Monday, 16 September 2024

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോടെ ഇന്നു വടക്കാഞ്ചേരിയില്‍ ജീവിക്കുന്നുവെന്നുമുള്ള അറിവാണ് പ്രദക്ഷിണം പ്രവര്‍ത്തകരെ അച്ചനുമായുള്ള ഒരു കൂടിക്കാഴ്ചയിലേക്ക് നയിച്ചത്.

70-ാം വാര്‍ഷികം ആഘോഷിച്ച പാമ്പാടി സെന്‍റ് ജോണ്‍സ് ചെറിയപള്ളി (ചെവിക്കുന്നേല്‍ പള്ളി) യുടെ പുതിയ പള്ളിയുടെ കൂദാശയ്ക്ക് പള്ളിയുടെ സ്ഥാപകനായ ബഹുമാനപ്പെട്ട കരിങ്ങണാമറ്റത്തില്‍ അച്ചന്‍ ഇത്രയും ദൂരം സഞ്ചരിച്ച് വന്നു പങ്കെടുക്കുകയും ഒപ്പം ബന്ധുഗൃഹങ്ങളും മറ്റും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഇത്രയും സീനിയറായ വൈദികന്‍ നമ്മോടൊപ്പം ഉണ്ടെന്നും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും പഴയകാലങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുവാനുള്ള അവസരം ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കുമെന്നും ഞങ്ങള്‍ക്കു തോന്നിയത്.

പാമ്പാടി തിരുമേനിയുടെ കുന്നംകുളം സന്ദര്‍ശനത്തിന്‍റെ 70-ാം വര്‍ഷത്തില്‍ പ. പാമ്പാടി തിരുമേനി നടത്തിയ സ്നേഹയാത്രയുടെ അനുസ്മരണത്തിനായി പ്രദക്ഷിണം ടീം അംഗങ്ങള്‍ നടത്തിയ യാത്രയിലാണ് ഞങ്ങള്‍ ബഹു. അച്ചന്‍റെ വടക്കാഞ്ചേരിയിലെ ഭവനത്തിലെത്തിയത്. നൂറു വയസു കഴിഞ്ഞ ആളാണല്ലോ എപ്പോഴും വീട്ടില്‍ കാണുമല്ലോ; വിശ്രമത്തിലായിരിക്കുമല്ലോ എന്ന ചിന്തയിലാണ് ഞങ്ങള്‍ അച്ചന്‍റെ വീട്ടില്‍ ചെല്ലുന്നത്. സമയം ഏതാണ്ട് വൈകുന്നേരം 6 മണി ആയിട്ടുണ്ട്. അച്ചന്‍റെ മകനും മകന്‍റെ മകനും കുടുംബവുമാണ് വീട്ടിലുള്ളത്.

അച്ചനെ കാണുവാനെത്തിയ ഞങ്ങളെ ഏറെ സ്നേഹത്തോടെ അവര്‍ സ്വീകരിച്ചു. എന്നാല്‍ അച്ചന്‍ അവിടെ ഉണ്ടായിരുന്നില്ല. അച്ചന്‍ സാധാരണ നാലുമണി കഴിഞ്ഞാല്‍ സഞ്ചാരത്തിലായിരിക്കും. അത് ഞങ്ങള്‍ക്ക് അത്ഭുതകരമായി തോന്നി. എന്നാല്‍ യഥാര്‍ത്ഥ അത്ഭുതം കാണുവാനിരിക്കുന്നതേ ഉള്ളൂ.

അച്ചനെ തിരക്കി 'കൊച്ചു കൊച്ചു മക്കള്‍' (കൊച്ചു മകന്‍റെ മക്കള്‍) സമീപ പ്രദേശങ്ങളിലേക്ക് യാത്രയായി. ഏകദേശം ഒരു മണിക്കൂറായപ്പോള്‍ കൊച്ചു മക്കളേക്കാള്‍ വേഗത്തില്‍ അച്ചന്‍ ഓടിയെത്തി. ആ 101 വയസുകാരന്‍ വന്ന് ഞങ്ങള്‍ ഓരോരുത്തരെയും പരിചയപ്പെട്ടു. പാമ്പാടിയില്‍ നിന്നു അമ്പതു വര്‍ഷം മുന്‍പു പോന്ന അച്ചന് ഞങ്ങളെയോ ഞങ്ങളുടെ മാതാപിതാക്കളെയോ പരിചയമില്ല. എന്നാല്‍ അവരുടെ മാതാപിതാക്കളെയും ഒരു തലമുറ കൂടി മുന്‍പിലുള്ളവരെയും അച്ചനറിയാം. അറിയാമെന്നു മാത്രമല്ല ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത, ഞങ്ങള്‍ കണ്ടില്ലാത്ത അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അച്ചന്‍റെ ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നുമുണ്ട്.

വിദ്യാഭ്യാസം

മലങ്കരസഭയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വൈദികരില്‍ ഏറ്റവും പ്രായം കൂടിയ ഒരാളാണ് പാമ്പാടി കരിങ്ങണാ മറ്റത്തില്‍ കെ. സി. ജേക്കബ് കത്തനാര്‍. കരിങ്ങണാമറ്റത്തില്‍ ചാക്കോ ചാക്കോയുടേയും ചേര്‍ക്കോട് അന്നമ്മയുടേയും ആദ്യപുത്രനായി 1905 ജനുവരി 30-ാം തീയതി ഇദ്ദേഹം ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം പാമ്പാടിയിലും രണ്ടുവര്‍ഷം കോട്ടയം എം. ഡി. സെമിനാരിയിലും മിഡില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം കറുകച്ചാലിലും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം വീണ്ടും എം. ഡി. സെമിനാരിയിലും നടത്തി. തുടര്‍ന്ന് നാലുകൊല്ലം ചങ്ങനാശ്ശേരി എസ്. ബി. കോളജിലും പഠിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് പാമ്പാടി പ്രദേശത്തു നിന്ന് ബി. എ. ഡിഗ്രി സമ്പാദിച്ച വളരെ ചുരുക്കം പേരില്‍ ഒരാളാണ് ഇദ്ദേഹം.

വൈദിക സേവനം

കുടുംബത്തിലുള്ള പിതാക്കന്മാരുടേയും വൈദിക ശ്രേഷ്ഠരുടേയും ജീവിതചര്യയും പ്രാര്‍ത്ഥനാജീവിതവും കണ്ട് വൈദികവൃത്തി സ്വീകരിക്കുവാന്‍ തീരുമാനിച്ച ഇദ്ദേഹം 1928 ഫെബ്രുവരി 14-ാം തീയതി വാകത്താനത്തു വള്ളിക്കാട്ട് ദയറായില്‍വെച്ച് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായില്‍ നിന്ന് ശെമ്മാശുപട്ടം സ്വീകരിച്ചു. 1930 സെപ്റ്റംബര്‍ 7-ാം തീയതി കോട്ടയം പഴയസെമിനാരിയില്‍വെച്ച് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ ഇദ്ദേഹത്തിന് കശ്ശീശാപട്ടം നല്‍കി. ചങ്ങനാശ്ശേരി ചാപ്പലിലും മുണ്ടക്കയം സെന്‍റ് ജോണ്‍സ് പള്ളിയിലും ആറുമാസക്കാലം കുര്‍ബ്ബാന അര്‍പ്പിച്ചു. ഈ അവസരത്തില്‍ പിതാവായ ചാക്കോ ചാക്കോയുടെ പരിശ്രമത്തോടെ പാമ്പാടി സെന്‍റ് ജോണ്‍സ് ചെറിയപള്ളി സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. 1935 മുതല്‍ 15 വര്‍ഷക്കാലം മുണ്ടക്കയം സെന്‍റ് തോമസ് പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

1951ല്‍ വടക്കാഞ്ചേരിയിലേക്ക് താമസം മാറ്റിയെങ്കിലും 1960 വരെ മാസത്തില്‍ രണ്ടുതവണവീതം പാമ്പാടി ചെറിയപള്ളിയില്‍ വന്നു കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. പില്‍ക്കാലത്ത് നാലുവര്‍ഷം വട്ടായി സെന്‍റ്മേരീസ് പള്ളിയിലും 31 വര്‍ഷക്കാലം വടക്കാഞ്ചേരി തേനിടുക്ക് സെന്‍റ് ജോര്‍ജ്ജ് പള്ളിയിലും സേവനം അനുഷ്ഠിച്ചു. കൂടാതെ ചേലക്കര വട്ടോളി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളിയിലും തൃശൂര്‍ ചെമ്പുകാവ് പള്ളിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതല്‍ സ്ഥിരമായി കുര്‍ബ്ബാന അര്‍പ്പിക്കാത്തത് പ്രായാധിക്യം കൊണ്ടു മാത്രമാണ്.

അസാധാരണമാണ് അച്ചന്‍റെ ജീവിതദര്‍ശനം. തന്‍റെ വൈദികവൃത്തിയുടെ കാലത്ത് പലപ്പോഴും അദ്ദേഹത്തിനു ശമ്പളമോ മറ്റു പ്രതിഫലമോ ലഭിച്ചിരുന്നില്ല. ആ വിവരം വളരെ താമസിച്ചെങ്കിലും മനസ്സിലാക്കിയ കൊച്ചി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി അച്ചനു പെന്‍ഷന്‍ അനുവദിക്കുകയും പാരിതോഷികമായി വലിയ ഒരു തുക നല്‍കുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അച്ചന്‍ ആ തുകകളൊന്നും കൈപ്പറ്റാന്‍ തയ്യാറായില്ല. തനിക്കു വേണ്ടതു ദൈവം തരുമെന്ന വിശ്വാസവും അധ്വാനിക്കാതെ ലഭിക്കുന്ന പണത്തോടുള്ള താല്പര്യക്കുറവുമാണ് ഈ തീരുമാനത്തിലേക്ക് അച്ചനെ നയിച്ചത്.

ഇപ്പോള്‍ വടക്കാഞ്ചേരിയിലുള്ള സ്വവസതിയില്‍ മകനോടും കൊച്ചുമക്കളോടും അവരുടെ കുട്ടികളോടും കൂടി സ്വസ്ഥജീവിതം നയിക്കുന്നു. വേളൂര്‍ പൂവത്തുവീട്ടില്‍ ഐപ്പിന്‍റെ മകള്‍ അന്നമ്മയെ 1930ല്‍ വിവാഹം ചെയ്തു. അന്നമ്മ 1990 ല്‍ മരിച്ചു. മൂത്തമകള്‍ അന്നമ്മയെ കോട്ടയത്ത് കാവുകാട്ട് ജയിക്കബ് വിവാഹം ചെയ്തു. രണ്ടാമത്തെ മകള്‍ മറിയാമ്മയെ കുന്നംകുളം കോലാടിയില്‍ സൈമണ്‍ വിവാഹം ചെയ്തു. മൂന്നാമത്തെ മകളായ ശോശാമ്മയെ പള്ളത്ത് പാറേക്കടവില്‍ കുറിയാക്കോസ് കത്തനാര്‍ വിവാഹം ചെയ്തു. നാലാമത്തെ മകളായ സാറാമ്മയെ മൂവാറ്റുപുഴ കുരുവിക്കാട്ടു തോമസ് വിവാഹം ചെയ്തു.

മലങ്കര സഭ അച്ചന്‍റെ ഓര്‍മ്മയില്‍ നിന്ന്

അച്ചനുമായുള്ള സംഭാഷണത്തില്‍ നിന്നും മലങ്കര സഭയിലെ മണ്‍മറഞ്ഞു പോയ പിതാക്കന്മാരെപ്പറ്റിയും സഭാചരിത്രത്തിലെ നിര്‍ണായകമായ കാലഘട്ടങ്ങളെക്കുറിച്ചും വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചു. വട്ടശ്ശേരില്‍ തിരുമേനി, പാമ്പാടിതിരുമേനി, ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ, ഗീവറുഗീസ് ദ്വിതീയന്‍ ബാവാ എന്നിവരോടൊപ്പം കഴിഞ്ഞ നാളുകള്‍ അനുഗ്രഹകരമായി അദ്ദേഹം അനുസ്മരിക്കുന്നു.

സഭയിലെ ഇന്നത്തെ തര്‍ക്കങ്ങളും കേസുകളുമെല്ലാം വളരെ നിസാരമായ കാരണങ്ങള്‍ മൂലം ഉണ്ടായതാണെന്ന് അച്ചനു ബോധ്യമുണ്ട്. പല സംഭവങ്ങള്‍ക്കും അദ്ദേഹം ദൃക്സാക്ഷിയുമാണ്.

വട്ടശ്ശേരില്‍ തിരുമേനിയും സി. ജെ. കുര്യനും കോനാട്ട് അച്ചനും ട്രസ്റ്റിമാരായി സഭാഭരണം നടത്തുവാന്‍ ആരംഭിച്ച കാലം. സഭയുടെ ട്രസ്റ്റില്‍ അന്നു പണം മിച്ചമുണ്ട്. തക്കതായ ഈടു കിട്ടിയാല്‍ ആര്‍ക്കെങ്കിലും പണം കടം കൊടുക്കാമെന്നു ട്രസ്റ്റിമാര്‍ ചിന്തിച്ചിരുന്ന സമയം. ഈ സാഹചര്യം അറിയാവുന്ന പാമ്പാടിയിലെ ചില വ്യക്തികള്‍ അക്കാലത്തെ ഒരു പ്രമുഖവൈദികനെയും കൂട്ടി സി. ജെ. കുര്യനെ സമീപിക്കുകയും വസ്തു ഈടിന്മേല്‍ 2000 രൂപാ കിട്ടിയാല്‍ കൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടോ സി. ജെ. കുര്യന്‍ അത് നിരസിച്ചു. അവരാകട്ടെ സി. ജെ. കുര്യനെ കണ്ടതും അദ്ദേഹം നിരസിച്ചതുമായ കാര്യം മറച്ചു വച്ചു കൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയെ സമീപിച്ചു. തക്ക ഈടുള്ളതിനാല്‍ പണം കൊടുക്കുന്നതിനു മറ്റു ട്രസ്റ്റിമാര്‍ക്ക് എതിരഭിപ്രായം ഉണ്ടാവില്ലെന്ന ധാരണയില്‍ തിരുമേനി പണം കൊടുക്കാമെന്ന് അറിയിക്കുകയും കൊടുക്കാന്‍ സി. ജെ. കുര്യനോട് ആവശ്യപ്പെടുകയും ചെയ്തു. താന്‍ നേരിട്ട് നിരസിച്ച കാര്യം ചെയ്യാന്‍ തിരുമേനി ആവശ്യപ്പെട്ടത് സി. ജെ. കുര്യനു തീരെ ഇഷ്ടപ്പെട്ടില്ല. തിരുമേനിയാകട്ടെ സി. ജെ. കുര്യന്‍റെ നിലപാട് മനസ്സിലാക്കിയതുമല്ല. സി. ജെ. കുര്യനു തിരുമേനിയോട് അകല്‍ച്ച ഉണ്ടാവാന്‍ തുടക്കമിട്ട ഈ സംഭവം അച്ചനു നേരിട്ടറിയാവുന്നതാണ്.

ഇങ്ങനെയുണ്ടായ  അകല്‍ച്ച കാലക്രമേണ രൂക്ഷമാകുകയായിരുന്നു. ഇപ്പോഴും ഇങ്ങനെയുള്ള ചെറിയ സംഭവങ്ങളാണ് ഉന്നത സ്ഥാനങ്ങളില്‍ സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും നിഴലുകള്‍ പരത്തുന്നതെന്നാണ് അച്ചന്‍റെ അഭിപ്രായം പരസ്പരം ഉള്ളു തുറന്നു സംസാരിക്കുകയും നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്യുവാന്‍ നേതൃത്വത്തിലുള്ളവര്‍ തയ്യാറായാല്‍ കേസു വഴക്കുകളുമെല്ലാം തീരാനുള്ളതേ ഉള്ളു.

ആരോഗ്യദര്‍ശനം

അച്ചന്‍റെ ആരോഗ്യത്തിനും പിന്നിലുള്ള രഹസ്യത്തെപ്പറ്റിയും ഞങ്ങള്‍ അന്വേഷിച്ചു. മിതമായ ഭക്ഷണം കൃത്യസമയത്തു കഴിക്കുകയും നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നത് ആവുന്ന വിധത്തിലുള്ള വ്യായാമവുമാണ് അദ്ദേഹത്തിന്‍റെ ജീവിതചര്യ. ഭക്ഷണ കാര്യത്തില്‍ അദ്ദേഹത്തിനുള്ള ഒരു നിര്‍ബന്ധം തൈരും പഴവും പഞ്ചസാരയും ചോറും ചേര്‍ത്തുള്ള നമ്മുടെ 'പഴയ പാനിയും പഴവും' എല്ലാ ദിവസവും ഉച്ചയ്ക്ക് വേണം എന്നുള്ളതാണ്.

ബഹു. അച്ചനുമായുള്ള സംസാരം ഹൃദ്യവും വിജ്ഞാനകരവുമാണ്. അദ്ദേഹത്തിന്‍റെ തെളിഞ്ഞ ഓര്‍മയില്‍ സഭാചരിത്രം സംബന്ധിച്ച വിലപ്പെട്ട അറിവുകള്‍ ധാരാളമുണ്ട്. അച്ചന്‍റെ ഓര്‍മകളും ഡയറിക്കുറിപ്പുകളും ചേര്‍ത്തു ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹം ഞങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ അച്ചന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അച്ചന്‍ വടക്കാഞ്ചേരിക്കു താമസം മാറിയതുമൂലം  കോട്ടയം ഭദ്രാസനവുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം കുറഞ്ഞുപോയി. എങ്കിലും ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും അച്ചനു അറിവുണ്ട്. കോട്ടയം ഭദ്രാസനത്തിലെ പള്ളികള്‍ക്കുവേണ്ടി പട്ടം ഏറ്റവരില്‍ ഇന്നു ജീവിച്ചിരിപ്പുള്ളവരില്‍ ഏറ്റവും സീനിയറായ ബഹുമാനപ്പെട്ട അച്ചനെ ആദരിക്കുന്നതിനു അദ്ദേഹത്തെ സ്നേഹാശംസകള്‍ അറിയിക്കുവാനും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാനും നമ്മുടെ ഭദ്രാസനത്തിലെ എല്ലാ പള്ളികള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേക ചുമതലയുണ്ട്. അത് നിര്‍വഹിക്കുവാന്‍ എല്ലാവരും തയാറാകേണ്ടതുണ്ട്.

(പ്രദക്ഷിണം, പുസ്തകം 5 ലക്കം 1, 2005 ഏപ്രില്‍ 5)

No comments:

Post a Comment

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...