Friday, 6 October 2023
'ബുക് വേവ്' കുട്ടിച്ചൻ ഇനി ഓർമകളിൽ
ചങ്ങനാശേരി• വായനയുടെ വിശാല ലോകം പരിചയപ്പെടുത്തിയും ആശയ സംവാദങ്ങൾക്ക് വേദി ഒരുക്കിയും യുവജനക്കൂട്ടങ്ങൾക്ക് പ്രിയങ്കരനായിരുന്ന കുട്ടിച്ചൻ ഓർമയായി. രണ്ടര പതിറ്റാണ്ട് മുൻപ് വരെ നഗരമധ്യത്തിൽ സജീവമായിരുന്ന ബുക് വേവ് എന്ന ജനകീയ പുസ്തകശാലയുടെ ഉടമ കോത്തല പാടത്തുമാ പ്പിള കുടുംബാംഗം തറക്കുന്നേൽ ടി. പി. ജോർജുകുട്ടി (കുട്ടിച്ചൻ) തിങ്കളാഴ്ചയാണ് മരിച്ചത്. സംസ്കാരം നടത്തി.
ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം 1983-84 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ബുക് വേവ് സാഹിത്യ ആസ്വാദകരുടെയും അക്ഷരസ്നേഹികളുടെയും ഇടത്താവളമായിരുന്നു. എസ്ബി, എൻഎ സ്എസ്, അസംപ്ഷൻ കോളജുകളിലെ വിദ്യാർഥികളിൽ പലരും ഇവിടത്തെ നിത്യസന്ദർശകരായിരുന്നു.
വിദ്യാർഥികൾക്കായി ഗൈഡുകൾ പ്രസിദ്ധീകരിച്ച് പ്രസാധന രംഗത്തും കുട്ടിച്ചന്റെ സാന്നിധ്യം അറിയിച്ചു. ചങ്ങനാശേരി നഗര വായനശാലയും മന്നം ലൈബ്രറിയും ദിവസവും സന്ദർശിച്ച് അപൂർവമായ മാസികകളും
മറ്റും വായിച്ച് ആ അറിവുകളും വിദ്യാർഥിക്കൂട്ടങ്ങളുമായി പങ്കുവച്ചു. അവർക്ക് പറയാനുള്ളത് കേട്ടും ചർച്ചകൾക്ക് അവസരമൊരുക്കിയും കുട്ടിക്കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടവനായി.
പഠനം പൂർത്തിയായി കലാലയം വിട്ടു പോകുന്നതിനൊപ്പം ബുക് വേവിലെ സൗഹൃദക്കൂട്ടായ്മയോട് വിടപറയുന്നതും പല വിദ്യാർഥികൾക്കും സ്വകാര്യ ദു:ഖമായിരുന്നു. പിന്നീട് വിവിധ മേഖലകളിൽ പ്രശസ്തരായ പലരും പയറ്റിത്തെളിഞ്ഞ ആദ്യ കളരിയായിരുന്നു കുട്ടിച്ചന്റെ ബുക് വേവ് പുസ്തകശാല.
എസ്ബി കോളജിൽ ഡിഗ്രി പഠനത്തിനായാണ് കുട്ടിച്ചൻ ചങ്ങനാശേരിയിലേക്ക് എത്തുന്നത്. പഠനശേഷം വിദ്യാർഥികൾക്ക് പുസ്തകങ്ങളും മറ്റും വിൽപന നടത്തി ചങ്ങനാശേരിയിൽ തന്നെ തുടരാൻ തീരുമാനിക്കുക യായിരുന്നു. ഈ തീരുമാനമാണ് ബുക് വേവിന്റെ പിറവിയിലേക്ക് നയിച്ചത്. പുസ്തക വിൽപനക്കാരൻ മാത്രമായി കുട്ടിച്ചനെ ആരും കണ്ടില്ല. ഒന്നര പതിറ്റാണ്ടിനു ശേഷം പുസ്തകശാല അവസാനിപ്പിച്ചെങ്കിലും പഴയ സൗഹൃദങ്ങൾ കുട്ടിച്ചൻ സജീവമായി നിലനിർത്തിയിരുന്നു.
(മലയാള മനോരമ, ഒക്ടോബര്‍ 3, 2023)
ടി. പി. ജോർജുകുട്ടി അന്തരിച്ചു
കോത്തല: റബർ ബോർഡ് അംഗം പാടത്തുമാപ്പിള കുടുംബാംഗം തറക്കുന്നേൽ ടി. പി. ജോർജുകുട്ടി (63) അന്തരിച്ചു. സംസ്കാരം കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി.
ന്യൂനപക്ഷ മോർച്ച കോട്ടയം ജില്ലാ സെക്രട്ടറി, കോത്തല നാഷനൽ റീഡിങ് റൂം സെക്രട്ടറി, കോത്തല ആർപിഎസ് പ്രസിഡന്റ്, കെ എസ് എസ് മെമ്പർ, മനനം മാസിക പത്രാധിപർ, കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി, സൺഡേ സ്കൂൾ അധ്യാപകൻ, പ്രാർത്ഥനയോഗം സെക്രട്ടറി, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ചങ്ങനാശേരിയിൽ "ബുക്ക് വേവ്' എന്ന പേരിൽ പുസ്തകശാല നടത്തിയിരുന്നു. മനോരമയിൽ പ്രൂഫ് റീഡർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മീനടം തോണിപ്പുരയ്ക്കൽ ആഷ ജോർജ്.
മക്കൾ: ജിയാഷ് ജി. ഫിലിപ്പോസ്, സോനാ സൂസൻ (ഐസർ തിരുവ നന്തപുരം).
Wednesday, 4 October 2023
Tuesday, 3 October 2023
Monday, 2 October 2023
കെ. സി. ചാക്കോ, പത്രോസ് മത്തായി: വിശുദ്ധരായ അല്‍മായ നേതാക്കള്‍ | ജോര്‍ജുകുട്ടി കോത്തല
മലങ്കരസഭയിലെ അവിവാഹിത വൈദികരെയെല്ലാം മെത്രാന്‍ സ്ഥാനാര്‍ത്ഥികളായോ, സ്ഥാനമോഹികളായോ ഒക്കെയായാണ് ജനം വിലയിരുത്തുക. പെണ്ണു കിട്ടാത്തതിനാല്‍ അവിവാഹിതരായവരുണ്ട്. പെണ്ണു കെട്ടാഞ്ഞതിനാല്‍ മാത്രം മെത്രാന്മാരായവരുമുണ്ട്. എന്നാല്‍ മെത്രാനാകാതിരിക്കാന്‍വേണ്ടി പെണ്ണുകെട്ടിയ മഴുവഞ്ചേരിമഠത്തില്‍ പത്രോസ് മത്തായിയെപ്പറ്റി നാം അധികം കേട്ടിട്ടില്ല. മെത്രാന്‍ സ്ഥാനമല്ല, കേവലം ആലങ്കാരികമായി അജഗളസ്തന സമാനമായ വൈദികട്രസ്റ്റി, അത്മായ ട്രസ്റ്റി മുതലായ സ്ഥാനങ്ങള്‍ പോലും ഒന്നിലധികം പ്രാവശ്യം ലഭിച്ചിട്ടും മതിവരാതെ, ഏതു കഴുതക്കാലും പിടിക്കാന്‍ തയ്യാറായി വരുന്നവര്‍ കേവലം സാധാരരണക്കാരായ സഭാംഗങ്ങളുടെപോലും അറപ്പും വെറുപ്പും ഏറ്റുവാങ്ങുന്നതു കാണുമ്പോള്‍ മഹാന്മാരായ കെ. സി. ചാക്കോയും പത്രോസ് മത്തായിയും ആരായിരുന്നുവെന്നും എന്തു ചെയ്തുവെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
1930-ല്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അഞ്ചു വൈദികരെയും രണ്ട് അത്മായക്കാരെയും മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അവരില്‍ രണ്ട് അത്മായക്കാരും ഒരു വൈദികനും സ്ഥാനം സ്വീകരിച്ചില്ല. അന്നു തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ഥാനം ഏറ്റവര്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും പാറേട്ട് ഈവാനിയോസ് തിരുമേനിയും ബഥനിയുടെ തേവോദോസിയോസ് തിരുമേനിയും വാളക്കുഴി സേവേറിയോസ് തിരുമേനിയും ആണ് എന്നു മനസ്സിലാക്കുമ്പോഴാണ് എത്ര ഗംഭീരമായ തിരഞ്ഞെടുപ്പാണ് അന്ന് നടന്നതെന്ന് നമുക്കു മനസ്സിലാവുക. ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും മെത്രാന്മാരാകാതിരുന്നവര്‍ ചെറിയമഠത്തില്‍ സ്കറിയാ മല്പാനും, കണ്ടത്തില്‍ കെ. സി. ചാക്കോയും, മഴുവഞ്ചേരി പത്രോസ് മത്തായിയുമാണ്. ആ മൂന്നു പേരു കൂടിയും മെത്രാന്‍സ്ഥാനത്തേക്കു വന്നിരുന്നുവെങ്കില്‍ എന്ന് നാം, സഭയെ സ്നേഹിക്കുന്നവര്‍ അന്നും ആഗ്രഹിച്ചു, ഇന്നും നാം അങ്ങനെ ചിന്തിക്കുന്നു.
കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരനും ആലുവ യു. സി. കോളജ് സ്ഥാപകനുമായ കെ. സി. ചാക്കോയുടെ മേല്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അതിനെ അതിജീവിച്ചു. ജീവിക്കുന്ന വിശുദ്ധനായാണ് കെ. സി. ചാക്കോയെ ഏവരും കണ്ടത്. പഠനത്തില്‍ നിപുണത കാട്ടിയിരുന്ന അദ്ദേഹം ഡോ. എസ്. രാധാകൃഷ്ണനൊപ്പം എം.എ. ഫിലോസഫിയില്‍ ഒന്നാം റാങ്ക് പങ്കിട്ടിരുന്നു. ജനങ്ങളില്‍ നിന്നും അകന്നുള്ള ജീവിതമല്ല, ജനങ്ങളോടൊത്തുള്ള അവര്‍ക്കുവേണ്ടിയുള്ള ജീവിതമാണ് തന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവുമെന്ന് അദ്ദേഹം കരുതി. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മെത്രാന്‍സ്ഥാനം തടസ്സമായി അദ്ദേഹം കരുതി.
അക്കാലത്തെ ഒരു പ്രമുഖ അഭിഭാഷകനും പിന്നീട് ഗവ. ലോ. കോളജ് പ്രിന്‍സിപ്പലുമായിരുന്നു പത്തനാപുരം സ്വദേശിയായ അയ്മനം മഴുവഞ്ചേരിമഠത്തില്‍ കുടുംബാംഗമായ പത്രോസ് മത്തായി. മെത്രാന്‍സ്ഥാനം ഏല്‍പ്പാനുള്ള സമ്മര്‍ദ്ദമേറിയപ്പോള്‍ അതിനെ അതിജീവിക്കാന്‍ അദ്ദേഹം ഒരു കുറുക്കുവഴി കണ്ടെത്തി. 49-ാം വയസ്സില്‍ വിവാഹിതനാവാന്‍ അദ്ദേഹം തയ്യാറായി. ആ വിവാഹത്തില്‍ അദ്ദേഹത്തിന് ഏഴു കുട്ടികളുണ്ടായി. മത്തായി പത്രോസ് മത്തായി, കുഞ്ഞന്നാമ്മ പത്രോസ് മത്തായി, അലക്സ് അന്ത്രയോസ് പത്രോസ് മത്തായി, പത്രോസ് പത്രോസ് മത്തായി, ഡോക്ടര്‍ പത്രോസ് മത്തായി, ലൂക്കോസ് പത്രോസ് മത്തായി, സൈമണ്‍ പത്രോസ് മത്തായി. ഉന്നതനിലയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ അവരില്‍ പലരും സഭാസ്നേഹികളായി ഇന്നും നമ്മുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്.
പത്രോസ് മത്തായി സാറിന്‍റെ 49-ാം വയസ്സിലെ തീരുമാനം മെത്രാന്‍ സ്ഥാനത്തുനിന്ന് രക്ഷപെടുന്നതിനുവേണ്ടി ആയിരുന്നുവെങ്കിലും അതിലൂടെ സഭയ്ക്ക് ലഭിച്ചത് ഏഴ് ശ്രേഷ്ഠ കുടുംബങ്ങളെയാണ്. അതുകൊണ്ടുതന്നെ അതുമൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് മനോരമ സീനിയര്‍ എഡിറ്റര്‍ തോമസ് ജേക്കബ് വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ നമ്മെ ചില വ്യത്യസ്ത ചിന്തകളിലേക്ക് നയിക്കണം. നമ്മുടെ സഭയില്‍ പല കാരണങ്ങളാല്‍ അവിവാഹിതജീവിതം നയിക്കുന്ന ശ്രേഷ്ഠവ്യക്തികളുണ്ട്. അവരില്‍ വൈദികരും അവൈദികരും സന്യാസികളുമെല്ലാം ഉണ്ട്. 50 വയസ്സിനുള്ളില്‍ ശ്രേഷ്ഠലക്ഷ്യങ്ങള്‍ നിര്‍വഹിച്ചവരാണ് അവരില്‍ പലരും. പ്രൗഢയൗവ്വനമെന്ന് ഡോക്ടര്‍ ബാബു പോളിനെപ്പോലെയുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ പ്രായസരണിയില്‍പെട്ട അവിവാഹിതരെ കുടുംബജീവിതത്തിലേക്ക് പ്രവേശിപ്പിക്കുവാന്‍ പ്രേരിപ്പിച്ചാല്‍, അതുവഴി സഭയ്ക്ക് ശ്രേഷ്ഠ കുടുംബങ്ങളെ ലഭിക്കില്ലേ? വരുംകാലത്ത് സഭ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്നം, ശ്രേഷ്ഠ കുടുംബങ്ങളില്‍ നിന്നുള്ള വൈദികരുടെയും സഭാപ്രവര്‍ത്തകരുടെയും അഭാവമാണ്. ആ കുറവ് പരിഹരിക്കുവാന്‍ സാധിക്കുവാന്‍, ഈ പ്രവര്‍ത്തനത്തിലൂടെ സഭയ്ക്കു കഴിയും. മെത്രാന്‍സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 'ഇനിയൊരങ്കത്തിനു ബാല്യമില്ല' എന്നു കരുതി നിരാശരായി നില്‍ക്കുന്നവരെയും സഭ നിരാശപ്പെടുത്തരുത്. മാര്‍ത്തോമ്മാ സഭയിലും മറ്റും വൈദികര്‍ക്ക് വിവാഹം അനുവദനീയമാണല്ലോ. നമ്മുടെ സഭയിലും ചില ശ്രേഷ്ഠരായ വൈദികര്‍ ആ വഴി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
നമുക്ക് പത്രോസ് മത്തായിലേക്ക് തിരിച്ചുവരാം. മെത്രാനായി വാഴിക്കപ്പെട്ടിരുന്നുവെങ്കില്‍ സഭയ്ക്ക് മികച്ചൊരു ഇടയനെ ലഭിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതിരുന്നതുകൊണ്ട് എട്ട് പത്രോസ് മത്തായിമാരുണ്ടായി. എല്ലാവരും ശ്രേഷ്ഠജീവിതപാതയിലൂടെ സഞ്ചരിച്ചവര്‍. ക്രിസ്തുസഭയ്ക്ക് വിലപ്പെട്ടവര്‍.
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോടിപതികളും പണ്ഡിതന്മാരും വിട്ടുവീഴ്ചയില്ലാതെ നെട്ടോട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ദൈവിക നടത്തിപ്പ് ലഭിക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ ശ്രേഷ്ഠ അല്‍മായ നേതാക്കളോട് സഭയ്ക്കു വേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുവാന്‍ അപേക്ഷിക്കാം.
(മലങ്കര നവോത്ഥാനം 2016 നവംബര്‍)
Sunday, 1 October 2023
സഭാനേതൃത്വവും രാഷ്ട്രീയ നിലപാടുകളും | ടി. പി. ജോര്‍ജുകുട്ടി, കോത്തല
'റവറന്‍റ് ഫാദര്‍ എന്നു വിളിക്കുന്നതിനേക്കാള്‍ എനിക്ക് താല്പര്യം സഖാവ് ഫാദര്‍ എന്നു വിളിക്കുന്നതാണ്. ഇത് ഞാന്‍ പറയുന്നത് എന്‍റെ സഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്കാ ബാവായുടെ അനുമതിയോടെയാണ്' എന്ന് ഒരു ഓര്‍ത്തഡോക്സ് വൈദികന്‍ പരസ്യമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത്, ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചരണയോഗത്തില്‍ പ്രസംഗിക്കുന്നത് വാട്സ് ആപ്പിലൂടെയും മറ്റ് പല ഓണ്‍ലൈന്‍ മീഡിയാകളിലൂടെയും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. ആ സഖാവിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അംഗീകരിക്കാത്തവരും അതിനെ വിമര്‍ശിക്കുവാനോ ചോദ്യം ചെയ്യുവാനോ മുതിര്‍ന്നില്ല. 'സഖാവിന്‍റെ ഇഷ്ടം അങ്ങനെയാണെങ്കില്‍ അങ്ങനെ ആകട്ടെ, ഏതൊരു ഇന്ത്യന്‍ പൗരനും അതിന് സ്വാതന്ത്ര്യം ഉണ്ടല്ലോ' എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു.
അതുപോലെ സഭയുടെ വൈദികട്രസ്റ്റി ആയിരിക്കുമ്പോള്‍ ഒരുന്നത വൈദികനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുകയുണ്ടായി. ആ സഖാവിനു വിജയിക്കുവാന്‍ കഴിഞ്ഞില്ലായെങ്കിലും കുഞ്ഞാടുകള്‍ക്ക് പ്രതിഷേധമൊന്നും ഇല്ലായിരുന്നു. 'അപ്പന് അപ്പന്‍റെ ഭാര്യയെ കാര്യം, എനിക്ക് എന്‍റെ ഭാര്യയെ കാര്യം' എന്ന് ഒരു മകന്‍ അപ്പനോട് പറഞ്ഞതുപോലെ ജനം പ്രതികരിച്ചുവെന്നു മാത്രം. പുരോഹിതന്മാരും മഹാപുരോഹിതന്മാരുമൊക്കെ ഈ രാജ്യത്തെ പൗരന്മാരാണ്. പൗരന്മാര്‍ക്കുള്ള എല്ലാ അവകാശവും അവര്‍ക്കുമുണ്ട്. അതവര്‍ പ്രയോഗിക്കട്ടെ. ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.
എന്നാല്‍ സാധാരണജനങ്ങള്‍ സ്വീകരിക്കുന്ന ഈ സമീപനം പുലര്‍ത്താന്‍ സഭയുടെ അധികാരികളും ബാധ്യസ്ഥരാണ്. സഭാംഗങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ മാനിക്കുന്നതിന് അവര്‍ക്കും കഴിയണം. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പലരുടേയും സമീപനം ഇക്കാര്യത്തില്‍ അങ്ങനെയല്ല കാണുന്നത്. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ പ്രതിഷേധം വിളിച്ചു വരുത്തുന്ന രീതികള്‍ കൈക്കൊള്ളുന്നതിനും മനഃപ്പൂര്‍വ്വം പല കേന്ദ്രങ്ങളും ശ്രമിക്കാറുമുണ്ട് എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും അതിനു മുമ്പും അന്നത്തെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സ്ഥാനാര്‍ത്ഥികളോടും സഭാനേതൃത്വം കാണിച്ച അവഹേളനാപരമായ നിലപാടിനെക്കുറിച്ച് ഇനിയും നമ്മള്‍ മിണ്ടാതിരിക്കേണ്ടതുണ്ടോ? ഈ സഭയിലെയും പൊതുസമൂഹത്തിലെയും വലിയൊരു വിഭാഗം ജനം ആദരിക്കുന്ന ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും ബഹിഷ്കരിക്കുവാനുള്ള ആഹ്വാനത്തിനു സഭാനേതൃത്വം തയാറായപ്പോള്‍ അതില്‍ ദുഃഖിച്ചവരാണ് സഭാജനങ്ങളില്‍ ഏറിയപങ്കും. എന്നാല്‍ അതിനോടുള്ള പ്രതികരണങ്ങള്‍ രാഷ്ട്രീയമായി വിലയിരുത്തപ്പെടും എന്നതിനാല്‍ പൊതുവെ ആളുകള്‍ നിശബ്ദരായി. എന്നാല്‍ അത് തങ്ങളുടെ സമീപനത്തിന്‍റെ അംഗീകാരമായാണ് അധികാരികള്‍ കണ്ടത്. അതുകൊണ്ടുതന്നെ സ്ഥാനത്തും അസ്ഥാനത്തും സഭാനേതാക്കന്മാര്‍ക്ക് ചേരാത്തവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പലരില്‍ നിന്നും പലപ്പോഴും ഉണ്ടായി. ഒരു മുഖ്യമന്ത്രി സ്ഥാനമേറ്റാല്‍ അദ്ദേഹത്തെ പോയി സന്ദര്‍ശിക്കുന്ന പതിവൊന്നും ഇതുവരെ സഭാപിതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ തലവനും ആഗോള കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനുമായ മാര്‍പാപ്പാ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ച മാത്യൂസ് പ്രഥമന്‍ ബാവാ ചെയ്തത് എന്താണ്? അദ്ദേഹം റോമിന്‍റെ പോപ്പാണെങ്കില്‍, ഞാന്‍ ഈ സഭയുടെ അദ്ധ്യക്ഷനാണ്. എനിക്ക് എന്‍റെ സഭയുടെയും ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കേണ്ടതുണ്ട്. ബാവായുടെ നിലപാട് ശരിയെന്നു ബോദ്ധ്യപ്പെട്ട മാര്‍പാപ്പാ കോട്ടയത്ത് ഏലിയാ കത്തീഡ്രലില്‍ വന്ന് മലങ്കരസഭയെയും അതിന്‍റെ അദ്ധ്യക്ഷനെയും മാനിച്ചു. ഇത് എല്ലാ അദ്ധ്യക്ഷന്മാര്‍ക്കും എപ്പോഴും സാധിക്കുന്ന കാര്യമാണെന്ന് ഇവിടെ സൂചനയില്ല. സ്വാഭിമാനം എന്നാല്‍ വ്യക്തിപരമായ അഹങ്കാരമല്ല എന്നും സഭയുടെ പരമാദ്ധ്യക്ഷപദം എന്നാല്‍ ഇതര സമൂഹങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിക്കുന്ന ഗുരുപീഠമാണെന്നും തെളിയിക്കുവാന്‍ എല്ലാവര്‍ക്കും എപ്പോഴും കഴിയണമെന്നില്ലല്ലോ.
മുഖ്യമന്ത്രിയെ സഭാദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചത് അക്ഷന്തവ്യമായ അപരാധമാണെന്ന് ആരും പറയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും വിധേയമായി മാത്രമേ സഭയ്ക്ക് പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ടുതന്നെ ആ സ്ഥാനങ്ങള്‍ക്ക് ആദരവ് നല്‍കാനും ആ സ്ഥാനം വഹിക്കുന്നവരോട് നല്ല ബന്ധം സൂക്ഷിക്കാനും സഭാനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ് എന്നതില്‍ യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ല. എന്നാല്‍ വ്യക്തിപരമായ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിച്ചവര്‍ മാത്രം ഈ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ മാത്രമേ ഈ വിധത്തില്‍ പ്രവര്‍ത്തിക്കൂ എന്ന നിലപാട് വിമര്‍ശിക്കപ്പെടും. സഭാംഗമായ വ്യക്തി മുഖ്യമന്ത്രി ആയിരുന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹത്തോടും സഹപ്രവര്‍ത്തകരോടും ഈ സഭാനേതൃത്വം കാണിച്ച സമീപനത്തെ മാന്യതയില്ലാത്തത് എന്നു മാത്രമേ നമുക്കു വിശേഷിപ്പിക്കാനാകൂ. അവരുടെ ഏതെങ്കിലും നിലപാടുകള്‍ സഭാ താല്പര്യത്തിനു വിരുദ്ധമാണെങ്കില്‍ അതിനെതിരെ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമായിരുന്നില്ലേ? നിയമപരമായി സാധിക്കാത്ത കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെയെങ്കില്‍ അങ്ങനെയും ശ്രമിക്കാം. എന്നാല്‍ അധിക്ഷേപത്തിന്‍റെ രീതിയില്‍ സാമാന്യമര്യാദകള്‍ക്കു നിരക്കാത്ത വിധത്തില്‍ രാഷ്ട്രീയ എതിരാളികളോട് എന്നപോലെ പെരുമാറിയതിനു യാതൊരു നീതീകരണവുമില്ല. ഈ സഭയിലെ വലിയൊരു വിഭാഗം ആളുകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയെയും മറ്റ് നേതാക്കളെയും ബഹിഷ്ക്കരിക്കുവാനും അവര്‍ക്കെതിരെ പ്രചരണം നടത്തുവാനും സഭാനേതൃത്വം തുനിഞ്ഞത് വളരെയേറെ ജനങ്ങളെ വേദനിപ്പിച്ചു. രാഷ്ട്രീയവും സഭയും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള ശ്രമത്തെ തുറന്നെതിര്‍ക്കാന്‍ അന്ന് പലരും മടിച്ചത് സ്ഥാനമാനങ്ങളെ അതിരറ്റു ബഹുമാനിക്കുന്ന പരമ്പരാഗതമായ കുടുംബങ്ങളില്‍ വളര്‍ന്നതുകൊണ്ടു ശീലിച്ച പാരമ്പര്യം കൊണ്ടു മാത്രമാണ്. പിതാക്കന്മാരെയും പുരോഹിതന്മാരെയും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന പാരമ്പര്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുതലെടുക്കുന്ന സമീപനത്തെ തുറന്നെതിര്‍ക്കാന്‍ ഇന്നും നമ്മള്‍ മടിച്ചാല്‍ ജനം ഇരകളും മറ്റു ചിലര്‍ വേട്ടക്കാരും ആയി രൂപാന്തരപ്പെടുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.
സഭാംഗം എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് സവിശേഷമായ പരിഗണന നല്‍കണമെന്നോ, യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നോ ആരും പറയുന്നില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സുകാരനായതിനാല്‍ അദ്ദേഹത്തെ ഏതു വിധേനയും തോല്‍പ്പിക്കണമെന്ന് പ്രചരണം നടത്തി അതിനുവേണ്ടി അരയും തലയും മുറുക്കി യാക്കോബായ വിഭാഗം പരിശ്രമിക്കുമ്പോള്‍, അവരോടൊപ്പം നിന്നുകൊണ്ടു 'അവനെ ക്രൂശിക്കുക' എന്ന് ആക്രോശിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് നേതൃത്വവും രംഗത്തിറങ്ങിയതിന്‍റെ പിന്നില്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രമാണുള്ളതെന്ന് ആര്‍ക്കാണ് അറിയാത്തത്? യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും അദ്ദേഹം തങ്ങളോടു നീതിപുലര്‍ത്തിയില്ല എന്നു പ്രചരിപ്പിക്കുന്നുവെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയക്കളികള്‍ സുവ്യക്തമാണ്. അത്തരം രാഷ്ട്രീയക്കളികള്‍ക്ക് കൂട്ടുനില്‍ക്കാന്‍, സഭാംഗമായ ഒരു വ്യക്തിയെ ഒറ്റപ്പെടുത്തുവാന്‍ ഈ സഭയുടെ നേതൃത്വം പരിശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്.
വകതിരിവില്ലാത്ത രീതിയില്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ട് നേട്ടം കൊയ്യുന്നവര്‍ പലരുണ്ട്. നിയമസഭാ സീറ്റ് തരപ്പെടുത്താനും വിജയിക്കാനുമൊക്കെ ചിലര്‍ക്കു കഴിഞ്ഞത് അവരുടെ രാഷ്ട്രീയ സാമര്‍ത്ഥ്യമായി നമുക്ക് അംഗീകരിച്ചു കൊടുക്കാം. എന്നാല്‍ അത്തരം പ്രവണതകള്‍ സഭയ്ക്കും പൊതുസമൂഹത്തിനും നല്‍കുന്ന സന്ദേശങ്ങള്‍ ഒട്ടും ശുഭകരമല്ല. പ്രായോഗിക രാഷ്ട്രീയ കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയും തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൃത്യമായി ചെന്നെത്താനുള്ള എല്ലാ സംവിധാനങ്ങളുമുള്ള വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തങ്ങളുടെ പോക്കറ്റിലാക്കി എന്ന മട്ടില്‍ ഹ്രസ്വദൃഷ്ടികളായ ചില സഭാജീവികള്‍ പെരുമാറുന്നതു കാണുമ്പോള്‍ 'കഷ്ടം' എന്ന് പലരും മൂക്കത്തു വിരല്‍ വച്ചുപോവുന്നു.
സഭാംഗമായ മുഖ്യമന്ത്രിയെ സഭാനേതൃത്വം ബഹിഷ്ക്കരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സഭാപരിപാടികള്‍ തുടര്‍ച്ചയായി ബഹിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത് 'കാവ്യനീതി'യായി മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. യഥാര്‍ത്ഥ കാരണം എന്തെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. സാന്നിധ്യം കൊണ്ടോ സഹകരണം കൊണ്ടോ ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തെ പ്രീണിപ്പിച്ചാല്‍ യാക്കോബായ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ഓര്‍ത്തഡോക്സുകാര്‍ ശ്രമിക്കുമെന്ന് നെടുമ്പാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി ഇടതുമുന്നണി നേതൃത്വത്തെ വിശ്വസിപ്പിക്കുവാന്‍ യാക്കോബായ നയതന്ത്രത്തിനു കഴിഞ്ഞു. യു.ഡി.എഫ്. ഭരണകാലത്തും ഇതു തന്നെയാണ് സംഭവിച്ചത്. ചുരുക്കത്തില്‍ തന്ത്രത്തിലും നയതന്ത്രത്തിലും സംഭവിക്കുന്ന വീഴ്ചകളാണ് നമ്മെ പരാജയപ്പെടുത്തുന്നത്. ബഹിഷ്ക്കരണമല്ല അതിനുള്ള മറുമരുന്ന്. പൊതു സമൂഹത്തിനു കൂടി ബോധ്യപ്പെടുന്ന വിട്ടുവീഴ്ചകളും കൂടിയാലോചനകളും ആണ്.
സഭയ്ക്ക് അത്മായ വൈദിക രംഗങ്ങളില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിക്കുവാനും സൂക്ഷ്മതയോടെ നീങ്ങുവാനും ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ കുടിലമായ സമീപനംകൊണ്ട് ഈ സഭയില്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് ഇനി ഒരവസരം നല്‍കുവാന്‍ പാടില്ല. വിവേകത്തോടെയും വിവേചനബുദ്ധിയോടെയും മുന്നിട്ടിറങ്ങി സഭയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുവാന്‍ നമുക്ക് ലഭിക്കുന്ന ഈ അവസരം നാം ഉപയോഗിച്ചേ മതിയാവൂ.
(മലങ്കര നവോത്ഥാനം 2016 ഡിസംബര്‍ )
Saturday, 30 September 2023
"ഞങ്ങടെ നാഥന്‍ ഞങ്ങളെ തള്ളിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരേ" | ജോര്‍ജുകുട്ടി കോത്തല
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നമ്മുടെ സഭയ്ക്ക് വളരെയേറെ നേട്ടങ്ങള്‍ നല്‍കിയെന്നുള്ളതില്‍ രണ്ടു പക്ഷമില്ല. സഭയ്ക്ക് ഒരു നാഥനെയും നാഥയെയും ലഭിച്ചു എന്നുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. ജയിച്ചയുടന്‍ തന്നെ സഭാനാഥ, തന്നെ ജയിപ്പിച്ചതില്‍ ഓര്‍ത്തഡോക്സുകാര്‍ക്ക് ഒരു പങ്കുമില്ലായെന്നും യാക്കോബായക്കാരും ഹൈന്ദവ സഹോദരങ്ങളുമൊക്കെയാണ് തന്‍റെ ജയത്തിന്‍റെ പിന്നിലെന്നു ഒരു ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞതിന്‍റെ റിപ്പോര്‍ട്ട് നമ്മള്‍ വാട്സ് ആപ്പിലും മറ്റും കണ്ടു. അതൊന്നും സാരമില്ല. ഒരു എം. എല്‍.എ. യ്ക്ക് ഏതെങ്കിലും വിഭാഗത്തോട് പ്രത്യേക ആഭിമുഖ്യം പ്രകടിപ്പിക്കാനാവില്ല എന്നു നാഥയ്ക്കെങ്കിലും ബോധമുണ്ടായല്ലോ.
പ്രസ്താവനകളില്‍ അങ്ങനെയൊക്കെ പറഞ്ഞാലും സഭാനാഥ നമ്മുടെ മീറ്റിങ്ങുകളിലെല്ലാം പങ്കെടുത്തു വരുന്നുണ്ട്. അതു മാത്രമല്ല ശബരിമല തിരുവാഭരണ ഘോഷയാത്രയില്‍ സഭാ സ്ഥാനിയുടെ ഔദ്യോഗിക വാഹനത്തില്‍ തന്നെ മുഴുവന്‍ സമയവും സഞ്ചരിച്ചുകൊണ്ട് ശബരിമലയിലും ഓര്‍ത്തഡോക്സ് പ്രഭാവം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല. സഭാ സ്ഥാനിയുടെ ഔദ്യോഗിക വാഹനം ഇങ്ങനെയൊക്കെ കൊണ്ടുനടക്കുന്നതു ശരിയാണോ എന്ന ചോദ്യമുന്നയിക്കുന്ന വിവരദോഷികളെയൊന്നും വകവെയ്ക്കേണ്ട കാര്യമില്ല.
എന്നാല്‍ സഭാനാഥന്‍റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടുചെന്നു നമ്മള്‍ കൊടുത്ത 'സഭാനാഥന്‍' പദവി അദ്ദേഹം സ്വീകരിച്ചതായോ നിരാകരിച്ചതായോ അറിയിക്കാത്ത സ്ഥിതിക്ക് അദ്ദേഹം അത് സ്വീകരിച്ചതായി നമുക്കു കണക്കാക്കാം. എന്നാല്‍ നാളിതുവരെ സഭ പല സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നു കാണിച്ച് കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ഫ്ളക്സ് വച്ചെങ്കിലും ഒരു യോഗത്തിനും നാഥന്‍ ഇതുവരെ എത്താന്‍ തയാറായില്ല. കോലഞ്ചേരിയില്‍ നമ്മുടെ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക ജൂബിലിയില്‍ അങ്ങേരും മന്ത്രിമാരുമൊക്കെ വരുമെന്നു കരുതി നമ്മള്‍ കാത്തിരുന്നു. അദ്ദേഹം അടുത്തുകൂടി പോയെങ്കിലും വണ്ടി നിര്‍ത്താന്‍ പോലും തയാറാകാതെ നേരെ പുത്തന്‍കുരിശില്‍ ചെന്നു ശ്രേഷ്ഠബാവായുടെ പുസ്തകം പ്രകാശനം ചെയ്തു. ശ്രേഷ്ഠനേക്കാള്‍ ശ്രേഷ്ഠനായി ഈ ഭൂമിമലയാളത്തില്‍ ഇന്നോളം ആരും ജനിച്ചിട്ടില്ല എന്നു തട്ടിവിടുകയും പത്രങ്ങളെല്ലാം അത് വെണ്ടയ്ക്കാ വലുപ്പത്തില്‍ നിരത്തുകയും ചെയ്തു. അതിനു മുമ്പാവട്ടെ കുന്നംകുളം സമ്മേളനത്തില്‍ അദ്ദേഹത്തെ നമ്മള്‍ ആഘോഷപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടും നാഥന്‍ ആ വഴി തിരിഞ്ഞുനോക്കിയതേയില്ല. ഇതൊന്നും നമ്മോടുള്ള സ്നേഹക്കുറവുകൊണ്ടാണെന്ന് ആരും കരുതരുത്. നമ്മോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവില്ല. അതൊക്കെ മനസിലാവണമെങ്കില്‍ പാര്‍ട്ടി സംസ്കാരം എന്തെന്നറിയണം. പണ്ടു നമ്മുടെ സഖാക്കള്‍ വിളിച്ച മുദ്രാവാക്യം ഇവരൊന്നും കേട്ടിട്ടുണ്ടാവില്ല.
'ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ' എന്നാണ് അടികൊണ്ടു വീണപ്പോഴും നമ്മുടെ സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. നമ്മളും അങ്ങനെതന്നെ പറയും.
"ഞങ്ങടെ നാഥന്‍ ഞങ്ങളെ തള്ളിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരേ."
ഉമ്മനെ ഉരച്ചുനോക്കണം
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ആ ഉമ്മന്‍ചാണ്ടിയുടെ ശല്യം ഒഴിഞ്ഞുകിട്ടിയത് എത്ര നന്നായി. അതിന് മുമ്പു വിളിച്ചാലും വിളിച്ചില്ലെങ്കിലും നമ്മുടെ പള്ളികളിലും അരമനകളിലുമെല്ലാം പോലീസിന്‍റെ വിളയാട്ടമല്ലായിരുന്നോ? മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ അത്ര വലിയ കാര്യമാണോ? നമ്മുടെ ചില യോഗങ്ങളിലൊക്കെ അങ്ങേരു വന്നപ്പം നമ്മള്‍ സ്വാഗതം പറഞ്ഞതൊക്കെ ഏറ്റവും അവസാനമായിട്ടാ. എന്നാലും, അങ്ങേരു ചിരിച്ചു കാണിക്കും. ഒടുവില്‍ അങ്ങേരെക്കൊണ്ടു സഹികെട്ടപ്പഴാ നമ്മള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഈ മുഖ്യമന്ത്രി സ്ഥാനത്തിന് എന്തായാലും നമ്മുടെ സഭാസെക്രട്ടറിയുടെ അത്ര വിലയൊന്നും വരില്ലല്ലോ. എന്നാലും എന്തായിരുന്നു അങ്ങേരുടെ ഭാവം? നമ്മുടെ പള്ളികളിലും തിരുമേനിമാരുടെ കബറിങ്കലുമൊക്കെ വന്നു പ്രാര്‍ത്ഥിക്കുക. പാമ്പാടിയിലും പരുമലയിലുമൊക്കെ ആരുടെയും അനുവാദത്തിനു കാക്കാതെ വന്നു പ്രാര്‍ത്ഥിക്കുന്നതൊക്കെ ധിക്കാരമല്ലേ? സമയം കിട്ടാതെപോയാല്‍ രാത്രിയായാലും നമ്മുടെ പള്ളികളില്‍ വന്നു പ്രാര്‍ത്ഥിച്ചതിനൊക്കെ നമ്മള്‍ കണക്കിനു തിരിച്ചു കൊടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ തിരുമേനി കാലംചെയ്തപ്പോള്‍, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്നപ്പോള്‍ കോലഞ്ചേരിയിലെ നമ്മുടെ ചുണക്കുട്ടന്മാരു കണക്കിനു കൊടുത്തു. അതിന്‍റെയൊക്കെ വീഡിയോ യൂടൂബിലും മറ്റുമുള്ളത് ഇടയ്ക്കിടയ്ക്ക് നോക്കണം. സഭാഭക്തി എന്നു പറഞ്ഞാല്‍ അതാ.
ഈ പള്ളിതോറും നടക്കുന്ന അങ്ങേര്‍ക്ക് സഭാഭക്തി അല്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ കോലഞ്ചേരി പള്ളി പിടിച്ചു നമുക്കു തരില്ലായിരുന്നോ? കോലഞ്ചേരി പള്ളിയിലെ നാലു ഞായറാഴ്ചകളിലും നമ്മുടെ അച്ചന്മാരു തന്നെ കുര്‍ബാന ചൊല്ലിയ ഒരു കാലമുണ്ടായിരുന്നു. അതായത് അത്താനാസിയോസ് തിരുമേനി നമ്മോട് ചേര്‍ന്നപ്പോള്‍ അന്നത്തെ പാത്രിയര്‍ക്കീസ് വിഭാഗക്കാരുടെ അച്ചനും നമ്മുടെ കൂട്ടത്തിലായി. അങ്ങനെ നാലു ഞായറാഴ്ചകളിലും നമ്മുടെ അച്ചന്മാര്‍. പള്ളിഭരണം പൂര്‍ണമായും നമുക്ക്. അങ്ങനെ എല്ലാം ശുഭമായിരുന്നപ്പോള്‍ നമ്മള്‍ തന്നെ പാത്രിയര്‍ക്കീസ് ഭാഗത്തു നിന്നു വന്ന അച്ചനെ അവിടെനിന്നു മാറ്റി. ആ തക്കംനോക്കിയാണല്ലോ പാത്രിയര്‍ക്കീസുകാര്‍ക്ക് വീണ്ടും പ്രശ്നമുണ്ടാക്കാന്‍ കഴിഞ്ഞതും. നമ്മള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്നോ? നമ്മുടെ മുഖ്യമന്ത്രിയുടെ സഭാഭക്തി ഉരച്ചുനോക്കാന്‍ വേണ്ടി നമ്മള്‍ കളിച്ച ഒരു കളിയല്ലായിരുന്നോ അത്? എന്നിട്ട് അങ്ങേര്‍ക്ക് വല്ലതും ചെയ്യാന്‍ പറ്റിയോ? അങ്ങേരുടെ സഭാഭക്തി ഇത്രത്തോളമേ ഉള്ളുവെന്നു മനസിലായില്ലേ. മുമ്പ് കടമറ്റത്തും ഇതുപോലെ ഇടവകക്കാരെല്ലാം കൂടി ഒന്നായി നമ്മുടെ മാത്യൂസ് ദ്വിതീയന്‍ ബാവായെ സ്വീകരിച്ചപ്പോള്‍ നമ്മുടെ തിരുമേനി തന്നെ കേസ് കൊടുത്തു പള്ളി പൂട്ടിച്ചത് എന്തിനാ? അതും ഉമ്മന്‍ചാണ്ടിയുടെ സഭാഭക്തി ഉരയ്ക്കാന്‍ വേണ്ടി അല്ലായിരുന്നോ? തൃക്കുന്നത്തു സെമിനാരിയില്‍ ആ മണ്ണാറപ്രായില്‍ അച്ചന്‍ ഉണ്ടായിരുന്ന കാലത്ത് പാത്രിയര്‍ക്കീസ് ഭാഗത്തെ ഒരു കാല്‍കുപ്പായക്കാരന്‍പോലും അവിടെ കയറിയിട്ടില്ല. അത്രയ്ക്ക് സ്വാധീനവും സാമര്‍ത്ഥ്യവുമുള്ള അച്ചനെ അവിടെ നിന്നു മാറ്റിയ ഗ്യാപ്പിലാണല്ലോ അവിടെയും ശ്രേഷ്ഠനു കയറാന്‍ പറ്റിയതും പ്രശ്നങ്ങള്‍ 'ആകമാനമാക്കാന്‍' സാധിച്ചതും. അതും നമ്മള്‍ ചെയ്തത് ഈ ഉമ്മന്‍ചാണ്ടിയെ പരീക്ഷിക്കാനല്ലായിരുന്നോ?
കാര്യം അന്നത്തെ മുഖ്യമന്ത്രിയെ അങ്ങനെയൊക്കെ പരീക്ഷിച്ചെങ്കിലും ഇന്നത്തെ മുഖ്യമന്ത്രിയെ നമ്മള്‍ പരീക്ഷിക്കയൊന്നും വേണ്ട. ഇത്തവണ തൃക്കുന്നത്ത് ആ ശ്രേഷ്ഠന്‍ കയറുന്നെങ്കില്‍ അങ്ങ് കയറിക്കോട്ടെയെന്നു വച്ചേക്കണം. എത്ര കയറിയാലും അവിടെ ഇരിക്കാനൊന്നും പോവില്ലല്ലോ. അദ്ദേഹം ഇറങ്ങിപ്പോവുമ്പോഴേക്കും നമ്മുടെ ഇപ്പോഴത്തെ ഭരണക്കാരും ഇറങ്ങിക്കോളും. പിന്നെ നമുക്കൊരു കളി കളിക്കാം. അതുവരെ സുപ്രീംകോടതിയെന്നൊക്കെ പറഞ്ഞു നമുക്കു വട്ടോം നീളോം നടക്കാം. നമുക്കു കാശിനും പഞ്ഞമില്ല. നമ്മുടെ നേതാക്കന്മാര്‍ക്കു സമയത്തിനും പഞ്ഞമില്ല. പിന്നെ നമുക്കെന്നാ പറ്റാനാ? പരുമലയിലെ കണ്ണുനീരിന്‍റെ കാശെടുത്ത് നമുക്ക് ഇഷ്ടംപോലെ കേസു കളിക്കാം. ആര്‍ക്കാ നഷ്ടം.
പിന്നൊരു കാര്യം. ഉമ്മനു ഒന്നും ചെയ്യാന്‍ പറ്റിയില്ലായെങ്കിലും നമുക്കു ചില ഗുണങ്ങളൊക്കെയുണ്ടായി. ആ കളികള്‍ നമ്മള്‍ കളിച്ചില്ലായിരുന്നെങ്കില്‍ പാത്രിയര്‍ക്കീസ് ഭാഗത്തുള്ള 90 ശതമാനം ആള്‍ക്കാരും അത്താനാസിയോസ് തിരുമേനിയുടെയും മറ്റും കൂടെ ഇങ്ങോട്ടു വരുമായിരുന്നു. അങ്ങനെ വന്നാല്‍ നിയുക്ത കാതോലിക്കാ സ്ഥാനവുമൊക്കെ ചിലപ്പോള്‍ അങ്ങോട്ടു പോയാലോ? ഇവിടെ പത്തിരുപത്തഞ്ചു കൊല്ലം അപ്പച്ചന്‍ വടിയും കുത്തി നടന്നത് പിന്നെ എന്തിനാ? കോട്ടയത്തീന്നും കോലഞ്ചേരീന്നുമൊന്നും മൂവാറ്റുപുഴയില്‍ നിന്നും അങ്ങനെ ആരും പൊങ്ങാന്‍ അപ്പച്ചന്‍ സമ്മതിക്കുകേല.
നമ്മുടെ പാത്രിയര്‍ക്കീസിനു പത്തു ലക്ഷം അവരുടെ
പാത്രിയര്‍ക്കീസിനു പുല്ലുവില
ഇതൊക്കെയാണെങ്കിലും ബാവാ കക്ഷിക്കാര് ആ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ ഇതിലെയൊക്കെ എഴുന്നള്ളിച്ചതാണല്ലോ. അദ്ദേഹത്തെ ഉമ്മനും കൂട്ടരും സ്റ്റേറ്റ് ഗസ്റ്റാക്കി പ്രഖ്യാപിക്കുകയും യാത്രയുടെ എല്ലാ ചെലവുകളും സര്‍ക്കാര്‍ തന്നെ നടത്തുകയും ചെയ്തു. നമ്മളും കൂടെ നികുതി കൊടുക്കുന്ന പണം അങ്ങനെയങ്ങു കളയുന്നതു ശരിയാണോ? ഈ ലോകത്തില്‍ ഈ ഒരു പാത്രിയര്‍ക്കീസ് മാത്രമല്ലല്ലോ ഉള്ളത്. നമ്മള്‍ എത്യോപ്യയില്‍ നിന്നും പാത്രിയര്‍ക്കീസിനെ കൊണ്ടുവന്നു. നമ്മുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത്? സ്റ്റേറ്റ് ഗസ്റ്റാക്കി തന്നെ നമ്മളു കൊണ്ടുനടന്നു. പോലീസിനു പോലീസ്. കാറിനു കാറ്. ഗസ്റ്റ് ഹൗസിനു ഗസ്റ്റ് ഹൗസ്. പക്ഷേ, അവസാനം നമുക്കൊരു ബില്ലും കിട്ടി. പത്തര ലക്ഷം രൂപ. നമ്മള്‍ക്കതത്ര വലിയ കാര്യമാണോ? നമ്മള്‍ അതടച്ചു. നമ്മള്‍ തിരക്കി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനു വേണ്ടി എത്രയാ ബില്ലടച്ചത്? അപ്പോഴാ മനസ്സിലായത് അത് ശരിക്കും സര്‍ക്കാര്‍ ചെലവിലായിരുന്നു. ഇപ്പം നമ്മുടേത് അങ്ങനെയല്ല. അതിനു കാശു കൊടുത്തേ പറ്റൂ.
ഇതൊരു വലിയ നാണക്കേടായി ചിലരു പ്രചരിപ്പിക്കുന്നതാണു കഷ്ടം. നമ്മുടെ ബാവായ്ക്ക് പത്തര ലക്ഷത്തിന്‍റെ വിലയുണ്ടെന്ന് സര്‍ക്കാരിനറിയാം. മറ്റേ അങ്ങേര്‍ക്ക് പുല്ലുവില. ഏത്?
(മലങ്കര നവോത്ഥാനം 2016 നവംബര്‍7 ജനുവരി)
Wednesday, 27 September 2023
ആല്‍മരച്ചുവട്ടിലെ അച്ചനും കൊച്ചനും
നാണംകെട്ടവന്‍ ആലിനെ തണലാക്കുന്നതൊക്കെ പഴങ്കഥയാണെന്നു പറഞ്ഞ് ആരും തള്ളിക്കളയരുത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മലങ്കരസഭ അത്തരക്കാരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കോടിപതികളും കോടീശ്വരന്മാരുമൊക്കെ സഭയുടെ ഉന്നതപദവികളിലേക്കു വരുന്നതിനെ പൊതുവെ എല്ലാവരും നല്ല കാര്യമായാണു കാണുന്നത്. ചുരുങ്ങിയ പക്ഷം ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു വാരുവാനെങ്കിലും അവര്‍ തുനിയില്ലല്ലോ എന്നാണു നമ്മുടെയൊക്കെ ആശ്വാസം. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. നമ്മളൊക്കെയും ശര്‍ക്കരയുടെ മധുരത്തെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളു. എന്നാല്‍ ശര്‍ക്കരക്കുടത്തില്‍ മറ്റു ചില പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ത്ത് ഏതാനും ദിവസങ്ങള്‍ സൂക്ഷിച്ചുവച്ചാല്‍ തിരികെ ലഭിക്കുന്ന സംഗതി മധുരമല്ല തരുന്നത്, ലഹരിയാണ്. ആ ലഹരി തലയ്ക്കു പിടിച്ചുകഴിഞ്ഞാല്‍ ശര്‍ക്കരക്കുടം ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് മലങ്കരസഭയിലെ ഇന്നത്തെ എല്ലാ അനര്‍ത്ഥങ്ങളുടെയും മൂലകാരണം.
ആല് എവിടെ കിളിര്‍ത്താലും അത് അലങ്കാരമായി കരുതുന്നവരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. എന്തായാലും മലങ്കരയിലെ ഒരു നേതാവിന് അങ്ങനെ കിളിര്‍ത്ത ആലിനെപ്പറ്റിയാണു നമ്മള്‍ അറിയേണ്ടത്. ആ ആല്‍ത്തണല്‍ ഇന്ന് അദ്ദേഹത്തിനു മാത്രമല്ല തണലായിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന അച്ചനും കൊച്ചനും ശാഖ വീശിപ്പടര്‍ന്ന് തണലും കുളിര്‍കാറ്റും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
തണലും കാറ്റും ആസ്വദിക്കുന്നവര്‍ അത് എവിടെനിന്ന് വരുന്നുവെന്ന് നോക്കുന്നില്ലെങ്കില്‍ നോക്കണ്ട. നമ്മുടെ വിഷയം അതല്ല. മുന്‍പറഞ്ഞ നേതാവിന്‍റെ വ്യവസായ സാമ്രാജ്യത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു റെയ്ഡ് നടന്നു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കാവല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എങ്ങോട്ടു തിരിയുമ്പോഴും രണ്ടു പേര്‍ ഒപ്പമുണ്ടാവും. ടോയ്ലറ്റില്‍ കയറുന്നതിനു മുമ്പ് അവര്‍ അതിനകം മുഴുവന്‍ പരിശോധിക്കും. ഒരുവിധ സന്ദേശവും പുറത്തേക്കു പോകാതിരിക്കാനുള്ള സംവിധാനമാണവര്‍ നടപ്പാക്കുന്നത്. ആരോടു സംസാരിച്ചാലും എന്തു ചെയ്താലും അതെല്ലാം കാവല്‍ മാലാഖമാരുടെ സാന്നിധ്യത്തിലേ ആകാവൂ. നമ്മുടെ കഥാനായകന്‍ ഇതൊരലങ്കാരമായി കരുതിത്തുടങ്ങിയിടത്താണു ആല്‍ മുളയ്ക്കുവാന്‍ ആരംഭിച്ചത്. ഈ കാവല്‍മാലാഖമാരെ പത്തു പേരെ കാണിച്ചാല്‍ തന്‍റെ മഹത്വം വര്‍ദ്ധിക്കുമെന്നു തോന്നിയ അദ്ദേഹം കാവല്‍ മാലാഖമാരുമായി സഭയുടെ ഉന്നത സമിതി യോഗത്തിലെത്തി. സഭാംഗങ്ങള്‍ പോലുമല്ലാത്തവരും കമ്മിറ്റി മീറ്റിംഗിനെത്തുന്നത് കണ്ട് നെറ്റി ചുളിച്ചവരോട് മാലാഖമാര്‍ പറഞ്ഞു, "ഇദ്ദേഹം കമ്മിറ്റിയില്‍ ഇരിക്കണമെങ്കില്‍ ഇടത്തും വലത്തും ഞങ്ങളുണ്ടാവും." എന്തായാലും ഉച്ചകഴിഞ്ഞാണു യോഗം കൂടിയതെങ്കിലും പ്രാരംഭ പ്രാര്‍ത്ഥനയില്‍ പ്രഭാതനമസ്കാരത്തിന്‍റെ ഭാഗം കൂടി ഉള്‍പ്പെടുത്തിയെന്നാണു കുബുദ്ധികള്‍ പറയുന്നത്. 'മേല്പട്ട ഉയരങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍ നിന്നെ സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.'
ആല്‍മരം ശാഖവീശിപ്പടരുന്നതിനു അസൂയാലുക്കള്‍ അസ്വസ്ഥരായിട്ട് ഒരു കാര്യവുമില്ല. 'വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു പെറുക്കുകയും ചെയ്യുന്ന ദുഷ്ടനായ യജമാനന്‍റെ താലന്തില്‍ തനിക്ക് ഓഹരി വേണ്ടെന്നു' ധൈര്യപൂര്‍വ്വം പറഞ്ഞ ദാസനെ കാത്തിരുന്നത് കരച്ചിലും പല്ലുകടിയും ആയിരുന്നുവെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. അനീതിയോട് സന്ധി ചെയ്യുന്നവര്‍ താലന്തുകള്‍ വര്‍ദ്ധിപ്പിക്കും. അവര്‍ വിതയ്ക്കാതെ കൊയ്യും, വിതറാതെ പെറുക്കും. അവരോടൊപ്പം നില്‍ക്കാത്തവര്‍ പല്ലുകടിയും കരച്ചിലും അനുഭവിക്കും.
സഭയിലെ വൈദിക-അത്മായ സ്ഥാനങ്ങളൊക്കെ ആയുഷ്ക്കാലത്തേക്കുള്ളതല്ല, അഞ്ചുവര്‍ഷത്തിനപ്പുറം ആരും അത് വഹിക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളോടെയാണ് മുതലാളിയും അച്ചനും കൊച്ചനുമെല്ലാം സ്ഥാനമേറ്റത്. ഒരു തവണ കഴിഞ്ഞപ്പോള്‍ ഒന്നുംകൂടി ആയാലെന്ത് എന്നായി അവരുടെ ചിന്ത. പത്തു വര്‍ഷം തികഞ്ഞപ്പോഴാകട്ടെ ഇനി ഇറങ്ങിപ്പോകാനും തോന്നുന്നില്ല. ആല്‍മരത്തിനു പുതിയ ശാഖകള്‍ പൊട്ടിമുളയ്ക്കുന്നുമുണ്ട്. അതുകൊണ്ട് നല്ല കാനനഛായ. ഈ കാനനത്തില്‍ ആടു മേയ്ക്കാന്‍ ഇനി ആരും വരേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം.
ആ തീരുമാനത്തിന് എന്താണു കുഴപ്പമെന്നു നമുക്കു ചോദിക്കാം. കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് സ്ഥാനത്തും സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് അത് സ്വന്തമാണെന്നു തോന്നും. സ്വന്തമായാല്‍ തോന്നുന്നത് പറയാം, തോന്നുന്നതുപോലെ ചെയ്യാം. ആ തോന്നലുകളാണ് ഇന്ന് സഭയിലെ അനാരോഗ്യകരമായ പ്രവണതകളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ തോന്നലുകള്‍ ഇനി അധികം വേണ്ട.
വരുന്ന അസോസിയേഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത് സ്വന്തം പ്രതിഛായയേക്കാള്‍ സഭയുടെ പ്രതിഛായയ്ക്ക് പ്രാധാന്യം നല്‍കുന്ന, മനസ്സും ശരീരവും ആത്മാവും ആര്‍ക്കും പണയപ്പെടുത്താത്ത ശക്തമായ വ്യക്തിത്വത്തിന്‍റെ ഉടമകളായിരിക്കണം. കാലാവധിയും തവണകളും പ്രലോഭിപ്പിക്കാത്ത അത്തരക്കാരുടെ വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.
(മലങ്കര നവോത്ഥാനം 2016 നവംബര്‍)
പാമ്പാടി പുണ്യവാന്‍റെ കുന്നംകുളംയാത്ര: സപ്തതി സ്മൃതി
120 വയസ് പൂര്‍ണ്ണ ആയുസ് ആയി ചിത്രീകരിക്കപ്പെടാറുണ്ട്. ജനിച്ച് 120-ാം വര്‍ഷം കഴിഞ്ഞ് സ്മരിക്കപ്പെടുവാന്‍ ഭാഗ്യം ലഭിക്കുക തീര്‍ച്ചയായും പൂര്‍ണതയുടെ അനുഭവം തന്നെയാണ്. പ. പാമ്പാടി തിരുമേനിയുടെ 120-ാം ജന്മദിനമാണ് 2005 ഏപ്രില്‍ 5. അന്ന് അദ്ദേഹത്തിന്‍റെ 40-ാം ഓര്‍മദിനവുമാണ്. പാമ്പാടി തിരുമേനിയുടെ ജീവിതം പൂര്‍ണ അര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടുന്നതിനും സഭയ്ക്കും സമൂഹത്തിനും അദ്ദേഹത്തില്‍ നിന്നു പ്രചോദനം നേടുവാനും സാധിക്കേണ്ട സന്ദര്‍ഭമാണ് ഇത്.
തിരുമേനിയെപ്പോലെ സാധാരണ കുടുംബത്തില്‍ ജനിക്കുകയും ആ കാലഘട്ടത്തില്‍ സാധാരണക്കാര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ഒപ്പം ജനങ്ങള്‍ക്കും സഭയ്ക്കും കാലാതീതമായ ദര്‍ശനം പ്രായോഗികമായി പകര്‍ന്നു നല്‍കുകയും അതുവഴി തങ്ങളുടെ ജീവിതം മുഴുവന്‍ ലോകത്തിനുമായി സമര്‍പ്പിക്കുകയും ചെയ്യുന്നവരെയാണു പ്രവാചകന്മാരായും സഭാപിതാക്കന്മാരായും പരിശുദ്ധന്മാരായും സഭാചരിത്രത്തില്‍ കാണുന്നത്. അവര്‍ ചിലപ്പോള്‍ സന്യാസത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണജനതയുടെ ജീവിതത്തില്‍ നിന്നും അകന്നുമാറുന്നുവെന്നു നമുക്കു തോന്നാം. എന്നാല്‍ മരണത്തിന്‍റെയും ഇരുട്ടിന്‍റെയും ശക്തിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഈ ഋഷിമാരുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് പ്രധാന പങ്കു വഹിക്കുന്നതെന്നു നാം പലപ്പോഴും അറിയാറില്ല.
പാമ്പാടി തിരുമേനിയുടെ കുന്നംകുളം യാത്രയുടെ 70-ാം വര്‍ഷമായ 2005 ല്‍, മരണത്തെയും രോഗത്തെയും പരാജയപ്പെടുത്താന്‍ ആ മഹാത്മാവ് നടത്തിയ ധീരവും ലളിതവുമായ മാര്‍ഗത്തെ കൂടുതല്‍ മനസിലാക്കുന്നതിനും ഈ തലമുറയില്‍ ആ സ്നേഹപ്രവാഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു അറിയുന്നതിനുമായി പ്രദക്ഷിണം ടീമംഗങ്ങള്‍ കുന്നംകുളത്തേക്ക് ഒരു സ്നേഹയാത്ര നടത്തി. ആ യാത്രയില്‍ കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങള്‍ ഞങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
കുന്നംകുളം അങ്ങാടിയില്‍ പ്ലേഗു രോഗബാധയാല്‍ ആളുകള്‍ മരിച്ചു വീഴുന്നു. നാട്ടുകാരൊഴികെ മറ്റെല്ലാവരും സ്ഥലം വിടുന്നു. ഇടയന്മാരായും ഇടപാടുകാരായും മറുനാടുകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരെല്ലാം അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നു. ഈ സമയത്തു കോട്ടയം ഭദ്രാസനത്തിന്‍റെ കുറിയാക്കോസ് മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തന്‍റെ ജീവനു യാതൊരു പ്രാധാന്യവും കൊടുക്കാതെ ജനതയുടെ ജീവനുവേണ്ടി, വേണ്ടിവന്നാല്‍ തന്‍റെ ജീവന്‍ മറുവിലയായി കൊടുക്കാന്‍ തയ്യാറായി അവിടെയെത്തുന്നു. തിരുമേനിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മരണത്തിന്‍റെ ശക്തികള്‍ പിന്മാറി.
രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുന്നതിനും നേരത്തെ മരിച്ചുപോയവരുടെ ആശ്രിതരെ ആശ്വസിപ്പിക്കുന്നതിനും പ്രാര്‍ത്ഥനയും ജാഗരണവും വഴി വിശ്വാസത്തില്‍ ജനത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി തന്‍റെ മുഴുവന്‍ സമയവും അദ്ദേഹം വിനിയോഗിച്ചു. അതിന്‍റെ റിസല്‍ട്ടാവട്ടെ അത്ഭുതകരമായിരുന്നു. തങ്ങള്‍ക്ക് എന്തു സംഭവിക്കും എന്ന ഭയത്താല്‍ മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രോഗബാധിതരും ആശങ്കാകുലരുമായ കുന്നംകുളത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ മുഴുവന്‍ അവിടെ 'അതിജീവനശേഷി' നേടി. പിന്നീട് രോഗം അവരെ ഭയപ്പെടുത്തിയില്ല ബാധിച്ചുമില്ല.
തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ അമാനുഷിക പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുന്നവര്‍ ധാരാളമുണ്ട്. പ്ലേഗുബാധ മാറിയതിനുശേഷവും കുന്നംകുളത്തു തിരുമേനി എല്ലാ വര്‍ഷവും എത്തുമായിരുന്നു. ദൈവത്തിന്‍റെ നേരിട്ടുള്ള പ്രതിനിധിയായി ജനങ്ങള്‍ അദ്ദേഹത്തെ പരിഗണിച്ചു. തിരുമേനിയുടെ ഓരോ വാക്കും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പാലിച്ചു. ഭ്രാന്തന്മാരും ബുദ്ധിവൈകല്യമുള്ളവരുമെല്ലാം തിരുമേനിയുടെ വാക്കുകളാല്‍ സുഖപ്പെട്ട അനുഭവങ്ങള്‍ ധാരാളമുണ്ട്. ദൈവത്തില്‍ ഉറച്ചുവിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരുടെ വാക്കുകള്‍ ദൈവവചനമായി രൂപാന്തരപ്പെടുന്ന സംഭവങ്ങള്‍ ഇവിടെയും ധാരാളമായി സംഭവിച്ചു.
കുന്നംകുളം ഭദ്രാസനത്തില്‍ ഇന്നു നാല്പതോളം ഇടവകകളുണ്ട്. ഈ ഇടവകകളില്‍പ്പെട്ടവര്‍ക്കെല്ലാം തിരുമേനിയുടെ വ്യത്യസ്തങ്ങളായ കഥകള്‍ പറയാനുണ്ട്. മങ്ങാട്ടു പള്ളിയില്‍ ചെന്നാല്‍ ഏതു വേനലിലും വറ്റാത്ത ജലവുമായി ഒരു കിണര്‍ കാണാം. ആ ഇടവകക്കാര്‍ നിരവധി കിണറുകള്‍ കുത്തി നിരാശരായവരായിരുന്നു. തിരുമേനിയുടെ വാക്കുകള്‍ പ്രകാരം കിണര്‍ കുത്തിയപ്പോള്‍ അവിടെ നിന്നും നിലയ്ക്കാത്ത ഉറവ രൂപപ്പെട്ടു. ഇന്നത്തെ ആധുനിക വേനലുകളിലും ആ വെള്ളം വറ്റുന്നില്ല, കുന്നംകുളംകാരുടെ വിശ്വാസത്തിന്‍റെ ഉറവുകള്‍ പോലെ.
തിരുമേനിയുടെ ജീവിതത്തിനും സന്ദേശത്തിനുമുള്ള പ്രാധാന്യം അത്ഭുതങ്ങള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും വഴി മാറുന്ന പ്രവണതയും പലയിടത്തും കാണുന്നുണ്ട്. തിരുശേഷിപ്പുകളോടുള്ള ബഹുമാനം വഴിതെറ്റാതിരിക്കുവാന്‍ നിതാന്ത ജാഗ്രത ആവശ്യമാണ്.
അത്ഭുതങ്ങളുടെ ഭാഷയിലല്ലാതെയും തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ നമുക്കു വിലയിരുത്താം. തന്‍റെ ചുമതലകള്‍ തികഞ്ഞ ദൈവാശ്രയത്തോടെ പാലിക്കുകയും തന്നില്‍ വിശ്വസിച്ച ജനതയെ പ്രവൃത്തികള്‍ വഴിയും ശരിയായ ഉപദേശങ്ങള്‍ വഴിയും തന്‍റെ നാഥന്‍റെ സവിധത്തിലേക്കു നയിച്ച യഥാര്‍ത്ഥ അജപാലകന്‍ എന്ന നിലയില്‍. ഇന്നു സഭയുടെ നേതൃത്വത്തിലുള്ളവരെ പറ്റി ജനങ്ങളും ജനങ്ങളെപ്പറ്റി നേതാക്കളും പരാതി പറയുന്നവരാണ്. ആരുടെയും പരിഭവം തീരുന്നുമില്ല. നൂറ്റാണ്ടു കഴിഞ്ഞിട്ടും കേസുകള്‍ തീരുന്നില്ല. ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടു മുടക്കുകള്‍ അഴിയുന്നില്ല. ഉടക്കുകള്‍ ഒഴിയുന്നില്ല. എല്ലാവരും പരസ്പരം പഴി പറയുന്നതു മാത്രം മിച്ചം. പാമ്പാടി തിരുമേനിയുടെ കാലത്തും കേസും വഴക്കും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും എല്ലാ അര്‍ത്ഥത്തിലും അവരെ നയിക്കുകയും ചെയ്തപ്പോള്‍ കേസിന്‍റെയും വഴക്കിന്‍റെയും ദോഷങ്ങള്‍ തന്‍റെ ഇടവകയെ ബാധിച്ചില്ല. അദ്ദേഹത്തിന്‍റെ ശൈലി സഭ ആകമാനം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ കേസും വഴക്കും പരിഹരിക്കപ്പെടുമായിരുന്നുവെന്നും വ്യക്തമാണ്. യോജിച്ച സഭയില്‍ എല്ലാവരുടെയും സ്നേഹബഹുമാനങ്ങള്‍ സ്വീകരിച്ച് കാലം ചെയ്യുവാന്‍ അദ്ദേഹത്തിനു സാധിച്ചതിനു കാരണവും ഈ വിശുദ്ധിയും നിര്‍മലതയും തന്നെയാണ്.
പാമ്പാടി തിരുമേനിയുടെ കുന്നംകുളത്തെ പ്രവര്‍ത്തനങ്ങളില്‍ ആശ്ചര്യപ്പെട്ട അന്നത്തെ കൊച്ചിരാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു ക്ഷണിച്ചുവരുത്തി. രാജകുടുംബാംഗങ്ങള്‍ തിരുമേനിയുടെ അനുഗ്രഹത്തിനായി കാത്തുനിന്നു. അവരുടെ തലയില്‍ സ്ലീബാ വച്ചു തിരുമേനി പ്രാര്‍ത്ഥിച്ചു. 'മാമുനിക്ക് സമ്മാനമായി' പട്ടില്‍ പൊതിഞ്ഞ സ്വര്‍ണനാണയനിധി മഹാരാജാവ് നല്‍കി. ഈ പണം അവിടെയുള്ള പാവങ്ങള്‍ക്കു പ്രയോജനകരമായി വിനിയോഗിച്ചാല്‍ തനിക്കു ലഭിയ്ക്കുന്നതായി പരിഗണിക്കുന്നതാണ് എന്നറിയിച്ച് തിരുമേനി ആ ഉപഹാരം തിരികെ നല്‍കി. പണത്തോടുള്ള ഈ മനോഭാവം ഇന്നു നമ്മുടെ സമൂഹം പഠനവിധേയമാക്കേണ്ടതാണ്. ധനശേഖരണമെന്ന ഒരേ ഒരു അജന്‍ഡയുടെ മുന്‍പിലാണല്ലോ നാമെല്ലാം ഇന്നു പതറുന്നത്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം ആരില്‍നിന്ന് എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു, അഥവാ അറിയില്ലായിരുന്നു.
ചുരുക്കത്തില്‍ തിരുമേനിയുടെ കുന്നംകുളത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ നമ്മുടെ സഭ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം തെളിയുന്നു. നേതൃത്വവും ജനങ്ങളും ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വ്വഹിക്കുക - ചുമതലകളെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു ബോധ്യമാകും അതൊരിക്കലും അവസാനിക്കുന്നില്ല എന്ന്.
മരണവും രോഗവും അന്ധതയും വ്യത്യസ്ത അളവുകളില്‍ നമ്മുടെ ഭവനങ്ങളിലും ഇടവകകളിലും സമൂഹത്തിലും നിഴലിട്ടു നില്‍ക്കുന്നു. പ്ലേഗിന്‍റെ നടുവിലേക്ക് പാമ്പാടി തിരുമേനിയെ നയിച്ച ആ ദൈവികസ്നേഹം നമ്മെ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ നാം ഒഴിവുകള്‍ കണ്ടെത്തുന്നു, ഒഴിഞ്ഞുമാറുന്നു. അതുകൊണ്ട് നമ്മുടെ വാക്കുകള്‍ കൊണ്ട് രോഗം അകലുന്നില്ല. മരണം വഴിമാറുന്നില്ല, അന്ധകാരം നീങ്ങുന്നില്ല.
തിരുമേനിയെ വിശുദ്ധ പുരുഷനാക്കി മാറ്റിനിര്‍ത്തി അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാ ശക്തിയാല്‍ നമ്മുടെ സമ്പത്തു വര്‍ദ്ധിപ്പിക്കാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നാം ചിന്തിക്കുന്നു. അങ്ങനെയുള്ള ഓരോ ശ്രമവും തിരുമേനിയെ നമ്മില്‍ നിന്ന് അകറ്റുവാന്‍ ഇടയാക്കും എന്നു നാം മനസ്സിലാക്കാന്‍ വൈകിയിരിക്കുന്നു.
തിരുമേനിയുടെ കബറിടം നമുക്കു നല്‍കേണ്ടത് ദൈവശക്തിയിലുള്ള അചഞ്ചലമായ വിശ്വാസവും ആ ശക്തിക്കു വിധേയരായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമാണ്.
ദൈവസന്നിധിയിലായിരിക്കുന്ന തിരുമേനിക്ക് നമ്മുടെ പ്രഖ്യാപനം വഴിയുള്ള ബഹുമതികള്‍ കൊടുക്കണമെന്നുള്ള മുറവിളികളല്ല നമ്മില്‍ നിന്നുണ്ടാവേണ്ടത്. സ്നേഹസമ്പന്നനായ ആ പിതാവ് നല്കിയ സ്നേഹവും പരിഗണനയും സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കും ഒഴുകിയെത്തുന്നതിനുള്ള പരിശ്രമങ്ങളാണ്.
തിരുമേനി ജനിച്ചതും ജീവിച്ചതും സാധാരണക്കാരന്‍റെ ജീവിത സാഹചര്യങ്ങളിലാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ഉറച്ച വിശ്വാസത്തോടെ ദൈവോന്മുഖരായി സമൂഹത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും തിരുമേനിയുടെ ജീവിതം സാക്ഷിക്കുന്നു. തിരുമേനിയെ സ്മരിക്കുമ്പോള്‍ അദ്ദേഹം പ്രവര്‍ത്തിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ അടുപ്പം നമ്മുടെ ഹൃദയത്തില്‍ വന്നു തൊടും. ആ അനുഭവം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും അത്ഭുതങ്ങള്‍ നമ്മിലും സമൂഹത്തിലും സംഭവിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
(പ്രദക്ഷിണം, ഫെബ്രുവരി 2016)
സോദരര്‍ തമ്മിലെ പോരൊരു പോരല്ല
ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവര്‍
മലങ്കരസഭയിലെ പള്ളിവഴക്കുകളുടെ പേരില്‍ മുതലെടുപ്പ് നടത്തുവാന്‍ ഇതരസഭകളും രാഷ്ട്രീയക്കാരും തമ്മില്‍ മത്സരിക്കുകയാണ്. ഈ പള്ളിവഴക്കാണു ക്രിസ്ത്യാനികള്‍ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ നാണക്കേടെന്ന് കത്തോലിക്കാ പുരോഹിതന്മാര്‍ വ്യാപക പ്രചരണം ആരംഭിച്ചുകഴിഞ്ഞു. അടപ്പൂരിന്‍റെ ലേഖനം (ഒക്ടോബര്‍ 13, മംഗളം) ഉദാഹരണം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ദൈവവിളിയുടെ പേരില്‍ നിര്‍ബന്ധമായും കന്യാമഠങ്ങളില്‍ ചേര്‍ക്കുന്നതും അവിടെ കാളക്കൂറ്റന്മാരായ വൈദികരുടെ പീഡനത്തിന് നിരന്തരം വിധേയമാക്കുന്നതും ഒടുവില്‍ പൊട്ടക്കിണറ്റിലേക്കും വാട്ടര്‍ടാങ്കിലേക്കും വലിച്ചെറിഞ്ഞ് പ്രതികളായ കത്തനാരന്മാരെ രക്ഷിക്കുന്നതിനായി സഭ മുഴുവന്‍ സ്വാധീനവും ഉപയോഗിക്കുന്നതും സുപ്രീം കോടതിയിലെ ജഡ്ജിമാരെപ്പോലും സഭയുടെ പേരില്‍ സ്വാധീനീക്കാന്‍ ശ്രമിക്കുന്നതുമൊക്കെ മാധ്യമങ്ങളിലൂടെ നിരന്തരം വിചാരണ ചെയ്യപ്പെടുന്നത് കേരള ക്രൈസ്തവര്‍ക്ക് നല്‍കുന്ന അഭിമാനം ഒട്ടും ചെറുതല്ലല്ലോ. തട്ടുങ്കല്‍ ബിഷപ്പിനെപ്പോലുള്ള മഹാപുരോഹിതന്മാരുടെ ചരിത്രം ഇവിടെ പരാമര്‍ശിക്കുവാന്‍ പോലും നാം ലജ്ജിക്കുന്നു.
ലൈംഗികാരോപണത്തിന്‍റെ പേരില്‍ ഒരു ബിഷപ്പ് തന്നെ വിചാരണ നേരിടുമ്പോഴാണ് മാര്‍തോമ്മാക്കാര്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാരെ ഉപദേശിക്കാനെത്തുന്നത്. സെമിത്തേരിയെയും വാങ്ങിയപ്പോയവരെ സ്മരിക്കുന്നവരെയും പുച്ഛിക്കുന്നവര്‍ക്ക് സെമിത്തേരിക്ക് പുല്ലുവിലയാവാം. എന്നാല്‍ അതിനെ ഏറ്റവും വിലമതിക്കുന്ന സഹോദരന്മാര്‍ അതിന്‍റെ ഉടമസ്ഥാവകാശത്തിനു വേണ്ടി വഴക്കടിക്കുന്നത് കണ്ട് നിങ്ങള്‍ ചിരിക്കണ്ട. മഹാകവി വള്ളത്തോളിന്‍റെ വാക്കുകളാണ് അവര്‍ക്കുള്ള മറുപടി.
"സോദരര്‍ തമ്മിലെ പോരൊരു പോരല്ല,
സൗഹൃദത്തിന്‍റെ കലങ്ങിത്തെളിയലാം."
ചില്ലുമേടയിലിരുന്നു കല്ലെറിയരുതെന്നാണു സഹോദര സഭകളോടു പറയാനുള്ളത്.
സമാധാനം സ്വപ്നം കണ്ടാല്‍ പോരാ
സഭയില്‍ ബുദ്ധിജീവികള്‍ക്കോ ആചാര്യന്മാര്‍ക്കോ ആധ്യാത്മിക നേതൃത്വത്തിനോ യാതൊരു പഞ്ഞവുമില്ല. എന്നാല്‍ ജനങ്ങളുടെ കണ്ണീരിന്‍റെ പണം കോടതി മുറികള്‍ വഴി ഒഴുകിപ്പോകുന്നത് തടയാന്‍, തങ്ങളുടെ ആത്മാവിന്‍റെ ആത്മാവും മാംസത്തിന്‍റെ മാംസവും ആകുന്ന സഹോദരന്‍റെ കൈപിടിക്കുവാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. എന്താണ് ഈ പള്ളിവഴക്ക് അനുസ്യൂതമായി ഇങ്ങനെ തുടരുന്നതെന്നു ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. സഭ ഭരിച്ച എല്ലാ കാതോലിക്കാ ബാവാമാരും സ്ഥാനമേറ്റ് ദേവലോകത്തെത്തുമ്പോള്‍ ആദ്യം പറയുന്നത് സഭാ സമാധാനത്തെപ്പറ്റിയാണ്. പ. മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി സ്ഥാനമേറ്റപ്പോള്‍ മലങ്കര എന്ന നാമം സ്വീകരിച്ചിട്ടുള്ള എല്ലാ നസ്രാണികളുടെയും ഐക്യത്തെപ്പറ്റി സ്വപ്നസദൃശ്യമായ ഒരു പ്രസംഗം ചെയ്തത് കേട്ടവരില്‍ നിന്നും ഇന്നും മാഞ്ഞുപോയിട്ടില്ല. പരി. മാത്യൂസ് ദ്വിതീയന്‍ ബാവാ തന്‍റെ ഭരണകാലത്ത് സമാധാനം കൈവരുവാന്‍ ആത്മാര്‍ത്ഥമായി പ്രയത്നിച്ചു. പരി. ദിദിമോസ് ബാവയും സഭാ സമാധാനത്തിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ.പൗലൂസ് ദ്വിതീയന്‍ ബാവായും സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വം സ്വപ്നം കാണുന്ന പിതാവാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ക്രിയാത്മകമായ ഒരു നീക്കവും നടത്താന്‍ ഇതുവരെ ആവാത്തത് എന്തു കൊണ്ടാണ്? പാത്രീയര്‍ക്കീസ് വിഭാഗത്തിന്‍റെ കടുംപിടിത്തമെന്നോ സാത്താന്യശക്തികളുടെ കൊടുംപിടുത്തമെന്നോ പറഞ്ഞ് നമുക്കൊഴിയാം. പക്ഷേ, യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് ദര്‍ശനദാരിദ്ര്യവും ഭാവനാരാഹിത്യവും മാത്രം കൈമുതലായുള്ള ചില വ്യക്തികളുടെ അതിരു കടന്ന ഇടപെടല്‍ മാത്രമാണ് എന്നു നമുക്കു കാണാന്‍ കഴിയും. സഭയുടെ വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗങ്ങളായവരുമായി സംസാരിക്കുമ്പോള്‍ അവര്‍ക്കൊന്നും നിശ്ചയമില്ല സഭയെ സംബന്ധിച്ച തീരുമാനങ്ങള്‍ എവിടെ നിന്നാണുണ്ടാവുന്നതെന്ന്. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും ഒക്കെയും എടുക്കേണ്ട തീരുമാനങ്ങള്‍ അതിനു മുന്നേതന്നെ തീരുമാനിക്കപ്പെടുന്നു. വിവേകപൂര്‍ണമായ ഒരു തീരുമാനവും ഉണ്ടാവുന്നില്ല.
കോതയുടെ പാട്ട് സഭയ്ക്കു ആപത്ത്
മുന്‍പ്, എ.കെ. ആന്‍റണി മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ ജാതിമത സംബന്ധമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സെന്‍സസ് എടുക്കുവാന്‍ തീരുമാനമുണ്ടായി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒരു വിഭാഗമായിട്ടാണ് ആ സെന്‍സസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. അപ്പോള്‍ ദേവലോകത്തുനിന്ന് മാനവവിഭവശേഷി വകുപ്പെന്ന പേരില്‍ ഒരു പ്രസ്താവന വന്നു കേരളത്തിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം. മുപ്പതു ലക്ഷത്തിനുമേല്‍ അംഗസംഖ്യയുള്ളവരാണ് ഞങ്ങള്‍. അന്നു കേരള ക്രൈസ്തവരുടെ സംഖ്യ അറുപതുലക്ഷത്തിനും താഴെയായിരുന്നു. ഗവണ്‍മെന്‍റ് ഓര്‍ത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി. ഭാഗ്യവശാല്‍ അന്ന് ആ സെന്‍സസ് നടന്നില്ല. അത് നടന്നിരുന്നുവെങ്കില്‍ ഓര്‍ത്തഡോക്സ് വിഭാഗവും മറ്റുള്ള ക്രിസ്ത്യാനികളും തമ്മിലുള്ള ജനസംഖ്യാപരമായ കൃത്യമായ കണക്ക് പുറത്തുവന്നിരുന്നെങ്കില്‍ കോടതിയിലും കോടതിക്കുപുറത്തും രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലും എന്തുപ്രതിഫലനമാണ് ഉണ്ടാവുമായിരുന്നതെന്ന് പ്രതിപാദിക്കുന്നത് സഭാംഗങ്ങളുടെ ഉത്തമ താല്പര്യത്തിനു നിരക്കാത്തതായതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.
പറഞ്ഞുവന്നതിതാണ്, ഒരു സഭയെ പ്രതിനിധീകരിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നവരും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരും അവ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരും വേണ്ടത്ര ആലോചനയും അവധാനതയും തങ്ങള്‍ ഉത്തരവാദപ്പെട്ടിരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരായിപ്പോയാല്‍ ആ സഭ കൊടുക്കേണ്ടി വരുന്ന വില കനത്തതായിരിക്കും എന്നുമാത്രമാണ്.
വരമ്പത്തെ വരാല്‍ മുട്ടകള്‍
ഓര്‍ത്തഡോക്സ് സഭയുടേതായി പുറത്തുവരുന്ന നിലപാട്, യാക്കോബായക്കാര്‍-ആ പേരില്‍ പോലും അവരെ വിളിക്കുന്നത് തീവ്രവാദികള്‍ക്ക് സമ്മതമല്ല, അവരുടെ ഭാഷയില്‍ പുത്തന്‍ കുരിശു സൊസൈറ്റിക്കാര്‍-തങ്ങളുടെ പള്ളികളും സ്ഥാപനങ്ങളും ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കി സ്വയം പുറത്തുപോവണം. പുറത്തുപോയി വേറെ പള്ളിവച്ചാലും അവരെ അങ്ങനെ വിടാം എന്നല്ല. 1975 -ലെ കക്ഷി വഴക്കിനുശേഷം യാക്കോബായക്കാര്‍ വച്ച പള്ളിയാണു കത്തിപ്പാറത്തടം പള്ളി. കണ്ടനാട് അത്താനാസ്യോസ് തിരുമേനിയുടെ കൂടെ ആ പള്ളിയിലെ കത്തനാരും പോന്നതോടെ ആ പള്ളിയിലും ഓര്‍ത്തഡോക്സുകാര്‍ക്ക് അവകാശമായി. ചുരുക്കത്തില്‍ ഇന്നുവരെ യാക്കോബായക്കാര്‍ വച്ചിരിക്കുന്ന എല്ലാ പള്ളികളും ഓര്‍ത്തഡോക്സുകാര്‍ക്ക് വിട്ടുകൊടുത്തിട്ട് നിങ്ങള്‍ വല്ല വീടുകളിലും ആരാധന നടത്തിക്കോളിന്‍ എന്താണ് യഥാര്‍ത്ഥ ഓര്‍ത്തഡോക്സ് നിലപാട്. കണ്ടനാട് അത്തനാസ്യോസ് തിരുമേനി കാലം ചെയ്ത ശ്രേഷ്ഠബാവായുടെ ഓര്‍മപ്പെരുന്നാള്‍ ഭക്തിപൂര്‍വം ആചരിക്കുന്നതിന്‍റെയും അദ്ദേഹം പുതുതായി വയ്ക്കുന്ന പള്ളികള്‍ ഏലിയാസ് തൃതീയന്‍ ബാവായുടെയും വേണ്ടി വന്നാല്‍ പെരുമ്പള്ളി തിരുമേനിയുടെയും വരെ നാമത്തില്‍ ആക്കുന്നതിന്‍റെയും അര്‍ഥം യാക്കോബായക്കാര്‍ക്കുപോലും ഇപ്പോഴും ശരിക്കു പിടികിട്ടിയിട്ടില്ല. ഏറെ ബുദ്ധിയുള്ള വരാല്‍ വരമ്പത്ത് മുട്ടയിടുന്നതുപോലെ ഈ വരാലുകളുടെ മുട്ടകളെല്ലാം വിരിയാന്‍ പോകുന്നത് റീത്തുപള്ളികളിലാണോ എന്നു സംശയിക്കുന്നവരെയും കുറ്റം പറയാന്‍ വയ്യ.
ചുരുക്കത്തില്‍ യാക്കോബായക്കാര്‍ക്ക് സൂചി കുത്താന്‍ ഇടം കൊടുക്കില്ല എന്നു തന്നെയാണ് ഓര്‍ത്തഡോക്സ് ഉപജാപകസംഘത്തിന്‍റെ പുരോഗമനാത്മക നിലപാട്. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുവാന്‍ സഭയിലെ ഏതെങ്കിലും ഇടയനോ ആടിനോ ആവതില്ല. കാരണം കോടതി വിധിയിലൂടെ മെത്രാന്‍ കക്ഷിക്കു ലഭിച്ചു എന്നു പറയപ്പെടുന്ന സമ്പൂര്‍ണ്ണവിജയം നടപ്പില്‍ വരുത്തുവാന്‍ എല്ലാ ഓര്‍ത്തഡോക്സുകാരും കടപ്പെട്ടവരാകുന്നു.
അമ്മമാരെ അപമാനിക്കരുത്
ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് ഇങ്ങനെയാകുമ്പോള്‍ യാക്കോബായക്കാരുടെ നിലപാട് അതിലും വിചിത്രമാണ്. 1995 ലെ സുപ്രീംകോടതിവിധിയോട് ബന്ധപ്പെട്ട് യോജിച്ച മലങ്കര അസോസിയേഷന്‍ കൂടി ഒന്നായ സഭയുടെ ഭാഗമാകുവാനുള്ള അസുലഭ അവസരത്തിനുവേണ്ടി, കോടതിയില്‍ ചെലവിനുള്ള പണം അടച്ചെങ്കിലും അതിന്‍റെ അനുഭവം സ്വീകരിക്കുവാന്‍ മുതിരാതെ എന്നും ഇരുട്ടില്‍ കഴിയാനും 1934-ലെ ഭരണഘടനയെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടി വീഴാനും ഉറക്കത്തില്‍പോലും മൂത്രമൊഴിക്കാനും വിധി ചോദിച്ചു വാങ്ങിയവരാണവര്‍. തങ്ങള്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും സഭാ തലവനായ അന്ത്യേഖ്യന്‍ പാത്രീയര്‍ക്കീസിനു കീഴ്പെട്ടവരാണെന്നും ഇവര്‍ സ്വയം വിശ്വസിക്കുന്നു. ഇവര്‍ ആ സഭയുടെ ഭാഗമാണെങ്കില്‍ ഇവിടെയുള്ള യാക്കോബായ മെത്രാന്മാര്‍ക്ക് ആ സഭയുടെ സുന്നഹദോസില്‍ അംഗത്വം ഉണ്ടായിരിക്കേണ്ടതല്ലേ? അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാനും പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെടാനും ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അവസരം ഉണ്ടായിരിക്കേണ്ടതല്ലേ? എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചു കാണാത്തതുകൊണ്ടും മലങ്കരയിലെ മെത്രാന്മാര്‍ക്ക് അന്ത്യോഖ്യന്‍ സഭാ സുന്നഹദോസില്‍ അംഗത്വം ഇല്ലായെന്ന് അവരുടെ ഭരണഘടനയില്‍ പറയുന്നതുകൊണ്ടും ഇവര്‍ക്ക് അന്ത്യോഖ്യന്‍ സഭയുമായുള്ള ബന്ധം മൂസാബുര്‍ഗാന്‍മാര്‍ സേവേറിയോസിന്‍റെ സഭയ്ക്ക് മലങ്കര സഭയോടുള്ള ബന്ധത്തിനപ്പുറമൊന്നുമല്ല എന്നു വ്യക്തം. എന്നിട്ടുമിവര്‍ ഇപ്പോഴും അന്ത്യോഖ്യന്‍ ഗാഥ പാടി തങ്ങളിലൂടെ ഒഴുകുന്നത് അന്ത്യോഖ്യന്‍ രക്തമാണെന്നു മുദ്രാവാക്യം മുഴക്കി സ്വന്തം അമ്മമാരെ അപമാനിക്കുന്നത് എന്തിനാണ്? അന്ത്യോഖ്യന്‍ സഭയുടെ സുന്നഹദോസില്‍ പ്രാതിനിധ്യമില്ലാത്ത മെത്രാന്മാര്‍ ആ സഭയുടെ അംഗങ്ങളല്ലായെന്ന ബോധം ആ മെത്രാന്മാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഉണ്ടാകുകയെന്നതാണ് മലങ്കര സഭാസമാധാനത്തിന്‍റെ പ്രഥമ നടപടി. അതുണ്ടാവുകയോ ഉണ്ടാക്കുകയോ ചെയ്യുവാന്‍ എന്താണുവേണ്ടത്?
ഏറ്റവുമാദ്യം വേണ്ടത് മലങ്കരസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവരുടെ പ്രാദേശിക വ്യത്യാസം കൂടാതെയുള്ള സഹകരണമാണ്. വിവാഹബന്ധങ്ങളിലും മറ്റും അല്മായക്കാര്‍ തമ്മില്‍ ഇപ്പോള്‍ തന്നെയുള്ള ബന്ധം സുവിശേഷയോഗങ്ങളിലും ആധ്യാത്മിക സംഘടനകളിലുംകൂടി സജീവമാക്കണം. അതിന് ഉന്നതപുരോഹിതവര്‍ഗത്തിന്‍റെ സമ്പൂര്‍ണാംഗീകാരമോ അനുമതിയോ ഉണ്ടാവുന്നില്ലായെങ്കില്‍ തന്നെ പ്രാദേശികതലത്തില്‍ ജനങ്ങള്‍ തുടക്കമിടണം.
ഗുരുക്കന്മാരെ നിങ്ങള്‍ എവിടെ?
യോജിച്ച മലങ്കരസഭയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം യോജിച്ച സഭയിലെ പഴയ പാത്രിയര്‍ക്കീസ് വിഭാഗത്തിനു തങ്ങളെ രണ്ടാം കിടക്കാരായി കോട്ടയം നേതൃത്വം കരുതുന്നു എന്ന തോന്നല്‍ വന്നതാണ്. അത് വെറും തോന്നലായിരുന്നില്ല എന്ന് ഇന്നത്തെ ദേവലോകം വാസികളുടെ പെരുമാറ്റത്തില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളു.
പരുമലപ്പള്ളിയിലെ കണ്ണീര്‍ക്കാശില്‍ മൂന്നു കോടി വീതം ജനറല്‍ ഫണ്ടായി ചെലവഴിക്കുന്നുവെന്ന കണക്ക് അവിടെ അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ടല്ലോ. ഈ ജനറല്‍ ഫണ്ടാണ് കേസിന്‍റെ ഫണ്ട് എന്നാണ് ജനങ്ങളുടെ ധാരണ. തെറ്റോ ശരിയോ എന്ന് ആരും പറയുന്നില്ല. തെറ്റായാലും ശരിയായാലും ആ തുക മലങ്കരസഭയുടെ സമാധാനത്തിനായി ചെലവാക്കുവാന്‍ കഴിയണം.
യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരുമായി വീതം വച്ചോ വഴക്കു പിടിച്ചോ പിരിയണം പിരിഞ്ഞേ പറ്റൂ എന്നാണ് ഇരുവിഭാഗത്തിന്‍റേയും നേതൃത്വത്തിന്‍റെ ചിന്ത. കോടതി വിധി വഴി തങ്ങള്‍ക്ക് എല്ലാം ലഭിക്കും എന്ന ചിന്ത ഓര്‍ത്തഡോക്സ് നേതൃത്വത്തിനും കയ്യൂക്കുകൊണ്ടും തെറിവിളി കൊണ്ടും എല്ലാം പിടിച്ചെടുക്കാം എന്ന ചിന്ത യാക്കോബായ നേതൃത്വത്തിനും കുറഞ്ഞുവരുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ ഇരുവരെയും പിരിച്ചു വിടാം എന്ന ചിന്തയ്ക്കാണ് പ്രാമുഖ്യം.
എന്നാല്‍ ആ ചിന്തയ്ക്ക് ക്രിസ്തീയമായോ ധാര്‍മ്മികമായോ എന്തെങ്കിലും അടിത്തറ ഉയര്‍ത്താനാവില്ല. എല്ലാം സ്വത്തിനു വേണ്ടി എന്ന കോടതികളുടെ ചിന്തകള്‍ക്ക് അടിവര ഇടാന്‍മാത്രമെ ആ വഴിക്കുള്ള പരിശ്രമം ഇട നല്‍കൂ.
ഈ അവസരത്തില്‍ തിരിച്ചറിവ് ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യാം. പലരും കരുതുന്നതു പോലെ പള്ളികളും സ്വത്തുക്കളും വീതം വച്ചു പിരിയേണ്ട യാതൊരു കാര്യവുമില്ല. മനുഷ്യന് താമസിക്കുവാന്‍ സ്ഥലം ഇല്ലാത്ത ഈ കാലഘട്ടത്തില്‍ പുതിയ ആയിരം പള്ളികള്‍ ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കണം. അതിനു വിവേകമുള്ള ദര്‍ശനമുള്ള നേതൃത്വം ഉണ്ടാവണം.
അതിനു ഏറ്റവും പറ്റിയ സാഹചര്യമാണിപ്പോള്‍ ഉണ്ടാവുന്നത്. ഓര്‍ത്തഡോക്സ് സഭയിലും യാക്കോബായ സഭയിലും പുതിയ മാനേജിംഗ് കമ്മറ്റികളും മറ്റ് ഭാരവാഹികളും നിലവില്‍ വരേണ്ട സമയം അടുത്തിരിക്കുന്നു. ഈ തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ യോജിച്ച ഒരു നേതൃത്വം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇരു വിഭാഗങ്ങളിലേയും ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത നിലവാരവും പുലര്‍ത്തുന്ന ഗുരുക്കന്മാര്‍ രംഗത്തുവരട്ടെ. ജ്വോഷാ അച്ചനെയും ,കെ.എം. ജോര്‍ജ് അച്ചനെയും, ജേക്കബ് കുര്യന്‍ അച്ചനെയും പോലുള്ള, മെത്രാന്മാരുടേയും ബാവമാരുടേയും ഗുരുസ്ഥാനമുള്ള ആചാര്യന്മാര്‍ മടികൂടാതെ പ്രവര്‍ത്തന രംഗത്തെത്തട്ടെ. യാക്കോബായ വിഭാഗത്തിലേയും ശ്രേഷ്ഠരായ പുരോഹിതന്മാരായ ഗുരുക്കന്മാര്‍ ഇപ്പോള്‍ ആകുന്നു സുപ്രസാദ കാലം ഇപ്പോള്‍ ആകുന്നു രക്ഷാദിവസം എന്നു മനസ്സിലാക്കി മുന്നോട്ടു വരട്ടെ..
ഇരിക്കുന്ന കമ്പ് മുറിച്ച് കോടാലിക്കൈ ഉണ്ടാക്കുന്ന പണി
രാഷ്ട്രീയക്കാരാണു സോദരര്‍ നമ്മിലെ ഈ പേര് ഏറ്റവും മുതലെടുക്കുന്നവര്‍. കേരള നിയമസഭയില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാരായി 17 അംഗങ്ങള്‍ വരെ ഉണ്ടായിരുന്ന സമയമുണ്ട്. എന്നാല്‍ പരസ്പരമുള്ള പോര് ആ സംഖ്യ ഇന്ന് അംഗുലീ പരിമിതമാക്കിയിരിക്കുന്നു. ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ പരസ്പരം തോല്പിക്കും എന്നു പറഞ്ഞ് കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍പോലും ഇതരസമുദായക്കാര്‍ എത്രയോ സീറ്റുകളാണ് തട്ടിയെടുത്തതെന്ന് രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കറിയാം. ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാ തലത്തിലും ഇത് ആവര്‍ത്തിക്കും. തിരുവല്ലയില്‍ പുതുശ്ശേരിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സുകാര്‍ 7 സീറ്റില്‍ യു.ഡി.എഫിനെ തോല്പിച്ചു എന്ന് പ്രചരിപ്പിക്കുന്നത് സഭാ സ്നേഹികളല്ല, സഭാ ശത്രുക്കളാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ഇതരസമുദായക്കാരെ ഒന്നിപ്പിക്കുന്നതിനും ഓര്‍ത്തഡോക്സുകാര്‍ക്ക് സീറ്റ് നിഷേധിക്കാനും മത്സരിക്കുന്നവരെ തോല്പ്പിക്കാനുമുള്ള ഒരു തന്ത്രമാണിതെന്ന് ആര് എന്ന് തിരിച്ചറിയും?
കഴിഞ്ഞ നിയമസഭയില്‍ മൂവാറ്റുപുഴയില്‍ നിന്ന് ബാബുപോളും ഒല്ലൂരില്‍ നിന്ന് രാജാജിയും പിറവത്തുനിന്ന് എ.ജെ. ജേക്കബും, മണ്ണാര്‍ക്കാട് നിന്നുജോസ് ബേബിയും യാക്കോബായ ശക്തി കേന്ദ്രങ്ങളില്‍ നിന്നു ഇടതുപക്ഷ ടിക്കറ്റില്‍ ജയിച്ച ഓര്‍ത്തഡോക്സ് അംഗങ്ങളാണ്. എന്നാല്‍ അവര്‍ ഓര്‍ത്തഡോക്സുകാരാണെന്ന് കൊട്ടിഘോഷിക്കുവാന്‍ ഇരുപക്ഷത്തുമുള്ള ചില തീവ്രവാദികള്‍ മുതിര്‍ന്നതോടെ ഇവരുടെ രാഷ്ട്രീയഭാവിക്കുമേല്‍ ഇരുള്‍ വീണു. ഇടതുപക്ഷത്തുപോലും ഇതാണവസ്ഥയെങ്കില്‍ യു.ഡി.എഫിലെ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാവും എന്ന് എടുത്തു പറയേണ്ടതില്ല.
കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സമുദായാംഗം ഉണ്ടായതില്‍ ആഹ്ലാദവും അഭിമാനവും തോന്നേണ്ടതിനുപകരം ആ വ്യക്തിത്വത്തെ ഏതെല്ലാം വിധത്തില്‍ മുറിപ്പെടുത്താമോ അതൊക്കെയും ഇരു വിഭാഗങ്ങളും മത്സരിച്ച് ചെയ്തുകൊണ്ടിരിക്കുന്നു. മലങ്കരസഭയുടെ യോജിപ്പിനായി എത്രയോ കാലമായി ഉമ്മന്‍ചാണ്ടി, ടി.എം. ജേക്കബ്, ടി.യു. കുരുവിള, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ പരിശ്രമിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. എന്നാല്‍ സുറിയാനിക്കാരുടെ രാഷ്ട്രീയമായ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇതരവിഭാഗക്കാരുടെ കുല്‍സിത ശ്രമങ്ങളാണ് എപ്പോഴും വിജയിക്കുന്നത്. ഇരിക്കുന്ന കമ്പ് മുറിച്ച് കോടാലിക്കൈ ഉണ്ടാക്കുന്ന പണി ഇരുവിഭാഗങ്ങളും അവസാനിപ്പിച്ചേ പറ്റൂ.
ഓര്‍ത്തഡോക്സ് യാക്കോബായ സമുദായത്തിനു കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന മേല്‍ക്കയ്യ് ഇല്ലാതാക്കാനുള്ള ഇതര സഭാവിഭാഗങ്ങളുടെയും മറ്റും ശ്രമത്തെ തിരിച്ചറിയാനും ഒരുമയിലൂടെ മാത്രമേ നമുക്ക് നിലനില്‍ക്കാനാവൂ എന്നു മനസിലാക്കാനും ഇരുവിഭാഗങ്ങളും വൈകിക്കൂടാ.
കോടതി വക കാതോലിക്കാമാര്‍ ഉണ്ടാകുന്നത്
ഒടുവില്‍ കോടതികളും അക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ വരുന്ന കോടതിപരാമര്‍ശങ്ങള്‍ അപകടസൂചനകളാണു നല്‍കുന്നത്. ഇരു വിഭാഗങ്ങളുടെയും മുഴുവന്‍ സ്വത്തുകളും ഇടവകപള്ളികളും പബ്ലിക് ട്രസ്റ്റുകളായതുകൊണ്ട് അത് ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്റര്‍മാരെ വയ്ക്കുവാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജഡ്ജിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ദേവലോകത്തും പുത്തന്‍കുരിശിലും കാതോലിക്കാമാരുടെയും മലങ്കര മെത്രാപ്പോലീത്തമാരുടെയും ജോലികള്‍ നിര്‍വഹിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥരെ നാളെ സര്‍ക്കാരോ കോടതിയോ നിയമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നാലും അതിശയിക്കേണ്ടതില്ല.
ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ പരസ്പരം പോരടിക്കുന്നത് പലരും കരുതുന്നതു പോലെ സ്വത്തോ പണമോ കൈക്കലാക്കുന്നതിനുവേണ്ടി അല്ല എന്നതാണു യാഥാര്‍ഥ്യം. ഈ സഭയുടെ സ്വത്തുക്കള്‍ മറ്റ് സഭക്കാരുടേതുപോലെ വിദേശ സഹായത്തോടെ സ്വരുക്കൂട്ടിയതോ ഭരണാധികാരികള്‍ ദാനം നല്‍കിയതോ അല്ല. ഈ മണ്ണില്‍ ഇവിടത്തെ സാധാരണക്കാരായ മനുഷ്യര്‍ മണ്ണിനോട് പടവെട്ടി നേടിയതിന്‍റെ ഒരു പങ്ക് തങ്ങളുടെ സമുദായത്തിനുവേണ്ടി സമര്‍പ്പിച്ചതിലൂടെ ഉണ്ടായതാണ്. ആ പൂര്‍വികരുടെ ഭൗതികാവശിഷ്ടം ഉള്‍ക്കൊള്ളുന്ന മണ്ണു ജനങ്ങള്‍ക്ക് വലിയ ബലവും ബലഹീനതയുമാണ്. അതിന്‍റെ ഉടമസ്ഥാവകാശം സഹോദരനായാല്‍ പോലും വിട്ടുകൊടുക്കുന്നത് അവരുടെ ഏറ്റവും വലിയ വേദനയാണ്. അത് ഉള്‍ക്കൊള്ളാന്‍ കോടതിക്കോ ഇതരസമുദായാംഗങ്ങള്‍ക്കോ സാധിക്കുകയുമില്ല.
ഈ സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ തങ്ങള്‍ ആരെന്ന് സ്വയം മനസിലാക്കി പരസ്പരം ധാരണയിലാവുകയല്ലാതെ സഭാവഴക്കുകള്‍ അവസാനിക്കുവാന്‍ മറ്റ് യാതൊരു കുറുക്കുവഴിയുമില്ല. അതിനുള്ള മാര്‍ഗങ്ങളെയാണ് നാം തേടിപ്പിടിക്കേണ്ടത്. അല്ലെങ്കില്‍ കോടതി വക കാതോലിക്കാന്മാര്‍ ഉണ്ടാകുന്നത് നാം അനുഭവിക്കേണ്ടി വരും.
നാല്‍വര്‍ സംഘത്തിന്‍റെ സംഘക്കളി
ഓര്‍ത്തഡോക്സ് നേതൃത്വം എന്നാല്‍ ദേവലോകത്തെ ഒരു നാല്‍വര്‍ സംഘം എന്നു ധരിച്ചാല്‍ മതിയെന്നാണ് കേള്‍ക്കുന്നത്. സഭയോടുള്ള അവരുടെ കൂറിനെയൊ അഭിനിവേശത്തെയോ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ ചിന്തകളുടേയും ചെയ്തികളുടേയും ആത്യന്തിക ഫലം സഭയ്ക്കു ഗുണമാണോ എന്നാണ് ചിന്തിക്കേണ്ടത്. ഈ നാല്‍വര്‍ സംഘത്തെപ്പറ്റി സരസ്സനായ ഒരാള്‍ പറഞ്ഞതിങ്ങനെയാണ്. "ഇവരില്‍ പ്രമുഖന് പണവും പദവിയുമുണ്ട്. പക്ഷെ പവിത്രതയില്ല. അപരനാകട്ടെ ആവേശവും ആത്മാര്‍ത്ഥതയുമുണ്ട്. എന്നാല്‍ ആലോചനയില്ല. വൈദികപ്രമുഖനാകട്ടെ പാരമ്പര്യവും പാണ്ഡിത്യവുമുണ്ട് എന്നാല്‍ പാകതയില്ല. ഇവരോടൊപ്പമുള്ള മെത്രാനാകട്ടെ കടമ്പനാടന്‍ ചുവടുകളറിയാം എന്നാല്‍ അടവുകളറിയില്ല. ചുരുക്കത്തില്‍ നാലു ഘടകങ്ങളാണ് നമ്മുടെ നേതൃത്വ കാര്യദര്‍ശികള്‍ക്കില്ലാത്തത് 'പവിത്രത, പാകത, ആലോചന, അടവ് (തന്ത്രം)'. ഈ കുറവുകള്‍ ഓരോ തീരുമാനത്തിലും പ്രകടമാണ്. നാല്‍വര്‍ സംഘത്തിന്‍റെ സംഘക്കളി അതേപടി തുടരാന്‍ അനുവദിച്ചുകൂടാ.
മുള്‍മരമെരിയാതെ എരിതീ
സഭാ സമാധാനം സംബന്ധിച്ച ഏതൊരു ധാരണയിലും ഓര്‍ത്ത ഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഒറ്റ സമുദായമാണെന്നും സമുദായാംഗങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്ക്കാരികവുമായ ഉയര്‍ച്ചയെ സഹായിക്കുക പ്രധാനമാണെന്നുമുള്ള ചിന്താധാര ഉയര്‍ന്നു വരേണ്ടതാണ്. ആധ്യാത്മികമായ ഉയര്‍ച്ചമാത്രമാണ് സഭയുടെ ചുമതല എന്ന ചിന്ത പല കേന്ദ്രങ്ങളില്‍ നിന്നും പലപ്പോഴും ഉണ്ടാവാറുണ്ട്. സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതു കൊണ്ടാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. കര്‍ത്താവിന്‍റെ മണവാട്ടിയായ സഭ എല്ലാ വിഭാഗീയതയ്ക്കും അപ്പുറമുള്ള ദൈവജനത്തിന്‍റെ കൂട്ടായ്മയാണ്. ഭൗതികമായ സഭയുടെ ചുമതല ആ സഭയിലേയ്ക്ക് ജനങ്ങളെ നയിക്കുകയാണ്. എന്നാല്‍ ഭൗതീകമായി ഭൂമിയില്‍ നില കൊള്ളുമ്പോള്‍, ഇവിടുത്തെ ഭൗമീക സാഹചര്യങ്ങള്‍ പങ്കുവെക്കേണ്ടി വരുമ്പോള്‍ ഏതൊരു സഭയ്ക്കും സാമുദായികത്വത്തിന്‍റെ അംശങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. ഭൗതികമായ നിലനില്‍പ് അനിവാര്യമായതിനാല്‍ അതുകൊണ്ടു തന്നെ ഭൗതീകമായ ഉയര്‍ച്ചക്കുവേണ്ടിയുള്ള പരിശ്രമങ്ങളിലും ഏര്‍പ്പെടേണ്ടിവരും. 'മുള്‍മരമെരിയാതെ എരിതീ തന്‍ നടുവില്‍' നില്ക്കുന്നതു മോശ കണ്ടതു പോലെയാണ് സമുദായത്തില്‍ സഭയുടെ സാന്നിദ്ധ്യം എന്ന തിരിച്ചറിവ് ഉണ്ടായാലേ ചിന്താക്കുഴപ്പത്തില്‍ നിന്നു രക്ഷപെടാനാവൂ.
അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എന്ന ബ്രീട്ടീഷ് രാജ്ഞി
അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെപ്പറ്റി തര്‍ക്കത്തിന്‍റെ യാതൊരു ആവശ്യവുമില്ല. 1934-ലെ ഭരണഘടനയില്‍ അത് നിര്‍വചിച്ചിട്ടുണ്ട്. ആകമാന സുറിയാനിസഭയുടെ അദ്ധ്യക്ഷനാണ് പാത്രിയര്‍ക്കീസ് എന്ന് ഭരണഘടന അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതേ സമയം മലങ്കരയുടെ തലവന്‍ പൗരസ്ത്യ കാതോലിക്ക ആണെന്നുംവ്യക്തമാക്കുന്നു.ഇതില്‍ ഒരു വൈരുദ്ധ്യവുമില്ല ഇന്ത്യ ഇപ്പോഴും കോമണ്‍വെല്‍ത്തില്‍ അംഗമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള സംഭവങ്ങള്‍വരുമ്പോള്‍ മാത്രമാണ് കോമണ്‍വെല്‍ത്തിനെപ്പറ്റി പലപ്പോഴും നാം അറിയുക. എങ്കിലും കോമണ്‍വെല്‍ത്ത് ഒരു യാഥാര്‍ത്ഥ്യമാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പരസ്പരം അയയ്ക്കുന്ന പ്രതിനിധികളെ 'ഹൈ കമ്മീഷണര്‍ എന്നാണെല്ലോ വിളിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് ' അംബാസിഡര്‍'മാരാണെല്ലോ നിയുക്തരാവുക. പേരില്‍ മാത്രമാണ് വ്യത്യാസമെന്ന് വ്യാഖ്യാനിക്കാമെങ്കിലും അത് സൂചിപ്പിക്കുന്ന ബന്ധം പ്രാധാന്യമര്‍ഹിക്കുന്നു. ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനു വിധേയരായിരുന്ന രാജ്യങ്ങള്‍ ചരിത്രപരമായ ബന്ധം തുടരുന്നതിനുള്ള നിയമപരമായ സംഘടനയാണ് കോമണ്‍വെല്‍ത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിയമവ്യവസ്ഥയും ബ്യൂറോക്രസിയും പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനങ്ങളും ഈ രാജ്യങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നു. ഇന്നും ഇംഗ്ലീഷ് ഈ രാജ്യങ്ങളുടെയെല്ലാം ഔദ്യോഗികഭാഷയായി തുടരുന്നു. പാശ്ചാത്യ സുറിയാനിയും ആരാധനാക്രമങ്ങളും വേഷവിധാനങ്ങളുമെല്ലാം മലങ്കരസഭയില്‍ നിലനില്ക്കുന്നതും ഇതു പോലെ തന്നെയാണ്. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്‍റെ അദ്ധ്യക്ഷ ബ്രിട്ടീഷ് രാജ്ഞി തന്നെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഈ രാജ്ഞിക്ക് മറ്റ് രാജ്യങ്ങളിലെ ഭരണത്തില്‍ നാമമാത്രമായ അധികാരം പോലുമില്ല. എന്നാല്‍ അതുകൊണ്ട് ബ്രിട്ടനിലെ രാജ്ഞിയുടെ പ്രാധാന്യമോ, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ അംഗീകാരമോ ഇല്ലാതാവുന്നില്ല.
ഇതേ രീതിയിലുള്ള ബന്ധമാണ് മലങ്കരസഭയും അന്ത്യോക്യന്‍ സുറിയാനി സഭയും തമ്മില്‍ ഉള്ളതും. ആകമാന സുറിയാനി സഭയെന്ന കോമണ്‍വെല്‍ത്തിന്‍റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു ചരിത്രപരമായ കാരണങ്ങളാല്‍ ഒരിക്കസലും അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനെ ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹത്തിന്‍റെ പ്രാധാന്യം ഒരു വിധത്തിലും കുറയുകയുമില്ല.
സിംഹാസനപ്പോര്
ഇവിടെയുണ്ടാകുന്ന ഒരേയൊരു പ്രശ്നം പത്രോസ്ശ്ലീഹായുടെ സിംഹാസനത്തില്‍ നിന്നു മാത്രമെ ശ്ലൈഹിക പിന്‍തുടര്‍ച്ച ഉണ്ടാവൂ എന്ന വിശ്വാസം പ്രചരിപ്പിച്ചതു മൂലം ഉണ്ടാവുന്നതാണ്. ലോകമെങ്ങുമുള്ള ഒരു ഓര്‍ത്തഡോക്സ് സഭയ്ക്കും ആ വിശ്വാസമില്ല. മലങ്കരയിലെ കക്ഷി വഴക്കിന്‍റെ പേരില്‍ അങ്ങനെയൊന്ന് അവിടെ പ്രചരിപ്പിക്കാനിടയായി. തുടര്‍ന്നുണ്ടായതാണ് മാര്‍ത്തോമാശ്ലീഹായുടെ പട്ടത്വ പ്രശ്നവും. ഈ പ്രശ്നത്തില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പൊതുവായ വിശ്വാസം സ്വീകരിക്കുകയാണ് എല്ലാവര്‍ക്കും കരണീയം. കോപ്ടിക് സഭ, ഇന്‍ഡ്യന്‍സഭ, എത്യോപ്യന്‍ സഭ, സിറിയന്‍സഭ, അര്‍മീനിയന്‍ സഭ- മൂന്നു സാര്‍വ്വത്രിക സുന്നഹദോസുകള്‍ മാത്രം അംഗീകരിക്കുന്ന ഈ സഭകള്‍ തമ്മില്‍ മാത്രമാണല്ലോ വി. കുര്‍ബ്ബാനയില്‍ സംസര്‍ഗ്ഗം ഉള്ളത്. അതുകൊണ്ട് വിശ്വാസപരമായ എന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കില്‍ അത് അത് ഓര്‍ത്തഡോക്സ് സഭകളുടെ ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി അവരുടെ തീരുമാനത്തിനു വിടുവാന്‍ ഇരുകൂട്ടരും തീരുമാനിക്കട്ടെ. മറ്റുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുവാന്‍ ശേഷിയുള്ളവരാണ് ഇരുസഭകളിലേയും ഗുരുക്കന്മാരുടെ നേതൃത്വം. അവരോട് പറയാനുള്ളത് "മലങ്കരയിലെ തര്‍ക്കം തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലായെങ്കില്‍ ദൈവം അവിടെ മറ്റാരെയെങ്കിലും എഴുന്നേല്പ്പിക്കും. എന്നാല്‍ നിങ്ങള്‍ ഇതു ചെയ്തില്ലെങ്കില്‍ അതിന്‍റെ ദുരന്തം നിങ്ങളും നിങ്ങളുടെ തലമുറയും അനുഭവിക്കും."
കുഞ്ഞൂഞ്ഞിനെ വെറുതെ വിടുക.
സഭയുടെയോ സമുദായത്തിന്‍റെയോ സഹായത്താലല്ല ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതാവായതും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തിയതും. എന്നാല്‍ ഈ സഭയിലെ അംഗം ആയത് ഒരു ബാധ്യത ആക്കുന്ന രീതിയിലാണ് പലപ്പോഴും പല ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഒരാള്‍ പൊതുസമൂഹത്തിന്‍റെ നേതാവായി ഉയരുന്നതിലൂടെ താന്‍ ജനിച്ച സമുദായത്തിനും അപ്പുറത്തേക്ക് അയാള്‍ വളരുകയും പ്രവര്‍ത്തനമേഖല മുഴുവന്‍ സമൂഹവുമായി വികസിക്കുകയും ആണ്. സാമുദായികമായ സങ്കുചിതതാല്പര്യങ്ങള്‍ക്കായി അങ്ങനെയുള്ളവരെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ ജനാധിപത്യസങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്നവരാണ്. ഒപ്പം സഭയെ അവമതിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നു.
രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലി സഭാ പിതാക്കന്മാര്‍ കണ്ടുപഠിക്കുമോ? കേരളത്തിന്‍റെ മുഖ്യന്ത്രിയായിരിക്കുമ്പോള്‍ പോലും തന്‍റെ മണ്ഡലത്തിലെ ഒരു സാധാരണക്കാരന്‍റെ ശവമടക്കില്‍ പങ്കെടക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിച്ചേരുന്നു. എന്നാല്‍ ഒരു പള്ളിയില്‍ അമ്പത് വര്‍ഷം ശുശ്രൂഷിച്ച കപ്യാര്‍ മരിച്ചാല്‍ പോലും കൈമുത്ത് ഉറപ്പാക്കാതെ ഒരു മെത്രാന്‍ അവിടെ എത്തുമോ?
എന്നാല്‍ സമുദായാംഗങ്ങള്‍ എല്ലാ മേഖലകളിലും രാഷ്ട്രീയരംഗത്തും സാമൂഹ്യ-നയതന്ത്ര-വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമെല്ലാം ഔന്നത്യം പ്രാപിക്കുന്നതിനെ സഭ സന്തോഷപൂര്‍വം നോക്കിക്കാണുകയും അവര്‍ക്ക് ആവുന്നവിധത്തിലുള്ള സഹകരണം നല്‍കുകയും വേണം. എന്നാല്‍ ഒരിക്കലും അവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പരിമിതപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത് വലിയ തെറ്റാണ്. സഭാംഗങ്ങളുടെ ബഹുമുഖ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പരിശ്രമിക്കുകയും അവരിലൂടെ ലഭിക്കുന്ന സദ്ഫലങ്ങള്‍ മുഴുവന്‍ സമൂഹത്തിനു ലഭിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യാന്‍ സഭയ്ക്കു കഴിയണം. ചുരുക്കത്തില്‍ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്ന ദൗത്യത്തില്‍ പങ്ക് വഹിക്കുവാന്‍ ഓരോ വ്യക്തിയെയും ശക്തമാക്കുന്നതിന് പരിശ്രമിക്കുകയും ദൈവരാജ്യത്തിന്‍റെ സദ്ഫലങ്ങള്‍ മുഴുവന്‍ സമൂഹത്തിനായി പങ്കുവയ്ക്കുവാന്‍ യത്നിക്കുകയും ചെയ്യുകയാണ് സഭയുടെ ചുമതല എന്നു മറക്കാതിരിക്കണം.
പൂച്ചയ്ക്ക് മണികെട്ടാന്‍ ആയിരം എലികള്‍
സോദരര്‍ തമ്മിലെ പോര് പോരല്ല എന്നു പറയുമ്പോള്‍ പരസ്പരം തല്ലിത്തകര്‍ക്കുന്ന ഈ സംസ്കാരത്തെ നീതികരിക്കാന്‍ തുനിയുകയല്ല. നാളെ ഈ പോരടിക്കുന്നവര്‍ തമ്മില്‍ അല്ലെങ്കില്‍ അവരുടെ അടുത്ത തലമുറകളെങ്കിലും തമ്മില്‍ ധാരണയിലെത്തും എന്നതില്‍ ഒരു സംശയവും വേണ്ട. ആ ധാരണ എത്രയും നേരത്തേ ആയിക്കൂടേ എന്ന അതിമോഹമുള്ള അനേകര്‍ ഇപ്പോഴും ഇരുവിഭാഗങ്ങളിലുമുണ്ട്. അവരെയാണ് ഈ ലഘുലേഖനം പ്രതിനിധാനം ചെയ്യുന്നത്.
യോജിപ്പ് ഉണ്ടാകുന്നതില്‍ നിന്നും ഇരു വിഭാഗങ്ങളെയും തടയുന്ന രണ്ട് പ്രധാന ചിന്താധാരകളുണ്ട്. ഇനി ഒരു യോജിപ്പ് ഉണ്ടായാല്‍ പാത്രിയര്‍ക്കീസിന് വിധേയത്വം നല്‍കേണ്ടി വരുമെന്നും അത് ആധിപത്യത്തിലേക്ക് വഴി തെളിക്കുമെന്നും ഒരു കൂട്ടര്‍ സഭയ്ക്കുള്ളില്‍ നിന്ന് പാത്രിയര്‍ക്കല്‍ ആധിപത്യത്തിന് വേണ്ടി പരിശ്രമിക്കുന്നത് സഭയുടെ വളര്‍ച്ചയെ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ചിന്തിക്കുന്നു. പാത്രിയര്‍ക്കീസിന്‍റെ അധികാരം വ്യക്തമായി നിര്‍വചിച്ചശേഷമുള്ള ഒരു യോജിപ്പ് മാത്രമേ ഇനി ഇരുവിഭാഗത്തെയും നേതൃത്വത്തിനു സമ്മതമായി വരൂ എന്നതുകൊണ്ട് ആ പ്രശ്നം ഇനി ഉണ്ടാവുകയില്ല. മാത്രമല്ല, അന്ത്യോഖ്യന്‍ സഭ എന്താണെന്നും അതിന്‍റെ പരിമിതികളും പ്രസക്തിയും എന്താണെന്നും ഇന്ന് ഇരുവിഭാഗത്തിനും വ്യക്തമായ ധാരണയും ഉണ്ട്.
ഓര്‍ത്തഡോക്സ് പക്ഷവുമായി ഇനി ഒരു യോജിപ്പ് ഉണ്ടായാല്‍ വീണ്ടും ചതിവ് പറ്റുമെന്നാണ് യാക്കോബായക്കാര്‍ കരുതുന്നത്. തങ്ങള്‍ പുതുതായി വച്ച പള്ളികള്‍പോലും 1934 ലെ ഭരണഘടനയ്ക്ക് വിധേയമാകുന്ന ഒരു കുരുക്കിലേക്ക് തല വെച്ചുകൊടുക്കാന്‍ തങ്ങള്‍ക്ക് ഭ്രാന്തില്ല എന്നുതന്നെ വികാരജീവികളും വിചാരജീവികളും ഒരു പോലെ പറയും അവിടെയും പരിഹാരം കണ്ടെത്താന്‍ കഴിയും.
പുതുതായി വച്ച യാക്കോബായ പള്ളികള്‍ സിംഹാസന പള്ളികളുടെ സ്റ്റാറ്റസില്‍ കുറെക്കാലം നിലനില്‍ക്കട്ടെ, സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്ത സുന്നഹദോസ് അംഗമായിരിക്കുകയും, അദ്ദേഹത്തിന്‍റെ നിയമനം പ്രസ്തുതപള്ളികളുടെ അസോസിയേഷന്‍ നിര്‍വഹിക്കുകയും ചെയ്യണം.
ഇപ്പോഴുള്ള മെത്രാന്മാര്‍ക്ക് അവര്‍ ഇപ്പോള്‍ ഭരിക്കുന്ന പള്ളികളുടെ ഭരണം മാത്രം യോജിച്ച സഭയിലും തുടക്കത്തില്‍ നല്‍കിയാല്‍ മതി. അതിനാവശ്യമായ ക്രമീകരണങ്ങളും വിശദാംശങ്ങളും ചര്‍ച്ച ചെയ്ത് ഉണ്ടാക്കാവുന്നതേയുള്ളൂ.
മറ്റ് മൂപ്പിളമ തര്‍ക്കങ്ങളും യോജിപ്പിന്‍റെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍ പരിഹരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. പൂച്ചയ്ക്ക് മണികെട്ടാന്‍ കഴിവുള്ള എത്രയോ എലികള്‍ ഇപ്പോഴും മാളത്തിലുണ്ട്. പാണ്ടന്‍ പൂച്ചമാരുടെ പല്ലിന്‍ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല എന്ന് കൃത്യമായി അറിയാവുന്ന എലികള്‍. അവര്‍ മാളത്തില്‍ നിന്നു പുറത്തുവരട്ടെ. ഇരുഭാഗത്തേയും വിവരവും വിവേകവുമുള്ള വൈദികരെയും അല്‍മായരേയും ആണ് ഉദ്ദേശിക്കുന്നത്.
പിറവത്ത് പിറക്കാനിരിക്കുന്നത്
പിറവത്ത് ടി.എം. ജേക്കബിന്‍റെ ശവക്കല്ലറയ്ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിനു മുന്‍പുതന്നെ അടുത്ത സ്ഥാനാര്‍ത്ഥി ഞങ്ങളുടെ ആളായിരിക്കണം എന്ന യാക്കോബായ മെത്രാന്‍റെ ഭീഷണികേട്ട് ജനം ഞെട്ടി. എന്നാല്‍ ശവമടക്കലും അതിന്‍റെ കാണിക്ക വാങ്ങലും തൊഴില്‍പരമായ അവകാശമാക്കിയവര്‍ക്ക് മരണവും ഒരു അവസരമാണെന്ന് ജനത്തിന് അറിഞ്ഞുകൂടല്ലോ.
മരിച്ച ജേക്കബിനെയും ജനിക്കാന്‍ പോകുന്ന ജേക്കബിനെയും യാക്കോബായക്കാര്‍ കൈവശപ്പെടുത്തുന്നത് ഓര്‍ത്തഡോക്സുകാര്‍ക്ക് സഹിക്കാനാവുമോ? ഞങ്ങള്‍ പാരപണിയും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.
ഇവിടെ ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയ കക്ഷികളാണ്. ഇരുപക്ഷത്തും ഇടതുപക്ഷവും വലതുപക്ഷവും അല്പസ്വല്പം ബി.ജെ.പി. യുമുണ്ട്. അവരുടെ വോട്ടെല്ലാം രാഷ്ട്രീയമായിത്തന്നെ വീഴും. മെത്രാന്മാരുടെ കാല് കഴുകിയ വെള്ളം തീര്‍ത്ഥമാണെന്നു കരുതുന്ന അല്പബുദ്ധികളായ കുറച്ച് വിശ്വാസികള്‍ ഇരുഭാഗത്തുമുണ്ടാവും. അവരുടെ വോട്ടുകള്‍ പരസ്പരം നിര്‍വീര്യമാവും. അതിനു വേണ്ടി മിനക്കെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മീയ നേതൃത്വത്തിന്‍റെ അഹങ്കാരം കൂട്ടാതിരുന്നാല്‍ സഭയ്ക്കും നാടിനും നന്ന് എന്നേ ജനത്തിനു പറയാന്‍ കഴിയൂ.
ജന്തര്‍മന്തറിലെ കോണ്‍ഗ്രസ് മന്ദിരം
അഭിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആസ്ഥാനമന്ദിരം ഡല്‍ഹിയില്‍ ജന്തര്‍ മന്തര്‍ റോഡിലുള്ള കോണ്‍ഗ്രസ് ഹൗസായിരുന്നു. 1969-ല്‍ ഇന്ദിരയുടെയും നിജലിംഗപ്പയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പ്രസ്തുത മന്ദിരം നിജലിംഗപ്പ വിഭാഗത്തിനായി. ആ വിഭാഗം സംഘടനാ കോണ്‍ഗ്രസ് ആയി അറിയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വിഭാഗമായി ഇന്ദിരാ വിഭാഗത്തെ കോടതി പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് എ.ഐ.സി.സി. ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിക്കാതെ പുതിയ കെട്ടിടം ഉണ്ടാക്കുകയാണ് ചെയ്തത്. സംഘടനാ കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ആ മന്ദിരം ജനതാ പാര്‍ട്ടിയ്ക്കു കൈവന്നു. ജനതാപാര്‍ട്ടി പിളര്‍ന്ന് ജനതാദളും ജനതാദള്‍ പിളര്‍ന്ന് ജനതാദള്‍ (യു) വും ഉണ്ടായപ്പോഴൊക്കെയും ഓഫീസ് കൈവശം വച്ചിരുന്ന വരെ ഒഴിപ്പിക്കാന്‍ ഒരു ശ്രമവും ആരും നടത്തിയിട്ടില്ല. ഇപ്പോള്‍ അത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് ജനതാദളിന്‍റെ കൈവശമാണ്.
ഒരു സംഘടനയോ, സമൂഹമോ പിളരുമ്പോള്‍ കൈവശാവകാശമുള്ളവരെ കോടതി വഴി ഒഴിപ്പിക്കാനുള്ള ശ്രമം അധികാരമുള്ള രാഷ്ട്രീയക്കാര്‍പോലും നടത്താറില്ല. ഇരുവിഭാഗങ്ങളിലായി നില്‍ക്കുന്ന മലങ്കര സുറിയാനി സഭയിലെ നേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ് അത്. കോലഞ്ചേരിക്കുവേണ്ടി യാക്കോബായക്കാരോ മറ്റ് പ്രധാന പള്ളികള്‍ക്കുവേണ്ടി ഓര്‍ത്തഡോക്സ്കാരോ കേസ് നടത്തുമ്പോഴും ജയിക്കുമ്പോഴും പിന്‍തുടരേണ്ട ഒരു പ്രമാണമായിരിക്കണം അത്.
കോലഞ്ചേരിയില്‍ പൂര്‍ണ കൈവശാവകാശം ഉണ്ടായപ്പോള്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ തമ്മില്‍ പരസ്പര ധാരണ നഷ്ടപ്പെട്ടതിനാലാണ് അവിടെ യാക്കോബായ വിഭാഗത്തിന് അവസരം ലഭിച്ചത്. തൃക്കുന്നത്ത് സെമിനാരിയില്‍ നിന്ന് മണ്ണാറപ്ര അച്ചനെ പുറത്തു ചാടിച്ചപ്പോഴാണ് യാക്കോബായക്കാര്‍ക്ക് അവകാശം ഉന്നയിക്കാന്‍ അവസരം ലഭിച്ചത്.
കോട്ടയം ഭദ്രാസനത്തിലെ ഒരു പള്ളിയിലും ഇന്ന് പരസ്പരം പോരോ ശവത്തിന് വില പറച്ചിലോ ഇല്ലാത്തത് 'കോട്ടയം കുഞ്ഞച്ച'ന്മാരുടെ പ്രായോഗിക ബുദ്ധി. മീനടം ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ഏതാനും വര്‍ഷം മുന്‍പ് പാത്രിയര്‍ക്കീസ് ഭാഗത്ത് മാത്രം പ്രവര്‍ത്തിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ ശവമടക്കം പള്ളിക്കാരുടെയും ഓര്‍ത്തഡോക്സ് ഇടവക മെത്രപ്പോലീത്തയുടെയും പൂര്‍ണ പങ്കാളിത്തത്തോടെ നടന്നപ്പോള്‍ യാക്കോബായ വിഭാഗം അവസരോചിതമായി പെരുമാറിയത് ഒരു ഉദാഹരണമാണ്. കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഇരുവിഭാഗങ്ങളിലേയും വൈദികര്‍ പരസ്പരം ശുശ്രൂഷകളില്‍ സഹകരിക്കുന്നതുപോലെ വടക്കുംതെക്കുമുള്ള വൈദികര്‍ക്കും ആയിക്കൂടേ എന്നാണ് കോട്ടയംകാര്‍ ചോദിക്കുന്നത്.
സമ്പൂര്‍ണ്ണ യോജിപ്പ് സമ്പൂര്‍ണ സമാധാനം
ചുരുക്കത്തില്‍ കൈവശാവകാശം അംഗീകരിച്ചു കൊണ്ടുള്ള സമാധാനപരമായ സഹവര്‍ത്തിത്വം അംഗീകരിക്കാതെ സഭാ പ്രശ്നം ഒരിക്കലും അവസാനിക്കില്ല. ആ സഹവര്‍ത്തിത്വം പൂര്‍ണ്ണമായ യോജിപ്പിലേക്ക് സഭയെ നടത്തും. കാരണം വിഭജിച്ചു പിരിയുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് യോജിച്ചു പോവുകയെന്ന് പ്രായോഗികമതികള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
(മനനം, പുസ്തകം 1, ലക്കം 1, 2012 ഏപ്രില്‍)
Tuesday, 26 September 2023
തീരുമ്പം തീരും
മലങ്കര സഭാ കേസുകള്‍ എന്നു തീരുമെന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായോട് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഏറെ രസകരമായിരുന്നു "തീരുമ്പം തീരും" എന്നായിരുന്നു ആ മറുപടി. പരമോന്നത കോടതിയില്‍നിന്ന് പരമാധികാര വിധികള്‍ പലതു ലഭിച്ചിട്ടും ഇപ്പോഴും നേതൃത്വത്തോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി അതു തന്നെയായിരിക്കും. എന്നാല്‍ അത്രയൊന്നും ഉന്നതന്മാരല്ലാത്ത നമുക്കതിനു കുറച്ചുകൂടി കൃത്യമായി മറുപടി പറയാന്‍ കഴിയും "സഭയിലെ പരിശുദ്ധന്മാരുടെ കബറില്‍ നേര്‍ച്ചപണം എന്നു നില്‍ക്കുമോ അന്നേ നില്ക്കൂ ഈ കേസുകളൊക്കെ" ആ കബറുകളിലെ പണമൊക്കെ സ്പെഷല്‍ ഫണ്ട് എന്ന പേരില്‍ കണക്കെഴുതി വക്കീലന്മാരായ വക്കീലന്മാര്‍ക്കൊക്കെ കൊടുത്തുവെന്നും മറ്റുമുള്ള കണക്കെഴുതി ചെലവു തള്ളണമെങ്കില്‍ ഇവിടെ കേസുകള്‍ നിര്‍ബാധം തുടരണം. അതൊന്നുമറിയാത്ത അല്പവിശ്വാസികള്‍ കേസുതീരണം, സമാധാണം വരണം എന്നൊക്കെപ്പറഞ്ഞു നവോത്ഥാനവുമായി നടക്കുന്നതിനേക്കാള്‍ അപഹാസ്യമായി എന്തുണ്ട് ഈ ഭൂമി മലങ്കരയില്‍ വേറെ?
പഴഞ്ചൊല്ലില്‍ പതിരുണ്ട്
മലയാളത്തിലെ മഹാനായ ഹാസ്യസാഹിത്യകാരന്‍ ഇ.വി. കൃഷ്ണപിള്ള 1930 കളില്‍ 'പഴഞ്ചൊല്ലില്‍ പതിരുണ്ട്' എന്നു തെളിയിക്കാനായി തിരഞ്ഞെടുത്ത ഉദാഹരണം മലങ്കരയിലെ പള്ളിവഴക്കായിരുന്നു. കനകം മൂലവും കാമിനി മൂലവുമാണ് കലഹങ്ങള്‍ ഉണ്ടാവുന്നതെന്നു ധ്വനിപ്പിക്കുന്ന 'കലഹം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' എന്ന കുഞ്ചന്‍നമ്പ്യാര്‍ പ്രയോഗിച്ച പഴമൊഴി ശരിയല്ല എന്നു തെളിയിക്കാന്‍ ഇ.വി. കൃഷ്ണപിള്ള ഇങ്ങനെ എഴുതി.
"മലങ്കരയുടെ ഭരണം അന്ത്യോഖ്യക്കാണ് ഇരിക്കേണ്ടത്" ഒരാള്‍ പറഞ്ഞു. "അല്ല, നമ്മള്‍ സ്വതന്ത്ര സഭക്കാരാണ്" അപരന്‍ പ്രതികരിച്ചു. അതേതുടര്‍ന്നു വഴക്കായി, തെറിവിളിയായി, അടിപിടിയായി ഇതില്‍ കനകത്തിനോ കാമിനിയ്ക്കോ വല്ല സ്ഥാനവുമുണ്ടോ എന്ന് ഇ.വി. ചോദിച്ചു. ശരിയാണ്, സഭാവഴക്കിന്‍റെ പേരില്‍ തെരുവില്‍ തെറിവിളി നടത്തുന്നവര്‍ക്കും കത്തിക്കുത്തു നടത്തുന്നവര്‍ക്കും പള്ളിയുടെ മതില്‍ തകര്‍ക്കുന്നവര്‍ക്കും ധനനഷ്ടവും മാനഹാനിയും ആരോഗ്യനഷ്ടവും ഫലം. അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നവര്‍ക്കോ കയ്യിലും കീശയിലും മുത്തും മുത്തവും. 'ഹേ മലങ്കര സുറിയാനിക്കാരാ, നിന്നെ രക്ഷിക്കാന്‍ ആര്‍ക്കു സാധിക്കും'?
ചക്കയ്ക്ക് ബ്രാന്‍ഡ് അംബാസിഡര്‍
എന്തായാലും ഒരു കാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സുകാര്‍ക്ക് സമാധാനിക്കാം. ഈ സര്‍ക്കാരിന്‍റെ കാലത്ത് അര്‍ഹിക്കുന്ന പദവികളൊക്കെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞകാലത്ത് ചീഫ് മിനിസ്റ്റര്‍, ചീഫ് സെക്രട്ടറി, ചീഫ് ജസ്റ്റിസ് തുടങ്ങിയ നാണംകെട്ട പോസ്റ്റുകളായിരുന്നു നമുക്കു ലഭിച്ചിരുന്നത്. അതിന്‍റെ നാണക്കേടുകാരണം അവര്‍ക്കൊക്കെ ബഹിഷ്ക്കരണം പ്രഖ്യാപിച്ച് തലയില്‍ മുണ്ടിട്ടാണ് നമ്മുടെ തിരു മേനിമാരൊക്കെ നടന്നിരുന്നത്. ഏതായാലും പുതിയ സര്‍ക്കാര്‍ വന്നതില്‍പിന്നെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ ശിപായി പണിയൊക്കെ നമുക്കു സംവരണമാ. അങ്ങനെ പോസ്റ്റ് പിടിച്ചവരെയൊക്കെ നമ്മുടെ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയുമൊക്കെ പേരെടുത്തു പറഞ്ഞ് അനുമോദനപ്രമേയവും ഇറക്കിയിട്ടുണ്ട്. അതിനേക്കാളേറെ കോള്‍മയിര്‍ കൊള്ളിക്കുന്ന കാര്യമാണ് ഇപ്പോള്‍ ചെങ്ങന്നൂരില്‍ നടക്കാന്‍ പോവുന്നത്.
ഒരു കാലത്ത് പലതിനും ദാരിദ്ര്യമുണ്ടായിരുന്നപ്പോള്‍ നമ്മുടെ നാട്ടില്‍ സ്റ്റാറായിരുന്നുവല്ലോ ചക്ക. ആളുകള്‍ പ്ലാവുകള്‍ പാട്ടത്തിനെടുത്തുപോലും ചക്ക ആഹരിച്ചിരുന്നു. എന്നാല്‍ ദാരിദ്ര്യം മാറി സമ്പത്തുവന്നപ്പോള്‍ ചക്കക്കാര്യം കട്ടപ്പുകയായി. ചെങ്ങന്നൂരില്‍ മാത്രമല്ല, മലബാറിലും മാവേലിക്കരയിലും ചെന്നിത്തലയിലും ചേര്‍ത്തലയിലുമെല്ലാം ചക്ക ചീഞ്ഞളിഞ്ഞുകിടന്നു. ആ സന്ദര്‍ഭത്തിലാണ് ചെങ്ങന്നൂരില്‍ ഇലക്ഷന്‍ വരുന്നതും ചക്കയെ ഭരണമുന്നണി സ്വീകരിച്ച് സംസ്ഥാനഫലമാക്കിയതും. ഇനി ചക്കയ്ക്ക് ഒരു ബ്രാന്‍ഡ് അംബാസിഡറെയും നിയമിക്കും. ആ പോസ്റ്റ് തീര്‍ച്ചയായും ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കണമെന്ന് തിരുമേനിമാരൊക്കെ ശുപാര്‍ശചെയ്തിട്ടുണ്ട്. അതു കിട്ടുകതന്നെ ചെയ്യും. സഭ സനാഥമാണെന്നു തെളിഞ്ഞുകൊണ്ടേയിരിക്കും.
കൊട്ടാരത്തില്‍ അത്ഭുതജീവി
എന്തായാലും നാടുവാഴി കൊട്ടാരത്തിലെ ശയ്യാഗൃഹത്തില്‍ വാസമുറപ്പിച്ചിരിക്കുന്ന അത്ഭുതജീവി മാര്‍ജാരഗണത്തില്‍ പെട്ടതാണെന്നുള്ളതിനു ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. അത് തെളിയിക്കുന്ന ചിത്രങ്ങളും ലാബ് റിപ്പോര്‍ട്ടുകളും നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍, ചരിത്രകാരന്മാര്‍ ഈ ജീവി പണ്ട് നിലയ്ക്കല്‍ പ്രദേശത്തു പ്രത്യക്ഷപ്പെട്ട വജ്രപ്പുലിയുടെ അവതാരമായിട്ടാണ് കാണുന്നത്. കയറിപ്പറ്റുന്നിടം മുച്ചൂടും നശിപ്പിച്ചേ ഈ മാര്‍ജാരസന്തതി സ്ഥലം കാലിയാക്കൂ എന്നാണിവര്‍ പറയുന്നത്. എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ് അസാധാരണമായ ഘ്രാണശക്തിയും ഉന്മാദകരമായ വശ്യതയും കുടിലമായ തന്ത്രവും ഹീനമായ ലക്ഷ്യങ്ങളുമുള്ള ഈ ജീവിയുടെ പിടിയില്‍നിന്ന് കൊട്ടാരം അത്ര എളുപ്പത്തില്‍ വിമുക്തമാവില്ല. ഈ ജീവി കൊട്ടാരത്തില്‍ ഉള്ളിടത്തോളംകാലം നന്മനിറഞ്ഞ വാര്‍ത്തകളൊന്നും ആരും കേള്‍ക്കാനും പോകുന്നില്ല.
പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും
സഭയുടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയും കാതോലിക്കാ ദിനപ്പിരിവ് റിക്കാര്‍ഡിടുകയും ചെയ്ത വര്‍ഷത്തില്‍തന്നെയാണ് കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ സഭയുടെ ശ്രേഷ്ഠരായ രണ്ടു വൈദികര്‍ ആത്മഹത്യ ചെയ്തത്. സമീപിക്കേണ്ടവരെയെല്ലാം സമീപിച്ചിട്ടും ഭഗ്നാശരായ ആ വൈദികരെ ഹീനമരണത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സഭാ ചരിത്രത്തില്‍ സുപ്രധാനമെന്നു പ്രഖ്യാപിക്കുന്ന വിധികള്‍ ലഭിക്കുമ്പോഴും ഈ വൈദികര്‍ പ്രാപിച്ച വിധി നമ്മെ ചിന്തിപ്പിക്കുമോ?
പണത്തിന്‍റെയും അധികാരത്തിന്‍റെയും കേന്ദ്രീകരണമാവരുത് സഭയെ നയിക്കുന്നവരുടെയും അവരെ പിന്‍തുടരുന്നവരുടെയും ലക്ഷ്യം. സമ്പത്തിന്‍റെ വിതരണമാണ് അധികാരത്തിന്‍റെ വികേന്ദ്രീകരണമാണ് അടിയന്തിരമായി നടപ്പാക്കേണ്ടത്. അതിനായിട്ടാവണം നമ്മുടെ പ്രാര്‍ത്ഥനയും പ്രവൃത്തിയും.
"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍
യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...
-
യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...
-
അധികാരവും പദവിയും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന് ജനഹൃദയങ്ങളിലേക്ക് എങ്ങനെ ആഴ്ന്നിറങ്ങാമെന്നതിന്റെ നേർചിത്രമായിരുന്നു റ്റി.പി. ജോർജുകുട്ടിയ...
-
ഒത്തിരി പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി. ചങ്ങനാശേരി മെയിൻ പോസ്റ്റ് ഓഫിസിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന ബുക്ക് വേവിന്റെ ഉടമ കുട്ടിച്ചന...

