Monday 25 March 2024

പോരാടൂര്‍ ക്രിസ്ത്യാനികള്‍ | ടി. പി. ജോര്‍ജുകുട്ടി

പോരാടൂര്‍ ക്രിസ്ത്യാനികള്‍ തങ്ങളെപ്പറ്റിത്തന്നെ പ്രചരിപ്പിക്കുന്ന ഒരു രസികന്‍ നിരീക്ഷണമുണ്ട്. ഈ ഭൂമി മലയാളത്തിലെ ഒരു ചെറിയ പ്രദേശമാണ് പോരാടൂര്‍. ഓര്‍ത്തഡോക്സുകാരാണ് ഇവിടുത്തെ നിവാസികളിലേറെയും. തങ്ങളുടെ പൊതുസ്വഭാവത്തെപ്പറ്റിയുള്ള പോരാടൂര്‍ നിരീക്ഷണം ശ്രദ്ധിക്കുക. 

1. ഞായറാഴ്ചകളില്‍ പോത്തിറച്ചി വാങ്ങി ഭക്ഷിക്കുക.

2. തിരഞ്ഞെടുപ്പുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യുക.

3. മനോരമ പത്രം വരുത്തുകയും വായിക്കുകയും ചെയ്യുക.

4. പത്രത്തിലെ ചരമകോളം നോക്കി കഴിയുന്നത്ര സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുക. 

അടുത്തകാലംവരെ ഇതില്‍ യാതൊരുമാറ്റവും കൂടാതെ കാര്യങ്ങള്‍ നടന്നുവന്നു. എന്നാല്‍ ഇപ്പോള്‍ ആകെക്കൂടെയൊരുമാറ്റം കണ്ടും കേട്ടും തുടങ്ങിയിരിക്കുന്നു. ഈ സ്വഭാവസവിശേഷതകള്‍ പോരാടൂരുകാരുടേതു മാത്രമാണെന്നു കരുതേണ്ടതില്ല. കോട്ടയം ജില്ലയിലും പത്തനംതിട്ടയിലും കൊല്ലത്തും എറണാകുളത്തുമെല്ലാം പോരാടല്‍ ഊരായി (ജീവന്‍) കരുതുന്ന ഇങ്ങനെയുള്ളവര്‍ ധാരാളം താമസിച്ചു വരുന്നുണ്ടെന്ന് നമുക്കറിയാം. കേരളത്തിലെ പുത്തന്‍കൂറു നസ്രാണി സമുദായത്തിലെ അന്ത്യോഖ്യാ വിരുദ്ധരായ ഒരു സമുദായത്തെയാണ് നാമിവിടെ കാണുന്നത്. പുത്തന്‍കൂറ്റുകാരെന്ന പേരെങ്ങനെ വന്നുവെന്നു നോക്കുന്നതിനു മുമ്പേ പോരാടൂരുകാര്‍ക്ക് എന്തു മാറ്റമാണുണ്ടായതെന്നു നോക്കാം. 

പോരാടൂരുകാര്‍ പോത്തിറച്ചിയുടെ അളവ് കുറച്ചുകൊണ്ടുവരികയാണ്. ഒന്നാമത് നല്ല പോത്തിറച്ചി കിട്ടാനില്ല. രണ്ടാമതായി കൊളസ്ട്രോള്‍ എന്ന പിശാച് പൊതുവേ എല്ലാവരെയും പിടികൂടിയിട്ടുണ്ട്. മുമ്പുകാലത്ത് രാവന്തിയോളം കൃഷിഭൂമികളില്‍ പണിയെടുത്തിരുന്നവരുടെ അനന്തരതലമുറയ്ക്ക് അധ്വാനം കുറയുകയും ആഹാരം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി വന്നതാണ് ആ പിശാചുബാധ. എന്നാല്‍ കൈപ്പത്തി ചിഹ്നത്തോടുള്ള മമതയ്ക്കും കുറവുണ്ടായെങ്കില്‍ അതിന്‍റെ കാരണമെന്താണ്? 

രണ്ടും മൂന്നും നാലും കാര്യങ്ങളെ ഒന്നായിത്തന്നെ നമുക്കു വിലയിരുത്താം. കൈപ്പത്തി, കോണ്‍ഗ്രസ്, ചരമക്കോളം എന്നിവയാണല്ലോ അത്. കൈപ്പത്തി എന്നു പറയുന്നത് ശരിയല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നുകംവെച്ച കാളകള്‍ മരണയാത്രയില്‍ തങ്ങളുടെ ശരീരത്തോട് ചേര്‍ത്തുവച്ചിരിക്കണം എന്ന് വില്‍പത്രത്തിലെഴുതിയ കാരണവന്മാരും ഇവിടെ ഉണ്ടായിരുന്നു. കാളപ്പെട്ടി മുതല്‍ കൈപ്പത്തി ചിഹ്നംവരെ കോണ്‍ഗ്രസിന്‍റെ അടയാളവാക്യങ്ങള്‍ മനസ്സിന്‍റെ വികാരമായി സൂക്ഷിച്ചവര്‍. മനോരമ ഭക്തിയും ഇതോടൊപ്പം അവര്‍ സൂക്ഷിച്ചുവച്ചു. കെ. സി. മാമ്മന്‍ മാപ്പിളയ്ക്കും കെ. എം. ചെറിയാനും കാതോലിക്കാ ബാവായ്ക്ക് തൊട്ടുതാഴെയുള്ള സ്ഥാനം അവര്‍ വകവച്ചു കൊടുത്തിരുന്നു. മാത്തുക്കുട്ടിച്ചായന്‍റെ അവസാന കാലമായപ്പോള്‍ അതൊരു പടി താഴേയ്ക്കു പോന്നു. എന്നാല്‍ ഇപ്പോഴുള്ള പത്രാധിപന്മാരോട് ആ വികാരം അവര്‍ക്കില്ല എന്നതും സത്യം. 

ചുരുക്കത്തില്‍ പോരാടൂര്‍ സ്വഭാവത്തിന് ഉണ്ടായ മാറ്റം കാലത്തിന്‍റെ മാറ്റം കൂടിയാണ്. എന്നാല്‍ അതിലപ്പുറം ആ മാറ്റം ചില നിറങ്ങളുടെയും ചില കളികളുടെയും ചില കിളികളുടെയും മാറ്റമാണ്. നിറമെന്നാല്‍ കൊടിയുടെ നിറം. കളിയെന്നാല്‍  രാഷ്ട്രീയക്കാരുടെ കളി, കിളിയെന്നാല്‍ രാഷ്ട്രീയക്കാരുടെ ഇരകള്‍ കൊത്തി ജീവിക്കുന്ന കിളികള്‍. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന മധ്യതിരുവിതാംകൂര്‍ നസ്രാണി രാഷ്ട്രീയം ഇടതുപക്ഷ മുന്നണികള്‍ക്ക് സൃഷ്ടിക്കുന്ന അസൗകര്യം വളരെ വലുതായിരുന്നു. കേരളാ കോണ്‍ഗ്രസിനെ വളര്‍ത്തിയും പിളര്‍ത്തിയും തളര്‍ത്തിയും ഏറെക്കാലം ഇടതുപക്ഷക്കിളികള്‍ നടന്നെങ്കിലും ഒടുവില്‍ 'വന്ന വെള്ളം നിന്ന വെള്ളംകൂടി കൊണ്ടുപോകുന്ന' അവസ്ഥയായിരുന്നു ഇന്നലെ വരെ. അപ്പോഴാണ് 'നൂറ്റാണ്ടുവഴക്ക്' ഒരു വഴിക്കുമെത്താതെ വിലക്ഷണന്മാരുടെ കയ്യിലെ കെടാവിളക്കായി നിന്നു കത്തുന്നത് കോട്ടയത്തെ അച്ചന്‍ അച്ചായന്‍ ഇടതുപക്ഷം കാണുന്നത്. അച്ചനും കപ്യാരും കുറച്ച് അച്ചായന്മാരും കുറേക്കാലമായി കോട്ടയത്ത് ഇടതുപക്ഷ സോപ്പുതേച്ചു കുളിക്കാന്‍ തുടങ്ങിയിട്ട്. ഷാപ്പിലെ കറിയുടെ മണത്തിന്‍റെകൂടെ നല്ല ലബാനോന്‍ ദേവദാരു കൂടെ ഉണ്ടായാല്‍ അതിന്‍റെ സുഖമൊന്നുവേറെ. 

മാര്‍ത്തോമ്മായുടെ മക്കള്‍ മാര്‍ക്സിന്‍റെ മക്കളായെന്ന് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയില്‍ തോറ്റമ്പിയ കാരണവര്‍ പ്രസ്താവനയിറക്കി. മാടമ്പിയുടെ പ്രസ്താവന ന്യായമാണ്. പുതുശ്ശേരിക്ക് തിരുവല്ലായില്‍ സീറ്റ് കിട്ടാതിരുന്നത് ഓര്‍ത്തഡോക്സ് സഭയോടു കാണിച്ച അവഗണനയായി സഭാനേതൃത്വം പ്രചരിപ്പിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഭാനേതൃത്വത്തിലെ ഉന്നതരായ ഒരു നാല്‍വര്‍സംഘം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം. മാണിയെ നേരിട്ടു കണ്ട് തിരുവല്ല സീറ്റ് പുതുശ്ശേരിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നും അതിന്‍റെ ഫലമായാണ് 'പുതുശ്ശേരിവധം' ആട്ടക്കഥ വിരചിതമായതെന്നുമാണ് യാഥാര്‍ത്ഥ്യം. അവരുടെ ഉദ്ദേശ്യം നാലു കാശുള്ള സഭാസ്ഥാനിയുടെ ബന്ധുവിന് സീറ്റ് നല്‍കുകയെന്നതായിരുന്നു. അല്ലെങ്കിലും കല്യാണാലോചന വരുമ്പോഴും സീറ്റുധാരണ വരുമ്പോഴും നമുക്ക് ഓര്‍ത്തഡോക്സ് എന്നോ മാര്‍ത്തോമ്മാ എന്നോ വല്ല ഭേദവുമുണ്ടോ? 

എന്തായാലും നല്ലവനായ പുതുശ്ശേരിയെ സഭാനേതൃത്വത്തിലെ വല്ലഭന്മാര്‍ പുല്ലുപോലെ ഒതുക്കിക്കെട്ടി. ഒപ്പം ആ ചെലവില്‍ യു.ഡി.എഫ്. ന്‍റെ ഏതാനും സീറ്റുകളും നഷ്ടപ്പെടുത്തിക്കൊടുത്തു. അതിന്‍റെ പ്രതിഫലം വേണ്ടപ്പെട്ടവര്‍ വേണ്ടപ്പെട്ടവരോട് വേണ്ടവിധത്തില്‍ വാങ്ങിച്ചെടുത്തു. നമുക്കെന്തിന് കൊതിക്കെറുവ്? 

യഥാര്‍ത്ഥ ചരിത്രം

പുത്തന്‍കൂറ്റുകാരെന്നും പഴയകൂറ്റുകാരെന്നും സുറിയാനി ക്രിസ്ത്യാനികള്‍ പിരിയാനിടയായ ചരിത്രം 1653-ലെ കൂനന്‍കുരിശു മുതല്‍ തുടങ്ങുന്നതാണ്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ വച്ച് കത്തോലിക്കാ വിശ്വാസവും മാര്‍പാപ്പായുടെ ആധിപത്യവും കേരള ക്രിസ്ത്യാനികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. അതുവരെ ഇവിടെ നിലനിന്നത് നെസ്തോറിയന്‍ വിശ്വാസം ആയിരുന്നുവെങ്കിലും അവരുടെ ഭാഷ കല്‍ദയ സുറിയാനി ആയിരുന്നു. അതേ കല്‍ദയ സുറിയാനി റോമന്‍ ആധിപത്യത്തിലും തുടര്‍ന്നു. എന്നാല്‍ കൂനന്‍കുരിശില്‍ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചപ്പോള്‍ (കത്തോലിക്കാ വിശ്വാസത്തെയല്ല ജസ്യൂട്ട് പാതിരിമാരുടെ നേതൃത്വത്തെയാണ് തള്ളിക്കളഞ്ഞതെന്ന് കത്തോലിക്കാ വ്യാഖ്യാനം) മുതല്‍ ഇതര സഭകളുടെ സഹായം തേടിയ മലങ്കരസഭയ്ക്ക് ലഭ്യമായത് സിറിയയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കൈത്താങ്ങാണ്. 

1665-ല്‍ അന്ത്യോഖ്യന്‍ സഭയില്‍നിന്ന് മാര്‍ ഗ്രീഗോറിയോസ് മെത്രാന്‍ ഇവിടെയെത്തിയപ്പോള്‍ ആഹ്ലാദഭരിതരായ മാര്‍ത്തോമ്മായുടെ മക്കള്‍ അദ്ദേഹത്തെ ദൈവതുല്യമായി കണ്ടു. അദ്ദേഹം കൊണ്ടുവന്ന ഭാഷയും വേഷവും ആരാധനയും അകാരാദിയുമെല്ലാം നമ്മള്‍ അതേപടി സ്വീകരിച്ചു. അവരുടെ ഭാഷ പാശ്ചാത്യ സുറിയാനി ആയിരുന്നു. കല്‍ദയ സുറിയാനിയില്‍നിന്നും വ്യത്യസ്തമായ പാശ്ചാത്യസുറിയാനി സ്വീകരിച്ചവര്‍ അങ്ങനെ പുത്തന്‍കൂറ്റുകാരായി. നാലു പുത്തന്‍ കിട്ടുമ്പോള്‍ പഴമയെ ചവിട്ടിക്കളയാന്‍ ഇന്നും മടിയില്ലാത്ത നമ്മള്‍ പുത്തന്‍ പദമെടുത്ത് പുരപ്പുറത്ത് കെട്ടിത്തൂക്കി. ഈ പുത്തന്‍ പ്രേമം പുത്തന്‍കൂറ്റുകാര്‍ ഇന്നും കൈവിട്ടിട്ടില്ല. പുത്തനായൊരു ഉപദേശവുമായി ആരെവിടെ നിന്നെത്തിയാലും അവരുടെ കൂടെക്കൂടി പുത്തനുണ്ടാക്കാന്‍ ഇന്നും പുത്തന്‍കൂറ്റുകാര്‍ക്ക് മടിയില്ല. അങ്ങനെയാണ് ബ്രദറന്‍, ആംഗ്ലിക്കന്‍, നവീകരണ, യൂയോമയ, ശാബത്, യഹോവസാക്ഷി, രക്ഷാസൈന്യം തുടങ്ങി പഥ്യോപദേശപ്രസ്ഥാനം മുതല്‍ തങ്കൂപദേശ പ്രസ്ഥാനം വരെ എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് പുത്തന്‍കൂറ്റപ്പച്ചന്മാര്‍ വിലസുന്നത്. ഒപ്പം സഭയിലെ നല്ലൊരു പങ്ക് വിശ്വാസികളെയും അവര്‍ കൊണ്ടുപോയി. 1912-ല്‍ മുടക്കപ്പെട്ടവനെന്ന് യാക്കോബായക്കാരും തങ്കപ്പെട്ടവനെന്ന് ഓര്‍ത്തഡോക്സുകാരും വിളിക്കുന്ന അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചപ്പോള്‍ അതേ സമയത്തു തന്നെ കുക്ക് സായ്പ്പ് ഇവിടെ ആരംഭിച്ച കൈകൊട്ടിപ്പാട്ട് പ്രസ്ഥാനം പെന്തക്കോസ്തുസഭ എന്ന മഹാപ്രസ്ഥാനമായി വളരുകയും സഭയിലെ നല്ലൊരു പങ്ക് വിശ്വാസികള്‍ ക്രമേണ അവിടേയ്ക്ക് ചേക്കേറുകയും ചെയ്തു. 

നൂറു വര്‍ഷം കൊണ്ട് വക്കീലന്മാര്‍ക്ക് നൂറു തലമുറ ജീവിക്കാനുള്ള സ്വത്ത് സഭ സമ്പാദിച്ചു കൊടുത്തപ്പോള്‍ നൂറു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച എത്രയോ പ്രസ്ഥാനങ്ങളും സഭകളും നമ്മേക്കാള്‍ നൂറിരട്ടി വളര്‍ന്നുവെന്നത് നമ്മള്‍ കാണുന്നില്ല. 

മനോരമയിലെ അച്ചായന്മാരും സഭയും

ഓര്‍ത്തഡോക്സ് സഭയുടെ പ്രതിസന്ധികളെല്ലാം നേരിടുന്നതില്‍ മനോരമ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള നല്‍കിയ നേതൃത്വത്തെ ആര്‍ക്കും ഒരിക്കലും അവഗണിക്കാനാവില്ല. ഓര്‍ത്തഡോക്സ് സഭയുടെ അതായത് അന്നത്തെ മെത്രാന്‍ കക്ഷിയുടെ മുന്നണിപ്പോരാളി മാറ്റാരുമായിരുന്നില്ല. അന്ത്യോഖ്യന്‍ സഭയുടെ കടന്നുകയറ്റമായാണ് പാത്രിയര്‍ക്കീസുമാരുടെ നീക്കങ്ങളെ അദ്ദേഹം കണ്ടത്. വ്യക്തിപരമായി മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ തിരുമേനിയുമായി അല്‍പ്പം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉറച്ച പിന്തുണ നല്‍കി സഭയുടെ സ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമാക്കുവാന്‍ മാമ്മന്‍ മാപ്പിളയുടെ പ്രവര്‍ത്തനം മൂലം കഴിഞ്ഞു. കോട്ടയത്തും കോട്ടയത്തിനു തെക്കുമുള്ള പ്രദേശങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ശക്തമായ വേരോട്ടം ഉണ്ടാകാന്‍ മലയാള മനോരമയുടെ മെത്രാന്‍ കക്ഷിയുടെ അനുകൂല സമീപനമാണ് മുഖ്യപങ്കു വഹിച്ചത്. ഹൈക്കോടതിയില്‍ നിന്ന് എതിരായ വിധി വന്ന ഒരവസരത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയെപ്പോലും വിമര്‍ശിച്ചുകൊണ്ട് കോര്‍ട്ടലക്ഷ്യത്തിനു പുല്ലുവില നല്‍കി അദ്ദേഹം പ്രതികരിച്ച് ജനങ്ങളുടെ മനസ്സിന് ഉത്തേജനം നല്‍കിയതുകൊണ്ടാണ് നാണംകെട്ട ഒരു കീഴടങ്ങലില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം രക്ഷപെട്ടത് എന്ന വസ്തുത ചരിത്രത്താളുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 

മാമ്മന്‍ മാപ്പിളയ്ക്കു ശേഷം പത്രാധിപരായ കെ. എം. ചെറിയാന്‍ സമന്വയത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പാത പിന്തുടര്‍ന്നു. സഭയില്‍ നിലവില്‍ വന്ന സമാധാനത്തെ ശാശ്വതീകരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയുടെ കുറവാണ് ഇന്ന് സഭ നേരിടുന്നത്. 

മാത്തുക്കുട്ടിച്ചായന്‍റെ ദര്‍ശനം കെ. സി. മാമ്മന്‍ മാപ്പിളയുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. എന്നാല്‍ പുതിയ കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍ മൂലം പത്രം മുഖേനയുള്ള സഭാപ്രചരണത്തിന് അദ്ദേഹം തുനിഞ്ഞില്ല. പ്രൊഫഷണലിസത്തിനു അതിരുകവിഞ്ഞ പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന് ഒരു സമയത്തും പ്രൊഫഷണലുകളുടെ ഉപദേശം തള്ളുവാന്‍ കഴിയുമായിരുന്നില്ല. സഭയിലെ കേസ് നടത്തിപ്പില്‍ വലിയ പണച്ചെലവ് സ്വന്തം നിലയില്‍ ഏറ്റെടുക്കുവാന്‍ പലപ്പോഴും തയ്യാറായ അദ്ദേഹത്തിന് പക്ഷേ വക്കീലന്മാരുടെ തങ്ങളുടെ സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള വാദഗതികളെയും നീക്കങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോയി എന്നതാണു ആധുനിക മലങ്കര സഭാചരിത്രത്തെ പിന്നോട്ടടിക്കാന്‍ ഇടയാക്കിയ ഒരു ചരിത്രപരമായ വസ്തുത എന്നതു പറയാതിരിക്കാന്‍ വയ്യ. 

1995-ലെ സുപ്രീംകോടതി വിധിയ്ക്കുശേഷം അഭിവന്ദ്യ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി നടത്തിയ ദീര്‍ഘനാളത്തെ സഭാസമാധാന ചര്‍ച്ച ഒടുവില്‍ വിജയം കണ്ടതായിരുന്നു. സുപ്രീംകോടതിവിധിക്കും 1934-ലെ ഭരണഘടനയ്ക്കും വിധേയമായി പരസ്പരം സ്വീകരിക്കുന്നു എന്ന വ്യവസ്ഥ പാത്രിയര്‍ക്കീസ് ഭാഗം അംഗീകരിച്ച് എഴുതി നല്‍കിയത് കോട്ടയം ദേവലോകം അരമനയില്‍ വച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ആ വ്യവസ്ഥ സ്വീകാര്യമല്ല, സുപ്രീംകോടതിവിധി എന്നു പരാമര്‍ശിക്കാനാവില്ല എന്ന് ലഭിച്ച നിയമോപദേശമാണ് സഭാസമാധാനത്തെ ഒരു മരീചികയാക്കി മാറ്റിയത് എന്ന വസ്തുത പലര്‍ക്കും അറിയില്ലായിരിക്കാം. നിരാശനായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി വൈദിക സെമിനാരി ഉപേക്ഷിച്ച് ഡല്‍ഹിയിലെത്തുന്നതിനു മുമ്പ് സന്ദര്‍ശിച്ചത് മൂവാറ്റുപുഴയിലെ പൗലൂസ് ദ്വിതീയന്‍ ബാവായെ ആയിരുന്നു. അവരുടെ ആശയവിനിമയത്തെപ്പറ്റി രണ്ടുപേരും ഭൂമിയില്‍ ഇല്ലാത്ത ഇന്നത്തെ അവസ്ഥയില്‍ പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അതിനു തുനിയുന്നില്ല. 

ചുരുക്കത്തില്‍ തന്‍റെ പിതാവിനൊപ്പം, ഒരുപക്ഷേ അതിനേക്കാളുപരി മലങ്കരസഭയെ സ്നേഹിച്ച മഹാനായ കെ. എം. മാത്യുവിന് സഭയുടെ താല്‍പര്യമെന്ന് നിയമോപദേശകര്‍ പറഞ്ഞത് ഉത്തമവിശ്വാസത്തിലെടുത്തതുകൊണ്ട് സഭാസമാധാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു തുഴക്കാരനാകാന്‍ സാധിച്ചില്ല. അതിലപ്പുറം സ്വന്തം പ്രസ്ഥാനത്തിന് സഭാസമാധാനം എത്രയോ തലവേദനകള്‍ ഒഴിവാക്കുവാന്‍ ഇടനല്‍കുമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചില്ല. താന്‍ ഏറെ സ്നേഹിക്കുന്ന ജനാധിപത്യപ്രസ്ഥാനത്തിനും അതിന്‍റെ നായകനായ തന്‍റെ ശിഷ്യനും സഭാസമാധാനം നല്‍കുമായിരുന്ന യഥാര്‍ത്ഥ സമാധാനത്തെപ്പറ്റിയുള്ള ചിന്തയും സഭയുടെ ഉത്തമ താല്‍പര്യത്തെപ്പറ്റിയുള്ള നിഗമനം മൂലം അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. 

ചിലപ്പോഴെങ്കിലും നാം പ്രൊഫഷണലുകളെ മറ്റ് രീതിയിലും മനസ്സിലാക്കണം. അവര്‍ യഥാര്‍ത്ഥത്തില്‍ പ്രൊഫഷണലായതുകൊണ്ട് പൊന്മുട്ടയിടുന്ന താറാവിനെ കൈമാറാനോ കൊല്ലാനോ അവര്‍ തയ്യാറാവുകയില്ല. അത് സഭ എന്ന പൊന്മുട്ടയിടുന്ന താറാവിനെ അവര്‍ കൈവിട്ടില്ലായെങ്കിലും താറാവ് അവരെ കൈവിട്ടത് സമീപകാല ചരിത്രം. 

നമ്മള്‍ പറഞ്ഞു തുടങ്ങിയത് പോരാടൂരുകാരുടെ സ്വഭാവ സവിശേഷതകളെപ്പറ്റിയാണല്ലോ. ഇപ്പോഴും പോരാടൂരുകാര്‍ മനോരമയെ കൈവിട്ടില്ലായെങ്കിലും സഭയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം മനോരമക്കാരാണെന്ന് ഇടയ്ക്കിടെ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന് അല്ലാതെ വോട്ടുചെയ്തിട്ടില്ലായെങ്കിലും കോലഞ്ചേരിക്കേസിലും മറ്റും ഗവണ്മെന്‍റ് സഭയെ സഹായിച്ചില്ല എന്ന ചിന്ത അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നവരെ അവര്‍ കേള്‍ക്കുന്നുണ്ട്. ചരമക്കോളം വായിച്ച് ശവമടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും എതിര്‍കക്ഷി തിരുമേനിമാരുടെ കൈ മുത്താന്‍ താല്പര്യമില്ലാത്തതുകൊണ്ട് പള്ളിയിലേക്കുള്ള പോക്ക് കുറച്ച് വീട്ടില്‍പോയി മൃതദേഹം കണ്ടുപോരുന്ന രീതിയും ഉണ്ടായി വരുന്നു. 

കുഞ്ഞോമ്മാച്ചന്‍റെ കുരിശുവര

ഇത്രയും വായിച്ചപ്പോള്‍ പോരാടൂര്‍ക്കാരന്‍ കുഞ്ഞോമ്മാച്ചന്‍ ഒരു ചോദ്യം: "നീ ഞങ്ങളുടെ ചെലവില്‍ ഇത്രയും എഴുതി. കൊള്ളാം. പക്ഷേ എന്താണിതിന്‍റെ ഗുണപാഠം?" 

അല്പം സമയം മെനക്കെടുത്തിയാല്‍ അതിന്‍റെ എന്തെങ്കിലും 'ഗുണം' കിട്ടണമെന്നു നിര്‍ബന്ധമുള്ള പോരാടൂര്‍കാരന്‍ ഗുണപാഠം കൊണ്ടേ പോകൂ എന്നു മനസ്സിലായി. 

അപ്പച്ചാ, മുമ്പു കാലത്ത് അതാത് കാലത്തിന്‍റെ സന്ദര്‍ഭവും സമ്മര്‍ദ്ദവും അനുസരിച്ച് അന്നത്തെ ആളുകള്‍ എടുത്ത തീരുമാനങ്ങള്‍ ഇന്നും വള്ളിപുള്ളി കൂടാതെ പിന്മുറക്കാരും പിന്തുടരേണ്ട ആവശ്യമില്ല എന്നത് ഒന്നാം പാഠം. അന്ത്യോഖ്യയോട് അന്ധമായ ഭക്തിയോ അന്തംവിട്ട വിരോധമോ ഇന്ന് ആവശ്യമില്ല. അന്ത്യോഖ്യന്‍ സിംഹാസനം ഒടുവില്‍ ഉറയ്ക്കാന്‍ പോകുന്നത് മലങ്കരയിലെ മണ്ണില്‍ തന്നെ ആയിരിക്കും. കാരണം സുറിയാനിക്കാര്‍ എന്ന് അന്തസ്സോടെയും അഭിമാനത്തോടെയും പറയാവുന്ന സാഹചര്യം ഈ ഭൂമി മലയാളത്തില്‍ മാത്രമേ ഉള്ളൂ. രണ്ടാമത്തെ പാഠം പിള്ളേച്ചനും വെള്ളാപ്പള്ളിയും കൂടെ പഠിപ്പിക്കുന്ന പാഠം തന്നെ. ഭിന്നിച്ചു നിന്നാല്‍ എല്ലാം 'പച്ച'യ്ക്കു പോകുമെന്ന് മനസ്സിലായവര്‍ വൈരാഗ്യം മറന്നു. നമ്മുടെ അവസ്ഥയും ഭിന്നമല്ല. ഒരു വശത്ത് വിരുന്നുകാരും മരുന്നുകാരും. വേറൊരു വശത്ത് റീത്തുകാരും കുത്തുകാരും. ഇവര്‍ക്കെല്ലാം വേണ്ടത് സുറിയാനിക്കാരുടെ ചോരയും നീരും. അതുകൊണ്ട് അനാവശ്യമായ പോര് നിര്‍ത്തി ചോരയെ തിരിച്ചറിയാനുള്ള സമയം തീരുന്നു. 

"ആമേന്‍." കുഞ്ഞോമ്മാച്ചന്‍ കുരിശുവരച്ചു. 

(നസ്രാണി ഐക്യസംഘം പ്രസിദ്ധീകരിച്ച നസ്രാണി വിചാരം, പുസ്തകം 2, ലക്കം 1, സെപ്റ്റംബര്‍ 2012)

Wednesday 27 December 2023

മനുഷ്യപുത്രന്‍ | ടി. പി. ജോര്‍ജുകുട്ടി


അവര്‍ പറഞ്ഞു: അദ്ദേഹം അദ്ഭുത പുരുഷനാണ് അല്ലെങ്കില്‍ ഇങ്ങനെ ഒരേസമയം രാജ്യം മുഴുവനും ഒപ്പം തന്‍റെ കര്‍മ്മമണ്ഡലത്തിലും നിറഞ്ഞു നില്‍ക്കുന്നതെങ്ങനെ?

ഞങ്ങള്‍ പറഞ്ഞു: അല്ല. അദ്ദേഹം അദ്ഭുത പുരുഷനല്ല. ഞങ്ങളെപ്പോലെ ഞങ്ങള്‍ക്കൊപ്പമുള്ള സാധാരണ മനുഷ്യനാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രവൃത്തിയിലുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ ഓരോ നിമിഷവും ജനമദ്ധ്യത്തില്‍ നിലനിര്‍ത്തുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം അത്യുന്നതനായ ഭരണാധികാരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ പിഴവുകളില്ലാത്ത തീരുമാനങ്ങളിലൂടെ ഈ നാടിനെയും പ്രസ്ഥാനത്തെയും ശരിയായ പന്ഥാവിലൂടെ നയിക്കുന്നതെങ്ങനെ? 

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം അത്യുന്നതങ്ങളില്‍ നിലകൊള്ളുന്നവനല്ല. എപ്പോഴും ഞങ്ങള്‍ക്കൊപ്പമുള്ള കൂട്ടാളിയാണ്. ഞങ്ങളുടെ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുവാന്‍, വീണുപോകുന്നവരുടെ മുറിവുകളില്‍ എണ്ണ പകരുവാന്‍, കുഴഞ്ഞു വീഴുന്നവര്‍ക്ക് താങ്ങായി നില്‍ക്കുവാന്‍ വേര്‍പാടിന്‍റെ വേദനയില്‍ ആശ്വാസം പകരുവാന്‍ അദ്ദേഹം എപ്പോഴും കൂടെ ഉണ്ടല്ലോ. ഞങ്ങളുടെ പ്രാര്‍ത്ഥനയാണ് ശരിയായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു കരുത്തു പകരുന്നത്. ഞങ്ങള്‍ക്കൊപ്പം നടന്നു നേടിയ അനുഭവസമ്പത്താണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം സ്വന്തത്തിനും ബന്ധത്തിനും പരിഗണന കൊടുക്കാത്തവനാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ധനമോഹികളായ സ്വാര്‍ത്ഥ മനുഷ്യരുടെ കൊടിയ വൈരാഗ്യത്തിനു അദ്ദേഹം ഇരയാവുന്നത്. 

ഞങ്ങള്‍ പറഞ്ഞു: അല്ല. അതു ശരിയല്ല. തന്‍റെ സ്വന്തം ആളുകള്‍ക്ക് അദ്ദേഹം എന്തു പരിഗണനയും നല്‍കുന്നവനാണ്. തലചായ്ക്കാനിടം നല്‍കിയ ആയിരങ്ങള്‍ അദ്ദേഹത്തിന്‍റെ ആരാണ്? രോഗത്തിന്‍റെയും ദുരിതത്തിന്‍റെയും വേദനയില്‍ സാന്ത്വനത്തിന്‍റെയും ഔഷധത്തിന്‍റെയും രൂപത്തില്‍ ചെന്നുനിന്ന് കണ്ണീരൊപ്പിയ ആയിരങ്ങള്‍ അദ്ദേഹത്തിന് ആരാണ്? ആരുടെ കുട്ടികള്‍ക്കാണ് അദ്ദേഹം പഠനസൗകര്യമൊരുക്കുന്നത്? ആര്‍ക്ക് തൊഴില്‍ നല്‍കാനാണ് അദ്ദേഹം രാപകല്‍ എഴുതുകയും പറയുകയും ചെയ്യുന്നത്? ഇവരെല്ലാം അദ്ദേഹത്തിന്‍റെ സ്വന്തക്കാരും ബന്ധുക്കളുമല്ലേ? ദുര്‍മോഹങ്ങളുമായി വരുന്നവരൊക്കെയും നിരാശരായി മടങ്ങുന്നു. അന്തരീക്ഷത്തെ വിഷലിപ്തമാക്കാനുള്ള അവരുടെ പുറപ്പാടുകള്‍, ആ കരുതലിന്‍റെ ആഴമറിഞ്ഞ ആയിരങ്ങളുടെ സ്നേഹം ചാലിച്ച അഗ്നിയില്‍ ചാമ്പലാവുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അവര്‍ പറഞ്ഞു: അദ്ദേഹം വിമര്‍ശനങ്ങളില്‍ പതറാത്ത കഠിനഹൃദയനാണ്. അല്ലെങ്കില്‍ എങ്ങനെയാണ് കഠിന വിമര്‍ശനങ്ങളെയും ഭര്‍ത്സനങ്ങളെയും ഭാവവ്യത്യാസം കൂടാതെ നേരിടുന്നത്? 

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം പരിഭവങ്ങളില്‍ മനം നോവുന്ന ലോലഹൃദയനാണ്. എന്നാല്‍ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തെ ഒന്നും ചെയ്യാനാവില്ല. പക്ഷേ, കൂടെനിന്നു കരം പിടിക്കേണ്ടവര്‍ എറിയാനുള്ള കല്ലുമായി മുന്നിലും പിന്നിലും പതുങ്ങിനില്‍ക്കുന്ന കാഴ്ചയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ആയിരം കരങ്ങള്‍ ആ കണ്ണീര്‍ തുടയ്ക്കാനായി ഉയരുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അവര്‍ പറഞ്ഞു: അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശാലിയാണ്. അല്ലെങ്കില്‍ എങ്ങനെയാണ് ആയിരങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത്? 

ഞങ്ങള്‍ പറഞ്ഞു: അല്ല അതു ശരിയല്ല. അദ്ദേഹം നിസ്സഹായനായ മനുഷ്യന്‍റെ വേദനയകറ്റാന്‍ ഏതു പരിധിവരെയും വിട്ടുവീഴ്ച ചെയ്യുന്ന അലിവിന്‍റെ മനുഷ്യനാണ്. എന്നാല്‍ സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും വിഷവിത്തുകള്‍ മുളപ്പിക്കാനുള്ള ഏത് ശ്രമത്തെയും അദ്ദേഹം തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യും. 

അവര്‍ പറഞ്ഞു: അദ്ദേഹം തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ്. അല്ലെങ്കില്‍ സ്ഥാനങ്ങള്‍ അദ്ദേഹത്തെ ഇങ്ങനെ തേടിവരുന്നതെങ്ങനെ?

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം തന്ത്രങ്ങള്‍ മെനയുന്ന ധിഷണാശാലിയല്ല. കാര്യങ്ങള്‍ ഋജുവായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേരിന്‍റെ മനുഷ്യനാണദ്ദേഹം. കൂടെ നില്‍ക്കുന്നവരെപ്പറ്റിയും നാടിനുവേണ്ടി ചെയ്യാനുള്ളവയെപ്പറ്റിയും മാത്രം ചിന്തിക്കുന്ന ആ വ്യക്തിത്വത്തെ മുന്നോട്ടുള്ള പാതയില്‍ തടസ്സപ്പെടുത്തുവാന്‍ ഒരു കുടിലതന്ത്രത്തിനും കഴിയില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ തേടാത്ത അദ്ദേഹത്തെ ചുമതലകള്‍ തേടി എത്തുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം യഥാര്‍ത്ഥ മനുഷ്യപുത്രനാണ്. 

ഞങ്ങള്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതു ശരിയാണ്. മനുഷ്യത്വത്തിന്‍റെ ആള്‍രൂപമായി നമ്മുടെ ഇടയില്‍ പിറക്കുകയും നമ്മോടൊപ്പം ജീവിക്കുകയും നമ്മെ നേരായ ദിശയിലേക്കു നയിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മനുഷ്യപുത്രനാണദ്ദേഹം. 

അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഈ മനുഷ്യപുത്രനെ ഏശുകയില്ല. നേരായ മനസ്സോടെ കറപുരളാത്ത വ്യക്തിത്വത്തോടെ ദൃഢമായ മനസ്സാക്ഷിയോടെ കരുത്തുള്ള ആത്മാവോടെ ആ മനുഷ്യപുത്രന്‍ നമ്മെ നയിക്കാന്‍ കൂടെയുണ്ട്. നമുക്ക് ഒരുമിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കാം. അകലെ നിന്ന് ആരാധനയോടെ നോക്കുന്നവര്‍ നിങ്ങള്‍. അടുത്തുനിന്ന് ആ ഹൃദയം തൊട്ടറിഞ്ഞവര്‍ ഞങ്ങള്‍.

(മനനം, 2009 ഫെബ്രുവരി)

Thursday 16 November 2023

തീര്‍ത്ഥാടനം എന്ത്? എന്തിന്? | ജോര്‍ജുകുട്ടി ടി. പി. തറക്കുന്നേല്‍

തീര്‍ത്ഥാടനം എന്ന വാക്ക് നമുക്ക് വളരെ പരിചിതമാണ്. തീര്‍ത്ഥത്തിനു വേണ്ടിയുള്ള ആടനം-യാത്ര എന്നാണതിന്‍റെ വാച്യാര്‍ത്ഥം. തരണം ചെയ്യുക എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന തരണ്‍ എന്ന സംസ്കൃത ധാതുവാണ് മൂലപദം. പ്രാചീനഭാരതത്തില്‍ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ഉപദേശങ്ങള്‍ക്കായി രാജാക്കന്മാരും മറ്റും മഹാഗുരുക്കന്മാരുടെ ഉപദേശം തേടിയിരുന്നു. ഇത്തരം ഗുരുക്കന്മാരുടെ പര്‍ണശാലകള്‍ നദീതീരത്തോടു ബന്ധപ്പെട്ടായിരുന്നു സ്ഥിതിചെയ്തിരുന്നത്. അങ്ങനെയാണ് തീര്‍ത്ഥം എന്ന വാക്ക് ഉണ്ടായത്. തീര്‍ത്ഥം പിന്നീട് ഒരു പ്രതീകമായി മാറി. അങ്ങനെയാണ് തീര്‍ത്ഥജലം ഉണ്ടാവുന്നത്. 

ഇന്നത്തെ നമ്മുടെ തീര്‍ത്ഥയാത്രകളും പ്രശ്നപരിഹാരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വിശുദ്ധരുടെ പ്രാര്‍ത്ഥന നമുക്ക് തീര്‍ത്ഥമായി അനുഭവപ്പെടുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള പദയാത്രകള്‍ വ്യക്തികള്‍ക്കും ഇടവകകള്‍ക്കും ആദ്ധ്യാത്മിക ചൈതന്യം പകരുന്നതായി നമുക്ക് അറിയാം. തീര്‍ത്ഥയാത്രകളുടെ പ്രസക്തി തീര്‍ച്ചയായും അനുഭവങ്ങളുടെ തലത്തിലുള്ളതാണ്. പരുമലയിലേക്കും മഞ്ഞിനിക്കരയിലേക്കും മറ്റും കിലോമീറ്ററുകള്‍ താണ്ടി പദയാത്ര നടത്തുന്നവരെ പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരും ഈ അനുഭവം ഇല്ലാത്തവരാണ്. തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം തീര്‍ത്ഥാടനം തന്നെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ത്ഥയാത്ര പുറപ്പെടാന്‍ തീരുമാനിക്കുന്നതു മുതലുള്ള ഓരോ അനുഭവവും തീര്‍ത്ഥാടനം തന്നെയാണ്. ലക്ഷ്യസ്ഥാനത്തെത്തി കുറച്ചുനേരം പ്രാര്‍ത്ഥിക്കുന്നതു മാത്രമല്ല തീര്‍ത്ഥാടനം. അത് ഒരേസമയം സാക്ഷ്യവും പ്രഖ്യാപനവുമാണ്. പരുമലയിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന ഒരു വ്യക്തി ഒരു നൂറ്റാണ്ടു മുമ്പ് ഇവിടെ ജീവിച്ചിരുന്ന ഉന്നതമായ ഒരു വ്യക്തിത്വത്തെ ലോകത്തിനു സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൈവത്തോടു ചേരുന്ന വിശുദ്ധന്മാരുടെ ഉന്നതമായ അവസ്ഥയെപ്പറ്റിയുള്ള പ്രഖ്യാപനം കൂടി ആണത്. വിശുദ്ധന്മാരുടെ ആ അവസ്ഥയോട് പങ്കുപറ്റുവാനുള്ള വിശ്വാസികളുടെ ശ്രമമാണ് അവര്‍ക്ക് അനുഭവങ്ങള്‍ നല്‍കുന്നത്. നമ്മുടെ പരിശ്രമത്തിന്‍റെ ആത്മാര്‍ത്ഥതയും തീക്ഷ്ണതയും അനുസരിച്ചുള്ള ഫലം ഓരോരുത്തര്‍ക്കും ലഭിക്കുന്നു. 

വയലത്തലയിലേക്ക് എത്തുന്ന കോത്തലപ്പള്ളിയിലെ വിശ്വാസികളെയും ഭരിക്കുന്നത് ഈ വികാര വിചാരങ്ങള്‍ തന്നെയാണ്. അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ഇടവകയെ ശുശ്രൂഷിച്ച ഒരു വൈദികന്‍റെ ഓര്‍മ്മ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ലാത്തവരുടെ മനസ്സുകളിലേക്കു കൂടി പ്രകാശം പരത്തുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ദൈവിക ശുശ്രൂഷചെയ്ത ഒരു പുരോഹിതന്‍റെ ആ ജീവിത വിശുദ്ധിയുടെയും ദൈവോന്മുഖതയുടെയും പ്രഖ്യാപനമാണ് ഈ തീര്‍ത്ഥാടനത്തിലൂടെ നമ്മള്‍ നടത്തുന്നത്. 

തീര്‍ത്ഥാടനങ്ങള്‍ പലപ്പോഴും മദ്ധ്യസ്ഥപ്രാര്‍ത്ഥന മാത്രമായി പരിഗണിക്കപ്പെടാറുണ്ട്. മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നാല്‍ ജീവനോടിരിക്കുന്നവരും വാങ്ങിപ്പോയവരും തമ്മിലുള്ള കൂട്ടായ്മയാണ്. ജീവനോടിരിക്കുന്നവര്‍ തമ്മില്‍തമ്മില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക പ്രസ്ഥാനങ്ങള്‍ വാങ്ങിപ്പോയവരുടെ മദ്ധ്യസ്ഥതയെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാറുണ്ട്. ഏക മദ്ധ്യസ്ഥന്‍ ക്രിസ്തുവായതിനാല്‍ മറ്റ് മദ്ധ്യസ്ഥര്‍ പാടില്ല എന്ന് പറയുന്നവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണെന്ന് മനസ്സിലാക്കുന്നില്ല. വാങ്ങിപ്പോകുന്നവര്‍ ദൈവസംസര്‍ഗ്ഗത്തിലാണെന്ന് അംഗീകരിക്കാത്തവര്‍ ക്രിസ്ത്യാനികളല്ല എന്നതാണ് വസ്തുത. തനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണെന്നു പൗലോസ് അപ്പോസ്തോലന്‍ പറഞ്ഞിരിക്കുന്നത് വാങ്ങിപ്പോയാല്‍ ക്രിസ്തുവിനോടുകൂടി ഇരിക്കാം എന്ന വിശ്വാസത്തിലും പ്രത്യാശയിലുമാണല്ലോ. ദൈവസംസര്‍ഗ്ഗത്തില്‍ കഴിയുന്നവരുമായുള്ള നമ്മുടെ കൂട്ടായ്മയാണ് വാങ്ങിപ്പോയവരുടെ മദ്ധ്യസ്ഥത. ലോകത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന ക്രിസ്തു വഹിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യസ്ഥതയെ ഈ കൂട്ടായ്മയുമായി ബന്ധപ്പെടുത്തി പ്രസംഗിക്കുവാന്‍ ഇടയാകുന്നത് മദ്ധ്യസ്ഥത എന്ന വാക്കിന്‍റെ പരിമിതിയെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഒപ്പം ഒരു സന്ദേശം അവിടെ ഉള്‍ക്കൊള്ളാനുണ്ട് എന്നത് വിസ്മരിക്കാനുമാവില്ല. വാങ്ങിപ്പോയവരുടെ ഓര്‍മ്മയും പ്രാര്‍ത്ഥനയും നമുക്ക് അനുഗ്രഹകരമാവുന്നത് അവരുടെ ജീവിതവിശുദ്ധിയും മാര്‍ഗദര്‍ശിത്വവും നാം സ്വീകരിക്കുമ്പോള്‍ മാത്രമാണെന്നത് നമ്മള്‍ മറക്കാന്‍ പാടില്ല. അതിനുപകരം കേവലമായ പദാര്‍ത്ഥങ്ങളോടും അടയാളങ്ങളോടുമുള്ള യുക്തിഹീനമായ ഭക്തിയായി മാറുമ്പോള്‍ അത് അപഹാസ്യമായിത്തീരാറുണ്ട്. അത് നമ്മുടെ സാക്ഷ്യത്തെയും ദര്‍ശനത്തെയും വഴിതെറ്റിക്കാനും ഇടയാക്കാറുണ്ട്. 

ഏതൊരു തീര്‍ത്ഥാടനവും ഏതൊരു പ്രാര്‍ത്ഥനയും സഫലമാവുന്നത് അത് നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന അനുഭൂതികള്‍ക്കും അനുഭവങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ബലവും വചനത്തിന്‍റെ പരിമളവും നല്‍കുമ്പോഴാണ് എന്ന യാഥാര്‍ത്ഥ്യം എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവേണ്ടതുണ്ട്.

Friday 6 October 2023

നഷ്ടമായ ഒരു "കുട്ടിച്ചൻ" കാലം


അധികാരവും പദവിയും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന് ജനഹൃദയങ്ങളിലേക്ക് എങ്ങനെ ആഴ്ന്നിറങ്ങാമെന്നതിന്റെ നേർചിത്രമായിരുന്നു റ്റി.പി. ജോർജുകുട്ടിയെന്ന മനുഷ്യൻ.ബാല കൗമാര യൗവ്വന ഭേദമന്യേ എല്ലാർക്കും പ്രിയങ്കരനായ കുട്ടിച്ചൻ...അക്ഷരക്കൂട്ടങ്ങളോടുള്ള അദമ്യമായ പ്രണയം-രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക, സാഹിത്യ, കാർഷിക, ശാസ്ത്ര... മേഖലകളിലെല്ലാം കുട്ടിച്ചൻ ഒരിടം നേടിയിരുന്നു. തികച്ചും ശൂന്യതയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കുവാനും ആ അവസരങ്ങളിൽ മറ്റുള്ളവരെ എത്തിക്കുവാനുമാണ് കുട്ടിച്ചൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നത്.ബാല സംഘങ്ങൾ മുതൽ വയോജന സദസ്സുകൾ വരെ ആ വാക്കുകൾക്ക് കിട്ടിയിരുന്ന സ്വീകാര്യത ആശ്ചര്യജനകമായിരുന്നു.പണം സമ്പാദിക്കുകയോ, ലാഭം ഉണ്ടാക്കുകയോ കുട്ടിച്ചന്റെ ലക്ഷ്യമായിരുന്നില്ല. പുസ്തക പ്രസാധനത്തിലും വിൽപനയിലുമൊക്കെത്തന്നെ നിരവധി തിരിച്ചടികൾ ഉണ്ടായപ്പോഴും കൂടെ നിന്നവരെ ഉപേക്ഷിക്കാതെ ചേർത്തു പിടിക്കുവാൻ എത്ര കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരു നല്ല ഭക്ഷണത്തിനോ,വസ്ത്രത്തിനോ,യാത്രയ്ക്കോവേണ്ടിപ്പോലും അമിതമായി പണം വ്യയം ചെയ്യാതിരുന്ന കുട്ടിച്ചൻ മറ്റുള്ളവർക്കു വേണ്ടി ബാദ്ധ്യതകൾ ഏറ്റെടുത്തു.വഞ്ചനയും ,ചൂഷണവും,കാപട്യവുമറിയാത്ത ആ ശുദ്ധമനസ്കനെ പലരും കബളിപ്പിച്ചിട്ടുണ്ട്. .അപ്പോഴും -അവരോട് കലഹിക്കുവാനോ കോപിക്കുവാനോ ശ്രമിക്കാതെ അനുഭാവപൂർവ്വം ഇടപെടുവാൻ കഴിഞ്ഞത് കുട്ടിച്ചന് മാത്രം സാധിക്കുന്ന ഒരു സിദ്ധിവിശേഷം തന്നെ .

എന്നെ സംബന്ധിച്ച്-ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പിറവിയിലും വളർച്ചയിലും എല്ലാം കുട്ടിച്ചൻ നൽകിയ പിന്തുണ, കരുത്ത്, ദർശനങ്ങൾ... ഒക്കെ വളരെ വലുതാണ്.പി .ജി.പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ എന്നെക്കൊണ്ട് ഒരു അക്കാദമിക് പുസ്തകം എഴുതിക്കുവാൻ അദ്ദേഹം കാട്ടിയ തന്റേടത്തിന് മുൻപിൽ ശിരസ്സ് നമിക്കട്ടെ.പിന്നീടുള്ള നാളുകളിൽ ... എന്റെ സുഹൃത്ത്,മാർഗ്ഗദർശി,വൈജ്ഞാനികതയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ ഗുരുസ്ഥാനീയൻ ,പതിയെ ...പതിയെ എന്റെ രക്ത ബന്ധത്തെക്കാൾ ഉടും പാവും ചേർന്ന ജ്യേഷ്ഠസഹോദരൻ...പിന്നെയും ആരെല്ലാമോ....എന്തെല്ലാമോ...

പ്രിയപ്പെട്ട കുട്ടിച്ചാ,നിങ്ങൾ ഇല്ലായെന്ന് അത്രവേഗമൊന്നും അംഗീകരിച്ചു കൊടുക്കുവാൻ മനസ്സ് തയ്യാറാവുന്നില്ലല്ലോ.നമ്മുടെ സൗഹൃദ കൂട്ടങ്ങളിൽ ...രണ്ട് മൂന്ന് പേർ കൂടി നിൽക്കുന്ന ഇടങ്ങളിൽ... പെട്ടെന്ന് കടന്നുവന്ന് നർമ്മത്തിന്റെയോ,വിവാദത്തിന്റെയോ,ധൈഷ്ണതികതയുടെയോ ചെറു വാക്കുകൾ കോറിയിട്ട്... നിമിഷാർദ്ധം കൊണ്ട് ഊളിയിട്ട് നടന്നകലുന്ന നിങ്ങളുടെ പതിവ് ശൈലിയുണ്ടല്ലോ കുട്ടിച്ചാ...

ഈ യാത്രയും അങ്ങനെയാണെന്ന് വിശ്വസിച്ചോട്ടെ... ഹൃദ്യമായ യാത്രാമംഗളങ്ങളോടെ

- ജേക്കബ് പാത്തിങ്കൻ

നെഞ്ചിലെ ഘനശ്യാമം

 


പെയ്തുതീരാത്ത ഘനശ്യാമത്തിന്റെ ഒരുതുണ്ട് ഓരോ മനുഷ്യനും നെഞ്ചിലൊളിപ്പിച്ചു വെച്ചിട്ടുണ്ടാവും. അപൂർവ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങൾക്കു മുമ്പിൽ മാത്രം അതു കണ്ണീർമഴയായി പെയ്തിറങ്ങുന്നുണ്ടാവും. എന്റെ മുമ്പിൽ ഇങ്ങനെ കരയരുത് എന്നു വിലക്കിയ ഒരാളോട് അപരൻ പറഞ്ഞു: "എന്റെ കണ്ണീർ ഗൗരവമായി എടുക്കാൻ ഒരാളുണ്ടെന്ന അറിവ്, അതാണെന്നെ കരയിപ്പിക്കുക. അത്തരം ഒരാൾ ഇല്ലാതെ വരുമ്പോൾ എന്റെ മിഴിയിനി നനയില്ല. സാരമില്ലായെന്നു പറഞ്ഞുയർത്തി സാന്ത്വനിപ്പിക്കാനാരുമില്ലാത്ത ഒരനാഥനാണു താനെന്ന് അറിഞ്ഞ കുഞ്ഞ് നിലത്തുവീണാൽ കരയില്ലെന്ന് നിനക്കറിഞ്ഞു കൂടേ."

ഫാ. ബോബി ജോസ് കട്ടികാട്. സഞ്ചാരിയുടെ ദൈവം.

പ്രിയപ്പെട്ട കുട്ടിച്ചൻ്റെ അകാലത്തിലെ യാത്രപറച്ചിലുണ്ടാക്കിയിരിക്കുന്ന ശൂന്യത വാക്കുകൾക്കതീതമാണ്. അടുത്തിടപെടുന്ന ഒരോ ചെറുപ്പക്കാരനെയും വിശാലമായ ആകാശം കാണാനുള്ള നക്ഷത്രമാക്കി പരിവർത്തിപ്പിക്കുക എന്ന ദൗത്യം ജീവിത വ്രതമാക്കിയിരിയിക്കുകയായിരുന്നു കുട്ടിച്ചനെന്നു കുട്ടിച്ചനെ അടുത്തിടപ്പെട്ട ഓരോരുത്തരുടെയും ജീവിത സാക്ഷ്യം തന്നെയാണ്.

സമൂഹമത്സരക്രമത്തിൽ തോറ്റുു പോകുന്നവനെയും, പിന്തള്ളപ്പെടുന്നനവനയും ചേർത്തു നിറുത്തി അശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ തന്നെത്തന്നെ മറന്നു കൊണ്ട് അക്ഷരാർത്ഥത്തിൽ നിസ്വാർത്ഥ സേവനം ചെയ്യുകയായിരുന്നു കുട്ടിച്ചൻ.

കോത്തല യുവജന പ്രസ്ഥാനത്തിന് മലങ്കര സഭയിൽ വത്യസ്തമായ ഒരു ലേബൽ ഉണ്ടാക്കുന്നതിൽ 'പ്രദക്ഷിണത്തിലൂടെയും ' 'കുരുത്തോലയിലൂടെയും ' സാധിച്ചതിൻ്റെ പിന്നിൽ പുസ്തകങ്ങളെ സ്നേഹിച്ച പ്രസാധകനായ കുട്ടിച്ചൻ തന്നെയായിരുന്നു.

ഒരിക്കലും നേതാവ് ചമയാൻ ആഗ്രഹിക്കാതെ പിന്നിൽ നിന്നു അനേകരെ പ്രചോദിപ്പിച്ച പ്രിയ കുട്ടിച്ചാ അങ്ങിടപെടാത്ത മേഖലകൾ വിരളമല്ലേ?

പ്രിയ സൗമ്യ സാനിധ്യമേ ഇനി ഞാൻ എവിടെ തിരയേണ്ടു.?

വിശ്വസിക്കാനുകുന്നില്ല.

- Philipose Kothala

ഓര്‍മ്മയിലെ 'രവി'



ഒത്തിരി പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി. ചങ്ങനാശേരി മെയിൻ പോസ്റ്റ് ഓഫിസിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന ബുക്ക് വേവിന്റെ ഉടമ കുട്ടിച്ചനെന്ന ടി. പി. ജോർജുകുട്ടിയെ.

ലോകത്തെക്കുറിച്ച് പ്രത്യേകിച്ചു ധാരണകളൊന്നുമില്ലാതിരുന്ന കാലത്താണ് ബുക്ക് വേവിലെ കൂട്ടായ്മയിൽ എത്തിപ്പെടുന്നത്. കോളജ്‌വിട്ടാൽ നേരെ ബുക്ക് വേവിലേക്കെന്നത് ശീലമായി. ബുക്ക് വേവ് എനിക്കൊരു രണ്ടാം മേൽവിലാസമായി.

വിശാലമായ വായനയുടെ ബലമുള്ള കുട്ടിച്ചന്റെ കാഴ്ചപ്പാടുകൾ – മനുഷ്യരെയും രാഷ്ട്രീയത്തെയും സാഹിത്യത്തെയുംകുറിച്ച് – സ്വാധീനശേഷി ഏറെയുള്ളതായിരുന്നു. മുന്നോട്ടുപോകാൻ‍ അതു തന്ന ധൈര്യം വളരെ വലുതായിരുന്നു. ഡൽഹിയിലേക്കു പോരുമ്പോൾ, താൻ വായിച്ചിട്ടുള്ള ഡൽഹിയെക്കുറിച്ചും അവിടെയുള്ള മലയാളി പ്രമുഖരെക്കുറിച്ചുമൊക്കെ കുട്ടിച്ചന്റെ വക സ്റ്റഡി ക്ളാസുണ്ടായിരുന്നു.

ലോകത്തിന്റെ കാപട്യങ്ങളോട് തന്റേതായ രീതിയിൽ കുട്ടിച്ചൻ പ്രതികരിച്ചു. ഒരു ഗൈഡിന്റെ ആമുഖത്തിൽ, ഗൈഡ് എഴുതിയ വ്യക്തിയുടെ നിഗമനങ്ങൾ അക്കാദമിക തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട് എന്ന് എഴുതിവച്ചതിന്റെ കാരണം ചോദിച്ചപ്പോൾ കുട്ടിച്ചൻ ചിരിച്ചു: ‘ഗൈഡുകൾ അക്കാദമിക തലത്തിലല്ലേ ചർച്ച ചെയ്യപ്പെടുന്നത്?’ തന്നെക്കുറിച്ചുതന്നെ കുട്ടിച്ചൻ തമാശകൾ പറഞ്ഞു. ഞങ്ങൾക്കിടയിലുള്ള വർത്തമാനങ്ങളിൽ സ്വയം ‘രവി’ എന്നു വിശേഷിപ്പിച്ചു. ഫോൺ വിളിക്കുമ്പോൾ, രവിയാണ് എന്നു പറഞ്ഞു കുട്ടിച്ചൻ ചിരിക്കും. ആ രണ്ടക്ഷരത്തിൽ സൗഹൃദത്തിന്റെ നീണ്ട ചരിത്രമത്രയും നിറഞ്ഞിരുന്നു.

ജന്മഭൂമിയിലെ ശ്രീകുമാറും ഡൽഹിയിൽ സാംസ്കാരിക മന്ത്രാലയത്തിലുള്ള ഉണ്ണികൃഷ്ണനും കെ. പി. ശ്രീരാമനും സെബാസ്റ്റ്യനും ബുക്ക് വേവിലെ ജീവനക്കാരായ മുജീബും ദിലീപും അജന്ത പ്രിന്റേഴ്സിലെ അജയനുമുൾപ്പെടെ പലരും ആ വലിയ സൗഹൃദക്കൂട്ടായ്മയിലെ പങ്കുകാരാണ്.

കുട്ടിച്ചന്റെ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ സാധിച്ചത് ഭാഗ്യമെന്നു മാത്രം പറഞ്ഞു ചെറുതാക്കാനില്ല. ആ ജ്യേഷ്ഠന്റെ ബന്ധം അതിലുമേറെയായിരുന്നു. പ്രിയപ്പെട്ട കുട്ടിച്ചന് ആദരാഞ്ജലികൾ. രവിക്കും.

- Jomy Thomas , Bureau Chief, Malayala Manorama, Delhi.

കുട്ടിച്ചന്‍ പോയി. അസാധാരണ സൗഹൃദം ഉണ്ടായിരുന്ന സാധാരണക്കാരന്

 


പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചങ്ങനാശ്ശേരിയില്‍ ബുക്ക് വേവ് പുസ്തക ശാലയുടെ ഉടമ ജോര്‍ജ്ജ് കുട്ടിയെ പരിചയപ്പെടുന്നത്. പുസ്തക മുതലാളി എന്നതിനപ്പുറം വായനയേയും എഴുത്തുകാരേയും ഇഷ്ടപ്പെടുന്ന ജോര്‍ജ്ജ് കുട്ടി. ജോമി തോമസ് (മനോരമ ദല്‍ഹി ബ്യൂറോ ചീഫ്), ടി ഉണ്ണികൃഷ്ണന്‍(കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍), കിഷോര്‍ സത്യ (നടന്‍), ടി ജെ മേനോന്‍ എന്ന ത്രദീപ് ജെ (ഐഎഎസ് പരിശീലകന്‍) , ശശികുമാര്‍ (മന്ത്രി മുനീറിന്റെ കാര്‍ ഇടിച്ച് മരിച്ച കോളേജ് അധ്യാപകന്‍) ഞങ്ങള്‍ എല്ലാവരുടേയും പ്രിയപ്പെട്ട കുട്ടിച്ചനായി. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ബുക്ക് വേവിലുള്ള ഒത്തു ചേരലുകള്‍ അറിവും അനുഭവവും വളര്‍ത്തുന്നതായി. അസാധാരണ സൗഹൃദ കൂട്ടായ്മയായിരുന്നു അത്. 
 
പുസ്തക കച്ചവടത്തിനൊപ്പം പ്രസാധകരംഗത്തേക്കും കടന്നപ്പോള്‍ ആദ്യ പുസ്തകം (ദേവസ്വം ബോര്‍ഡ് പരീക്ഷാ ഗൈഡ്)പ്രീഡിഗ്രിക്കാരനായ എന്നെക്കൊണ്ട് എഴുതിപ്പിച്ചത് എന്തിനെന്ന് ഇപ്പോഴും അജ്ഞാതം. പുസ്തകം ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ പിന്നീടിറക്കിയ പുസ്തകങ്ങളിലെല്ലാം എന്റെ പങ്കാളിത്തം കൂടിവേണമെന്ന് വാശി പിടിച്ച 'അന്ധവിശ്വാസി'. എസ് ബി കോളേജില്‍ എനിക്ക് മലയാളം ബിരുദപഠനം സാധ്യമാക്കിയ മാര്‍ഗ്ഗദര്‍ശി.

പുസ്തക ശാല നിര്‍ത്തി മലയാള മനോരമയില്‍ ജോലി നോക്കിയപ്പോഴും കുട്ടിച്ചന്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ജന്മഭൂമിയില്‍ ഞാന്‍ നല്ല ലേഖനമോ റിപ്പോര്‍ട്ടോ എഴുതിയാല്‍ ഉറപ്പായിരുന്നു ആ വിളി.
 
കോണ്‍ഗ്രസ് രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന കുട്ടിച്ചനെ എക്കാലത്തും നയിച്ചിരുന്നത് ദേശീയബോധമായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകള്‍ ദല്‍ഹിയില്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള കുട്ടിച്ചന്‍രെ വിവരണമാണ് കാശ്മീര്‍ ഭീകരവാദം മനസ്സിലാക്കാനുള്ള എന്റെ കവാടം. കുട്ടിച്ചന്‍ അവസാനം ബിജെപിയില്‍ ചേര്‍ന്നു. റബ്ബര്‍ ബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ടപ്പോള്‍ എന്നെക്കാള്‍ അര്‍ഹര്‍ പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നായിരുന്നു ചോദിച്ചത്. ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലകള്‍ വഹിച്ചിരുന്നപ്പോഴും കുട്ടിച്ചന്‍,സഭാ തര്‍ക്കത്തിന് മധ്യസ്ഥ ശ്രമത്തിലൂടെ പരിഹാരം കാണാന്‍ പലതരത്തില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ചിലരെ ഇടപെടുത്താന്‍ എന്റെ സഹായവും തേടി.
 
ഒരുമാസം മുന്‍പാണ് കുട്ടിച്ചന് ക്യാന്‍സര്‍ ആണെന്ന വിവരം അറിഞ്ഞത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് വരുന്നു എന്നുപറഞ്ഞ് കുട്ടിച്ചന്‍ തന്നെയാണ് വിളിച്ചത്. ആശുപത്രില്‍ പോയി കണ്ടപ്പോള്‍ തന്നെ താമസിയാതെ ദു:ഖ വാര്‍ത്ത വരുമെന്ന് ഉറപ്പിച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ . ജയകുമാറിിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ എന്നു കരുതി ആര്‍ സി സി യില്‍നിന്ന് മടങ്ങി. 15 ന് ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നെങ്കിലും കാത്തിരിക്കാതെ യാത്രയായി.
 
- Jayakumar Janmabhumi

Funeral of T P Georgekutty Tharakkunnel

 


03-10-2023

'ബുക് വേവ്' കുട്ടിച്ചൻ ഇനി ഓർമകളിൽ


ചങ്ങനാശേരി• വായനയുടെ വിശാല ലോകം പരിചയപ്പെടുത്തിയും ആശയ സംവാദങ്ങൾക്ക് വേദി ഒരുക്കിയും യുവജനക്കൂട്ടങ്ങൾക്ക് പ്രിയങ്കരനായിരുന്ന കുട്ടിച്ചൻ ഓർമയായി. രണ്ടര പതിറ്റാണ്ട്  മുൻപ് വരെ നഗരമധ്യത്തിൽ സജീവമായിരുന്ന ബുക് വേവ് എന്ന ജനകീയ പുസ്തകശാലയുടെ ഉടമ കോത്തല പാടത്തുമാ പ്പിള കുടുംബാംഗം തറക്കുന്നേൽ ടി. പി. ജോർജുകുട്ടി (കുട്ടിച്ചൻ) തിങ്കളാഴ്ചയാണ് മരിച്ചത്. സംസ്കാരം നടത്തി.

ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം 1983-84 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ബുക് വേവ് സാഹിത്യ ആസ്വാദകരുടെയും അക്ഷരസ്നേഹികളുടെയും ഇടത്താവളമായിരുന്നു. എസ്ബി, എൻഎ സ്എസ്, അസംപ്ഷൻ കോളജുകളിലെ വിദ്യാർഥികളിൽ പലരും ഇവിടത്തെ നിത്യസന്ദർശകരായിരുന്നു.

വിദ്യാർഥികൾക്കായി ഗൈഡുകൾ പ്രസിദ്ധീകരിച്ച് പ്രസാധന രംഗത്തും കുട്ടിച്ചന്റെ സാന്നിധ്യം അറിയിച്ചു. ചങ്ങനാശേരി നഗര വായനശാലയും മന്നം ലൈബ്രറിയും ദിവസവും സന്ദർശിച്ച് അപൂർവമായ മാസികകളും

മറ്റും വായിച്ച് ആ അറിവുകളും വിദ്യാർഥിക്കൂട്ടങ്ങളുമായി പങ്കുവച്ചു. അവർക്ക് പറയാനുള്ളത് കേട്ടും ചർച്ചകൾക്ക് അവസരമൊരുക്കിയും കുട്ടിക്കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടവനായി.

പഠനം പൂർത്തിയായി കലാലയം വിട്ടു പോകുന്നതിനൊപ്പം ബുക് വേവിലെ സൗഹൃദക്കൂട്ടായ്മയോട് വിടപറയുന്നതും പല വിദ്യാർഥികൾക്കും സ്വകാര്യ ദു:ഖമായിരുന്നു. പിന്നീട് വിവിധ മേഖലകളിൽ പ്രശസ്തരായ പലരും പയറ്റിത്തെളിഞ്ഞ ആദ്യ കളരിയായിരുന്നു കുട്ടിച്ചന്റെ ബുക് വേവ് പുസ്തകശാല.

എസ്ബി കോളജിൽ ഡിഗ്രി പഠനത്തിനായാണ് കുട്ടിച്ചൻ ചങ്ങനാശേരിയിലേക്ക് എത്തുന്നത്. പഠനശേഷം വിദ്യാർഥികൾക്ക് പുസ്തകങ്ങളും മറ്റും വിൽപന നടത്തി ചങ്ങനാശേരിയിൽ തന്നെ തുടരാൻ തീരുമാനിക്കുക യായിരുന്നു. ഈ തീരുമാനമാണ് ബുക് വേവിന്റെ പിറവിയിലേക്ക് നയിച്ചത്. പുസ്തക വിൽപനക്കാരൻ മാത്രമായി കുട്ടിച്ചനെ ആരും കണ്ടില്ല. ഒന്നര പതിറ്റാണ്ടിനു ശേഷം പുസ്തകശാല അവസാനിപ്പിച്ചെങ്കിലും പഴയ സൗഹൃദങ്ങൾ കുട്ടിച്ചൻ സജീവമായി നിലനിർത്തിയിരുന്നു.

(മലയാള മനോരമ, ഒക്ടോബര്‍ 3, 2023)

ടി. പി. ജോർജുകുട്ടി അന്തരിച്ചു


കോത്തല: റബർ ബോർഡ് അംഗം പാടത്തുമാപ്പിള കുടുംബാംഗം തറക്കുന്നേൽ ടി. പി. ജോർജുകുട്ടി (63) അന്തരിച്ചു. സംസ്കാരം കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി. 

ന്യൂനപക്ഷ മോർച്ച കോട്ടയം ജില്ലാ സെക്രട്ടറി, കോത്തല നാഷനൽ റീഡിങ് റൂം സെക്രട്ടറി, കോത്തല ആർപിഎസ് പ്രസിഡന്റ്, കെ എസ് എസ് മെമ്പർ, മനനം മാസിക പത്രാധിപർ, കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി, സൺഡേ സ്കൂൾ അധ്യാപകൻ, പ്രാർത്ഥനയോഗം സെക്രട്ടറി, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ചങ്ങനാശേരിയിൽ "ബുക്ക് വേവ്' എന്ന പേരിൽ പുസ്തകശാല നടത്തിയിരുന്നു. മനോരമയിൽ പ്രൂഫ് റീഡർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: മീനടം തോണിപ്പുരയ്ക്കൽ ആഷ ജോർജ്. 

മക്കൾ: ജിയാഷ് ജി. ഫിലിപ്പോസ്, സോനാ സൂസൻ (ഐസർ തിരുവ നന്തപുരം).

പോരാടൂര്‍ ക്രിസ്ത്യാനികള്‍ | ടി. പി. ജോര്‍ജുകുട്ടി

പോരാടൂര്‍ ക്രിസ്ത്യാനികള്‍ തങ്ങളെപ്പറ്റിത്തന്നെ പ്രചരിപ്പിക്കുന്ന ഒരു രസികന്‍ നിരീക്ഷണമുണ്ട്. ഈ ഭൂമി മലയാളത്തിലെ ഒരു ചെറിയ പ്രദേശമാണ് പോരാടൂ...