Tuesday, 19 September 2023

കുഞ്ഞേലീ, ധൈര്യമായി പ്രാര്‍ത്ഥിച്ചോ | ടി. പി. ജോര്‍ജുകുട്ടി കോത്തല

മലങ്കരയിലെ ഈ ഒടുക്കത്തെ പള്ളിവഴക്കുകൊണ്ട് ഒത്തിരി ഗുണമുണ്ടായിട്ടുണ്ടെന്നാണു കുഞ്ഞിക്കാച്ചേട്ടന്‍ പറയുന്നത്. ദൈവത്തിനും വേണ്ടാത്ത സഭയാണിത് അതുകൊണ്ടാണ് ഏതു കോടതിവിധി വന്നാലും ഈ സഭയില്‍ ഒരു മാറ്റവും വരാത്തത് എന്ന് കുഞ്ഞേലിച്ചേട്ടത്തി പറയുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞിക്കാച്ചേട്ടനു കലികയറും. "എടീ, എരണംകെട്ടവളേ, ലോകത്തിലെല്ലായിടത്തും എല്ലാ സഭയിലും ചെറുപ്പക്കാര്‍ പള്ളിയില്‍ പോകാതിരിക്കുമ്പോഴും ഇന്നും നമ്മുടെ പിള്ളാരു പള്ളിയില്‍ പോണൊണ്ടെങ്കില്‍ അതിനു പിന്നില്‍ ഈ സഭാവഴക്കിനു ഒരു റോളുണ്ട്. കാര്യം ശരിയാ, ഇന്നത്തെ പിള്ളേര്‍ക്ക് ബാവാകക്ഷി മെത്രാന്‍കക്ഷി എന്നൊന്നും പറയുന്നത് അത്ര ഇഷ്ടമല്ല. എന്നാല്‍, അവരുടെ അപ്പനമ്മമാരുടെ വിശ്വാസത്തിന്‍റെ ബലം ഈ കക്ഷിവഴക്കില്‍ നിന്നും ഉണ്ടായതാ. അമ്മേ ഞങ്ങളു മറന്നാലും അന്ത്യോഖ്യായെ മറക്കില്ല എന്നും കൂനന്‍കുരിശിന്‍ സത്യത്തെ വീറോടെ വീണ്ടും ഉയര്‍ത്തീടുന്നു - ഞങ്ങള്‍ക്കാര്‍ക്കും വേണ്ട വേണ്ട അന്ത്യോഖ്യായുടെ മേല്‍ക്കോയ്മ എന്നും ആവേശത്തോടെ വിളിച്ചവര്‍ക്കേ അതിന്‍റെ സ്പിരിറ്റ് അറിയാന്‍ പറ്റൂ. ആ സ്പിരിറ്റായിരുന്നു എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ അവര്‍ക്ക് താങ്ങായത്. ഇതു വല്ലതും നിനക്കറിയാമോ?"

"ഓ കുന്തം, ഈ വഴക്കിട്ടു വഴക്കിട്ടു രണ്ടു കൂട്ടരും നശിച്ചില്ലേ, തലതിരിഞ്ഞ മനുഷ്യാ?"

"എടീ എന്ധ്യാനീ, ആരു നശിച്ചെന്നാ നീ പറയുന്നത്? ഇപ്പോഴത്തെ ഈ വഴക്കു തുടങ്ങുന്നതിനു മുന്‍പ് രണ്ടു കൂട്ടര്‍ക്കുംകൂടി എത്ര പള്ളിയുണ്ടായിരുന്നു - ആയിരത്തിചില്വാനം. എന്നാലിന്നോ പള്ളികള്‍ രണ്ടായിരത്തിലധികം വരും. സ്കൂളുകള്‍, കോളേജ്, ആശ്രമങ്ങള്‍, ആപ്പീസുകള് എല്ലാം ഇരട്ടിയിലധികമായില്ലേ? മറ്റേതു സഭകള്‍ക്കാടീ ഈ വളര്‍ച്ചയുണ്ടായത്. ആ റീത്തുകാര്‍ കുറേ കേറിക്കാണും, അതും നമ്മുടെ ഇനം തന്നെയല്ലേടീ? ഒന്നുമല്ലേലും നമ്മുടെ പള്ളിപ്പാട്ടുകളെല്ലാം കത്തോലിക്കര്‍ക്കും കാണാപ്പാഠമാവാന്‍ കാരണം അവരല്ലേ?"

"വഴക്കിട്ടു പള്ളി രണ്ടാക്കിയതാ നിങ്ങളു വലിയ വലിപ്പമായി കാണുന്നത്. രണ്ടു കൂട്ടരും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഇതിന്‍റെ ഇരട്ടി വലുതാകില്ലായിരുന്നോ?"

"ഒരു ചുക്കും ഉണ്ടാകത്തില്ലായിരുന്നു. പള്ളികള്‍ വിഭജിച്ചതോടെ കൂട്ടായ്മകളുടെ ശക്തി വലുതാകുകയായിരുന്നു. വലിയ ഇടവകയില്‍ ആര്‍ക്കും തമ്മില്‍ പരിചയമില്ല ഇപ്പോഴും. എന്നാല്‍ വിഭജിച്ചുപോയവര്‍ തമ്മിലുള്ള ഐക്യം എത്രയോ ശക്തമാണ്. പത്തും മുപ്പതും വീട്ടുകാര്‍ മാത്രമുള്ള ചെറിയ പള്ളികള്‍ എത്ര ഗംഭീരമായിട്ടാണു കാര്യങ്ങള്‍ നടത്തുന്നത്."

"അപ്പം നിങ്ങളു പറഞ്ഞുവരുന്നത് സഭക്കാര് തമ്മിത്തല്ലി പള്ളികളൊക്കെ രണ്ടും മൂന്നുമാകട്ടെ ആള്‍ക്കാരു തമ്മില്‍ തല്ലിച്ചാകട്ടെ എന്നാണല്ലേ? നിങ്ങളെപ്പോലൊരു തലതിരിഞ്ഞവനെയാണല്ലോ കര്‍ത്താവേ ഞാന്‍ ഇക്കാലമത്രയും....."

"ആരു തമ്മിത്തല്ലിയെന്നാണു നീ പറയുന്നത്, എടീ നീ പത്രത്തിലെ കല്യാണപരസ്യം നോക്കിയിട്ടുണ്ടോ? ഓര്‍ത്തഡോക്സു ചെറുക്കന് പെണ്ണ് യാക്കോബായയില്‍ നിന്നു തന്നെ വേണം. യാക്കോബായ പെണ്ണിനോ ഓര്‍ത്തഡോക്സ് ചെറുക്കന്‍ വേണം. എന്താ ഇതിന്‍റെ ഗുട്ടന്‍സ്? അല്ല, ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ തമ്മിലല്ലേ ഈ കല്യാണമായ കല്യാണമെല്ലാം നടക്കുന്നത്? ഓര്‍ത്തഡോക്സ് മാനേജിംഗ് കമ്മിറ്റി അംഗത്തിന്‍റെ മകനു കെട്ടാന്‍ യാക്കോബായ ഷെവലിയറുടെ മകള്‍ തന്നെ വേണം. കല്യാണത്തിനു മറ്റേ ഭാഗത്തെ തിരുമേനിയെ പള്ളിയില്‍ കേറ്റാന്‍ മേലാത്തതുകൊണ്ട് റിസോര്‍ട്ടില്‍വച്ച് ആബൂന്‍മാര്‍ വന്നു കെട്ടിപ്പിടിക്കുകേം ചെയ്യും. പിന്നെ തമ്മില്‍ തല്ലുന്നതോ? ചില പള്ളികളില്‍ പണ്ടേ തന്നെയുള്ള കുടുംബവഴക്കുകളാണ് ഈ കല്ലേറിലും തല്ലിലും കലാശിക്കുന്നത്. അതും അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. തല്ലൊള്ള പള്ളിയിലെ പിള്ളേരേ നീ കണ്ടിട്ടുണ്ടോ? എന്തൊരു ഉശിരാ അവര്‍ക്ക്, അവര്‍ ഏതു രംഗത്തുചെന്നാലും വിജയിക്കുകേം ചെയ്യും. എത്ര തല്ലിയാലും പെണ്ണുകെട്ടു വരുമ്പോ മറുഭാഗത്തു നിന്നുതന്നെ അവര്‍ കെട്ടുകേം ചെയ്യും." 

"ഈ കല്യാണ വിരുന്നിനു വന്നു കെട്ടിപ്പിടിക്കുന്നവരാണു തിരുമേനിമാരെങ്കില്‍ ഇപ്പോഴുള്ള തര്‍ക്കമൊക്കെ അവര്‍ക്ക് തീര്‍ക്കാന്‍ മേലേ?"

"എടീ, അതു തീര്‍ക്കേണ്ട സമയമാവുമ്പോള്‍ അവരു തീര്‍ക്കുക തന്നെ ചെയ്യും. ഇന്നാള് യാക്കോബായിലെ ഒരു സിമ്പളന്‍ തിരുമേനി ഓര്‍ത്തഡോക്സിലെ ഒരു തിരുമേനിയെ ഫോണില്‍കൂടി 'എന്‍റെ കറുത്തമുത്തേ, പണിയൊക്കെ ഞങ്ങള്‍ക്ക് ശരിക്കും ഏറ്റൂ. എന്നാലും കുഴപ്പമില്ല. തല്‍ക്കാലം വലിയ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ട, നിവൃത്തിയില്ലാത്ത ഒരു സാഹചര്യമുണ്ടായാല്‍ മാത്രമേ ഞങ്ങളുടെ ആള്‍ക്കാരെ തിരിപ്പിക്കാന്‍ പറ്റൂ. അതുപോലെയുള്ള മന്ത്രങ്ങളല്ലേ ഞങ്ങളുതന്നെ മുമ്പ് ഓതിക്കൊടുത്തത്, അതുകൊണ്ട് ആ വിഷം ഒക്കെ ഇറങ്ങാന്‍ ഇത്തിരി സമയം കൂടിവേണം. അതുവരെ 34 ലെ ആ പിടി ഒട്ടും അയച്ചുകളയരുത്. അതു കളഞ്ഞാല്‍ പിന്നെയും വെള്ളക്കാരു ചോപ്പന്മാര് ഞങ്ങളുടെ തലയില്‍കയറി നിരങ്ങും. അതുകൊണ്ട് ആബൂന്‍ ഒട്ടും പുറകോട്ടുപോകല്ലേ?' എന്നു പറയുന്നത് ഞാന്‍ കേട്ടതാ."

"അതൊള്ളതാ, ഇപ്പഴത്തെ ഈ 34 ന്‍റെ കളികൊണ്ട് ഏറെ ഗുണം കിട്ടാന്‍ പോകുന്നത് നമ്മുടെ ബാവാകക്ഷിക്കാര്‍ക്കു തന്നാ. അങ്ങനെ ഒരൊറപ്പുള്ള ഭരണഘടന ഇല്ലായെങ്കില്‍ ഈ തിരുമേനിമാരുടെ എല്ലാം തലേല്‍ കാക്ക തൂറുമെന്ന് അവര്‍ക്കു തന്നെയറിയാം. അതുകൊണ്ട് അവര്‍ ഇപ്പം പുറത്തു പറയുന്നതൊന്നുമല്ല അവരുടെ മനസ്സില്‍ എന്നു എനിക്കും തോന്നീട്ടൊണ്ട്"

"അത് എന്‍റെ സഹവാസത്തിന്‍റെ ഗുണംകൊണ്ട് നിനക്കു തോന്നിയതാ, നിനക്കറിയാമോ നാളെ ഈ മാര്‍തോമ്മാ സിംഹാസനവും പത്രോസിന്‍റെ സിംഹാസനവുമൊക്കെ ഒരുമിച്ച് ഈ ഇന്ത്യാ മഹാരാജ്യത്തുനിന്ന് മലയാളിമലങ്കര മക്കള്‍ നയിക്കുകേം ഭരിക്കുകേം ഒക്കെ ചെയ്യും. കാരണം, ഈ ഒടുക്കത്തെ തീവ്രവാദികള്‍ അവിടെയെങ്ങും ഒന്നും സമ്മതിക്കത്തില്ല. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിനെയും മെത്രാന്മാരെയും ഈ തീവ്രവാദികള്‍ കൊന്നുകെട്ടിത്തൂക്കി ആ ശരീരങ്ങള്‍ എത്രയോ ദിവസം ആ അരമനയില്‍ തൂക്കിയിട്ടു എന്ന് ആരെങ്കിലും ഇന്നോര്‍ക്കുന്നുണ്ടോ? അതൊക്കെ കഴിഞ്ഞിട്ട് നൂറു നൂറ്റി ഇരുപതു കൊല്ലമേ ആയുള്ളൂ. ഈ ഇന്ത്യാ മഹാരാജ്യത്തു മാത്രമേ അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കത്തൊള്ളൂ. കാരണം, മഹത്തായ ഒരു സംസ്കാരം ഇവിടെയുണ്ട്. അത് കാത്തുരക്ഷിക്കാന്‍ ജാഗരൂകമായ സൈന്യവും ഭരണഘടനയും ജനാധിപത്യവും സംവിധാനങ്ങളും ഇവിടൊണ്ട്. അതുകൊണ്ട് നാം ഭയപ്പെടേണ്ടതില്ല."

"ശരിയാ, ഇപ്പഴാ നിങ്ങളുപറഞ്ഞത് എനിക്ക് മനസിലായത്. ഇവിടെ ഈ രാജ്യത്ത് നമുക്ക് സുഖമായി സുരക്ഷിതമായി കഴിയാമെന്നുള്ളതുകൊണ്ടാണു നാം ഇങ്ങനെ വഴക്കടിച്ചുപോവുന്നത്. അതത്രവലിയ കുഴപ്പം പിടിച്ച കാര്യമൊന്നുമല്ല. ഈ വഴക്കുള്ളതുകൊണ്ടാണല്ലോ രണ്ടുപക്ഷത്തും ധാരാളം നല്ല തിരുമേനിമാരും അച്ചന്മാരും ഒക്കെ ഉണ്ടായത്. രണ്ടു ബാവാമാരും ഒരുപോലെ മിടുക്കന്മാരല്ലേ. അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടുതന്നെ നാളെ ഉണ്ടാവാന്‍ പോവുന്ന ഐക്യവും അതുപോലെ ഉറച്ചതായിരിക്കും." 

"അതാടീ ഞാന്‍ പറഞ്ഞത് സഭാഐക്യം ശരിയായ സമയത്ത് ഉണ്ടാകുക തന്നെ ചെയ്യും. അതുകൊണ്ടു കുഞ്ഞേലീ നീ ധൈര്യമായി പ്രാര്‍ത്ഥിച്ചോ."

"നിങ്ങള് ആണുങ്ങള് ഞങ്ങടെ പ്രാര്‍ത്ഥനയെ പുച്ഛിക്കരുത്. നിങ്ങടെ തിയോളജി കൊണ്ടോ ബയോളജികൊണ്ടോ ഒന്നുമല്ല ഈ സഭ നിലനില്‍ക്കുന്നത്. ഞങ്ങള്‍ പെണ്ണുങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടാ. ഞങ്ങളു പ്രാര്‍ത്ഥിച്ചാ അതിനു ഫലം ഉണ്ടാവുക തന്നെ ചെയ്യും. ഞങ്ങളുടെ സഭാസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്തത് മറ്റൊന്നുംകൊണ്ടല്ല. ഇപ്പോ രണ്ടുഭാഗത്തുമായി എന്തുമാത്രം സ്ഥാനികളാണുള്ളത്. കൊട്ടയിലും കൊള്ളത്തില്ല, കോട്ടയത്തും കൊള്ളത്തില്ല എന്നുപറഞ്ഞതുപോലല്ലേ? നെല്ലിക്കാച്ചാക്ക് അഴിഞ്ഞുപോയാലത്തെ പോലല്ലേ ഈ സ്ഥാനികള് പരപരാന്ന് നടക്കുന്നത്. ഞാന്‍ പറഞ്ഞത് അച്ചന്മാരുടെയും മെത്രാന്മാരുടെയും കാര്യമല്ല. അവരുടെ ഇരതേടാന്‍ അവര്‍ക്കറിയാം. എന്നാല്‍ ഈ സ്ഥാനമോഹികളെ യോജിച്ച സഭയില്‍ എന്തോന്നു ചെയ്യും. അതറിഞ്ഞിട്ട് തീരുമാനിക്കാം പ്രാര്‍ത്ഥിക്കണമോ വേണ്ടയോ എന്ന്."

"എടീ, നിങ്ങള് തള്ളമാരുടെ പ്രാര്‍ത്ഥനകൊണ്ടാണ് ഈ സഭ നിലനിന്നുപോകുന്നതെന്ന് ആര്‍ക്കാ അറിയാന്‍മേലാത്തത്? പിന്നെ നീ അതിന്‍റെ പേരില്‍ തിയോളജിയെ കുറ്റംപറയരുത്. അത് ഒത്തിരിപ്പേരുടെ ജീവിതമാര്‍ഗ്ഗമാ. സഭയ്ക്കോ സമൂഹത്തിനോ ഗുണമൊന്നുമില്ലെങ്കിലും ഒരുപാട് പേര് അതുകൊണ്ടു ജീവിക്കുന്നുണ്ട്. നമുക്കായി ഒരുത്തര്‍ക്കും ഒരു തൊഴില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുകേല. അപ്പോ, ഉള്ള തൊഴില് നശിപ്പിക്കാനും പാടില്ല. പിന്നെ സ്ഥാനികളുടെ കാര്യമൊന്നും ഒരു വിഷയമല്ല. നമ്മുടെ മാണിസാറിന്‍റെ പാര്‍ട്ടീടെ സംസ്ഥാന കമ്മിറ്റിയില്‍ ആയിരക്കണക്കിനാ ആളുകള്‍. അത് കൂടണമെങ്കില്‍ തിരുനക്കര മൈതാനം ബുക്ക് ചെയ്യണം. അതുപോലെ ആവശ്യക്കാരെയെല്ലാം ഉള്‍പ്പെടുത്തി നമ്മുടെ കമ്മിറ്റികളൊക്കെ വലുതാക്കാവുന്നതേയുള്ളൂ. ഈ കമ്മിറ്റികളിലേക്കുള്ള നോമിനേഷന് ലേലം ഏര്‍പ്പെടുത്താനും മടിക്കേണ്ടകാര്യമില്ല. പിന്നെ വേറൊരു പിരിവും നടത്തേണ്ടി വരില്ല. നമ്മുടെ ഒരു പള്ളിയില്‍ കത്തോലിക്കാ പള്ളിയിലേപ്പോലെ പെരുന്നാള്‍ നടത്തിപ്പിന് പ്രസുദേന്തിമാരെ ക്ഷണിച്ചു. അഞ്ചു ലക്ഷമായിരുന്നു റേറ്റ്. പതിനഞ്ചു കൊല്ലത്തേക്കു ബുക്കിംഗ് കഴിഞ്ഞു. അതുപോലെ ഈ കമ്മിറ്റികളിലേക്കൊക്കെ ഒരു റേറ്റ് വച്ചാല്‍ മതി. പിന്നെ കാതോലിക്കാദിന പിരിവുപോലും വേണ്ടിവരില്ല. പിന്നെ ഈ കമ്മിറ്റിക്കൊന്നും ഫലത്തില്‍ ഒരധികാരോം ഇല്ലെന്ന് ആര്‍ക്കാണറിയാത്തത്? പ്രസംഗിക്കുന്നേനു മുമ്പു പിമ്പും തിരുമേനിമാരുടെ കൈമുത്താമെന്നുള്ളതാണ് അവരുടെ അധികാരം. ഇനി ഈ കൈമുത്തിനും കൂടെ ഒരു ഫീസു വെച്ചാല്‍ അതും നല്ലതാ. കമ്മിറ്റിക്കാരുടെ കടീം മാറും തിരുമേനിമാരുടെ കാര്യോം നടക്കും. അതുകൊണ്ടു കുഞ്ഞേലീ നീ ഒന്നുകൊണ്ടും അധൈര്യപ്പെടരുത്. നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം, സമാധാനം വരട്ടെ, സഭ നന്നാവട്ടെ."

(മലങ്കര നവോത്ഥാനം 2018 ഫെബ്രുവരി) 

Wednesday, 13 September 2023

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം | ജോര്‍ജുകുട്ടി കോത്തല

'ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍ നിന്നും രക്ഷിക്കണമേ' എന്ന് നൂറ്റാണ്ടുകളായി മലങ്കരസഭാംഗങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയൊരു വചനം ഉണ്ടാവുമോ എന്ന് ആരും അന്വേഷിച്ചില്ല. 91-ാം സങ്കീര്‍ത്തനത്തിലെ ഈ ഭാഗം വി. വേദപുസ്തക പരിഭാഷകളില്‍ വചനം എന്നല്ല മഹാമാരി എന്നാണു ഭാഷാന്തരം ചെയ്തിരിക്കുന്നത്.

അപ്പോള്‍ സുറിയാനിയില്‍ നിന്നും തര്‍ജമ ചെയ്തവര്‍ക്ക് പറ്റിയ പിശകായിരിക്കാം ഇതെന്നു കരുതാം. എന്നാല്‍ അത് വെറും പിശകാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാനാവില്ല. കാരണം ഈ പരിഭാഷയ്ക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് സഭാചരിത്ര ഗവേഷകന്‍ ഡോ. എം. കുര്യന്‍ തോമസ് പറയുന്നത്. എന്തായാലും അന്നുമുതല്‍ ഇന്നുവരെയും മലങ്കരസഭയില്‍ സമാധാനം എന്നൊന്നുണ്ടായിട്ടില്ല. 'എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നത് നന്ന് എന്ന് കയ്യാഫാ പറഞ്ഞത് സത്യമായ ദീര്‍ഘദര്‍ശനമായി അവന്‍ പറഞ്ഞു'വെന്ന് നോമ്പിലെ നമസ്കാരത്തില്‍ നാം ചൊല്ലുന്നുണ്ടല്ലോ. സങ്കീര്‍ത്തന പരിഭാഷയിലെ ഈ പിശകും സത്യമായ ദീര്‍ഘദര്‍ശനമായി അന്നത്തെ പിതാക്കന്മാര്‍ക്കു അനുഭവമായിട്ടുണ്ടാവാം. എന്തായാലും  ആ തര്‍ജമയ്ക്ക് പൂര്‍ണപ്രസക്തി കൈവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. മലങ്കരസഭയിലെ ഇരുവിഭാഗത്തെയും നയിക്കുന്നത് ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം ആണെന്നത് ഇന്ന് എല്ലാവര്‍ക്കും അനുഭവമാണല്ലോ.

ന്യൂനപക്ഷങ്ങള്‍ എവിടെയും അരക്ഷിതത്വം നേരിടുന്ന വര്‍ത്തമാനകാലത്ത് ന്യൂനാല്‍ ന്യൂനപക്ഷമായ മലങ്കര ക്രിസ്ത്യാനികള്‍ തമ്മില്‍തല്ലുന്നതിന് യാതൊരു ന്യായീകരണവും പറയാനില്ല. ആര്‍ക്കുവേണ്ടിയാണീ പേക്കൂത്ത് എന്നു ചോദിച്ചാല്‍ ഉത്തരം പറയാനാരുമില്ല. മോശമായി പറയുന്നവന്‍ മോശ എന്നാണല്ലോ ഇന്നത്തെ ആപ്തവാക്യം. മലങ്കരയില്‍ അങ്ങനെ ധാരാളം മോശമാരുണ്ടാവുകയാണ് ഓരോ ദിനവും. അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പള്ളിപ്പെരുന്നാളിനു വന്ന തിരുമേനി ഇറച്ചിക്കറി മടി കൂടാതെ അകത്താക്കുന്നതു കണ്ട പള്ളിമൂപ്പനു സങ്കടം വന്നു. 'നമ്മുടെ തിരുമേനിമാരു ഇറച്ചി കഴിക്കുമോ? മുന്‍പൊന്നും അങ്ങനെ കണ്ടിട്ടില്ല.' മൂപ്പന്‍റെ ആത്മഭാഷണം ന്യൂ ജെന്‍ മെത്രാനെ ചൊടിപ്പിച്ചു. "ഇറച്ചി തിന്നരുതെങ്കില്‍ അത് തരാതിരുന്നാല്‍ പോരേ?" അദ്ദേഹം ചോദിച്ചു. നേരല്ലേ? കൊടുത്തിട്ടു കുറ്റം പറയാമോ? പഴയകാലത്തെ തിരുമേനിമാര്‍ക്ക് പഴയ സംസ്കാരം, പുതിയ കാലത്ത് പുതിയ സംസ്കാരം. അതിനു കുറ്റം പറയുന്നതെന്തിനാ? അതുപോലെ തന്നെയല്ലേ അരമനകളിലെ പാര്‍ശ്വവര്‍ത്തികളെ കുറ്റം പറയുന്നതും? അവര്‍ തരംതാണ ഭാഷയിലാണു പ്രതികരിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നതല്ലേ കുറ്റം? പള്ളിപിടുത്തവും പിള്ളാരേ പിടുത്തവും നടത്താന്‍വേണ്ടി ചെല്ലുംചെലവും കൊടുത്ത് ഇറക്കിവിട്ടിരിക്കുന്ന കാളികൂളിമാര്‍ നല്ല ഭാഷ പറയണമെങ്കില്‍ അവര്‍ക്കതു വശമായിരിക്കേണ്ടേ? ഇന്നലെ വരെ കൂലിത്തല്ലും ഗുണ്ടാപ്പണിയുമായി നടന്നവന്‍ ഇന്ന് ആരൂഢന്‍റെ ആരൂഢമായാലും അവന്‍ വന്ന വഴി അവനു മറക്കാനാവുമോ? ഇന്നലെ വരെ ചെയ്തത് ഇനിയും ചെയ്യാതിരിക്കാനാവുമോ? വചനം ഇരുട്ടില്‍ സഞ്ചരിക്കുന്ന വഴികള്‍ അങ്ങനെ നീളുകയാണ്.

കറ തീര്‍ന്ന കോടതി വിധി കിട്ടി, മലങ്കരയിലെ മുഴുവന്‍ ജനതയുടെയും ആധിപത്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് തങ്ങള്‍ ഗ്രൂപ്പുനേതാക്കള്‍ മാത്രമാണെന്ന് നമ്മുടെ നേതൃത്വത്തിനു തോന്നുന്നത്? ഇരുട്ടില്‍ വചനം പ്രത്യക്ഷമാവുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണല്ലേ ഇത്? "മലങ്കരസഭ ഒന്നേയുള്ളു മക്കളെ, നിങ്ങള്‍ വരിക, നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുക. പരിഹാരങ്ങള്‍ നമുക്കു കണ്ടെത്താം" എന്ന പിതൃസഹജമായ സമീപനം പിതാക്കന്മാരില്‍ നിന്നുണ്ടാവാത്തതിനു കാരണം ജന്മപാപവും കര്‍മ്മപാപവുമാണെന്ന് ആരെങ്കിലും വിലയിരുത്തിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം ഒരുപക്ഷത്തെ മാത്രമാണു നയിക്കുന്നതെന്നു കരുതരുത്. വിഡ്ഡിത്തരത്തിനു ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും എടുത്തുകൊണ്ടിരിക്കുന്ന മറുഭാഗത്തിന്‍റെ വകതിരിവുകേടിനെപ്പറ്റി പ്രത്യേക ചര്‍ച്ചയുടെ ആവശ്യമില്ല? 1995-ലെ സുപ്രീംകോടതി വിധിക്കുശേഷം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഇരുവിഭാഗവുമായി നിരന്തരം ചര്‍ച്ച ചെയ്തു. ഒടുവില്‍ സമാധാനത്തിന്‍റെ സുവര്‍ണ്ണലിപികള്‍ കരാറായെഴുതി. '1934-ലെ ഭരണഘടനയ്ക്കു വിധേയമായി പരസ്പരം സ്വീകരിക്കുന്നു.' ദേവലോകത്തുനിന്നും അനുവാദം വാങ്ങി തിരുമേനി പുത്തന്‍കുരിശിലെത്തിയപ്പോള്‍ പക്ഷേ കഥ മാറി. 'ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിക്കും വിധേയമായി' എന്നു ചേര്‍ത്താലേ തങ്ങള്‍ ഒപ്പിടൂ. ഇരുട്ടിലെ വചനം പറഞ്ഞു. മറുപക്ഷത്തെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കാന്‍ ഇരുകയ്യുകളും നീട്ടി കാത്തിരുന്ന ഒരു നേതൃത്വം അന്ന് മലങ്കര സഭയ്ക്കുണ്ടായിരുന്നു. ആവശ്യമില്ലാത്ത വ്യവസ്ഥകള്‍ക്കു വിധേയമാവാന്‍ അവര്‍ക്കു പക്ഷേ നിവൃത്തി ഉണ്ടായിരുന്നില്ല. ചര്‍ച്ച വഴിമുട്ടി. 'സുപ്രീംകോടതി വിധിക്കു വിധേയം' എന്ന് എഴുതണമെന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തിയവര്‍ ഇന്ന് എന്തായിരിക്കും പറയുക? വേണ്ട, മളീമഠിന്‍റെ നിരീക്ഷണത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവോടെ നടത്തിയ 2002-ലെ അസോസിയേഷനിലേക്ക് എല്ലാ പള്ളികള്‍ക്കും ക്ഷണം കിട്ടി. ക്ഷണം കിട്ടാതിരുന്ന യാക്കോബായ വിഭാഗം പുതുതായി വച്ച പള്ളികളും ക്ഷണം സ്വീകരിച്ച് അസോസിയേഷനില്‍ പ്രതിനിധികളുടെ ലിസ്റ്റ് നല്‍കി. എന്നിട്ടോ? ഇരുട്ടിലെ വചനം അവരുടെ അകവാള്‍ തന്നെ വെട്ടി. അസോസിയേഷന്‍ ബഹിഷ്കരിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും അവര്‍ക്ക് തോന്നി.  ഫലമോ? അതുവരെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു ബന്ധവുമില്ലാതിരുന്ന പുതിയ പള്ളികള്‍ കൂടി സഭയ്ക്ക് ലഭിച്ചു. പുതുപ്പള്ളിയിലെ പുതിയ പള്ളി ഉള്‍പ്പെടെ എല്ലാ പള്ളികളും ഇന്ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തം. അവിടേയ്ക്കെല്ലാം പുതിയ വികാരിമാര്‍ നിയമിക്കപ്പെട്ടു കഴിഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് വിവേകവും വിനയവുമുള്ള നേതൃത്വം ഉണ്ടായിരുന്ന കാലത്താണ് ഔദ്യോഗിക ക്ഷണം നിരസിച്ചും എന്നാല്‍ വിഡ്ഡിത്തം കാട്ടിയും യാക്കോബായ വിഭാഗം സെല്‍ഫ്ഗോളുകള്‍ അടിച്ച് സ്വയം പുറത്തായത്. എന്നിട്ടവര്‍ എതിര്‍ഭാഗത്തെ 'മൊണ്ണ' എന്നു വിളിക്കുന്നതു കാണുമ്പോള്‍ അവരുടെ ബുദ്ധിയെപ്പറ്റിയും സിദ്ധിയെപ്പറ്റിയും പറയുവാനും 'മൊണ്ണ' സമാനമായ പദങ്ങള്‍ തിരിച്ചും പറയേണ്ടി വരും. ഇരുട്ടിലെ വചനത്തിന്‍റെ ശക്തി അപാരം തന്നെ.

ഇപ്പോഴും യാക്കോബായ വിഭാഗം കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവരുടെ  ആത്മനാശത്തിനു വേഗം കൂട്ടിക്കൊണ്ടിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയിലെ വിശ്വാസികള്‍ക്കിടയില്‍തന്നെ സഭാനേതൃത്വത്തിന്‍റെ കടുംപിടുത്തത്തോട് എതിര്‍പ്പുള്ളവര്‍ ഏറെയാണ്. കൊല്ലത്തു പണിക്കര്‍ എന്നും  ഇല്ലത്ത് നായരെന്നും ഒക്കെ പേരു പറഞ്ഞ് ഓര്‍ത്തഡോക്സ് വിഭാഗക്കാരില്‍ നിന്നു തന്നെയുള്ളവര്‍ സ്വയം വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭാനേതൃത്വത്തോട് തിരുത്തല്‍ ആവശ്യപ്പെട്ടപ്പോള്‍, യാക്കോബായ വിഭാഗക്കാര്‍ മെത്രാന്മാര്‍ സഹിതം അതിന്‍റെ മുമ്പില്‍ അണിനിരന്ന് സഭാനേതൃത്വത്തെ ചീത്തവിളിച്ചതെന്തിനാണ്? അതോടെ പണിക്കര്‍ക്ക് പിന്‍തുണയുമായി വന്ന ഓര്‍ത്തഡോക്സുകാര്‍ പിന്നോട്ടു പോയില്ലേ? ഇപ്പോഴും 1934-ലെ ഭരണഘടന നടപ്പാക്കുന്ന പള്ളികളില്‍ നിന്നും യാക്കോബായക്കാര്‍ ഒഴിഞ്ഞുപോവുന്നതെന്തിന്? കോടതിവിധിയോട് ചേര്‍ന്നു നിന്ന് സഭയ്ക്കുള്ളില്‍ തന്നെ നില്‍ക്കാനും, തങ്ങളുടെ പള്ളിയും സ്വത്തുക്കളും സംരക്ഷിക്കാനുമുള്ള സാധ്യത സ്വയം ഉപേക്ഷിക്കാന്‍ ആരാണിവര്‍ക്ക് പ്രേരണ നല്‍കുന്നത്? അവന്‍ തന്നെ; ഇരുട്ടില്‍ സഞ്ചരിക്കുന്നവന്‍.

വിവേകത്തെ നശിപ്പിക്കുകയാണ് ഇരുട്ടിന്‍റെ സ്വഭാവം. സഭ പൊതുസമൂഹത്തിനു മുമ്പില്‍ ചീഞ്ഞുനാറുന്നുവെന്നും അതിനു പരിഹാരം കാണണമെന്നും മറുപക്ഷത്തുനിന്നു വിഡ്ഡിത്തം കാട്ടുന്നവരോടു ക്ഷമിക്കണമെന്നും പള്ളിക്കെട്ടിടങ്ങളേക്കാള്‍ വില ജനങ്ങള്‍ക്കാണെന്നും ഒരൊറ്റ വ്യക്തിയെപ്പോലും നമുക്ക്  നഷ്ടപ്പെടുവാന്‍ പാടില്ലായെന്നും വിവേകമതികളായ വൈദികര്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തിന് കത്തെഴുതിയപ്പോള്‍ അത് കിട്ടിയവര്‍ക്ക് അതു മനസിലാകാഞ്ഞിട്ടല്ല അതിനെ എതിര്‍ത്തത്. 'നേരേ ചൊവ്വേ നടെക്കെടാ കുരുത്തംകെട്ടവനേ' എന്ന, താന്‍ പണ്ടു നിരന്തരം കേട്ടുകൊണ്ടിരുന്ന ശാസനയാണ് അത് ലഭിച്ചവര്‍ക്ക് അതില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞതെങ്കില്‍ നമുക്കിന്ന് എന്തു ചെയ്യാനാവും? ഇരുട്ടില്‍ നടക്കുന്നവന്‍ വീണ്ടും ജയിക്കുന്നു.

പാത്രിയര്‍ക്കീസിന്‍റെയും അന്ത്യോഖ്യന്‍ നേതൃത്വത്തിന്‍റെയും ഉള്ളിലിരുപ്പും കയ്യിലിരുപ്പും നേരിട്ടനുഭവിച്ച്  ഊരാക്കുടുക്കിലായിരിക്കുന്ന ശ്രേഷ്ഠബാവായോട് മലങ്കരസഭ സഹാനുഭൂതി പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. അദ്ദേഹത്തിന്‍റെ ശ്രമഫലമായി സ്ഥാപിതമായ വിദേശത്തെ പള്ളികളെല്ലാം പാത്രിയര്‍ക്കീസ് നേരിട്ട് ഏറ്റെടുത്തു. സ്വദേശത്തെ പള്ളികള്‍ ഓര്‍ത്തഡോക്സ് ലിസ്റ്റിലുമായി. പൗരസ്ത്യ കാതോലിക്കാ വെറും മഫ്രിയാനായാണെന്നും ഇന്ത്യയ്ക്കു പുറത്തെ കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്നും പാത്രിയര്‍ക്കീസ് നേരിട്ടു പറഞ്ഞതോടെ താന്‍ നട്ടുവളര്‍ത്തിയതെല്ലാം കാട്ടുമുന്തിരിയായിപ്പോയല്ലോ എന്ന തിരിച്ചറിവില്‍ ഒരു വാക്കും ഉരിയാടാനാകാതെ അസ്തപ്രജ്ഞനായി കഴിയുകയാണദ്ദേഹം. ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടായിരുന്നു ശരിയെന്ന് അദ്ദേഹത്തിനു പൂര്‍ണമായും ബോധ്യപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്സ് നേതൃത്വം അദ്ദേഹത്തെ കാണുകയും ഈ വൃദ്ധതയില്‍ അദ്ദേഹത്തിന് അല്പം 'തുഷ്ടിപുഷ്ടികള്‍' ഉണ്ടാവട്ടെ എന്നു കരുതി പ്രവര്‍ത്തിക്കുകയും ചെയ്താല്‍, തല മറന്ന് അന്ത്യോഖ്യന്‍ എണ്ണ തലയില്‍ തേക്കുന്നവര്‍ക്കെല്ലാം വീണ്ടുവിചാരം ഉറപ്പ്.

ഇപ്പോള്‍ അവിടെയുള്ള മെത്രാന്മാരെയെല്ലാം ഇവിടെ വന്നാല്‍ എന്തു ചെയ്യും എന്ന ചിന്ത തന്നെ അനാവശ്യം. ഇപ്പോള്‍ അവര്‍ക്കുള്ള പള്ളികളും സ്ഥാപനങ്ങളും മാത്രം അവര്‍ക്കു നല്‍കിയാല്‍ മതി. പുതുതായി ഒന്നും കൊടുക്കേണ്ടതില്ല. ഇപ്പോള്‍ റീത്തുകാരും അവരോടു പറയുന്നത് 'നിങ്ങള്‍ വന്നാല്‍ മതി, പുത്തന്‍പള്ളികളുണ്ടാക്കാം സെമിത്തേരികളുണ്ടാക്കാം' എന്നൊക്കെയാണ്. എന്തായാലും റീത്തുകാരുടെ മുട്ടകള്‍ ഓര്‍ത്തഡോക്സുകാരുടെ ചൂടില്‍ വിരിയിക്കാന്‍ നമ്മള്‍ ഇടകൊടുക്കരുത്.

പണ്ട്, വട്ടക്കുന്നേല്‍ ബാവായുടെ കാലത്ത് മീനടം പള്ളിയില്‍ പാത്രിയര്‍ക്കീസ് പക്ഷത്തെ ഒരച്ചന്‍റെ കൊച്ചമ്മ മരിച്ചു. ഇപ്പോഴത്തെ പഴയസെമിനാരി മാനേജര്‍ തോമസ് ഏബ്രഹാം അച്ചനായിരുന്നു വികാരി. വികാരിയുടെ അനുവാദം കൂടാതെ പാത്രിയര്‍ക്കീസ് പക്ഷം  സെമിത്തേരിയില്‍ ശവമടക്കു നടത്തുവാന്‍ തുനിഞ്ഞപ്പോള്‍, എന്തു ചെയ്യണമെന്ന് ബാവായോട് ചോദിച്ച മീനടംകാരോട് മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു, "അവര്‍ അടക്കിയിട്ടു പോകട്ടെ, നിങ്ങള്‍ എതിര്‍ക്കാന്‍ പോവേണ്ടതില്ല." അന്തംവിട്ട പള്ളിക്കാരോട് തിരുമേനി പറഞ്ഞു, "ഇപ്പോള്‍ നമ്മുടെ സമ്മതമില്ലാതെ ശവമടക്കു നടത്തിയവര്‍, നാളെ കുര്‍ബാന ചൊല്ലിക്കാനും ധൂപം വയ്ക്കാനും നമ്മുടെ അടുത്തുവരുമ്പോള്‍ അത് ചെയ്തു കൊടുക്കുകയും വേണം." ബാവായുടെ ദീര്‍ഘദര്‍ശനം എത്ര സത്യമായിരുന്നെന്നോ. ആ അച്ചനും കുടുംബവും എക്കാലത്തും പള്ളിയുടെ ഭാഗമായി തന്നെ നിന്നു. പാത്രിയര്‍ക്കീസ് പക്ഷത്തു കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് അച്ചന്‍ മരിക്കുന്നത്. ശവമടക്കു നടത്തിയത് കോട്ടയം ഭദ്രാസനത്തിന്‍റെ ഈവാനിയോസ് തിരുമേനി. അച്ചന്‍റെ കുടുംബക്കാര്‍ ഇന്നും പള്ളിയോടു ചേര്‍ന്നുനില്‍ക്കുന്നു.

ഇടവക വികാരിയുടെ അനുവാദത്തോടെ ശവമടക്കു നടത്തുന്നതു മൂലം സഭയ്ക്ക് ഒരു തോല്‍വിയുമുണ്ടാകുന്നില്ല. മാത്രമല്ല പിന്നീട് സ്വാഭാവികമായും അവര്‍ പള്ളിയോടു ചേര്‍ന്നുനില്‍ക്കും. മറുപക്ഷത്തുള്ള മുഴുവന്‍ ആളുകളും നമ്മുടെ തന്നെ ഭാഗമാണ്. അവരെ പ്രകോപിച്ചു നമ്മള്‍ വിട്ടുകളയരുത്. യഥാര്‍ത്ഥ സഭാസ്നേഹികള്‍ക്ക് ഒരാളെങ്കിലും സഭ വിട്ടുപോയാല്‍ വേദന തോന്നും. ഈ ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ച അഞ്ചു പുരോഹിതന്മാരെ പുച്ഛത്തോടെ പരാമര്‍ശിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ കമന്‍റുകള്‍ സഭാസ്നേഹികളുടേതാണെന്നു കരുതുക വയ്യ. സഭാസ്നേഹം ഒരു തീവ്രവാദ പ്രവര്‍ത്തനമല്ല. നൂറുകണക്കിനു ഭദ്രാസനങ്ങള്‍ പൗരസ്ത്യ സഭയ്ക്കുണ്ടായിരുന്ന ഇറാന്‍ - ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് ക്രൈസ്തവര്‍ മരുന്നിനു പോലുമില്ല. ആഗോളമത തീവ്രവാദം ക്രൈസ്തവ സമൂഹത്തിന്‍റെ വേരറക്കുവാന്‍ ലക്ഷ്യമിടുന്ന ഈ കാലത്ത്, ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുക പരമപ്രധാനമാണ്. യാക്കോബായ വിഭാഗം നമ്മുടെ രക്തത്തിന്‍റെ രക്തവും മാംസത്തിന്‍റെ മാംസവുമാണ്. വിദേശാധിപത്യം അടിമനുകമാണെന്ന് അവര്‍ ഇന്നു മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ക്ക് സൂചി കുത്താനിടം നല്‍കില്ലായെന്ന നിലപാട് അവരുടെ വീണ്ടുവിചാരത്തിനുള്ള സാധ്യതകള്‍ നശിപ്പിക്കുകയാണ്. മലങ്കരയുടെ മക്കളെ, അന്ത്യോഖ്യയുടെയും റോമിന്‍റെയും ആധിപത്യത്തിലേക്ക് വിടാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം നിലപാട് എടുക്കുക മാത്രമാണ് ഇപ്പോള്‍ വേണ്ടത്. അത് ചെയ്യുമ്പോള്‍ സന്ധ്യയാവും ഉഷസുമാവും. ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം അപ്രത്യക്ഷമാവുകയും ജീവനുള്ള വെളിച്ചത്തിന്‍റെ വചനം പ്രത്യക്ഷമാവുകയും ചെയ്യും.

(മലങ്കര നവോത്ഥാനം 2019 ഡിസംബര്‍)

Tuesday, 12 September 2023

അര്‍ക്കദിയാക്കോന്‍റെ നിഴല്‍ | ജോര്‍ജുകുട്ടി കോത്തല

2007-ല്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നാം നാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനി പത്രമോഫീസുകളിലേക്ക് പാഞ്ഞെത്തി. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പു വാര്‍ത്ത പത്രങ്ങളില്‍ മുന്‍പേജില്‍ വന്നില്ല എന്നതിലുള്ള പ്രതിഷേധ പ്രകടനമാണ് തുടര്‍ന്നുണ്ടായത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് നിങ്ങള്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ കൊടുക്കുമല്ലോ, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്തയും ഒന്നാം പേജില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ വിവരമറിയും. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയോട് എന്തുമാവാമെന്നോ?

അതിനു മറുപടിയായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. എസ്.എന്‍.ഡി.പി. യുടെയും എന്‍.എസ്.എസ്. ന്‍റെയും സെക്രട്ടറി സ്ഥാനം ആ സംഘടനകളില്‍ അഥവാ സമുദായത്തില്‍ സമുന്നതമാണ്. ഓര്‍ത്തഡോക്സ് സഭാസെക്രട്ടറിയുടെ സ്ഥാനം സഭയില്‍ അത്രത്തോളം സമുന്നതമല്ല. സഭയില്‍ പ്രധാന മേലദ്ധ്യക്ഷപദവി വേറെയുണ്ട്. അതുകൊണ്ടുതന്നെ താങ്കള്‍ ഉദ്ദേശിക്കുന്ന സ്ഥാനം മാധ്യമങ്ങളില്‍ ലഭിക്കില്ല. എങ്കിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് സമൂഹത്തിലുള്ള പ്രാധാന്യം നിമിത്തം നിങ്ങള്‍ക്ക് അര്‍ഹമായ പരിഗണന എല്ലാ മാധ്യമങ്ങളും നല്‍കും.

ആ മറുപടി അദ്ദേഹത്തിനു ആശ്വാസപ്രദമായില്ല. എന്നു മാത്രമല്ല, സ്ഥാനത്തെ ചെറുതാക്കാന്‍ ഓര്‍ത്തഡോക്സ് സഭക്കാരുടെ മാനേജ്മെന്‍റില്‍ നിന്നു പ്രസിദ്ധീകരിക്കുന്നവ ഉള്‍പ്പെടെയുള്ളവര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപ പ്രചരണത്തിനും അദ്ദേഹം തുടക്കമിട്ടു. അതിന്‍റെ അനുരണനങ്ങളാണ് പിന്നീട് സഭാതലത്തില്‍ നിന്നും പൊതുസമൂഹത്തിലേക്ക് ഒഴുകിയെത്തിയ അനാശാസ്യ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചതും.

എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിമാരെപ്പോലെ പ്രാധാന്യം തനിക്കുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരിക്കാം തന്‍റെ കന്നി ബജറ്റ് പ്രസംഗം മാലോകര്‍ക്കു ദൃശ്യമാക്കാന്‍ ടി.വി. ചാനലുകാരെ ക്ഷണിച്ചത്. പ. ദിദിമോസ് ബാവാ ക്ലിപ്പിട്ടില്ലായിരുന്നുവെങ്കില്‍ സെക്രട്ടറിയുടെ ബജറ്റ് പ്രസംഗം നമുക്ക് ലൈവായി കാണാമായിരുന്നു.

താന്‍ സഭാ സെക്രട്ടറിയാണെന്നും സഭയുടെ സി.ഇ.ഒ. ആണെന്നും വൈദിക-അല്‍മായ ട്രസ്റ്റിമാര്‍ തനിക്കു താഴെ ആണെന്നും ഇക്കാര്യങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വാര്‍ത്താ മാധ്യമങ്ങളെ രേഖാമൂലം അറിയിച്ചെങ്കിലും പ. ദിദിമോസ് ബാവാ അതിനും ക്ലിപ്പിട്ടു.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിക്കും ലഭിക്കുന്ന മാധ്യമശ്രദ്ധയും പരിഗണനയും മറ്റ് സമുദായനേതാക്കളില്‍ അസൂയ ജനിപ്പിക്കാറുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ ജനസംഖ്യകൊണ്ട് കേരളത്തില്‍ രണ്ടാമത്തെയും മൂന്നാമത്തെയും സമുദായങ്ങള്‍ എന്ന നിലയിലുള്ള പരിഗണനയ്ക്ക് ഒപ്പം അവരുടെ സംഘടനകള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനശൈലി കൂടിയാണ് അവര്‍ക്ക് ഈ പദവി നല്‍കുന്നതെന്ന് നാം കാണണം. സ്വന്തം സമുദായത്തില്‍പെട്ട നേതാക്കള്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ ഭരണകൂടത്തിലും പാര്‍ട്ടിയിലും ലഭിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനായി അവര്‍ പ്രത്യക്ഷമായും പരോക്ഷമായും നീക്കങ്ങള്‍ നടത്തും. സമുദായത്തിലെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍പോലും പ്രതിരോധിക്കുവാന്‍ അവര്‍ മതിലുകള്‍ പണിയും. എന്നാല്‍ ഓര്‍ത്തഡോക്സ് വക്താക്കളാകട്ടെ, സ്വസമുദായാംഗങ്ങള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുക മാത്രമല്ല അവരെ തള്ളിപ്പുറത്താക്കാന്‍ കൂടി മടിക്കാറില്ല. പള്ളികളിലും സഭാ സമ്മേളനങ്ങളിലുമൊക്കെ പൊതുസമൂഹം ആദരിക്കുന്ന രാഷ്ട്രീയ, രാഷ്ട്രീയേതര നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെ വരെ നമ്മുടെ സഭാനേതൃത്വത്തിലുള്ളവരും പുരോഹിതരും മറ്റും പലപ്പോഴും എതിര്‍ക്കാറുണ്ട്. സമൂഹം അംഗീകരിക്കുന്നവരെ മാനിച്ചാല്‍, തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്ന ഭയമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍, സമൂഹത്തിന്‍റെ ശ്രദ്ധ ലഭിക്കണമെങ്കില്‍ അതിന് ഇതര രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ സാന്നിദ്ധ്യം പലപ്പോഴും അനിവാര്യമായി വരാറുണ്ട്. കേരള സമൂഹത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കംകുറിച്ച മഹാസംഭവത്തെ (പഴയസെമിനാരിയുടെ 200-ാം വാര്‍ഷികത്തെ) മാധ്യമങ്ങളും സമൂഹവും അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാതിരിക്കുക മാത്രമല്ല, അവിടെ നടന്ന പ്രസംഗങ്ങളെ ഒരു കോമഡിഷോയാക്കി ദിവസങ്ങളോളം പ്രചരിപ്പിക്കുക കൂടി ചെയ്തു. ഇതൊക്കെ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതകളാണ്. നേതൃത്വത്തിന്‍റെ ഭാവനാദാരിദ്ര്യം സഭയുടെ ദൗര്‍ഭാഗ്യമായി മാറുന്നതിന്‍റെ ഉദാഹരണങ്ങളും.

കേരളത്തിലെ സമുദായ സംഘടനകളില്‍ ഏറ്റവും ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിന് ആരംഭം കുറിക്കുമ്പോള്‍ മഹാനായ മന്നത്തു പത്മനാഭന്‍ പ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിച്ച പ്രതിജ്ഞ പ്രസിദ്ധമാണല്ലോ. "ഞാന്‍ എന്‍റെ കഴിവുകള്‍ മുഴുവന്‍ എന്‍റെ സമുദായത്തിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി വിനിയോഗിക്കും. എന്നാല്‍ എന്‍റെ സമുദായത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഇതര സമുദായങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും" എന്ന പ്രതിജ്ഞയാണ് ആ സമുദായ സംഘടനയെ കേരള സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ മന്നത്തു പത്മനാഭനെ സമുദായ നേതാവായല്ല 'ഭാരതകേസരി'ആയാണ് കേരളസമൂഹം വിലയിരുത്തിയത്.

സഭയിലൂടെ കൈവരുന്ന സ്ഥാനങ്ങളും അംഗീകാരവും വ്യക്തിപരമായ ഉയര്‍ച്ചയ്ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാനുള്ള വെമ്പലാണ് ഇന്ന് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തെ ഒരു മാമാങ്കമാക്കി മാറ്റുന്നത്. 1653 വരെ വൈദികപ്രമുഖനായിരുന്ന അര്‍ക്കദിയാക്കോനാണ് സഭാഭരണം നിര്‍വഹിച്ചുവന്നത്. സവിശേഷമായ ആ ഭാരതീയപാരമ്പര്യം അര്‍ക്കദിയാക്കോന്‍ മെത്രാന്‍ സ്ഥാനമേറ്റതോടെ അന്യംനിന്നു. അന്നു മുതല്‍ ഇന്നുവരെ സമുദായനേതൃത്വവും സഭാനേതൃത്വവും സഭാധ്യക്ഷന്‍റെ ഉത്തരവാദിത്തമായി. എങ്കിലും അര്‍ക്കദിയാക്കോന്‍റെ നിഴല്‍ ചിലപ്പോഴെങ്കിലും സഭാസെക്രട്ടറിയുടെ മേല്‍ പതിക്കാറുണ്ട്. അവരുടെ സ്വപ്നങ്ങളില്‍ അര്‍ക്കദിയാക്കോന്‍ കടന്നുവരാറുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭാവവും രൂപവും ചിലപ്പോഴൊക്കെ വിജ്രംഭിക്കുന്നത് നമുക്ക് ക്ഷമിക്കാം. എന്നാല്‍ എല്ലാവരും ഒന്നോര്‍ക്കുന്നത് നന്ന്. സഭയില്‍ ഇനി അര്‍ക്കദിയാക്കോന്‍ സ്ഥാനം പുനഃസ്ഥാപിക്കപ്പെടാന്‍ പോവുന്നില്ല. എന്നാല്‍ നമ്മുടെ രാഷ്ട്രവും രാഷ്ട്രീയവും നിയന്ത്രിക്കുന്നത് 'അര്‍ക്കദിയാക്കോന്മാര്‍' തന്നെയാണ്. നമ്മുടെ സഭയില്‍ നിന്നും അങ്ങനെയുള്ള ധാരാളം സ്ഥാനികള്‍ ഉണ്ടാവേണ്ടതുമുണ്ട്. പക്ഷേ, അതിലേക്കുള്ള വഴി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനമല്ല. സമൂഹത്തില്‍ സജീവമായുള്ള പങ്കുവഹിക്കലാണ്. അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള പ്രോത്സാഹനം നല്‍കലാണ് - അവരെ കൈപിടിച്ചുയര്‍ത്തലാണ് - സഭാനേതൃത്വത്തിന്‍റെ ചുമതല, അവരുടെ സ്ഥാനത്ത് എത്തിച്ചേരലല്ല എന്നുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവട്ടെ.

(മലങ്കര നവോത്ഥാനം 2017 മാര്‍ച്ച്) 

സംഹാരകരെ, നവോത്ഥാന സമിതിയുടെ ശൈലി വേറെയാണ് | ജോര്‍ജുകുട്ടി കോത്തല

 നവോത്ഥാന സമിതിക്കും അത്മായട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോര്‍ജ് പോളിനും എതിരെ അനവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ആക്ഷേപഹാസ്യരചന വ്യാപകമായി വിതരണം ചെയ്യപ്പെടുന്നത് കാണാനിടയായി. ദോഷം പറയരുതല്ലോ, ശരിക്കും ചിരിക്കു വക നല്‍കുന്ന ഇത്തരം രചനകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. മലങ്കര മക്കളുടെ തീരാത്ത വേദനയും തോരാത്ത കണ്ണീരുമായ സഭാകേസുകളും പള്ളിവഴക്കുകളുമെല്ലാം ഒരിക്കലും പരിഹരിക്കപ്പെടാതെ പോവുന്നതിന്‍റെ കാരണങ്ങളെയും കാരണക്കാരെയും സ്പഷ്ടമായി ചൂണ്ടിക്കാണിക്കുന്ന ഇതുപോലെയുള്ള വാറോലകള്‍ സത്യത്തിലേക്കു നമ്മെ എത്തിക്കുന്ന ചൂണ്ടുപലകകള്‍ തന്നെയാണ്. 

ഓടക്കാലി പള്ളിയില്‍ ഓടിളക്കാന്‍ ജോര്‍ജ് പോള്‍ ചെന്നില്ല. വരിക്കോലി പള്ളിയില്‍ വാരിക്കുന്തവുമായി അദ്ദേഹത്തെ കണ്ടില്ല, കത്തിപ്പാറത്തടം പള്ളിയില്‍ കത്തിക്കുത്തു നടത്താന്‍ നവോത്ഥാനക്കാര്‍ ചെന്നില്ല. ചവിട്ടുവരി പള്ളിയില്‍ ചവിട്ടു നടന്നപ്പോള്‍ ഇവര്‍ ഇവിടെയായിരുന്നു! പല പള്ളികളിലും നടന്ന ശവമേറു ശുശ്രൂഷയ്ക്ക് ഇവരാരും വന്നില്ല എന്നു തുടങ്ങുന്ന ആക്ഷേപങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെയൊക്കെ ചങ്കു പൊട്ടാത്തതു ഭാഗ്യം. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മഹാനായ പാറേട്ടു തിരുമേനിയെ നവോത്ഥാന സമിതി ഓര്‍ത്തുപോവുകയാണ്. കോട്ടയം ഭദ്രാസനത്തിലുള്ള ഒരു പള്ളിയും ഇന്നും പൂട്ടികിടക്കുന്നില്ല. ഒരു പള്ളിയിലും ശവമേറു വഴിപാടു നടന്നിട്ടില്ല. ഒരു അച്ചനേയും ലോക്കപ്പിലേക്ക് പാക്കയ്പ്പ് ചെയ്യേണ്ടി വന്നിട്ടില്ല. അതിനൊക്കെയും ഒരു കാരണം ആ മഹാനായ തിരുമേനിയുടെ നിലപാടുകളായിരുന്നു. 

കോട്ടയം ഭദ്രാസനത്തിലെ ഇന്ന് പാത്രിയര്‍ക്കീസ് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന പല പള്ളികളിലും ഓര്‍ത്തഡോക്സ് ന്യൂനപക്ഷം നിശബ്ദരായി നിലനില്‍ക്കുന്നുണ്ട്. അവരെ പ്രചോദിതരും പ്രകോപിതരുമാക്കിയാല്‍ ഈ പള്ളികളൊക്കെ പൂട്ടിക്കാനും ശവമേറു നടത്തുവാനും സാധിക്കുമായിരുന്നു. അത്തരം ഒരാവശ്യവുമായി പാത്രിയര്‍ക്കീസ് പക്ഷത്തുള്ള ഒരു പ്രമുഖ പള്ളിയിലെ ചില പ്രമുഖ വ്യക്തികള്‍ അവരുടെയിടയിലെ ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് പാറേട്ട് തിരുമേനിയെ കാണാനെത്തി. ആ പള്ളിയിലെ വികാരിയെ മാറ്റി അവിടെയൊരു തീവ്രവാദിയായ ഓര്‍ത്തഡോക്സ് വൈദികനെ വച്ചാല്‍ പള്ളി പൂട്ടിക്കാമെന്ന വാഗ്ദാനത്തിനു മുമ്പില്‍ തിരുമേനി പറഞ്ഞ വാക്കുകള്‍ എത്രയോ ദീര്‍ഘദര്‍ശിത്വം ഉള്ളതായിരുന്നു:

"ഏതെങ്കിലും ഒരു പള്ളി പൂട്ടിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്. മലങ്കരയിലെ എല്ലാ പള്ളികളും കാതോലിക്കേറ്റിനു പൂര്‍ണമായും അവകാശപ്പെട്ടതു തന്നെയാണ്. അന്ത്യോഖ്യയിലെ ബാവാ ആകാശത്തിലുള്ള ബാവാ തന്നെയാണെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്ന പാവപ്പെട്ട ജനതയെ പറ്റിച്ചു കഴിയുന്ന ചില വ്യക്തികളുടെ കപടത മൂലം സത്യം മനസ്സിലാക്കാന്‍ കഴിയാത്ത തീവ്രവാദികളായ ചിലരാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കു കാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അന്ത്യോഖ്യന്‍ സഭാനേതൃത്വത്തിന്‍റെ ദുരുദ്ദേശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ഇടയില്‍ നിന്നു തന്നെ കാതോലിക്കേറ്റിലേക്ക് ഒരൊഴുക്കുണ്ടാവും. ആ സന്ദര്‍ഭത്തിനായി നമ്മള്‍ കാത്തിരുന്നാല്‍, അങ്ങനെ വരുന്നവര്‍ക്ക് വൈകാരികമായ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ മലങ്കര മുഴുവന്‍ കാതോലിക്കേറ്റിന്‍റെ കീഴിലാവും. അത്തരമൊരു സാഹചര്യത്തിലൂടെ ഉരുത്തിരിയുന്ന സമാധാനം മാത്രമേ ശാശ്വതമാവൂ. അല്ലാതെ പള്ളി പൂട്ടിച്ചും അടിപിടി നടത്തിയും നമുക്ക് കാതോലിക്കേറ്റിന്‍റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ സമൂഹത്തിനു മുമ്പില്‍ നമ്മെ പരിഹാസ്യരാക്കും."

പാറേട്ട് തിരുമേനി ദീര്‍ഘദര്‍ശനം ചെയ്തതുപോലെ പാത്രിയര്‍ക്കീസ് പക്ഷത്തെ വലിയൊരു വിഭാഗം നാലു മെത്രാന്മാരുടെ നേതൃത്വത്തില്‍ കാതോലിക്കേറ്റിനു കീഴിലേക്കു വന്നു. പക്ഷേ സംഭവിച്ചതെന്താണ്? ഇന്ന് വടക്കന്‍ ഭദ്രാസനത്തിന്‍റെ പേരില്‍ നോട്ടീസ് അടിച്ച് വെടക്കാക്കാന്‍ നടക്കുന്ന വ്യക്തികള്‍ തന്നെ ആ തിരുമേനിമാര്‍ക്കു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. കടമറ്റത്തെ പള്ളിയിലെ ഏതാണ്ട് മുഴുവന്‍ ആളുകളും ഒന്നുചേര്‍ന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ പള്ളിയിലേക്കു സ്വീകരിച്ചപ്പോള്‍, ഈ 'സംഹാരകര്‍' എന്താണ് ചെയ്തത്?  ബാവായ്ക്കെതിരെ കേസ് കൊടുത്തു പള്ളി പൂട്ടിച്ചു. അതൊക്കെ ചെയ്തവരാണ് ഇന്ന് നമ്മോട് ചോദിക്കുന്നത്, കടമറ്റത്ത് പള്ളിയിലെ പ്രശ്നങ്ങളില്‍ നിങ്ങള്‍ എന്തു നിലപാടാണ് എടുത്തത് എന്ന്. കോലഞ്ചേരി പള്ളിയിലെ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ആളുകളും അച്ചന്മാരും അത്താനാസ്യോസ് തിരുമേനിയോടൊപ്പം കാതോലിക്കേറ്റിലേക്കു വന്നപ്പോള്‍ ഇപ്പോഴത്തെ നോട്ടീസുകാരായ സഭാസംഹാരകര്‍ എന്താണു ചെയ്തത്? ഇങ്ങോട്ടു വന്ന അച്ചനെ സ്ഥലം മാറ്റിച്ച് തങ്ങള്‍ക്കു യോജിച്ച ഒരു അച്ചനെ അവിടേക്കു നിയമിച്ചു. ഇങ്ങോട്ടു വന്നവരെ മുഴുവനായും തന്നെ തിരിച്ചയയ്ക്കാന്‍ അതിലൂടെ സാധിച്ചു. തുടര്‍ന്ന് കോലഞ്ചേരിയിലുണ്ടായ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം ഈ സംഹാരസമിതിക്കാരല്ലാതെ മറ്റാരുമല്ല. പാത്രിയര്‍ക്കീസ് പക്ഷത്തുള്ള എഴുപതു ശതമാനം വൈദികരും അത്മായക്കാരും അത്താനാസിയോസ് തിരുമേനിക്കൊപ്പമുണ്ടായിരുന്നു. 'ഊഷ്മള സ്വീകരണം' ലഭിച്ചപ്പോള്‍ അവര്‍ മടങ്ങിപ്പോയി. ആ സ്വീകരണം ഏര്‍പ്പാടാക്കിയവര്‍ ഇന്ന് നവോത്ഥാന സമിതിയോട് ചോദിക്കുകയാണ്, കോലഞ്ചേരിയിലെ പ്രശ്നത്തില്‍ നിങ്ങള്‍ എന്തു ചെയ്തുവെന്ന്. അതിവൈകാരികത ചൂടോടെ വിളമ്പി, അത് സഭാനേതൃത്വത്തിന്‍റെ അണ്ണാക്കിലേക്ക് തന്നെ തട്ടിയ നിങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണ് എന്ന് ഞങ്ങള്‍ക്ക് ഇന്നും മനസ്സിലാവുന്നില്ല. തൃക്കുന്നത്തു സെമിനാരിയിലെ പ്രശ്നങ്ങളില്‍ എന്തു ചെയ്തുവെന്നു ചോദിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ? മഹാനായ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിക്കൊപ്പം നിന്ന് മണ്ണാറപ്രായില്‍ അച്ചന്‍ ഈ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ അവഗണിച്ചുകൊണ്ട് ആ വ്യക്തിത്വത്തെ തേജോവധം ചെയ്യുവാന്‍ സംഹാരകര്‍ നടത്തിയ ശ്രമങ്ങളുടെ ആത്യന്തിക പരിണതിയാണ് തൃക്കുന്നത്തു സെമിനാരിയുടെ നിയന്ത്രണം നമുക്കു നഷ്ടപ്പെടുത്തിയത് എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്? തൃക്കുന്നത്തു സെമിനാരിയില്‍ നിന്ന് മണ്ണാറപ്രായില്‍ അച്ചനെ നീക്കം ചെയ്തതിലൂടെ സഭയ്ക്കു എന്താണ് ലഭിച്ചത്? കഴിഞ്ഞ മാസം ആഘോഷപൂര്‍വ്വം സഭാനേതൃത്വം പ്രവേശിച്ച നെടുമ്പാശേരിയിലെ സ്കൂളിന്‍റെ മാനേജ്മെന്‍റ് എങ്ങനെയാണ് സഭയ്ക്ക് ലഭിച്ചത് എന്ന് സംഹാരകസമിതി ഓര്‍ക്കുന്നുണ്ടോ? 

സഭാപ്രശ്നങ്ങളെ ഇന്നത്തെ നിലയിലേക്ക് അധഃപതിപ്പിച്ചതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഈ വാറോല നേതൃത്വത്തിനാണ് എന്നതിന് യാതൊരു സംശയവുമില്ല. പാത്രിയര്‍ക്കീസ് പക്ഷത്ത് ശ്രേഷ്ഠ ബാവാ കഴിഞ്ഞ് ഏറ്റവും സീനിയറായ മെത്രാന്‍ ഏബ്രഹാം മാര്‍ സേവേറിയോസ് തിരുമേനിയാണ്. ഓര്‍ത്തഡോക്സ് പക്ഷത്തേക്കു വന്ന അദ്ദേഹത്തിനു തിരിച്ചു പോവേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചതിന്‍റെ ഉത്തരവാദിത്തവും നിങ്ങള്‍ക്കു തന്നെയാണ്. 

ഏതെങ്കിലും പള്ളിയില്‍ ഓടിളക്കി കയറിയതുകൊണ്ടോ, ഏതെങ്കിലും വൈദികന്‍റെ താടിക്കു തീ വച്ചതുകൊണ്ടോ, മാതാപിതാക്കളുടെ ശവശരീരത്തെ വഴിയിലേക്കു വലിച്ചെറിഞ്ഞതുകൊണ്ടോ ഈ സഭയില്‍ സമാധാനം വരുമെന്നോ, കാതോലിക്കേറ്റിന്‍റെ പതാക പാറിപ്പറക്കുമെന്നോ വിശ്വസിക്കുന്നവരല്ല നവോത്ഥാനസമിതിയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്നത്. 

വൈദികട്രസ്റ്റിയുടെ സ്വന്തം പള്ളിയില്‍ ഇന്നും 1934 ഭരണഘടന നടപ്പാക്കിയിട്ടില്ല എന്നതു ചൂണ്ടിക്കാണിച്ചതുകൊണ്ട് പ്രയോജനമില്ല എന്ന് ഞങ്ങള്‍ക്കറിയാം. ആ പള്ളിക്ക് ഭരണസമിതിയുണ്ടോ വരവുചെലവു കണക്കുണ്ടോ, അതാരെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്നൊന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. മലങ്കരയിലേക്ക് കാതോലിക്കേറ്റ് മാറ്റിസ്ഥാപിക്കണമെന്ന് അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിനു കത്തെഴുതുകയും പാത്രിയര്‍ക്കീസ് ഇവിടെയെത്തി ആ കൃത്യം നിര്‍വഹിച്ചപ്പോള്‍ മുതല്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത പൂര്‍വ്വികരുടെ പാരമ്പര്യം അദ്ദേഹത്തിനു നിലനിര്‍ത്താതിരിക്കാനാവില്ലല്ലോ. വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ വ്യക്തിപരവും സ്വാര്‍ത്ഥപരവുമായ കാരണങ്ങള്‍കൊണ്ട് അവര്‍ നടത്തിയ പ്രചരണങ്ങള്‍ മൂലമാണല്ലോ വടക്കന്‍ ഭദ്രാസനങ്ങള്‍ കാതോലിക്കേറ്റിനോട് അകലാന്‍ ഇടയായതും പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ കോട്ടകളായി അവിടം ഇന്നു നിലനില്‍ക്കുന്നതും. ഇരുട്ടുകൊണ്ട് ശാശ്വതമായി ഓട്ടയടയ്ക്കാന്‍ കഴിയാത്തപോലെ, ഈ അവസ്ഥ ശാശ്വതമായി നിലനില്‍ക്കാന്‍ പോവുന്നില്ല. ആ വിഭാഗത്തിലെ കാര്യവിവരമുള്ള വൈദികരും അത്മായക്കാരും എക്കാലത്തും സത്യത്തിനുനേരെ മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. സ്വാര്‍ത്ഥമതികളായ, ഇപ്പോഴത്തെ സംഹാരസമിതിക്കാരെപ്പോലെയുള്ളവരുടെ ദുഷ്ടലക്ഷ്യങ്ങളും എന്നും വിലപ്പോവാന്‍ പോവുന്നില്ല. 

കോട്ടയം ഭദ്രാസനത്തിലെ കാര്യങ്ങള്‍ പറഞ്ഞായിരുന്നല്ലോ തുടങ്ങിയത്. കോട്ടയത്തെ പാത്രിയര്‍ക്കീസ് പക്ഷത്തെ സിംഹാസനപള്ളിയിലെ റാസ കോട്ടയത്തെ ഓര്‍ത്തഡോക്സ് കേന്ദ്രമായ ചെറിയപള്ളിയിലെത്തുമ്പോള്‍ പള്ളിയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കും. വൈദികരും ജനങ്ങളും അവിടെ കയറി പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും ചെയ്യും. പാത്രിയര്‍ക്കീസ് പക്ഷത്തു മാത്രം സേവനമനുഷ്ഠിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ മൃതദേഹം ഓര്‍ത്തഡോക്സ് ഇടവകയായ മീനടം പള്ളിയില്‍ എത്തിച്ചപ്പോള്‍ ഗീവറുഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ അടക്കം ചെയ്യുവാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഓര്‍ത്തഡോക്സ് പക്ഷത്തെ മഞ്ചയിലച്ചന്‍റെ മൃതദേഹം ആദരവോടെ ഒളശ്ശയിലെ യാക്കോബായ വിഭാഗക്കാര്‍ ഏറ്റുവാങ്ങി അവരുടെ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തിയശേഷം തിരികെ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാര ശുശ്രൂഷയിലേക്കെത്തിച്ചതും പാത്രിയര്‍ക്കീസ് ഭാഗത്തെ കല്ലൂപ്പറമ്പില്‍ അച്ചന് പള്ളം സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്‍റെയും ഓര്‍ത്തഡോക്സ് സഭാ വൈദികരുടെയും നേതൃത്വത്തില്‍  സമുചിതമായ അന്ത്യയാത്രാ ശുശ്രൂഷകള്‍ വി. മദ്ബഹായില്‍ വച്ചു തന്നെ നല്‍കിയതും സഭയ്ക്ക് ആകമാനം പിന്‍തുടരാവുന്ന വിലപ്പെട്ട മാതൃകകള്‍ തന്നെയാണ്. മഹാന്മാരായ പാമ്പാടി തിരുമേനിയുടെയും പാറേട്ട് തിരുമേനിയുടെയും മാതൃകകള്‍ പിന്തുടരുന്നതിനാലാണ് കോട്ടയം ഭദ്രാസനത്തില്‍ സഹോദരന്മാര്‍ ഒത്തൊരുമിച്ചു പോവുന്നത്. ആ മാതൃകയിലൂടെ മലങ്കരസഭയ്ക്ക് മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് നവോത്ഥാനസമിതി പ്രതീക്ഷിക്കുന്നത്. ആളെണ്ണം നോക്കി വീതം വയ്ക്കുവാനോ ആള്‍ബലം നോക്കി കത്തിക്കുത്ത് നടത്തുവാനോ നമുക്കു കഴിയില്ല. കാരണം, മലങ്കരയിലെ പള്ളികളും ജനങ്ങളും കാതോലിക്കേറ്റിന്‍റെ സ്വന്തമാണ്. ഇന്നു മാറിനില്‍ക്കുന്നവരും നാളെ നമ്മുടെ ഒപ്പം നടക്കേണ്ടവരാണ്. അതിവൈകാരികതയുടെ വിഷവിത്തുകളും അവിവേകത്തിന്‍റെ മുള്‍ച്ചെടികളും ദുര്‍മോഹങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും ഒഴിവാക്കുവാന്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതി. പ. വട്ടശ്ശേരില്‍ തിരുമേനി മുതല്‍ പ. പൗലൂസ് രണ്ടാമന്‍ വരെയുള്ളവര്‍ക്കൊപ്പം ഈ സഭ വീഴ്ത്തിയ കണ്ണീര്‍ക്കണങ്ങള്‍ വെറുതെയാവില്ല.

(മലങ്കര നവോത്ഥാനം 2017 ഫെബ്രുവരി) 

Sunday, 3 September 2023

ബലത്തെ ബലഹീനതയാക്കുവാന്‍ മത്സരിക്കുന്ന ഓര്‍ത്തഡോക്സുകാര്‍ | ടി. പി. ജോര്‍ജുകുട്ടി കോത്തല

ഓര്‍ത്തഡോക്സ് സഭയ്ക്ക് 1995-ലെ കോടതിവിധി മുതല്‍ ഇന്നുവരെയുള്ള പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കും കാരണം ഒന്നുമാത്രം - ബലം നല്‍കേണ്ട കരങ്ങളെ നമ്മള്‍ തന്നെ ദുര്‍ബലമാക്കിയ ബുദ്ധിശൂന്യത.

വട്ടശ്ശേരില്‍ തിരുമേനിയുടെ കാലം മുതല്‍ സഭയുടെ ശക്തി അല്മായ നേതൃത്വമായിരുന്നു. കാര്യക്ഷമതയുള്ള വൈദിക നേതൃത്വവും കര്‍മ്മശേഷിയും ബുദ്ധി വൈഭവവും വ ിഭവശേഷിയും സഭാസ്നേഹവും ഒത്തു ചേര്‍ന്ന അത്മായ നേതൃത്വവും ചേര്‍ന്നപ്പോള്‍ പലരും എഴുതിത്തള്ളിയിരുന്ന മെത്രാന്‍ കക്ഷി ഫിനിക്സ് പക്ഷിയേപ്പോലെ ചാരത്തില്‍ നി ന്ന് കുതിച്ചുയര്‍ന്നു. ഇന്നു സഭയ്ക്ക് സാമ്പ ത്തികശേഷി വര്‍ദ്ധിച്ചപ്പോള്‍ കര്‍മ്മശേഷിയുള്ള നേതൃത്വം ഉണ്ടാവുന്നതിനു പല തടസ്സ ങ്ങളും ഉണ്ടായി. തങ്ങളുടെ പ്രമാണിത്തം സഭ യ്ക്ക് നല്‍കിയവരായിരുന്നു മുന്‍കാല നേതൃ ത്വം. മാമ്മന്‍മാപ്പിള, ജോണ്‍ വക്കീല്‍, ഒ. എം. ചെറിയാന്‍, എന്നു തുടങ്ങിയ മഹാരഥന്മാരുടെ ഒരു വലിയ നിരയാണ് ഈ സഭയെ ശക്തിപ്പെടുത്തിയത്. അവരെ ഉള്‍ക്കൊള്ളുവാനും പ്രയോജനപ്പെടുത്തുവാനും വട്ടശ്ശേരില്‍ തിരുമേനിക്കും പിന്‍ഗാമികള്‍ക്കും കഴിഞ്ഞിരുന്നു. സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും തന്ത്രജ്ഞതയോടെ ഭരണ രാഷ്ട്രീയ രംഗത്ത് ആവശ്യമായ സ്വാധീനം ചെലുത്തുവാനും കഴിവുള്ള അല്‍മായ നേതൃത്വം എക്കാല ത്തെയും പോലെ വര്‍ത്തമാനകാലത്തും സഭയ്ക്കുള്ളിലുണ്ട്. എന്നാല്‍ അവരെ പ്രയോജനപ്പെടുത്തുവാന്‍ സഭയ്ക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടു ത്തുവാനും മനോവീര്യം തകര്‍ക്കാനുമുള്ള എതിര്‍ഭാഗം കാണിക്കുന്ന തന്ത്രജ്ഞതയുടെ ആയുധമായി നമ്മുടെ നേതൃത്വം പലപ്പോഴും പ്രകടിപ്പിക്കുന്ന ബുദ്ധിശൂന്യത നമ്മെ ഞെട്ടിപ്പിക്കുവാന്‍ പോന്നതാണ്.

പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആധുനിക കാലത്ത് വളരെ കരുതലും തന്ത്രജ്ഞതയും ആവശ്യമുണ്ട്. രാഷ്ട്രീയമായാലും ബിസിനസ് ആയാലും നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ, അന്ധമായ സഭാഭക്തിയൊന്നും വിവാദ വിഷയങ്ങള്‍ വരുമ്പോള്‍ പലര്‍ക്കും പ്രകടിപ്പിക്കാനാവുകയില്ല. എന്നാല്‍ ഈ വ്യക്തികളുടെ കരുത്തും കരുതലും എപ്പോഴും സഭയ്ക്കൊപ്പം ഉണ്ടാവുകയും ചെയ്യും. മുന്‍കാലങ്ങളില്‍ സഭ പ്രായോഗികമായി വിജയിച്ചു നിന്നത് സഭാ സ്നേഹികളായ ഇത്തരം മഹദ് വ്യക്തികളുടെ സമയോ ചിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു.

അതുകൊണ്ടു തന്നെ ഓര്‍ത്തഡോക്സ് സഭയെ ദുര്‍ബലപ്പെടുത്തുവാന്‍ ആഗ്രഹിക്കു ന്ന ശക്തികള്‍ ആദ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് സഭയുടെ ഈ ശക്തി ദുര്‍ഗ്ഗങ്ങളെ നിര്‍വീര്യമാക്കുവാനാണ്. അതിനുള്ള വ്യക്തമായ പദ്ധതി അവര്‍ തയാറാക്കി. തന്ത്രപൂര്‍വം കരുക്കള്‍ നീക്കിയപ്പോള്‍ ഓര്‍ത്തഡോക്സ് പ ക്ഷത്തെ തീവ്രവാദികള്‍ പേര് ആഗ്രഹിക്കുന്നവര്‍ അതിന് വിധേയരായി ആ ചുമതല നിര്‍വഹിക്കുവാന്‍ തയാറായി വന്നത് ദയനീയമായ കാര്യമായിരുന്നു.

ചില ഉദാഹരണങ്ങള്‍ മാത്രം പറയാം. തൃക്കുന്നത്തു സെമിനാരിയില്‍ പ്രവേശനം ആഗ്രഹിച്ച യാക്കോബായ വിഭാഗത്തിന്‍റെ യഥാര്‍ത്ഥ തടസ്സം ആരായിരുന്നു? മുപ്പതിലധികം വര്‍ഷങ്ങള്‍ മണ്ണാറപ്രായില്‍ അച്ചന്‍റെ നിയന്ത്രണത്തില്‍ നിന്നപ്പോള്‍ അത് യാക്കോബായ പക്ഷത്തിന് ബാലികേറാമ ല ആയിരുന്നു. മണ്ണാറപ്രായില്‍ അച്ചനെ വീഴിക്കാതെ മുന്നോ ട്ടു പോവാന്‍ കഴിയില്ല എന്നു ബോദ്ധ്യപ്പെട്ടവര്‍ അതിനുള്ള കരുക്കള്‍ നീക്കി. അദ്ദേഹത്തിനെതിരെ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓര്‍ത്തഡോക്സുകാരുടെ ലേബലില്‍ ഏതാനും ആളുകള്‍ കോട്ടയത്തു വന്നു സമരമുഖം തുറന്നു. ആ സമരമുഖത്ത് അവര്‍ ലക്ഷ്യം വച്ചത് മണ്ണാറപ്രായില്‍ അച്ച നെ മാത്രമല്ല. ഒരേസമയം ഉമ്മന്‍ചാണ്ടിയേയും മനോരമയേയും ആക്ഷേപിച്ചുകൊണ്ടവര്‍ കലി തുള്ളി.

തൊണ്ണൂറുകാരന്‍ മനോരമ പത്രാധിപരെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കാന്‍ അവര്‍ക്കു മടിയുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്ത ചീത്തയുമില്ല. അതിനു സ്തുതി പാടാന്‍ രാഷ് ട്രീയ ഭിക്ഷാം ദേഹികളുടെ വിടുപണിക്കാരായ ചില പുരോഹിതന്മാരും രംഗത്തെത്തി. ഒടു വില്‍ എന്തു സംഭവിച്ചുവെന്നു നമുക്കറിയാം. മണ്ണാറപ്രായില്‍ അച്ചന്‍ പുറത്തു പോയി. ആ വിടവിലൂടെ മറുപക്ഷത്തിനു അകത്തു കടക്കുവാന്‍ ഒരു ബുദ്ധിമുട്ടും വന്നില്ല. ഒപ്പം ഉമ്മന്‍ചാണ്ടിയും കെ. എം. മാത്യുവും സഭാ ദ്രോഹികളുമായി. ഇങ്ങനെ ഒരേസമയം മലങ്കര സഭയുടെ ശക്തി ചോര്‍ത്തി തങ്ങളുടെ ഇംഗിതം നടപ്പാക്കുവാന്‍ തന്ത്ര വിദഗ്ദ്ധര്‍ക്കു കഴിഞ്ഞപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം ജന ങ്ങള്‍ സത്യമേത് മിഥ്യയേത് എന്നറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു. ഇന്നും നമുക്കതില്‍ നിന്നു പുറത്തുവരാന്‍ കഴിയുന്നില്ല.

ഏറ്റവുമൊടുവില്‍ മലങ്കരസഭയെ പ്രാണനു തുല്യം സ്നേഹിക്കുന്ന പി. സി. അലക് സാണ്ടര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വച്ചു. അലക്സാണ്ടറുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ അത് തടയുവാന്‍ യാക്കോബായ വിഭാഗം പരസ്യമായി പ്രവര്‍ത്തിച്ചതും അതിന്‍റെയും പഴി ഓര്‍ത്തഡോക്സ് നേതൃത്വത്തെ ഏല്‍പ്പിച്ചതും ഇവിടെ വി സ്തരിക്കുന്നില്ല. അലക്സാണ്ടറുടെ നിര്‍ദ്ദേശ ങ്ങളോടു നമുക്കു യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. എങ്കിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തുവരെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകളെ അവഗണിക്കുവാന്‍ ഓര്‍ത്തഡോക്സുകാര്‍ക്കേ കഴിയൂ. എന്നാല്‍ അതിലപ്പുറം അദ്ദേഹ ത്തെ അധിക്ഷേപിക്കുന്നതിലാണ് ഇന്ന് ഓര്‍ത്തഡോക്സു തീവ്രവാദി വിഭാഗം സന്തോഷം കണ്ടെത്തുന്നത്.

അലക്സാണ്ടര്‍ ശിവസേനക്കാരനാണെന്നും സഭാ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹനല്ലെന്നും ഒരു തീവ്രവാദി വിഭാഗം പത്രക്കുറിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നു. അ തു കണ്ടപ്പോള്‍ മനസ്സിലായി ഇന്ന് ജന തീവ്രവാദി വിഭാഗം പ്രവര്‍ത്തിക്കുന്നത്ത് ആരുടെ അജന്‍ഡ നടപ്പാക്കാനാണെന്ന്.

മലങ്കരസഭയ്ക്ക് നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെയും നേതൃത്വം നല്‍ കുവാന്‍ തയാറായിട്ടുള്ള മക്കാറിയോസ് തിരുമേനിയെ ഈ തീവ്രവാദി വേദി ആക്ഷേപിച്ചു കടല്‍ കടത്തിയതു കൊണ്ട് ഉണ്ടായ നേട്ടത്തെപ്പറ്റി ഇന്ന് എല്ലാവര്‍ക്കുമറിയാം.

ഇനിയെങ്കിലും ഇത്തരം കൂലിയെഴുത്തുകാര്‍ ഒന്നു മനസ്സിലാക്കണം. സഭാസ്നേഹം ആരുടെയും തറവാട്ടു സ്വത്തല്ല. ഈ സഭയെ സ്നേഹിക്കുന്ന അനേകരുടെ പ്രാര്‍ത്ഥനയാലാണ്. പ്രവര്‍ത്തികള്‍ കൊണ്ടാണ്. കരുതല്‍ കൊണ്ടാണ്. ഇന്നയോളം അത് നിലനിന്നത്. ഇന്ന് യഥാര്‍ത്ഥ സഭാ സ്നേഹികള്‍ക്കെതിരെ അറിഞ്ഞും അറിയാതെയും ഒളിച്ചിരുന്ന് പക തീര്‍ക്കുന്നവര്‍ മനസ്സിലാക്കുക. യഥാര്‍ത്ഥ സഭാസ്നേഹികളെ തല്‍ക്കാലം നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിയും. എങ്കിലും അവര്‍ തക്ക സമയത്ത് തങ്ങളെത്തന്നെ മറന്ന് വെളിപ്പെടുക തന്നെ ചെയ്യും.

(മനനം, മാര്‍ച്ച് 2007)

Sunday, 20 August 2023

ലക്ഷ്യം ഉമ്മന്‍ചാണ്ടി: കരുവായത് പാവം ബാവ; ഫലം മാനഹാനി, സര്‍വ്വനാശം | ടി. പി. ജോര്‍ജുകുട്ടി കോത്തല

സംസ്ഥാന ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു സമുദായത്തില്‍ നിന്ന് ഒരാള്‍ സംസ്ഥാന മുഖ്യമന്ത്രിയാവുക. അദ്ദേഹം ആ സ്ഥാനത്തെത്തുമ്പോള്‍ മുതല്‍ സ്വന്തം സമുദായത്തിലെ പുരോഹിതര്‍ ആ സ്ഥാനത്തു നിന്നും അദ്ദേഹത്തെ താഴെയിറക്കാനും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും തുനിയുക. ലോകത്ത് മറ്റൊരിടത്തും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്? എന്താണിതിനു കാരണമെന്ന് ജനങ്ങള്‍ അത്ഭുതപ്പെടുന്നു. 

ലക്ഷ്യം ഉമ്മന്‍ചാണ്ടി

കേരളജനസംഖ്യ മൂന്നേകാല്‍ കോടിയാണ്. അതിന്‍റെ പതിനെട്ട് ശതമാനമാണ് ക്രിസ്ത്യാനികള്‍. ഏതാണ്ട് അറുപത് ലക്ഷം. ലത്തീന്‍-സിറിയന്‍-മലങ്കര വിഭാഗങ്ങളില്‍പെട്ട കത്തോലിക്കാ വിഭാഗമാണ് അതില്‍ പകുതിയിലേറെ: പെന്തക്കോസ്തു വിഭാഗങ്ങളും മറ്റ് പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരും കൂടി മറ്റൊരു വിഭാഗമുണ്ട്. പിന്നീട് അവശേഷിക്കുന്ന പതിനെട്ടു ലക്ഷം പേരാണ് ഓര്‍ത്തഡോക്സ്-മാര്‍ത്തോമ്മാ-യാക്കോബായക്കാര്‍ വിഭാഗങ്ങളില്‍ ഉള്ളത്. ഇവരില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ ഏകദേശം പന്ത്രണ്ടുലക്ഷത്തോളം വരും. അതായത് ഓരോ വിഭാഗവും ആറു ലക്ഷം അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നു.

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളില്‍ പുരോഹിതന്മാരും മെത്രാന്മാരും മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ പ്രമുഖരായ അല്‍മായര്‍ക്ക് ഇടവകകളിലും സഭയിലും പ്രമുഖ സ്ഥാനവും നിര്‍ണായക തീരുമാനങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തവും ഉണ്ടായിരുന്നു. ഒരു പരിധിവരെ പുരോഹിതന്മാരെ നിയന്ത്രിക്കുന്നതിനും സഭയുടെ ഇതര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമ്പത്തിക സാമൂഹിക വ്യവസായിക രംഗങ്ങളിലൊക്കെയും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെയെന്നും നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും രംഗത്ത് അറിവോ അംഗീകാരമോ ഉള്ള വ്യക്തികള്‍ സഭയില്‍ സ്വാധീനം നേടുന്നത് തങ്ങളുടെ മേധാവിത്വത്തിന് ഭീഷണിയായി പുരോഹിതനേതൃത്വം കണ്ടു തുടങ്ങി: രാഷ്ട്രീയ സാമൂഹിക അംഗീകാരമുള്ള വ്യക്തികള്‍ക്ക് സഭയിലും ഇടവകകളിലും  പ്രവര്‍ത്തിക്കുന്നതിന് താല്പര്യം നഷ്ടപ്പെടുന്ന വിധത്തില്‍ പുരോഹിതന്മാരും അവരുടെ നേതൃത്വവും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ സ്വാഭാവികമായും പള്ളികളും സഭയും പുരോഹിതഭരണത്തിന്‍ കീഴിലായി മാറി. ഇത് മലങ്കരസഭയുടെ പാരമ്പര്യത്തിനോ സംസ്കാരത്തിനോ ചേരാത്ത നടപടികളിലേക്ക് സഭയെ നയിക്കുവാന്‍ ഇടയാക്കുന്നു എന്നതാണ് വസ്തുത.

ഉന്നതമായ വ്യക്തിത്വവും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ഔന്നത്യവും ഉള്ളവര്‍ സഭയിലുണ്ടാവുന്നത് തങ്ങളുടെ മേധാ ശക്തിയെ ബലഹീനമാക്കും എന്ന ചിന്തയില്‍ നിന്നും ഉണ്ടായ അഹങ്കാരജന്യമായ അജ്ഞത മൂലം സഭാംഗങ്ങള്‍ സമൂഹത്തില്‍ ഉയരുന്നതിനെ പുരോഹിതനേതൃത്വത്തിന് അംഗീകാരിക്കാനാവുന്നില്ല. പി.സി. അലക്സാണ്ടര്‍ എന്ന മഹാനായ വ്യക്തി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകാരത്തോടെ ഇന്ത്യയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിച്ചേരുമെന്നുള്ള അവസ്ഥ ഉണ്ടായപ്പോള്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് - യാക്കോബായ മെത്രാന്മാര്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിനു ടെലിഗ്രാം ഡല്‍ഹിയിലേക്ക് അയയ്ക്കുകയും ചെയ്തു. യാക്കോബായ നേതൃത്വം അതിനു തുനിഞ്ഞത് കറ കളഞ്ഞ 

ഒരു ഓര്‍ത്തഡോക്സ് വിശ്വാസി ഇന്ത്യന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ അത് തങ്ങള്‍ക്ക് കോടതി കേസുകളിലും വിധി നടത്തിപ്പിലും പ്രതികൂലമായി ഭവിക്കും എന്നു ചിന്തിച്ചാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ്പുമാര്‍ ചിന്തിച്ചത് ഇന്ത്യയുടെ അത്യുന്നത സ്ഥാനത്ത് തങ്ങളുടെ സഭാംഗമായ ഒരാള്‍ എത്തുന്നത് സഭയില്‍ തങ്ങളുടെ  പ്രാമുഖ്യം കുറയ്ക്കാന്‍ ഇടയാക്കും എന്നാണ്. ഈ ചിന്ത തന്നെയാണ് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയ്ക്കെതിരെ തിരിയുവാന്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ വ്യക്തിത്വത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇന്നത്തെ സഭാ സമരങ്ങളുടെ പിന്നിലുള്ള പ്രധാന ലക്ഷ്യം.

പൊതുനിരത്തുകളിലും കവലകളിലും പൊതുയോഗങ്ങളും ജാഥകളും വിലക്കിയ ഹൈക്കോടതി വിധി നിലവിലിരിക്കെയാണ് റോഡുകള്‍ ഉപരോധിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി കോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് വൈദികരും മേലധ്യക്ഷരും ആക്രോശിക്കുന്നത്. കോടതിവിധികള്‍ എല്ലാം ഉടനടി നടപ്പാക്കാനാവുകയില്ല. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ഭയന്ന് പാര്‍ലമെന്‍റ് ആക്രമണ കേസില്‍ സുപ്രീം കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള വധശിക്ഷാ വിധിയുടെ അവസ്ഥയും അതു തന്നെ. ക്രമസമാധാന തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ ചുമതലയാണ്. മുഖ്യമന്ത്രി തന്‍റെ സത്യാപ്രതിജ്ഞ വാചകത്തോട് നൂറുശതമാനവും കൂറുപുലര്‍ത്തി ജനാധിപത്യസംവിധാനത്തിന്‍റെ മഹത്വം കാത്തു സൂക്ഷിക്കുമ്പോള്‍, നൂറ്റാണ്ടുകളുടെ വിശുദ്ധി പരിപാലിക്കുവാന്‍ ചുമതലപ്പെട്ടവര്‍  ചെളിവെള്ളത്തില്‍ ഉരുണ്ടുകളിക്കുന്ന കാഴ്ച കേരളജനതയെ ലജ്ജിപ്പിക്കുന്നു.

എറണാകുളം ജില്ലയിലെ മുഴുവന്‍ എം.എല്‍.എ. മാരും രാഷ്ട്രീയ കക്ഷികളും കോടതി വിധി നടപ്പാക്കുന്നതിനെതിരേ നിലപാട് എടുക്കുമ്പോള്‍ ഗവണ്‍മെന്‍റിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ സമയവും സാവകാശവും വേണമെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണറിയാത്തത്? 

എ.കെ. ആന്‍റണി ശിവഗിരിയില്‍ കോടതിവിധി നടപ്പാക്കിയപ്പോള്‍ പോലീസ് നടപടിയെ ആദ്യം എതിര്‍ത്തത് അന്നത്തെ കാതോലിക്കാ ബാവ മാത്യൂസ് ദ്വിതീയന്‍ ആയിരുന്നു. അതുപോലെയുള്ള നടപടിയിലേക്ക് ഉമ്മന്‍ചാണ്ടി നീങ്ങിയാല്‍ അദ്ദേഹത്തെ തുണയ്ക്കുവാന്‍ എത്ര സമുദായിക രാഷ്ട്രീയനേതാക്കള്‍ മുന്നോട്ട് വരും? 

പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്?

ഉമ്മന്‍ചാണ്ടിക്കെതിരെ സഭയെ തിരിപ്പിക്കുന്നതിനു പിന്നില്‍ ആരെന്ന ചോദ്യം ഇവിടെ ഉയരുന്നു. മൂന്നു താല്പര്യങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

1. മുന്‍പു സൂചിപ്പിച്ചതുപോലെ മെത്രാന്മാരുടെ പദവിയേക്കാള്‍ ഔന്നത്യമുള്ള ഒരാള്‍ സഭയില്‍ ഉണ്ടാവരുത് എന്ന പുരോഹിതന്മാരൂടെ വിചാരം. മെത്രാന്മാരുടെ അംഗീകാരം സഭയ്ക്കുള്ളില്‍ മാത്രമാണെന്നും അത് ജനങ്ങള്‍ നല്‍കുന്നിടത്തോളം മാത്രമേ നിലനില്‍ക്കുന്നുള്ളു എന്നുമുള്ള വിചാരം ഇവര്‍ക്ക് പലപ്പോഴും ഉണ്ടാവുന്നില്ല. തങ്ങളുടെ സ്തുതി പാഠകരായ വ്യക്തികളുടെ ഇടയില്‍ മാത്രം കഴിയുന്ന ഏതൊരാള്‍ക്കും ഉണ്ടാവുന്ന വിഭ്രമമാണ് ഇവിടെ ഇവര്‍ക്കും ഉണ്ടാവുന്നത് എന്നതിനാല്‍ അത് ക്ഷമിക്കാവുന്നതാണ്. എന്നാല്‍ അത് സഭയുടെ നാശത്തിലേക്ക് എത്തുന്നിടത്തോളം ആവുന്നത് അനുവദിക്കാവുന്നതല്ല.

2. കേവലമായ അസൂയ മാത്രമാണ് രണ്ടാമത്തെ ഘടകം. ഉമ്മന്‍ചാണ്ടി ചെറുപ്പം മുതല്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് വളര്‍ന്നത്. ആ സംഘടനകളിലൊക്കെ പല കാലഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുകയും ഉമ്മന്‍ചാണ്ടിയേക്കാള്‍ ഉന്നതമായ സ്ഥാനമൊക്കെ അന്നു വഹിച്ചിരുന്നവരുമായ ഒരു വിഭാഗം ആളുകള്‍ സഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് സ്വാഭാവികം. എന്നാല്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്കുപിന്നിലുള്ള സമര്‍പ്പണവും ഇരുപത്തിനാലുമണിക്കൂറും തുടരുന്ന അധ്വാനവും അവര്‍ കാണുന്നില്ല. ഈ അസൂയാലുക്കള്‍ ഉമ്മന്‍ചാണ്ടിക്ക്  ഏതെല്ലാം വിധത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കാമോ അതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെ സഭാ നേതൃത്വത്തെ വഴി തെറ്റിക്കുന്നത്.

3. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ പ്രതിഭാസത്തെ ഏതു വിധത്തിലും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികളുടെ സ്വാധീനം സഭയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യം ആധുനിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനമാണെന്നും ഇടതുപക്ഷമെന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ പ്രാദേശിക നേതൃത്വവുമാണെന്നും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകവഴി തങ്ങള്‍ക്ക് ബുദ്ധിജീവി പദവിയും പാര്‍ട്ടിയില്‍ സ്വാധീനവും വര്‍ദ്ധിക്കുമെന്ന് കരുതുകയും ചെയ്യുവരാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് വൈദികരിലേറെയും. എല്ലാ പ്രശ്നങ്ങളുടെയും നാരായവേര് ഈ വൈദിക നേതൃത്വത്തിലാണ് നിലകൊള്ളുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. അവരുടെ ഉപദേശപ്രകാരമാണ് ഓരോ നീക്കവും ഇവര്‍ നടത്തുന്നതും.

കരുവായത് പാവം ബാവ

ഇന്നത്തെ ഈ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ബലിയാടാവേണ്ടി വന്നത് പരിശുദ്ധ ബാവ തിരുമേനിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്താല്‍ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവൂ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായത് തെറ്റല്ല. എന്നാല്‍ കര്‍ക്കശമായ നിലപാടിന് പ്രായോഗികമായ ഫലം ഉണ്ടാവണമെങ്കില്‍ ബുദ്ധിപൂര്‍വമായ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹത്തെ ധരിപ്പിക്കുവാന്‍ ശേഷിയോ താല്പര്യമോ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഉണ്ടായില്ല. കോലഞ്ചേരി പള്ളി  ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണമായും അനുവദിച്ചു കൊണ്ടുള്ള പോലീസ് നടപടി ഉണ്ടായാല്‍ ആദ്യ ദിവസം തന്നെ അവിടെ ഭീകരമായ അഴിഞ്ഞാട്ടം എതിര്‍വിഭാഗം നടത്തുമെന്നും പള്ളി വീണ്ടും പൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും കാണാന്‍ വലിയ ദീര്‍ഘ ദൃഷ്ടിയുടെ ഒന്നും ആവശ്യമില്ല. എന്നാല്‍ തങ്ങള്‍ക്ക് പൂര്‍ണമായും അനുകൂലമായി ലഭിച്ച കോടതി വിധി ക്രിസ്തീയമായ വിട്ടുവീഴ്ചയോടെ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു എന്ന വിശാലമായ കാഴ്ചപ്പാട് പകരുവാന്‍ കഴിഞ്ഞിരുന്നവെങ്കില്‍ മാസത്തില്‍ ഒരു ഞായറാഴ്ച ആരാധനയ്ക്കുള്ള അവകാശം മാത്രം വാങ്ങി പിന്‍തിരിയുവാന്‍ അവര്‍ നിര്‍ബന്ധിതരാവുമായിരുന്നു. മാസത്തില്‍ ഒരു ഞായറാഴ്ച ആരാധനയ്ക്കു മാത്രം അനുവാദം നല്‍കിയതുകൊണ്ട് പള്ളിഭരണത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ള പൂര്‍ണഅവകാശത്തിന് ഭംഗമുണ്ടാവുകയില്ല. നിര്‍ഭാഗ്യവശാല്‍ സഭയുടെ താല്പര്യമല്ല. രാഷ്ട്രീയ ഉദ്ദേശങ്ങളാണ് സഭയുടെ നേതാക്കളായി ഭാവിക്കുന്നവരെ നയിക്കുന്നത്.

ഈ നിരാഹാരത്തിലൂടെ പരിശുദ്ധ ബാവ ജീവന്‍ വെടിയുമെന്നു പ്രതീക്ഷിച്ചവരാണ് സഭയിലെ മെത്രാന്മാരില്‍ ഒരു വിഭാഗമെന്ന് സംശയലേശമില്ലാതെ പറയുവാന്‍ കഴിയും. നിരാഹാരമനുഷ്ടിക്കുന്ന പ. ബാവായും സേവേറിയോസ് തിരുമേനിയും ഈ സഭയില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിഘാതമാണെന്നു കരുതുന്ന തീവ്രവാദി മെത്രാന്മാരാണ് ഇന്ന് ഇടതുപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷ. മുന്‍കാലത്ത് പാത്രിയര്‍ക്കീസ് വിഭാഗത്ത് പ്രവര്‍ത്തിക്കുകയും അവരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നയിക്കുകയും ഒടുവില്‍ അവരെ വഞ്ചിക്കുകയും ചെയ്ത ഈ മെത്രാന്മാരുടെ വാക്കിലും പ്രവര്‍ത്തിയിലുമുള്ള വിഷം തിരിച്ചറിഞ്ഞ് നിയന്ത്രിക്കാന്‍  ഈ സഭ വൈകിയാല്‍ സഭയുടെ സര്‍വ്വനാശത്തിലേക്ക് അധികദൂരമില്ല എന്നു സംശയലേശമന്യേ പറയുവാന്‍ കഴിയും.

മാത്യൂസ് ദ്വിതീയന്‍ ബാവാ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന കോടികള്‍ സ്വന്തമാക്കിയ സാമ്പത്തികശക്തികളുടെ വക്താക്കളാണ് ഇന്ന് പിതാക്കന്മാരുടെ പിന്നില്‍ നില്‍ക്കുന്നത്. ഇവരുടെ സാന്നിദ്ധ്യം യഥാര്‍ത്ഥസഭാ സ്നേഹികളെ ഞെട്ടിക്കുന്നുണ്ട്. പിതാക്കന്മാരുടെ വിയോഗം വഴി കോടികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും, രാഷ്ട്രീയ യജമാനന്മാര്‍ക്ക് ഈ സഭയുടെ ശിരസ് താലത്തില്‍ വച്ച് കൊടുക്കാമെന്ന് കരാര്‍ ഏറ്റവരില്‍ നിന്നും സഭയെ രക്ഷിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുവാന്‍ അമാന്തിച്ചു കൂടാ.

ജനങ്ങള്‍ എന്തു ചെയ്യണം?

സഭയെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന ഒരു നടപടിയ്ക്കും, കൂട്ടുനില്‍ക്കാതിരിക്കുക എന്നതാണ് സഭാംഗങ്ങള്‍ ചെയ്യേണ്ട ആദ്യ നടപടി. ഇതരസഭാംഗങ്ങളുടേയും മറ്റ് മതക്കാരുടെയും ആക്ഷേപത്തിലേക്ക് ഈ സഭയെ നയിക്കുന്നവര്‍ക്ക് മാപ്പു നല്‍കുവാന്‍ പാടില്ല.

രണ്ടാമതായി പ്രാദേശികതലത്തില്‍ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ യോഗം ചേര്‍ന്ന് വിധികള്‍നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കുകയും ചര്‍ച്ചചെയ്യുകയും വേണം. ഓര്‍ത്തഡോക്സ് സഭയ്ക്ക് കോടതിവിധികള്‍ വഴി ലഭിച്ചിട്ടുള്ള മേല്‍ക്കൈ നഷ്ടപ്പെടാതിരിക്കുകയും അതേ സമയം പാത്രിയര്‍ക്കീസ് വിഭാഗത്തിനു നല്‍കാവുന്ന പരമാവധി ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനെപ്പറ്റി തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്യണം. അങ്ങനെ ഒരു സാഹചര്യത്തില്‍ മാത്രമേ നിലവിലുള്ള സഭാപ്രശ്നം പരിഹരിക്കുവാന്‍ സാധിക്കൂ.

ഒരു കൂട്ടം പുരോഹിതന്മാരുടെ ദുരമൂത്ത നടപടികള്‍ക്ക് ഈ സഭയെ വിട്ടുകൊടുക്കാനാവില്ല. കോല ഞ്ചേരിപ്പള്ളി പൂട്ടാനിടയായതും അവിടെ എതിര്‍ പക്ഷത്തിനു മുതലെടുക്കുവാന്‍ കഴിഞ്ഞതും ഓര്‍ത്തഡോക്സ്  പക്ഷത്തെ ഒരു മെത്രാന്‍ നിയമിച്ച വൈദികനെ മറ്റൊരു ഓര്‍ത്തഡോക്സ് മെത്രാന്‍ തന്നെ നീക്കം ചെയ്തതുകൊണ്ടാണെന്ന വസ്തുത വലരും മറന്നു പോയിരിക്കുന്നു. കോലഞ്ചേരിയിലും കടമറ്റത്തും ഭൂരിപക്ഷം ഇടവകാംഗങ്ങളും ഓര്‍ത്തഡോക്സ് പക്ഷത്തേക്ക് വന്ന അവസരത്തില്‍ അന്നത്തെ കാതോലിക്കാ ബാവാ മാത്യൂസ് ദ്വിതീയന്‍ പള്ളികളില്‍ പ്രവേശിച്ചപ്പോള്‍ കേസുകൊടുത്ത് പള്ളിപൂട്ടിയത് എതിര്‍ പക്ഷമല്ല, ഓര്‍ത്തഡോക്സ് പക്ഷത്തെ മാത്യൂസ് മാര്‍ സേവേറിയോസ് തന്നെയാണെന്ന വസ്തുത എന്തിനാണ് മറന്നുകളയുന്നത്? ചുരുക്കത്തില്‍ ബിഷപ്പുമാരുടെ വിവരക്കേടിന് കുടപിടിക്കുന്നവര്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ വാളോങ്ങുന്നത് എന്തിനാണെന്നു പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിന്‍റെ ചരിത്രത്തില്‍ അടുത്ത കാലത്തെങ്ങും ഇനി ഒരു ഓര്‍ത്തഡോക്സ് സമുദായംഗമോ എന്തിന് മറ്റ് ഏതെങ്കിലും ക്രൈസ്തവ സമുദായാംഗമോ മുഖ്യമന്ത്രി ആവുന്നതിനുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഉണ്ടാവാനിടയില്ല. ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയതു മുതല്‍  അസഹിഷ്ണുതാപരമായ എത്രയൊ നിലപാടുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുണ്ടായത് സൂക്ഷ്മമായി രാഷ്ട്രീയ പരിസരം വീക്ഷിക്കുന്നവര്‍ക്ക് വ്യക്തമായി കാണുവാന്‍ കഴിയും.  എന്നാല്‍ ഏറെ പാകമായ സമീപനം കൊണ്ടും തന്‍റെ മുഴുവന്‍ സമയവും വിട്ടു വീഴ്ചയില്ലാത്ത ജനകീയ പ്രശ്നപരിഹാരങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചും  അസാധാരണമായ പ്രകടനം കാഴ്ചവച്ചുകൊണ്ട്  വിവിധ ജനസമൂഹങ്ങളുടെ മനസ്സില്‍ അദ്ദേഹം ഇടം നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തന്‍റെ സ്വന്തം സമുദായത്തില്‍ പെട്ട  പുരോഹിതന്മാരും അവരുടെ പാര്‍ശ്വവര്‍ത്തികളും ഇതൊന്നും അംഗീകരിക്കുവാന്‍ ഒരുക്കമുള്ളവരല്ല. അവരുടെ ആവശ്യം ഉമ്മന്‍ചാണ്ടിയുടെ ഉന്മൂലനമാണ്. 

സഭാപ്രശ്നത്തിന്‍റെ മുഴുവന്‍ പഴിയും ഉമ്മന്‍ചാണ്ടിയില്‍ ആരോപിച്ചുകൊണ്ട് വഴിതടഞ്ഞും അക്രമങ്ങള്‍ നടത്തിയും വൈദികരുടേയും മെത്രാന്മാരുടേയും  നേതൃത്വത്തില്‍ കാട്ടിക്കൂട്ടിയ ക്രൂരകൃത്യങ്ങള്‍ സഭയ്ക്കേല്‍പിച്ച ആഘാതത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കൈയൊഴിയുവാന്‍ ഒരു വൈദികസ്ഥാനിക്കും സാധിക്കില്ല. നാളെ കുപ്പായക്കാരെ കണ്ടാല്‍ കല്ലെറിയുന്ന ഒരു സമൂഹം ഇവിടെ ഉണ്ടാവുന്നതിന് ഇടയാക്കിയവര്‍ക്ക് ആരാണ് മാപ്പു കൊടുക്കുക? ഇപ്പോള്‍ തന്നെ ദൃശ്യമാധ്യമങ്ങളില്‍ മെത്രന്മാരെയും പുരോഹിതരേയും പരിഹസിക്കുന്ന പ്രവണത വളര്‍ന്നു കഴിഞ്ഞു.

മുന്‍മന്ത്രിയും ഇപ്പോള്‍ എം.എല്‍.എയും ആയ ടി. യു. കുരുവിള യാക്കോബായക്കാരനായതിനാല്‍ അദ്ദേഹത്തോട് സംസാരിക്കില്ല എന്ന നിലപാട് സ്വീകരിച്ച ഓര്‍ത്തഡോക്സ് നേതൃത്വം, ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സ്കാരനായതുകൊണ്ട് അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ തങ്ങള്‍ക്കും സ്വീകാര്യമല്ല എന്ന നിലപാട് യാക്കോബായക്കാര്‍ സ്വീകരിച്ചാല്‍ എന്തു മറുപടി നല്‍കും?

'മസനപ്സാ' 250 രൂപയ്ക്ക് കിട്ടുന്ന തുണിയാണെന്നു പറഞ്ഞ് എതിര്‍ഭാഗത്തെ മെത്രാന്മാരെ ആക്ഷേപിച്ചുകൊണ്ട് പാമ്പാടി സ്റ്റാന്‍ഡില്‍ പ്രസംഗിച്ച മെത്രാന്‍ തന്‍റെ തലയില്‍ സ്ഥാപിച്ചിരിക്കുന്ന തുണിക്കും കൂടി ജനം വിലയിട്ടു കഴിഞ്ഞൂ എന്ന് ഓര്‍ത്തില്ലേ? 

കാട്ടുനീതിവഴി മെത്രാന്മാരായ ഇത്തരക്കാര്‍ ഇതിനു മുമ്പ് സഭാപ്രശ്നം ഇവിടെ ആളിക്കത്തിയപ്പോള്‍ മഹാന്മാരായ അന്നത്തെ പിതാക്കന്മാര്‍ സ്വീകരിച്ച നിലപാടുകളെപ്പറ്റി അന്വേഷിക്കേണ്ടതായിരുന്നു.

മാത്യൂസ് പ്രഥമന്‍ ബാവയുടെ കാലത്തും അതിനുശേഷവും കോടതി വഴി എപ്പോള്‍ വേണമെങ്കിലും മണര്‍കാട് പള്ളിയില്‍ തവണ ലഭിക്കുന്നതിനുള്ള അവസരം ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ടായിരുന്നു. അതിനു പോവാതിരുന്നത് മണര്‍കാട്ട് ഒരു പ്രശ്നം ഉണ്ടായാല്‍ അത് പഴയ സെമിനാരിയിലേക്കും ദേവലോകത്തേക്കും ഏലിയാ കത്തീഡ്രലിലേക്കും ഒക്കെ വ്യാപിപ്പിക്കുവാന്‍ ഇതര വിഭാഗത്തിനു കഴിയും എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇനി ആ തിരിച്ചറിവും പ്രതീക്ഷിക്കേണ്ടതില്ല. കോട്ടയത്തെ പള്ളികളിലും പോലീസും തീവ്രവാദികളും കയറി നിരങ്ങട്ടെ. തങ്കുവിന് ആളിനെ കൂട്ടിക്കൊടുത്ത് അതിന്‍റെ കമ്മീഷന്‍ വാങ്ങാനും കുറച്ച് പേര്‍ക്ക് മടിയുണ്ടാവില്ല.

കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു വേണ്ടി വാദിയായി കേസ്സുകൊടുത്ത ജോണ്‍ സാറും ആ പള്ളിയിലെ കപ്യാരാന്മാരും ഇടവകാംഗങ്ങളില്‍ നല്ലൊരു പങ്കും പെന്തക്കോസ്തു വിഭാഗങ്ങളിലേക്ക് കുടിയേറി കഴിഞ്ഞു. അവശേഷിക്കുന്നവരെയും ആ വഴിക്ക് തിരിച്ച് വിടാന്‍ സഭാ നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവരില്ല.

ചിന്തിക്കുവാന്‍

നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും സമരരംഗത്തിറങ്ങാന്‍ അവകാശമുണ്ട്. എന്നാല്‍ പരസ്പരമുള്ള പോരിന്‍റെ ഭാഗമായി ഒരു ക്രൈസ്തവ സഭാവിഭാഗം തെരുവിലിറങ്ങി കോലം കത്തിക്കാനും അഴിഞ്ഞാട്ടം നടത്താനും തുനിയുന്നതിനുമുന്‍പ് ഒന്‍പതുവട്ടം ആലോചന നടത്തേണ്ടതുണ്ട്. ഈ കക്ഷി വഴക്കിനെപ്പറ്റിയുള്ള പൊതുസമൂഹത്തിന്‍റെ അവജ്ഞയും മാധ്യമങ്ങളുടെ പരിഹാസവും യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ നാമം നിന്ദിക്കപ്പെടാന്‍ ഇടയാക്കുന്നു എന്ന ബോധം പുരോഹിതന്മാര്‍ക്കുണ്ടാകാന്‍ ഇടയില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.

കേരളസമൂഹത്തിനു മുന്‍പില്‍ പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഏറ്റവും ശ്രദ്ധേയമായ ഒരു സാക്ഷ്യം നിര്‍വഹിക്കാനുണ്ട്. നമ്മുടെ മുന്‍തലമുറകള്‍ ഏത് പ്രതിസന്ധിക്ക് നടുവിലും അത് നിര്‍വ്വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത് മിഷനറിമാര്‍ക്കും പൗരസ്ത്യ സുറിയാനി സഭയ്ക്കും മാത്രമായിരുന്നു. കത്തോലിക്ക സഭ അന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ ഇന്നോ?

കേരള ജനസംഖ്യയില്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ സഹകരിച്ചു മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഈ സഭകള്‍ക്ക് സമൂഹത്തില്‍ നിലവിലുള്ള സ്വാധീനവും പരിഗണനയും ദയനീയമായ വിധത്തില്‍ കുറഞ്ഞുപോകുവാനിടയാകും എന്ന ഭയം സഭയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയെയും ഭരിക്കേണ്ടതുണ്ട്.

(നസ്രാണിവിചാരം, സെപ്റ്റംബര്‍ 2011)

Tuesday, 15 August 2023

വീണവായനയും പ്രാണവേദനയും... | ജോര്‍ജുകുട്ടി

 പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സെമിനാരിയില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികളെ അരമനയിലേക്ക് ക്ഷണിച്ച് അവരുമായി പരിചയപ്പെടുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. അങ്ങനെയുള്ള ഒരവസരത്തില്‍ ബാവാ തിരുമേനി വിദ്യാര്‍ത്ഥികളോട് ഒരു ചോദ്യം ചോദിച്ചു: "സഭ ആരുടേതാണ് എന്നാണ് നിങ്ങളുടെ അഭിപ്രായം?" എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "സഭ പരിശുദ്ധ ബാവാ തിരുമേനിയുടേതാണ്." മറുപടി തിരുമേനിയെ സംതൃപ്തനാക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവര്‍ ഉത്തരം തിരുത്തി, "സഭ തിരുമേനിമാരുടേതാണ്", "സഭ പ. സുന്നഹദോസിന്‍റേതാണ്", "സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റേതാണ്", "സഭ എല്ലാവരുടേതുമാണ്", "സഭ ദൈവത്തിന്‍റേതാണ്", "സഭ യേശുവിന്‍റേതാണ്" ഉത്തരങ്ങള്‍ മാറി മാറി വന്നെങ്കിലും തിരുമേനിയുടെ മുഖം പ്രസന്നമായില്ല. ഒടുവില്‍ തിരുമേനി അവരോട് ഓരോരുത്തരും സ്വയം നെഞ്ചത്തു കൈ വയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് "സഭ എന്‍റേതാണ്" എന്ന് അവരെ കൊണ്ട് പറയിച്ചു. ഈ സംഭവം വാസ്തവത്തില്‍ നമ്മെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഇന്നു നമ്മള്‍ ഓരോരുത്തരുടെയും ചിന്ത ഈ സഭ നമ്മുടേതല്ല, മറ്റ് ആരുടെയോ ആണ് എന്നാണല്ലോ? എന്നാല്‍ ആരുടേത് എന്ന് ആര്‍ക്കും കണ്ടെത്താനുമാവുന്നില്ല.

സഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പല തീരുമാനങ്ങളും പുറത്തു വരുമ്പോള്‍ ഈ തീരുമാനം ആരുടേതാണ് എന്ന് എല്ലാവരും പരസ്പരം അന്വേഷിക്കുന്നു. ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ഉന്നതനേതൃത്വത്തെ സമീപിച്ച് സംശയം തീര്‍ക്കാമെന്ന് കരുതി, മുമ്പ് ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍പോലും ബന്ധപ്പെടുവാന്‍ ശ്രമിച്ചാല്‍ ഒരു മറുപടി പോലും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ 'ഹൈക്കമാന്‍ഡ്' പോലെ എന്തോ ഒന്ന് എവിടെയോ പ്രവര്‍ത്തിക്കുന്നുണ്ടാവും. ജനങ്ങള്‍ക്ക് അദൃശ്യവും അസ്പര്‍ശ്യവുമായ എന്തോ ഒന്ന് എവിടെയോ ഉണ്ടാവണം. അത് കണ്ടുപിടിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടി വരും.

ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ അസോസിയേഷന്‍ സെക്രട്ടറിയായി ചുമതല ഏറ്റപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു സംഘം യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ ചോദിച്ചു. വാസ്തവത്തില്‍ സഭാ സെക്രട്ടറിയുടെ ജോലി എന്താണ്? യോഗങ്ങളിലും ജാഥകളിലും കാതോലിക്കായുടെ വടി പിടിക്കുക എന്നതാണോ? ചോദ്യത്തിന് കാരണമുണ്ട്. വിനീതരും വിധേയരുമായി പ്രവര്‍ത്തിച്ചിരുന്ന അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് പലപ്പോഴും ധാര്‍ഷ്ട്യത്തിന്‍റെയും അവഗണനയുടെയും കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട്. റാലികളില്‍ ഒരു ജീപ്പില്‍ അംശവടിയുടെ വാഹകരായി ചിത്രീകരിക്കപ്പെടുവാന്‍ മാത്രമായിരുന്നു അവരുടെ നിയോഗം. ആ ദുരവസ്ഥ കണ്ടിട്ടാണ് യുവാക്കള്‍ സെക്രട്ടറിയോട് ചോദിച്ചത് എപ്പിസ്കോപ്പസിയുടെ വടി പിടുത്തക്കാരന്‍ മാത്രമാണോ അസോസിയേഷന്‍ സെക്രട്ടറി? ആ ചോദ്യത്തിന് സെക്രട്ടറിയുടെ മറുപടി 'പിടിക്കേണ്ടി വന്നാല്‍ പിടിക്കാതെ എന്തു ചെയ്യും' എന്നു മാത്രമായിരുന്നു. എന്തായാലും ആ സ്ഥിതിക്ക് ഇന്നു മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് എപ്പിസ്കോപ്പസിയുടെ വടി പിടിക്കേണ്ട ചുമതലയില്‍ നിന്ന് അസോസിയേഷന്‍ കാര്യദര്‍ശി മോചിതനായിരിക്കുന്നു എന്നു മാത്രമല്ല ഒരു പടി കൂടി കടന്ന് എപ്പിസ്കോപ്പസിയെക്കൊണ്ട് തന്‍റെ വടി പിടിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തിരിക്കുന്നു. തന്നെയുമല്ല അസോസിയേഷന്‍ കാര്യദര്‍ശി വളര്‍ന്ന് സഭയുടെ സി.ഇ.ഒ. ആകുവാന്‍ ശ്രമിക്കുന്നു. സഭാസെക്രട്ടറിയെന്ന ഭരണഘടനാപരമല്ലാത്ത പദം നോട്ടീസുകളിലും മറ്റും കൂടെക്കൂടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു.

എന്നാല്‍ ഏത് സി.ഇ.ഒ. മാരും കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം വ്യക്തിപരമായ ഉയര്‍ച്ച ലക്ഷ്യം വച്ചാല്‍ കമ്പനിയുടെ ഉടമസ്ഥര്‍ക്ക് അത് കണ്ടുകൊണ്ടിരിക്കാന്‍ സാധ്യമല്ല. സഭയുടെ താല്പര്യത്തിന്‍റെ വടികളല്ല അദ്ദേഹം ഇന്ന് എപ്പിസ്കോപ്പസിയെക്കൊണ്ട് പിടിപ്പിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ ഹിഡന്‍ അജണ്ടകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുള്ള സഭാസ്നേഹികളുണ്ട്.  തീര്‍ച്ചയായും 'സഭാസ്നേഹികളില്‍' അസൂയാലുക്കളും അസഹിഷ്ണുക്കളും ഉണ്ടാവാം. രാഷ്ട്രീയ സാമര്‍ഥ്യം അംഗീകരിച്ചുകൊടുക്കാന്‍ രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് അത്ര എളുപ്പം കഴിയില്ല എന്നുള്ളതും യാഥാര്‍ഥ്യം.

സഭാ-രാഷ്ട്രീയ മേലാളന്മാരുടെ കുടയും വടിയും പിടിച്ചു നടന്ന സഭാ സെക്രട്ടറിയുടെ അവസ്ഥയില്‍ നിന്ന് ഏറെ ഉയര്‍ന്ന് മേല്‍പറഞ്ഞവരെ കൊണ്ട് തന്‍റെ കുടയും വടിയും  വരെ എടുപ്പിക്കാന്‍ കഴിഞ്ഞ സഭാ സെക്രട്ടറിയെ ആദരിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക?

എന്നാല്‍ സെക്രട്ടറിയുടെ നിലയും വിലയും ഉയരുന്നതിന് അനുപാതികമായിട്ടല്ല അതിനേക്കാള്‍ പതിന്‍മടങ്ങ് താഴ്ന്ന നിലയിലേക്കാണ് സഭയുടെ അന്തസും സ്വീകാര്യതയും കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഓര്‍ത്തഡോക്സ് സഭ ഇന്ന് പരിഹാസപാത്രം മാത്രമല്ല ഇതര സമൂഹങ്ങള്‍ക്കിടയില്‍ നിന്ദാപാത്രം കൂടി ആയിത്തീര്‍ന്നിരിക്കുന്നു. ഇതര സമുദായങ്ങളില്‍പെട്ട ഉന്നതനേതാക്കളെ പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തതു വഴി മറ്റു സമൂഹങ്ങളില്‍ നമ്മള്‍ ഒറ്റപ്പെട്ടവരായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയുടെ സമ്മേളനങ്ങളിലേക്ക് ഈ സഭയിലെ സ്തുതിപാഠകരെ മാത്രമേ ക്ഷണിക്കാവൂ എന്ന തീരുമാനമെടുത്തതു വഴി നമ്മുടെ സമ്മേളനങ്ങളൊക്കെ ഇന്ന് ടി.വി. ചാനലുകളിലെ 'വക്രദൃഷ്ടി'ക്കാരുടെ ഇഷ്ടവേദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊതുസമൂഹത്തില്‍ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും അറിയാത്ത വിശാരദന്മാരുടെ തിരുമൊഴികള്‍ സഭാമക്കളെ ലജ്ജിപ്പിക്കുന്നു. സഭാസമ്മേളനങ്ങളില്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കുന്നത് ആ സമ്മേളനങ്ങള്‍ക്ക് പൊതുസമൂഹത്തിന്‍റെ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയും കൂടിയാണ്. കഴിഞ്ഞയിടെ നടന്ന ഒരു സഭാപരിപാടി നമ്മുടെ മാധ്യമങ്ങളില്‍ ദിവസങ്ങളോളം 'കോമഡി ഷോ'യ്ക്ക് വിഷയമായതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്? അന്നത്തെ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്‍റിലെ പ്രമുഖരെ പങ്കെടുപ്പിക്കരുതെന്ന ചിലരുടെ നിര്‍ബന്ധം മൂലമല്ലേ, രാജ്യം മുഴുവന്‍ അറിയേണ്ട മഹാസംഭവത്തിന് ഒരു കോമാളിത്ത പ്രതിച്ഛായ ഉണ്ടാകാന്‍ കാരണം.

രാഷ്ട്രീയ രംഗത്ത് സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കരുതെന്ന് ആര്‍ക്കും പറയാനാവുകയില്ല. എന്നാല്‍ സഭയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഏതെങ്കിലും വിഭാഗത്തെ ആക്ഷേപിക്കുന്നതോ അവഹേളിക്കുന്നതോ ആവാന്‍ പാടില്ല. സഭയ്ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നതാണല്ലോ പ്രധാന ആക്ഷേപം. സഭയ്ക്കു ലഭിക്കുന്ന അവസരങ്ങള്‍ അവിവേകം കൊണ്ടും അഹങ്കാരം കൊണ്ടും നഷ്ടപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്. കോലഞ്ചേരി പള്ളിയിലെ  നാലു തവണകളിലും ഓര്‍ത്തഡോക്സ് അച്ചന്മാര്‍ക്ക് തവണ കിട്ടിയപ്പോള്‍, അതിലൊരു വൈദികനെ അദ്ദേഹത്തിന്‍റെയും കൂടെയുള്ളവരുടെയും താല്പര്യത്തിനു വിരുദ്ധമായി അസമയത്തും അസ്ഥാനത്തും സ്ഥലംമാറ്റിയതു മൂലമല്ലേ ഇന്നത്തെ കോലഞ്ചേരി പ്രശ്നം ഉണ്ടായത്? തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ആള്‍രൂപമായ ഇതരവിഭാഗത്തിന്‍റെ തലവന് ആസൂത്രിതമായ കളികള്‍ക്ക് അവസരമുണ്ടാക്കിയതിന്‍റെയും അതിനോട് പ്രതികരിച്ച് നാണംകെട്ടതിന്‍റെയും ഉത്തരവാദിത്തം ആര്‍ക്കാണ്? 

ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് സ്വീകരിക്കുവാന്‍ എല്ലാവര്‍ക്കും എപ്പോഴും കഴിയണമെന്നില്ല. എന്നാല്‍ വിവേകപരമായ ഉപദേശം നല്‍കുവാന്‍ കഴിയുന്നവര്‍ക്ക് ചെവി കൊടുക്കുവാന്‍ എപ്പോഴും കഴിയും. ആലോചനകള്‍ സ്വീകരിക്കില്ല എന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇന്നത്തെ സഭയെയും നാളത്തെ സഭയെയും നശിപ്പിച്ചായാലും താന്‍ തെളിക്കുന്ന വഴിയേ മാത്രമേ യാത്ര ചെയ്യൂ എന്ന നിര്‍ബന്ധബുദ്ധി  മാത്രമാണ് ഇന്നത്തെ പ്രശ്നം.

ഇത്രയും പറയുമ്പോള്‍ തന്നെ സഭാഭക്തി തലയ്ക്കു പിടിച്ച ചിലര്‍ ഉറഞ്ഞു തുള്ളുന്ന കാഴ്ച നമുക്കു കാണാം. എന്നാല്‍ വാസ്തവത്തില്‍ എന്താണ് സഭാഭക്തി? ആരാണു സഭാസ്നേഹി? കാതോലിക്കാദിന പ്രതിജ്ഞയില്‍ 'സഭയിലെ എല്ലാ തിരുമേനിമാരോടും ഭക്തിയും കൂറും' ഉറച്ചു പ്രഖ്യാപിക്കുന്ന ഒരു പ്രതിജ്ഞാവാചകം കാണാം. ഭൂമിയിലെ എല്ലാ സുഖത്തോടും കൂടി കാതോലിക്കാ നീണാള്‍ വാഴണമെന്ന പ്രാര്‍ത്ഥനയും. തിരുമേനിമാരോട് നമുക്കുള്ള ആദരവിനെ ഭക്തി എന്നാണോ വിളിക്കേണ്ടത് എന്നെനിക്കറിയില്ല. കാതോലിക്കാ ബാവായ്ക്ക് 'ഭുവി സുഖങ്ങളെല്ലാം' പ്രാപ്യമാണോ എന്നും നമുക്കറിയില്ല. അത്മായക്കാര്‍ക്ക് അജ്ഞാതമായ പലതുമാണല്ലോ ഇന്ന് അരമനകളില്‍ നടക്കുന്നത്. അതുകൊണ്ട് അതിനെപ്പറ്റി നാം തര്‍ക്കിക്കേണ്ടതില്ല. എന്നാല്‍ ആരെങ്കിലും എവിടെയെങ്കിലും എഴുതി വച്ചിരിക്കുന്ന പ്രതിജ്ഞകള്‍ ഏറ്റുചൊല്ലണ്ടേവരല്ല അത്മായക്കാര്‍ എന്ന ബോധം ഉണ്ടാവുന്നതാണ് സഭാസ്നേഹത്തിന്‍റെ ആദ്യപടി എന്നാണ് എന്‍റെ തോന്നല്‍. സഭാംഗങ്ങള്‍ സഭയുടെ പേരില്‍ നടക്കുന്ന എല്ലാറ്റിനെയും കണ്ണടച്ച് ഏറ്റുപാടുന്നവരായാല്‍, തിരുത്തേണ്ടത് തിരുത്തണമെന്ന് പറയുവാന്‍ നമുക്ക് എങ്ങനെ കഴിയും.

ഈ ദുരവസ്ഥ മൂലം തെറ്റായ ആഹ്വാനങ്ങളും പക്വതയില്ലാത്ത നിരീക്ഷണങ്ങളും അനാവശ്യമായ നിരൂപണങ്ങളും നാള്‍ക്കുനാള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനമാവട്ടെ നിസംഗതയോടെയും വെറുപ്പോടെയും ഇവയ്ക്കൊന്നും ഒരു പ്രാധാന്യവും നല്‍കാതെ നിഷ്ക്രിയരായി നമുക്കിതിലൊരു കാര്യമില്ല എന്ന ബോധ്യത്തില്‍ കഴിയുകയും ചെയ്യുന്നു,

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിനു ശേഷവും സഭാധികാരികള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സഭയ്ക്കകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. വലിയ ആള്‍ബലം തങ്ങള്‍ക്കൊപ്പമുണ്ടെന്ന് എല്ലായ്പ്പോഴും ഭരണക്കാരെ ബോധ്യപ്പെടുത്തുവാന്‍ കഴിവുള്ള യാക്കോബായ പക്ഷത്തിന്‍റെ തിണ്ണമിടുക്കില്‍ ഓര്‍ത്തഡോക്സ് താല്പര്യങ്ങള്‍ അടിയറ വയ്ക്കപ്പെട്ടുവെന്ന തോന്നല്‍ കോട്ടയത്തിനു തെക്കും വടക്കുമുള്ള സഭാംഗങ്ങളില്‍ ഉണ്ടാക്കുന്നതില്‍ അതിനായി പരിശ്രമിച്ചവര്‍ വിജയിച്ചിട്ടുമുണ്ട്. യാക്കോബായക്കാര്‍ക്കും ഓര്‍ത്തഡോക്സ്കാര്‍ക്കും ആള്‍ക്കൂട്ടത്തെ അവകാശപ്പെടുവാനും സംഘടിപ്പിക്കുവാനും കഴിവുള്ള കോട്ടയംകാരാവട്ടെ, സഭാരാഷ്ട്രീയത്തെയും യഥാര്‍ത്ഥ രാഷ്ട്രീയത്തെയും രണ്ടായി കാണുന്ന പ്രായോഗികബുദ്ധികളുമാണ്. അതുകൊണ്ടു തന്നെയാണല്ലോ കോട്ടയത്തെ ഒരു പള്ളിയിലും കാര്യമായ കക്ഷിവഴക്കിനു സ്ഥാനമില്ലാത്തതും യാക്കോബായ വൈദികരുടെ ശവസംസ്കാര ശുശ്രൂഷയില്‍ പങ്കാളികളാകാനും തങ്ങളുടെ പള്ളികളില്‍ അവരെ അടക്കം ചെയ്യാന്‍പോലും കോട്ടയത്തെ ഓര്‍ത്തഡോക്സുകാര്‍ മടിക്കാത്തതും. മറിച്ചു ഓര്‍ത്തഡോക്സ് പള്ളികളുമായും അച്ചന്മാരുമായും സഹകരിക്കാന്‍ യാക്കോബായക്കാര്‍ക്കും കാര്യമായ വൈമനസ്യമൊന്നും ഇവിടെയില്ല. മഹാനായ പാറേട്ട് മാര്‍ ഈവാനിയോസ് തിരുമേനിയുടെ വിവേകപൂര്‍ണ്ണമായ പ്രായോഗിക നിലപാടുകളാണ് ഇതിനു പിന്നിലുള്ള മൂലകാരണമെന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ആ ഓര്‍മ്മ വര്‍ത്തമാനകാലത്തില്‍ അനിവാര്യമായിരിക്കുന്നു. ഏതു കോടതിവിധികള്‍ വന്നാലും രാജഭരണത്തെപ്പോലെ അത് ഏകപക്ഷീയമായി ഇന്ന് നടപ്പാക്കപ്പെടുകയില്ല. ഭരണകൂടത്തിനു തൃപ്തികരമായി തോന്നാത്ത വിധികള്‍ നടപ്പാക്കാതിരിക്കാന്‍ പല വഴികളുമുണ്ടെന്ന് നമുക്കറിയാം. ജനക്കൂട്ടത്തെ ചവിട്ടിമെതിക്കുവാന്‍ ജനാധിപത്യഭരണകൂടങ്ങള്‍ക്ക് കഴിയുകയില്ല.  വിളപ്പില്‍ ശാലയില്‍ നാം അതു നേരിട്ടു കണ്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, ഇന്ദിരാപക്ഷത്തിനു കോടതി വിധിച്ച ജന്തര്‍മന്തറിലെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ നിന്ന് പ്രായേണ ദുര്‍ബലരായ സംഘടനാ കോണ്‍ഗ്രസുകാരെ ഇറക്കിവിടാന്‍ പോലീസിനെ ഉപയോഗിക്കാന്‍ തന്‍റെ ഉഗ്ര പ്രതാപകാലത്ത് പോലും ഇന്ദിരാഗാന്ധി ആഗ്രഹിച്ചില്ല. ആ മന്ദിരം സംഘടനാ കോണ്‍ഗ്രസുകാര്‍ ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ അവര്‍ക്കും ജനതാപാര്‍ട്ടി പലതായി പിളര്‍ന്നപ്പോള്‍ കൈവശക്കാരായിത്തീര്‍ന്ന ഇപ്പോഴത്തെ ജനതാദള്‍ (യു)വിനും  ലഭിച്ചു. മലങ്കരയിലെ പള്ളിത്തര്‍ക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നു വാദിക്കുന്നവര്‍ ഓര്‍മയില്‍ ഇത് സൂക്ഷിക്കണം. കോടതിവിധികള്‍ ഭരണകൂടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ഭാഗത്ത് ആള്‍ക്കൂട്ടമുണ്ടെങ്കില്‍ അവരുടെ വികാരവും പരിഗണിക്കപ്പെടും. ആരു ഭരിച്ചാലും, അതിനു മാറ്റമുണ്ടാവില്ല. 

തീര്‍ച്ചയായും യാക്കോബായക്കാരുടെ ആള്‍ക്കൂട്ടത്തിന്‍റെ ആവേശവും അവരുടെ തന്ത്രശാലികളായ തലവന്മാരുടെ ജാഗ്രതയും അവരെ പിന്‍ തുണച്ച് ഇണക്കത്തില്‍ കുണുക്കിട്ടു കൊടുത്തുകൊണ്ടിരിക്കുന്ന  തങ്കച്ചന്മാരുടെയും ബഹനാന്മാരുടെയും മറ്റും തലയിണമന്ത്രവും മൂലം യു.ഡി.എഫ്. നേതൃത്വം യാക്കോബായക്കാരുടെ പിണിയാളുകളായി മാറിയെന്ന തോന്നല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനുണ്ടായി. യു.ഡി.എഫ്. നേതൃത്വത്തെക്കൊണ്ട് ചുടുചോറു വാരിക്കുവാന്‍ കഴിഞ്ഞതിനൊപ്പം എല്‍.ഡി.എഫു. മായി മികച്ച ബന്ധം നിലനിര്‍ത്താനും യാക്കോബായ നേതൃത്വത്തിനു സാധിച്ചു. ഈ നയതന്ത്രവൈദഗ്ധ്യം മൂലമാണു ഏതു കോടതിവിധി എതിരെ വന്നാലും ' അടിയന്‍ ലച്ചിപ്പോം' എന്നു പറഞ്ഞ് ചാടിവരുവാനും തങ്ങളുടെ താല്പര്യം സംരക്ഷിക്കാനും തോമസ് പ്രഥമന് സാധിക്കുന്നത്.

അതേസമയം ഇതിനുനേരെ വിപരീതമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിലെ സ്ഥിതി. മുഖ്യമന്ത്രി ഓര്‍ത്തഡോക്സുകാരനാണെന്ന സാങ്കേതികകാരണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണം വഴി യു.ഡി.എഫ്. നേതൃത്വത്തെ ഗട്ടറില്‍ വീഴ്ത്തിയ യാക്കോബായ തന്ത്രത്തിനു പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല തങ്ങളെ സഹായിക്കാന്‍ ഒരു പരിധിവരെയെങ്കിലും കഴിഞ്ഞിരുന്നവരെ  മൂന്നു ചുവടുകൊണ്ട് പാതാളത്തിലേക്കയ്ക്കുവാനും ഓര്‍ത്തഡോക്സ് പക്ഷത്തെ  നവ വാമനന്മാര്‍ക്ക് സാധിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്കരിക്കാനും തിരുമേനിമാരുടെ കബറടക്കത്തിനു വന്നാല്‍പോലും അവരെ മുദ്രാവാക്യം വിളിച്ച് ആക്ഷേപിക്കാനും അവര്‍ മടിച്ചില്ല. യു.ഡി.എഫു. മായി ഓര്‍ത്തഡോക്സ് നേതൃത്വത്തിനുണ്ടാവുന്ന അകല്‍ച്ച മുതലെടുക്കുവാന്‍ എല്‍.ഡി.എഫ്. നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. എന്തെല്ലാം പ്രശ്നം ഉണ്ടായാലും തിരഞ്ഞെടുപ്പുകാലത്ത് ഒരു വണ്ടി നിറയെ ഖദര്‍ധാരികളെ അരമനകളിലേക്കും അങ്ങാടികളിലേക്കും അയച്ചാല്‍ മതി എല്ലാം ശുഭമാകുമെന്നു കരുതിയ യു.ഡി.എഫ്. നേതൃത്വമാകട്ടെ വാമനന്‍റെ മൂന്നാമത്തെ ചവിട്ടു കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയതറിഞ്ഞതും.

എന്നാല്‍ ഇപ്പോള്‍ വീണ വായന നടത്തുന്ന ഓര്‍ത്തഡോക്സ് ഇടതുപക്ഷ കൂട്ടായ്മയും പ്രാണവേദനയില്‍ പിടയുന്ന യു.ഡി.എഫ്. നേതൃത്വവും യാക്കോബായ പക്ഷത്തിന്‍റെ തന്ത്രപരമായ സാമര്‍ഥ്യത്തിന്‍റെ ഇരകള്‍ മാത്രമാണ്. അവരുടെ സമസ്ത താല്പര്യങ്ങളും ഇന്നും നാളെയും സംരക്ഷിക്കപ്പെടും. അവരുടെ ശത്രു അവരുടെ ഇടയില്‍ നിന്നു വരുന്ന ഭിന്നിപ്പുകള്‍ മാത്രമാണ്. ഒപ്പം അവരെ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടുള്ള പുതിയ പാത്രിയര്‍ക്കീസിന്‍റെ നയങ്ങളും.

എങ്കില്‍ക്കൂടിയും ജനങ്ങളുടെ ജാഗ്രത അവിടെ സജീവമാണ്. സുപ്രീംകോടതി വിധിക്കുശേഷം യാക്കോബായ പക്ഷത്തില്‍ നാലു മെത്രാന്മാരുടെ ചേരിമാറ്റം മൂലവും മറ്റു പലവിധ പ്രശ്നങ്ങള്‍ മൂലവും കലുഷിതമായ കാലഘട്ടത്തില്‍ മണര്‍കാട് പള്ളിയില്‍ ഒരു മഹായോഗം ചേര്‍ന്നു. അപ്പോള്‍ അവിടെ ഒരു പ്രചരണമുണ്ടായി, ദീവന്നാസിയോസും മറുപക്ഷം ചേരുവാന്‍ പോകുകയാണ്. സ്റ്റേജില്‍ ബന്യാമീന്‍ മാര്‍ ഒസ്താത്തിയോസ് എന്ന കുന്നംകുളം മെത്രാന്‍ മാത്രം. അദ്ദേഹം പ്രഖ്യാപിച്ചു, ഇപ്പോള്‍ കേള്‍ക്കുന്നു ദീവന്നാസിയോസ് മെത്രാച്ചനും മറുപക്ഷത്തേക്കു പോവുന്നു എന്ന്. മക്കളേ, ഈ ബെന്യാമീന്‍ മാത്രം മതി. ഞാനെന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും." ഉടനെ സദസില്‍ നിന്നു മുദ്രാവാക്യം വിളി ഉയര്‍ന്നു

"എവിടെടാ ....യോസ്? വെക്കടാ വടിയും ഊരെടാ മുടിയും." ഏതായാലും ആ മുദ്രാവാക്യം വിളികള്‍ അധികം ഉയരുന്നതിനു മുമ്പേ ദീവന്നാസിയോസ് രംഗത്തെത്തുകയും തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്തു.

ജനങ്ങളുടെയും കക്ഷിയുടെയും താല്പര്യത്തിനു വിരുദ്ധമായി ആര് എന്തെല്ലാം ചെയ്താലും അവരെ ജാഗരൂകമായി വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹം യാക്കോബായ പക്ഷത്ത് സജീവമായുള്ളതിനാല്‍, അവിടെ മെത്രാന്മാര്‍ക്കും നേതൃത്വത്തിനും താക്കീത് നല്‍കുവാന്‍ അവര്‍ക്കു കഴിയും. എന്നാല്‍ ഓര്‍ത്തഡോക്സ് പക്ഷത്തെ സ്ഥിതി അതല്ല. വളരെ വേഗം കുതന്ത്രങ്ങളില്‍ കുടുങ്ങിപ്പോവുന്ന നേതൃത്വം മാത്രമേ ഇവിടെയുള്ളു. അതുകൊണ്ടു തന്നെ തങ്ങള്‍ ഊരാക്കുടുക്കിലാണെന്നും ഇന്നു തങ്ങള്‍ പ്രതീക്ഷ വച്ചിരിക്കുന്നവരുടെ ഉന്നം മറ്റൊന്നാണെന്നും അവര്‍  തിരിച്ചറിയുമ്പോഴേക്കും കാലം ഏറെ വൈകിയിരിക്കും.

പൊതുസമൂഹത്തെയും ഇതര ജനങ്ങളെയും സ്വന്തം മക്കളെയും ശത്രുവായി കരുതുകയും അവരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്ന തന്ത്രപരമായ പാളിച്ചകള്‍ സഭാനേതൃത്വത്തിന് ഉണ്ടാവാതിരിക്കണമെങ്കില്‍ വിവേകമതികളായ അത്മായ-വൈദിക നേതൃത്വം ഉണ്ടാവണം. മികച്ച വൈദികര്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. അവര്‍ സഭാ നേതൃത്വത്തിലേയ്ക്കും സഭാഭരണതലങ്ങളിലേയ്ക്കും കടന്നുവരുവാന്‍ തയ്യാറാവുകയും ആയതിലേയ്ക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

നമുക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്നത് ഇനി വരാന്‍ പോകുന്ന അത്മായ നേതൃത്വത്തില്‍ മാത്രമാണ്.  പിതാക്കന്മാര്‍ നന്നായി ഉറങ്ങട്ടെ. ഉറക്കമെണീറ്റു വരുമ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ആടുകളെ പച്ചപ്പു നിറഞ്ഞ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കാനുള്ള സ്വസ്ഥതയും അവര്‍ക്ക് കൈവരട്ടെ. അതിനായി അവര്‍ക്ക് ബുദ്ധിയുപദേശിക്കാന്‍ കഴിവുള്ള ഒരു മികച്ച മാനേജിംഗ് കമ്മിറ്റിയും ചുമതലക്കാരും ഉണ്ടാവട്ടെ.

ഇതൊന്നും ഒരിക്കലും ഓട്ടോമാറ്റിക്കായി സംഭവിക്കില്ല. ഓരോ ഇടവകയിലും ജനങ്ങള്‍ ഉണരണം. വിവേകമുള്ള പ്രതിനിധികള്‍ പൊതുയോഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടണം. അവര്‍ക്ക് മികച്ച നേതൃത്വത്തെ കണ്ടെത്താനാവണം. ഇ. ജെ. ജോണും, കെ. സി. മാമന്‍ മാപ്പിളയും റാവുസാഹിബ് ഒ. എം. ചെറിയാനും, സി. എം. സ്റ്റീഫനും, ഇ. ജോണ്‍ ജേക്കബും ഒക്കെ അവരുടെ മനസ്സിലേക്ക് കടന്നുവരണം.

ഇനി  ഈ സഭയുടെ നേതൃത്വത്തില്‍ നിന്ന് വിവേകപൂര്‍ണമായ സ്വരം മാത്രമേ കേള്‍ക്കാന്‍ ഇടയാകാവൂ. 

അല്ലെങ്കില്‍ അന്ന് മണര്‍കാട് മുഴങ്ങിയ മുദ്രവാക്യം വ്യത്യസ്ത നാമധേയങ്ങളോടെ നമ്മുടെ ദേവാലയങ്കണങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കാനിടയാവും എന്നതില്‍ സംശയം വേണ്ട.

(മലങ്കര നവോത്ഥാനം, 2016 ഒക്ടോബര്‍)

അനുതാപത്തിലൂടെ സമാധാനം കൈവരിക്കാം: ഫാ. ഡോ. കെ. എം. ജോര്‍ജ്

കോത്തല സെഹിയോന്‍ പള്ളിയിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ നിലവിലെ സഭയുടെ സ്ഥിതിയില്‍ അസ്വസ്ഥരായി, തങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ സമീപിച്ചപ്പോള്‍ കെ. എം. ജോര്‍ജ് അച്ചന്‍ കൊടുത്ത മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍.

പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്ന ഓര്‍ത്തഡോക്സ് അസഹിഷ്ണുത ഞങ്ങളെ അസ്വസ്ഥരാക്കുകയാണ്. എന്താണ് നമ്മുടെ വിശ്വാസപരവും, ചരിത്രപരവുമായ തനിമ? അത് പാത്രിയര്‍ക്കീസ് വിഭാഗവുമായി എത്ര മാത്രം വിഭിന്നമാണ്?

യാക്കോബായ, ഓര്‍ത്തഡോക്സ് എന്നത് ഒരു ഒറ്റ സമൂഹമാണ് എന്ന് എല്ലാവര്‍ക്കും അറിയാം.  ഒരേ വിശ്വാസം, ഒരേ രക്തം, ഒരേ കുടുംബം. ഞാന്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ സഭ ഒന്നായിരുന്നു. ഞാന്‍ ഏതു സമയത്താണോ വൈദിക സെമിനാരിയില്‍ ചേര്‍ന്നത്, എന്ത് മൂല്യങ്ങള്‍ മനസ്സില്‍ കരുതികൊണ്ടാണോ അന്നവിടെ പഠിച്ചത് അതെല്ലാം ഞാന്‍ ഇപ്പോഴും മുറുകെ പിടിക്കുന്നു. പിന്നെ ഉണ്ടായ വിഭജനങ്ങള്‍ക്ക് കാരണക്കാര്‍ ചില വ്യക്തികളാണ്. സാധാരണ ജനങ്ങള്‍ അല്ല ഭിന്നത ഉണ്ടാക്കിയത്. മറിച്ച് ചില വ്യക്തികളും നേതൃസ്ഥാനത്തുള്ള അവരുടെ ചില താല്പര്യങ്ങളും ആണ്. അന്നും ഇന്നും എന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു മലങ്കരസഭയേ ഉള്ളു. ഞാന്‍ സ്വപ്നാടകന്‍ ആണെന്നു ചിലര്‍ പറയുമായിരിക്കും. പക്ഷേ, യോജിച്ച സഭയെ ഭിന്നിപ്പിക്കാന്‍ ചിലരൊക്കെ പറഞ്ഞ കാരണങ്ങളോടും അതിന് അവര്‍ കൈക്കൊണ്ട നടപടികളോടും ഞാന്‍ ശക്തിയായി വിയോജിക്കുന്നു. ഇക്കാര്യങ്ങളൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

അതിരുകടക്കുന്ന രാഷ്ട്രീയനിലപാടുകളും പ്രഖ്യാപനങ്ങളും സഭയോടു ബന്ധപ്പെടുത്തി ഉണ്ടാവുകയും വീണ്ടുവിചാരമില്ലാത്തവര്‍ അതിനു പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ഇതുവരെ പിന്തുടര്‍ന്നുവന്ന നല്ല മാതൃകകള്‍ നഷ്ടപ്പെടുകയും വിനാശകരമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യില്ലേ? അത് സഭയുടെ സ്വാതന്ത്ര്യവും സഭാംഗങ്ങളുടെ അവകാശങ്ങളും നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കില്ലേ?

സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ നമുക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. നല്ല പൗരന്മാരായി രാഷ്ട്രനിര്‍മ്മിതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നാം. എന്നാല്‍ സഭ ഭൂരിപക്ഷമാകുന്നത് ലോകത്തിലെ പല രാജ്യങ്ങളിലും വലിയ പ്രശ്നമാണ്. രാഷ്ട്രത്തിന്‍റെ ഭാഗമായിട്ട് സഭ തീരുന്ന അവസ്ഥയാണ് കുസ്തന്തിനോസ് ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനുശേഷം റോമാ സാമ്രാജ്യത്തില്‍ ഉണ്ടായത്. യൂറോപ്പില്‍ അടുത്തകാലം വരെയും അതായിരുന്നു സ്ഥിതി. പില്‍ക്കാലത്ത് രാഷ്ട്രവും സഭയും രണ്ടാകുന്നതാണ് നല്ലതെന്ന് വിവരമുള്ള നേതാക്കന്മാര്‍ പഠിപ്പിച്ചു. പലപ്പോഴും ക്രിസ്തീയ മൂല്യങ്ങള്‍ അടിയറ വെയ്ക്കേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. സഭയും രാഷ്ട്രവും രണ്ടാണ്. സമൂഹത്തിനു പരിവര്‍ത്തനം ഉണ്ടാകുവാനുള്ള ഒരു പുളിപ്പ് ആയി സഭ നിലകൊളളണം.

കക്ഷി രാഷ്ട്രീയ തല്പര്യങ്ങളുടെ കൂടെ സഭ നില്‍ക്കരുത്. മെത്രാന്മാരും അച്ചന്മാരും രാഷ്ട്രീയ ഗോദയില്‍ ഇറങ്ങരുത്. സഭാ വിശ്വാസികള്‍ പൗരന്മാരാണ.് വോട്ടവകാശം അവര്‍ക്കുണ്ട്. രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടിയും നീതിയ്ക്കുവേണ്ടിയും നിലകൊള്ളാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.

ഞങ്ങളുടെ അമ്മമാരുടെ വീടുകളിലെ സഭാനിലപാടിനെപ്പറ്റി ഞങ്ങള്‍ തന്നെ ഒരു കണക്കെടുത്തപ്പോള്‍ നാലില്‍ മൂന്നും യാക്കോബായ വിഭാഗക്കാരാണ്. ഇത് ഒരുപക്ഷേ, കോട്ടയം ജില്ലയിലെ മാത്രം സ്ഥിതിയാവാം. നമ്മുടെ പിതാക്കന്മാരുടെ പ്രായോഗികബുദ്ധിയാവാം അതിനിടയാക്കിയത്. തെക്കും വടക്കുമുള്ളവര്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോട്ടയം ഭദ്രാസനത്തില്‍ നിലനില്‍ക്കുന്ന സൗഹൃദം നിലനിര്‍ത്താന്‍ നാം ഏതറ്റം വരെയും പോകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. കോട്ടയത്തിന്‍റെ ഈ സംസ്കാരം വെല്ലുവിളികള്‍ നേരിട്ടാല്‍ ഞങ്ങള്‍ എങ്ങനെ പ്രതികരി ക്കണം?

നാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നു കരുതുന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്‍റെ അനുഗാമികള്‍ ആകണം. നൂറു ശതമാനം അങ്ങനെ ആകുവാന്‍ സാധിക്കും എന്ന് ഞാന്‍ പറയുന്നില്ല, നാം ഏവരും കുറവുള്ളവരാണ് . കഴിയുന്നിടത്തോളം കര്‍ത്താവ് പഠിപ്പിച്ച സ്നേഹം, ത്യാഗം എന്നിവ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.

നമ്മുടെ അയല്‍ക്കാരുമായുള്ള നീതിപൂര്‍വ്വകമായ സ്നേഹബന്ധമാണ് കര്‍ത്താവിന്‍റെ ഇഷ്ടം. നമ്മുടെ ആളുകളുടെ മനസ്സില്‍ വിഷം കയറ്റുന്ന വ്യക്തികള്‍ ഉണ്ട്. അത്തരം വിഷവലകള്‍ക്ക് അകത്തുപെടാതിരിക്കുകയാണ് യുവജനങ്ങളായ നിങ്ങള്‍ ചെയ്യേണ്ടത്. അയല്‍ക്കാരനെയും ശത്രുവിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിനോട് നമുക്ക് ഇന്നുള്ള ബന്ധം എന്താണെന്ന് നിങ്ങള്‍തന്നെ ചിന്തിക്കുക.

ഇന്ത്യന്‍ പാരമ്പര്യത്തില്‍ 'കലി എന്നൊരു സങ്കല്‍പം ഉണ്ട്' കലി വരുമ്പോള്‍ ചിലര്‍ക്ക് അന്നുവരെ പഠിച്ച പല നല്ല കാര്യങ്ങളും മറന്നുപോകും. കലി ഒരു അന്ധകാരശക്തി ആണ്, ഇരുട്ട് പരത്തുകയാണ് അതിന്‍റെ ജോലി. ഓര്‍ത്തഡോക്സ്, യാക്കോബായ എന്ന പേരില്‍ കലി ബാധിക്കുന്നവര്‍ മനുഷ്യജീവന്‍റെ എല്ലാ സൗന്ദര്യത്തെയും എല്ലാ സൗരഭ്യത്തെയും നശിപ്പിക്കുന്നു.

സഭയില്‍ സമാധാനം എന്നത് സാധ്യമാണോ?

മനുഷ്യന്‍റെ ബന്ധങ്ങളില്‍ അസാധ്യമായതൊന്നും ഇല്ല. നമ്മുടെ സഭയില്‍ അനുതാപം എന്നതിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. നോമ്പു മുഴുവന്‍ അനുതാപത്തിന്‍റേതാണ്. വലിയ നോമ്പിന്‍റെ ആരംഭം അനുതാപത്തിലൂടെ ആണ് (ശുബ്കോനോ ശുശ്രൂഷ). പരസ്പരം ഉള്ള അനുരഞ്ജനത്തിന്‍റെ ശുശ്രൂഷയാണ് അത്. ഇത് ഇല്ലാതെ ലോകം മുമ്പോട്ടു പോകുകയില്ല. സഭയില്‍ തീര്‍ച്ചയായും അത് ഉണ്ടാകണം. അനുതാപം ഉണ്ടെങ്കിലെ ഇവയെല്ലാം സാധ്യമാവുകയുള്ളൂ. കത്തോലിക്ക സഭ മധ്യനൂറ്റാണ്ടുകളില്‍ ഒത്തിരി തെറ്റുകള്‍ മനുഷ്യരാശിക്കെതിരായി ചെയ്തിട്ടുണ്ട്. പക്ഷേ ആധുനിക കാലത്ത് മാര്‍പാപ്പാമാര്‍ പലതവണ തെറ്റുകള്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇത് അനുതാപമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പാ നല്ല ഉദാഹരണമാണ്. 

സഭയുടെ മിഷന്‍ എന്നാല്‍ വഴക്ക് ഉണ്ടാക്കുക എന്നതല്ല. നേരായ ദിശാബോധം ഇടയന്മാര്‍ പകര്‍ന്നു നല്‍കണം. ഇടയന്‍ മുമ്പേ നടന്ന് ആടുകളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കണം. നമ്മുടെ സഭയുടെ ജോലിയും ഇതു തന്നെയാണ്. ജനങ്ങളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കുക എന്നത് ഞാനുള്‍പ്പെടെയുള്ള വൈദികനേതൃത്വത്തിന്‍റെ ചുമതലയാണ്. ഞങ്ങള്‍ക്കു തെറ്റുപറ്റിയാല്‍ നിങ്ങള്‍ സ്നേഹപൂര്‍വ്വം തിരുത്തണം. അതുപോലെ നിങ്ങളുടെ തിരുത്തലിനു വിധേയരാകാന്‍ അച്ചന്മാരും മെത്രാന്മാരുമായ ഞങ്ങളും വിനയപൂര്‍വ്വം തയ്യാറാകണം. എല്ലാറ്റിലും ഉപരി, നമ്മുടെ പിതാവാം ദൈവത്തിന്‍റെ ആര്‍ദ്രകരുണയും മനുഷ്യസ്നേഹവും യേശുക്രിസ്തുവിലൂടെ നമുക്കു ലഭിച്ചതിനെ നന്ദിപൂര്‍വ്വം ഓര്‍ക്കയും വേണം. 

(പ്രദക്ഷിണം, ജൂലൈ 2018)

Thursday, 15 June 2023

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനവും ഉച്ചയില്‍ ഊതുന്ന കാറ്റും പകല്‍ പറക്കുന്ന അസ്ത്രവും | ജോര്‍ജുകുട്ടി കോത്തല

മലങ്കരസഭയെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ ഹൃദയവേദന നല്‍കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സംജാതമായിരിക്കുന്നത്. അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന ചിന്തയില്‍ പലരും പല രീതിയില്‍ പ്രതികരിക്കുന്നു. അനേകര്‍ നിശ്ശബ്ദരായിരിക്കുന്നു. ഈ അവസരത്തിലും തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി താന്‍ ഉദ്ദേശിക്കുന്ന കടവിലേക്ക് കാര്യങ്ങള്‍ വന്നടുക്കുന്നത് കണ്ട് ആഹ്ലാദപൂര്‍വ്വം, എന്നാല്‍ ഗൂഢമായി ചിരിക്കുന്ന ഒരു തന്ത്രശാലിയുടെ മുഖം തെളിഞ്ഞുകാണാം. ആ മുഖം മറ്റാരുടേതുമല്ല. പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ തോമസ് പ്രഥമന്‍റേതു തന്നെ.

മലങ്കരസഭയില്‍ നേതൃത്വം എന്ന് ഒന്നുണ്ടെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചാല്‍ നന്നായി. നമ്മള്‍ കേസില്‍ ജയിക്കുന്നുണ്ട്. 'ജയം എനിക്കും, പറമ്പ് മൂത്താനാര്‍ക്കും' എന്നു പണ്ട് കുടിയാന്‍ പറഞ്ഞ പോലെയാണ് ഇന്നത്തെ അവസ്ഥ. കേസിലെല്ലാം നമ്മള്‍ മുറയ്ക്ക് ജയിക്കുന്നുണ്ട്. എന്നാല്‍ നിര്‍വഹണഘട്ടം വരുമ്പോള്‍ സഭ അമ്പേ പരാജയപ്പെടുന്നു. അവസാനനിമിഷം നിയമത്തിന്‍റെ ഏതെങ്കിലും തലനാരിഴയില്‍ തൂങ്ങിക്കിടന്ന് തോമസ് പ്രഥമന്‍ നൃത്തം ചെയ്യുന്നതും ഒരു കൂലിപ്പട അട്ടഹാസം മുഴക്കുന്നതും നാം കാണുന്നു. നിസ്സഹായരായി മലങ്കരസഭ മാറിനിന്നു കാഴ്ചക്കാരാവുന്നു.

ഇതിന്‍റെ കാരണമന്വേഷിക്കുമ്പോഴാണ് ഈ സഭാവഴക്കില്‍ തന്ത്രപൂര്‍വം പൊതുജനങ്ങളെയും  മാധ്യമങ്ങളെയും നേതാക്കളെയും കോടതിയേയും തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരുന്നതില്‍ തോമസ്സ് പ്രഥമന്‍ കാണിക്കുന്ന അസാധാരണമായ മെയ്വഴക്കം കാണുന്നത്. ഓര്‍ത്തഡോക്സ് സഭ നിലംപരിചാവുന്നതും ഈ 'തന്ത്ര' രംഗത്താണ്. ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ആരും ശ്രദ്ധിക്കാത്ത ഒരു സംഭവം ആദ്യം പറയാം.

കേന്ദ്രത്തില്‍ ബി. ജെ. പി. ഭരിക്കുന്ന സമയം. ആര്‍. എസ്. എസ്. മേധാവി ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നു: "ന്യൂനപക്ഷങ്ങള്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് - മാര്‍ത്തോമാ സഭകളെ നോക്കുക. വൈദേശിക മേധാവിത്വം അവര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവര്‍ സാമൂഹികപരമായും ഭരണപരമായും ഇന്ത്യന്‍ സംസ്ക്കാരത്തിനു യോജിച്ചവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. മതവിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച കൂടാതെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്ക്കാരം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാവുന്നതിന്‍റെ ഉദാഹരണമാണ് ഇത്."

ഓര്‍ത്തഡോക്സ് സഭ നാളിതുവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് ലഭിച്ച ഒരംഗീകാരമായിരുന്നു ഇത്. സഭ ഈ അവസരം ഉപയോഗിച്ചിരുന്നുവെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനവും ഇടപെടലുകളും അവസാനിപ്പിക്കാമായിരുന്നു. പക്ഷേ, സഭ ചെയ്തതെന്താണ്? കേരളത്തിലെ ക്രിസ്ത്യാനികളെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വോട്ട് ബാങ്ക് ആക്കി മാറ്റാന്‍ അച്ചാരം വാങ്ങിയിരുന്ന ഒരു അഖിലലോക സഭാകൗണ്‍സില്‍ മുന്‍ നേതാവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയുമായ ഒരു ബുദ്ധിജീവി (ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള സി. എസ്. ഐ. സഭാംഗം) ഒരു പ്രസ്താവനയെഴുതി ഓര്‍ത്തഡോക്സ് അരമനകള്‍ തോറും വന്നു. സുദര്‍ശന്‍ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട എന്ന പ്രകോപനപരമായ പ്രസ്താവനയില്‍ ഓര്‍ത്തഡോക്സ് ബുദ്ധിജീവി മെത്രാന്മാര്‍ ഒപ്പിട്ടുകൊടുത്തു. 

ഈ സമയം തോമസ് പ്രഥമന്‍ എന്തു ചെയ്തുവെന്നു കൂടി നാം അറിയണം. അവര്‍ ആര്‍. എസ്. എസ്. നേതാക്കളുടെ അടുത്തേക്ക് ആളെ അയച്ചു. യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷനാണു അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എങ്കിലും അദ്ദേഹത്തിന് ഇവിടെ അധികാരമൊന്നുമില്ലെന്നും തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭാരതീയ സംസ്ക്കാരം ഉള്‍ക്കൊള്ളുന്നവരാണെന്നും സംഘപരിവാര്‍ നേതൃത്വത്തെ അവര്‍ ബോധ്യപ്പെടുത്തി. ഓര്‍ത്തഡോക്സ് ബിഷപ്പുമാരുടെ മുന്‍പ്രസ്താവനയും അവര്‍ ഉപയോഗിച്ചു. ഓര്‍ത്തഡോക്സുകാര്‍ കമ്യൂണിസ്റ്റുകാരാണെന്നു കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും ബോധ്യപ്പെടുത്തുവാന്‍ ആ പ്രസ്താവന അവരെ സഹായിച്ചു. ബി. ജെ. പി. യും, കേന്ദ്രസര്‍ക്കാരും ഓര്‍ത്തഡോക്സ് പക്ഷത്തിന് എതിരായ സാഹചര്യം അങ്ങനെയാണുണ്ടായത്. മാത്രമല്ല, ഓര്‍ത്തഡോക്സുകാരനായി ജീവിക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ചിരുന്ന ബി. ജെ. പി. നേതാവും ബസേലിയസ് കോളജ് മുന്‍ പ്രൊഫസറുമായ ഒ. എം. മാത്യു സാറിനെ അവര്‍ ആദരപൂര്‍വം പാത്രിയര്‍ക്കീസ് പക്ഷത്തേക്ക് ആനയിക്കുകയും ചെയ്തിരുന്നു.

ബി. ജെ. പി. യുടെ അഖിലേന്ത്യാതലത്തില്‍ വരെ സ്വാധീനമുള്ള ആ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇന്നു യാക്കോബായ സമ്മേളനങ്ങളില്‍ സഭാചരിത്രത്തില്‍ സ്റ്റഡിക്ലാസ് നടത്തുന്നു. അദ്ദേഹത്തിന്‍റെ പിതാവാണ് കുമരകത്തെ വന്‍ പാത്രിയര്‍ക്കാസമൂഹത്തോട് പോരാടി അവിടെ ഓര്‍ത്തഡോക്സ് പക്ഷത്തിനു ദേവാലയം സ്ഥാപിച്ച ഒരുവട്ടിത്തറ മാത്യുവെന്ന് അറിയുന്നവര്‍ ഇന്നു നമ്മുടെ സഭാനേതൃത്വത്തില്‍ ഇല്ലായിരിക്കാം. അതായത് തങ്ങളുടെ പക്ഷത്തിന്‍റെ ഏറ്റവും വലിയ ഒരു ശത്രുവിന്‍റെ പുത്രനെപ്പോലും ശരിയായ സമയത്ത് ശരിയായി ഉപയോഗിക്കുവാന്‍ പാത്രിയര്‍ക്കീസ് പക്ഷത്തിനു കഴിഞ്ഞപ്പോള്‍ ഓര്‍ത്തഡോക്സ് സഭ പുതിയ ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. 

അലക്സാണ്ടറെ അട്ടിമറിച്ച കഥ

ഇതിനിടെ പി. സി. അലക്സാണ്ടര്‍ ഇന്ത്യന്‍ പ്രസിഡന്‍റു സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടും എന്ന അവസ്ഥ വരുന്നു. ഓര്‍ത്തഡോക്സ് സഭാ സ്നേഹം അസ്ഥിക്കു പിടിച്ചിട്ടുള്ള അലക്സാണ്ടറെങ്ങാനും ഇന്ത്യന്‍ പ്രസിഡന്‍റായാലത്തെ അവസ്ഥ മറ്റാരും വിലയിരുത്തിയില്ലെങ്കിലും തോമസ് പ്രഥമന്‍ വിലയിരുത്തി. മണര്‍കാട് പള്ളിയില്‍ വച്ച് മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ഒരു പ്രോഗ്രാം നിശ്ചയിച്ചു കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും തടയാന്‍ പറ്റുമോ? തോമസ് പ്രഥമന്‍  ഈ ചോദ്യം തന്‍റെ അനുയായി വൃന്ദത്തിനോടു ചോദിച്ചു. ഏതുവിധേനയും അലക്സാണ്ടര്‍ ഇന്ത്യയുടെ രാഷ്ട്രപതി ആവുന്നത് തടയണമെന്ന് അദ്ദേഹം തീരുമാനിച്ചു. മൂന്നു വിധത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. 

1. അലക്സാണ്ടര്‍ ക്രിസ്ത്യാനികള്‍ക്ക് സ്വീകാര്യനല്ല എന്നു കാണിച്ച് ആയിരക്കണക്കിനു കമ്പി സന്ദേശങ്ങള്‍ വാജ്പേയിയുടെ പേരില്‍ അയച്ചു.

2. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചില വ്യവസായ കേന്ദ്രങ്ങള്‍ മുഖേന സ്വാധീനിച്ച് അലക്സാണ്ടര്‍ക്കെതിരെ നിലപാട് എടുപ്പിച്ചു. 

3. തന്‍റെ മുന്‍ ഓപ്പറേഷന്‍ വഴി പരിചയപ്പെട്ട കേരളത്തിലെ ബി. ജെ. പി. നേതൃത്വം വഴി സ്വാധീനം ചെലുത്തി. അബ്ദുള്‍ കലാമിന്‍റെ പേര് ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നത് ഒ. രാജഗോപാലാണെന്ന് അന്നത്തെ പത്രങ്ങള്‍ നോക്കിയാല്‍ മനസിലാവും.

ഈ സമയം ഓര്‍ത്തഡോക്സ് നേതൃത്വം വെറുതെ ഇരിക്കുകയായിരുന്നുവെന്ന് കരുതിയാല്‍ തെറ്റി. സത്യവാന്‍ കൊട്ടാരക്കര എന്ന മറ്റൊരു ബുദ്ധിജീവി, അലക്സാണ്ടര്‍ അധികാരദുര്‍മോഹി ആണെന്നു കാണിച്ച് തയ്യാറാക്കിയ ലഘുലേഖനം വായിച്ച് ആസ്വദിക്കുകയും അത് പരുമല പെരുന്നാളിനു വിതരണം ചെയ്യപ്പെടുന്നത് കണ്ട് കണ്ണുമടച്ച് രസിക്കുകയുമായിരുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായ ഇന്ത്യന്‍ പ്രസിഡന്‍റ് ഉണ്ടാവാതിരിക്കാന്‍ പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടു സാധിച്ചു.

ഓര്‍ത്തഡോക്സ് സഭയുടെ ബലത്തെ ബലഹീനത ആക്കുന്നതിനുള്ള അതിവിദഗ്ധമായ യുദ്ധതന്ത്രങ്ങള്‍ ഇതിനിടെ ആവിഷ്ക്കരിക്കപ്പെട്ടു. മനോരമയെയും ഉമ്മന്‍ചാണ്ടിയെയും ആണ് ഈ അവസരത്തില്‍ ലക്ഷ്യമിട്ടത്. ഇവരുടെ സ്വാധീനം ഓര്‍ത്തഡോക്സ് പക്ഷത്തിനു പ്രത്യക്ഷത്തില്‍ ഗുണം ചെയ്യില്ലായെങ്കിലും പരോക്ഷമായി സഭയ്ക്കു വേണ്ടി പലതും ചെയ്യുവാന്‍  താല്പര്യവും സന്നദ്ധതയും ഉള്ളവരാണെന്ന് തോമസ് പ്രഥമന്‍ മനസ്സിലാക്കിയിരുന്നു. ഭരണത്തിന്‍റെ പിന്നാമ്പുറങ്ങളിലും മറ്റു മേഖലകളിലും ഇവരുടെ സ്വാധീനം ഓര്‍ത്തഡോക്സ് പക്ഷം പലപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ മറുപക്ഷം ഇവരെ ഓര്‍ത്തഡോക്സുകാരുടെ എതിരാളികളാക്കി ചിത്രീകരിക്കുന്നതില്‍ വിജയം വരിച്ചിരിക്കുകയാണ്. 

മനോരമയ്ക്കോ, ഉമ്മന്‍ചാണ്ടിക്കോ ഓര്‍ത്തഡോക്സുകാരുടെ വക്താക്കളായി പരസ്യ നിലപാടുകളെടുക്കുന്നതിനു തടസ്സങ്ങളുണ്ട്. ഒരു പ്രൊഫഷണല്‍ പത്രസ്ഥാപനത്തിന് ഉടമസ്ഥരുടെ സാമുദായിക പക്ഷപാദിത്വം  തങ്ങളുടെ നിലപാടുകളില്‍ പ്രകടിപ്പിക്കാന്‍ പരിമിതികളുണ്ട്. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കും ഒരു വിഭാഗത്തിനു വേണ്ടി നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയില്ല. ഈ അവസ്ഥയെ ഓര്‍ത്തഡോക്സുകാരുടെ ഇടയില്‍ പ്രചരിപ്പിക്കാനും, അവരെ ശത്രുക്കളായി പ്രഖ്യാപിക്കാനും തോമസ് പ്രഥമനു കഴിഞ്ഞു.

മനോരമയ്ക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ഓര്‍ത്തഡോക്സ് പക്ഷക്കാരെ സംഘടിപ്പിക്കുന്നവര്‍ മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്.

1. പാത്രിയര്‍ക്കീസ് പക്ഷത്തിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അവരുടെ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ എന്താണു തെറ്റ്? പാത്രിയര്‍ക്കീസുകാര്‍  മനോരമ ഉപേക്ഷിച്ച് മറ്റൊരു പത്രം വരുത്തുന്നതുകൊണ്ട് മനോരമയ്ക്ക് ക്ഷീണം ഉണ്ടാവുമെന്നല്ലാതെ സഭയ്ക്ക് എന്താണ് ഗുണം?

2. പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് അനുകൂലമായ വാര്‍ത്തകളുമായി ഒരു പത്രം ഇന്ന് പ്രസിദ്ധീകരിക്കുന്നുണ്ടോ? അങ്ങനെ ഒരു പത്രം പ്രസിദ്ധീകരിച്ചാല്‍ അത് എത്ര കോപ്പികള്‍ വില്ക്കും?

3. കേരളത്തിലെ ജനസംഖ്യയില്‍ 5 ശതമാനത്തില്‍ അധികം വരാത്തവരാണ് ഓര്‍ത്തഡോക്സുകാര്‍ (കേരളത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ 20 ശതമാനത്തില്‍ താഴെയാണെന്ന് മനസ്സിലാക്കുക). അവരില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായത് സഭയുടെ ഏതെങ്കിലും സഹായം കൊണ്ടല്ല. ആ വ്യക്തിയുടെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം കൊണ്ടാണ്. അങ്ങനെ ഒരാള്‍ സഭയില്‍ ഉണ്ടായതില്‍ അഭിമാനിക്കുന്നതിനു പകരം അദ്ദേഹത്തെ അപമാനിക്കുന്നത് എത്ര നികൃഷ്ടമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മാടക്കട തുടങ്ങുന്ന സഭാ ഭക്തന്‍ തനിക്ക് മറ്റ് വിഭാഗത്തിന്‍റെ കച്ചവടം ആവശ്യമില്ല എന്ന മട്ടില്‍ പ്രവര്‍ത്തിക്കുകയും പ്രഖ്യാപിക്കുകയും ചെയ്താല്‍ അയാളെ നാം എന്തു വിളിക്കും?

തോമസ്സ് പ്രഥമന്‍ ബാവാ കാണിച്ച മറ്റൊരു ദീര്‍ഘവീക്ഷണത്തെക്കുറിച്ചു കൂടി  ഇവിടെ പരാമര്‍ശിക്കാതെ വയ്യ. പാത്രിയര്‍ക്കീസ് പക്ഷത്ത് 10 മെത്രാന്മാര്‍ മാത്രം ഉണ്ടായിരുന്ന സമയത്ത് അതില്‍ 6 മെത്രാന്മാര്‍ ഓര്‍ത്തഡോക്സ് സഭയുമായി യോജിക്കണം, കോടതിവിധി അംഗീകരിക്കണം എന്ന അഭിപ്രായമുള്ളവരായിരുന്നു (ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, യൂഹാനോന്‍ മാര്‍ പീലക്സീനോസ്, ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സക്കറിയ മാര്‍ നിക്കോളവാസ്). ഇവിടെ ഒരു പ്രാദേശിക സുന്നഹദോസ് കൂടി ഇവര്‍ തീരുമാനമെടുക്കുന്നതിന്‍റെ അപകടം മുന്‍കൂട്ടിയറിഞ്ഞ തോമസ് മാര്‍ ദീവന്നാസിയോസ് അവരില്‍ തനിക്ക് അപകടകാരികളെന്നു തോന്നിയ 4 പേരെ തന്ത്രപൂര്‍വ്വം ഓര്‍ത്തഡോക്സ് പക്ഷത്ത് എത്തിക്കുകയും മറ്റു രണ്ടു പേരെ ഭീഷണിപ്പെടുത്തി തന്‍റെ കൂടെ നിര്‍ത്തുകയും ചെയ്തു. ബുദ്ധി മന്ദിച്ചുപോയ യുവമെത്രാന്മാരാകട്ടെ യോജിച്ച് ഒരു തീരുമാനമെടുത്ത് ജനങ്ങളെ കൂടെനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ അകത്തും പുറത്തുമുള്ള പ്രതിയോഗികളെ അവസരത്തിനൊത്ത് ചരടുവലികള്‍ നടത്തി ഒതുക്കുന്ന തോമസ് പ്രഥമനെ നമ്മള്‍ അംഗീകരിച്ചു പോവും. ഈ യുവമെത്രാന്മാര്‍ അനവസരത്തില്‍ കൂറുമാറ്റം നടത്താതിരുന്നാല്‍ അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ നടക്കില്ലായിരുന്നു. ഇന്നത്തെ പദവിയിലേക്കോ അവസ്ഥയിലേക്കോ അദ്ദേഹം ഉയരുകയും ചെയ്യില്ലായിരുന്നു.

അവരെ പറഞ്ഞയയ്ക്കുന്നതില്‍ അദ്ദേഹം കാണിച്ച വിരുത് അവര്‍ക്ക് ഓര്‍ത്തഡോക്സ് പക്ഷത്ത് സ്വീകരണം കിട്ടാതിരിക്കുന്നതിനു വേണ്ടിയുള്ള ഒളിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഓര്‍ത്തഡോക്സ് പക്ഷത്തെ യുവമെത്രാന്മാരാണ് ആ കെണിയില്‍ വീണത്. കണ്ടനാട് ഭദ്രാസനത്തിലെ 75% വൈദികരെയും ജനങ്ങളെയും തന്നോടൊപ്പം നിലനിര്‍ത്തിയ ഡോ. തോമസ് മാര്‍ അത്താനാസിയോസിനെ പഴയ ഓര്‍ത്തഡോക്സുകാര്‍ വേണ്ടവിധം അംഗീകരിക്കാഞ്ഞതു കൊണ്ടു എന്തു സംഭവിച്ചു എന്നു നമുക്കറിയാം. ഈ പഴയ ഓര്‍ത്തഡോക്സുകാരുടെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നു കണ്ടെത്താന്‍ ഗവേഷണബുദ്ധിയൊന്നും വേണ്ട. ഓര്‍ത്തഡോക്സ് പക്ഷത്ത് ഇന്നും നിലനില്‍ക്കുന്ന ചില പള്ളികള്‍ ഇന്നും തുറക്കുവാന്‍ സമ്മതിക്കാത്ത ചില വന്‍തോക്കുകളെ ഇതിനു പിന്നില്‍ കാണാം. അവര്‍ക്കു പിന്നില്‍ പൂര്‍ണചന്ദ്രന്‍റെ ചിരിയോടെ മറ്റൊരു മുഖവും.

പൗലോസ് ദ്വിതീയന്‍ ബാവാ ശ്രേഷ്ഠ കാതോലിക്കാ ആയിരുന്നപ്പോള്‍, ഇന്നത്തെ തോമസ് പ്രഥമന്‍ കാതോലിക്കാസ്ഥാനത്തെ എത്രമാത്രം ഇകഴ്ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ആ വിഷയത്തെപ്പറ്റി വിപുലമായ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ശ്രേഷ്ഠ കാതോലിക്കാ സ്ഥാനം എത്ര 'ശ്രേഷ്ഠവും പാവനവു'മാണെന്ന് തോമസ് പ്രഥമന്‍ പ്രഖ്യാപിക്കുന്നു. ആദ്യകാലത്തു പുറംതിരിഞ്ഞു നിന്നവര്‍പോലും ഇന്ന് അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അദ്ദേഹത്തിന്‍റെ കുതന്ത്രങ്ങള്‍ എല്ലാം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള 'ബാബുപോളു'മാര്‍ പോലും ഉടനെ അദ്ദേഹത്തെ അംഗീകരിക്കേണ്ടി വരും.

ഒരു വശത്ത് തോമസ് പ്രഥമന്‍ താന്‍ മനസ്സില്‍ കാണുന്നതൊക്കെ കീഴടക്കി വരുമ്പോള്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഇന്നത്തെ അവസ്ഥയെന്താണ്? എല്ലായിടത്തും കെടുകാര്യസ്ഥത നിറഞ്ഞുനില്‍ക്കുന്നു. ശരിയായ ഒരു തീരുമാനവും എടുക്കുവാനോ നടപ്പാക്കുവാനോ ഉത്തരവാദപ്പെട്ടവര്‍ ഇല്ലാത്ത അവസ്ഥ.

സ്വന്തം നിലയില്‍ പുതുപ്പള്ളി പള്ളിക്കാര്‍ നേടിയെടുത്ത വ്യവഹാര വിജയം പോലും ഇന്ന് അവര്‍ക്ക് വിനയായിരിക്കുന്നു. പുതുപ്പള്ളി പള്ളിയുടെ, ശക്തിയും ചൈതന്യവും പലരുടെയും ഉറക്കം കെടുത്തുന്നു. മതസൗഹാര്‍ദ്ദത്തിന്‍റെ ഈറ്റില്ലമായ അവിടെ നിന്നു കേരളീയ സംസ്കാരത്തിന്‍റെ ചിഹ്നങ്ങള്‍ തൂത്തെറിയണമെന്ന് അധികാരസ്ഥാനങ്ങളില്‍ നിന്നു ചിലര്‍ വാദിക്കുന്നു.

നമ്മുടെ പള്ളികളും, പെരുന്നാളുകളും നമ്മുടെ ഇടവകക്കാരുടേതു മാത്രമല്ല, ഈ ദേശത്തിന്‍റെയും ദേശക്കാരുടെയും കൂടിയാണെന്നുള്ള അറിവ് ഇല്ലാതെ പോകുന്നത് കഷ്ടമാണ്. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ആഘോഷങ്ങളും മേളങ്ങളും പെരുന്നാളുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത് എല്ലാവരുടെയും സഹകരണവും സൗഹാര്‍ദ്ദവും ദേവാലയനടത്തിപ്പിലും മറ്റും ലഭിക്കുന്നതിനുവേണ്ടി ആയിരുന്നു. ഭൂരിപക്ഷ മതത്തെയും അധികാരസ്ഥാനങ്ങളെയും വെറുപ്പിക്കാതെ മലങ്കര നസ്രാണികള്‍ രണ്ടായിരം കൊല്ലം ഇവിടെ ജീവിച്ചത് ഇത്തരം ചില സംവിധാനങ്ങളിലൂടെ ആയിരുന്നു.

ഇന്ന് ഇതര മതസ്ഥരുടെ സഹകരണം ആവശ്യമില്ലെന്ന് നമുക്ക് തോന്നുന്നുണ്ടാവാം. ഗള്‍ഫ് പണവും അമേരിക്കന്‍ പണവും ഉള്ളപ്പോള്‍ ആരെ പേടിക്കണം? എന്തിനു മതമൈത്രി? ശവസംസ്കാരത്തിനും വിവാഹത്തിനും മാമോദീസായ്ക്കും കിട്ടുന്ന കണക്കില്ലാത്ത പണം മതിയല്ലോ എന്ന ചിന്തയാണു നമ്മുടെ അധികാരികള്‍ക്ക്.

അവര്‍ക്ക് ആചാരങ്ങളുടെ അടിസ്ഥാനത്തെപ്പറ്റിയോ പരമ്പരാഗതമായി നിലനില്‍ക്കുന്ന മൂല്യങ്ങളെപ്പറ്റിയോ തല്ക്കാലം ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരിക്കാം. എന്തായാലും മലങ്കര സഭയ്ക്ക് ഇതര മതസ്ഥരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്‍തുണയും സഹകരണവും നഷ്ടപ്പെടുത്തുന്നതിലും നാം വിജയിച്ചു കൊണ്ടിരിക്കുന്നു. ഒരു വശത്ത് പുത്തന്‍ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും, കരിസ്മാറ്റിക് കൂട്ടങ്ങളും നമ്മുടെ ജനതയെ ചോര്‍ത്തിയെടുക്കുമ്പോള്‍, നമ്മുടെ തന്നെ തെറ്റായ നടപടികള്‍ നമ്മുടെ ശക്തിയും ചൈതന്യവും ചോര്‍ത്തിക്കളയുന്നു.

മലങ്കരസഭയെ സ്നേഹിക്കുന്നവര്‍ ഏറെ വേദനിക്കുന്നു. നമ്മള്‍ തിരമാലകളില്‍ പെട്ട വഞ്ചിയെപ്പോലെ ഉലഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും ഓര്‍ത്തഡോക്സ് സഭ ഇങ്ങനെ വിവേകശൂന്യമായ നേതൃത്വത്താല്‍ വലയുമ്പോള്‍ നമുക്ക് ആശ്വസിക്കാം. മറുപക്ഷത്ത് ഇതേ സംസ്കാരവും ഇതേ രക്തവുമുള്ള വിഭാഗത്തിനു ഒരു നേതൃത്വമെങ്കിലും ഉണ്ടല്ലോ. "ഒരു രക്ഷയുമില്ലാതെ വന്നാല്‍ ആ പ്രഥമനെ നമ്മുടെ കൂടി പ്രഥമന്‍ ആക്കിയേക്കാം. യോജിച്ച സഭയ്ക്ക് ആ പ്രഥമനെപ്പോലുള്ള തലവനെക്കൂടി കിട്ടിയാല്‍ അന്ത്യോഖ്യന്‍ ബന്ധമൊക്കെ പിന്നെ അറബിക്കടലിലെങ്ങാനും അന്വേഷിക്കേണ്ടി വരും." ഓര്‍ത്തഡോക്സ് സഭയിലെ ഒരു തീവ്രവാദി കടുത്ത നിരാശയോടെ പറഞ്ഞ വാക്കുകളാണിത്. ഇവിടെയാണ് തോമസ് പ്രഥമന്‍റെ വിജയം. ഒരു സമയത്ത് സ്വന്തം മെത്രാന്മാരാല്‍ പോലും ഉപേക്ഷിക്കപ്പെട്ട അദ്ദേഹം ഇന്ന് എവിടെയും വിജയശ്രീലാളിതനാണ്. തന്‍റെ പക്ഷത്തെ ഉറപ്പിക്കുന്നതിലും അവിടെ തന്‍റെ നില ഉറപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു കഴിഞ്ഞു.

ഇനി അക്രമണത്തിന്‍റെ കാലഘട്ടമായിരിക്കും. എതിരാളികളുടെ കോട്ടകൊത്തളങ്ങളിലേക്ക് തന്‍റെ യാഗാശ്വത്തെ അഴിച്ചുവിടുവാന്‍ അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു. ഇതുവരെ ഓര്‍ത്തഡോക്സ് പക്ഷത്തു നിന്ന ചിലരെ മുന്‍നിര്‍ത്തിയായിരിക്കും അദ്ദേഹത്തിന്‍റെ പടയൊരുക്കം. ഈ സമയത്ത് മലങ്കരസഭ പരാജയപ്പെടാതിരിക്കണമെങ്കില്‍ ബുദ്ധിയും ശക്തിയും സമാഹരിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം.

ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ അത്മായക്കാരുടെ യഥാര്‍ത്ഥ മുന്നേറ്റം ഉണ്ടാവണം. പക്ഷേ, വസ്തുതകള്‍ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുകയല്ല വേണ്ടത്.

സഭയുടെ ശക്തി സഭാംഗങ്ങളുടെ കൂട്ടായ്മയാണ്. വ്യത്യസ്തങ്ങളായ രാഷ്ട്രീയാഭിപ്രായങ്ങളും താല്പര്യങ്ങളും ഉള്ളവര്‍ സഭാംഗങ്ങളുടെ ഇടയിലുണ്ട്. അവര്‍ അവരുടെ 'നിലപാടു തറ'കളില്‍ നിന്നുകൊണ്ടു തന്നെ സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ആവശ്യം. ആ ഒരു ശക്തി സമാഹരണമാണ് വേണ്ടത്. ഒപ്പം യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുകയും വേണം.

പിടിവാശികള്‍ എപ്പോഴും ദോഷമാണു ചെയ്യുന്നത്. നമുക്ക് ഒരിക്കലും കിട്ടാത്ത ഒന്നിനു വേണ്ടി വാശി പിടിച്ചിട്ടു കാര്യമില്ല. കാശ്മീര്‍ അതിര്‍ത്തി പ്രശ്നം പോലെ എക്കാലത്തേക്കും ഉള്ളതല്ല മലങ്കരയിലെ തര്‍ക്കങ്ങള്‍. വിട്ടുവീഴ്ച ചെയ്യേണ്ടിടത്ത് പിടിവാശി പിടിക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ പാത്രങ്ങളാവാം എന്നതു മാത്രമാണു ഫലം. 

ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലുണ്ടായ ഒരു അഭ്യന്തര പ്രശ്നത്തെ തോമസ് പ്രഥമന്‍ തനിക്ക് അനുകൂലമാക്കുവാന്‍ പയറ്റിയ തന്ത്രങ്ങള്‍ ശ്രദ്ധിക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സാധ്യതയുള്ള എല്‍. ഡി. എഫിന്‍റെ പിന്‍തുണ പിടിച്ചുപറ്റുക, ഓര്‍ത്തഡോക്സുകാരന്‍ എന്നു മുദ്ര കുത്തി ഉമ്മന്‍ചാണ്ടിയെ പരമാവധി കുഴപ്പത്തിലാക്കുക, മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയും അനുഭാവവും നേടുക. താല്കാലികമായെങ്കിലും ഇക്കാര്യങ്ങളില്‍ ഒരു പരിധി വരെ വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതേസമയം നീതിയും നിയമവും നൂറു ശതമാനവും അനുകൂലമായ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തങ്ങളുടെ നിലപാട് പൊതുജനമദ്ധ്യത്തിലോ മാധ്യമങ്ങളിലോ അവതരിപ്പിക്കുവാന്‍ പോലും സാധിച്ചിട്ടുമില്ല. ദയനീയമായ ഈ അവസ്ഥയെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഓര്‍ത്തഡോക്സ് സഭയുടെ പള്ളികളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുതലാക്കുവാന്‍ കാപട്യത്തിന്‍റെ മൂര്‍ത്തികള്‍ക്കു ഇനിയും സാധിക്കും.

കോട്ടയം ഭദ്രാസനത്തിലെ പല പള്ളികളിലും ഭദ്രാസന നേതൃത്വത്തോട് എതിര്‍പ്പുള്ള വിഭാഗങ്ങളുണ്ട്. ആ അവസ്ഥയും മുതലെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മെത്രാന്മാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച മാറുന്നതിനു പ്രായോഗിക സമീപനങ്ങള്‍ ഉടനെ ഉണ്ടാവണം. കാലങ്ങളായി 'മെത്രാന്‍ കക്ഷി'യുടെ കോട്ടയായ ഒരു വലിയ പള്ളിയില്‍ മെത്രാന്മാര്‍ക്കു പ്രവേശന ഫീസ് ചുമത്തുവാനുള്ള തീരുമാനം പൊതുയോഗം ഏകകണ്ഠമായി എടുത്തു കഴിഞ്ഞു. ജനവികാരത്തിന്‍റെ ഗതിസൂചികയായി ഇതിനെ കണ്ട് ഉടനെ ആത്മപരിശോധന ആരംഭിക്കുവാന്‍ നേതൃത്വത്തിന് കഴിഞ്ഞാല്‍ ഒരു പക്ഷേ രക്ഷപെടുമായിരിക്കും.

തോമസ് പ്രഥമന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനമായും, സഭയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഉച്ചയില്‍ ഊതുന്ന കാറ്റായും സ്വയംകൃതാനര്‍ഥമായുള്ള നമ്മുടെ നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പകല്‍ പറക്കുന്ന അസ്ത്രമായും മലങ്കരസഭയെ പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്കു നടത്തുകയാണ്. പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണ് എന്നു ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങളുടെ പ്രതികരണം ക്ഷണിക്കുന്നു.

(മനനം, ജൂലൈ 2005)

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...