Saturday, 12 October 2024

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍



യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "കുട്ടിച്ചന്‍" എന്ന തറക്കുന്നേല്‍ ടി. പി. ജോര്‍ജുകുട്ടിയെക്കുറിച്ച് അങ്ങനെ തന്നെയേ പറയാന്‍ കഴിയൂ. വേദഭാഷയില്‍ അങ്ങനെ പറയുമ്പോള്‍, ചലച്ചിത്രഭാഷയില്‍ ഇങ്ങനെയും പറയാമെന്നു തോന്നുന്നു: 'വ്യത്യസ്തനാമൊരു .... കുട്ടിച്ചന്‍ സാറിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല." അക്ഷരാര്‍ത്ഥത്തില്‍, "ആരും തിരിച്ചറിഞ്ഞില്ല" എന്നത് സത്യമല്ല താനും. പാടത്തുമാപ്പിള കുടുംബാംഗവും കഴിഞ്ഞ തലമുറയില്‍ അറിയപ്പെട്ട രാഷ്ട്രീയ നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന തറക്കുന്നേല്‍ പാപ്പച്ചായന്‍ എന്ന ഫീലിപ്പോസിന്‍റെ പുത്രനും, റബര്‍ ബോര്‍ഡ് അംഗവും, ന്യൂനപക്ഷമോര്‍ച്ച കോട്ടയം ജില്ലാ സെക്രട്ടറിയും, കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളി മുന്‍ സെക്രട്ടറിയും, ദീര്‍ഘകാല സണ്ടേസ്കൂള്‍ അധ്യാപകനും, കോത്തല ആര്‍.പി.എസ്. പ്രസിഡന്‍റും, കോത്തല നാഷണല്‍ റീഡിംഗ് റൂം സെക്രട്ടറിയും, എഴുത്തുകാരനും, പുസ്തകപ്രസാധകനും, സാമൂഹ്യപ്രവര്‍ത്തകനും ഒക്കെ ആയിരുന്ന ടി. പി. ജോര്‍ജുകുട്ടിയെന്ന വ്യക്തിയെ അദ്ദേഹം തിരശീലക്കപ്പുറം കടന്നിട്ടും നാമൊക്കെ തിരിച്ചറിയുവാന്‍ ഇനിയും ഒത്തിരിയുണ്ടെന്നതാണ് സത്യം. 

അതുകൊണ്ടുതന്നെ, ഈ ഗ്രന്ഥത്തില്‍ ശ്രീ. വി. ജി. രാമചന്ദ്രന്‍ നായര്‍ കുട്ടിച്ചനെക്കുറിച്ച് വാക്കുകള്‍കൊണ്ട് വരയ്ക്കുന്ന ഒരു ചിത്രം എന്നെ വളരെ ആകര്‍ഷിച്ചു:

"തനതായ ഒരു ശൈലിയില്‍ മുണ്ടുമടക്കിക്കുത്തി, തലയല്പം ചെരിച്ച്, ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ച ഒരു ചെറുചിരിയോടെയുള്ള ആ വരവോ, നര്‍മ്മം കലര്‍ത്തിയുള്ള ആ സംഭാഷണമോ, അക്ഷരങ്ങളുടെ കൂട്ടുകാരനെന്നോ, മികച്ച സംഘാടകനെന്നോ, മര്‍മ്മമറിഞ്ഞ് പ്രഹരിക്കുവാന്‍ ചാണക്യനീതി സ്വായത്തമാക്കിയ രാഷ്ട്രീയക്കാരനെന്നോ, സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത ഇടവകക്കാരനെന്നോ, നിര്‍ണ്ണായകഘട്ടങ്ങളില്‍ കടുത്ത നിലപാടുകള്‍ എടുക്കുകയും എടുപ്പിക്കുകയും ചെയ്ത കൂര്‍മ്മബുദ്ധിയെന്നോ, എഴുത്തുകാരനെന്നോ, പ്രസാധകനെന്നോ, പത്രാധിപരെന്നോ, കര്‍ഷകമിത്രമെന്നോ, നാഷണല്‍ റീഡിംഗ് റൂമിന് ജീവവായുവേകി നിലനിര്‍ത്തിയവനെന്നോ, ഏതു വിശേഷണവും താങ്കള്‍ക്ക് ചേരുമല്ലോ."

കുട്ടിച്ചന്‍റെ വ്യക്തിത്വസിദ്ധികളെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ പലരും എഴുതിയിട്ടുള്ളത് നമ്മെ അമ്പരപ്പിക്കുന്ന വസ്തുതകളാണ്. അവയില്‍ ശ്രീ. ഫിലിപ്പോസ് ഏബ്രഹാം നടത്തുന്ന നിരീക്ഷണങ്ങളില്‍ നിന്ന് ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിക്കാതിരിക്കാന്‍ കഴിയുന്നില്ല: 

"കുട്ടിച്ചന്‍ തന്‍റെ കൂടെ കൂടുന്നവരോട് ഒപ്പം നടക്കുകയും, അവരുടെ ബലവും ബലഹീനതയും മനസ്സിലാക്കുകയും, കഴിവും, അഭിരുചികളും തിരിച്ചറിഞ്ഞ് സാന്ത്വനവും, പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നതില്‍ ജാഗരൂകനായിരുന്നു. സുഹൃത്തുക്കളുടെ സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും താളുകള്‍പോലും ഹൃദിസ്ഥമാക്കിയിരുന്നു. തന്‍റെ ഓരോ സൗഹൃദങ്ങളുടേയും താളുകള്‍ ചുളിവുവരാതെ ഹൃദയത്തോടു ചേര്‍ത്ത് ഭദ്രമായി സൂക്ഷിച്ചിരുന്ന കുട്ടിച്ചന്‍റെ ഈ പ്രത്യേക കഴിവാണ് കേവലം അച്ചടിച്ച പുസ്തകങ്ങളുടെ പ്രസാധകനോ വിതരണക്കാരനോ ആയി മാത്രം കുട്ടിച്ചനെ അടയാളപ്പെടുത്താന്‍ കഴിയാത്തതും. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പിറവിയെടുത്ത ഹ്യൂമന്‍ ലൈബ്രറിയെന്ന നൂതന ആശയത്തോടു കുട്ടിച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും സാമ്യമുണ്ടെന്ന് എനിക്കു തോന്നുവാനുള്ള കാരണവും കുട്ടിച്ചനെ അനുസ്മരിക്കുവാന്‍ ഇങ്ങനെയൊരു തലക്കെട്ട് ("ഹ്യൂമന്‍ ലൈബ്രറിയിലെ പുസ്തകവായനക്കാരന്‍") നല്‍കുന്നതും."

തറക്കുന്നേല്‍ ജോര്‍ജുകുട്ടി എന്‍റെ നാട്ടുകാരനായിരുന്നു. എന്‍റെ കുടുംബബന്ധത്തിലുള്ള ആളും ആയിരുന്നു. കോത്തലയിലും ചുറ്റുപാടുമുള്ള സാമൂഹ്യ, ബൗദ്ധിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ജോര്‍ജുകുട്ടി നല്‍കുന്ന നേതൃത്വവും എന്നെ ആകര്‍ഷിച്ചിരുന്നു. ചങ്ങനാശേരിയില്‍ അദ്ദേഹം ദീര്‍ഘകാലം നടത്തിയിരുന്ന ബുക്ക്വേവും, പാമ്പാടി പൊത്തമ്പുറത്ത് അദ്ദേഹം നടത്തിയിരുന്ന "വിന്‍വേവ് പ്രിന്‍റിംഗ് & പബ്ലിക്കേഷന്‍" സ്ഥാപനവും അനേകംപേര്‍ക്ക് കൈത്താങ്ങലും പ്രോത്സാഹനവും വഴികാട്ടിയും ആയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍, "മലങ്കര നവോത്ഥാനം", "മനനം", "പ്രദക്ഷിണം", "നസ്രാണിവിചാരം", "ജന്മഭൂമി" മുതലായവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും കുറിപ്പുകളും ആര്‍ജ്ജവമുള്ള ഒരു തൂലികയുടെ സാക്ഷ്യങ്ങളായിരുന്നു. ഇവയിലെല്ലാം വ്യത്യസ്തമായി, സണ്ടേസ്കൂള്‍ അദ്ധ്യാപകന്‍, ബാലവേദി, ബാലജനസഖ്യം, വയോജനകൂട്ടായ്മ, "പ്രദക്ഷിണം", "കുരുത്തോല" മുതലായവയുടെ മുഖ്യ രക്ഷാധികാരിയെന്ന നിലയിലുള്ള മാതൃകാപരമായ ഇടപെടലുകളാണ് എന്നെ വിസ്മയിപ്പിച്ചത്. പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കുവാന്‍ ഏതറ്റംവരെയും പോകുവാനുള്ള ചങ്കൂറ്റവും ജോര്‍ജുകുട്ടിയെ വ്യത്യസ്തനാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോത്തല വച്ച് തിരുവോണത്തോടനുബന്ധിച്ച് ഒരു സാംസ്കാരിക സമ്മേളനം നടന്നതിന്‍റെ മുഖ്യസംഘാടകന്‍ ശ്രീ. ജോര്‍ജുകുട്ടി ആയിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ തിരുവോണസന്ദേശം നല്‍കുവാന്‍ എന്നെ ക്ഷണിച്ചു. അതിനായി ചെന്നപ്പോഴാണ് മനസ്സിലായത് ചിലരെയൊക്കെ ആദരിക്കുവാനും കൂടി ആയിരുന്നു ആ സമ്മേളനം എന്ന്. അക്കൂട്ടത്തിലും എന്നെ ഉള്‍പ്പെടുത്തി. മറ്റാരും ശ്രദ്ധിക്കാതിരുന്ന രണ്ടുമൂന്നു കാര്യങ്ങള്‍ ജോര്‍ജുകുട്ടി എന്നെക്കുറിച്ചു ശ്രദ്ധിച്ചുവെന്ന് അദ്ദേഹത്തിന്‍റെ ആമുഖവാക്കുകളില്‍ നിന്ന് മനസ്സിലായി. കോത്തല പ്രദേശത്തുനിന്ന് പി.എച്ച്.ഡി. ആദ്യമായിയെടുത്തയാള്‍ ഞാനാണെന്നും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പോയി പഠിച്ച് ഭാരതീയ തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം ഒന്നാം റാങ്കോടെ പാസ്സായ കോത്തലക്കാരന്‍ ഞാനാണെന്നും, ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ആദ്യമായി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച കോത്തലക്കാരനും ഞാനാണെന്ന് ജോര്‍ജുകുട്ടി പറഞ്ഞുകേട്ടപ്പോള്‍ അതെനിക്കു പുതിയ അറിവായിരുന്നു. 

"അറിവും സ്നേഹവും സമ്പത്തും പകര്‍ന്നു നല്‍കുമ്പോഴാണ് മഹത്വമേറുന്നത്" എന്നും "നേട്ടങ്ങളെക്കുറിച്ച് കണക്കു കൂട്ടാതെ, തിരികെക്കിട്ടുമെന്ന് ഉറപ്പോ, ശാഠ്യങ്ങളോ ഇല്ലാതെ ഒരാള്‍ സ്വന്തം ജീവിതം പകുത്തുനല്‍കുമ്പോള്‍ അവന് ഈശ്വരന്‍റെ മനസ്സാണ്" എന്നും ഒരു സോഷ്യല്‍ മീഡിയ സുഭാഷിതത്തില്‍ (ജെ.കെ.വി.) കേട്ടത് എത്ര ശരിയാണെന്ന് "കുട്ടിച്ചന്‍" നമുക്കു കാട്ടിത്തന്നു. ആ കാഴ്ചയെ കൂടുതല്‍ ദീപ്തമാക്കിയത് കുട്ടിച്ചനെ എന്നെക്കാള്‍ കൂടുതല്‍ വ്യക്തിപരമായി അറിയുന്ന രണ്ടു പേര്‍ (പ്രിയപ്പെട്ട, ലാലും, ഈശോയും) എന്നെ സന്ദര്‍ശിച്ചതോടെയാണ്. 

ശരാശരിക്കാരായ ചില യുവാക്കള്‍ക്ക് ആത്മവിശ്വാസവും ദിശാബോധവും നല്‍കുവാന്‍ കുട്ടിച്ചന്‍ നടത്തിയ ഇടപെടലുകള്‍; ഒറ്റപ്പെട്ട ചിലര്‍ നടത്തിയിരുന്ന കലുങ്കുകൂട്ടായ്മകള്‍ കുട്ടിച്ചന്‍റെ സാന്നിധ്യത്തില്‍ നാടിനു ഗുണമുള്ള "കപ്പ" കൂട്ടായ്മകളും, ജീവിതങ്ങളെ മാറ്റിമറിച്ച "പള്ളി"മുറ്റഭാഷണങ്ങളുമായി മാറിയത്; ചിലര്‍ക്ക് പ്രയോജനപ്പെടും എന്നു തോന്നിയ പുസ്തകങ്ങള്‍ കുട്ടിച്ചന്‍ അവര്‍ക്ക് സമ്മാനമായി നല്‍കിയത്; ചിലരെ ചിലപ്പോള്‍ പഠന, ഗവേഷണയാത്രകള്‍ക്ക് കൂടെകൊണ്ടുപോയത്; ചിലരെക്കൊണ്ട് ജീവിതം പഠിപ്പിക്കുവാന്‍ സാഹസിക യാത്രകള്‍ നടത്തിച്ചത്; അങ്ങനെ അവരില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയത്. ആ വിവരണം അങ്ങനെ തുടര്‍ന്നു. ചുരുക്കത്തില്‍, അവരില്‍ പലരും ആ ഇടപെടലില്‍ വേരുറച്ച, വളര്‍ന്നുപൊങ്ങിയ, നന്മമരങ്ങളായി മാറി. ചിലരൊക്കെ വിജയം വരിച്ച തൊഴില്‍ സംരംഭകരും ബിസിനസുകാരും ആയി മാറി. പള്ളിയോട് അകന്ന് "പ്രദക്ഷിണ"ത്തില്‍ മനസ്സില്ലാമനസ്സോടെ നീങ്ങിയവര്‍ "കുരുത്തോല'കളായി അകത്തും പുറത്തും. യേശുവിന് ഓശാന പാടി, അവനോടൊപ്പം "പള്ളിപണി"ക്കാരായി. വിതക്കാരനാകുവാന്‍ മാത്രം ശ്രദ്ധിച്ച കുട്ടിച്ചന്‍, എല്ലാ കൊയ്ത്തും മാറിനിന്നാസ്വദിച്ചു. 

കുട്ടിച്ചനെ കേന്ദ്രീകരിച്ച ഈ ഗ്രന്ഥം, "വായന", "സംസ്കാരം", "സമാധാനം" എന്നിവയിലൂന്നിയ പാഠപുസ്തകമായിരിക്കുന്നു. കുട്ടിച്ചന്‍റെ രചനകള്‍ എല്ലാം ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. തികഞ്ഞ ഒരു സഭാസ്നേഹിയായിരുന്ന കുട്ടിച്ചന്‍ സഭയ്ക്കുള്ളിലെ കലഹകേളികള്‍ക്കെതിരെ ചാട്ടവാര്‍ എടുത്തതിന്‍റെ സീല്‍ക്കാരമാണ് മുപ്പതോളം ലേഖനങ്ങള്‍. കുട്ടിച്ചന്‍ "മലങ്കര നവോത്ഥാനം", "മനനം", "പ്രദക്ഷിണം", "നസ്രാണിവിചാരം""ജന്മഭൂമി" മുതലായവയില്‍ എഴുതിയതു പൂര്‍ണ്ണമായി പുനഃപ്രസിദ്ധീകരണം നടത്തുവാന്‍ മറ്റൊരവസരം ഉണ്ടാകട്ടെ. കുട്ടിച്ചനെക്കുറിച്ച് കുടുംബാംഗങ്ങള്‍, ശിഷ്യര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ പലരും എഴുതിയിട്ടുള്ളത് വായിച്ചപ്പോഴാണ് ഈ ലോകത്തില്‍ യഥാര്‍ത്ഥ നന്മ കാണുന്ന കണ്ണുകള്‍ അടയുന്നില്ല എന്നു ബോധ്യപ്പെട്ടത്. 

ഒരു നാടിന്‍റെ വിഹായസില്‍ മിന്നിമറഞ്ഞ താരകമെന്നും, ഒരു മണ്ണിന്‍റെ പച്ചപ്പിനെ തൊട്ടുതലോടിയ പൂന്തെന്നലെന്നും, ഒരു ഇരുള്‍പാതയില്‍ ഒളിവീശി കടന്നുപോയ മിന്നല്‍പിണരെന്നും, ഒരു കൂട്ടം കുരുവികള്‍ക്ക് ഇടം കൊടുത്ത്, കൊടുങ്കാറ്റില്‍ വീഴ്ത്തപ്പെട്ട മരമെന്നും വിശേഷിപ്പിക്കാവുന്ന ചിലരൊക്കെ നമുക്കു ചുറ്റുമുണ്ട്. പൊന്നാടകളില്‍ നിന്നൊഴിഞ്ഞു മാറി, "ഞാനൊന്നുമറിഞ്ഞില്ല, ഞാനിവിടുത്തുകാരനല്ല" എന്ന ഭാവത്തില്‍ നടന്നകന്നുപോകുന്നവര്‍! അതിനാണ് ബൈബിള്‍ ഭാഷയില്‍ "മനുഷ്യപുത്രന്‍റെ" ശൈലിയെന്നു പറയുന്നത്. 

യുവാക്കളെ "വഴിതെറ്റിച്ചു"വെന്ന് കുറ്റാരോപിതനായ യവനചരിത്രത്തിലെ സാത്വികദാര്‍ശനികന്‍ സോക്രട്ടീസ്, ഓരോ കാലഘട്ടത്തിലും തനിക്ക് പിന്‍ഗാമികളെ കണ്ടെത്തുന്നുണ്ട് എന്ന് ചരിത്രം സാക്ഷിക്കുന്നു. മഹാഭാരതത്തിലെ സഞ്ചയനെപ്പോലെ എല്ലാം കണ്ടും കേട്ടും ഇരുന്നിട്ടും തിരശീലയ്ക്കു പിന്നില്‍ പരസ്യത്തിനു വേണ്ടിയല്ലാതെ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കുന്നവരുടെ തലമുറയും അന്യംനില്‍ക്കുവാന്‍ ചരിത്രം അനുവദിക്കുന്നില്ല. ബൈബിളിലെ സുവിശേഷവീരനായ പൗലൂസിനെയും മറ്റു പലരെയും വെള്ളിവെളിച്ചത്തിലേക്ക് ആനയിച്ചിട്ട് സ്വയം രംഗം വിടുന്ന ബര്‍ന്നബാസുകളും ചരിത്രത്തിന്‍റെ തുടര്‍ച്ചയില്‍ എന്നുമുണ്ട്. നമ്മുടെ കുട്ടിച്ചന്‍ അക്കൂട്ടത്തില്‍ എവിടെയൊക്കെയോ ഉണ്ട്. ശാസ്ത്രത്തില്‍ പണ്ടത്തെ "രാമനിഫക്ട്" പോലെ, ചരിത്രത്തില്‍ നമുക്കു ചുറ്റം ഒരു "കുട്ടിച്ചനിഫക്ട്" ഈ ഗ്രന്ഥത്തിന്‍റെ താളുകളില്‍ എവിടെയോ ഉണരുന്നതുപോലെ തോന്നും ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്ക്. ആ ഉണര്‍ത്തുപാട്ടിലും, കൊയ്ത്തുപാട്ടിലും താളം പിടിക്കുവാന്‍ എങ്കിലും നമുക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ടി. പി. ജോര്‍ജുകുട്ടി അനുസ്മരണവും പുസ്തക പ്രകാശനവും

 


06-10-2024

Sehion Centre, Kothala, Pampady.

T. P. Georgekutty Memorial Meeting & Book Release.

Monday, 30 September 2024

പറയാതെ പോയ ആത്മസുഹൃത്ത് | പി. റ്റി. ഏലിയാസ് പറപ്പള്ളില്‍



ടി. പി. ജോര്‍ജുകുട്ടി എന്ന കുട്ടിച്ചന്‍ പ്രസിദ്ധീകരിക്കുന്ന 'മനനം' ഒരു ലക്കം വായിച്ചാണ് അദ്ദേഹത്തെ ഫോണ്‍ ചെയ്ത് പരിചയപ്പെട്ടത്. പിന്നീട് നേരില്‍ പരിചയപ്പെട്ടപ്പോള്‍ ആളെ എനിക്ക് ഇഷ്ടമായി. മലങ്കരസഭാ സംബന്ധമായ പല വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും കുട്ടിച്ചന്‍ അതിന്‍റെ വെളിച്ചത്തില്‍ പല ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. മനോരമയില്‍ കുട്ടിച്ചന്‍ ജോലി ചെയ്തിരുന്ന കാലത്ത് കൂടുതല്‍ തവണ കാണുവാനും ആശയങ്ങള്‍ പങ്കിടുവാനും സാധിച്ചിരുന്നു. 

അദ്ദേഹത്തിന് ശരിയെന്ന് ബോധ്യമുള്ളതേ എഴുതൂ. അതൊരു ലഘുലേഖയോ 'മനന'മോ ആയി പ്രസിദ്ധീകരിച്ച് ബാഗില്‍ കൊണ്ടുനടന്ന് സമാനമനസ്കര്‍ക്ക് വിതരണം ചെയ്യും. ആരെങ്കിലും പണം കൊടുത്ത് സഹായിച്ചാല്‍ കൂടുതല്‍ കോപ്പികള്‍ അച്ചടിച്ച് വിതരണം ചെയ്യും. അല്ലെങ്കില്‍ കയ്യില്‍ കാശുണ്ടെങ്കില്‍ കുറച്ചു കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യും. 

മലങ്കരസഭാ നേതൃത്വത്തില്‍ നിന്ന് മാറാസ്ഥാനികളെ ഒഴിവാക്കി പ്രഗത്ഭരും സഭാസ്നേഹികളുമായവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുവാന്‍ ആരംഭിച്ച 'നവോത്ഥാനം' മുന്നേറ്റത്തിന്‍റെ മുന്നണിയില്‍ കുട്ടിച്ചന്‍ സജീവമായിരുന്നു. കുട്ടിച്ചന്‍റെ അതിരൂക്ഷമായ വിമര്‍ശനം മര്‍മ്മത്ത് തന്നെ ഏറ്റു മാറാസ്ഥാനികള്‍ പരാജയപ്പെട്ടു. കുട്ടിച്ചന്‍റെ പരിഹാസരൂപേണയുള്ള ലേഖനപരമ്പര വായിച്ചവരെല്ലാം ആ ശൈലി ഇഷ്ടപ്പെട്ട് അടുത്ത ലക്കം വായിക്കാനായി നോക്കിപ്പാര്‍ത്തിരുന്നു. എഡിറ്റോറിയല്‍ മീറ്റിംഗുകളിലെല്ലാം കുട്ടിച്ചന്‍ വന്നു സംബന്ധിച്ചു. സമയത്തെത്താല്‍ വീട്ടില്‍ നിന്നും ഓട്ടോറിക്ഷാ പിടിച്ചായിരിക്കും പലപ്പോഴും അദ്ദേഹം എത്തുക!

സുഹൃത്തുക്കള്‍ക്കുവേണ്ടി റിസ്ക്കെടുക്കുക കുട്ടിച്ചന്‍റെ ഒരു ശീലമാണ്. നവോത്ഥാനം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു പ്രസ്സില്‍ അച്ചടിച്ചാല്‍ ചാര്‍ജു കുറവാണ് എന്ന് പറഞ്ഞതനുസരിച്ച് ഒരു ലക്കം അവിടെ കൊടുത്തു അച്ചടിപ്പിച്ചു. കുട്ടിച്ചന്‍ നേരത്തെ പറഞ്ഞ തുക തന്നെ അച്ചടിക്കൂലി വാങ്ങി. നേരത്തെ പറഞ്ഞതില്‍ കൂടുതല്‍ അച്ചടിക്കൂലി കൊടുക്കേണ്ടി വന്ന കാര്യം അദ്ദേഹം  പറഞ്ഞില്ല. അത് കയ്യില്‍ നിന്നു കൊടുത്തു. ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലികള്‍! 

മലങ്കരസഭാ ഐക്യം കുട്ടിച്ചന്‍റെ വലിയ സ്വപ്നമായിരുന്നു. അതിനുവേണ്ടി ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. യാക്കോബായ വിഭാഗത്തിലെ തോമസ് പ്രഥമന്‍ ബാവാ, യൂഹാനോന്‍ മാര്‍ പീലക്സിനോസ്, ഡോ. ഡി. ബാബു പോള്‍ തുടങ്ങിയവരെയും ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തന്മാരെയും അന്നത്തെ അസോസിയേഷന്‍ സെക്രട്ടറിയെയുമൊക്കെ കോത്തല പള്ളിയിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരുമൊത്ത് അദ്ദേഹം സന്ദര്‍ശിച്ചു സംഭാഷണങ്ങള്‍ നടത്തി. 2000 മുതലുള്ള പ്രശ്നസങ്കീര്‍ണ്ണമായ കാലത്ത് നടത്തിയ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. എങ്കിലും 2017-ലെ സുപ്രീംകോടതി വിധിക്കുശേഷവും നിരാശനാകാതെ സമാധാനത്തിലായി എഴുതുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

ഏറെ അടുപ്പമുണ്ടായിട്ടും രോഗവിവരം എന്നോടു പറഞ്ഞില്ല. അതുകൊണ്ട് അപ്രതീക്ഷിതമായ ആ വിടവാങ്ങല്‍ വലിയൊരു ആഘാതമായിരുന്നു. ജോര്‍ജുകുട്ടിയുടെ സൗഹൃദവലയം എത്രമാത്രം വിപുലമാണെന്നുള്ളത് അദ്ദേഹത്തിന്‍റെ മരണശേഷമാണ് എനിക്ക് മനസ്സിലായത്. മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ജോമി തോമസുമായി സംസാരിച്ചപ്പോള്‍ ജോര്‍ജുകുട്ടിയെപ്പറ്റിയും അദ്ദേഹത്തിന്‍റെ കഴിവുകളെപ്പറ്റിയും പറയുകയും, ജോര്‍ജുകുട്ടിയുടെ മരണം ഒരു വലിയ നഷ്ടമാണെന്ന് സങ്കടപ്പെടുകയുമുണ്ടായി. എസ്.ബി. കോളജില്‍ അദ്ദേഹം പഠിച്ചിരുന്ന കാലത്ത് ഇന്ന് പ്രഗല്‍ഭരായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു7ന്ന പലരെയും ജോര്‍ജുകുട്ടിയുടെ സൗഹൃദവലയത്തില്‍ കണ്ട കാര്യം ജോമി ഓര്‍മ്മിച്ചു. ഈ സൗഹൃദങ്ങളെക്കുറിച്ചൊന്നും ജോര്‍ജുകുട്ടി ആരോടും പറയാറില്ല. തനിക്കുള്ള ബന്ധങ്ങളോ സൗഹൃദവലയമോ മറ്റാരോടും വെളിപ്പെടുത്താത്ത ഒരു എളിയ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 

കുട്ടിച്ചനില്ലാത്ത കഴിഞ്ഞ ഒരു വര്‍ഷം വായിച്ചു ചിരിക്കാന്‍ നമുക്ക് കുട്ടിച്ചന്‍ ശൈലിയിലുള്ള ലേഖനങ്ങള്‍ കിട്ടിയില്ല. 'രാജാവിനു തുണിയില്ലെന്നു' ഓര്‍മ്മിപ്പിക്കുവാന്‍ പുതിയ 'കുട്ടിച്ചന്മാര്‍' പിറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

Monday, 16 September 2024

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോടെ ഇന്നു വടക്കാഞ്ചേരിയില്‍ ജീവിക്കുന്നുവെന്നുമുള്ള അറിവാണ് പ്രദക്ഷിണം പ്രവര്‍ത്തകരെ അച്ചനുമായുള്ള ഒരു കൂടിക്കാഴ്ചയിലേക്ക് നയിച്ചത്.

70-ാം വാര്‍ഷികം ആഘോഷിച്ച പാമ്പാടി സെന്‍റ് ജോണ്‍സ് ചെറിയപള്ളി (ചെവിക്കുന്നേല്‍ പള്ളി) യുടെ പുതിയ പള്ളിയുടെ കൂദാശയ്ക്ക് പള്ളിയുടെ സ്ഥാപകനായ ബഹുമാനപ്പെട്ട കരിങ്ങണാമറ്റത്തില്‍ അച്ചന്‍ ഇത്രയും ദൂരം സഞ്ചരിച്ച് വന്നു പങ്കെടുക്കുകയും ഒപ്പം ബന്ധുഗൃഹങ്ങളും മറ്റും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഇത്രയും സീനിയറായ വൈദികന്‍ നമ്മോടൊപ്പം ഉണ്ടെന്നും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും പഴയകാലങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുവാനുള്ള അവസരം ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കുമെന്നും ഞങ്ങള്‍ക്കു തോന്നിയത്.

പാമ്പാടി തിരുമേനിയുടെ കുന്നംകുളം സന്ദര്‍ശനത്തിന്‍റെ 70-ാം വര്‍ഷത്തില്‍ പ. പാമ്പാടി തിരുമേനി നടത്തിയ സ്നേഹയാത്രയുടെ അനുസ്മരണത്തിനായി പ്രദക്ഷിണം ടീം അംഗങ്ങള്‍ നടത്തിയ യാത്രയിലാണ് ഞങ്ങള്‍ ബഹു. അച്ചന്‍റെ വടക്കാഞ്ചേരിയിലെ ഭവനത്തിലെത്തിയത്. നൂറു വയസു കഴിഞ്ഞ ആളാണല്ലോ എപ്പോഴും വീട്ടില്‍ കാണുമല്ലോ; വിശ്രമത്തിലായിരിക്കുമല്ലോ എന്ന ചിന്തയിലാണ് ഞങ്ങള്‍ അച്ചന്‍റെ വീട്ടില്‍ ചെല്ലുന്നത്. സമയം ഏതാണ്ട് വൈകുന്നേരം 6 മണി ആയിട്ടുണ്ട്. അച്ചന്‍റെ മകനും മകന്‍റെ മകനും കുടുംബവുമാണ് വീട്ടിലുള്ളത്.

അച്ചനെ കാണുവാനെത്തിയ ഞങ്ങളെ ഏറെ സ്നേഹത്തോടെ അവര്‍ സ്വീകരിച്ചു. എന്നാല്‍ അച്ചന്‍ അവിടെ ഉണ്ടായിരുന്നില്ല. അച്ചന്‍ സാധാരണ നാലുമണി കഴിഞ്ഞാല്‍ സഞ്ചാരത്തിലായിരിക്കും. അത് ഞങ്ങള്‍ക്ക് അത്ഭുതകരമായി തോന്നി. എന്നാല്‍ യഥാര്‍ത്ഥ അത്ഭുതം കാണുവാനിരിക്കുന്നതേ ഉള്ളൂ.

അച്ചനെ തിരക്കി 'കൊച്ചു കൊച്ചു മക്കള്‍' (കൊച്ചു മകന്‍റെ മക്കള്‍) സമീപ പ്രദേശങ്ങളിലേക്ക് യാത്രയായി. ഏകദേശം ഒരു മണിക്കൂറായപ്പോള്‍ കൊച്ചു മക്കളേക്കാള്‍ വേഗത്തില്‍ അച്ചന്‍ ഓടിയെത്തി. ആ 101 വയസുകാരന്‍ വന്ന് ഞങ്ങള്‍ ഓരോരുത്തരെയും പരിചയപ്പെട്ടു. പാമ്പാടിയില്‍ നിന്നു അമ്പതു വര്‍ഷം മുന്‍പു പോന്ന അച്ചന് ഞങ്ങളെയോ ഞങ്ങളുടെ മാതാപിതാക്കളെയോ പരിചയമില്ല. എന്നാല്‍ അവരുടെ മാതാപിതാക്കളെയും ഒരു തലമുറ കൂടി മുന്‍പിലുള്ളവരെയും അച്ചനറിയാം. അറിയാമെന്നു മാത്രമല്ല ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത, ഞങ്ങള്‍ കണ്ടില്ലാത്ത അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അച്ചന്‍റെ ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നുമുണ്ട്.

വിദ്യാഭ്യാസം

മലങ്കരസഭയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വൈദികരില്‍ ഏറ്റവും പ്രായം കൂടിയ ഒരാളാണ് പാമ്പാടി കരിങ്ങണാ മറ്റത്തില്‍ കെ. സി. ജേക്കബ് കത്തനാര്‍. കരിങ്ങണാമറ്റത്തില്‍ ചാക്കോ ചാക്കോയുടേയും ചേര്‍ക്കോട് അന്നമ്മയുടേയും ആദ്യപുത്രനായി 1905 ജനുവരി 30-ാം തീയതി ഇദ്ദേഹം ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം പാമ്പാടിയിലും രണ്ടുവര്‍ഷം കോട്ടയം എം. ഡി. സെമിനാരിയിലും മിഡില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം കറുകച്ചാലിലും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം വീണ്ടും എം. ഡി. സെമിനാരിയിലും നടത്തി. തുടര്‍ന്ന് നാലുകൊല്ലം ചങ്ങനാശ്ശേരി എസ്. ബി. കോളജിലും പഠിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് പാമ്പാടി പ്രദേശത്തു നിന്ന് ബി. എ. ഡിഗ്രി സമ്പാദിച്ച വളരെ ചുരുക്കം പേരില്‍ ഒരാളാണ് ഇദ്ദേഹം.

വൈദിക സേവനം

കുടുംബത്തിലുള്ള പിതാക്കന്മാരുടേയും വൈദിക ശ്രേഷ്ഠരുടേയും ജീവിതചര്യയും പ്രാര്‍ത്ഥനാജീവിതവും കണ്ട് വൈദികവൃത്തി സ്വീകരിക്കുവാന്‍ തീരുമാനിച്ച ഇദ്ദേഹം 1928 ഫെബ്രുവരി 14-ാം തീയതി വാകത്താനത്തു വള്ളിക്കാട്ട് ദയറായില്‍വെച്ച് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായില്‍ നിന്ന് ശെമ്മാശുപട്ടം സ്വീകരിച്ചു. 1930 സെപ്റ്റംബര്‍ 7-ാം തീയതി കോട്ടയം പഴയസെമിനാരിയില്‍വെച്ച് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ ഇദ്ദേഹത്തിന് കശ്ശീശാപട്ടം നല്‍കി. ചങ്ങനാശ്ശേരി ചാപ്പലിലും മുണ്ടക്കയം സെന്‍റ് ജോണ്‍സ് പള്ളിയിലും ആറുമാസക്കാലം കുര്‍ബ്ബാന അര്‍പ്പിച്ചു. ഈ അവസരത്തില്‍ പിതാവായ ചാക്കോ ചാക്കോയുടെ പരിശ്രമത്തോടെ പാമ്പാടി സെന്‍റ് ജോണ്‍സ് ചെറിയപള്ളി സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. 1935 മുതല്‍ 15 വര്‍ഷക്കാലം മുണ്ടക്കയം സെന്‍റ് തോമസ് പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

1951ല്‍ വടക്കാഞ്ചേരിയിലേക്ക് താമസം മാറ്റിയെങ്കിലും 1960 വരെ മാസത്തില്‍ രണ്ടുതവണവീതം പാമ്പാടി ചെറിയപള്ളിയില്‍ വന്നു കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. പില്‍ക്കാലത്ത് നാലുവര്‍ഷം വട്ടായി സെന്‍റ്മേരീസ് പള്ളിയിലും 31 വര്‍ഷക്കാലം വടക്കാഞ്ചേരി തേനിടുക്ക് സെന്‍റ് ജോര്‍ജ്ജ് പള്ളിയിലും സേവനം അനുഷ്ഠിച്ചു. കൂടാതെ ചേലക്കര വട്ടോളി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളിയിലും തൃശൂര്‍ ചെമ്പുകാവ് പള്ളിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതല്‍ സ്ഥിരമായി കുര്‍ബ്ബാന അര്‍പ്പിക്കാത്തത് പ്രായാധിക്യം കൊണ്ടു മാത്രമാണ്.

അസാധാരണമാണ് അച്ചന്‍റെ ജീവിതദര്‍ശനം. തന്‍റെ വൈദികവൃത്തിയുടെ കാലത്ത് പലപ്പോഴും അദ്ദേഹത്തിനു ശമ്പളമോ മറ്റു പ്രതിഫലമോ ലഭിച്ചിരുന്നില്ല. ആ വിവരം വളരെ താമസിച്ചെങ്കിലും മനസ്സിലാക്കിയ കൊച്ചി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി അച്ചനു പെന്‍ഷന്‍ അനുവദിക്കുകയും പാരിതോഷികമായി വലിയ ഒരു തുക നല്‍കുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അച്ചന്‍ ആ തുകകളൊന്നും കൈപ്പറ്റാന്‍ തയ്യാറായില്ല. തനിക്കു വേണ്ടതു ദൈവം തരുമെന്ന വിശ്വാസവും അധ്വാനിക്കാതെ ലഭിക്കുന്ന പണത്തോടുള്ള താല്പര്യക്കുറവുമാണ് ഈ തീരുമാനത്തിലേക്ക് അച്ചനെ നയിച്ചത്.

ഇപ്പോള്‍ വടക്കാഞ്ചേരിയിലുള്ള സ്വവസതിയില്‍ മകനോടും കൊച്ചുമക്കളോടും അവരുടെ കുട്ടികളോടും കൂടി സ്വസ്ഥജീവിതം നയിക്കുന്നു. വേളൂര്‍ പൂവത്തുവീട്ടില്‍ ഐപ്പിന്‍റെ മകള്‍ അന്നമ്മയെ 1930ല്‍ വിവാഹം ചെയ്തു. അന്നമ്മ 1990 ല്‍ മരിച്ചു. മൂത്തമകള്‍ അന്നമ്മയെ കോട്ടയത്ത് കാവുകാട്ട് ജയിക്കബ് വിവാഹം ചെയ്തു. രണ്ടാമത്തെ മകള്‍ മറിയാമ്മയെ കുന്നംകുളം കോലാടിയില്‍ സൈമണ്‍ വിവാഹം ചെയ്തു. മൂന്നാമത്തെ മകളായ ശോശാമ്മയെ പള്ളത്ത് പാറേക്കടവില്‍ കുറിയാക്കോസ് കത്തനാര്‍ വിവാഹം ചെയ്തു. നാലാമത്തെ മകളായ സാറാമ്മയെ മൂവാറ്റുപുഴ കുരുവിക്കാട്ടു തോമസ് വിവാഹം ചെയ്തു.

മലങ്കര സഭ അച്ചന്‍റെ ഓര്‍മ്മയില്‍ നിന്ന്

അച്ചനുമായുള്ള സംഭാഷണത്തില്‍ നിന്നും മലങ്കര സഭയിലെ മണ്‍മറഞ്ഞു പോയ പിതാക്കന്മാരെപ്പറ്റിയും സഭാചരിത്രത്തിലെ നിര്‍ണായകമായ കാലഘട്ടങ്ങളെക്കുറിച്ചും വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചു. വട്ടശ്ശേരില്‍ തിരുമേനി, പാമ്പാടിതിരുമേനി, ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ, ഗീവറുഗീസ് ദ്വിതീയന്‍ ബാവാ എന്നിവരോടൊപ്പം കഴിഞ്ഞ നാളുകള്‍ അനുഗ്രഹകരമായി അദ്ദേഹം അനുസ്മരിക്കുന്നു.

സഭയിലെ ഇന്നത്തെ തര്‍ക്കങ്ങളും കേസുകളുമെല്ലാം വളരെ നിസാരമായ കാരണങ്ങള്‍ മൂലം ഉണ്ടായതാണെന്ന് അച്ചനു ബോധ്യമുണ്ട്. പല സംഭവങ്ങള്‍ക്കും അദ്ദേഹം ദൃക്സാക്ഷിയുമാണ്.

വട്ടശ്ശേരില്‍ തിരുമേനിയും സി. ജെ. കുര്യനും കോനാട്ട് അച്ചനും ട്രസ്റ്റിമാരായി സഭാഭരണം നടത്തുവാന്‍ ആരംഭിച്ച കാലം. സഭയുടെ ട്രസ്റ്റില്‍ അന്നു പണം മിച്ചമുണ്ട്. തക്കതായ ഈടു കിട്ടിയാല്‍ ആര്‍ക്കെങ്കിലും പണം കടം കൊടുക്കാമെന്നു ട്രസ്റ്റിമാര്‍ ചിന്തിച്ചിരുന്ന സമയം. ഈ സാഹചര്യം അറിയാവുന്ന പാമ്പാടിയിലെ ചില വ്യക്തികള്‍ അക്കാലത്തെ ഒരു പ്രമുഖവൈദികനെയും കൂട്ടി സി. ജെ. കുര്യനെ സമീപിക്കുകയും വസ്തു ഈടിന്മേല്‍ 2000 രൂപാ കിട്ടിയാല്‍ കൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടോ സി. ജെ. കുര്യന്‍ അത് നിരസിച്ചു. അവരാകട്ടെ സി. ജെ. കുര്യനെ കണ്ടതും അദ്ദേഹം നിരസിച്ചതുമായ കാര്യം മറച്ചു വച്ചു കൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയെ സമീപിച്ചു. തക്ക ഈടുള്ളതിനാല്‍ പണം കൊടുക്കുന്നതിനു മറ്റു ട്രസ്റ്റിമാര്‍ക്ക് എതിരഭിപ്രായം ഉണ്ടാവില്ലെന്ന ധാരണയില്‍ തിരുമേനി പണം കൊടുക്കാമെന്ന് അറിയിക്കുകയും കൊടുക്കാന്‍ സി. ജെ. കുര്യനോട് ആവശ്യപ്പെടുകയും ചെയ്തു. താന്‍ നേരിട്ട് നിരസിച്ച കാര്യം ചെയ്യാന്‍ തിരുമേനി ആവശ്യപ്പെട്ടത് സി. ജെ. കുര്യനു തീരെ ഇഷ്ടപ്പെട്ടില്ല. തിരുമേനിയാകട്ടെ സി. ജെ. കുര്യന്‍റെ നിലപാട് മനസ്സിലാക്കിയതുമല്ല. സി. ജെ. കുര്യനു തിരുമേനിയോട് അകല്‍ച്ച ഉണ്ടാവാന്‍ തുടക്കമിട്ട ഈ സംഭവം അച്ചനു നേരിട്ടറിയാവുന്നതാണ്.

ഇങ്ങനെയുണ്ടായ  അകല്‍ച്ച കാലക്രമേണ രൂക്ഷമാകുകയായിരുന്നു. ഇപ്പോഴും ഇങ്ങനെയുള്ള ചെറിയ സംഭവങ്ങളാണ് ഉന്നത സ്ഥാനങ്ങളില്‍ സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും നിഴലുകള്‍ പരത്തുന്നതെന്നാണ് അച്ചന്‍റെ അഭിപ്രായം പരസ്പരം ഉള്ളു തുറന്നു സംസാരിക്കുകയും നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്യുവാന്‍ നേതൃത്വത്തിലുള്ളവര്‍ തയ്യാറായാല്‍ കേസു വഴക്കുകളുമെല്ലാം തീരാനുള്ളതേ ഉള്ളു.

ആരോഗ്യദര്‍ശനം

അച്ചന്‍റെ ആരോഗ്യത്തിനും പിന്നിലുള്ള രഹസ്യത്തെപ്പറ്റിയും ഞങ്ങള്‍ അന്വേഷിച്ചു. മിതമായ ഭക്ഷണം കൃത്യസമയത്തു കഴിക്കുകയും നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നത് ആവുന്ന വിധത്തിലുള്ള വ്യായാമവുമാണ് അദ്ദേഹത്തിന്‍റെ ജീവിതചര്യ. ഭക്ഷണ കാര്യത്തില്‍ അദ്ദേഹത്തിനുള്ള ഒരു നിര്‍ബന്ധം തൈരും പഴവും പഞ്ചസാരയും ചോറും ചേര്‍ത്തുള്ള നമ്മുടെ 'പഴയ പാനിയും പഴവും' എല്ലാ ദിവസവും ഉച്ചയ്ക്ക് വേണം എന്നുള്ളതാണ്.

ബഹു. അച്ചനുമായുള്ള സംസാരം ഹൃദ്യവും വിജ്ഞാനകരവുമാണ്. അദ്ദേഹത്തിന്‍റെ തെളിഞ്ഞ ഓര്‍മയില്‍ സഭാചരിത്രം സംബന്ധിച്ച വിലപ്പെട്ട അറിവുകള്‍ ധാരാളമുണ്ട്. അച്ചന്‍റെ ഓര്‍മകളും ഡയറിക്കുറിപ്പുകളും ചേര്‍ത്തു ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹം ഞങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ അച്ചന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അച്ചന്‍ വടക്കാഞ്ചേരിക്കു താമസം മാറിയതുമൂലം  കോട്ടയം ഭദ്രാസനവുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം കുറഞ്ഞുപോയി. എങ്കിലും ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും അച്ചനു അറിവുണ്ട്. കോട്ടയം ഭദ്രാസനത്തിലെ പള്ളികള്‍ക്കുവേണ്ടി പട്ടം ഏറ്റവരില്‍ ഇന്നു ജീവിച്ചിരിപ്പുള്ളവരില്‍ ഏറ്റവും സീനിയറായ ബഹുമാനപ്പെട്ട അച്ചനെ ആദരിക്കുന്നതിനു അദ്ദേഹത്തെ സ്നേഹാശംസകള്‍ അറിയിക്കുവാനും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാനും നമ്മുടെ ഭദ്രാസനത്തിലെ എല്ലാ പള്ളികള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേക ചുമതലയുണ്ട്. അത് നിര്‍വഹിക്കുവാന്‍ എല്ലാവരും തയാറാകേണ്ടതുണ്ട്.

(പ്രദക്ഷിണം, പുസ്തകം 5 ലക്കം 1, 2005 ഏപ്രില്‍ 5)

Monday, 25 March 2024

പോരാടൂര്‍ ക്രിസ്ത്യാനികള്‍ | ടി. പി. ജോര്‍ജുകുട്ടി

പോരാടൂര്‍ ക്രിസ്ത്യാനികള്‍ തങ്ങളെപ്പറ്റിത്തന്നെ പ്രചരിപ്പിക്കുന്ന ഒരു രസികന്‍ നിരീക്ഷണമുണ്ട്. ഈ ഭൂമി മലയാളത്തിലെ ഒരു ചെറിയ പ്രദേശമാണ് പോരാടൂര്‍. ഓര്‍ത്തഡോക്സുകാരാണ് ഇവിടുത്തെ നിവാസികളിലേറെയും. തങ്ങളുടെ പൊതുസ്വഭാവത്തെപ്പറ്റിയുള്ള പോരാടൂര്‍ നിരീക്ഷണം ശ്രദ്ധിക്കുക. 

1. ഞായറാഴ്ചകളില്‍ പോത്തിറച്ചി വാങ്ങി ഭക്ഷിക്കുക.

2. തിരഞ്ഞെടുപ്പുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യുക.

3. മനോരമ പത്രം വരുത്തുകയും വായിക്കുകയും ചെയ്യുക.

4. പത്രത്തിലെ ചരമകോളം നോക്കി കഴിയുന്നത്ര സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുക. 

അടുത്തകാലംവരെ ഇതില്‍ യാതൊരുമാറ്റവും കൂടാതെ കാര്യങ്ങള്‍ നടന്നുവന്നു. എന്നാല്‍ ഇപ്പോള്‍ ആകെക്കൂടെയൊരുമാറ്റം കണ്ടും കേട്ടും തുടങ്ങിയിരിക്കുന്നു. ഈ സ്വഭാവസവിശേഷതകള്‍ പോരാടൂരുകാരുടേതു മാത്രമാണെന്നു കരുതേണ്ടതില്ല. കോട്ടയം ജില്ലയിലും പത്തനംതിട്ടയിലും കൊല്ലത്തും എറണാകുളത്തുമെല്ലാം പോരാടല്‍ ഊരായി (ജീവന്‍) കരുതുന്ന ഇങ്ങനെയുള്ളവര്‍ ധാരാളം താമസിച്ചു വരുന്നുണ്ടെന്ന് നമുക്കറിയാം. കേരളത്തിലെ പുത്തന്‍കൂറു നസ്രാണി സമുദായത്തിലെ അന്ത്യോഖ്യാ വിരുദ്ധരായ ഒരു സമുദായത്തെയാണ് നാമിവിടെ കാണുന്നത്. പുത്തന്‍കൂറ്റുകാരെന്ന പേരെങ്ങനെ വന്നുവെന്നു നോക്കുന്നതിനു മുമ്പേ പോരാടൂരുകാര്‍ക്ക് എന്തു മാറ്റമാണുണ്ടായതെന്നു നോക്കാം. 

പോരാടൂരുകാര്‍ പോത്തിറച്ചിയുടെ അളവ് കുറച്ചുകൊണ്ടുവരികയാണ്. ഒന്നാമത് നല്ല പോത്തിറച്ചി കിട്ടാനില്ല. രണ്ടാമതായി കൊളസ്ട്രോള്‍ എന്ന പിശാച് പൊതുവേ എല്ലാവരെയും പിടികൂടിയിട്ടുണ്ട്. മുമ്പുകാലത്ത് രാവന്തിയോളം കൃഷിഭൂമികളില്‍ പണിയെടുത്തിരുന്നവരുടെ അനന്തരതലമുറയ്ക്ക് അധ്വാനം കുറയുകയും ആഹാരം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി വന്നതാണ് ആ പിശാചുബാധ. എന്നാല്‍ കൈപ്പത്തി ചിഹ്നത്തോടുള്ള മമതയ്ക്കും കുറവുണ്ടായെങ്കില്‍ അതിന്‍റെ കാരണമെന്താണ്? 

രണ്ടും മൂന്നും നാലും കാര്യങ്ങളെ ഒന്നായിത്തന്നെ നമുക്കു വിലയിരുത്താം. കൈപ്പത്തി, കോണ്‍ഗ്രസ്, ചരമക്കോളം എന്നിവയാണല്ലോ അത്. കൈപ്പത്തി എന്നു പറയുന്നത് ശരിയല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നുകംവെച്ച കാളകള്‍ മരണയാത്രയില്‍ തങ്ങളുടെ ശരീരത്തോട് ചേര്‍ത്തുവച്ചിരിക്കണം എന്ന് വില്‍പത്രത്തിലെഴുതിയ കാരണവന്മാരും ഇവിടെ ഉണ്ടായിരുന്നു. കാളപ്പെട്ടി മുതല്‍ കൈപ്പത്തി ചിഹ്നംവരെ കോണ്‍ഗ്രസിന്‍റെ അടയാളവാക്യങ്ങള്‍ മനസ്സിന്‍റെ വികാരമായി സൂക്ഷിച്ചവര്‍. മനോരമ ഭക്തിയും ഇതോടൊപ്പം അവര്‍ സൂക്ഷിച്ചുവച്ചു. കെ. സി. മാമ്മന്‍ മാപ്പിളയ്ക്കും കെ. എം. ചെറിയാനും കാതോലിക്കാ ബാവായ്ക്ക് തൊട്ടുതാഴെയുള്ള സ്ഥാനം അവര്‍ വകവച്ചു കൊടുത്തിരുന്നു. മാത്തുക്കുട്ടിച്ചായന്‍റെ അവസാന കാലമായപ്പോള്‍ അതൊരു പടി താഴേയ്ക്കു പോന്നു. എന്നാല്‍ ഇപ്പോഴുള്ള പത്രാധിപന്മാരോട് ആ വികാരം അവര്‍ക്കില്ല എന്നതും സത്യം. 

ചുരുക്കത്തില്‍ പോരാടൂര്‍ സ്വഭാവത്തിന് ഉണ്ടായ മാറ്റം കാലത്തിന്‍റെ മാറ്റം കൂടിയാണ്. എന്നാല്‍ അതിലപ്പുറം ആ മാറ്റം ചില നിറങ്ങളുടെയും ചില കളികളുടെയും ചില കിളികളുടെയും മാറ്റമാണ്. നിറമെന്നാല്‍ കൊടിയുടെ നിറം. കളിയെന്നാല്‍  രാഷ്ട്രീയക്കാരുടെ കളി, കിളിയെന്നാല്‍ രാഷ്ട്രീയക്കാരുടെ ഇരകള്‍ കൊത്തി ജീവിക്കുന്ന കിളികള്‍. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന മധ്യതിരുവിതാംകൂര്‍ നസ്രാണി രാഷ്ട്രീയം ഇടതുപക്ഷ മുന്നണികള്‍ക്ക് സൃഷ്ടിക്കുന്ന അസൗകര്യം വളരെ വലുതായിരുന്നു. കേരളാ കോണ്‍ഗ്രസിനെ വളര്‍ത്തിയും പിളര്‍ത്തിയും തളര്‍ത്തിയും ഏറെക്കാലം ഇടതുപക്ഷക്കിളികള്‍ നടന്നെങ്കിലും ഒടുവില്‍ 'വന്ന വെള്ളം നിന്ന വെള്ളംകൂടി കൊണ്ടുപോകുന്ന' അവസ്ഥയായിരുന്നു ഇന്നലെ വരെ. അപ്പോഴാണ് 'നൂറ്റാണ്ടുവഴക്ക്' ഒരു വഴിക്കുമെത്താതെ വിലക്ഷണന്മാരുടെ കയ്യിലെ കെടാവിളക്കായി നിന്നു കത്തുന്നത് കോട്ടയത്തെ അച്ചന്‍ അച്ചായന്‍ ഇടതുപക്ഷം കാണുന്നത്. അച്ചനും കപ്യാരും കുറച്ച് അച്ചായന്മാരും കുറേക്കാലമായി കോട്ടയത്ത് ഇടതുപക്ഷ സോപ്പുതേച്ചു കുളിക്കാന്‍ തുടങ്ങിയിട്ട്. ഷാപ്പിലെ കറിയുടെ മണത്തിന്‍റെകൂടെ നല്ല ലബാനോന്‍ ദേവദാരു കൂടെ ഉണ്ടായാല്‍ അതിന്‍റെ സുഖമൊന്നുവേറെ. 

മാര്‍ത്തോമ്മായുടെ മക്കള്‍ മാര്‍ക്സിന്‍റെ മക്കളായെന്ന് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയില്‍ തോറ്റമ്പിയ കാരണവര്‍ പ്രസ്താവനയിറക്കി. മാടമ്പിയുടെ പ്രസ്താവന ന്യായമാണ്. പുതുശ്ശേരിക്ക് തിരുവല്ലായില്‍ സീറ്റ് കിട്ടാതിരുന്നത് ഓര്‍ത്തഡോക്സ് സഭയോടു കാണിച്ച അവഗണനയായി സഭാനേതൃത്വം പ്രചരിപ്പിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഭാനേതൃത്വത്തിലെ ഉന്നതരായ ഒരു നാല്‍വര്‍സംഘം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം. മാണിയെ നേരിട്ടു കണ്ട് തിരുവല്ല സീറ്റ് പുതുശ്ശേരിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നും അതിന്‍റെ ഫലമായാണ് 'പുതുശ്ശേരിവധം' ആട്ടക്കഥ വിരചിതമായതെന്നുമാണ് യാഥാര്‍ത്ഥ്യം. അവരുടെ ഉദ്ദേശ്യം നാലു കാശുള്ള സഭാസ്ഥാനിയുടെ ബന്ധുവിന് സീറ്റ് നല്‍കുകയെന്നതായിരുന്നു. അല്ലെങ്കിലും കല്യാണാലോചന വരുമ്പോഴും സീറ്റുധാരണ വരുമ്പോഴും നമുക്ക് ഓര്‍ത്തഡോക്സ് എന്നോ മാര്‍ത്തോമ്മാ എന്നോ വല്ല ഭേദവുമുണ്ടോ? 

എന്തായാലും നല്ലവനായ പുതുശ്ശേരിയെ സഭാനേതൃത്വത്തിലെ വല്ലഭന്മാര്‍ പുല്ലുപോലെ ഒതുക്കിക്കെട്ടി. ഒപ്പം ആ ചെലവില്‍ യു.ഡി.എഫ്. ന്‍റെ ഏതാനും സീറ്റുകളും നഷ്ടപ്പെടുത്തിക്കൊടുത്തു. അതിന്‍റെ പ്രതിഫലം വേണ്ടപ്പെട്ടവര്‍ വേണ്ടപ്പെട്ടവരോട് വേണ്ടവിധത്തില്‍ വാങ്ങിച്ചെടുത്തു. നമുക്കെന്തിന് കൊതിക്കെറുവ്? 

യഥാര്‍ത്ഥ ചരിത്രം

പുത്തന്‍കൂറ്റുകാരെന്നും പഴയകൂറ്റുകാരെന്നും സുറിയാനി ക്രിസ്ത്യാനികള്‍ പിരിയാനിടയായ ചരിത്രം 1653-ലെ കൂനന്‍കുരിശു മുതല്‍ തുടങ്ങുന്നതാണ്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ വച്ച് കത്തോലിക്കാ വിശ്വാസവും മാര്‍പാപ്പായുടെ ആധിപത്യവും കേരള ക്രിസ്ത്യാനികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. അതുവരെ ഇവിടെ നിലനിന്നത് നെസ്തോറിയന്‍ വിശ്വാസം ആയിരുന്നുവെങ്കിലും അവരുടെ ഭാഷ കല്‍ദയ സുറിയാനി ആയിരുന്നു. അതേ കല്‍ദയ സുറിയാനി റോമന്‍ ആധിപത്യത്തിലും തുടര്‍ന്നു. എന്നാല്‍ കൂനന്‍കുരിശില്‍ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചപ്പോള്‍ (കത്തോലിക്കാ വിശ്വാസത്തെയല്ല ജസ്യൂട്ട് പാതിരിമാരുടെ നേതൃത്വത്തെയാണ് തള്ളിക്കളഞ്ഞതെന്ന് കത്തോലിക്കാ വ്യാഖ്യാനം) മുതല്‍ ഇതര സഭകളുടെ സഹായം തേടിയ മലങ്കരസഭയ്ക്ക് ലഭ്യമായത് സിറിയയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കൈത്താങ്ങാണ്. 

1665-ല്‍ അന്ത്യോഖ്യന്‍ സഭയില്‍നിന്ന് മാര്‍ ഗ്രീഗോറിയോസ് മെത്രാന്‍ ഇവിടെയെത്തിയപ്പോള്‍ ആഹ്ലാദഭരിതരായ മാര്‍ത്തോമ്മായുടെ മക്കള്‍ അദ്ദേഹത്തെ ദൈവതുല്യമായി കണ്ടു. അദ്ദേഹം കൊണ്ടുവന്ന ഭാഷയും വേഷവും ആരാധനയും അകാരാദിയുമെല്ലാം നമ്മള്‍ അതേപടി സ്വീകരിച്ചു. അവരുടെ ഭാഷ പാശ്ചാത്യ സുറിയാനി ആയിരുന്നു. കല്‍ദയ സുറിയാനിയില്‍നിന്നും വ്യത്യസ്തമായ പാശ്ചാത്യസുറിയാനി സ്വീകരിച്ചവര്‍ അങ്ങനെ പുത്തന്‍കൂറ്റുകാരായി. നാലു പുത്തന്‍ കിട്ടുമ്പോള്‍ പഴമയെ ചവിട്ടിക്കളയാന്‍ ഇന്നും മടിയില്ലാത്ത നമ്മള്‍ പുത്തന്‍ പദമെടുത്ത് പുരപ്പുറത്ത് കെട്ടിത്തൂക്കി. ഈ പുത്തന്‍ പ്രേമം പുത്തന്‍കൂറ്റുകാര്‍ ഇന്നും കൈവിട്ടിട്ടില്ല. പുത്തനായൊരു ഉപദേശവുമായി ആരെവിടെ നിന്നെത്തിയാലും അവരുടെ കൂടെക്കൂടി പുത്തനുണ്ടാക്കാന്‍ ഇന്നും പുത്തന്‍കൂറ്റുകാര്‍ക്ക് മടിയില്ല. അങ്ങനെയാണ് ബ്രദറന്‍, ആംഗ്ലിക്കന്‍, നവീകരണ, യൂയോമയ, ശാബത്, യഹോവസാക്ഷി, രക്ഷാസൈന്യം തുടങ്ങി പഥ്യോപദേശപ്രസ്ഥാനം മുതല്‍ തങ്കൂപദേശ പ്രസ്ഥാനം വരെ എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് പുത്തന്‍കൂറ്റപ്പച്ചന്മാര്‍ വിലസുന്നത്. ഒപ്പം സഭയിലെ നല്ലൊരു പങ്ക് വിശ്വാസികളെയും അവര്‍ കൊണ്ടുപോയി. 1912-ല്‍ മുടക്കപ്പെട്ടവനെന്ന് യാക്കോബായക്കാരും തങ്കപ്പെട്ടവനെന്ന് ഓര്‍ത്തഡോക്സുകാരും വിളിക്കുന്ന അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചപ്പോള്‍ അതേ സമയത്തു തന്നെ കുക്ക് സായ്പ്പ് ഇവിടെ ആരംഭിച്ച കൈകൊട്ടിപ്പാട്ട് പ്രസ്ഥാനം പെന്തക്കോസ്തുസഭ എന്ന മഹാപ്രസ്ഥാനമായി വളരുകയും സഭയിലെ നല്ലൊരു പങ്ക് വിശ്വാസികള്‍ ക്രമേണ അവിടേയ്ക്ക് ചേക്കേറുകയും ചെയ്തു. 

നൂറു വര്‍ഷം കൊണ്ട് വക്കീലന്മാര്‍ക്ക് നൂറു തലമുറ ജീവിക്കാനുള്ള സ്വത്ത് സഭ സമ്പാദിച്ചു കൊടുത്തപ്പോള്‍ നൂറു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച എത്രയോ പ്രസ്ഥാനങ്ങളും സഭകളും നമ്മേക്കാള്‍ നൂറിരട്ടി വളര്‍ന്നുവെന്നത് നമ്മള്‍ കാണുന്നില്ല. 

മനോരമയിലെ അച്ചായന്മാരും സഭയും

ഓര്‍ത്തഡോക്സ് സഭയുടെ പ്രതിസന്ധികളെല്ലാം നേരിടുന്നതില്‍ മനോരമ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള നല്‍കിയ നേതൃത്വത്തെ ആര്‍ക്കും ഒരിക്കലും അവഗണിക്കാനാവില്ല. ഓര്‍ത്തഡോക്സ് സഭയുടെ അതായത് അന്നത്തെ മെത്രാന്‍ കക്ഷിയുടെ മുന്നണിപ്പോരാളി മാറ്റാരുമായിരുന്നില്ല. അന്ത്യോഖ്യന്‍ സഭയുടെ കടന്നുകയറ്റമായാണ് പാത്രിയര്‍ക്കീസുമാരുടെ നീക്കങ്ങളെ അദ്ദേഹം കണ്ടത്. വ്യക്തിപരമായി മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ തിരുമേനിയുമായി അല്‍പ്പം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉറച്ച പിന്തുണ നല്‍കി സഭയുടെ സ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമാക്കുവാന്‍ മാമ്മന്‍ മാപ്പിളയുടെ പ്രവര്‍ത്തനം മൂലം കഴിഞ്ഞു. കോട്ടയത്തും കോട്ടയത്തിനു തെക്കുമുള്ള പ്രദേശങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ശക്തമായ വേരോട്ടം ഉണ്ടാകാന്‍ മലയാള മനോരമയുടെ മെത്രാന്‍ കക്ഷിയുടെ അനുകൂല സമീപനമാണ് മുഖ്യപങ്കു വഹിച്ചത്. ഹൈക്കോടതിയില്‍ നിന്ന് എതിരായ വിധി വന്ന ഒരവസരത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയെപ്പോലും വിമര്‍ശിച്ചുകൊണ്ട് കോര്‍ട്ടലക്ഷ്യത്തിനു പുല്ലുവില നല്‍കി അദ്ദേഹം പ്രതികരിച്ച് ജനങ്ങളുടെ മനസ്സിന് ഉത്തേജനം നല്‍കിയതുകൊണ്ടാണ് നാണംകെട്ട ഒരു കീഴടങ്ങലില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം രക്ഷപെട്ടത് എന്ന വസ്തുത ചരിത്രത്താളുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 

മാമ്മന്‍ മാപ്പിളയ്ക്കു ശേഷം പത്രാധിപരായ കെ. എം. ചെറിയാന്‍ സമന്വയത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പാത പിന്തുടര്‍ന്നു. സഭയില്‍ നിലവില്‍ വന്ന സമാധാനത്തെ ശാശ്വതീകരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയുടെ കുറവാണ് ഇന്ന് സഭ നേരിടുന്നത്. 

മാത്തുക്കുട്ടിച്ചായന്‍റെ ദര്‍ശനം കെ. സി. മാമ്മന്‍ മാപ്പിളയുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. എന്നാല്‍ പുതിയ കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍ മൂലം പത്രം മുഖേനയുള്ള സഭാപ്രചരണത്തിന് അദ്ദേഹം തുനിഞ്ഞില്ല. പ്രൊഫഷണലിസത്തിനു അതിരുകവിഞ്ഞ പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന് ഒരു സമയത്തും പ്രൊഫഷണലുകളുടെ ഉപദേശം തള്ളുവാന്‍ കഴിയുമായിരുന്നില്ല. സഭയിലെ കേസ് നടത്തിപ്പില്‍ വലിയ പണച്ചെലവ് സ്വന്തം നിലയില്‍ ഏറ്റെടുക്കുവാന്‍ പലപ്പോഴും തയ്യാറായ അദ്ദേഹത്തിന് പക്ഷേ വക്കീലന്മാരുടെ തങ്ങളുടെ സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള വാദഗതികളെയും നീക്കങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോയി എന്നതാണു ആധുനിക മലങ്കര സഭാചരിത്രത്തെ പിന്നോട്ടടിക്കാന്‍ ഇടയാക്കിയ ഒരു ചരിത്രപരമായ വസ്തുത എന്നതു പറയാതിരിക്കാന്‍ വയ്യ. 

1995-ലെ സുപ്രീംകോടതി വിധിയ്ക്കുശേഷം അഭിവന്ദ്യ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി നടത്തിയ ദീര്‍ഘനാളത്തെ സഭാസമാധാന ചര്‍ച്ച ഒടുവില്‍ വിജയം കണ്ടതായിരുന്നു. സുപ്രീംകോടതിവിധിക്കും 1934-ലെ ഭരണഘടനയ്ക്കും വിധേയമായി പരസ്പരം സ്വീകരിക്കുന്നു എന്ന വ്യവസ്ഥ പാത്രിയര്‍ക്കീസ് ഭാഗം അംഗീകരിച്ച് എഴുതി നല്‍കിയത് കോട്ടയം ദേവലോകം അരമനയില്‍ വച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ആ വ്യവസ്ഥ സ്വീകാര്യമല്ല, സുപ്രീംകോടതിവിധി എന്നു പരാമര്‍ശിക്കാനാവില്ല എന്ന് ലഭിച്ച നിയമോപദേശമാണ് സഭാസമാധാനത്തെ ഒരു മരീചികയാക്കി മാറ്റിയത് എന്ന വസ്തുത പലര്‍ക്കും അറിയില്ലായിരിക്കാം. നിരാശനായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി വൈദിക സെമിനാരി ഉപേക്ഷിച്ച് ഡല്‍ഹിയിലെത്തുന്നതിനു മുമ്പ് സന്ദര്‍ശിച്ചത് മൂവാറ്റുപുഴയിലെ പൗലൂസ് ദ്വിതീയന്‍ ബാവായെ ആയിരുന്നു. അവരുടെ ആശയവിനിമയത്തെപ്പറ്റി രണ്ടുപേരും ഭൂമിയില്‍ ഇല്ലാത്ത ഇന്നത്തെ അവസ്ഥയില്‍ പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അതിനു തുനിയുന്നില്ല. 

ചുരുക്കത്തില്‍ തന്‍റെ പിതാവിനൊപ്പം, ഒരുപക്ഷേ അതിനേക്കാളുപരി മലങ്കരസഭയെ സ്നേഹിച്ച മഹാനായ കെ. എം. മാത്യുവിന് സഭയുടെ താല്‍പര്യമെന്ന് നിയമോപദേശകര്‍ പറഞ്ഞത് ഉത്തമവിശ്വാസത്തിലെടുത്തതുകൊണ്ട് സഭാസമാധാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു തുഴക്കാരനാകാന്‍ സാധിച്ചില്ല. അതിലപ്പുറം സ്വന്തം പ്രസ്ഥാനത്തിന് സഭാസമാധാനം എത്രയോ തലവേദനകള്‍ ഒഴിവാക്കുവാന്‍ ഇടനല്‍കുമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചില്ല. താന്‍ ഏറെ സ്നേഹിക്കുന്ന ജനാധിപത്യപ്രസ്ഥാനത്തിനും അതിന്‍റെ നായകനായ തന്‍റെ ശിഷ്യനും സഭാസമാധാനം നല്‍കുമായിരുന്ന യഥാര്‍ത്ഥ സമാധാനത്തെപ്പറ്റിയുള്ള ചിന്തയും സഭയുടെ ഉത്തമ താല്‍പര്യത്തെപ്പറ്റിയുള്ള നിഗമനം മൂലം അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. 

ചിലപ്പോഴെങ്കിലും നാം പ്രൊഫഷണലുകളെ മറ്റ് രീതിയിലും മനസ്സിലാക്കണം. അവര്‍ യഥാര്‍ത്ഥത്തില്‍ പ്രൊഫഷണലായതുകൊണ്ട് പൊന്മുട്ടയിടുന്ന താറാവിനെ കൈമാറാനോ കൊല്ലാനോ അവര്‍ തയ്യാറാവുകയില്ല. അത് സഭ എന്ന പൊന്മുട്ടയിടുന്ന താറാവിനെ അവര്‍ കൈവിട്ടില്ലായെങ്കിലും താറാവ് അവരെ കൈവിട്ടത് സമീപകാല ചരിത്രം. 

നമ്മള്‍ പറഞ്ഞു തുടങ്ങിയത് പോരാടൂരുകാരുടെ സ്വഭാവ സവിശേഷതകളെപ്പറ്റിയാണല്ലോ. ഇപ്പോഴും പോരാടൂരുകാര്‍ മനോരമയെ കൈവിട്ടില്ലായെങ്കിലും സഭയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം മനോരമക്കാരാണെന്ന് ഇടയ്ക്കിടെ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന് അല്ലാതെ വോട്ടുചെയ്തിട്ടില്ലായെങ്കിലും കോലഞ്ചേരിക്കേസിലും മറ്റും ഗവണ്മെന്‍റ് സഭയെ സഹായിച്ചില്ല എന്ന ചിന്ത അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നവരെ അവര്‍ കേള്‍ക്കുന്നുണ്ട്. ചരമക്കോളം വായിച്ച് ശവമടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും എതിര്‍കക്ഷി തിരുമേനിമാരുടെ കൈ മുത്താന്‍ താല്പര്യമില്ലാത്തതുകൊണ്ട് പള്ളിയിലേക്കുള്ള പോക്ക് കുറച്ച് വീട്ടില്‍പോയി മൃതദേഹം കണ്ടുപോരുന്ന രീതിയും ഉണ്ടായി വരുന്നു. 

കുഞ്ഞോമ്മാച്ചന്‍റെ കുരിശുവര

ഇത്രയും വായിച്ചപ്പോള്‍ പോരാടൂര്‍ക്കാരന്‍ കുഞ്ഞോമ്മാച്ചന്‍ ഒരു ചോദ്യം: "നീ ഞങ്ങളുടെ ചെലവില്‍ ഇത്രയും എഴുതി. കൊള്ളാം. പക്ഷേ എന്താണിതിന്‍റെ ഗുണപാഠം?" 

അല്പം സമയം മെനക്കെടുത്തിയാല്‍ അതിന്‍റെ എന്തെങ്കിലും 'ഗുണം' കിട്ടണമെന്നു നിര്‍ബന്ധമുള്ള പോരാടൂര്‍കാരന്‍ ഗുണപാഠം കൊണ്ടേ പോകൂ എന്നു മനസ്സിലായി. 

അപ്പച്ചാ, മുമ്പു കാലത്ത് അതാത് കാലത്തിന്‍റെ സന്ദര്‍ഭവും സമ്മര്‍ദ്ദവും അനുസരിച്ച് അന്നത്തെ ആളുകള്‍ എടുത്ത തീരുമാനങ്ങള്‍ ഇന്നും വള്ളിപുള്ളി കൂടാതെ പിന്മുറക്കാരും പിന്തുടരേണ്ട ആവശ്യമില്ല എന്നത് ഒന്നാം പാഠം. അന്ത്യോഖ്യയോട് അന്ധമായ ഭക്തിയോ അന്തംവിട്ട വിരോധമോ ഇന്ന് ആവശ്യമില്ല. അന്ത്യോഖ്യന്‍ സിംഹാസനം ഒടുവില്‍ ഉറയ്ക്കാന്‍ പോകുന്നത് മലങ്കരയിലെ മണ്ണില്‍ തന്നെ ആയിരിക്കും. കാരണം സുറിയാനിക്കാര്‍ എന്ന് അന്തസ്സോടെയും അഭിമാനത്തോടെയും പറയാവുന്ന സാഹചര്യം ഈ ഭൂമി മലയാളത്തില്‍ മാത്രമേ ഉള്ളൂ. രണ്ടാമത്തെ പാഠം പിള്ളേച്ചനും വെള്ളാപ്പള്ളിയും കൂടെ പഠിപ്പിക്കുന്ന പാഠം തന്നെ. ഭിന്നിച്ചു നിന്നാല്‍ എല്ലാം 'പച്ച'യ്ക്കു പോകുമെന്ന് മനസ്സിലായവര്‍ വൈരാഗ്യം മറന്നു. നമ്മുടെ അവസ്ഥയും ഭിന്നമല്ല. ഒരു വശത്ത് വിരുന്നുകാരും മരുന്നുകാരും. വേറൊരു വശത്ത് റീത്തുകാരും കുത്തുകാരും. ഇവര്‍ക്കെല്ലാം വേണ്ടത് സുറിയാനിക്കാരുടെ ചോരയും നീരും. അതുകൊണ്ട് അനാവശ്യമായ പോര് നിര്‍ത്തി ചോരയെ തിരിച്ചറിയാനുള്ള സമയം തീരുന്നു. 

"ആമേന്‍." കുഞ്ഞോമ്മാച്ചന്‍ കുരിശുവരച്ചു. 

(നസ്രാണി ഐക്യസംഘം പ്രസിദ്ധീകരിച്ച നസ്രാണി വിചാരം, പുസ്തകം 2, ലക്കം 1, സെപ്റ്റംബര്‍ 2012)

Wednesday, 27 December 2023

മനുഷ്യപുത്രന്‍ | ടി. പി. ജോര്‍ജുകുട്ടി


അവര്‍ പറഞ്ഞു: അദ്ദേഹം അദ്ഭുത പുരുഷനാണ് അല്ലെങ്കില്‍ ഇങ്ങനെ ഒരേസമയം രാജ്യം മുഴുവനും ഒപ്പം തന്‍റെ കര്‍മ്മമണ്ഡലത്തിലും നിറഞ്ഞു നില്‍ക്കുന്നതെങ്ങനെ?

ഞങ്ങള്‍ പറഞ്ഞു: അല്ല. അദ്ദേഹം അദ്ഭുത പുരുഷനല്ല. ഞങ്ങളെപ്പോലെ ഞങ്ങള്‍ക്കൊപ്പമുള്ള സാധാരണ മനുഷ്യനാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രവൃത്തിയിലുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ ഓരോ നിമിഷവും ജനമദ്ധ്യത്തില്‍ നിലനിര്‍ത്തുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം അത്യുന്നതനായ ഭരണാധികാരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ പിഴവുകളില്ലാത്ത തീരുമാനങ്ങളിലൂടെ ഈ നാടിനെയും പ്രസ്ഥാനത്തെയും ശരിയായ പന്ഥാവിലൂടെ നയിക്കുന്നതെങ്ങനെ? 

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം അത്യുന്നതങ്ങളില്‍ നിലകൊള്ളുന്നവനല്ല. എപ്പോഴും ഞങ്ങള്‍ക്കൊപ്പമുള്ള കൂട്ടാളിയാണ്. ഞങ്ങളുടെ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുവാന്‍, വീണുപോകുന്നവരുടെ മുറിവുകളില്‍ എണ്ണ പകരുവാന്‍, കുഴഞ്ഞു വീഴുന്നവര്‍ക്ക് താങ്ങായി നില്‍ക്കുവാന്‍ വേര്‍പാടിന്‍റെ വേദനയില്‍ ആശ്വാസം പകരുവാന്‍ അദ്ദേഹം എപ്പോഴും കൂടെ ഉണ്ടല്ലോ. ഞങ്ങളുടെ പ്രാര്‍ത്ഥനയാണ് ശരിയായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു കരുത്തു പകരുന്നത്. ഞങ്ങള്‍ക്കൊപ്പം നടന്നു നേടിയ അനുഭവസമ്പത്താണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം സ്വന്തത്തിനും ബന്ധത്തിനും പരിഗണന കൊടുക്കാത്തവനാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ധനമോഹികളായ സ്വാര്‍ത്ഥ മനുഷ്യരുടെ കൊടിയ വൈരാഗ്യത്തിനു അദ്ദേഹം ഇരയാവുന്നത്. 

ഞങ്ങള്‍ പറഞ്ഞു: അല്ല. അതു ശരിയല്ല. തന്‍റെ സ്വന്തം ആളുകള്‍ക്ക് അദ്ദേഹം എന്തു പരിഗണനയും നല്‍കുന്നവനാണ്. തലചായ്ക്കാനിടം നല്‍കിയ ആയിരങ്ങള്‍ അദ്ദേഹത്തിന്‍റെ ആരാണ്? രോഗത്തിന്‍റെയും ദുരിതത്തിന്‍റെയും വേദനയില്‍ സാന്ത്വനത്തിന്‍റെയും ഔഷധത്തിന്‍റെയും രൂപത്തില്‍ ചെന്നുനിന്ന് കണ്ണീരൊപ്പിയ ആയിരങ്ങള്‍ അദ്ദേഹത്തിന് ആരാണ്? ആരുടെ കുട്ടികള്‍ക്കാണ് അദ്ദേഹം പഠനസൗകര്യമൊരുക്കുന്നത്? ആര്‍ക്ക് തൊഴില്‍ നല്‍കാനാണ് അദ്ദേഹം രാപകല്‍ എഴുതുകയും പറയുകയും ചെയ്യുന്നത്? ഇവരെല്ലാം അദ്ദേഹത്തിന്‍റെ സ്വന്തക്കാരും ബന്ധുക്കളുമല്ലേ? ദുര്‍മോഹങ്ങളുമായി വരുന്നവരൊക്കെയും നിരാശരായി മടങ്ങുന്നു. അന്തരീക്ഷത്തെ വിഷലിപ്തമാക്കാനുള്ള അവരുടെ പുറപ്പാടുകള്‍, ആ കരുതലിന്‍റെ ആഴമറിഞ്ഞ ആയിരങ്ങളുടെ സ്നേഹം ചാലിച്ച അഗ്നിയില്‍ ചാമ്പലാവുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അവര്‍ പറഞ്ഞു: അദ്ദേഹം വിമര്‍ശനങ്ങളില്‍ പതറാത്ത കഠിനഹൃദയനാണ്. അല്ലെങ്കില്‍ എങ്ങനെയാണ് കഠിന വിമര്‍ശനങ്ങളെയും ഭര്‍ത്സനങ്ങളെയും ഭാവവ്യത്യാസം കൂടാതെ നേരിടുന്നത്? 

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം പരിഭവങ്ങളില്‍ മനം നോവുന്ന ലോലഹൃദയനാണ്. എന്നാല്‍ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തെ ഒന്നും ചെയ്യാനാവില്ല. പക്ഷേ, കൂടെനിന്നു കരം പിടിക്കേണ്ടവര്‍ എറിയാനുള്ള കല്ലുമായി മുന്നിലും പിന്നിലും പതുങ്ങിനില്‍ക്കുന്ന കാഴ്ചയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ആയിരം കരങ്ങള്‍ ആ കണ്ണീര്‍ തുടയ്ക്കാനായി ഉയരുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അവര്‍ പറഞ്ഞു: അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശാലിയാണ്. അല്ലെങ്കില്‍ എങ്ങനെയാണ് ആയിരങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത്? 

ഞങ്ങള്‍ പറഞ്ഞു: അല്ല അതു ശരിയല്ല. അദ്ദേഹം നിസ്സഹായനായ മനുഷ്യന്‍റെ വേദനയകറ്റാന്‍ ഏതു പരിധിവരെയും വിട്ടുവീഴ്ച ചെയ്യുന്ന അലിവിന്‍റെ മനുഷ്യനാണ്. എന്നാല്‍ സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും വിഷവിത്തുകള്‍ മുളപ്പിക്കാനുള്ള ഏത് ശ്രമത്തെയും അദ്ദേഹം തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യും. 

അവര്‍ പറഞ്ഞു: അദ്ദേഹം തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ്. അല്ലെങ്കില്‍ സ്ഥാനങ്ങള്‍ അദ്ദേഹത്തെ ഇങ്ങനെ തേടിവരുന്നതെങ്ങനെ?

ഞങ്ങള്‍ പറഞ്ഞു: അല്ല, അദ്ദേഹം തന്ത്രങ്ങള്‍ മെനയുന്ന ധിഷണാശാലിയല്ല. കാര്യങ്ങള്‍ ഋജുവായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേരിന്‍റെ മനുഷ്യനാണദ്ദേഹം. കൂടെ നില്‍ക്കുന്നവരെപ്പറ്റിയും നാടിനുവേണ്ടി ചെയ്യാനുള്ളവയെപ്പറ്റിയും മാത്രം ചിന്തിക്കുന്ന ആ വ്യക്തിത്വത്തെ മുന്നോട്ടുള്ള പാതയില്‍ തടസ്സപ്പെടുത്തുവാന്‍ ഒരു കുടിലതന്ത്രത്തിനും കഴിയില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ തേടാത്ത അദ്ദേഹത്തെ ചുമതലകള്‍ തേടി എത്തുന്നത്. 

അവര്‍ പറഞ്ഞു: അദ്ദേഹം യഥാര്‍ത്ഥ മനുഷ്യപുത്രനാണ്. 

ഞങ്ങള്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതു ശരിയാണ്. മനുഷ്യത്വത്തിന്‍റെ ആള്‍രൂപമായി നമ്മുടെ ഇടയില്‍ പിറക്കുകയും നമ്മോടൊപ്പം ജീവിക്കുകയും നമ്മെ നേരായ ദിശയിലേക്കു നയിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മനുഷ്യപുത്രനാണദ്ദേഹം. 

അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഈ മനുഷ്യപുത്രനെ ഏശുകയില്ല. നേരായ മനസ്സോടെ കറപുരളാത്ത വ്യക്തിത്വത്തോടെ ദൃഢമായ മനസ്സാക്ഷിയോടെ കരുത്തുള്ള ആത്മാവോടെ ആ മനുഷ്യപുത്രന്‍ നമ്മെ നയിക്കാന്‍ കൂടെയുണ്ട്. നമുക്ക് ഒരുമിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കാം. അകലെ നിന്ന് ആരാധനയോടെ നോക്കുന്നവര്‍ നിങ്ങള്‍. അടുത്തുനിന്ന് ആ ഹൃദയം തൊട്ടറിഞ്ഞവര്‍ ഞങ്ങള്‍.

(മനനം, 2009 ഫെബ്രുവരി)

Thursday, 16 November 2023

തീര്‍ത്ഥാടനം എന്ത്? എന്തിന്? | ജോര്‍ജുകുട്ടി ടി. പി. തറക്കുന്നേല്‍

തീര്‍ത്ഥാടനം എന്ന വാക്ക് നമുക്ക് വളരെ പരിചിതമാണ്. തീര്‍ത്ഥത്തിനു വേണ്ടിയുള്ള ആടനം-യാത്ര എന്നാണതിന്‍റെ വാച്യാര്‍ത്ഥം. തരണം ചെയ്യുക എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന തരണ്‍ എന്ന സംസ്കൃത ധാതുവാണ് മൂലപദം. പ്രാചീനഭാരതത്തില്‍ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ഉപദേശങ്ങള്‍ക്കായി രാജാക്കന്മാരും മറ്റും മഹാഗുരുക്കന്മാരുടെ ഉപദേശം തേടിയിരുന്നു. ഇത്തരം ഗുരുക്കന്മാരുടെ പര്‍ണശാലകള്‍ നദീതീരത്തോടു ബന്ധപ്പെട്ടായിരുന്നു സ്ഥിതിചെയ്തിരുന്നത്. അങ്ങനെയാണ് തീര്‍ത്ഥം എന്ന വാക്ക് ഉണ്ടായത്. തീര്‍ത്ഥം പിന്നീട് ഒരു പ്രതീകമായി മാറി. അങ്ങനെയാണ് തീര്‍ത്ഥജലം ഉണ്ടാവുന്നത്. 

ഇന്നത്തെ നമ്മുടെ തീര്‍ത്ഥയാത്രകളും പ്രശ്നപരിഹാരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വിശുദ്ധരുടെ പ്രാര്‍ത്ഥന നമുക്ക് തീര്‍ത്ഥമായി അനുഭവപ്പെടുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള പദയാത്രകള്‍ വ്യക്തികള്‍ക്കും ഇടവകകള്‍ക്കും ആദ്ധ്യാത്മിക ചൈതന്യം പകരുന്നതായി നമുക്ക് അറിയാം. തീര്‍ത്ഥയാത്രകളുടെ പ്രസക്തി തീര്‍ച്ചയായും അനുഭവങ്ങളുടെ തലത്തിലുള്ളതാണ്. പരുമലയിലേക്കും മഞ്ഞിനിക്കരയിലേക്കും മറ്റും കിലോമീറ്ററുകള്‍ താണ്ടി പദയാത്ര നടത്തുന്നവരെ പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരും ഈ അനുഭവം ഇല്ലാത്തവരാണ്. തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം തീര്‍ത്ഥാടനം തന്നെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ത്ഥയാത്ര പുറപ്പെടാന്‍ തീരുമാനിക്കുന്നതു മുതലുള്ള ഓരോ അനുഭവവും തീര്‍ത്ഥാടനം തന്നെയാണ്. ലക്ഷ്യസ്ഥാനത്തെത്തി കുറച്ചുനേരം പ്രാര്‍ത്ഥിക്കുന്നതു മാത്രമല്ല തീര്‍ത്ഥാടനം. അത് ഒരേസമയം സാക്ഷ്യവും പ്രഖ്യാപനവുമാണ്. പരുമലയിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന ഒരു വ്യക്തി ഒരു നൂറ്റാണ്ടു മുമ്പ് ഇവിടെ ജീവിച്ചിരുന്ന ഉന്നതമായ ഒരു വ്യക്തിത്വത്തെ ലോകത്തിനു സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൈവത്തോടു ചേരുന്ന വിശുദ്ധന്മാരുടെ ഉന്നതമായ അവസ്ഥയെപ്പറ്റിയുള്ള പ്രഖ്യാപനം കൂടി ആണത്. വിശുദ്ധന്മാരുടെ ആ അവസ്ഥയോട് പങ്കുപറ്റുവാനുള്ള വിശ്വാസികളുടെ ശ്രമമാണ് അവര്‍ക്ക് അനുഭവങ്ങള്‍ നല്‍കുന്നത്. നമ്മുടെ പരിശ്രമത്തിന്‍റെ ആത്മാര്‍ത്ഥതയും തീക്ഷ്ണതയും അനുസരിച്ചുള്ള ഫലം ഓരോരുത്തര്‍ക്കും ലഭിക്കുന്നു. 

വയലത്തലയിലേക്ക് എത്തുന്ന കോത്തലപ്പള്ളിയിലെ വിശ്വാസികളെയും ഭരിക്കുന്നത് ഈ വികാര വിചാരങ്ങള്‍ തന്നെയാണ്. അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ഇടവകയെ ശുശ്രൂഷിച്ച ഒരു വൈദികന്‍റെ ഓര്‍മ്മ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ലാത്തവരുടെ മനസ്സുകളിലേക്കു കൂടി പ്രകാശം പരത്തുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ദൈവിക ശുശ്രൂഷചെയ്ത ഒരു പുരോഹിതന്‍റെ ആ ജീവിത വിശുദ്ധിയുടെയും ദൈവോന്മുഖതയുടെയും പ്രഖ്യാപനമാണ് ഈ തീര്‍ത്ഥാടനത്തിലൂടെ നമ്മള്‍ നടത്തുന്നത്. 

തീര്‍ത്ഥാടനങ്ങള്‍ പലപ്പോഴും മദ്ധ്യസ്ഥപ്രാര്‍ത്ഥന മാത്രമായി പരിഗണിക്കപ്പെടാറുണ്ട്. മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നാല്‍ ജീവനോടിരിക്കുന്നവരും വാങ്ങിപ്പോയവരും തമ്മിലുള്ള കൂട്ടായ്മയാണ്. ജീവനോടിരിക്കുന്നവര്‍ തമ്മില്‍തമ്മില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക പ്രസ്ഥാനങ്ങള്‍ വാങ്ങിപ്പോയവരുടെ മദ്ധ്യസ്ഥതയെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാറുണ്ട്. ഏക മദ്ധ്യസ്ഥന്‍ ക്രിസ്തുവായതിനാല്‍ മറ്റ് മദ്ധ്യസ്ഥര്‍ പാടില്ല എന്ന് പറയുന്നവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണെന്ന് മനസ്സിലാക്കുന്നില്ല. വാങ്ങിപ്പോകുന്നവര്‍ ദൈവസംസര്‍ഗ്ഗത്തിലാണെന്ന് അംഗീകരിക്കാത്തവര്‍ ക്രിസ്ത്യാനികളല്ല എന്നതാണ് വസ്തുത. തനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണെന്നു പൗലോസ് അപ്പോസ്തോലന്‍ പറഞ്ഞിരിക്കുന്നത് വാങ്ങിപ്പോയാല്‍ ക്രിസ്തുവിനോടുകൂടി ഇരിക്കാം എന്ന വിശ്വാസത്തിലും പ്രത്യാശയിലുമാണല്ലോ. ദൈവസംസര്‍ഗ്ഗത്തില്‍ കഴിയുന്നവരുമായുള്ള നമ്മുടെ കൂട്ടായ്മയാണ് വാങ്ങിപ്പോയവരുടെ മദ്ധ്യസ്ഥത. ലോകത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന ക്രിസ്തു വഹിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യസ്ഥതയെ ഈ കൂട്ടായ്മയുമായി ബന്ധപ്പെടുത്തി പ്രസംഗിക്കുവാന്‍ ഇടയാകുന്നത് മദ്ധ്യസ്ഥത എന്ന വാക്കിന്‍റെ പരിമിതിയെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഒപ്പം ഒരു സന്ദേശം അവിടെ ഉള്‍ക്കൊള്ളാനുണ്ട് എന്നത് വിസ്മരിക്കാനുമാവില്ല. വാങ്ങിപ്പോയവരുടെ ഓര്‍മ്മയും പ്രാര്‍ത്ഥനയും നമുക്ക് അനുഗ്രഹകരമാവുന്നത് അവരുടെ ജീവിതവിശുദ്ധിയും മാര്‍ഗദര്‍ശിത്വവും നാം സ്വീകരിക്കുമ്പോള്‍ മാത്രമാണെന്നത് നമ്മള്‍ മറക്കാന്‍ പാടില്ല. അതിനുപകരം കേവലമായ പദാര്‍ത്ഥങ്ങളോടും അടയാളങ്ങളോടുമുള്ള യുക്തിഹീനമായ ഭക്തിയായി മാറുമ്പോള്‍ അത് അപഹാസ്യമായിത്തീരാറുണ്ട്. അത് നമ്മുടെ സാക്ഷ്യത്തെയും ദര്‍ശനത്തെയും വഴിതെറ്റിക്കാനും ഇടയാക്കാറുണ്ട്. 

ഏതൊരു തീര്‍ത്ഥാടനവും ഏതൊരു പ്രാര്‍ത്ഥനയും സഫലമാവുന്നത് അത് നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന അനുഭൂതികള്‍ക്കും അനുഭവങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ബലവും വചനത്തിന്‍റെ പരിമളവും നല്‍കുമ്പോഴാണ് എന്ന യാഥാര്‍ത്ഥ്യം എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവേണ്ടതുണ്ട്.

Friday, 6 October 2023

നഷ്ടമായ ഒരു "കുട്ടിച്ചൻ" കാലം


അധികാരവും പദവിയും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന് ജനഹൃദയങ്ങളിലേക്ക് എങ്ങനെ ആഴ്ന്നിറങ്ങാമെന്നതിന്റെ നേർചിത്രമായിരുന്നു റ്റി.പി. ജോർജുകുട്ടിയെന്ന മനുഷ്യൻ.ബാല കൗമാര യൗവ്വന ഭേദമന്യേ എല്ലാർക്കും പ്രിയങ്കരനായ കുട്ടിച്ചൻ...അക്ഷരക്കൂട്ടങ്ങളോടുള്ള അദമ്യമായ പ്രണയം-രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക, സാഹിത്യ, കാർഷിക, ശാസ്ത്ര... മേഖലകളിലെല്ലാം കുട്ടിച്ചൻ ഒരിടം നേടിയിരുന്നു. തികച്ചും ശൂന്യതയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കുവാനും ആ അവസരങ്ങളിൽ മറ്റുള്ളവരെ എത്തിക്കുവാനുമാണ് കുട്ടിച്ചൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നത്.ബാല സംഘങ്ങൾ മുതൽ വയോജന സദസ്സുകൾ വരെ ആ വാക്കുകൾക്ക് കിട്ടിയിരുന്ന സ്വീകാര്യത ആശ്ചര്യജനകമായിരുന്നു.പണം സമ്പാദിക്കുകയോ, ലാഭം ഉണ്ടാക്കുകയോ കുട്ടിച്ചന്റെ ലക്ഷ്യമായിരുന്നില്ല. പുസ്തക പ്രസാധനത്തിലും വിൽപനയിലുമൊക്കെത്തന്നെ നിരവധി തിരിച്ചടികൾ ഉണ്ടായപ്പോഴും കൂടെ നിന്നവരെ ഉപേക്ഷിക്കാതെ ചേർത്തു പിടിക്കുവാൻ എത്ര കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരു നല്ല ഭക്ഷണത്തിനോ,വസ്ത്രത്തിനോ,യാത്രയ്ക്കോവേണ്ടിപ്പോലും അമിതമായി പണം വ്യയം ചെയ്യാതിരുന്ന കുട്ടിച്ചൻ മറ്റുള്ളവർക്കു വേണ്ടി ബാദ്ധ്യതകൾ ഏറ്റെടുത്തു.വഞ്ചനയും ,ചൂഷണവും,കാപട്യവുമറിയാത്ത ആ ശുദ്ധമനസ്കനെ പലരും കബളിപ്പിച്ചിട്ടുണ്ട്. .അപ്പോഴും -അവരോട് കലഹിക്കുവാനോ കോപിക്കുവാനോ ശ്രമിക്കാതെ അനുഭാവപൂർവ്വം ഇടപെടുവാൻ കഴിഞ്ഞത് കുട്ടിച്ചന് മാത്രം സാധിക്കുന്ന ഒരു സിദ്ധിവിശേഷം തന്നെ .

എന്നെ സംബന്ധിച്ച്-ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പിറവിയിലും വളർച്ചയിലും എല്ലാം കുട്ടിച്ചൻ നൽകിയ പിന്തുണ, കരുത്ത്, ദർശനങ്ങൾ... ഒക്കെ വളരെ വലുതാണ്.പി .ജി.പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ എന്നെക്കൊണ്ട് ഒരു അക്കാദമിക് പുസ്തകം എഴുതിക്കുവാൻ അദ്ദേഹം കാട്ടിയ തന്റേടത്തിന് മുൻപിൽ ശിരസ്സ് നമിക്കട്ടെ.പിന്നീടുള്ള നാളുകളിൽ ... എന്റെ സുഹൃത്ത്,മാർഗ്ഗദർശി,വൈജ്ഞാനികതയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ ഗുരുസ്ഥാനീയൻ ,പതിയെ ...പതിയെ എന്റെ രക്ത ബന്ധത്തെക്കാൾ ഉടും പാവും ചേർന്ന ജ്യേഷ്ഠസഹോദരൻ...പിന്നെയും ആരെല്ലാമോ....എന്തെല്ലാമോ...

പ്രിയപ്പെട്ട കുട്ടിച്ചാ,നിങ്ങൾ ഇല്ലായെന്ന് അത്രവേഗമൊന്നും അംഗീകരിച്ചു കൊടുക്കുവാൻ മനസ്സ് തയ്യാറാവുന്നില്ലല്ലോ.നമ്മുടെ സൗഹൃദ കൂട്ടങ്ങളിൽ ...രണ്ട് മൂന്ന് പേർ കൂടി നിൽക്കുന്ന ഇടങ്ങളിൽ... പെട്ടെന്ന് കടന്നുവന്ന് നർമ്മത്തിന്റെയോ,വിവാദത്തിന്റെയോ,ധൈഷ്ണതികതയുടെയോ ചെറു വാക്കുകൾ കോറിയിട്ട്... നിമിഷാർദ്ധം കൊണ്ട് ഊളിയിട്ട് നടന്നകലുന്ന നിങ്ങളുടെ പതിവ് ശൈലിയുണ്ടല്ലോ കുട്ടിച്ചാ...

ഈ യാത്രയും അങ്ങനെയാണെന്ന് വിശ്വസിച്ചോട്ടെ... ഹൃദ്യമായ യാത്രാമംഗളങ്ങളോടെ

- ജേക്കബ് പാത്തിങ്കൻ

നെഞ്ചിലെ ഘനശ്യാമം

 


പെയ്തുതീരാത്ത ഘനശ്യാമത്തിന്റെ ഒരുതുണ്ട് ഓരോ മനുഷ്യനും നെഞ്ചിലൊളിപ്പിച്ചു വെച്ചിട്ടുണ്ടാവും. അപൂർവ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങൾക്കു മുമ്പിൽ മാത്രം അതു കണ്ണീർമഴയായി പെയ്തിറങ്ങുന്നുണ്ടാവും. എന്റെ മുമ്പിൽ ഇങ്ങനെ കരയരുത് എന്നു വിലക്കിയ ഒരാളോട് അപരൻ പറഞ്ഞു: "എന്റെ കണ്ണീർ ഗൗരവമായി എടുക്കാൻ ഒരാളുണ്ടെന്ന അറിവ്, അതാണെന്നെ കരയിപ്പിക്കുക. അത്തരം ഒരാൾ ഇല്ലാതെ വരുമ്പോൾ എന്റെ മിഴിയിനി നനയില്ല. സാരമില്ലായെന്നു പറഞ്ഞുയർത്തി സാന്ത്വനിപ്പിക്കാനാരുമില്ലാത്ത ഒരനാഥനാണു താനെന്ന് അറിഞ്ഞ കുഞ്ഞ് നിലത്തുവീണാൽ കരയില്ലെന്ന് നിനക്കറിഞ്ഞു കൂടേ."

ഫാ. ബോബി ജോസ് കട്ടികാട്. സഞ്ചാരിയുടെ ദൈവം.

പ്രിയപ്പെട്ട കുട്ടിച്ചൻ്റെ അകാലത്തിലെ യാത്രപറച്ചിലുണ്ടാക്കിയിരിക്കുന്ന ശൂന്യത വാക്കുകൾക്കതീതമാണ്. അടുത്തിടപെടുന്ന ഒരോ ചെറുപ്പക്കാരനെയും വിശാലമായ ആകാശം കാണാനുള്ള നക്ഷത്രമാക്കി പരിവർത്തിപ്പിക്കുക എന്ന ദൗത്യം ജീവിത വ്രതമാക്കിയിരിയിക്കുകയായിരുന്നു കുട്ടിച്ചനെന്നു കുട്ടിച്ചനെ അടുത്തിടപ്പെട്ട ഓരോരുത്തരുടെയും ജീവിത സാക്ഷ്യം തന്നെയാണ്.

സമൂഹമത്സരക്രമത്തിൽ തോറ്റുു പോകുന്നവനെയും, പിന്തള്ളപ്പെടുന്നനവനയും ചേർത്തു നിറുത്തി അശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ തന്നെത്തന്നെ മറന്നു കൊണ്ട് അക്ഷരാർത്ഥത്തിൽ നിസ്വാർത്ഥ സേവനം ചെയ്യുകയായിരുന്നു കുട്ടിച്ചൻ.

കോത്തല യുവജന പ്രസ്ഥാനത്തിന് മലങ്കര സഭയിൽ വത്യസ്തമായ ഒരു ലേബൽ ഉണ്ടാക്കുന്നതിൽ 'പ്രദക്ഷിണത്തിലൂടെയും ' 'കുരുത്തോലയിലൂടെയും ' സാധിച്ചതിൻ്റെ പിന്നിൽ പുസ്തകങ്ങളെ സ്നേഹിച്ച പ്രസാധകനായ കുട്ടിച്ചൻ തന്നെയായിരുന്നു.

ഒരിക്കലും നേതാവ് ചമയാൻ ആഗ്രഹിക്കാതെ പിന്നിൽ നിന്നു അനേകരെ പ്രചോദിപ്പിച്ച പ്രിയ കുട്ടിച്ചാ അങ്ങിടപെടാത്ത മേഖലകൾ വിരളമല്ലേ?

പ്രിയ സൗമ്യ സാനിധ്യമേ ഇനി ഞാൻ എവിടെ തിരയേണ്ടു.?

വിശ്വസിക്കാനുകുന്നില്ല.

- Philipose Kothala

ഓര്‍മ്മയിലെ 'രവി'



ഒത്തിരി പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി. ചങ്ങനാശേരി മെയിൻ പോസ്റ്റ് ഓഫിസിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന ബുക്ക് വേവിന്റെ ഉടമ കുട്ടിച്ചനെന്ന ടി. പി. ജോർജുകുട്ടിയെ.

ലോകത്തെക്കുറിച്ച് പ്രത്യേകിച്ചു ധാരണകളൊന്നുമില്ലാതിരുന്ന കാലത്താണ് ബുക്ക് വേവിലെ കൂട്ടായ്മയിൽ എത്തിപ്പെടുന്നത്. കോളജ്‌വിട്ടാൽ നേരെ ബുക്ക് വേവിലേക്കെന്നത് ശീലമായി. ബുക്ക് വേവ് എനിക്കൊരു രണ്ടാം മേൽവിലാസമായി.

വിശാലമായ വായനയുടെ ബലമുള്ള കുട്ടിച്ചന്റെ കാഴ്ചപ്പാടുകൾ – മനുഷ്യരെയും രാഷ്ട്രീയത്തെയും സാഹിത്യത്തെയുംകുറിച്ച് – സ്വാധീനശേഷി ഏറെയുള്ളതായിരുന്നു. മുന്നോട്ടുപോകാൻ‍ അതു തന്ന ധൈര്യം വളരെ വലുതായിരുന്നു. ഡൽഹിയിലേക്കു പോരുമ്പോൾ, താൻ വായിച്ചിട്ടുള്ള ഡൽഹിയെക്കുറിച്ചും അവിടെയുള്ള മലയാളി പ്രമുഖരെക്കുറിച്ചുമൊക്കെ കുട്ടിച്ചന്റെ വക സ്റ്റഡി ക്ളാസുണ്ടായിരുന്നു.

ലോകത്തിന്റെ കാപട്യങ്ങളോട് തന്റേതായ രീതിയിൽ കുട്ടിച്ചൻ പ്രതികരിച്ചു. ഒരു ഗൈഡിന്റെ ആമുഖത്തിൽ, ഗൈഡ് എഴുതിയ വ്യക്തിയുടെ നിഗമനങ്ങൾ അക്കാദമിക തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട് എന്ന് എഴുതിവച്ചതിന്റെ കാരണം ചോദിച്ചപ്പോൾ കുട്ടിച്ചൻ ചിരിച്ചു: ‘ഗൈഡുകൾ അക്കാദമിക തലത്തിലല്ലേ ചർച്ച ചെയ്യപ്പെടുന്നത്?’ തന്നെക്കുറിച്ചുതന്നെ കുട്ടിച്ചൻ തമാശകൾ പറഞ്ഞു. ഞങ്ങൾക്കിടയിലുള്ള വർത്തമാനങ്ങളിൽ സ്വയം ‘രവി’ എന്നു വിശേഷിപ്പിച്ചു. ഫോൺ വിളിക്കുമ്പോൾ, രവിയാണ് എന്നു പറഞ്ഞു കുട്ടിച്ചൻ ചിരിക്കും. ആ രണ്ടക്ഷരത്തിൽ സൗഹൃദത്തിന്റെ നീണ്ട ചരിത്രമത്രയും നിറഞ്ഞിരുന്നു.

ജന്മഭൂമിയിലെ ശ്രീകുമാറും ഡൽഹിയിൽ സാംസ്കാരിക മന്ത്രാലയത്തിലുള്ള ഉണ്ണികൃഷ്ണനും കെ. പി. ശ്രീരാമനും സെബാസ്റ്റ്യനും ബുക്ക് വേവിലെ ജീവനക്കാരായ മുജീബും ദിലീപും അജന്ത പ്രിന്റേഴ്സിലെ അജയനുമുൾപ്പെടെ പലരും ആ വലിയ സൗഹൃദക്കൂട്ടായ്മയിലെ പങ്കുകാരാണ്.

കുട്ടിച്ചന്റെ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ സാധിച്ചത് ഭാഗ്യമെന്നു മാത്രം പറഞ്ഞു ചെറുതാക്കാനില്ല. ആ ജ്യേഷ്ഠന്റെ ബന്ധം അതിലുമേറെയായിരുന്നു. പ്രിയപ്പെട്ട കുട്ടിച്ചന് ആദരാഞ്ജലികൾ. രവിക്കും.

- Jomy Thomas , Bureau Chief, Malayala Manorama, Delhi.

കുട്ടിച്ചന്‍ പോയി. അസാധാരണ സൗഹൃദം ഉണ്ടായിരുന്ന സാധാരണക്കാരന്

 


പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചങ്ങനാശ്ശേരിയില്‍ ബുക്ക് വേവ് പുസ്തക ശാലയുടെ ഉടമ ജോര്‍ജ്ജ് കുട്ടിയെ പരിചയപ്പെടുന്നത്. പുസ്തക മുതലാളി എന്നതിനപ്പുറം വായനയേയും എഴുത്തുകാരേയും ഇഷ്ടപ്പെടുന്ന ജോര്‍ജ്ജ് കുട്ടി. ജോമി തോമസ് (മനോരമ ദല്‍ഹി ബ്യൂറോ ചീഫ്), ടി ഉണ്ണികൃഷ്ണന്‍(കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍), കിഷോര്‍ സത്യ (നടന്‍), ടി ജെ മേനോന്‍ എന്ന ത്രദീപ് ജെ (ഐഎഎസ് പരിശീലകന്‍) , ശശികുമാര്‍ (മന്ത്രി മുനീറിന്റെ കാര്‍ ഇടിച്ച് മരിച്ച കോളേജ് അധ്യാപകന്‍) ഞങ്ങള്‍ എല്ലാവരുടേയും പ്രിയപ്പെട്ട കുട്ടിച്ചനായി. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ബുക്ക് വേവിലുള്ള ഒത്തു ചേരലുകള്‍ അറിവും അനുഭവവും വളര്‍ത്തുന്നതായി. അസാധാരണ സൗഹൃദ കൂട്ടായ്മയായിരുന്നു അത്. 
 
പുസ്തക കച്ചവടത്തിനൊപ്പം പ്രസാധകരംഗത്തേക്കും കടന്നപ്പോള്‍ ആദ്യ പുസ്തകം (ദേവസ്വം ബോര്‍ഡ് പരീക്ഷാ ഗൈഡ്)പ്രീഡിഗ്രിക്കാരനായ എന്നെക്കൊണ്ട് എഴുതിപ്പിച്ചത് എന്തിനെന്ന് ഇപ്പോഴും അജ്ഞാതം. പുസ്തകം ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ പിന്നീടിറക്കിയ പുസ്തകങ്ങളിലെല്ലാം എന്റെ പങ്കാളിത്തം കൂടിവേണമെന്ന് വാശി പിടിച്ച 'അന്ധവിശ്വാസി'. എസ് ബി കോളേജില്‍ എനിക്ക് മലയാളം ബിരുദപഠനം സാധ്യമാക്കിയ മാര്‍ഗ്ഗദര്‍ശി.

പുസ്തക ശാല നിര്‍ത്തി മലയാള മനോരമയില്‍ ജോലി നോക്കിയപ്പോഴും കുട്ടിച്ചന്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ജന്മഭൂമിയില്‍ ഞാന്‍ നല്ല ലേഖനമോ റിപ്പോര്‍ട്ടോ എഴുതിയാല്‍ ഉറപ്പായിരുന്നു ആ വിളി.
 
കോണ്‍ഗ്രസ് രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന കുട്ടിച്ചനെ എക്കാലത്തും നയിച്ചിരുന്നത് ദേശീയബോധമായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകള്‍ ദല്‍ഹിയില്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള കുട്ടിച്ചന്‍രെ വിവരണമാണ് കാശ്മീര്‍ ഭീകരവാദം മനസ്സിലാക്കാനുള്ള എന്റെ കവാടം. കുട്ടിച്ചന്‍ അവസാനം ബിജെപിയില്‍ ചേര്‍ന്നു. റബ്ബര്‍ ബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ടപ്പോള്‍ എന്നെക്കാള്‍ അര്‍ഹര്‍ പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നായിരുന്നു ചോദിച്ചത്. ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലകള്‍ വഹിച്ചിരുന്നപ്പോഴും കുട്ടിച്ചന്‍,സഭാ തര്‍ക്കത്തിന് മധ്യസ്ഥ ശ്രമത്തിലൂടെ പരിഹാരം കാണാന്‍ പലതരത്തില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ചിലരെ ഇടപെടുത്താന്‍ എന്റെ സഹായവും തേടി.
 
ഒരുമാസം മുന്‍പാണ് കുട്ടിച്ചന് ക്യാന്‍സര്‍ ആണെന്ന വിവരം അറിഞ്ഞത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് വരുന്നു എന്നുപറഞ്ഞ് കുട്ടിച്ചന്‍ തന്നെയാണ് വിളിച്ചത്. ആശുപത്രില്‍ പോയി കണ്ടപ്പോള്‍ തന്നെ താമസിയാതെ ദു:ഖ വാര്‍ത്ത വരുമെന്ന് ഉറപ്പിച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ . ജയകുമാറിിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ എന്നു കരുതി ആര്‍ സി സി യില്‍നിന്ന് മടങ്ങി. 15 ന് ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നെങ്കിലും കാത്തിരിക്കാതെ യാത്രയായി.
 
- Jayakumar Janmabhumi

Funeral of T P Georgekutty Tharakkunnel

 


03-10-2023

'ബുക് വേവ്' കുട്ടിച്ചൻ ഇനി ഓർമകളിൽ


ചങ്ങനാശേരി• വായനയുടെ വിശാല ലോകം പരിചയപ്പെടുത്തിയും ആശയ സംവാദങ്ങൾക്ക് വേദി ഒരുക്കിയും യുവജനക്കൂട്ടങ്ങൾക്ക് പ്രിയങ്കരനായിരുന്ന കുട്ടിച്ചൻ ഓർമയായി. രണ്ടര പതിറ്റാണ്ട്  മുൻപ് വരെ നഗരമധ്യത്തിൽ സജീവമായിരുന്ന ബുക് വേവ് എന്ന ജനകീയ പുസ്തകശാലയുടെ ഉടമ കോത്തല പാടത്തുമാ പ്പിള കുടുംബാംഗം തറക്കുന്നേൽ ടി. പി. ജോർജുകുട്ടി (കുട്ടിച്ചൻ) തിങ്കളാഴ്ചയാണ് മരിച്ചത്. സംസ്കാരം നടത്തി.

ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം 1983-84 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ബുക് വേവ് സാഹിത്യ ആസ്വാദകരുടെയും അക്ഷരസ്നേഹികളുടെയും ഇടത്താവളമായിരുന്നു. എസ്ബി, എൻഎ സ്എസ്, അസംപ്ഷൻ കോളജുകളിലെ വിദ്യാർഥികളിൽ പലരും ഇവിടത്തെ നിത്യസന്ദർശകരായിരുന്നു.

വിദ്യാർഥികൾക്കായി ഗൈഡുകൾ പ്രസിദ്ധീകരിച്ച് പ്രസാധന രംഗത്തും കുട്ടിച്ചന്റെ സാന്നിധ്യം അറിയിച്ചു. ചങ്ങനാശേരി നഗര വായനശാലയും മന്നം ലൈബ്രറിയും ദിവസവും സന്ദർശിച്ച് അപൂർവമായ മാസികകളും

മറ്റും വായിച്ച് ആ അറിവുകളും വിദ്യാർഥിക്കൂട്ടങ്ങളുമായി പങ്കുവച്ചു. അവർക്ക് പറയാനുള്ളത് കേട്ടും ചർച്ചകൾക്ക് അവസരമൊരുക്കിയും കുട്ടിക്കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടവനായി.

പഠനം പൂർത്തിയായി കലാലയം വിട്ടു പോകുന്നതിനൊപ്പം ബുക് വേവിലെ സൗഹൃദക്കൂട്ടായ്മയോട് വിടപറയുന്നതും പല വിദ്യാർഥികൾക്കും സ്വകാര്യ ദു:ഖമായിരുന്നു. പിന്നീട് വിവിധ മേഖലകളിൽ പ്രശസ്തരായ പലരും പയറ്റിത്തെളിഞ്ഞ ആദ്യ കളരിയായിരുന്നു കുട്ടിച്ചന്റെ ബുക് വേവ് പുസ്തകശാല.

എസ്ബി കോളജിൽ ഡിഗ്രി പഠനത്തിനായാണ് കുട്ടിച്ചൻ ചങ്ങനാശേരിയിലേക്ക് എത്തുന്നത്. പഠനശേഷം വിദ്യാർഥികൾക്ക് പുസ്തകങ്ങളും മറ്റും വിൽപന നടത്തി ചങ്ങനാശേരിയിൽ തന്നെ തുടരാൻ തീരുമാനിക്കുക യായിരുന്നു. ഈ തീരുമാനമാണ് ബുക് വേവിന്റെ പിറവിയിലേക്ക് നയിച്ചത്. പുസ്തക വിൽപനക്കാരൻ മാത്രമായി കുട്ടിച്ചനെ ആരും കണ്ടില്ല. ഒന്നര പതിറ്റാണ്ടിനു ശേഷം പുസ്തകശാല അവസാനിപ്പിച്ചെങ്കിലും പഴയ സൗഹൃദങ്ങൾ കുട്ടിച്ചൻ സജീവമായി നിലനിർത്തിയിരുന്നു.

(മലയാള മനോരമ, ഒക്ടോബര്‍ 3, 2023)

ടി. പി. ജോർജുകുട്ടി അന്തരിച്ചു


കോത്തല: റബർ ബോർഡ് അംഗം പാടത്തുമാപ്പിള കുടുംബാംഗം തറക്കുന്നേൽ ടി. പി. ജോർജുകുട്ടി (63) അന്തരിച്ചു. സംസ്കാരം കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി. 

ന്യൂനപക്ഷ മോർച്ച കോട്ടയം ജില്ലാ സെക്രട്ടറി, കോത്തല നാഷനൽ റീഡിങ് റൂം സെക്രട്ടറി, കോത്തല ആർപിഎസ് പ്രസിഡന്റ്, കെ എസ് എസ് മെമ്പർ, മനനം മാസിക പത്രാധിപർ, കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി, സൺഡേ സ്കൂൾ അധ്യാപകൻ, പ്രാർത്ഥനയോഗം സെക്രട്ടറി, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ചങ്ങനാശേരിയിൽ "ബുക്ക് വേവ്' എന്ന പേരിൽ പുസ്തകശാല നടത്തിയിരുന്നു. മനോരമയിൽ പ്രൂഫ് റീഡർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: മീനടം തോണിപ്പുരയ്ക്കൽ ആഷ ജോർജ്. 

മക്കൾ: ജിയാഷ് ജി. ഫിലിപ്പോസ്, സോനാ സൂസൻ (ഐസർ തിരുവ നന്തപുരം).

Monday, 2 October 2023

കെ. സി. ചാക്കോ, പത്രോസ് മത്തായി: വിശുദ്ധരായ അല്‍മായ നേതാക്കള്‍ | ജോര്‍ജുകുട്ടി കോത്തല

മലങ്കരസഭയിലെ അവിവാഹിത വൈദികരെയെല്ലാം മെത്രാന്‍ സ്ഥാനാര്‍ത്ഥികളായോ, സ്ഥാനമോഹികളായോ ഒക്കെയായാണ് ജനം വിലയിരുത്തുക. പെണ്ണു കിട്ടാത്തതിനാല്‍ അവിവാഹിതരായവരുണ്ട്. പെണ്ണു കെട്ടാഞ്ഞതിനാല്‍ മാത്രം മെത്രാന്മാരായവരുമുണ്ട്. എന്നാല്‍ മെത്രാനാകാതിരിക്കാന്‍വേണ്ടി പെണ്ണുകെട്ടിയ മഴുവഞ്ചേരിമഠത്തില്‍ പത്രോസ് മത്തായിയെപ്പറ്റി നാം അധികം കേട്ടിട്ടില്ല. മെത്രാന്‍ സ്ഥാനമല്ല, കേവലം ആലങ്കാരികമായി അജഗളസ്തന സമാനമായ വൈദികട്രസ്റ്റി, അത്മായ ട്രസ്റ്റി മുതലായ സ്ഥാനങ്ങള്‍ പോലും ഒന്നിലധികം പ്രാവശ്യം ലഭിച്ചിട്ടും മതിവരാതെ, ഏതു കഴുതക്കാലും പിടിക്കാന്‍ തയ്യാറായി വരുന്നവര്‍ കേവലം സാധാരരണക്കാരായ സഭാംഗങ്ങളുടെപോലും അറപ്പും വെറുപ്പും ഏറ്റുവാങ്ങുന്നതു കാണുമ്പോള്‍ മഹാന്മാരായ കെ. സി. ചാക്കോയും പത്രോസ് മത്തായിയും ആരായിരുന്നുവെന്നും എന്തു ചെയ്തുവെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.

1930-ല്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അഞ്ചു വൈദികരെയും രണ്ട് അത്മായക്കാരെയും മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അവരില്‍ രണ്ട് അത്മായക്കാരും ഒരു വൈദികനും സ്ഥാനം സ്വീകരിച്ചില്ല. അന്നു തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ഥാനം ഏറ്റവര്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും പാറേട്ട് ഈവാനിയോസ് തിരുമേനിയും ബഥനിയുടെ തേവോദോസിയോസ് തിരുമേനിയും വാളക്കുഴി സേവേറിയോസ്  തിരുമേനിയും ആണ് എന്നു മനസ്സിലാക്കുമ്പോഴാണ് എത്ര ഗംഭീരമായ തിരഞ്ഞെടുപ്പാണ് അന്ന് നടന്നതെന്ന് നമുക്കു മനസ്സിലാവുക. ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും മെത്രാന്മാരാകാതിരുന്നവര്‍ ചെറിയമഠത്തില്‍ സ്കറിയാ മല്പാനും, കണ്ടത്തില്‍ കെ. സി. ചാക്കോയും, മഴുവഞ്ചേരി പത്രോസ് മത്തായിയുമാണ്. ആ മൂന്നു പേരു കൂടിയും മെത്രാന്‍സ്ഥാനത്തേക്കു വന്നിരുന്നുവെങ്കില്‍ എന്ന് നാം, സഭയെ സ്നേഹിക്കുന്നവര്‍ അന്നും ആഗ്രഹിച്ചു, ഇന്നും നാം അങ്ങനെ ചിന്തിക്കുന്നു.

കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരനും ആലുവ യു. സി. കോളജ് സ്ഥാപകനുമായ കെ. സി. ചാക്കോയുടെ മേല്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അതിനെ അതിജീവിച്ചു. ജീവിക്കുന്ന വിശുദ്ധനായാണ് കെ. സി. ചാക്കോയെ ഏവരും കണ്ടത്. പഠനത്തില്‍ നിപുണത കാട്ടിയിരുന്ന അദ്ദേഹം ഡോ. എസ്. രാധാകൃഷ്ണനൊപ്പം എം.എ. ഫിലോസഫിയില്‍ ഒന്നാം റാങ്ക് പങ്കിട്ടിരുന്നു. ജനങ്ങളില്‍ നിന്നും അകന്നുള്ള ജീവിതമല്ല, ജനങ്ങളോടൊത്തുള്ള അവര്‍ക്കുവേണ്ടിയുള്ള ജീവിതമാണ് തന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവുമെന്ന് അദ്ദേഹം കരുതി. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മെത്രാന്‍സ്ഥാനം തടസ്സമായി അദ്ദേഹം കരുതി. 

അക്കാലത്തെ ഒരു പ്രമുഖ അഭിഭാഷകനും പിന്നീട് ഗവ. ലോ. കോളജ് പ്രിന്‍സിപ്പലുമായിരുന്നു പത്തനാപുരം സ്വദേശിയായ അയ്മനം മഴുവഞ്ചേരിമഠത്തില്‍ കുടുംബാംഗമായ പത്രോസ് മത്തായി. മെത്രാന്‍സ്ഥാനം ഏല്‍പ്പാനുള്ള സമ്മര്‍ദ്ദമേറിയപ്പോള്‍ അതിനെ അതിജീവിക്കാന്‍ അദ്ദേഹം ഒരു കുറുക്കുവഴി കണ്ടെത്തി. 49-ാം വയസ്സില്‍ വിവാഹിതനാവാന്‍ അദ്ദേഹം തയ്യാറായി. ആ വിവാഹത്തില്‍ അദ്ദേഹത്തിന് ഏഴു കുട്ടികളുണ്ടായി. മത്തായി പത്രോസ് മത്തായി, കുഞ്ഞന്നാമ്മ പത്രോസ് മത്തായി, അലക്സ് അന്ത്രയോസ് പത്രോസ് മത്തായി, പത്രോസ് പത്രോസ് മത്തായി, ഡോക്ടര്‍ പത്രോസ് മത്തായി, ലൂക്കോസ് പത്രോസ് മത്തായി, സൈമണ്‍ പത്രോസ് മത്തായി. ഉന്നതനിലയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ അവരില്‍ പലരും സഭാസ്നേഹികളായി ഇന്നും നമ്മുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്. 

പത്രോസ് മത്തായി സാറിന്‍റെ 49-ാം വയസ്സിലെ തീരുമാനം മെത്രാന്‍ സ്ഥാനത്തുനിന്ന് രക്ഷപെടുന്നതിനുവേണ്ടി ആയിരുന്നുവെങ്കിലും അതിലൂടെ സഭയ്ക്ക് ലഭിച്ചത് ഏഴ് ശ്രേഷ്ഠ കുടുംബങ്ങളെയാണ്. അതുകൊണ്ടുതന്നെ അതുമൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് മനോരമ സീനിയര്‍ എഡിറ്റര്‍ തോമസ് ജേക്കബ് വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ നമ്മെ ചില വ്യത്യസ്ത ചിന്തകളിലേക്ക് നയിക്കണം. നമ്മുടെ സഭയില്‍ പല കാരണങ്ങളാല്‍ അവിവാഹിതജീവിതം നയിക്കുന്ന ശ്രേഷ്ഠവ്യക്തികളുണ്ട്. അവരില്‍ വൈദികരും അവൈദികരും സന്യാസികളുമെല്ലാം ഉണ്ട്. 50 വയസ്സിനുള്ളില്‍ ശ്രേഷ്ഠലക്ഷ്യങ്ങള്‍ നിര്‍വഹിച്ചവരാണ് അവരില്‍ പലരും. പ്രൗഢയൗവ്വനമെന്ന് ഡോക്ടര്‍ ബാബു പോളിനെപ്പോലെയുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ പ്രായസരണിയില്‍പെട്ട അവിവാഹിതരെ കുടുംബജീവിതത്തിലേക്ക് പ്രവേശിപ്പിക്കുവാന്‍ പ്രേരിപ്പിച്ചാല്‍, അതുവഴി സഭയ്ക്ക് ശ്രേഷ്ഠ കുടുംബങ്ങളെ ലഭിക്കില്ലേ? വരുംകാലത്ത് സഭ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്നം, ശ്രേഷ്ഠ കുടുംബങ്ങളില്‍ നിന്നുള്ള വൈദികരുടെയും സഭാപ്രവര്‍ത്തകരുടെയും അഭാവമാണ്. ആ കുറവ് പരിഹരിക്കുവാന്‍ സാധിക്കുവാന്‍, ഈ പ്രവര്‍ത്തനത്തിലൂടെ സഭയ്ക്കു കഴിയും. മെത്രാന്‍സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 'ഇനിയൊരങ്കത്തിനു ബാല്യമില്ല' എന്നു കരുതി നിരാശരായി നില്‍ക്കുന്നവരെയും സഭ നിരാശപ്പെടുത്തരുത്. മാര്‍ത്തോമ്മാ സഭയിലും മറ്റും വൈദികര്‍ക്ക് വിവാഹം അനുവദനീയമാണല്ലോ. നമ്മുടെ സഭയിലും ചില ശ്രേഷ്ഠരായ വൈദികര്‍ ആ വഴി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടല്ലോ. 

നമുക്ക് പത്രോസ് മത്തായിലേക്ക് തിരിച്ചുവരാം. മെത്രാനായി വാഴിക്കപ്പെട്ടിരുന്നുവെങ്കില്‍ സഭയ്ക്ക് മികച്ചൊരു ഇടയനെ ലഭിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതിരുന്നതുകൊണ്ട് എട്ട് പത്രോസ് മത്തായിമാരുണ്ടായി. എല്ലാവരും ശ്രേഷ്ഠജീവിതപാതയിലൂടെ സഞ്ചരിച്ചവര്‍. ക്രിസ്തുസഭയ്ക്ക് വിലപ്പെട്ടവര്‍. 

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോടിപതികളും പണ്ഡിതന്മാരും വിട്ടുവീഴ്ചയില്ലാതെ നെട്ടോട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ദൈവിക നടത്തിപ്പ് ലഭിക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ ശ്രേഷ്ഠ അല്‍മായ നേതാക്കളോട് സഭയ്ക്കു വേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുവാന്‍ അപേക്ഷിക്കാം.

(മലങ്കര നവോത്ഥാനം 2016 നവംബര്‍)

Sunday, 1 October 2023

സഭാനേതൃത്വവും രാഷ്ട്രീയ നിലപാടുകളും | ടി. പി. ജോര്‍ജുകുട്ടി, കോത്തല

'റവറന്‍റ് ഫാദര്‍ എന്നു വിളിക്കുന്നതിനേക്കാള്‍ എനിക്ക് താല്പര്യം സഖാവ് ഫാദര്‍ എന്നു വിളിക്കുന്നതാണ്. ഇത് ഞാന്‍ പറയുന്നത് എന്‍റെ സഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്കാ ബാവായുടെ അനുമതിയോടെയാണ്' എന്ന് ഒരു ഓര്‍ത്തഡോക്സ് വൈദികന്‍ പരസ്യമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത്, ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചരണയോഗത്തില്‍ പ്രസംഗിക്കുന്നത് വാട്സ് ആപ്പിലൂടെയും മറ്റ് പല ഓണ്‍ലൈന്‍ മീഡിയാകളിലൂടെയും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. ആ സഖാവിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അംഗീകരിക്കാത്തവരും അതിനെ വിമര്‍ശിക്കുവാനോ ചോദ്യം ചെയ്യുവാനോ മുതിര്‍ന്നില്ല. 'സഖാവിന്‍റെ ഇഷ്ടം അങ്ങനെയാണെങ്കില്‍ അങ്ങനെ ആകട്ടെ, ഏതൊരു ഇന്ത്യന്‍ പൗരനും അതിന് സ്വാതന്ത്ര്യം ഉണ്ടല്ലോ' എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു.

അതുപോലെ സഭയുടെ വൈദികട്രസ്റ്റി ആയിരിക്കുമ്പോള്‍ ഒരുന്നത വൈദികനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുകയുണ്ടായി. ആ സഖാവിനു വിജയിക്കുവാന്‍ കഴിഞ്ഞില്ലായെങ്കിലും കുഞ്ഞാടുകള്‍ക്ക് പ്രതിഷേധമൊന്നും ഇല്ലായിരുന്നു. 'അപ്പന് അപ്പന്‍റെ ഭാര്യയെ കാര്യം, എനിക്ക് എന്‍റെ ഭാര്യയെ കാര്യം' എന്ന് ഒരു മകന്‍ അപ്പനോട് പറഞ്ഞതുപോലെ ജനം പ്രതികരിച്ചുവെന്നു മാത്രം. പുരോഹിതന്മാരും മഹാപുരോഹിതന്മാരുമൊക്കെ ഈ രാജ്യത്തെ പൗരന്മാരാണ്. പൗരന്മാര്‍ക്കുള്ള എല്ലാ അവകാശവും അവര്‍ക്കുമുണ്ട്. അതവര്‍ പ്രയോഗിക്കട്ടെ. ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. 

എന്നാല്‍ സാധാരണജനങ്ങള്‍ സ്വീകരിക്കുന്ന ഈ സമീപനം പുലര്‍ത്താന്‍ സഭയുടെ അധികാരികളും ബാധ്യസ്ഥരാണ്. സഭാംഗങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ മാനിക്കുന്നതിന് അവര്‍ക്കും കഴിയണം. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പലരുടേയും സമീപനം ഇക്കാര്യത്തില്‍ അങ്ങനെയല്ല കാണുന്നത്. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ പ്രതിഷേധം വിളിച്ചു വരുത്തുന്ന രീതികള്‍ കൈക്കൊള്ളുന്നതിനും മനഃപ്പൂര്‍വ്വം പല കേന്ദ്രങ്ങളും ശ്രമിക്കാറുമുണ്ട് എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും അതിനു മുമ്പും അന്നത്തെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സ്ഥാനാര്‍ത്ഥികളോടും സഭാനേതൃത്വം കാണിച്ച അവഹേളനാപരമായ നിലപാടിനെക്കുറിച്ച് ഇനിയും നമ്മള്‍ മിണ്ടാതിരിക്കേണ്ടതുണ്ടോ? ഈ സഭയിലെയും പൊതുസമൂഹത്തിലെയും വലിയൊരു വിഭാഗം ജനം ആദരിക്കുന്ന ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും ബഹിഷ്കരിക്കുവാനുള്ള ആഹ്വാനത്തിനു സഭാനേതൃത്വം തയാറായപ്പോള്‍ അതില്‍ ദുഃഖിച്ചവരാണ് സഭാജനങ്ങളില്‍ ഏറിയപങ്കും. എന്നാല്‍ അതിനോടുള്ള പ്രതികരണങ്ങള്‍ രാഷ്ട്രീയമായി വിലയിരുത്തപ്പെടും എന്നതിനാല്‍ പൊതുവെ ആളുകള്‍ നിശബ്ദരായി. എന്നാല്‍ അത് തങ്ങളുടെ സമീപനത്തിന്‍റെ അംഗീകാരമായാണ് അധികാരികള്‍ കണ്ടത്. അതുകൊണ്ടുതന്നെ സ്ഥാനത്തും അസ്ഥാനത്തും സഭാനേതാക്കന്മാര്‍ക്ക് ചേരാത്തവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പലരില്‍ നിന്നും പലപ്പോഴും ഉണ്ടായി. ഒരു മുഖ്യമന്ത്രി സ്ഥാനമേറ്റാല്‍ അദ്ദേഹത്തെ പോയി സന്ദര്‍ശിക്കുന്ന പതിവൊന്നും ഇതുവരെ സഭാപിതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ തലവനും ആഗോള കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനുമായ മാര്‍പാപ്പാ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ച മാത്യൂസ് പ്രഥമന്‍ ബാവാ ചെയ്തത് എന്താണ്? അദ്ദേഹം റോമിന്‍റെ പോപ്പാണെങ്കില്‍, ഞാന്‍ ഈ സഭയുടെ അദ്ധ്യക്ഷനാണ്. എനിക്ക് എന്‍റെ സഭയുടെയും ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കേണ്ടതുണ്ട്. ബാവായുടെ നിലപാട് ശരിയെന്നു ബോദ്ധ്യപ്പെട്ട മാര്‍പാപ്പാ കോട്ടയത്ത് ഏലിയാ കത്തീഡ്രലില്‍ വന്ന് മലങ്കരസഭയെയും അതിന്‍റെ അദ്ധ്യക്ഷനെയും മാനിച്ചു. ഇത് എല്ലാ അദ്ധ്യക്ഷന്മാര്‍ക്കും എപ്പോഴും സാധിക്കുന്ന കാര്യമാണെന്ന് ഇവിടെ സൂചനയില്ല. സ്വാഭിമാനം എന്നാല്‍ വ്യക്തിപരമായ അഹങ്കാരമല്ല എന്നും സഭയുടെ പരമാദ്ധ്യക്ഷപദം എന്നാല്‍ ഇതര സമൂഹങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിക്കുന്ന ഗുരുപീഠമാണെന്നും തെളിയിക്കുവാന്‍ എല്ലാവര്‍ക്കും എപ്പോഴും കഴിയണമെന്നില്ലല്ലോ.

മുഖ്യമന്ത്രിയെ സഭാദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചത് അക്ഷന്തവ്യമായ അപരാധമാണെന്ന് ആരും പറയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും വിധേയമായി മാത്രമേ സഭയ്ക്ക് പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ടുതന്നെ ആ സ്ഥാനങ്ങള്‍ക്ക് ആദരവ് നല്‍കാനും ആ സ്ഥാനം വഹിക്കുന്നവരോട് നല്ല ബന്ധം സൂക്ഷിക്കാനും സഭാനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ് എന്നതില്‍ യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ല. എന്നാല്‍ വ്യക്തിപരമായ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിച്ചവര്‍ മാത്രം ഈ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ മാത്രമേ ഈ വിധത്തില്‍ പ്രവര്‍ത്തിക്കൂ എന്ന നിലപാട് വിമര്‍ശിക്കപ്പെടും. സഭാംഗമായ വ്യക്തി മുഖ്യമന്ത്രി ആയിരുന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹത്തോടും സഹപ്രവര്‍ത്തകരോടും ഈ സഭാനേതൃത്വം കാണിച്ച സമീപനത്തെ മാന്യതയില്ലാത്തത് എന്നു മാത്രമേ നമുക്കു വിശേഷിപ്പിക്കാനാകൂ. അവരുടെ ഏതെങ്കിലും നിലപാടുകള്‍ സഭാ താല്പര്യത്തിനു വിരുദ്ധമാണെങ്കില്‍ അതിനെതിരെ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമായിരുന്നില്ലേ? നിയമപരമായി സാധിക്കാത്ത കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെയെങ്കില്‍ അങ്ങനെയും ശ്രമിക്കാം. എന്നാല്‍ അധിക്ഷേപത്തിന്‍റെ രീതിയില്‍ സാമാന്യമര്യാദകള്‍ക്കു നിരക്കാത്ത വിധത്തില്‍ രാഷ്ട്രീയ എതിരാളികളോട് എന്നപോലെ പെരുമാറിയതിനു യാതൊരു നീതീകരണവുമില്ല. ഈ സഭയിലെ വലിയൊരു വിഭാഗം ആളുകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയെയും മറ്റ് നേതാക്കളെയും ബഹിഷ്ക്കരിക്കുവാനും അവര്‍ക്കെതിരെ പ്രചരണം നടത്തുവാനും സഭാനേതൃത്വം തുനിഞ്ഞത് വളരെയേറെ ജനങ്ങളെ വേദനിപ്പിച്ചു. രാഷ്ട്രീയവും സഭയും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള ശ്രമത്തെ തുറന്നെതിര്‍ക്കാന്‍ അന്ന് പലരും മടിച്ചത് സ്ഥാനമാനങ്ങളെ അതിരറ്റു ബഹുമാനിക്കുന്ന പരമ്പരാഗതമായ കുടുംബങ്ങളില്‍ വളര്‍ന്നതുകൊണ്ടു ശീലിച്ച പാരമ്പര്യം കൊണ്ടു മാത്രമാണ്. പിതാക്കന്മാരെയും പുരോഹിതന്മാരെയും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന പാരമ്പര്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുതലെടുക്കുന്ന സമീപനത്തെ തുറന്നെതിര്‍ക്കാന്‍ ഇന്നും നമ്മള്‍ മടിച്ചാല്‍ ജനം ഇരകളും മറ്റു ചിലര്‍ വേട്ടക്കാരും ആയി രൂപാന്തരപ്പെടുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. 

സഭാംഗം എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് സവിശേഷമായ പരിഗണന നല്‍കണമെന്നോ, യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നോ ആരും പറയുന്നില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സുകാരനായതിനാല്‍ അദ്ദേഹത്തെ ഏതു വിധേനയും തോല്‍പ്പിക്കണമെന്ന് പ്രചരണം നടത്തി അതിനുവേണ്ടി അരയും തലയും മുറുക്കി യാക്കോബായ വിഭാഗം പരിശ്രമിക്കുമ്പോള്‍, അവരോടൊപ്പം നിന്നുകൊണ്ടു 'അവനെ ക്രൂശിക്കുക' എന്ന് ആക്രോശിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് നേതൃത്വവും രംഗത്തിറങ്ങിയതിന്‍റെ പിന്നില്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രമാണുള്ളതെന്ന് ആര്‍ക്കാണ് അറിയാത്തത്? യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും അദ്ദേഹം തങ്ങളോടു നീതിപുലര്‍ത്തിയില്ല എന്നു പ്രചരിപ്പിക്കുന്നുവെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയക്കളികള്‍ സുവ്യക്തമാണ്. അത്തരം രാഷ്ട്രീയക്കളികള്‍ക്ക് കൂട്ടുനില്‍ക്കാന്‍, സഭാംഗമായ ഒരു വ്യക്തിയെ ഒറ്റപ്പെടുത്തുവാന്‍ ഈ സഭയുടെ നേതൃത്വം പരിശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. 

വകതിരിവില്ലാത്ത രീതിയില്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ട് നേട്ടം കൊയ്യുന്നവര്‍ പലരുണ്ട്. നിയമസഭാ സീറ്റ് തരപ്പെടുത്താനും വിജയിക്കാനുമൊക്കെ ചിലര്‍ക്കു കഴിഞ്ഞത് അവരുടെ രാഷ്ട്രീയ സാമര്‍ത്ഥ്യമായി നമുക്ക് അംഗീകരിച്ചു കൊടുക്കാം. എന്നാല്‍ അത്തരം പ്രവണതകള്‍ സഭയ്ക്കും പൊതുസമൂഹത്തിനും നല്‍കുന്ന സന്ദേശങ്ങള്‍ ഒട്ടും ശുഭകരമല്ല. പ്രായോഗിക രാഷ്ട്രീയ കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയും തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൃത്യമായി ചെന്നെത്താനുള്ള എല്ലാ സംവിധാനങ്ങളുമുള്ള വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തങ്ങളുടെ പോക്കറ്റിലാക്കി എന്ന മട്ടില്‍ ഹ്രസ്വദൃഷ്ടികളായ ചില സഭാജീവികള്‍ പെരുമാറുന്നതു കാണുമ്പോള്‍ 'കഷ്ടം' എന്ന് പലരും മൂക്കത്തു വിരല്‍ വച്ചുപോവുന്നു.

സഭാംഗമായ മുഖ്യമന്ത്രിയെ സഭാനേതൃത്വം ബഹിഷ്ക്കരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സഭാപരിപാടികള്‍ തുടര്‍ച്ചയായി ബഹിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത് 'കാവ്യനീതി'യായി മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. യഥാര്‍ത്ഥ കാരണം എന്തെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. സാന്നിധ്യം കൊണ്ടോ സഹകരണം കൊണ്ടോ ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തെ പ്രീണിപ്പിച്ചാല്‍ യാക്കോബായ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ഓര്‍ത്തഡോക്സുകാര്‍ ശ്രമിക്കുമെന്ന് നെടുമ്പാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി ഇടതുമുന്നണി നേതൃത്വത്തെ വിശ്വസിപ്പിക്കുവാന്‍ യാക്കോബായ നയതന്ത്രത്തിനു കഴിഞ്ഞു. യു.ഡി.എഫ്. ഭരണകാലത്തും ഇതു തന്നെയാണ് സംഭവിച്ചത്. ചുരുക്കത്തില്‍ തന്ത്രത്തിലും നയതന്ത്രത്തിലും സംഭവിക്കുന്ന വീഴ്ചകളാണ് നമ്മെ പരാജയപ്പെടുത്തുന്നത്. ബഹിഷ്ക്കരണമല്ല അതിനുള്ള മറുമരുന്ന്. പൊതു സമൂഹത്തിനു കൂടി ബോധ്യപ്പെടുന്ന വിട്ടുവീഴ്ചകളും കൂടിയാലോചനകളും ആണ്.

സഭയ്ക്ക് അത്മായ വൈദിക രംഗങ്ങളില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിക്കുവാനും സൂക്ഷ്മതയോടെ നീങ്ങുവാനും ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ കുടിലമായ സമീപനംകൊണ്ട് ഈ സഭയില്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് ഇനി ഒരവസരം നല്‍കുവാന്‍ പാടില്ല. വിവേകത്തോടെയും വിവേചനബുദ്ധിയോടെയും മുന്നിട്ടിറങ്ങി സഭയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കുവാന്‍ നമുക്ക് ലഭിക്കുന്ന ഈ അവസരം നാം ഉപയോഗിച്ചേ മതിയാവൂ. 

(മലങ്കര നവോത്ഥാനം 2016 ഡിസംബര്‍ )

Saturday, 30 September 2023

"ഞങ്ങടെ നാഥന്‍ ഞങ്ങളെ തള്ളിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരേ" | ജോര്‍ജുകുട്ടി കോത്തല

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നമ്മുടെ സഭയ്ക്ക് വളരെയേറെ നേട്ടങ്ങള്‍ നല്‍കിയെന്നുള്ളതില്‍ രണ്ടു പക്ഷമില്ല. സഭയ്ക്ക് ഒരു നാഥനെയും നാഥയെയും ലഭിച്ചു എന്നുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. ജയിച്ചയുടന്‍ തന്നെ സഭാനാഥ, തന്നെ ജയിപ്പിച്ചതില്‍ ഓര്‍ത്തഡോക്സുകാര്‍ക്ക് ഒരു പങ്കുമില്ലായെന്നും യാക്കോബായക്കാരും ഹൈന്ദവ സഹോദരങ്ങളുമൊക്കെയാണ് തന്‍റെ ജയത്തിന്‍റെ പിന്നിലെന്നു ഒരു ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞതിന്‍റെ റിപ്പോര്‍ട്ട് നമ്മള്‍ വാട്സ് ആപ്പിലും മറ്റും കണ്ടു. അതൊന്നും സാരമില്ല. ഒരു എം. എല്‍.എ. യ്ക്ക് ഏതെങ്കിലും വിഭാഗത്തോട് പ്രത്യേക ആഭിമുഖ്യം പ്രകടിപ്പിക്കാനാവില്ല എന്നു നാഥയ്ക്കെങ്കിലും ബോധമുണ്ടായല്ലോ.

പ്രസ്താവനകളില്‍ അങ്ങനെയൊക്കെ പറഞ്ഞാലും സഭാനാഥ നമ്മുടെ മീറ്റിങ്ങുകളിലെല്ലാം പങ്കെടുത്തു വരുന്നുണ്ട്. അതു മാത്രമല്ല ശബരിമല തിരുവാഭരണ ഘോഷയാത്രയില്‍ സഭാ സ്ഥാനിയുടെ ഔദ്യോഗിക വാഹനത്തില്‍ തന്നെ മുഴുവന്‍ സമയവും സഞ്ചരിച്ചുകൊണ്ട് ശബരിമലയിലും ഓര്‍ത്തഡോക്സ് പ്രഭാവം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല. സഭാ സ്ഥാനിയുടെ ഔദ്യോഗിക വാഹനം ഇങ്ങനെയൊക്കെ കൊണ്ടുനടക്കുന്നതു ശരിയാണോ എന്ന ചോദ്യമുന്നയിക്കുന്ന വിവരദോഷികളെയൊന്നും വകവെയ്ക്കേണ്ട കാര്യമില്ല. 

എന്നാല്‍ സഭാനാഥന്‍റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടുചെന്നു നമ്മള്‍ കൊടുത്ത 'സഭാനാഥന്‍' പദവി അദ്ദേഹം സ്വീകരിച്ചതായോ നിരാകരിച്ചതായോ അറിയിക്കാത്ത സ്ഥിതിക്ക് അദ്ദേഹം അത് സ്വീകരിച്ചതായി നമുക്കു കണക്കാക്കാം. എന്നാല്‍ നാളിതുവരെ സഭ പല സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നു കാണിച്ച് കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ഫ്ളക്സ് വച്ചെങ്കിലും ഒരു യോഗത്തിനും നാഥന്‍ ഇതുവരെ എത്താന്‍ തയാറായില്ല. കോലഞ്ചേരിയില്‍ നമ്മുടെ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക ജൂബിലിയില്‍ അങ്ങേരും മന്ത്രിമാരുമൊക്കെ വരുമെന്നു കരുതി നമ്മള്‍ കാത്തിരുന്നു. അദ്ദേഹം അടുത്തുകൂടി പോയെങ്കിലും വണ്ടി നിര്‍ത്താന്‍ പോലും തയാറാകാതെ നേരെ പുത്തന്‍കുരിശില്‍ ചെന്നു ശ്രേഷ്ഠബാവായുടെ പുസ്തകം പ്രകാശനം ചെയ്തു. ശ്രേഷ്ഠനേക്കാള്‍ ശ്രേഷ്ഠനായി ഈ ഭൂമിമലയാളത്തില്‍ ഇന്നോളം ആരും ജനിച്ചിട്ടില്ല എന്നു തട്ടിവിടുകയും പത്രങ്ങളെല്ലാം അത് വെണ്ടയ്ക്കാ വലുപ്പത്തില്‍ നിരത്തുകയും ചെയ്തു. അതിനു മുമ്പാവട്ടെ കുന്നംകുളം സമ്മേളനത്തില്‍ അദ്ദേഹത്തെ നമ്മള്‍ ആഘോഷപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടും നാഥന്‍ ആ വഴി തിരിഞ്ഞുനോക്കിയതേയില്ല. ഇതൊന്നും നമ്മോടുള്ള സ്നേഹക്കുറവുകൊണ്ടാണെന്ന് ആരും കരുതരുത്. നമ്മോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവില്ല. അതൊക്കെ മനസിലാവണമെങ്കില്‍ പാര്‍ട്ടി സംസ്കാരം എന്തെന്നറിയണം. പണ്ടു നമ്മുടെ സഖാക്കള്‍ വിളിച്ച മുദ്രാവാക്യം ഇവരൊന്നും കേട്ടിട്ടുണ്ടാവില്ല. 

'ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ' എന്നാണ് അടികൊണ്ടു വീണപ്പോഴും നമ്മുടെ സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. നമ്മളും അങ്ങനെതന്നെ പറയും. 

"ഞങ്ങടെ നാഥന്‍ ഞങ്ങളെ തള്ളിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരേ."

ഉമ്മനെ ഉരച്ചുനോക്കണം

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ആ ഉമ്മന്‍ചാണ്ടിയുടെ ശല്യം ഒഴിഞ്ഞുകിട്ടിയത് എത്ര നന്നായി. അതിന് മുമ്പു വിളിച്ചാലും വിളിച്ചില്ലെങ്കിലും നമ്മുടെ പള്ളികളിലും അരമനകളിലുമെല്ലാം പോലീസിന്‍റെ വിളയാട്ടമല്ലായിരുന്നോ? മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ അത്ര വലിയ കാര്യമാണോ? നമ്മുടെ ചില യോഗങ്ങളിലൊക്കെ അങ്ങേരു വന്നപ്പം നമ്മള്‍ സ്വാഗതം പറഞ്ഞതൊക്കെ ഏറ്റവും അവസാനമായിട്ടാ. എന്നാലും, അങ്ങേരു ചിരിച്ചു കാണിക്കും. ഒടുവില്‍ അങ്ങേരെക്കൊണ്ടു സഹികെട്ടപ്പഴാ നമ്മള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഈ മുഖ്യമന്ത്രി സ്ഥാനത്തിന് എന്തായാലും നമ്മുടെ സഭാസെക്രട്ടറിയുടെ അത്ര വിലയൊന്നും വരില്ലല്ലോ. എന്നാലും എന്തായിരുന്നു അങ്ങേരുടെ ഭാവം? നമ്മുടെ പള്ളികളിലും തിരുമേനിമാരുടെ കബറിങ്കലുമൊക്കെ വന്നു പ്രാര്‍ത്ഥിക്കുക. പാമ്പാടിയിലും പരുമലയിലുമൊക്കെ ആരുടെയും അനുവാദത്തിനു കാക്കാതെ വന്നു പ്രാര്‍ത്ഥിക്കുന്നതൊക്കെ ധിക്കാരമല്ലേ? സമയം കിട്ടാതെപോയാല്‍ രാത്രിയായാലും നമ്മുടെ പള്ളികളില്‍ വന്നു പ്രാര്‍ത്ഥിച്ചതിനൊക്കെ നമ്മള്‍ കണക്കിനു തിരിച്ചു കൊടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ തിരുമേനി കാലംചെയ്തപ്പോള്‍, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്നപ്പോള്‍ കോലഞ്ചേരിയിലെ നമ്മുടെ ചുണക്കുട്ടന്മാരു കണക്കിനു കൊടുത്തു. അതിന്‍റെയൊക്കെ വീഡിയോ യൂടൂബിലും മറ്റുമുള്ളത് ഇടയ്ക്കിടയ്ക്ക് നോക്കണം. സഭാഭക്തി എന്നു പറഞ്ഞാല്‍ അതാ. 

ഈ പള്ളിതോറും നടക്കുന്ന അങ്ങേര്‍ക്ക് സഭാഭക്തി അല്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ കോലഞ്ചേരി പള്ളി പിടിച്ചു നമുക്കു തരില്ലായിരുന്നോ? കോലഞ്ചേരി പള്ളിയിലെ നാലു ഞായറാഴ്ചകളിലും നമ്മുടെ അച്ചന്മാരു തന്നെ കുര്‍ബാന ചൊല്ലിയ ഒരു കാലമുണ്ടായിരുന്നു. അതായത് അത്താനാസിയോസ് തിരുമേനി നമ്മോട് ചേര്‍ന്നപ്പോള്‍ അന്നത്തെ പാത്രിയര്‍ക്കീസ് വിഭാഗക്കാരുടെ അച്ചനും നമ്മുടെ കൂട്ടത്തിലായി. അങ്ങനെ നാലു ഞായറാഴ്ചകളിലും നമ്മുടെ അച്ചന്മാര്‍. പള്ളിഭരണം പൂര്‍ണമായും നമുക്ക്. അങ്ങനെ എല്ലാം ശുഭമായിരുന്നപ്പോള്‍ നമ്മള്‍ തന്നെ പാത്രിയര്‍ക്കീസ് ഭാഗത്തു നിന്നു വന്ന അച്ചനെ അവിടെനിന്നു മാറ്റി. ആ തക്കംനോക്കിയാണല്ലോ പാത്രിയര്‍ക്കീസുകാര്‍ക്ക് വീണ്ടും പ്രശ്നമുണ്ടാക്കാന്‍ കഴിഞ്ഞതും. നമ്മള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്നോ? നമ്മുടെ മുഖ്യമന്ത്രിയുടെ സഭാഭക്തി ഉരച്ചുനോക്കാന്‍ വേണ്ടി നമ്മള്‍ കളിച്ച ഒരു കളിയല്ലായിരുന്നോ അത്? എന്നിട്ട് അങ്ങേര്‍ക്ക് വല്ലതും ചെയ്യാന്‍ പറ്റിയോ? അങ്ങേരുടെ സഭാഭക്തി ഇത്രത്തോളമേ ഉള്ളുവെന്നു മനസിലായില്ലേ. മുമ്പ് കടമറ്റത്തും ഇതുപോലെ ഇടവകക്കാരെല്ലാം കൂടി ഒന്നായി നമ്മുടെ മാത്യൂസ് ദ്വിതീയന്‍ ബാവായെ സ്വീകരിച്ചപ്പോള്‍ നമ്മുടെ തിരുമേനി തന്നെ കേസ് കൊടുത്തു പള്ളി പൂട്ടിച്ചത് എന്തിനാ? അതും ഉമ്മന്‍ചാണ്ടിയുടെ സഭാഭക്തി ഉരയ്ക്കാന്‍ വേണ്ടി അല്ലായിരുന്നോ? തൃക്കുന്നത്തു സെമിനാരിയില്‍ ആ മണ്ണാറപ്രായില്‍ അച്ചന്‍ ഉണ്ടായിരുന്ന കാലത്ത് പാത്രിയര്‍ക്കീസ് ഭാഗത്തെ ഒരു കാല്‍കുപ്പായക്കാരന്‍പോലും അവിടെ കയറിയിട്ടില്ല. അത്രയ്ക്ക് സ്വാധീനവും സാമര്‍ത്ഥ്യവുമുള്ള അച്ചനെ അവിടെ നിന്നു മാറ്റിയ ഗ്യാപ്പിലാണല്ലോ അവിടെയും ശ്രേഷ്ഠനു കയറാന്‍ പറ്റിയതും പ്രശ്നങ്ങള്‍ 'ആകമാനമാക്കാന്‍' സാധിച്ചതും. അതും നമ്മള്‍ ചെയ്തത് ഈ ഉമ്മന്‍ചാണ്ടിയെ പരീക്ഷിക്കാനല്ലായിരുന്നോ? 

കാര്യം അന്നത്തെ മുഖ്യമന്ത്രിയെ അങ്ങനെയൊക്കെ പരീക്ഷിച്ചെങ്കിലും ഇന്നത്തെ മുഖ്യമന്ത്രിയെ നമ്മള്‍ പരീക്ഷിക്കയൊന്നും വേണ്ട. ഇത്തവണ തൃക്കുന്നത്ത് ആ ശ്രേഷ്ഠന്‍ കയറുന്നെങ്കില്‍ അങ്ങ് കയറിക്കോട്ടെയെന്നു വച്ചേക്കണം. എത്ര കയറിയാലും അവിടെ ഇരിക്കാനൊന്നും പോവില്ലല്ലോ. അദ്ദേഹം ഇറങ്ങിപ്പോവുമ്പോഴേക്കും നമ്മുടെ ഇപ്പോഴത്തെ ഭരണക്കാരും ഇറങ്ങിക്കോളും. പിന്നെ നമുക്കൊരു കളി കളിക്കാം. അതുവരെ സുപ്രീംകോടതിയെന്നൊക്കെ പറഞ്ഞു നമുക്കു വട്ടോം നീളോം നടക്കാം. നമുക്കു കാശിനും പഞ്ഞമില്ല. നമ്മുടെ നേതാക്കന്മാര്‍ക്കു സമയത്തിനും പഞ്ഞമില്ല. പിന്നെ നമുക്കെന്നാ പറ്റാനാ? പരുമലയിലെ കണ്ണുനീരിന്‍റെ കാശെടുത്ത് നമുക്ക് ഇഷ്ടംപോലെ കേസു കളിക്കാം. ആര്‍ക്കാ നഷ്ടം. 

പിന്നൊരു കാര്യം. ഉമ്മനു ഒന്നും ചെയ്യാന്‍ പറ്റിയില്ലായെങ്കിലും നമുക്കു ചില ഗുണങ്ങളൊക്കെയുണ്ടായി. ആ കളികള്‍ നമ്മള്‍ കളിച്ചില്ലായിരുന്നെങ്കില്‍ പാത്രിയര്‍ക്കീസ് ഭാഗത്തുള്ള 90 ശതമാനം ആള്‍ക്കാരും അത്താനാസിയോസ് തിരുമേനിയുടെയും മറ്റും കൂടെ ഇങ്ങോട്ടു വരുമായിരുന്നു. അങ്ങനെ വന്നാല്‍ നിയുക്ത കാതോലിക്കാ സ്ഥാനവുമൊക്കെ ചിലപ്പോള്‍ അങ്ങോട്ടു പോയാലോ? ഇവിടെ പത്തിരുപത്തഞ്ചു കൊല്ലം അപ്പച്ചന്‍ വടിയും കുത്തി നടന്നത് പിന്നെ എന്തിനാ? കോട്ടയത്തീന്നും കോലഞ്ചേരീന്നുമൊന്നും മൂവാറ്റുപുഴയില്‍ നിന്നും അങ്ങനെ ആരും പൊങ്ങാന്‍ അപ്പച്ചന്‍ സമ്മതിക്കുകേല.

നമ്മുടെ പാത്രിയര്‍ക്കീസിനു പത്തു ലക്ഷം അവരുടെ 

പാത്രിയര്‍ക്കീസിനു പുല്ലുവില

ഇതൊക്കെയാണെങ്കിലും ബാവാ കക്ഷിക്കാര് ആ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ ഇതിലെയൊക്കെ എഴുന്നള്ളിച്ചതാണല്ലോ. അദ്ദേഹത്തെ ഉമ്മനും കൂട്ടരും സ്റ്റേറ്റ് ഗസ്റ്റാക്കി പ്രഖ്യാപിക്കുകയും യാത്രയുടെ എല്ലാ ചെലവുകളും സര്‍ക്കാര്‍ തന്നെ നടത്തുകയും ചെയ്തു. നമ്മളും കൂടെ നികുതി കൊടുക്കുന്ന പണം അങ്ങനെയങ്ങു കളയുന്നതു ശരിയാണോ? ഈ ലോകത്തില്‍ ഈ ഒരു പാത്രിയര്‍ക്കീസ് മാത്രമല്ലല്ലോ ഉള്ളത്. നമ്മള്‍ എത്യോപ്യയില്‍ നിന്നും പാത്രിയര്‍ക്കീസിനെ കൊണ്ടുവന്നു. നമ്മുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത്? സ്റ്റേറ്റ് ഗസ്റ്റാക്കി തന്നെ നമ്മളു കൊണ്ടുനടന്നു. പോലീസിനു പോലീസ്. കാറിനു കാറ്. ഗസ്റ്റ് ഹൗസിനു ഗസ്റ്റ് ഹൗസ്. പക്ഷേ, അവസാനം നമുക്കൊരു ബില്ലും കിട്ടി. പത്തര ലക്ഷം രൂപ. നമ്മള്‍ക്കതത്ര വലിയ കാര്യമാണോ? നമ്മള്‍ അതടച്ചു. നമ്മള്‍ തിരക്കി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനു വേണ്ടി എത്രയാ ബില്ലടച്ചത്? അപ്പോഴാ മനസ്സിലായത് അത് ശരിക്കും സര്‍ക്കാര്‍ ചെലവിലായിരുന്നു. ഇപ്പം നമ്മുടേത് അങ്ങനെയല്ല. അതിനു കാശു കൊടുത്തേ പറ്റൂ. 

ഇതൊരു വലിയ നാണക്കേടായി ചിലരു പ്രചരിപ്പിക്കുന്നതാണു കഷ്ടം. നമ്മുടെ ബാവായ്ക്ക് പത്തര ലക്ഷത്തിന്‍റെ വിലയുണ്ടെന്ന് സര്‍ക്കാരിനറിയാം. മറ്റേ അങ്ങേര്‍ക്ക് പുല്ലുവില. ഏത്?

(മലങ്കര നവോത്ഥാനം 2016 നവംബര്‍7 ജനുവരി)

Wednesday, 27 September 2023

ആല്‍മരച്ചുവട്ടിലെ അച്ചനും കൊച്ചനും

 നാണംകെട്ടവന്‍ ആലിനെ തണലാക്കുന്നതൊക്കെ പഴങ്കഥയാണെന്നു പറഞ്ഞ് ആരും തള്ളിക്കളയരുത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മലങ്കരസഭ അത്തരക്കാരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കോടിപതികളും കോടീശ്വരന്മാരുമൊക്കെ സഭയുടെ ഉന്നതപദവികളിലേക്കു വരുന്നതിനെ പൊതുവെ എല്ലാവരും നല്ല കാര്യമായാണു കാണുന്നത്. ചുരുങ്ങിയ പക്ഷം ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു വാരുവാനെങ്കിലും അവര്‍ തുനിയില്ലല്ലോ എന്നാണു നമ്മുടെയൊക്കെ ആശ്വാസം. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. നമ്മളൊക്കെയും ശര്‍ക്കരയുടെ മധുരത്തെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളു. എന്നാല്‍ ശര്‍ക്കരക്കുടത്തില്‍ മറ്റു ചില പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ത്ത് ഏതാനും ദിവസങ്ങള്‍ സൂക്ഷിച്ചുവച്ചാല്‍ തിരികെ ലഭിക്കുന്ന സംഗതി മധുരമല്ല തരുന്നത്, ലഹരിയാണ്. ആ ലഹരി തലയ്ക്കു പിടിച്ചുകഴിഞ്ഞാല്‍ ശര്‍ക്കരക്കുടം ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് മലങ്കരസഭയിലെ ഇന്നത്തെ എല്ലാ അനര്‍ത്ഥങ്ങളുടെയും മൂലകാരണം. 

ആല് എവിടെ കിളിര്‍ത്താലും അത് അലങ്കാരമായി കരുതുന്നവരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. എന്തായാലും മലങ്കരയിലെ ഒരു നേതാവിന് അങ്ങനെ കിളിര്‍ത്ത ആലിനെപ്പറ്റിയാണു നമ്മള്‍ അറിയേണ്ടത്. ആ ആല്‍ത്തണല്‍ ഇന്ന് അദ്ദേഹത്തിനു മാത്രമല്ല തണലായിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന അച്ചനും കൊച്ചനും ശാഖ വീശിപ്പടര്‍ന്ന് തണലും കുളിര്‍കാറ്റും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.

തണലും കാറ്റും ആസ്വദിക്കുന്നവര്‍ അത് എവിടെനിന്ന് വരുന്നുവെന്ന് നോക്കുന്നില്ലെങ്കില്‍ നോക്കണ്ട. നമ്മുടെ വിഷയം അതല്ല. മുന്‍പറഞ്ഞ നേതാവിന്‍റെ വ്യവസായ സാമ്രാജ്യത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു റെയ്ഡ് നടന്നു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കാവല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എങ്ങോട്ടു തിരിയുമ്പോഴും രണ്ടു പേര്‍ ഒപ്പമുണ്ടാവും. ടോയ്ലറ്റില്‍ കയറുന്നതിനു മുമ്പ് അവര്‍ അതിനകം മുഴുവന്‍ പരിശോധിക്കും. ഒരുവിധ സന്ദേശവും പുറത്തേക്കു പോകാതിരിക്കാനുള്ള സംവിധാനമാണവര്‍ നടപ്പാക്കുന്നത്. ആരോടു സംസാരിച്ചാലും എന്തു ചെയ്താലും അതെല്ലാം കാവല്‍ മാലാഖമാരുടെ സാന്നിധ്യത്തിലേ ആകാവൂ. നമ്മുടെ കഥാനായകന്‍ ഇതൊരലങ്കാരമായി കരുതിത്തുടങ്ങിയിടത്താണു ആല്‍ മുളയ്ക്കുവാന്‍ ആരംഭിച്ചത്. ഈ കാവല്‍മാലാഖമാരെ പത്തു പേരെ കാണിച്ചാല്‍ തന്‍റെ മഹത്വം വര്‍ദ്ധിക്കുമെന്നു തോന്നിയ അദ്ദേഹം കാവല്‍ മാലാഖമാരുമായി സഭയുടെ ഉന്നത സമിതി യോഗത്തിലെത്തി. സഭാംഗങ്ങള്‍ പോലുമല്ലാത്തവരും കമ്മിറ്റി മീറ്റിംഗിനെത്തുന്നത് കണ്ട് നെറ്റി ചുളിച്ചവരോട് മാലാഖമാര്‍ പറഞ്ഞു, "ഇദ്ദേഹം കമ്മിറ്റിയില്‍ ഇരിക്കണമെങ്കില്‍ ഇടത്തും വലത്തും ഞങ്ങളുണ്ടാവും." എന്തായാലും ഉച്ചകഴിഞ്ഞാണു യോഗം കൂടിയതെങ്കിലും പ്രാരംഭ പ്രാര്‍ത്ഥനയില്‍ പ്രഭാതനമസ്കാരത്തിന്‍റെ ഭാഗം കൂടി ഉള്‍പ്പെടുത്തിയെന്നാണു കുബുദ്ധികള്‍ പറയുന്നത്. 'മേല്പട്ട ഉയരങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍ നിന്നെ സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.'

ആല്‍മരം ശാഖവീശിപ്പടരുന്നതിനു അസൂയാലുക്കള്‍ അസ്വസ്ഥരായിട്ട് ഒരു കാര്യവുമില്ല. 'വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു പെറുക്കുകയും ചെയ്യുന്ന ദുഷ്ടനായ യജമാനന്‍റെ താലന്തില്‍ തനിക്ക് ഓഹരി വേണ്ടെന്നു' ധൈര്യപൂര്‍വ്വം പറഞ്ഞ ദാസനെ കാത്തിരുന്നത് കരച്ചിലും പല്ലുകടിയും ആയിരുന്നുവെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. അനീതിയോട് സന്ധി ചെയ്യുന്നവര്‍ താലന്തുകള്‍ വര്‍ദ്ധിപ്പിക്കും. അവര്‍ വിതയ്ക്കാതെ കൊയ്യും, വിതറാതെ പെറുക്കും. അവരോടൊപ്പം നില്‍ക്കാത്തവര്‍ പല്ലുകടിയും കരച്ചിലും അനുഭവിക്കും.

സഭയിലെ വൈദിക-അത്മായ സ്ഥാനങ്ങളൊക്കെ ആയുഷ്ക്കാലത്തേക്കുള്ളതല്ല, അഞ്ചുവര്‍ഷത്തിനപ്പുറം ആരും അത് വഹിക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളോടെയാണ് മുതലാളിയും അച്ചനും കൊച്ചനുമെല്ലാം സ്ഥാനമേറ്റത്. ഒരു തവണ കഴിഞ്ഞപ്പോള്‍ ഒന്നുംകൂടി ആയാലെന്ത് എന്നായി അവരുടെ ചിന്ത. പത്തു വര്‍ഷം തികഞ്ഞപ്പോഴാകട്ടെ ഇനി ഇറങ്ങിപ്പോകാനും തോന്നുന്നില്ല. ആല്‍മരത്തിനു പുതിയ ശാഖകള്‍ പൊട്ടിമുളയ്ക്കുന്നുമുണ്ട്. അതുകൊണ്ട് നല്ല കാനനഛായ. ഈ കാനനത്തില്‍ ആടു മേയ്ക്കാന്‍ ഇനി ആരും വരേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം. 

ആ തീരുമാനത്തിന് എന്താണു കുഴപ്പമെന്നു നമുക്കു ചോദിക്കാം. കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് സ്ഥാനത്തും സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് അത് സ്വന്തമാണെന്നു തോന്നും. സ്വന്തമായാല്‍ തോന്നുന്നത് പറയാം, തോന്നുന്നതുപോലെ ചെയ്യാം. ആ തോന്നലുകളാണ് ഇന്ന് സഭയിലെ അനാരോഗ്യകരമായ പ്രവണതകളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ തോന്നലുകള്‍ ഇനി അധികം വേണ്ട. 

വരുന്ന അസോസിയേഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത് സ്വന്തം പ്രതിഛായയേക്കാള്‍ സഭയുടെ പ്രതിഛായയ്ക്ക് പ്രാധാന്യം നല്‍കുന്ന, മനസ്സും ശരീരവും ആത്മാവും ആര്‍ക്കും പണയപ്പെടുത്താത്ത ശക്തമായ വ്യക്തിത്വത്തിന്‍റെ ഉടമകളായിരിക്കണം. കാലാവധിയും തവണകളും പ്രലോഭിപ്പിക്കാത്ത അത്തരക്കാരുടെ വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

(മലങ്കര നവോത്ഥാനം 2016 നവംബര്‍)

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...