എന്നുമുള്ള വിചാരം ഇവര്‍ക്ക് പലപ്പോഴും ഉണ്ടാവുന്നില്ല. തങ്ങളുടെ സ്തുതി പാഠകരായ വ്യക്തികളുടെ ഇടയില്‍ മാത്രം കഴിയുന്ന ഏതൊരാള്‍ക്കും ഉണ്ടാവുന്ന വിഭ്രമമാണ് ഇവിടെ ഇവര്‍ക്കും ഉണ്ടാവുന്നത് എന്നതിനാല്‍ അത് ക്ഷമിക്കാവുന്നതാണ്. എന്നാല്‍ അത് സഭയുടെ നാശത്തിലേക്ക് എത്തുന്നിടത്തോളം ആവുന്നത് അനുവദിക്കാവുന്നതല്ല.
2. കേവലമായ അസൂയ മാത്രമാണ് രണ്ടാമത്തെ ഘടകം. ഉമ്മന്‍ചാണ്ടി ചെറുപ്പം മുതല്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് വളര്‍ന്നത്. ആ സംഘടനകളിലൊക്കെ പല കാലഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുകയും ഉമ്മന്‍ചാണ്ടിയേക്കാള്‍ ഉന്നതമായ സ്ഥാനമൊക്കെ അന്നു വഹിച്ചിരുന്നവരുമായ ഒരു വിഭാഗം ആളുകള്‍ സഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് സ്വാഭാവികം. എന്നാല്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്കുപിന്നിലുള്ള സമര്‍പ്പണവും ഇരുപത്തിനാലുമണിക്കൂറും തുടരുന്ന അധ്വാനവും അവര്‍ കാണുന്നില്ല. ഈ അസൂയാലുക്കള്‍ ഉമ്മന്‍ചാണ്ടിക്ക് ഏതെല്ലാം വിധത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കാമോ അതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെ സഭാ നേതൃത്വത്തെ വഴി തെറ്റിക്കുന്നത്.
3. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ പ്രതിഭാസത്തെ ഏതു വിധത്തിലും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികളുടെ സ്വാധീനം സഭയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യം ആധുനിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനമാണെന്നും ഇടതുപക്ഷമെന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ പ്രാദേശിക നേതൃത്വവുമാണെന്നും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകവഴി തങ്ങള്‍ക്ക് ബുദ്ധിജീവി പദവിയും പാര്‍ട്ടിയില്‍ സ്വാധീനവും വര്‍ദ്ധിക്കുമെന്ന് കരുതുകയും ചെയ്യുവരാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് വൈദികരിലേറെയും. എല്ലാ പ്രശ്നങ്ങളുടെയും നാരായവേര് ഈ വൈദിക നേതൃത്വത്തിലാണ് നിലകൊള്ളുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. അവരുടെ ഉപദേശപ്രകാരമാണ് ഓരോ നീക്കവും ഇവര്‍ നടത്തുന്നതും.
കരുവായത് പാവം ബാവ
ഇന്നത്തെ ഈ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ബലിയാടാവേണ്ടി വന്നത് പരിശുദ്ധ ബാവ തിരുമേനിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്താല്‍ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവൂ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായത് തെറ്റല്ല. എന്നാല്‍ കര്‍ക്കശമായ നിലപാടിന് പ്രായോഗികമായ ഫലം ഉണ്ടാവണമെങ്കില്‍ ബുദ്ധിപൂര്‍വമായ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹത്തെ ധരിപ്പിക്കുവാന്‍ ശേഷിയോ താല്പര്യമോ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഉണ്ടായില്ല. കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണമായും അനുവദിച്ചു കൊണ്ടുള്ള പോലീസ് നടപടി ഉണ്ടായാല്‍ ആദ്യ ദിവസം തന്നെ അവിടെ ഭീകരമായ അഴിഞ്ഞാട്ടം എതിര്‍വിഭാഗം നടത്തുമെന്നും പള്ളി വീണ്ടും പൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും കാണാന്‍ വലിയ ദീര്‍ഘ ദൃഷ്ടിയുടെ ഒന്നും ആവശ്യമില്ല. എന്നാല്‍ തങ്ങള്‍ക്ക് പൂര്‍ണമായും അനുകൂലമായി ലഭിച്ച കോടതി വിധി ക്രിസ്തീയമായ വിട്ടുവീഴ്ചയോടെ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു എന്ന വിശാലമായ കാഴ്ചപ്പാട് പകരുവാന്‍ കഴിഞ്ഞിരുന്നവെങ്കില്‍ മാസത്തില്‍ ഒരു ഞായറാഴ്ച ആരാധനയ്ക്കുള്ള അവകാശം മാത്രം വാങ്ങി പിന്‍തിരിയുവാന്‍ അവര്‍ നിര്‍ബന്ധിതരാവുമായിരുന്നു. മാസത്തില്‍ ഒരു ഞായറാഴ്ച ആരാധനയ്ക്കു മാത്രം അനുവാദം നല്‍കിയതുകൊണ്ട് പള്ളിഭരണത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ള പൂര്‍ണഅവകാശത്തിന് ഭംഗമുണ്ടാവുകയില്ല. നിര്‍ഭാഗ്യവശാല്‍ സഭയുടെ താല്പര്യമല്ല. രാഷ്ട്രീയ ഉദ്ദേശങ്ങളാണ് സഭയുടെ നേതാക്കളായി ഭാവിക്കുന്നവരെ നയിക്കുന്നത്.
ഈ നിരാഹാരത്തിലൂടെ പരിശുദ്ധ ബാവ ജീവന്‍ വെടിയുമെന്നു പ്രതീക്ഷിച്ചവരാണ് സഭയിലെ മെത്രാന്മാരില്‍ ഒരു വിഭാഗമെന്ന് സംശയലേശമില്ലാതെ പറയുവാന്‍ കഴിയും. നിരാഹാരമനുഷ്ടിക്കുന്ന പ. ബാവായും സേവേറിയോസ് തിരുമേനിയും ഈ സഭയില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിഘാതമാണെന്നു കരുതുന്ന തീവ്രവാദി മെത്രാന്മാരാണ് ഇന്ന് ഇടതുപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷ. മുന്‍കാലത്ത് പാത്രിയര്‍ക്കീസ് വിഭാഗത്ത് പ്രവര്‍ത്തിക്കുകയും അവരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നയിക്കുകയും ഒടുവില്‍ അവരെ വഞ്ചിക്കുകയും ചെയ്ത ഈ മെത്രാന്മാരുടെ വാക്കിലും പ്രവര്‍ത്തിയിലുമുള്ള വിഷം തിരിച്ചറിഞ്ഞ് നിയന്ത്രിക്കാന്‍ ഈ സഭ വൈകിയാല്‍ സഭയുടെ സര്‍വ്വനാശത്തിലേക്ക് അധികദൂരമില്ല എന്നു സംശയലേശമന്യേ പറയുവാന്‍ കഴിയും.
മാത്യൂസ് ദ്വിതീയന്‍ ബാവാ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന കോടികള്‍ സ്വന്തമാക്കിയ സാമ്പത്തികശക്തികളുടെ വക്താക്കളാണ് ഇന്ന് പിതാക്കന്മാരുടെ പിന്നില്‍ നില്‍ക്കുന്നത്. ഇവരുടെ സാന്നിദ്ധ്യം യഥാര്‍ത്ഥസഭാ സ്നേഹികളെ ഞെട്ടിക്കുന്നുണ്ട്. പിതാക്കന്മാരുടെ വിയോഗം വഴി കോടികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും, രാഷ്ട്രീയ യജമാനന്മാര്‍ക്ക് ഈ സഭയുടെ ശിരസ് താലത്തില്‍ വച്ച് കൊടുക്കാമെന്ന് കരാര്‍ ഏറ്റവരില്‍ നിന്നും സഭയെ രക്ഷിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുവാന്‍ അമാന്തിച്ചു കൂടാ.
ജനങ്ങള്‍ എന്തു ചെയ്യണം?
സഭയെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന ഒരു നടപടിയ്ക്കും, കൂട്ടുനില്‍ക്കാതിരിക്കുക എന്നതാണ് സഭാംഗങ്ങള്‍ ചെയ്യേണ്ട ആദ്യ നടപടി. ഇതരസഭാംഗങ്ങളുടേയും മറ്റ് മതക്കാരുടെയും ആക്ഷേപത്തിലേക്ക് ഈ സഭയെ നയിക്കുന്നവര്‍ക്ക് മാപ്പു നല്‍കുവാന്‍ പാടില്ല.
രണ്ടാമതായി പ്രാദേശികതലത്തില്‍ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ യോഗം ചേര്‍ന്ന് വിധികള്‍നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കുകയും ചര്‍ച്ചചെയ്യുകയും വേണം. ഓര്‍ത്തഡോക്സ് സഭയ്ക്ക് കോടതിവിധികള്‍ വഴി ലഭിച്ചിട്ടുള്ള മേല്‍ക്കൈ നഷ്ടപ്പെടാതിരിക്കുകയും അതേ സമയം പാത്രിയര്‍ക്കീസ് വിഭാഗത്തിനു നല്‍കാവുന്ന പരമാവധി ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനെപ്പറ്റി തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്യണം. അങ്ങനെ ഒരു സാഹചര്യത്തില്‍ മാത്രമേ നിലവിലുള്ള സഭാപ്രശ്നം പരിഹരിക്കുവാന്‍ സാധിക്കൂ.
ഒരു കൂട്ടം പുരോഹിതന്മാരുടെ ദുരമൂത്ത നടപടികള്‍ക്ക് ഈ സഭയെ വിട്ടുകൊടുക്കാനാവില്ല. കോല ഞ്ചേരിപ്പള്ളി പൂട്ടാനിടയായതും അവിടെ എതിര്‍ പക്ഷത്തിനു മുതലെടുക്കുവാന്‍ കഴിഞ്ഞതും ഓര്‍ത്തഡോക്സ് പക്ഷത്തെ ഒരു മെത്രാന്‍ നിയമിച്ച വൈദികനെ മറ്റൊരു ഓര്‍ത്തഡോക്സ് മെത്രാന്‍ തന്നെ നീക്കം ചെയ്തതുകൊണ്ടാണെന്ന വസ്തുത വലരും മറന്നു പോയിരിക്കുന്നു. കോലഞ്ചേരിയിലും കടമറ്റത്തും ഭൂരിപക്ഷം ഇടവകാംഗങ്ങളും ഓര്‍ത്തഡോക്സ് പക്ഷത്തേക്ക് വന്ന അവസരത്തില്‍ അന്നത്തെ കാതോലിക്കാ ബാവാ മാത്യൂസ് ദ്വിതീയന്‍ പള്ളികളില്‍ പ്രവേശിച്ചപ്പോള്‍ കേസുകൊടുത്ത് പള്ളിപൂട്ടിയത് എതിര്‍ പക്ഷമല്ല, ഓര്‍ത്തഡോക്സ് പക്ഷത്തെ മാത്യൂസ് മാര്‍ സേവേറിയോസ് തന്നെയാണെന്ന വസ്തുത എന്തിനാണ് മറന്നുകളയുന്നത്? ചുരുക്കത്തില്‍ ബിഷപ്പുമാരുടെ വിവരക്കേടിന് കുടപിടിക്കുന്നവര്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ വാളോങ്ങുന്നത് എന്തിനാണെന്നു പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിന്‍റെ ചരിത്രത്തില്‍ അടുത്ത കാലത്തെങ്ങും ഇനി ഒരു ഓര്‍ത്തഡോക്സ് സമുദായംഗമോ എന്തിന് മറ്റ് ഏതെങ്കിലും ക്രൈസ്തവ സമുദായാംഗമോ മുഖ്യമന്ത്രി ആവുന്നതിനുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഉണ്ടാവാനിടയില്ല. ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയതു മുതല്‍ അസഹിഷ്ണുതാപരമായ എത്രയൊ നിലപാടുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുണ്ടായത് സൂക്ഷ്മമായി രാഷ്ട്രീയ പരിസരം വീക്ഷിക്കുന്നവര്‍ക്ക് വ്യക്തമായി കാണുവാന്‍ കഴിയും. എന്നാല്‍ ഏറെ പാകമായ സമീപനം കൊണ്ടും തന്‍റെ മുഴുവന്‍ സമയവും വിട്ടു വീഴ്ചയില്ലാത്ത ജനകീയ പ്രശ്നപരിഹാരങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചും അസാധാരണമായ പ്രകടനം കാഴ്ചവച്ചുകൊണ്ട് വിവിധ ജനസമൂഹങ്ങളുടെ മനസ്സില്‍ അദ്ദേഹം ഇടം നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തന്‍റെ സ്വന്തം സമുദായത്തില്‍ പെട്ട പുരോഹിതന്മാരും അവരുടെ പാര്‍ശ്വവര്‍ത്തികളും ഇതൊന്നും അംഗീകരിക്കുവാന്‍ ഒരുക്കമുള്ളവരല്ല. അവരുടെ ആവശ്യം ഉമ്മന്‍ചാണ്ടിയുടെ ഉന്മൂലനമാണ്.
സഭാപ്രശ്നത്തിന്‍റെ മുഴുവന്‍ പഴിയും ഉമ്മന്‍ചാണ്ടിയില്‍ ആരോപിച്ചുകൊണ്ട് വഴിതടഞ്ഞും അക്രമങ്ങള്‍ നടത്തിയും വൈദികരുടേയും മെത്രാന്മാരുടേയും നേതൃത്വത്തില്‍ കാട്ടിക്കൂട്ടിയ ക്രൂരകൃത്യങ്ങള്‍ സഭയ്ക്കേല്‍പിച്ച ആഘാതത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കൈയൊഴിയുവാന്‍ ഒരു വൈദികസ്ഥാനിക്കും സാധിക്കില്ല. നാളെ കുപ്പായക്കാരെ കണ്ടാല്‍ കല്ലെറിയുന്ന ഒരു സമൂഹം ഇവിടെ ഉണ്ടാവുന്നതിന് ഇടയാക്കിയവര്‍ക്ക് ആരാണ് മാപ്പു കൊടുക്കുക? ഇപ്പോള്‍ തന്നെ ദൃശ്യമാധ്യമങ്ങളില്‍ മെത്രന്മാരെയും പുരോഹിതരേയും പരിഹസിക്കുന്ന പ്രവണത വളര്‍ന്നു കഴിഞ്ഞു.
മുന്‍മന്ത്രിയും ഇപ്പോള്‍ എം.എല്‍.എയും ആയ ടി. യു. കുരുവിള യാക്കോബായക്കാരനായതിനാല്‍ അദ്ദേഹത്തോട് സംസാരിക്കില്ല എന്ന നിലപാട് സ്വീകരിച്ച ഓര്‍ത്തഡോക്സ് നേതൃത്വം, ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സ്കാരനായതുകൊണ്ട് അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ തങ്ങള്‍ക്കും സ്വീകാര്യമല്ല എന്ന നിലപാട് യാക്കോബായക്കാര്‍ സ്വീകരിച്ചാല്‍ എന്തു മറുപടി നല്‍കും?
'മസനപ്സാ' 250 രൂപയ്ക്ക് കിട്ടുന്ന തുണിയാണെന്നു പറഞ്ഞ് എതിര്‍ഭാഗത്തെ മെത്രാന്മാരെ ആക്ഷേപിച്ചുകൊണ്ട് പാമ്പാടി സ്റ്റാന്‍ഡില്‍ പ്രസംഗിച്ച മെത്രാന്‍ തന്‍റെ തലയില്‍ സ്ഥാപിച്ചിരിക്കുന്ന തുണിക്കും കൂടി ജനം വിലയിട്ടു കഴിഞ്ഞൂ എന്ന് ഓര്‍ത്തില്ലേ?
കാട്ടുനീതിവഴി മെത്രാന്മാരായ ഇത്തരക്കാര്‍ ഇതിനു മുമ്പ് സഭാപ്രശ്നം ഇവിടെ ആളിക്കത്തിയപ്പോള്‍ മഹാന്മാരായ അന്നത്തെ പിതാക്കന്മാര്‍ സ്വീകരിച്ച നിലപാടുകളെപ്പറ്റി അന്വേഷിക്കേണ്ടതായിരുന്നു.
മാത്യൂസ് പ്രഥമന്‍ ബാവയുടെ കാലത്തും അതിനുശേഷവും കോടതി വഴി എപ്പോള്‍ വേണമെങ്കിലും മണര്‍കാട് പള്ളിയില്‍ തവണ ലഭിക്കുന്നതിനുള്ള അവസരം ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ടായിരുന്നു. അതിനു പോവാതിരുന്നത് മണര്‍കാട്ട് ഒരു പ്രശ്നം ഉണ്ടായാല്‍ അത് പഴയ സെമിനാരിയിലേക്കും ദേവലോകത്തേക്കും ഏലിയാ കത്തീഡ്രലിലേക്കും ഒക്കെ വ്യാപിപ്പിക്കുവാന്‍ ഇതര വിഭാഗത്തിനു കഴിയും എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇനി ആ തിരിച്ചറിവും പ്രതീക്ഷിക്കേണ്ടതില്ല. കോട്ടയത്തെ പള്ളികളിലും പോലീസും തീവ്രവാദികളും കയറി നിരങ്ങട്ടെ. തങ്കുവിന് ആളിനെ കൂട്ടിക്കൊടുത്ത് അതിന്‍റെ കമ്മീഷന്‍ വാങ്ങാനും കുറച്ച് പേര്‍ക്ക് മടിയുണ്ടാവില്ല.
കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു വേണ്ടി വാദിയായി കേസ്സുകൊടുത്ത ജോണ്‍ സാറും ആ പള്ളിയിലെ കപ്യാരാന്മാരും ഇടവകാംഗങ്ങളില്‍ നല്ലൊരു പങ്കും പെന്തക്കോസ്തു വിഭാഗങ്ങളിലേക്ക് കുടിയേറി കഴിഞ്ഞു. അവശേഷിക്കുന്നവരെയും ആ വഴിക്ക് തിരിച്ച് വിടാന്‍ സഭാ നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവരില്ല.
ചിന്തിക്കുവാന്‍
നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും സമരരംഗത്തിറങ്ങാന്‍ അവകാശമുണ്ട്. എന്നാല്‍ പരസ്പരമുള്ള പോരിന്‍റെ ഭാഗമായി ഒരു ക്രൈസ്തവ സഭാവിഭാഗം തെരുവിലിറങ്ങി കോലം കത്തിക്കാനും അഴിഞ്ഞാട്ടം നടത്താനും തുനിയുന്നതിനുമുന്‍പ് ഒന്‍പതുവട്ടം ആലോചന നടത്തേണ്ടതുണ്ട്. ഈ കക്ഷി വഴക്കിനെപ്പറ്റിയുള്ള പൊതുസമൂഹത്തിന്‍റെ അവജ്ഞയും മാധ്യമങ്ങളുടെ പരിഹാസവും യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ നാമം നിന്ദിക്കപ്പെടാന്‍ ഇടയാക്കുന്നു എന്ന ബോധം പുരോഹിതന്മാര്‍ക്കുണ്ടാകാന്‍ ഇടയില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.
കേരളസമൂഹത്തിനു മുന്‍പില്‍ പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഏറ്റവും ശ്രദ്ധേയമായ ഒരു സാക്ഷ്യം നിര്‍വഹിക്കാനുണ്ട്. നമ്മുടെ മുന്‍തലമുറകള്‍ ഏത് പ്രതിസന്ധിക്ക് നടുവിലും അത് നിര്‍വ്വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത് മിഷനറിമാര്‍ക്കും പൗരസ്ത്യ സുറിയാനി സഭയ്ക്കും മാത്രമായിരുന്നു. കത്തോലിക്ക സഭ അന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ ഇന്നോ?
കേരള ജനസംഖ്യയില്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ സഹകരിച്ചു മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഈ സഭകള്‍ക്ക് സമൂഹത്തില്‍ നിലവിലുള്ള സ്വാധീനവും പരിഗണനയും ദയനീയമായ വിധത്തില്‍ കുറഞ്ഞുപോകുവാനിടയാകും എന്ന ഭയം സഭയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയെയും ഭരിക്കേണ്ടതുണ്ട്.
(നസ്രാണിവിചാരം, സെപ്റ്റംബര്‍ 2011)
No comments:
Post a Comment