Tuesday, 26 September 2023

ഞങ്ങള്‍ അല്‍പ്പവിശ്വാസികള്‍ | ജോര്‍ജുകുട്ടി കോത്തല

കുര്‍ബ്ബാന, കുമ്പസാരം, കുന്തിരിക്കം എന്നിങ്ങനെയുള്ള 3 ത്രി 'കു'കള്‍ ചേര്‍ന്ന ഒരു ത്രിത്വത്തോട് ബന്ധപ്പെട്ടായിരുന്നു സാധാരണ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയുടെ നാളിതുവരെയുള്ള ആരാധനയും ജീവിതവുമെല്ലാം. കുര്‍ബാനയോടുള്ള ഭക്തിയും കുമ്പസാരം നല്‍കുന്ന വിശുദ്ധിയും കുന്തിരിക്കത്തിന്‍റെ സുഗന്ധമായി അവരുടെ ജീവിതത്തിനു രുചിയും നിറവും മണവും നല്‍കി. അതുകൊണ്ടുതന്നെ ഇതവര്‍ക്ക് അനുഭവേദ്യമാക്കിയിരുന്ന പുരോഹിതവര്‍ഗത്തോട് അവര്‍ക്ക് ഭക്തിയോടടുത്ത ആദരവുമുണ്ടായിരുന്നു. തിരുമേനിമാരോടെല്ലാം 'ഭക്തിയും കൂറും' കാതോലിക്കാദിനത്തില്‍ ഉറക്കെ പ്രഖ്യാപിക്കാനും അവര്‍ക്കു മടിയില്ലായിരുന്നു. എന്നാല്‍ തങ്ങളില്‍ നിന്ന് ഭക്തിയും കൂറും കൈപ്പറ്റിയിരുന്നവര്‍ തിരികെ നല്‍കുന്നതെന്താണെന്നവര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നും ദൗര്‍ഭാഗ്യകരമെന്നുമൊക്കെ പലരും വാക്കുകളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ശുദ്ധ അധാര്‍മികതയുടെ വെളിപ്പെടുത്തലുകള്‍ ഒരു ജനതയെയാകെ നിരാശയുടെ നിലയില്ലാ നീര്‍ക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ നീട്ടിയെടുത്തിട്ടും ഇപ്പോഴും കല്പവൃക്ഷംപോലെ അധികാരികള്‍ക്ക് ആഹരിക്കാന്‍ വിഭവങ്ങളൊരുക്കുന്ന, എന്നാല്‍ സാധാരണജനങ്ങളെ ഞെക്കിപ്പിഴിയുന്ന സഭാക്കേസിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കുതറി മാറാന്‍ ഇനി വിശ്വാസികള്‍ ഒട്ടും വൈകിക്കൂടാ. വിദേശ മേല്‍ക്കോയ്മയുടെ വീര്യമുള്ള കയ്പു നീരാണല്ലോ ഈ സഭയുടെ ഇന്നത്തെ ദുര്‍ഗതിയുടെയും വക്കാലത്തു ജീവികളുടെ സദ്ഗതിയുടെയും കാരണമായി ചൂണ്ടിക്കാട്ടാന്‍ നമ്മുടെ മുമ്പില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന വിശുദ്ധ പശു. വിദേശത്തു നിന്നുള്ളതായാലും സ്വദേശത്തു നിന്നുള്ളതായാലും ഒരു മേല്‍ക്കോയ്മയും നമുക്കാവശ്യമില്ല എന്നു എല്ലാ വിശ്വാസികളും ഉറപ്പിച്ചു പറയേണ്ട സുപ്രസാദകാലം ഇതാ വന്നെത്തിയിരിക്കുന്നു. ആത്മിക ചുമതലകള്‍പോലും നിര്‍വഹിക്കുമ്പോള്‍ കാലിടറുന്ന പുരോഹിതവര്‍ഗത്തിന് എങ്ങനെയാണ് ഭൗതിക ചുമതലകള്‍ പ്രേരണക്കും പ്രലോഭനങ്ങള്‍ക്കും വിധേയരാകാതെ നിര്‍വഹി ക്കുവാന്‍ കഴിയുക? ഒന്നായ മലങ്കരസഭ ഭരിക്കാനും നയിക്കാനും തങ്ങള്‍ക്കാണവകാശമെന്നും തങ്ങള്‍ക്കതിനധികാരമുണ്ടെന്നും സാധാരണ വിശ്വാസികള്‍ തിരിച്ചറിയാതെ, ഏതെങ്കിലും വിധികള്‍ക്ക് കീഴടങ്ങിക്കൊടുക്കേണ്ട ഒരു ബാധ്യതയും ആര്‍ക്കുമില്ല. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ സിയേഷനാണ് മലങ്കരസഭയുടെ പരമാധികാരമെങ്കില്‍, ആ അസോസിയേഷന്‍റെ അജന്‍ഡ നിശ്ചയിക്കുവാനും അതിന്‍റെ അംഗങ്ങള്‍ക്കു തന്നെയാണ് പരമാധികാരം. ഏതു ഭരണഘടനയും അസോസിയേഷനു വിധേയമാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, പുരോഹിതവര്‍ഗ്ഗത്തിനു തീറെഴുതിക്കൊടുത്ത എല്ലാ അധികാരങ്ങളും അവകാശങ്ങളും അവര്‍ക്ക് തിരികെ പിടിക്കാനും എളുപ്പം കഴിയും.

പറഞ്ഞുവരുന്നത്, ഇന്നു മെത്രാന്മാരും കാതോലിക്കായും സുന്നഹദോസുമെല്ലാം കൈവശം വച്ചിരിക്കുന്ന അവകാശാധികാരങ്ങള്‍ അത്മായ പ്രതിനിധികള്‍ക്കു വീതംവച്ചു നല്‍കണമെന്നൊന്നുമല്ല. പക്ഷേ, ജനഹിതത്തിനു വിരുദ്ധമായി ഏതെങ്കിലും വകുപ്പുകളുടെ പിന്‍ബലത്തില്‍ എക്കാലവും സഭാഭരണം നിര്‍വഹിക്കാമെന്നും പുരോഹിതവര്‍ഗത്തിന്‍റെ പിന്‍ബലത്തോടെ ഇടവകകള്‍ നിയന്ത്രിക്കാമെന്നും കരുതുന്നവര്‍ ആ മൂഢസ്വപ്നത്തില്‍ ഇനി അധികകാലം കഴിയേണ്ടതില്ല എന്നു മാത്രമാണ്.

വൈദികരെയും വൈദികനേതൃത്വത്തെയും കണ്ണുമടച്ചു വിശ്വസിക്കുവാന്‍ ഇനി സുബോധമുള്ള ഒരു വിശ്വാസിയും തയാറല്ല. സുന്നഹദോസില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഗതി മാത്രമല്ല, അതിനു പിന്നില്‍ നടക്കുന്ന ചതികളെപ്പറ്റിയും ഇന്ന് അവര്‍ക്കു ബോധ്യമുണ്ട്. ആത്മീയമായ കൂദാശകളിലൂടെ ജനങ്ങളെ ചതിക്കുന്നവര്‍ക്കും അവരെ പിന്തുണക്കുന്ന മേലാളന്മാര്‍ക്കും അധികാരത്തിന്‍റെ ബ്ലാങ്ക് ചെക്ക് നല്‍കുവാന്‍ വിശ്വാസികള്‍ ഇനി തയാറാവില്ല. അതെ, ഞങ്ങള്‍ ഇപ്പോള്‍ അല്‍പവിശ്വാസികളാണ് നിങ്ങളുടെ കാര്യത്തില്‍.

ഇവിടെ ഒരു ചോദ്യമുണ്ട്. ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ യഥാര്‍ത്ഥ സ്വത്വം എന്താണ്? എന്തിനുവേണ്ടിയാണവര്‍ ഈ കോടതികളായ കോടതികളിലെല്ലാം കയറിയിറങ്ങുന്നത്? ആളും അര്‍ത്ഥവും ഏറെയുള്ള പള്ളികളുടെയൊക്കെ മുമ്പില്‍ പോലീസിനെയും പട്ടാളത്തിനെയും നിരത്തുന്നത്? ഇതൊക്കെ തെറ്റാണെന്നു പറയുന്നവരെ 'നവോത്ഥാനക്കാര്‍' എന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്? ഇതിന്‍റെയെല്ലാം പരമാധികാരം തരാമെന്നു പറഞ്ഞാല്‍ കൂടി, 'വേണ്ട, എനിക്ക് കോടതിയും രാഷ്ട്രീയവുമാണിഷ്ടം' എന്നു പറഞ്ഞുനടക്കുന്നവര്‍ക്ക്, ശാന്തിയുടെയും ശാന്തതയുടെയും അല്പവസ്ത്രംപോലും വേണമെന്നു തോന്നാത്തത്? 

അതിനൊക്കെ മറുപടി നമ്മള്‍ തന്നെ കണ്ടുപിടിക്കണം. നമ്മള്‍ വിശ്വാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന യഥാര്‍ത്ഥ സുറിയാനി ക്രിസ്ത്യാനി സ്വത്വം എന്തെന്ന് നാം ആദ്യം തിരിച്ചറിയണം. നമ്മുടെ പിതാക്കന്മാര്‍, ആദരിക്കുകയും വിധേയപ്പെടുകയും ചെയ്തത് സഭയ്ക്കും ദൈവത്തിനുംവേണ്ടി സ്വയം എറിഞ്ഞുകളഞ്ഞ പിതാക്കന്മാരെയാണ്. അവരെ പിന്‍പറ്റി തന്നെയാണ് സഭ നിലനിന്നതും. പരുമല തിരുമേനിയിലും പാമ്പാടി തിരുമേനിയിലും എല്ലാം നാം ദര്‍ശിച്ചതും അനുഭവിച്ചതും വിശുദ്ധിയുടെ ആ ദിവ്യതേജസ്സും ഉത്തരവാദിത്തപൂര്‍ണ്ണമായ സഭാസ്നേഹവുമാണ്. അവരുടെ പിന്മുറക്കാരില്‍നിന്നും നമ്മള്‍ പ്രതീക്ഷിച്ചതും അതു തന്നെ ആയിരുന്നു. എന്നാല്‍ തങ്ങള്‍ വെറും ഫാന്‍സിഡ്രസുകാരാണെന്നു തങ്ങളുടെ ഉത്തരവാദിത്തവും വിധേയത്വവും ചില രാഷ്ട്രീയ നേതാക്കളോടും പ്രത്യയശാസ്ത്രത്തോടുമാണെന്ന് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും പ്രഖ്യാപിക്കുന്ന ഇത്തരക്കാരില്‍ ഇനി നമ്മള്‍ പിതൃഭാവമൊന്നും പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല. വൈദിക സെമിനാരിയില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ലീപ്പിംഗ് സെല്ലായി ആരംഭിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സെല്ലുകളും ബ്രാഞ്ചുകളുമാണ് ഇന്ന് പത്തി വിടര്‍ത്തി ആടുന്നത്. മറുപക്ഷത്തുള്ള രാഷ്ട്രീയക്കാരാവട്ടെ എങ്ങനെയും ഭരണത്തിലെത്തിയാല്‍ കിട്ടുന്ന കടലാസുകളിലെല്ലാം 'ണ്ട' 'ണ്ണ' വരച്ചാല്‍ ഉത്കൃഷ്ടഭരണമാണെന്നു സ്വയം സമാധാനിക്കുന്നവരുമാണ്. ഭരണത്തിലേറുക എന്ന ഒരേ ഒരു അജന്‍ഡ മാത്രമുള്ള അവരില്‍ നിന്നും ആരും നന്മയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ചുരുക്കത്തില്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറാതെ, പൊതുസമൂഹത്തിന്‍റെ അവഹേളനപാത്രമായി നിലനില്‍ക്കാതെ, കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരായി നമുക്ക് സ്വയം കണ്ടെത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിനാണ് ഓരോരുത്തരും ഉത്തരം കണ്ടെത്തേണ്ടത്.

ദൈവത്തോടു മാത്രം ഉത്തരവാദിത്വമുള്ളവരായി, സ്വയം ചുമതലകള്‍ നിറവേറ്റുന്നവരായി നമുക്ക് രൂപാന്തരപ്പെടാം. സഭയുടെ പേരില്‍ നടക്കുന്ന തിന്മകളെയും ദേവാലയത്തില്‍ നിന്നു കള്ളന്മാരെയും കാപട്യക്കാരെയും പുറത്താക്കിയ ദൈവപുത്രനില്‍ നിന്ന് ശക്തിയും ചൈതന്യവും ആര്‍ജിച്ചുകൊണ്ട് നമുക്ക് തുറന്നെതിര്‍ക്കാം. അതെ, ഇത് നമുക്കു പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ഈ സഭയെ സഭയായി നിലനിര്‍ത്താന്‍ സാധാരണ വിശ്വാസികള്‍ക്കു മാത്രമേ കഴിയൂ.

(മലങ്കര നവോത്ഥാനം 2018 ഓഗസ്റ്റ്) 

Friday, 22 September 2023

ഓര്‍ത്തഡോക്സുകാരോട് രഹസ്യമായി...

"മലങ്കര സഭയുടെ രണ്ടുവിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ് ഒഴിവാക്കി എടുക്കാവുന്നതും സഭയെ തന്നെ ജീര്‍ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന മേലിലുള്ള കലഹവും അസമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്". 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ആത്മാവിലൂടെയാണ് സഭയെ സംബന്ധിച്ച വിധികള്‍ ഉണ്ടാവുന്നതെന്നതിന്‍റെ ശക്തമായ തെളിവാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഈ വിധിന്യായം.

എന്നാല്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള സാത്താന്‍റെ പ്രവര്‍ത്തനം ഇവിടെയും അവസാനിക്കുന്നില്ല. പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കാതിരിക്കാനും, വീണ്ടും കേസുകള്‍ ഉണ്ടാക്കാനുമുള്ള അവന്‍റെ ശ്രമം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണു നാം കാണുന്നത്.

പരിശുദ്ധ സഭയില്‍ ദൈവാത്മാവ് വ്യാപരിക്കുന്നത് വി. മൂറോനിലൂടെയാണെന്ന് നാം വിശ്വസിക്കുന്നു. മാമോദിസയില്‍ നാം സ്വീകരിച്ച വി. മൂറോനിലൂടെ ദൈവാത്മാവിനെ നാം പ്രാപിച്ചുവെന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ട്. പരിശുദ്ധന്മാരായ സഭാപിതാക്കന്മാര്‍ 40 ദിവസത്തെ ഉപവാസത്തിനുശേഷമാണ് എപ്പോഴും വി. മൂറോന്‍ കൂദാശ അനുഷ്ഠിച്ചിരുന്നതും. പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയും ഔഗേന്‍ ബാവായും വട്ടക്കുന്നേല്‍ ബാവായും മാത്യൂസ് ദ്വിതീയന്‍ ബാവായും ദിദിമോസ് ബാവായും ആ പതിവ് പാലിക്കുകയും അതിശ്രേഷ്ഠമായ വിധത്തില്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ജനങ്ങള്‍ക്ക് അനുഭവപ്പെട്ട കൂദാശകള്‍ അര്‍പ്പിക്കുകയും ചെയ്തവരാണ്.

എന്നാല്‍ അവസരംപാത്തു കഴിയുന്ന സാത്താന്‍റെ തന്ത്രം വിജയിക്കുകയാണോയെന്ന് ആശങ്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ സഭയില്‍ ഉണ്ടാവുന്നത്. നാല്പതാം വെള്ളിയാഴ്ച മൂറോന്‍ കൂദാശ നടത്തുന്നതിനു നാലുദിവസം മുമ്പാണ് പരിശുദ്ധ കൂദാശയ്ക്ക് നേതൃത്വം നല്‍കേണ്ട അഭിവന്ദ്യ തിരുമേനിമാര്‍ എതിര്‍ഭാഗത്തെ നമ്മുടെ സഹോദരങ്ങളെ തെരുവില്‍ തെറിപറയുന്നതിനുവേണ്ടി പുതുപ്പള്ളിയില്‍ കാതോലിക്കാദിനമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. മലങ്കര സഭ നിയമപരമായോ മറ്റേതെങ്കിലും വിധത്തിലോ ഒരു വെല്ലുവിളിയും നേരിടാത്ത സാഹചര്യത്തില്‍, നമ്മുടെ തന്നെ സഹോദരങ്ങള്‍ക്കെതിരെ ആഭാസ പ്രകടനം നടത്തുവാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിക്കുന്നത് തീര്‍ച്ചയായും ദൈവാത്മശക്തിയല്ല എന്ന് തീര്‍ച്ചയാണല്ലോ. അപ്പോള്‍ സാത്താന്‍റെ തന്ത്രം ഇവിടെ വിജയിച്ചാല്‍ തീര്‍ച്ചയായും അത് പരിശുദ്ധ കൂദാശയുടെ ഫലപ്രാപ്തിയെ വീപരീതമായി ബാധിക്കും എന്ന് തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതാണ്. തീര്‍ച്ചയായും ദൈവാത്മാവിന്‍റെ ആവാസത്തിനുപകരം വിരുദ്ധാത്മാവിന്‍റെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ അത് മൂറോന്‍ അഭിഷേകം പ്രാപിക്കുന്ന ഭാവിതലമുറകളെ എപ്രകാരം സാധിക്കും എന്നതിനെപ്പറ്റി ചിന്തിക്കുന്ന എല്ലാവര്‍ക്കും ആശങ്കയുണ്ടാവും.

ഈ സാഹചര്യത്തില്‍ സഭാംഗങ്ങള്‍ ഏറെ ജാഗരൂകരാകേണ്ടതുണ്ട്. സാത്താന്‍റെ തന്ത്രമായ അസമാധാനവും കലഹവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭാനേതൃത്വവും ബന്ധപ്പെട്ടവരും ഒഴിഞ്ഞുപോകണമെന്നു നമുക്ക് ശക്തിയായി പ്രാര്‍ത്ഥിക്കാം. നോമ്പിന്‍റെ ഇനിയുള്ള ദിനങ്ങള്‍ അതിനായി മാറ്റിവയ്ക്കാം. എതിര്‍ഭാഗത്തു നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങളുമായി രമ്യമായി ചര്‍ച്ചകള്‍ നടക്കുവാനും എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനങ്ങള്‍ ഉണ്ടാകാനും നമുക്കു പ്രാര്‍ത്ഥിക്കാം.

തീര്‍ച്ചയായും ഏറ്റവും ശ്രേഷ്ഠമായ നേതൃത്വമാണ് നമ്മുടെ സഭയ്ക്കുള്ളത്. ഏറ്റവും ലളിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നുവന്നവരാണ് പരിശുദ്ധ ബാവായും സേവേറിയോസ് തിരുമേനിയും ദീയസ്കോറസ് തിരുമേനിയുമെല്ലാം. അവരില്‍ നിന്നൊക്കെയും ബോധപൂര്‍വമായ ഒരു തെറ്റും ഉണ്ടാവുകയില്ല എന്നു നമുക്കെല്ലാം ഉറപ്പുണ്ട്. പരിശുദ്ധ പാമ്പാടി തിരുമേനിയും ധനാഢ്യനായ പാറേട്ട് തിരുമേനിയും ഏറ്റവും ലളിതമായ ജീവിച്ച പൊത്തന്‍പുറം ദയറായില്‍ ഇന്ന് എത്രയോ സൗകര്യങ്ങളുണ്ട്. അവയൊന്നും പോരാതെ ഇനിയും ആഡംബരസൗധങ്ങള്‍ വേണമെന്ന ചിന്ത ഉണ്ടാവുന്നതൊക്കെയും ദൈവാത്മാവില്‍ നിന്നല്ല എന്നു നമുക്കുറപ്പിക്കാം. അതുപോലെ സഭയിലെ എതിര്‍ഭാഗവുമായി ഒരു ചര്‍ച്ചയും നടത്തില്ല എന്ന വാശിപിടിക്കുന്നതും ഏത് ആത്മാവിന്‍റെ പ്രേരണയാണെന്നുള്ളതില്‍ സംശയിക്കേണ്ടതില്ല.

തീര്‍ച്ചയായും സഭാജനങ്ങള്‍ എന്നനിലയില്‍ നമുക്കു പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ പുരോഹിതന്മാരെക്കുറിച്ച് നമ്മുടെ കര്‍ത്താവ് പറഞ്ഞവചനം നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവണം. അവര്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക, എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. പിതാക്കന്മാര്‍ നല്‍കുന്ന എല്ലാ നല്ല ഉപദേശങ്ങളും നാം പിന്തുടരണം. പരിശുദ്ധ സുന്നഹദോസ് തീരുമാനമായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഐക്യത്തിനായുള്ള ആഹ്വാനം നാം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണം. എന്നാല്‍ തെറ്റായ പ്രവര്‍ത്തികള്‍ നമ്മള്‍ പിന്തുടരുവാന്‍ പാടില്ല.

തെരുവുറാലികള്‍ക്കും ഗോഗ്വാവിളികള്‍ക്കുമായുള്ള ആഹ്വാനങ്ങളെ കരുതലോടെ വീക്ഷിക്കുക, പരിശുദ്ധ പിതാക്കന്മാര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ ജനസംഖ്യ കേരളത്തില്‍ പതിനേഴു ശതമാനം മാത്രമാണ്. ആകെ ജനസംഖ്യ മൂന്നുകോടി മുപ്പത്തഞ്ചു ലക്ഷം. എല്ലാ ക്രൈസ്തവരും കൂടി എഴുപതു ലക്ഷം തികയില്ല. എണ്ണത്തില്‍ ഗണ്യമല്ലാതെ വരുന്ന സമൂഹങ്ങള്‍ക്ക് ഇനിയുള്ള കാലത്ത് ഏറ്റവും ആവശ്യമായ ഭരണകൂട പിന്തുണ വേണ്ടത്ര ലഭിക്കില്ല എന്ന് ഏവരും തിരിച്ചറിയണം. രണ്ടായി ശത്രുതയോടെ നിന്നാല്‍ കേരളത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍പെടുന്നവരാകും നമ്മള്‍. ഒരു കോടിയോളം അംഗങ്ങളുള്ളവരാണ് കേരളത്തിലെ പ്രബലസമുദായങ്ങളായ ഈഴവരും, മുസ്ലീങ്ങളും. നമ്മെ വീണ്ടും ദുര്‍ബലരാക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങളോട് പ്രാര്‍ത്ഥന എന്ന ആയുധംകൊണ്ടു നമുക്കു നേരിടാം. നമ്മുടെ പിതാക്കന്മാര്‍ക്കായി കരഞ്ഞുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം.

വീണ്ടും പ്രിയപ്പെട്ടവരെ, ഏറ്റവും അനുകൂലമായ വിധി പരമോന്നത കോടതിയില്‍നിന്നും ഉണ്ടായിട്ടും വീണ്ടും കേസുകള്‍ക്കായി ചില ആളുകള്‍ ആവേശം കൊള്ളുന്നതിന്‍റെ പിന്നില്‍ സാത്താന്‍ ഉപയോഗിക്കുന്ന തന്ത്രം കൂടി നാം മനസിലാക്കേണ്ടതുണ്ട്. പരുമലയിലെ പരിശുദ്ധന്‍റെ കബറില്‍ വീഴുന്ന പണമാണ് സ്പെഷല്‍ഫണ്ട് എന്ന പേരില്‍ എഴുതിയെടുത്ത് വക്കീലന്മാര്‍ക്ക് കൊടുക്കുന്നത്. ഇതിന്‍റെ പേരില്‍ അനേകലക്ഷം രൂപ പലപേരില്‍ ചെലവെഴുതി പോകുന്നുണ്ട്. അതിന്‍റെ പങ്കുപറ്റുന്നവര്‍ ഒരു കാരണവശാലും കേസുകള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല.

നമ്മുടെ സഭയിലെ ഒന്നിലധികം അച്ചന്മാര്‍ സാമ്പത്തിക ബാധ്യതയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു. എത്രയോ വൈദികര്‍ ദുരിതക്കയത്തില്‍ ജീവിക്കുന്നു. എത്രയോ പള്ളി ശുശ്രൂഷകര്‍ കണ്ണീരും കയ്പുമായി കഴിയുന്നു. എത്രയോ സാധാരണക്കാര്‍ കടബാധ്യതയില്‍ നീറുന്നു. ഇതൊന്നും കാണാതെ പരുമലയിലെ കണ്ണീരിന്‍റെ കാശും നമ്മള്‍ ഒരു വിധത്തില്‍ കൊടുക്കുന്ന പണവും കൂടി ധാരാളിച്ച് ധൂര്‍ത്തടിക്കുന്നതിനുള്ള ഏതു ശ്രമത്തെയും നമ്മള്‍ തിരിച്ചറിയണം. നമുക്കു പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ഒരു കാര്യംകൂടി ചെയ്യാം. അമിതമായ പണം സഭാധികാരികള്‍ക്ക് നല്‍കാതിരിക്കാം. ഈ വര്‍ഷത്തെ കാതോലിക്കാദിനം അതിന്‍റെ തുടക്കമാവട്ടെ. 

അന്‍പതുരൂപയിലധികം തുക കാതോലിക്കാദിന പിരിവുകളായാലും അതുപോലെയുള്ള മറ്റു പിരിവുകളായാലും നല്‍കുന്നത് പണം കുമിഞ്ഞുകൂടുന്നതിനും സാത്താന്യശക്തികള്‍ക്ക് പിടിമുറുക്കുന്നതിനും മാത്രമേ ഇടയാക്കൂ. ആറരകോടി രൂപ കാതോലിക്കാദിന പിരിവു ലഭിച്ചവര്‍ഷമാണ്, സഭയുടെ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടും, ചികിത്സാസഹായം ലഭിക്കാതെ വൈദികര്‍ ആത്മഹത്യ ചെയ്തതെന്നത് മറക്കാതിരിക്കുക. പണം കുമിഞ്ഞുകൂടുന്ന അരമനകളില്‍ എല്ലാ ഛിദ്രശക്തികളും പിടിമുറുക്കും. പുതിയ കേസുകള്‍ കൊടുക്കുന്നതിനും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമായി ഒരു മാഫിയ സഭയുടെ കേന്ദ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഇനിയും നാം കണ്ടില്ലെന്നു നടിക്കരുത്.

ചാട്ടവാറുമായി വിനമയ കേന്ദ്രങ്ങളിലേക്കു കടന്നുവന്ന ദൈവപുത്രനോട് നമ്മളും കണക്കുപറയേണ്ടിവരും. കൈമുത്തിയും കാലുനക്കിയും കിട്ടുന്ന നേട്ടങ്ങള്‍ വേണ്ടെന്നുവച്ച് സഭയുടെ യഥാര്‍ത്ഥ ദൗത്യം നിര്‍വഹിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനയിലൂടെ ശക്തി ആര്‍ജിക്കാം.

ഈ സന്ദേശം ഉള്‍ക്കൊള്ളുന്നവര്‍ പരമാവധി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്നതു കൂടാതെ പത്തു കോപ്പിയെങ്കിലും ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്യാന്‍ ശ്രമിക്കുക. പ്രത്യേക വ്യക്തികളോ സംഘടനകളോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നില്ല. ദൈവാത്മാവില്‍ മാത്രം ശരണപ്പെടുക.

ഒടുവില്‍ കിട്ടിയത്: മാര്‍ച്ച് 18ന് പുതുപ്പള്ളിയിലെ റാലിയില്‍ മുന്‍മുഖ്യമന്ത്രിയെ ചീത്തവിളിച്ച് ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരാണെന്ന് സ്ഥാപിച്ച് അതിന്‍റെ പേരില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തുവാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അതിന്‍റെ തുടക്കമാണ് പാമ്പാടി കോളജില്‍ മാത്തുക്കുട്ടി അച്ചനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങള്‍. 

Wednesday, 20 September 2023

മത്തായിച്ചേട്ടന്‍റെ റൊട്ടിയും സഭാസമാധാനവും | ജോര്‍ജുകുട്ടി കോത്തല

മലങ്കരസഭയിലെ വ്യവഹാരങ്ങളും സമാധാനശ്രമങ്ങളുമെല്ലാം കൃത്യമായ ഒരു വഴിത്തിരിവില്‍ എത്തപ്പെട്ടിരിക്കുന്ന സവേശ ഷമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. സഭാധികാരികള്‍ ആരെന്നും സ്ഥാപനങ്ങളുടെ ഭരണം എപ്രകാര മായിരിക്കണം എന്നതിനും ഇനി തര്‍ക്കങ്ങള്‍ ആവശ്യമില്ല. സുപ്രീംകോടതിയുടെ വ്യക്തമായ വിധിതീര്‍പ്പുകള്‍ ഇനി ഒരു ചോദ്യംചെയ്യ ലിനും വിധേയമാക്കാന്‍ കഴിയാത്തവിധം ശക്തമായ ഉത്തരവുകളായി, കല്ലുപിളര്‍ക്കുന്ന ശാസനകളായി നിലവില്‍ വന്നിരിക്കുന്നു.

എന്നാല്‍ സഭയുടെ ഭൗതികാന്തരീക്ഷത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമല്ല. ആരൊക്കെയോ ഇടപെട്ട് എന്തൊ ക്കെയോ സംഭവിക്കുമെന്നു കരുതി ജനങ്ങള്‍ കാത്തിരിക്കുന്നു. മുന്‍പ് രണ്ടും രണ്ടു പാത്രമാക്കണമെന്ന് പറഞ്ഞ് കത്രിക കയ്യിലെടു ത്തിരുന്ന സിസേറിയന്‍ വക്താക്കളൊക്കെ ഇന്നു കയ്യിലെടുത്തിരിക്കുന്നത് തുന്നിക്കെട്ടുന്നതിനുള്ള ഉപകരണങ്ങളാണ്. എങ്ങനെയും തുന്നിക്കെട്ടി എല്ലാം അകത്താക്കണമെന്നാണവരുടെ വെമ്പല്‍. അവരുടെ വെമ്പല്‍ കാണുമ്പോള്‍ ഞങ്ങള്‍ കോത്തലക്കാര്‍ മത്തായിച്ചേ ട്ടനെ ഓര്‍ക്കും. പള്ളിയിലെ ശുശ്രൂഷകനായിരുന്ന അദ്ദേഹം എന്തും വില്‍ക്കുന്ന ഒരു സര്‍വാണിക്കടയുടെ ഉടമകൂടിയായിരുന്നു. പള്ളിയിലെ ചുമതലകള്‍ക്കിടയില്‍ എപ്പോഴും കട തുറക്കന്‍ കഴിയുമായിരുന്നില്ലെങ്കിലും എല്ലാ സാധനങ്ങളും എപ്പോഴും സ്റ്റോക്കുണ്ടാ യിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങളൊക്കെയും പൂത്തുകെട്ട നിലയി ലായിരിക്കും പലപ്പോഴും ഉണ്ടാവുക. അങ്ങനെയിരിക്കെ, കടയില്‍നിന്നും റൊട്ടി വാങ്ങിയ ഒരാള്‍ റൊട്ടി പൂത്തതാണെന്നു പരാതിപ്പെട്ടു കൊണ്ട് വാങ്ങിയ റൊട്ടി തിരികെക്കൊടുക്കാന്‍ കടയിലെത്തി. അപ്പോള്‍ മത്തായിച്ചേട്ടന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. "നിങ്ങള്‍ ഇതുവരെ എവിടായിരുന്നു? രണ്ടാഴ്ചയായി ഈ റൊട്ടി ഇവിടുണ്ടായിരുന്നല്ലോ. റൊട്ടി പൂത്തതാണു പോലും, പൂക്കുന്നതിനുമുമ്പ് ഇയാള്‍ക്ക് വാങ്ങിക്കൂടായിരുന്നോ?"

മത്തായിച്ചേട്ടന്‍റെ ചോദ്യം ഇന്നു നമ്മള്‍ പലരോടും ചോദിച്ചുപോവും. 1995 ലെ സുപ്രീംകോടതി വിധി ഉണ്ടായതിനുശേഷം മഹാനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ആത്മവിവശതയോടെ എല്ലാവരെയും സമീപിച്ചു. 1934 ലെ ഭരണഘടനയ്ക്കു വിധേയമായി അന്നുണ്ടായിരുന്ന എല്ലാ സ്ഥാനികളെയും നിരുപാധികം സ്വീകരിക്കാമെന്ന മലങ്കരസഭയുടെ വാഗ്ദാനവുമായി മറു പക്ഷത്തെ സമീപിച്ച അദ്ദേഹത്തിനുലഭിച്ച മറുപടി എന്തായിരുന്നു? 1995 ലെ സുപ്രീംകോടതി വിധിക്കുവിധേയമായി പരസ്പരം സ്വീകരിക്കാം എന്ന വ്യവസ്ഥ എഴുതിക്കൊടുത്താല്‍ അവര്‍ സഹകരിക്കും. അന്നത്തെ വിധിയില്‍ മലങ്കരസഭാഭരണഘടനയിലെ ഒന്നാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന പാത്രിയര്‍ക്കീസിന്‍റെ പ്രധാന മേലധ്യക്ഷ സ്ഥാനത്തെപ്പറ്റി അനുഷംഗികമായി പരാമര്‍ശിച്ചിരുന്നു. ആ വ്യവസ്ഥയ്ക്കുമുന്‍തൂക്കം നല്‍കി ഒരു പരസ്പര സ്വീകരണപ്രഹസനം നടത്തിയാല്‍ വളരെവേഗം കാര്യങ്ങളെ പഴയപടിയാക്കാം എന്ന കുബുദ്ധി തിരിച്ചറിയാനുള്ള വൈഭവമൊക്കെ ഓര്‍ത്തഡോക്സ് നേതൃത്വത്തിനുണ്ടായിരുന്നതുകൊണ്ട് ഒന്നും സംഭവിച്ചില്ല. വര്‍ഷങ്ങള്‍ 22 കഴിഞ്ഞു. ഇപ്പോള്‍ 1995 ലെ റൊട്ടി  ഇരുപ്പുണ്ടോ എന്നു അന്വേഷിക്കുന്നവരോട് നമ്മള്‍ ചോദിച്ചുപോവും ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നു?

തീര്‍ച്ചയായും അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. ഭാവിയില്‍ എന്നെങ്കിലും മലങ്കരസഭാ സമാധാനം സംഭവിക്കാതിരി ക്കാനുള്ള മരുന്നുചേര്‍ത്ത റൊട്ടികള്‍ അവര്‍ ചുട്ടെടുക്കുകയായിരുന്നു. ഈ കാലയളവില്‍ അവര്‍ ഇത്രയധികം ബിഷപ്പുമാരെ വാഴിച്ചതിന്‍റെ ഉദ്ദേശം, എന്നെങ്കിലും സഭായോജിപ്പിനു കളമൊരുങ്ങിയാല്‍ അന്നു തങ്ങള്‍ക്ക് മേല്‍ക്കയ്യ് കിട്ടണമെന്ന ഗൂഢോദ്ദേശ്യം മാത്രമായിരുന്നു. ആ ബിഷപ്പുമാരില്‍ കൊള്ളാവുന്നവരുണ്ട്. ഇപ്പോള്‍ തന്നെ മുടക്കിലുള്ളവരുണ്ട്, ഒടക്കിലുള്ളവരുണ്ട്, മുള്ളുമുരി ക്കില്‍ കയറ്റേണ്ടവരുണ്ട്. ഇവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു സമാധാനചര്‍ച്ചപോലും പ്രായോഗികമാവുമെന്ന് കരുതുക വയ്യ.

ഈ സാഹചര്യത്തില്‍ മലങ്കരസഭാ നേതൃത്വത്തെ സമര്‍ദ്ദത്തിലാക്കി, സഭാപിതാക്കന്മാരെ മുള്‍മുനയില്‍ നിര്‍ത്തി, ഇതുവരെ ജാഗ്രതയോടെ നടത്തിയ നിയമനടപടികളുടെ സദ്ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന സന്ധി വ്യവസ്ഥകള്‍ക്ക് മലങ്കരസഭാ നേതൃത്വം വിധേയപ്പെടില്ല, വിധേയപ്പെടേണ്ടതില്ല എന്നതില്‍ ഒരു സംശയത്തിന്‍റെയും ആവശ്യമില്ല.

പിന്നെ എന്താണു കരണീയം? "ചെയ്യരുതാത്തതു ചെയ്തോനെങ്കിലും ഈയെന്നെ തള്ളല്ലേ തമ്പുരാനേ" എന്നു പറയു ന്നവരോട് ക്ഷമിക്കാതിരിക്കാനും ക്രൈസ്തവധര്‍മ്മം അനുവദിക്കില്ല. മാത്രമല്ല, ആരുടെയൊക്കെയോ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും നേതൃത്വ മോഹങ്ങള്‍ക്കും ബലിയാടാകേണ്ടി വന്ന നമ്മുടെ സഹോദരങ്ങളാണല്ലോ മറുപക്ഷത്തെ ജനങ്ങള്‍ മുഴുവനും. 'അന്ത്യോഖ്യന്‍ ബന്ധം നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം അവരെക്കൊണ്ടു വിളിപ്പിച്ചത് പലരുടെയും ഒടുങ്ങാത്ത മോഹങ്ങളും അടങ്ങാത്ത തൃഷ്ണയുമാണെന്ന് ഇന്നവര്‍ തിരിച്ചറിയുന്നുണ്ട്. ഇപ്പോഴും ആ തിരിച്ചറിവില്ലാത്തവര്‍ ചിലരുണ്ടാവാം. എങ്കിലും എല്ലാക്കാലത്തേക്കും എല്ലാവരെയും വിഡ്ഡികളാക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മുമ്പിലുണ്ടല്ലോ.

ഇവിടെ സൂചിപ്പിക്കുന്നത് യോജിപ്പിലൂടെ മലങ്കരസഭ സമാധാനത്തിന്‍റെയും പുരോഗതിയുടെയും മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതില്ല എന്നല്ല. ഇരുപക്ഷത്തുമായി നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിച്ച് തുഴയേണ്ടതില്ല എന്നുമല്ല. അട്ടിമറിക്കാന്‍ വേണ്ടിയുള്ള സന്ധി വ്യവസ്ഥകള്‍ ഇനി ഉണ്ടാവേണ്ടതില്ല എന്നുമാത്രം.

ആലോചനയോടെ, കരുതലോടെ ഓരോ ചുവടും വെയ്ക്കുവാന്‍ കഴിവുള്ളവരാണ് മലങ്കരസഭാ നേതൃത്വത്തിലുള്ളത്. അവരെ അപഹസിച്ചും അവരുടെ നേരെ മറഞ്ഞിരുന്നു ചാട്ടുളി എറിഞ്ഞും ഈ സഭയില്‍ തങ്ങളുടെ താല്പര്യം സംരക്ഷിക്കാം എന്ന് ആരും കരുതിയിട്ടുകാര്യമില്ല. 'നേരെ വാ, നേരേ പോ' എന്നുമാത്രം അറിയുന്ന മലങ്കര സഭാനേതൃത്വത്തിന് എല്ലാ പ്രശ്നങ്ങളെയും അതി ജീവിക്കുന്നതിനുള്ള വൈഭവവും വിഭവങ്ങളും ഉണ്ടെന്നു തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ വിധികളും. അതുകൊണ്ട് എല്ലാതരം ഉപജാപകസംഘങ്ങളോടും എല്ലാ സമാധാന കാംക്ഷികളോടും മലങ്കരസഭയ്ക്ക് ഒന്നേപറയാനുള്ളൂ "നേരേ വരിക, ഒന്നിച്ചു പോവാം".

അതുകൊണ്ട് നമുക്കും മിണ്ടാതിരിക്കാം | കുഞ്ഞെറുക്കന്‍

മലങ്കരസഭാ പ്രശ്നം ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് കീറാമുട്ടിയായും പൊതുസമൂഹത്തിന് നാറ്റകേസായും സഭാപിതാക്കന്മാര്‍ക്ക് പൊതിയാത്തേങ്ങയായും പിതാക്കന്മാരുടെ അരമനമക്കള്‍ക്കും വക്കീലന്മാര്‍ക്കും അക്ഷയഖനിയായും സഭാമക്കള്‍ക്ക് നിത്യദുഃഖമായും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മലങ്കരസഭ കണ്ട എക്കാലത്തെയും വലിയ ദാര്‍ശനികനും സഭാസ്നേഹിയും ആയിരുന്ന പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി അക്ഷീണം പരിശ്രമിച്ച് ഇതിന് പരിഹാരം ഉണ്ടാക്കിയ സാഹചര്യം 1995-ല്‍ ഉണ്ടായത് നമുക്കറിയാം. അവസാന നിമിഷം ഇത് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ വിജയിക്കുക തന്നെ ചെയ്തു. അവര്‍ അതില്‍ മാത്രമല്ല വിജയിച്ചത്. പരമോന്നത സിംഹാസനത്തെ പണ്ട് പിണറായി പറഞ്ഞതുപോലെയുള്ളവരുടെ ആസ്ഥാനമാക്കുന്നതിലും വിജയിച്ചു. ഇതൊക്കെ എന്തിന്‍റെ പേരിലാണ്? അവിടെയാണ് രസം. ഇതെല്ലാം ചെയ്യുന്നത് സഭാസ്നേഹത്തിന്‍റെ പേരിലാണത്രെ. ഈ സഭാസ്നേഹികളുടെ ചെയ്തികള്‍ ആരെയും ഞെട്ടിപ്പിക്കുക തന്നെ ചെയ്യും. 

ഗ്രിഗോറിയോസ് തിരുമേനി ഒടുവില്‍ പറഞ്ഞത് "എടാ ഗ്രിഗോറിയോസേ എന്നാണ് ഇപ്പോള്‍ തനിക്കു ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന" എന്നാണ്. ആ പുണ്യപുരുഷന്‍ ഒടുവില്‍ മനംനൊന്ത് മരണത്തിനു മുന്നില്‍ കീഴടങ്ങി. മഹാനായ ആ വ്യക്തിപ്രഭാവത്തിനു കഴിയാഞ്ഞത് ഇനി ആര്‍ക്കും സാധിക്കില്ല എന്ന മാനസികാവസ്ഥയിലാണ് ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതിന് ത്രാണിയുള്ളവര്‍. 'വയ്യാത്ത പശു എന്തിനിങ്ങനെ കയ്യാല കയറണം' എന്ന ചിന്തയില്‍ അവരില്‍ പലരും നവതിയുടെ താടിരോമങ്ങള്‍ തടവി ചിന്താവിഷയങ്ങളുമായി കഥ തുടരുന്നു. തീവ്രസമാധാനം വാക്കിലും ചിന്തയിലും പ്രകടിപ്പിക്കുന്ന പണ്ഡിതന്മാരാകട്ടെ, ഉപദേശം കൊടുത്തു മടുത്തു കഴിയുന്നു. എവിടെയെങ്കിലും സംവിധായകനായാല്‍ മതി, നിര്‍മാതാവിന്‍റെ ഭാരമൊന്നുമെടുക്കേണ്ടതില്ല എന്നു കരുതി മറ്റു ചിലര്‍ ആശ്വസിക്കുന്നു.  കുപ്പായത്തിന്‍റെ പകിട്ടു പൂര്‍ത്തിയായവരെയാകട്ടെ ഉറക്കത്തില്‍ റെയില്‍വേപ്പാളം പേടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സഭാംഗങ്ങള്‍ വിലപിച്ചിട്ടും സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു ചിന്തിക്കാന്‍ ആരുമില്ലാതെ ആയിരിക്കുന്നു. 

വാസ്തവത്തില്‍ എന്തുകൊണ്ടാണ് നൂറ്റാണ്ടു കഴിഞ്ഞിട്ടും വക്കീലിനും വക്കാണത്തിനും മലങ്കരസഭ ഇന്നും വാഗ്ദത്തഭൂമിയായി തുടരുന്നത്? എന്താണ് അടിസ്ഥാന പ്രശ്നം? ഇതെല്ലാം കാശിന്‍റെ ഏനക്കേടാണെന്ന് കോടതി പറയും. നമ്മളും അതു തന്നെ പറയും. എന്നാല്‍ സഭ യോജിച്ചാലും കാശു കിട്ടുന്നവര്‍ക്ക് കൂടുതല്‍ കിട്ടുകയേയുള്ളു. പിന്നെന്തുകൊണ്ടാണിവര്‍ ഒരിക്കലും യോജിപ്പു വേണ്ട എന്നു പറഞ്ഞ് വാ കീറുന്നത്? രണ്ടായിരം വീട്ടുകാരുള്ള പള്ളിയില്‍, പള്ളിക്കെട്ടിടവും ഇരുപതു വീട്ടുകാരെയും കിട്ടിയാല്‍ ഒരു കൂട്ടര്‍ ആര്‍ത്തുവിളിക്കുന്നു. ബാക്കി ജനത്തെ അവര്‍ക്കുവേണ്ട.

അപ്പോള്‍ അതാണു കാര്യം. അവര്‍ക്കു കൂടുതല്‍ ജനത്തെയൊന്നും വേണ്ട. ഇവനെയൊക്കെ ഭരിച്ചിട്ടും വലിയ കാര്യമില്ല. ഇപ്പോത്തന്നെ രണ്ടു കീശയും നിറയുന്നുണ്ട്. വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും തരുവാന്‍ വേണ്ടപ്പെട്ടവര്‍ ഇപ്പോള്‍തന്നെ ധാരാളമുണ്ട്. ഇനി കുറെക്കൂടി അവന്മാര്‍ വന്നിട്ടെന്തുകാര്യം? സഭ എത്ര വളര്‍ന്നാലും നമുക്കിത്രയൊക്കെയല്ലേ തിന്നാന്‍ പറ്റൂ. കൂടുതല്‍ തൊപ്പിക്കാര്‍ വന്നാല്‍ അവരൊക്കെ ഇവിടുള്ളവരേക്കാള്‍ വിളഞ്ഞ വിത്തുകളാ. അതുകൊണ്ടു കൂടുതല്‍ തൊപ്പിക്കാരെയൊന്നും നമ്മള്‍ക്കു വേണ്ട. വന്ന വെള്ളം നിന്ന വെള്ളം കൂടി കൊണ്ടുപോയാലത്തെ അവസ്ഥയായല്ലോ ഇപ്പത്തന്നെ. മൂന്നെണ്ണം വന്നപ്പംതന്നെ ഇവിടുണ്ടായിരുന്ന സ്കൂളും കോളജും എല്ലാം കൊടുക്കാന്‍ ഇവിടെ ആളുണ്ട്. അല്ലെങ്കില്‍ അതൊക്കെ പിടിച്ചുമേടിക്കാനവര്‍ക്കറിയാം. ഇവിടുള്ളവരൊക്കെ എന്താ രണ്ടാംകെട്ടിലെയാണോ? ഇനിയും ഇത്തരക്കാര്‍ കുറെക്കൂടി വന്നാലത്തെ സ്ഥിതി ഓര്‍ക്കാനും കൂടി വയ്യ. ചുരുക്കത്തില്‍, മേല്‍പറഞ്ഞ പോലെയുള്ള ചിന്തകളും കാഴ്ചപ്പാടുകളുമുള്ള ഏറെ സങ്കുചിതമായ വ്യക്തിത്വങ്ങളാണ് ഇന്ന് സഭയുടെ ഉന്നതതലങ്ങളിലൊക്കെയും കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. വിവരവും വിവേകവും ചുക്കിനും ചുണ്ണാമ്പിനുംപോലും ഇല്ലാത്തവര്‍. സോഡാ നാരങ്ങാ അടിച്ചുകൊടുത്തു കൊണ്ടിരുന്നവനാണിന്ന് പരമകാരുണികന് ഉത്തരവുകള്‍ നല്‍കുന്നത്. 

ഋഷിതുല്യരായ പുരോഹിത നേതൃത്വവും മഹാന്മാരായ അത്മായനേതാക്കളും നയിച്ച മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥയെ ഓര്‍ത്തു നമുക്കു കരയാം. അല്ലെങ്കില്‍ ചിരിക്കാം. ഓരോ സമൂഹത്തിനും അര്‍ഹമായ ഭരണനേതൃത്വത്തെയാണല്ലോ ലഭിക്കുക. സമര്‍ത്ഥരും പ്രാപ്തരുമായ വിദ്യാര്‍ത്ഥികളെയെല്ലാം എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളിലേക്ക് നയിച്ച്, കൊള്ളാവുന്ന യുവാക്കളെയെല്ലാം ഉന്നത പ്രൊഫഷനുകളിലേക്ക് പറഞ്ഞുവിട്ടതിനുശേഷം 'ഹേ സുറിയാനിക്കാരാ നീ എന്തിനു നിലവിലുള്ള പുരോഹിത നേതൃത്വത്തിനെ വിമര്‍ശിക്കുന്നു?' കഴിഞ്ഞ ദിവസം കാരണവരോട് സുഹൃത്ത് കാരണവര്‍ ചോദിക്കുന്നതുകേട്ട് ഞാന്‍ ചിരിച്ചുപോയി. "നിങ്ങടെ വീട്ടിലെ കൊച്ച് സെമിനാരിയില്‍ എങ്ങാനും ചേര്‍ന്നോ? കഴിഞ്ഞ ദിവസം അവന്‍ കൂട്ടുകാരോട് പറയുന്ന തെറി കേട്ട് ഞാന്‍ അന്തിച്ചുപോയി. അവന്‍ എത്ര മര്യാദക്കാരനായിരുന്നു.' ചോദ്യം കേട്ട കാരണവര്‍ ഒന്നും പ്രതികരിച്ചു കണ്ടില്ല.

ഇതാണ് നമ്മുടെ അവസ്ഥ. കൊള്ളാവുന്നവരെ പലവഴി പറഞ്ഞുവിട്ടിട്ട്, ഒടുവില്‍ സെമിനാരിയിലേക്ക് വിടുന്നവരില്‍ നിന്നല്ലേ അച്ചനും മെത്രാനും അധിപന്മാരും ഒക്കെ ഉണ്ടാവുന്നത്. അവരൊക്കെ ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അവര്‍ക്ക് സഭയെന്നു പറഞ്ഞാല്‍ പോക്കറ്റില്‍ വരുന്ന കാശാണ്. സഭാസ്നേഹമെന്നു പറഞ്ഞാല്‍ വായില്‍ വരുന്ന തെറിയാണ്. അവരില്‍ നിന്നും നന്മ വരുമെന്നു ചിന്തിക്കുന്നവര്‍ക്കൊക്കെ വട്ടാണ്. അതുകൊണ്ട് നമുക്കും മിണ്ടാതിരിക്കാം.

(മലങ്കര നവോത്ഥാനം 2019 ഫെബ്രുവരി)

ഇരിക്കുന്ന കൊമ്പു മുറിയ്ക്കരുത് | ടി. പി. ജോര്‍ജുകുട്ടി കോത്തല

അംഗുലീപരിമിതരായ ആളുകളുടെ ഇടപെടല്‍ മൂലം മലങ്കരസഭയിലെ സമാധാന ശ്രമങ്ങള്‍ മന്ദീഭവിച്ചിരിക്കുകയാണ്. വൈകുന്തോറും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകാനാണ് സാദ്ധ്യത. മറുഭാഗം ഏതെങ്കിലും പഴുതു കണ്ടെത്തി സഭയെ ഇനിയും വ്യവഹാരത്തിലെത്തിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനുള്ള ഗവേഷണങ്ങളും സമ്മര്‍ദ്ദങ്ങളും സ്വാധീനങ്ങളും നടക്കുന്നുണ്ട്. ഒന്നു രണ്ടു മുന്‍ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം പാഠിക്കേണ്ടതാണ്.

നാം വിജയിച്ചുവെന്ന് ഏറെ കൊട്ടിഘോഷിച്ച 1995-ലെ സുപ്രീംകോടതി വിധിക്കു ശേഷം ഇരു കക്ഷികളുടെയും കടുംപിടിത്തം നിമിത്തം യോജിപ്പ് തകര്‍ന്നടിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് പാത്രിയര്‍ക്കീസു ഭാഗത്തിന് ഒരു ഉള്‍വിളി. This does not, however, mean that installation of Mathews Athanasius, elected as the Catholicos on December 31, 1970, in October, 1975 is to be ignored. Similarly,  the election and installation of sixth Catholicos, Mathew II (third respondent in the present appeals) cannot also be ignored. They are accomplished facts and shall remain unquestioned എന്നു പറഞ്ഞിരിക്കുന്ന ഭാഗത്ത് പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ മലങ്കര മെത്രാപ്പോലീത്തായെന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ അദ്ദേഹം മലങ്കര മെത്രാപ്പോലീത്തായല്ല; കാതോലിക്കാ മാത്രമാണ് എന്നായിരുന്നു വാദം. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കൂടിയായ കലക്ടറെ "കലക്ടറും ഡിസ്ട്രിക്ട് മജിസ്ട്രേറ്റും" എന്നു പറയാറില്ലാത്തതു പോലെയുള്ള നിസ്സാരമായ ഒരു കാര്യം മാത്രമായിരുന്നു ഇത്. അവസാനം 2002-ല്‍ പരുമലയില്‍ ജസ്റ്റീസ് മളീമഠിന്‍റെ നിരീക്ഷണത്തില്‍ കൂടിയ മലങ്കര അസോസിയേഷന്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിക്കേണ്ടതായി വന്നു. 

അന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഴക്കിയ "ജയ് ജയ് കാതോലിക്കോസ്" മുദ്രാവാക്യത്തിന്‍റെ പ്രതിധ്വനി നിലയ്ക്കുന്നതിനു മുമ്പേ അടുത്ത 'പാര' 2006-ലെ മലങ്കര അസോസിയേഷനു നേരെ ഉയര്‍ന്നു. പ. ദിദിമോസ് ബാവായുടെ പൗരസ്ത്യ കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് ചോദ്യം ചെയ്യപ്പെട്ടത്. 1992-ല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2002-ല്‍ 'യോജിച്ച സഭ' ഇത് അംഗീകരിച്ചിട്ടില്ലെന്നായിരുന്നു വാദം. സഭയെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ദൈവകൃപയാല്‍ വലിയ പരുക്കില്ലാതെ രക്ഷപെട്ടു. സഭാചരിത്രത്തിലാദ്യമായി തുടര്‍ച്ചയല്ലാത്ത രണ്ടു ദിവസങ്ങളിലായി (2006 സെപ്റ്റംബര്‍ 21, ഒക്ടോബര്‍ 12) മലങ്കര അസോസിയേഷന്‍ യോഗം കൂടി റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് അതിടയാക്കി. 

അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്കുള്ള 1992 സെപ്റ്റംബര്‍ 10-ലെ തെരഞ്ഞെടുപ്പ് സ്ഥിരപ്പെടുത്തുന്ന ഒരു പ്രമേയം 2004 ജൂണ്‍ 10-ലെ അസോസിയേഷന്‍ യോഗത്തില്‍ കൊണ്ടുവരാന്‍ ഡോ. എം. കുര്യന്‍ തോമസും വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയും ജേക്കബ് സക്കറിയായും ചേര്‍ന്ന് ശ്രമിച്ചതു വിജയിച്ചിരുന്നെങ്കില്‍ 2006-ലെ വ്യവഹാരവും അനിശ്ചിതാവസ്ഥയും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നുള്ള വസ്തുതയും ഈ അവസരത്തില്‍ സ്മരിക്കുന്നു. അന്ന് അവര്‍ അസോസിയേഷന്‍ അംഗങ്ങളല്ലാത്തതിനാല്‍ അംഗങ്ങളെക്കൊണ്ട് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. 

ചര്‍ച്ച് ആക്ട് നടപ്പാക്കണം, മതപരമായ തര്‍ക്കത്തിന് ട്രൈബ്യൂണല്‍ മാതൃകയിലുള്ള സംവിധാനം വേണം, സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നൊക്കെയുള്ള മുറവിളികളും ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇരിക്കുന്ന കൊമ്പ് മുറിച്ച് കോടാലിക്കൈ പണിയുന്ന പരിപാടികളാണ് ഇവയൊക്കെ. എത്രയുംവേഗം പ്രശ്നം പരിഹരിച്ചാല്‍ സഭയ്ക്ക് അത്രയും ജീര്‍ണ്ണത കുറയ്ക്കാന്‍ കഴിയും.

(മലങ്കര നവോത്ഥാനം 2018 മാര്‍ച്ച്)

Tuesday, 19 September 2023

വലിയ ജീവിതാനുഭവങ്ങള്‍ കൊച്ചുസാറില്‍നിന്നും | ടി. പി. ജോര്‍ജ്ജുകുട്ടി


നമ്മുടെ ഈ കാലഘട്ടത്ത് ജീവിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരോ നിര്‍ഭാഗ്യവാന്മാരോ എന്നു ചോദിച്ചാല്‍ മറുപടി പല വിധത്തിലും ലഭിക്കും. ആധുനികമെന്നും അത്യാന്താധുനികമെന്നും ഉത്തരാധുനികമെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ സാഹിത്യത്തില്‍ മാത്രമല്ല പലപ്പോഴും ജീവിതാനുഭവങ്ങളിലും നമുക്കു ചേര്‍ത്തുവയ്ക്കാം. എന്തായാലും ഒരു റേഡിയോപോലും കേള്‍ക്കുവാനുള്ള അവസരമില്ലാതിരുന്ന ബാല്യകാലത്തും ഏറ്റവും ആധുനികമായ മൊബൈല്‍ ആപ്പുകളുടെ വിസ്മയലോകത്തും ജീവിക്കാന്‍ കഴിഞ്ഞ നമ്മുടെ ഏറ്റവും മുതിര്‍ന്ന തലമുറയുടെ ഒരു പ്രതിനിധിയുമായി ഒരഭിമുഖ സംഭാഷണം നടത്തണമെന്ന് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ഒരുള്‍വിളിയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ധത്തില്‍ ജനിച്ചവരുടെ പ്രതിനിധിയായി അവര്‍ കണ്ടെത്തിയത് തഴക്കുഴിയിലെ ബഹുമാനപ്പെട്ട കൊച്ചുസാറിനെയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തില്‍ ബാല്യകൗമാരങ്ങള്‍ പിന്നിടുന്നവരുടെ പ്രതിനിധികളായി തറക്കുന്നേല്‍ രൂബേന്‍ തോമസ് ലാലും കോതാനില്‍ സച്ചു ഷാജി ഏബ്രഹാമും നിയുക്തരായി. തലമുറകളുടെ പാലമായി കണ്ണന്താനത്തെ ബേബിച്ചായനും കൂടി എത്തിയപ്പോള്‍ കൗമാര കൗതുകങ്ങള്‍ക്ക് പാകമായ പ്രജ്ഞയുടെ പിന്‍ബലവുമായി. ഇത്തരമൊരു കൂടിച്ചേരലിന്‍റെ വിശേഷങ്ങള്‍ക്ക് അക്ഷരരൂപം നല്‍കുവാന്‍ അതുകൊണ്ടു തന്നെ അവസരം ലഭിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ഈയുള്ളവനും കഴിഞ്ഞില്ല. ഒപ്പം ചേരാന്‍ കൊച്ചുസാറിന്‍റെ കൊച്ചമ്മയും കൂടി എത്തിയപ്പോള്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കലിന് പുന്നെല്ലിന്‍റെ രുചിയും മുല്ലപ്പൂവിന്‍റെ മണവും പഴുത്തുഞാലുന്ന ഞാലിപ്പൂവന്‍റെ മധുരവുമായി.

1960-ലാണ് കോത്തലയിലെ എന്‍..എസ്.എസ്. യു.പി.എസില്‍ അധ്യാപകനായി കൊച്ചുസാര്‍ 'കൊച്ചുസാറാ'യി തന്നെ എത്തുന്നത്. സമൂഹത്തിലെങ്ങും ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞുനിന്ന കാലം. 'മുണ്ടുമുറുക്കിയുടുക്കുക' എന്ന് ഇന്ന് നമ്മള്‍ അനുഭവമില്ലാതെ പ്രയോഗിക്കുന്ന ശൈലി അക്ഷരാര്‍ത്ഥത്തില്‍ നിലനിന്ന ദാരിദ്ര്യത്തിന്‍റെ പുഷ്കലകാലം. അധ്വാനിക്കുന്നവനും അരവയര്‍ നിറയ്ക്കുക അത്ര എളുപ്പമല്ലാതിരുന്ന ദുഷ്കര കാലം. അധ്യാപക ജോലിയുമായി 1960-ല്‍ കോത്തല എന്‍.എസ്.എസ്. യു.പി. സ്കൂളില്‍ അധ്യാപകനായി ചേരുന്ന ദിനം ഇപ്പോഴും സാറിന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. അപ്പോള്‍ പെട്ടെന്ന് രൂബേനൊരു സംശയം. 'അന്ന് സാറിന് എത്ര രൂപ ശമ്പളമുണ്ടായിരുന്നു?' അപ്പോള്‍ സാറു പറഞ്ഞു 'ഇന്നു കിട്ടുന്ന പെന്‍ഷന്‍ അന്നത്തെ ശമ്പളത്തിന്‍റെ 300 ഇരട്ടിയാണ്.' കുട്ടികളുടെ സംശയം തീരാതിരുന്നപ്പോള്‍ സാര്‍ അന്ന് സ്കൂളില്‍ പഠിപ്പിച്ചിരുന്ന ഓര്‍മ്മയില്‍ ഒരു മനക്കണക്കിട്ടു. ഇന്നത്തെ പെന്‍ഷന്‍ 23700 രൂപയെന്നു കണക്കാക്കിയാല്‍ അന്നത്തെ ശമ്പളം എത്രയായിരുന്നു?

കംപ്യൂട്ടറും കാല്‍ക്കുലേറ്ററും കൈവശമില്ലാതിരുന്നതുകൊണ്ട് പുതുതലമുറയുടെ കണക്കുകൂട്ടലുകള്‍ അല്‍പം നീണ്ടുവെങ്കിലും എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ് സച്ചുവിനെ തുണച്ചു. 'എഴുപത്തിയൊന്‍പത്.'

അതു കേട്ടപ്പേള്‍ ആദ്യ ശമ്പളം കയ്യില്‍ കിട്ടിയ അന്നത്തെ ആഹ്ലാദം സാറിന്‍റെ മുഖത്തു തിരതല്ലി. 

അപ്പോള്‍ ടീച്ചര്‍ ഓടിയെത്തി പറഞ്ഞു 'അന്നത്തെ ആ എഴുപത്തിയൊമ്പത് രൂപ അത്ര ചെറുതൊന്നുമായിരുന്നില്ല. 79 രൂപ ശമ്പളക്കാരനെ കൈക്കലാക്കാന്‍ എത്രയോ ഭൂഉടമകള്‍ ആഗ്രഹിച്ചുവെന്ന് ഓര്‍മയുണ്ടോ? അങ്ങനെ വന്ന ആലോചനകളൊന്നും ഇങ്ങേര്‍ സ്വീകരിക്കാതിരുന്നത് ഒരു ശമ്പളക്കാരിയെ കെട്ടിയാല്‍ അത് തന്‍റെ കുടുംബത്തിന് ഒരു രക്ഷയാകുമെന്ന് കരുതിയാണ്.' അത് ആ കാലഘട്ടത്തിന്‍റെ നന്മയാണ്. ഇന്നത്തെപ്പോലെ 'ഞാനും ഭാര്യയും മക്കളുമെന്ന' ചിന്ത അന്ന് ആര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലാം കുടുംബത്തിനുവേണ്ടി എന്നായിരുന്നു എല്ലാവരുടെയും ചിന്ത. മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും കുടുംബം അഭിവൃദ്ധിപ്പെടുത്തുവാനും വേണ്ടി എല്ലാവരും പരമാവധി പരിശ്രമിച്ചിരുന്ന കാലമായിരുന്നു അത്. ആ കാലഘട്ടത്തിലെ  ആ ഉള്‍ക്കാഴ്ചയും വിശ്രമമില്ലാത്ത അധ്വാനവുമാണ് നമ്മുടെ സമൂഹത്തിലെ ഇന്നത്തെ എല്ലാ അഭിവൃദ്ധിയുടെയും അടിസ്ഥാനം എന്ന് കൊച്ചുസാര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ടീച്ചറും ബേബിച്ചായനും അത് തലകുലുക്കി സമ്മതിച്ചു.

പിന്നീട് ബേബിച്ചായന്‍റെ ഊഴമായിരുന്നു. കോത്തല ദേശത്തിന്‍റെ പഴമയിലേക്ക്, കോത്തല പള്ളിയുടെ ഉത്ഭവത്തിലേക്ക്, അന്നത്തെ കുടുംബങ്ങളുടെ പരസ്പര സഹകരണത്തെപ്പറ്റി ഒക്കെ ബേബിച്ചായന്‍ ഒരു ചര്‍ച്ച തുടങ്ങിവച്ചു.

തെക്കുംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്ന നമ്മുടെ നാട്ടില്‍ തെക്കുംകൂര്‍ രാജാക്കന്മാരുടെ വിശ്രമവസതി ഇന്നും നിലനില്‍ക്കുന്നതിനെപ്പറ്റിയും കോത്തല എന്ന സ്ഥലനാമത്തിന്‍റെ നിഷ്പത്തിയെപ്പറ്റിയും ഒക്കെ കൊച്ചുസാര്‍ വിശദമായി പ്രതിപാദിച്ചു. അത് അടുത്തലക്കത്തിലേക്കുള്ള പഠനവിഷയമാക്കാമെന്ന് പ്രദക്ഷിണത്തിന്‍റെ പ്രതിനിധികള്‍ക്ക് അപ്പോള്‍ ഒരു ദര്‍ശനവുമുണ്ടായെന്നു തോന്നുന്നു.

എന്തായാലും വളരെ കൗതുകമുണര്‍ ത്തുന്ന ഒരു ചോദ്യം ഉന്നയിച്ച് രൂബേന്‍ ചര്‍ച്ചയുടെ ഗതി തിരിച്ചു. 'നമ്മള്‍ എങ്ങനെ മെത്രാന്‍കക്ഷിക്കാര്‍ ആയി മാറി ? കക്ഷിനിലപാടിനു പിന്നിലെ കാര്യങ്ങള്‍ വാസ്തവത്തില്‍ എന്താണ് ?' 

പാമ്പാടി തിരുമേനി

പാമ്പാടി തിരുമേനി വട്ടശ്ശേരില്‍ തിരുമേനിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് അദ്ദേഹം സ്വാഭാവികമായും മെത്രാന്‍ കക്ഷിയില്‍ നിന്നു. നമ്മുടെ പിതാക്കന്മാരൊക്കെയും പാമ്പാടി തിരുമേനിയുടെ നിലപാടിന് ഒപ്പം നില്‍ക്കുന്നവരായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും നമ്മള്‍ മെത്രാന്‍കക്ഷിക്കാരായി. അക്കാലത്തെ കക്ഷിവഴക്കില്‍ പാമ്പാടി പള്ളിയില്‍ പാമ്പാടി തിരുമേനി താമസിച്ചിരുന്ന കെട്ടിടം എതിര്‍വിഭാഗക്കാര്‍ തീയിടുകയും അന്ന് റമ്പാച്ചന്‍ ആയിരുന്ന തിരുമേനിക്ക് അവിടെ തുടര്‍ന്നു താമസിക്കാന്‍ കഴിയാതെ വരുകയുമുണ്ടായി. ഈ സാഹചര്യത്തിലാണല്ലോ തിരുമേനിയുടെ ഗുരു മഠത്തിലാശാന്‍ പൊത്തന്‍പുറത്ത് 13 ഏക്കര്‍ സ്ഥലം തിരുമേനിക്ക് നല്‍കുന്നതും.

മഠത്തിലാശാന്‍

മഠത്തിലാശാനെപ്പറ്റി പറഞ്ഞപ്പോള്‍ സച്ചു ചോദിച്ചു. 'മഠത്തിലാശാനാണ് പാമ്പാടിയിലെ ഇന്നത്തെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളായി തീര്‍ന്ന സര്‍ക്കാര്‍ വിദ്യാലയത്തിനും സ്ഥലം കൊടുത്തതെന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്കൂളിന് മഠത്തിലാശാന്‍റെ പേര് അല്ലായിരുന്നോ നല്‍കേണ്ടത്.?'

"തീര്‍ച്ചയായും അങ്ങനെ തന്നെയായിരുന്നു വേണ്ടിയിരുന്നത്. ആധുനിക പാമ്പാടിയുടെ പിതാവ് എന്നു വിളിക്കേണ്ടത് മഠത്തിലാശാനെ തന്നെയാണ്. അദ്ദേഹം ദാനമായി നല്‍കിയ സ്ഥലങ്ങളുടെ വില കണക്കാക്കിയാല്‍ ഇന്ന് അതിന് ശതകോടികളുടെ മൂല്യമുണ്ടാവും. പാമ്പാടി സ്കൂളില്‍ അധ്യാപകനായി വന്ന പൊന്‍കുന്നം വര്‍ക്കി സാറിന്, സാഹിത്യരംഗത്തുണ്ടായിരുന്ന സ്ഥാനം പരിഗണിച്ചാണ് സ്കൂളിനെ അദ്ദേഹത്തിന്‍റെ സ്മാരകമാക്കിയത്. പൊന്‍കുന്നം വര്‍ക്കി സാര്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നുവല്ലോ. മഠത്തിലാശാന്‍റെ പ്രവര്‍ത്തനകേന്ദ്രം പാമ്പാടി മാത്രമായിരുന്നുവല്ലോ. അതുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നവരുടെ കണ്ണില്‍ അദ്ദേഹത്തിന്‍റെ പേര് പെട്ടില്ല എന്നേയുള്ളു."

വിദ്യാഭ്യാസരംഗം

കൊച്ചുസാര്‍ അന്ന് വിദ്യാഭ്യാസം ആരംഭിച്ചത് കോത്തല സി.എം.എസ്. സ്കൂളിലായിരുന്നു. 135 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ആ സ്കൂളായിരുന്നു ഈ നാടിന്‍റെ വിദ്യാഭ്യാസ രംഗത്തിനു തുടക്കം കുറിച്ചത്. അത് സ്ഥാപിച്ച മിഷണറിമാരോട് നാം കടപ്പെട്ടിരിക്കുന്നു എന്നു സാര്‍ പറഞ്ഞു.

സാര്‍ അധ്യാപകനായി ചേര്‍ന്ന എന്‍.എസ്.എസ്. സ്കൂള്‍ സ്ഥാപിതമായത് 1960 ലാണ്. വാസ്തവത്തില്‍ കോത്തലയില്‍ ഒരു സ്കൂളിന് അപേക്ഷ നല്‍കിയതും അത് ലഭിച്ചതും നമ്മുടെ പള്ളിയിലെ ഇടവകാംഗമായിരുന്ന തറക്കുന്നേലെ ഫിലിപ്പ് മാഷിനായിരുന്നു (എണ്ണശ്ശേരില്‍). എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഒരു സ്കൂള്‍ മാനേജ്മെന്‍റ് ഏറ്റെടുക്കുവാനുള്ള സാഹചര്യം നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വാഭാവികമായും അന്ന് അത് സാധിക്കുമായിരുന്ന കരയോഗത്തിനു ലഭിച്ചു. കഴിഞ്ഞ തലമുറയിലെ നമ്മുടെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായുമുള്ള അവസ്ഥയെ അത് വ്യക്തമാക്കുന്നുണ്ട്, കൊച്ചുസാര്‍ പറഞ്ഞു നിര്‍ത്തി. ഈ സമയം രൂബേന്‍ ചോദിച്ച ചോദ്യം ശ്രദ്ധേയമായി.

"വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ പിന്നോക്കമായിരുന്ന ഈ കാലഘട്ടത്തില്‍തന്നെയാണല്ലോ പുള്ളോലിക്കലെ ഡോക്ടര്‍ ജോര്‍ജ് ജേക്കബ് ലണ്ടനില്‍ പോയി വിദ്യാഭ്യാസം നേടിയത് . അത് എങ്ങനെ സാധിച്ചു?"

"പുള്ളോലിക്കല്‍ കുടുംബത്തിന് അന്ന് ബന്ധുബലം മൂലം കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂടുതല്‍ ഭൂസ്വത്തുമുണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരേക്കാള്‍ അറിവും അവര്‍ക്ക് ഉണ്ടായിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ എന്നെ കണ്ടതുപോലെ പുള്ളോലിക്കലെ ഡോക്ടറെയും കണ്ട് ഒരു അഭിമുഖം നടത്തുന്നത് നന്നായിരിക്കും." കൊച്ചുസാറിന്‍റെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കഴിഞ്ഞ തലമുറയുടെ നന്മയെപ്പറ്റി സാര്‍ പറഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു കേട്ടു. അന്നത്തെ തലമുറയ്ക്ക് എന്തെല്ലാം പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ വിശ്വാസത്തിനും അധ്വാന മനോഭാവത്തിനും പരിധിയോ പരിമിതികളോ ഉണ്ടായിരുന്നില്ല. വിശ്വാസവും ജീവിതവും അവര്‍ക്ക് രണ്ടായിരുന്നില്ല. അധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കും അവര്‍ ഒരേ പ്രാധാന്യം നല്‍കി. അവരുടെ ആ ജീവിത ശൈലിയാണ് ഇന്നത്തെ നമ്മുടെ എല്ലാ പുരോഗതിയ്ക്കും അടിസ്ഥാനമെന്ന്, കുട്ടികള്‍ ഒരിക്കലും മറക്കരുത്.

ജീവിതം തനിക്ക് നല്‍കിയ സന്ദേശം അദ്ദേഹം ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. എളിയവനെ ..... എന്ന വാക്യം തന്നെ ഓര്‍മ്മിപ്പിച്ചത് കണ്ണന്താനത്തെ അപ്പച്ചനാണ്. നിങ്ങള്‍ക്കും ഞാന്‍ അതു പകര്‍ന്നു നല്‍കുന്നു. പ്രാര്‍ത്ഥന എന്നാല്‍ ഏറെനേരം ഉരുവിടുന്നതിലല്ല അത് ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നതിലാണ് ശ്രേഷ്ഠത എന്നു സാര്‍ ഓര്‍മ്മിപ്പിച്ചു. കര്‍ത്തൃപ്രാര്‍ത്ഥനയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. നമ്മുടെ കടക്കാരോട് നമ്മള്‍ ക്ഷമിക്കുന്നതുപോലെ ദൈവം നമ്മോടു ക്ഷമിക്കണമെന്നാണല്ലോ അവിടെ നാം പ്രാര്‍ത്ഥിക്കുന്നത്. 'പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം മനസില്‍ സൂക്ഷിച്ചുകൊണ്ട് വേണം നാം പ്രാര്‍ത്ഥിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും' കൊച്ചുസാര്‍ പറഞ്ഞു നിര്‍ത്തി. 

മുപ്പത്തഞ്ചു വര്‍ഷമായി പ്രമേഹ ബാധിതനായിരുന്ന കൊച്ചുസാറിനു മുമ്പു കണ്ടപ്പോഴുള്ള ക്ഷീണമൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ എന്നു ബേബിച്ചായന്‍ പറഞ്ഞപ്പോള്‍ വാര്‍ധക്യത്തില്‍ ആരോഗ്യം വീണ്ടെടുത്ത അത്ഭുതകരമായ അനുഭവം അദ്ദേഹം പങ്കുവച്ചു. വര്‍ഷങ്ങളായി ഇന്‍സുലിന്‍ വലിയ തോതില്‍ എടുത്തിരുന്ന താന്‍ ഇന്ന് ഒരു മരുന്നും കഴിക്കുന്നില്ല. പ്രകൃതിജീവനത്തിന്‍റെ സന്ദേശം കോത്തല ഇടവകയ്ക്ക് പരിചിതമാണെങ്കിലും അടുത്ത കാലംവരെ അതിനോട് മുഖം തിരിച്ചിരുന്ന സാറിന്‍റെ അനുഭവം ഏറെ ശ്രദ്ധയമായി. കൊച്ചുസാറിന്‍റെ മൂത്ത മകന്‍ ഗവേഷകന്‍ കൂടിയായ പ്രൊഫ. ഡോ. തോമസ് മാത്യു നിര്‍ദ്ദേശിച്ച ഒരു ഭക്ഷണക്രമം മാത്രം കൃത്യമായി പിന്തുടര്‍ന്നാണ് എല്ലാ മരുന്നുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിമുക്തി നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഗുളികകളുടെ വലിയൊരു സമാഹാരം ഓരോ നേരവും അകത്താക്കികൊണ്ടിരുന്ന കൊച്ചുസാറിന് ഇന്നു ഭക്ഷണമാണ് മരുന്ന്. പുതിയ ഭക്ഷണക്രമത്തിലേക്കു വന്നതിനുശേഷം ആശുപത്രിയിലേക്കു പോകേണ്ടതായി വന്നിട്ടില്ല എന്നു സന്തോഷത്തോടെ സാര്‍ പറഞ്ഞു.

പ്രകൃതിജീവനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പാതകളിലൂടെ സഞ്ചരിക്കുവാന്‍ എക്കാലവും താല്പര്യം പ്രകടിപ്പിക്കുന്ന കോത്തലയിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ലഭിച്ച നിധിയാണ് കൊച്ചുസാര്‍ പങ്കുവച്ച ജീവിത അനുഭവങ്ങളും സന്ദേശവുമെന്ന് സച്ചുവും രൂബേനും പറഞ്ഞു. ആ നിധി തീര്‍ച്ചയായും നമ്മുടെ ഇടവകയ്ക്കും നാടിനും മാര്‍ഗ്ഗദര്‍ശകമാകുംവിധത്തില്‍ തങ്ങള്‍ പകര്‍ന്നു നല്‍കുക തന്നെ ചെയ്യും. അവര്‍ ഉറപ്പു നല്‍കി.




പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ഒരു എപ്പിസ്കോപ്പല്‍ സഭ | ജോര്‍ജ്ജുകുട്ടി കോത്തല

സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അന്ത്യോഖ്യാ എന്ന പുതിയ സഭയുടെ ഉത്ഭവം മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലും അസ്വസ്ഥത ഉളവാക്കിയിരിക്കുന്നത് കൗതുകകരമാണ്. പുതിയ സഭയെയും മെത്രാന്മാരെയും ശപിച്ചു തള്ളുവാന്‍ ഇരു വിഭാഗങ്ങളും മല്‍സരിക്കുന്നതു കാണുമ്പോള്‍ മഹാനായ ശ്രീനാരായണ ഗുരുവിന്‍റെ  ജീവിതകാലത്തുണ്ടായ ഒരു രസകരമായ സംഭവം ഓര്‍മ വരുന്നു.

എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ശാഖകള്‍ രൂപീകരിച്ചു തുടങ്ങുന്ന കാലം. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശത്താല്‍ ആകൃഷ്ടരായി ഈഴവ സമുദായാംഗങ്ങള്‍ ശാഖകള്‍ ആരംഭിക്കുന്നു. അങ്ങനെ ആരംഭിച്ച തീരപ്രദേശത്തുള്ള ഒരു ശാഖയില്‍ വലിയ അഭിപ്രായ വ്യത്യാസം. പ്രശ്നപരിഹാരത്തിനു ഗുരുസ്വാമി തന്നെ എത്തുന്നു. ഗുരു വരുന്നു എന്നു കേട്ട് അദ്ദേഹത്തെ കാണുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുമെത്തി. അവരില്‍ ഒരു കൂട്ടര്‍ വളരെ മാറിയാണു നില്‍ക്കുന്നത്. അവര്‍ ആരാണെന്നു ഗുരു തിരക്കി. അവര്‍ ആ പ്രദേശത്തുള്ള ഏറ്റവും താഴ്ന്ന ജാതിക്കാരാണ്. അതുകൊണ്ടാണ് അവര്‍ മാറിനില്‍ക്കുന്നത്. ഗുരുവിനെ കൊണ്ടുവന്നവരില്‍ നിന്നും മറുപടി കിട്ടി. അവരെ നമ്മുടെ അടുത്തേക്കു വിളിക്കരുതോ. ശാഖയിലെ തര്‍ക്കത്തില്‍പെട്ട ഒരു വിഭാഗക്കാരോട് ഗുരു ചോദിച്ചു. 'പാടില്ല. ഒരിക്കലും പാടില്ല. അവര്‍ ഹീനജാതിക്കാരാണ്.' നിങ്ങള്‍ എന്തു പറയുന്നു. ഗുരു മറ്റേ വിഭാഗക്കാരോട് ചോദിച്ചു. "അവരെ ഒരു കാരണവശാലും വിളിക്കാന്‍ പാടില്ല." അവരും മറുപടി പറഞ്ഞു. ഉടന്‍തന്നെ ഗുരു മറുപടി നല്‍കി. "എങ്കില്‍ ഇതാ ഞാന്‍ മടങ്ങിപ്പോവുന്നു. നിങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനാണല്ലോ ഞാന്‍ വന്നത്. ഇപ്പോള്‍ നിങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായിരിക്കുന്നു. ഇനി എന്‍റെ ആവശ്യമില്ല."

മലങ്കരസഭയിലെ ഇരു വിഭാഗക്കാരോടും ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഗുരു ഇതു തന്നെ പറയുന്നുണ്ടാവും. മലങ്കരയിലെ ഇരുകക്ഷികളായി തമ്മില്‍ കലഹിച്ചു നില്‍ക്കുന്ന നിങ്ങള്‍ക്ക് ഒരു കാര്യത്തില്‍ യോജിപ്പുണ്ടല്ലോ. മാര്‍ മൂസാ ഗുര്‍ഗാനെയും അദ്ദേഹം വാഴിച്ച മെത്രാന്മാരെയും സ്വീകരിച്ചു കൂടാ എന്നതില്‍. അതുകൊണ്ട് ഇനിയും നിങ്ങള്‍ എന്തിനു വ്യത്യസ്ത വിഭാഗങ്ങളായി നിന്നു തമ്മില്‍ അടിക്കണം?

മൂസാ ഗുര്‍ഗാനെ മെത്രാപ്പോലീത്താ ആയി വാഴിച്ച മാര്‍ അത്താനാസ്യോസും മാര്‍ മിലിത്തിയോസും ഓര്‍ത്തഡോക്സ് സഭയും യാക്കോബായ സഭയും അംഗീകരിക്കുന്ന മെത്രാന്മാരാണ്. ഇരുവരെയും അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസോ കോട്ടയത്തെ കാതോലിക്കോസോ മുടക്കിയിട്ടില്ല. ഇതുപോലെ രണ്ടു വിഭാഗക്കാരുടെയും അംഗീകാരം പൂര്‍ണ്ണമായും ഉള്ള മെത്രാന്‍ സ്ഥാനം മാര്‍ നിക്കോളാവാസിനു കൂടി മാത്രമേയുള്ളു. ഓര്‍ത്തഡോക്സ് സഭയിലെ ഇതര മെത്രാന്മാരുടെ വാഴ്ച യാക്കോബായ സഭയോ, യാക്കോബായ സഭയിലെ മെത്രാന്മാരുടെ വാഴ്ച ഓര്‍ത്തഡോക്സ് സഭയോ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ മൂസാ ഗുര്‍ഗാന്‍ മെത്രാനോ അദ്ദേഹം വാഴിച്ച മെത്രാന്മാര്‍ക്കോ പട്ടത്വത്തില്‍ എന്തെങ്കിലും കുറവുണ്ടെന്ന് ഇരു സഭകള്‍ക്കും പറയുവാന്‍ ആവില്ല. ഗുര്‍ഗാന്‍ മെത്രാപ്പോലീത്താ വാഴിക്കപ്പെട്ടപ്പോള്‍ യാക്കോബായ വിഭാഗം ഉന്നയിച്ച ഏക വിമര്‍ശനം രണ്ടു മെത്രാന്മാര്‍ കൂടിയാണു വാഴിച്ചത്, മൂന്ന് മെത്രാന്മാര്‍ വേണ്ടിയിരുന്നു എന്നു മാത്രമാണ്. ഒരു മെത്രാന്‍ മാത്രമായി മെത്രാന്‍ വാഴ്ച്ച നടത്തിയതിനു സഭാചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ആ സാഹചര്യത്തില്‍ ആ വാദത്തിന് പ്രസക്തിയില്ല എന്നത് അന്നുതന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും മൂസാ ഗുര്‍ഗാന്‍റയും അദ്ദേഹം വാഴിച്ച മെത്രാന്മാരുടെയും പൗരോഹിത്യ സ്ഥാനത്തെ ചോദ്യം ചെയ്യുവാന്‍ യാതൊരു നിവൃത്തിയുമില്ല. 

ഈ സാഹചര്യത്തില്‍ ഇരുസഭകള്‍ക്കും ചെയ്യാനാവുന്നത് തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇവര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിലക്കു കല്പന പുറപ്പെടുവിക്ക മാത്രമാണ്. തങ്ങള്‍ പുതിയൊരു സഭയാണെന്നു അവര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആ വിലക്കിനു യാതൊരു പ്രസക്തിയും ഇല്ല തന്നെ. ചുരുക്കത്തില്‍ അന്ത്യോഖ്യന്‍ സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാന്മാര്‍ പൂര്‍ണ്ണതയുള്ള മെത്രാന്മാരാണ്. അവരുടെ മേല്‍ ഓര്‍ത്തഡോക്സ് സഭയ്ക്കോ യാക്കോബായ സഭയ്ക്കോ യാതൊരുവിധ അധികാരങ്ങളുമില്ല. അതേസമയം അവരുടെ പട്ടത്വത്തെ അംഗീകരിക്കാതിരിക്കാന്‍ നിവൃത്തിയുമില്ല.

ഇങ്ങനെയൊരു സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും ചിന്തിക്കുന്നവരാണ് കൂടുതലും. എന്നാല്‍ ക്രൈസ്തവ സഭയുടെ ചരിത്രത്തിലേക്കും ദൈവകൃപയുടെ വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ചിന്തയിലേക്കും ആഴ്ന്നിറങ്ങിയാല്‍ 'ഒക്കെയും നന്മയ്ക്ക്' എന്നു നമുക്കു കാണുവാന്‍ കഴിയും. കുസ്തന്തീനോസ്പോലീസ് സുന്നഹദോസ് ശപിച്ചു തള്ളിയ നെസ്തോറിയന്‍ വിഭാഗക്കാരാണ് പിന്നീട് പേര്‍ഷ്യയിലും ഒരു പരിധിവരെ ഇന്ത്യയിലും സുവിശേഷത്തിന്‍റെ ദീപശിഖ ഏന്തിയത്. അവരിലൂടെ എത്രയോ ആളുകളാണ് യേശുവിനെ അറിഞ്ഞതും ഇപ്പോഴും അനുഭവിക്കുന്നതും. ക്രൈസ്തവ സഭയിലെ ഏതൊരു ഭിന്നിപ്പിനെയും അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു മുകുളത്തിന്‍റെ പൊട്ടിവിരിയലായി മാത്രം കണ്ടാല്‍ മതിയാവും. ഈ ഒരു വസ്തുതയുടെ ശാസ്ത്രീയമായ ഉപയോഗമാണ് കത്തോലിക്കാ സഭ ഉപയോഗിച്ചു വരുന്നത്. അവര്‍ വ്യത്യസ്ത റീത്തുകളും പ്രസ്ഥാനങ്ങളും അനുവദിക്കുന്നത് ഈ വൈവിധ്യവല്‍ക്കരണത്തിന്‍റെ പ്രയോജനം നേടുന്നതിനു വേണ്ടിയാണ്. വൈവിധ്യം വൈരുദ്ധ്യമായി കാണുന്നവരാണ് ഇതിനെയെല്ലാം ഭയപ്പെടുന്നത്.

മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥയില്‍ പുതിയൊരു സഭയ്ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്. മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലും ഇന്ന് സ്ഥാപിത താല്പര്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇരുസഭകളും മല്‍സരിച്ചു നടത്തുന്ന മെത്രാന്‍ വാഴ്ച തന്നെ പരിശോധിക്കുക. പണവും സ്വാധീനവും സഭാ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നവരുടെ  താല്പര്യവും മാത്രമാണ് ഇരു സഭകളിലും ഇന്ന് മെത്രാന്‍ പദവിക്കുവേണ്ടുന്ന യോഗ്യത. തങ്ങള്‍ക്കു താല്പര്യമില്ലാത്തവരെ ഒഴിവാക്കുന്നതിനുവേണ്ടി മാത്രം പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും കീഴ്വഴക്കങ്ങളും കൊണ്ടുവരുന്നു. ചുരുക്കത്തില്‍ ഏതാനും ചില വ്യക്തികളുടെ കരചലനങ്ങള്‍ക്കനുസൃതമായി സഭകള്‍ ചലിക്കപ്പെടുന്നു. ഇത് ദൈവിക നീതിയ്ക്കോ സഭയുടെ ധര്‍മ്മത്തിനോ നിരക്കുന്നതല്ല. ആ സാഹചര്യത്തില്‍ അവിടെ സ്ഫോടനങ്ങളും ഉരുകിയൊലിക്കലും ഉണ്ടായേ പറ്റൂ. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേധാവികള്‍ക്ക് ഇഷ്ടമോ അനിഷ്ടമോ ഉള്ളതുകൊണ്ടു മാത്രം എല്ലാ കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ നീങ്ങികൊള്ളണമെന്നില്ല. മലങ്കരസഭയില്‍ ഉണ്ടാവേണ്ടിയിരുന്ന ഐക്യം എത്രയോ തവണ ഏതാനും വ്യക്തികളുടെ പിടിവാശികൊണ്ട് സംഭവിക്കാതെ പോയി എന്നതു നമുക്കറിയാവുന്ന വസ്തുതയല്ലേ?

സഭാധികാരികള്‍ തങ്ങളുടെ നിയോഗത്തില്‍ നിന്നു വ്യതിചലിക്കപ്പെടുമ്പോള്‍ വ്യവസ്ഥകളും വ്യവസ്ഥിതി തന്നെയും കീഴ്മേല്‍ മറിയും. അവിടെ ഗര്‍ത്തങ്ങള്‍ നികത്തപ്പെടുകയും മലകള്‍ ഉണ്ടായിവരികയും ചെയ്യും. മലങ്കരസഭയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.

കഴിവും യോഗ്യതയും ഉള്ളവരാകട്ടെ, ഇല്ലാത്തവരാകട്ടെ ഒരുകൂട്ടം ആളുകളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തിനും ഒരു രാജ്യത്തിനു തന്നെയും എക്കാലവും മുന്നോട്ടുപോവാനാവില്ല. സര്‍വ്വായുധ സജ്ജരായ ഇന്ത്യന്‍ സേന പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെ രോഷത്തിനു മുന്നില്‍ വെണ്ണീറായ കാഴ്ചകള്‍ നമ്മുടെ മുന്നിലില്ലേ? നമ്മുടെ കയ്യിലുള്ള ചെങ്കോലും കിരീടവും ബലഹീനരെ ആട്ടിപായിക്കുന്നതിനുള്ള ആയുധങ്ങളായി ആരും കരുതിക്കൂടാ. തെറ്റു ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ളതല്ല ഇടയന്‍റെ വടി. അവരെ ശരിയായ വഴിക്കു കൊണ്ടുവരാനുള്ള വാത്സല്യമാണെന്നു പലരും പലപ്പോഴും മറന്നുപോവുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ഒരിക്കലും ദൈവം തള്ളിക്കളയുന്നില്ല. ക്രൈസ്തവ സഭയുടെ ആരംഭം തന്നെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദൈവകരുണയുടെ ആവിര്‍ഭാവത്തില്‍ നിന്നാണല്ലോ. പുതിയ സഭകള്‍ രൂപംകൊള്ളുമ്പോഴെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഈ ദൈവിക കരുണയുടെ തുടര്‍ച്ച നമുക്ക് പലപ്പോഴും ദര്‍ശിക്കാവുന്നതാണ്. തള്ളിക്കളയുന്ന കല്ലുകള്‍ മൂലക്കല്ലുകളാവുന്നതും സഭാചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

മലങ്കരസഭാ ചരിത്രത്തില്‍ വലിയ മാര്‍ ദീവന്നാസ്യോസ് എന്ന് അറിയപ്പെടുന്ന ആറാം മാര്‍ത്തോമ്മായുടെ കാലത്ത് കാട്ടുമങ്ങാട് അബ്രഹാം (കുര്യന്‍) റമ്പാന്‍, വിദേശ മേല്‍പ്പട്ടക്കാരനായ മാര്‍ ഗ്രീഗോറിയോസിനാല്‍ മെത്രാനായി അഭിഷിക്തനായപ്പോള്‍ തിരുവിതാംകൂര്‍ - കൊച്ചി ഗവണ്‍മെന്‍റുകളുടെ പിന്‍തുണയോടെ സര്‍വ്വശക്തിയും ഉപയോഗിച്ച്  സഭാനേതൃത്വം അദ്ദേഹത്തെ എതിര്‍ത്തു. എന്നാല്‍ പില്‍ക്കാലത്ത് സഭയ്ക്ക് മേല്‍പ്പട്ടക്കാരെ വാഴിക്കുന്നതിനു ആ സ്ഥാപിച്ച സ്വതന്ത്ര സഭയുടെ പിന്‍സഹായം തേടേണ്ടിവന്നു. അവരുടെ സഹായം തേടിയതിനുശേഷവും അവരെ നിന്ദിക്കുവാന്‍ നമുക്കാവുന്നു എന്നത് നമ്മുടെ സംസ്കാര സവിശേഷത.

മലങ്കരസഭയില്‍ ഈ സഭയ്ക്ക് നേരിട്ട് പ്രയോജനപ്പെടാത്ത മെത്രാന്‍ വാഴ്ച ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. പ. പരുമല തിരുമേനിയും മറ്റുംചേര്‍ന്ന് കൊളംബോയില്‍ വച്ച് അമേരിക്കന്‍ സഭയിലേക്ക് റിനിവിലാത്തി മാര്‍ തിമോത്തിയോസ് എന്ന മെത്രാനെ വാഴിച്ചു. ആ മെത്രാന്‍ അമേരിക്കയില്‍ ചെന്ന് ആംഗ്ലിക്കന്‍ ഓര്‍ത്തഡോക്സ് സഭ രൂപീകരിക്കുകയും നിരവധിപേര്‍ക്ക് മെത്രാന്‍ പട്ടം ഉള്‍പ്പെടെ പൗരോഹിത്യം നല്‍കുകയും ചെയ്തു. ആ പരമ്പരയില്‍ പട്ടംഏറ്റ കാള്‍ മര്‍ക്കന്‍റയിര്‍ എന്ന ആംഗ്ലിക്കന്‍ ബിഷപ്പാണ് കേരളത്തിലെത്തി റവ. സ്റ്റീഫന്‍ വട്ടപ്പാറ ഉള്‍പ്പെടുന്ന ആംഗ്ലിക്കന്‍ സഭാവിഭാഗത്തിനു പട്ടം നല്‍കിയത്. ആ സഭയില്‍ ഇന്നു നിരവധി ബിഷപ്പുമാരും വൈദികരുമുണ്ട്. കേരളത്തിലെ സി. എസ്. ഐ. വിഭാഗത്തില്‍ നീതി ലഭിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെയാണ് ആ സഭാവിഭാഗം ഉള്‍ക്കൊണ്ടത്.

ഇപ്രകാരം നീതിയും നിയമവും നിഷേധിക്കപ്പെട്ടവരുടെ നിലവിളി എപ്പോഴും ഫലം കിട്ടാതെ പോവുകയില്ല എന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. നമ്മള്‍ നമുക്കു മാത്രം ഉപയോഗിക്കാനായി അറയില്‍ സൂക്ഷിച്ചുവയ്ക്കുന്ന പൗരോഹിത്യത്തിന്‍റെ ഉറവകള്‍ അത് ദൈവത്തില്‍ നിന്നു വന്നതായതുകൊണ്ട് ഉറവ പൊട്ടി പുറപ്പെടുന്നതുപോലെ പുറപ്പെടുകയും നമ്മള്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ദൈവം ആഗ്രഹിക്കുന്നിടത്ത് എത്തിച്ചേരുകയും ചെയ്യും. അതില്‍ ആരും പരിഭവപ്പെട്ടിട്ടു കാര്യമില്ല. കാരണം, ദൈവത്തിന്‍റെ വഴികള്‍ നമുക്കു ഗോചരമല്ല എന്നപോലെ അവിടത്തെ പദ്ധതികളും നമുക്ക് മുന്‍കൂട്ടി കാണാനാവില്ല.

എങ്കിലും ഇവിടെ ഒരു ചോദ്യം പ്രസക്തമാവുന്നു. ഇനി ഒരു ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇവിടെ എന്തെങ്കിലും ചെയ്യാനുണ്ടോ? ആത്മാര്‍ത്ഥമായ അന്വേഷണം നടത്തുമ്പോള്‍ നമുക്കു വ്യക്തമാവും, ഇവിടെയുള്ള സഭകള്‍ സമുദായങ്ങളായി അധഃപ്പതിക്കുകയും അതിലെ സ്ഥാനികള്‍ ചടങ്ങുകള്‍ നടത്തി പണം വാങ്ങുന്നവര്‍ മാത്രമായി തീരുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്താല്‍ നിന്ദിക്കപ്പെട്ടവന്‍റെ സുവിശേഷം ഏറ്റെടുത്ത് പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ഇവിടെ ഒരു എപ്പിസ്കോപ്പല്‍ സഭ തയ്യാറായാല്‍ അതിന്‍റെ പ്രസക്തി വളരെയാണ്.

കുഞ്ഞേലീ, ധൈര്യമായി പ്രാര്‍ത്ഥിച്ചോ | ടി. പി. ജോര്‍ജുകുട്ടി കോത്തല

മലങ്കരയിലെ ഈ ഒടുക്കത്തെ പള്ളിവഴക്കുകൊണ്ട് ഒത്തിരി ഗുണമുണ്ടായിട്ടുണ്ടെന്നാണു കുഞ്ഞിക്കാച്ചേട്ടന്‍ പറയുന്നത്. ദൈവത്തിനും വേണ്ടാത്ത സഭയാണിത് അതുകൊണ്ടാണ് ഏതു കോടതിവിധി വന്നാലും ഈ സഭയില്‍ ഒരു മാറ്റവും വരാത്തത് എന്ന് കുഞ്ഞേലിച്ചേട്ടത്തി പറയുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞിക്കാച്ചേട്ടനു കലികയറും. "എടീ, എരണംകെട്ടവളേ, ലോകത്തിലെല്ലായിടത്തും എല്ലാ സഭയിലും ചെറുപ്പക്കാര്‍ പള്ളിയില്‍ പോകാതിരിക്കുമ്പോഴും ഇന്നും നമ്മുടെ പിള്ളാരു പള്ളിയില്‍ പോണൊണ്ടെങ്കില്‍ അതിനു പിന്നില്‍ ഈ സഭാവഴക്കിനു ഒരു റോളുണ്ട്. കാര്യം ശരിയാ, ഇന്നത്തെ പിള്ളേര്‍ക്ക് ബാവാകക്ഷി മെത്രാന്‍കക്ഷി എന്നൊന്നും പറയുന്നത് അത്ര ഇഷ്ടമല്ല. എന്നാല്‍, അവരുടെ അപ്പനമ്മമാരുടെ വിശ്വാസത്തിന്‍റെ ബലം ഈ കക്ഷിവഴക്കില്‍ നിന്നും ഉണ്ടായതാ. അമ്മേ ഞങ്ങളു മറന്നാലും അന്ത്യോഖ്യായെ മറക്കില്ല എന്നും കൂനന്‍കുരിശിന്‍ സത്യത്തെ വീറോടെ വീണ്ടും ഉയര്‍ത്തീടുന്നു - ഞങ്ങള്‍ക്കാര്‍ക്കും വേണ്ട വേണ്ട അന്ത്യോഖ്യായുടെ മേല്‍ക്കോയ്മ എന്നും ആവേശത്തോടെ വിളിച്ചവര്‍ക്കേ അതിന്‍റെ സ്പിരിറ്റ് അറിയാന്‍ പറ്റൂ. ആ സ്പിരിറ്റായിരുന്നു എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ അവര്‍ക്ക് താങ്ങായത്. ഇതു വല്ലതും നിനക്കറിയാമോ?"

"ഓ കുന്തം, ഈ വഴക്കിട്ടു വഴക്കിട്ടു രണ്ടു കൂട്ടരും നശിച്ചില്ലേ, തലതിരിഞ്ഞ മനുഷ്യാ?"

"എടീ എന്ധ്യാനീ, ആരു നശിച്ചെന്നാ നീ പറയുന്നത്? ഇപ്പോഴത്തെ ഈ വഴക്കു തുടങ്ങുന്നതിനു മുന്‍പ് രണ്ടു കൂട്ടര്‍ക്കുംകൂടി എത്ര പള്ളിയുണ്ടായിരുന്നു - ആയിരത്തിചില്വാനം. എന്നാലിന്നോ പള്ളികള്‍ രണ്ടായിരത്തിലധികം വരും. സ്കൂളുകള്‍, കോളേജ്, ആശ്രമങ്ങള്‍, ആപ്പീസുകള് എല്ലാം ഇരട്ടിയിലധികമായില്ലേ? മറ്റേതു സഭകള്‍ക്കാടീ ഈ വളര്‍ച്ചയുണ്ടായത്. ആ റീത്തുകാര്‍ കുറേ കേറിക്കാണും, അതും നമ്മുടെ ഇനം തന്നെയല്ലേടീ? ഒന്നുമല്ലേലും നമ്മുടെ പള്ളിപ്പാട്ടുകളെല്ലാം കത്തോലിക്കര്‍ക്കും കാണാപ്പാഠമാവാന്‍ കാരണം അവരല്ലേ?"

"വഴക്കിട്ടു പള്ളി രണ്ടാക്കിയതാ നിങ്ങളു വലിയ വലിപ്പമായി കാണുന്നത്. രണ്ടു കൂട്ടരും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഇതിന്‍റെ ഇരട്ടി വലുതാകില്ലായിരുന്നോ?"

"ഒരു ചുക്കും ഉണ്ടാകത്തില്ലായിരുന്നു. പള്ളികള്‍ വിഭജിച്ചതോടെ കൂട്ടായ്മകളുടെ ശക്തി വലുതാകുകയായിരുന്നു. വലിയ ഇടവകയില്‍ ആര്‍ക്കും തമ്മില്‍ പരിചയമില്ല ഇപ്പോഴും. എന്നാല്‍ വിഭജിച്ചുപോയവര്‍ തമ്മിലുള്ള ഐക്യം എത്രയോ ശക്തമാണ്. പത്തും മുപ്പതും വീട്ടുകാര്‍ മാത്രമുള്ള ചെറിയ പള്ളികള്‍ എത്ര ഗംഭീരമായിട്ടാണു കാര്യങ്ങള്‍ നടത്തുന്നത്."

"അപ്പം നിങ്ങളു പറഞ്ഞുവരുന്നത് സഭക്കാര് തമ്മിത്തല്ലി പള്ളികളൊക്കെ രണ്ടും മൂന്നുമാകട്ടെ ആള്‍ക്കാരു തമ്മില്‍ തല്ലിച്ചാകട്ടെ എന്നാണല്ലേ? നിങ്ങളെപ്പോലൊരു തലതിരിഞ്ഞവനെയാണല്ലോ കര്‍ത്താവേ ഞാന്‍ ഇക്കാലമത്രയും....."

"ആരു തമ്മിത്തല്ലിയെന്നാണു നീ പറയുന്നത്, എടീ നീ പത്രത്തിലെ കല്യാണപരസ്യം നോക്കിയിട്ടുണ്ടോ? ഓര്‍ത്തഡോക്സു ചെറുക്കന് പെണ്ണ് യാക്കോബായയില്‍ നിന്നു തന്നെ വേണം. യാക്കോബായ പെണ്ണിനോ ഓര്‍ത്തഡോക്സ് ചെറുക്കന്‍ വേണം. എന്താ ഇതിന്‍റെ ഗുട്ടന്‍സ്? അല്ല, ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ തമ്മിലല്ലേ ഈ കല്യാണമായ കല്യാണമെല്ലാം നടക്കുന്നത്? ഓര്‍ത്തഡോക്സ് മാനേജിംഗ് കമ്മിറ്റി അംഗത്തിന്‍റെ മകനു കെട്ടാന്‍ യാക്കോബായ ഷെവലിയറുടെ മകള്‍ തന്നെ വേണം. കല്യാണത്തിനു മറ്റേ ഭാഗത്തെ തിരുമേനിയെ പള്ളിയില്‍ കേറ്റാന്‍ മേലാത്തതുകൊണ്ട് റിസോര്‍ട്ടില്‍വച്ച് ആബൂന്‍മാര്‍ വന്നു കെട്ടിപ്പിടിക്കുകേം ചെയ്യും. പിന്നെ തമ്മില്‍ തല്ലുന്നതോ? ചില പള്ളികളില്‍ പണ്ടേ തന്നെയുള്ള കുടുംബവഴക്കുകളാണ് ഈ കല്ലേറിലും തല്ലിലും കലാശിക്കുന്നത്. അതും അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. തല്ലൊള്ള പള്ളിയിലെ പിള്ളേരേ നീ കണ്ടിട്ടുണ്ടോ? എന്തൊരു ഉശിരാ അവര്‍ക്ക്, അവര്‍ ഏതു രംഗത്തുചെന്നാലും വിജയിക്കുകേം ചെയ്യും. എത്ര തല്ലിയാലും പെണ്ണുകെട്ടു വരുമ്പോ മറുഭാഗത്തു നിന്നുതന്നെ അവര്‍ കെട്ടുകേം ചെയ്യും." 

"ഈ കല്യാണ വിരുന്നിനു വന്നു കെട്ടിപ്പിടിക്കുന്നവരാണു തിരുമേനിമാരെങ്കില്‍ ഇപ്പോഴുള്ള തര്‍ക്കമൊക്കെ അവര്‍ക്ക് തീര്‍ക്കാന്‍ മേലേ?"

"എടീ, അതു തീര്‍ക്കേണ്ട സമയമാവുമ്പോള്‍ അവരു തീര്‍ക്കുക തന്നെ ചെയ്യും. ഇന്നാള് യാക്കോബായിലെ ഒരു സിമ്പളന്‍ തിരുമേനി ഓര്‍ത്തഡോക്സിലെ ഒരു തിരുമേനിയെ ഫോണില്‍കൂടി 'എന്‍റെ കറുത്തമുത്തേ, പണിയൊക്കെ ഞങ്ങള്‍ക്ക് ശരിക്കും ഏറ്റൂ. എന്നാലും കുഴപ്പമില്ല. തല്‍ക്കാലം വലിയ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ട, നിവൃത്തിയില്ലാത്ത ഒരു സാഹചര്യമുണ്ടായാല്‍ മാത്രമേ ഞങ്ങളുടെ ആള്‍ക്കാരെ തിരിപ്പിക്കാന്‍ പറ്റൂ. അതുപോലെയുള്ള മന്ത്രങ്ങളല്ലേ ഞങ്ങളുതന്നെ മുമ്പ് ഓതിക്കൊടുത്തത്, അതുകൊണ്ട് ആ വിഷം ഒക്കെ ഇറങ്ങാന്‍ ഇത്തിരി സമയം കൂടിവേണം. അതുവരെ 34 ലെ ആ പിടി ഒട്ടും അയച്ചുകളയരുത്. അതു കളഞ്ഞാല്‍ പിന്നെയും വെള്ളക്കാരു ചോപ്പന്മാര് ഞങ്ങളുടെ തലയില്‍കയറി നിരങ്ങും. അതുകൊണ്ട് ആബൂന്‍ ഒട്ടും പുറകോട്ടുപോകല്ലേ?' എന്നു പറയുന്നത് ഞാന്‍ കേട്ടതാ."

"അതൊള്ളതാ, ഇപ്പഴത്തെ ഈ 34 ന്‍റെ കളികൊണ്ട് ഏറെ ഗുണം കിട്ടാന്‍ പോകുന്നത് നമ്മുടെ ബാവാകക്ഷിക്കാര്‍ക്കു തന്നാ. അങ്ങനെ ഒരൊറപ്പുള്ള ഭരണഘടന ഇല്ലായെങ്കില്‍ ഈ തിരുമേനിമാരുടെ എല്ലാം തലേല്‍ കാക്ക തൂറുമെന്ന് അവര്‍ക്കു തന്നെയറിയാം. അതുകൊണ്ട് അവര്‍ ഇപ്പം പുറത്തു പറയുന്നതൊന്നുമല്ല അവരുടെ മനസ്സില്‍ എന്നു എനിക്കും തോന്നീട്ടൊണ്ട്"

"അത് എന്‍റെ സഹവാസത്തിന്‍റെ ഗുണംകൊണ്ട് നിനക്കു തോന്നിയതാ, നിനക്കറിയാമോ നാളെ ഈ മാര്‍തോമ്മാ സിംഹാസനവും പത്രോസിന്‍റെ സിംഹാസനവുമൊക്കെ ഒരുമിച്ച് ഈ ഇന്ത്യാ മഹാരാജ്യത്തുനിന്ന് മലയാളിമലങ്കര മക്കള്‍ നയിക്കുകേം ഭരിക്കുകേം ഒക്കെ ചെയ്യും. കാരണം, ഈ ഒടുക്കത്തെ തീവ്രവാദികള്‍ അവിടെയെങ്ങും ഒന്നും സമ്മതിക്കത്തില്ല. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിനെയും മെത്രാന്മാരെയും ഈ തീവ്രവാദികള്‍ കൊന്നുകെട്ടിത്തൂക്കി ആ ശരീരങ്ങള്‍ എത്രയോ ദിവസം ആ അരമനയില്‍ തൂക്കിയിട്ടു എന്ന് ആരെങ്കിലും ഇന്നോര്‍ക്കുന്നുണ്ടോ? അതൊക്കെ കഴിഞ്ഞിട്ട് നൂറു നൂറ്റി ഇരുപതു കൊല്ലമേ ആയുള്ളൂ. ഈ ഇന്ത്യാ മഹാരാജ്യത്തു മാത്രമേ അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കത്തൊള്ളൂ. കാരണം, മഹത്തായ ഒരു സംസ്കാരം ഇവിടെയുണ്ട്. അത് കാത്തുരക്ഷിക്കാന്‍ ജാഗരൂകമായ സൈന്യവും ഭരണഘടനയും ജനാധിപത്യവും സംവിധാനങ്ങളും ഇവിടൊണ്ട്. അതുകൊണ്ട് നാം ഭയപ്പെടേണ്ടതില്ല."

"ശരിയാ, ഇപ്പഴാ നിങ്ങളുപറഞ്ഞത് എനിക്ക് മനസിലായത്. ഇവിടെ ഈ രാജ്യത്ത് നമുക്ക് സുഖമായി സുരക്ഷിതമായി കഴിയാമെന്നുള്ളതുകൊണ്ടാണു നാം ഇങ്ങനെ വഴക്കടിച്ചുപോവുന്നത്. അതത്രവലിയ കുഴപ്പം പിടിച്ച കാര്യമൊന്നുമല്ല. ഈ വഴക്കുള്ളതുകൊണ്ടാണല്ലോ രണ്ടുപക്ഷത്തും ധാരാളം നല്ല തിരുമേനിമാരും അച്ചന്മാരും ഒക്കെ ഉണ്ടായത്. രണ്ടു ബാവാമാരും ഒരുപോലെ മിടുക്കന്മാരല്ലേ. അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടുതന്നെ നാളെ ഉണ്ടാവാന്‍ പോവുന്ന ഐക്യവും അതുപോലെ ഉറച്ചതായിരിക്കും." 

"അതാടീ ഞാന്‍ പറഞ്ഞത് സഭാഐക്യം ശരിയായ സമയത്ത് ഉണ്ടാകുക തന്നെ ചെയ്യും. അതുകൊണ്ടു കുഞ്ഞേലീ നീ ധൈര്യമായി പ്രാര്‍ത്ഥിച്ചോ."

"നിങ്ങള് ആണുങ്ങള് ഞങ്ങടെ പ്രാര്‍ത്ഥനയെ പുച്ഛിക്കരുത്. നിങ്ങടെ തിയോളജി കൊണ്ടോ ബയോളജികൊണ്ടോ ഒന്നുമല്ല ഈ സഭ നിലനില്‍ക്കുന്നത്. ഞങ്ങള്‍ പെണ്ണുങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടാ. ഞങ്ങളു പ്രാര്‍ത്ഥിച്ചാ അതിനു ഫലം ഉണ്ടാവുക തന്നെ ചെയ്യും. ഞങ്ങളുടെ സഭാസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്തത് മറ്റൊന്നുംകൊണ്ടല്ല. ഇപ്പോ രണ്ടുഭാഗത്തുമായി എന്തുമാത്രം സ്ഥാനികളാണുള്ളത്. കൊട്ടയിലും കൊള്ളത്തില്ല, കോട്ടയത്തും കൊള്ളത്തില്ല എന്നുപറഞ്ഞതുപോലല്ലേ? നെല്ലിക്കാച്ചാക്ക് അഴിഞ്ഞുപോയാലത്തെ പോലല്ലേ ഈ സ്ഥാനികള് പരപരാന്ന് നടക്കുന്നത്. ഞാന്‍ പറഞ്ഞത് അച്ചന്മാരുടെയും മെത്രാന്മാരുടെയും കാര്യമല്ല. അവരുടെ ഇരതേടാന്‍ അവര്‍ക്കറിയാം. എന്നാല്‍ ഈ സ്ഥാനമോഹികളെ യോജിച്ച സഭയില്‍ എന്തോന്നു ചെയ്യും. അതറിഞ്ഞിട്ട് തീരുമാനിക്കാം പ്രാര്‍ത്ഥിക്കണമോ വേണ്ടയോ എന്ന്."

"എടീ, നിങ്ങള് തള്ളമാരുടെ പ്രാര്‍ത്ഥനകൊണ്ടാണ് ഈ സഭ നിലനിന്നുപോകുന്നതെന്ന് ആര്‍ക്കാ അറിയാന്‍മേലാത്തത്? പിന്നെ നീ അതിന്‍റെ പേരില്‍ തിയോളജിയെ കുറ്റംപറയരുത്. അത് ഒത്തിരിപ്പേരുടെ ജീവിതമാര്‍ഗ്ഗമാ. സഭയ്ക്കോ സമൂഹത്തിനോ ഗുണമൊന്നുമില്ലെങ്കിലും ഒരുപാട് പേര് അതുകൊണ്ടു ജീവിക്കുന്നുണ്ട്. നമുക്കായി ഒരുത്തര്‍ക്കും ഒരു തൊഴില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുകേല. അപ്പോ, ഉള്ള തൊഴില് നശിപ്പിക്കാനും പാടില്ല. പിന്നെ സ്ഥാനികളുടെ കാര്യമൊന്നും ഒരു വിഷയമല്ല. നമ്മുടെ മാണിസാറിന്‍റെ പാര്‍ട്ടീടെ സംസ്ഥാന കമ്മിറ്റിയില്‍ ആയിരക്കണക്കിനാ ആളുകള്‍. അത് കൂടണമെങ്കില്‍ തിരുനക്കര മൈതാനം ബുക്ക് ചെയ്യണം. അതുപോലെ ആവശ്യക്കാരെയെല്ലാം ഉള്‍പ്പെടുത്തി നമ്മുടെ കമ്മിറ്റികളൊക്കെ വലുതാക്കാവുന്നതേയുള്ളൂ. ഈ കമ്മിറ്റികളിലേക്കുള്ള നോമിനേഷന് ലേലം ഏര്‍പ്പെടുത്താനും മടിക്കേണ്ടകാര്യമില്ല. പിന്നെ വേറൊരു പിരിവും നടത്തേണ്ടി വരില്ല. നമ്മുടെ ഒരു പള്ളിയില്‍ കത്തോലിക്കാ പള്ളിയിലേപ്പോലെ പെരുന്നാള്‍ നടത്തിപ്പിന് പ്രസുദേന്തിമാരെ ക്ഷണിച്ചു. അഞ്ചു ലക്ഷമായിരുന്നു റേറ്റ്. പതിനഞ്ചു കൊല്ലത്തേക്കു ബുക്കിംഗ് കഴിഞ്ഞു. അതുപോലെ ഈ കമ്മിറ്റികളിലേക്കൊക്കെ ഒരു റേറ്റ് വച്ചാല്‍ മതി. പിന്നെ കാതോലിക്കാദിന പിരിവുപോലും വേണ്ടിവരില്ല. പിന്നെ ഈ കമ്മിറ്റിക്കൊന്നും ഫലത്തില്‍ ഒരധികാരോം ഇല്ലെന്ന് ആര്‍ക്കാണറിയാത്തത്? പ്രസംഗിക്കുന്നേനു മുമ്പു പിമ്പും തിരുമേനിമാരുടെ കൈമുത്താമെന്നുള്ളതാണ് അവരുടെ അധികാരം. ഇനി ഈ കൈമുത്തിനും കൂടെ ഒരു ഫീസു വെച്ചാല്‍ അതും നല്ലതാ. കമ്മിറ്റിക്കാരുടെ കടീം മാറും തിരുമേനിമാരുടെ കാര്യോം നടക്കും. അതുകൊണ്ടു കുഞ്ഞേലീ നീ ഒന്നുകൊണ്ടും അധൈര്യപ്പെടരുത്. നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം, സമാധാനം വരട്ടെ, സഭ നന്നാവട്ടെ."

(മലങ്കര നവോത്ഥാനം 2018 ഫെബ്രുവരി) 

Wednesday, 13 September 2023

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം | ജോര്‍ജുകുട്ടി കോത്തല

'ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍ നിന്നും രക്ഷിക്കണമേ' എന്ന് നൂറ്റാണ്ടുകളായി മലങ്കരസഭാംഗങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയൊരു വചനം ഉണ്ടാവുമോ എന്ന് ആരും അന്വേഷിച്ചില്ല. 91-ാം സങ്കീര്‍ത്തനത്തിലെ ഈ ഭാഗം വി. വേദപുസ്തക പരിഭാഷകളില്‍ വചനം എന്നല്ല മഹാമാരി എന്നാണു ഭാഷാന്തരം ചെയ്തിരിക്കുന്നത്.

അപ്പോള്‍ സുറിയാനിയില്‍ നിന്നും തര്‍ജമ ചെയ്തവര്‍ക്ക് പറ്റിയ പിശകായിരിക്കാം ഇതെന്നു കരുതാം. എന്നാല്‍ അത് വെറും പിശകാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാനാവില്ല. കാരണം ഈ പരിഭാഷയ്ക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് സഭാചരിത്ര ഗവേഷകന്‍ ഡോ. എം. കുര്യന്‍ തോമസ് പറയുന്നത്. എന്തായാലും അന്നുമുതല്‍ ഇന്നുവരെയും മലങ്കരസഭയില്‍ സമാധാനം എന്നൊന്നുണ്ടായിട്ടില്ല. 'എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നത് നന്ന് എന്ന് കയ്യാഫാ പറഞ്ഞത് സത്യമായ ദീര്‍ഘദര്‍ശനമായി അവന്‍ പറഞ്ഞു'വെന്ന് നോമ്പിലെ നമസ്കാരത്തില്‍ നാം ചൊല്ലുന്നുണ്ടല്ലോ. സങ്കീര്‍ത്തന പരിഭാഷയിലെ ഈ പിശകും സത്യമായ ദീര്‍ഘദര്‍ശനമായി അന്നത്തെ പിതാക്കന്മാര്‍ക്കു അനുഭവമായിട്ടുണ്ടാവാം. എന്തായാലും  ആ തര്‍ജമയ്ക്ക് പൂര്‍ണപ്രസക്തി കൈവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. മലങ്കരസഭയിലെ ഇരുവിഭാഗത്തെയും നയിക്കുന്നത് ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം ആണെന്നത് ഇന്ന് എല്ലാവര്‍ക്കും അനുഭവമാണല്ലോ.

ന്യൂനപക്ഷങ്ങള്‍ എവിടെയും അരക്ഷിതത്വം നേരിടുന്ന വര്‍ത്തമാനകാലത്ത് ന്യൂനാല്‍ ന്യൂനപക്ഷമായ മലങ്കര ക്രിസ്ത്യാനികള്‍ തമ്മില്‍തല്ലുന്നതിന് യാതൊരു ന്യായീകരണവും പറയാനില്ല. ആര്‍ക്കുവേണ്ടിയാണീ പേക്കൂത്ത് എന്നു ചോദിച്ചാല്‍ ഉത്തരം പറയാനാരുമില്ല. മോശമായി പറയുന്നവന്‍ മോശ എന്നാണല്ലോ ഇന്നത്തെ ആപ്തവാക്യം. മലങ്കരയില്‍ അങ്ങനെ ധാരാളം മോശമാരുണ്ടാവുകയാണ് ഓരോ ദിനവും. അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പള്ളിപ്പെരുന്നാളിനു വന്ന തിരുമേനി ഇറച്ചിക്കറി മടി കൂടാതെ അകത്താക്കുന്നതു കണ്ട പള്ളിമൂപ്പനു സങ്കടം വന്നു. 'നമ്മുടെ തിരുമേനിമാരു ഇറച്ചി കഴിക്കുമോ? മുന്‍പൊന്നും അങ്ങനെ കണ്ടിട്ടില്ല.' മൂപ്പന്‍റെ ആത്മഭാഷണം ന്യൂ ജെന്‍ മെത്രാനെ ചൊടിപ്പിച്ചു. "ഇറച്ചി തിന്നരുതെങ്കില്‍ അത് തരാതിരുന്നാല്‍ പോരേ?" അദ്ദേഹം ചോദിച്ചു. നേരല്ലേ? കൊടുത്തിട്ടു കുറ്റം പറയാമോ? പഴയകാലത്തെ തിരുമേനിമാര്‍ക്ക് പഴയ സംസ്കാരം, പുതിയ കാലത്ത് പുതിയ സംസ്കാരം. അതിനു കുറ്റം പറയുന്നതെന്തിനാ? അതുപോലെ തന്നെയല്ലേ അരമനകളിലെ പാര്‍ശ്വവര്‍ത്തികളെ കുറ്റം പറയുന്നതും? അവര്‍ തരംതാണ ഭാഷയിലാണു പ്രതികരിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നതല്ലേ കുറ്റം? പള്ളിപിടുത്തവും പിള്ളാരേ പിടുത്തവും നടത്താന്‍വേണ്ടി ചെല്ലുംചെലവും കൊടുത്ത് ഇറക്കിവിട്ടിരിക്കുന്ന കാളികൂളിമാര്‍ നല്ല ഭാഷ പറയണമെങ്കില്‍ അവര്‍ക്കതു വശമായിരിക്കേണ്ടേ? ഇന്നലെ വരെ കൂലിത്തല്ലും ഗുണ്ടാപ്പണിയുമായി നടന്നവന്‍ ഇന്ന് ആരൂഢന്‍റെ ആരൂഢമായാലും അവന്‍ വന്ന വഴി അവനു മറക്കാനാവുമോ? ഇന്നലെ വരെ ചെയ്തത് ഇനിയും ചെയ്യാതിരിക്കാനാവുമോ? വചനം ഇരുട്ടില്‍ സഞ്ചരിക്കുന്ന വഴികള്‍ അങ്ങനെ നീളുകയാണ്.

കറ തീര്‍ന്ന കോടതി വിധി കിട്ടി, മലങ്കരയിലെ മുഴുവന്‍ ജനതയുടെയും ആധിപത്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് തങ്ങള്‍ ഗ്രൂപ്പുനേതാക്കള്‍ മാത്രമാണെന്ന് നമ്മുടെ നേതൃത്വത്തിനു തോന്നുന്നത്? ഇരുട്ടില്‍ വചനം പ്രത്യക്ഷമാവുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണല്ലേ ഇത്? "മലങ്കരസഭ ഒന്നേയുള്ളു മക്കളെ, നിങ്ങള്‍ വരിക, നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുക. പരിഹാരങ്ങള്‍ നമുക്കു കണ്ടെത്താം" എന്ന പിതൃസഹജമായ സമീപനം പിതാക്കന്മാരില്‍ നിന്നുണ്ടാവാത്തതിനു കാരണം ജന്മപാപവും കര്‍മ്മപാപവുമാണെന്ന് ആരെങ്കിലും വിലയിരുത്തിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം ഒരുപക്ഷത്തെ മാത്രമാണു നയിക്കുന്നതെന്നു കരുതരുത്. വിഡ്ഡിത്തരത്തിനു ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും എടുത്തുകൊണ്ടിരിക്കുന്ന മറുഭാഗത്തിന്‍റെ വകതിരിവുകേടിനെപ്പറ്റി പ്രത്യേക ചര്‍ച്ചയുടെ ആവശ്യമില്ല? 1995-ലെ സുപ്രീംകോടതി വിധിക്കുശേഷം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഇരുവിഭാഗവുമായി നിരന്തരം ചര്‍ച്ച ചെയ്തു. ഒടുവില്‍ സമാധാനത്തിന്‍റെ സുവര്‍ണ്ണലിപികള്‍ കരാറായെഴുതി. '1934-ലെ ഭരണഘടനയ്ക്കു വിധേയമായി പരസ്പരം സ്വീകരിക്കുന്നു.' ദേവലോകത്തുനിന്നും അനുവാദം വാങ്ങി തിരുമേനി പുത്തന്‍കുരിശിലെത്തിയപ്പോള്‍ പക്ഷേ കഥ മാറി. 'ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിക്കും വിധേയമായി' എന്നു ചേര്‍ത്താലേ തങ്ങള്‍ ഒപ്പിടൂ. ഇരുട്ടിലെ വചനം പറഞ്ഞു. മറുപക്ഷത്തെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കാന്‍ ഇരുകയ്യുകളും നീട്ടി കാത്തിരുന്ന ഒരു നേതൃത്വം അന്ന് മലങ്കര സഭയ്ക്കുണ്ടായിരുന്നു. ആവശ്യമില്ലാത്ത വ്യവസ്ഥകള്‍ക്കു വിധേയമാവാന്‍ അവര്‍ക്കു പക്ഷേ നിവൃത്തി ഉണ്ടായിരുന്നില്ല. ചര്‍ച്ച വഴിമുട്ടി. 'സുപ്രീംകോടതി വിധിക്കു വിധേയം' എന്ന് എഴുതണമെന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തിയവര്‍ ഇന്ന് എന്തായിരിക്കും പറയുക? വേണ്ട, മളീമഠിന്‍റെ നിരീക്ഷണത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവോടെ നടത്തിയ 2002-ലെ അസോസിയേഷനിലേക്ക് എല്ലാ പള്ളികള്‍ക്കും ക്ഷണം കിട്ടി. ക്ഷണം കിട്ടാതിരുന്ന യാക്കോബായ വിഭാഗം പുതുതായി വച്ച പള്ളികളും ക്ഷണം സ്വീകരിച്ച് അസോസിയേഷനില്‍ പ്രതിനിധികളുടെ ലിസ്റ്റ് നല്‍കി. എന്നിട്ടോ? ഇരുട്ടിലെ വചനം അവരുടെ അകവാള്‍ തന്നെ വെട്ടി. അസോസിയേഷന്‍ ബഹിഷ്കരിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും അവര്‍ക്ക് തോന്നി.  ഫലമോ? അതുവരെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു ബന്ധവുമില്ലാതിരുന്ന പുതിയ പള്ളികള്‍ കൂടി സഭയ്ക്ക് ലഭിച്ചു. പുതുപ്പള്ളിയിലെ പുതിയ പള്ളി ഉള്‍പ്പെടെ എല്ലാ പള്ളികളും ഇന്ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തം. അവിടേയ്ക്കെല്ലാം പുതിയ വികാരിമാര്‍ നിയമിക്കപ്പെട്ടു കഴിഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് വിവേകവും വിനയവുമുള്ള നേതൃത്വം ഉണ്ടായിരുന്ന കാലത്താണ് ഔദ്യോഗിക ക്ഷണം നിരസിച്ചും എന്നാല്‍ വിഡ്ഡിത്തം കാട്ടിയും യാക്കോബായ വിഭാഗം സെല്‍ഫ്ഗോളുകള്‍ അടിച്ച് സ്വയം പുറത്തായത്. എന്നിട്ടവര്‍ എതിര്‍ഭാഗത്തെ 'മൊണ്ണ' എന്നു വിളിക്കുന്നതു കാണുമ്പോള്‍ അവരുടെ ബുദ്ധിയെപ്പറ്റിയും സിദ്ധിയെപ്പറ്റിയും പറയുവാനും 'മൊണ്ണ' സമാനമായ പദങ്ങള്‍ തിരിച്ചും പറയേണ്ടി വരും. ഇരുട്ടിലെ വചനത്തിന്‍റെ ശക്തി അപാരം തന്നെ.

ഇപ്പോഴും യാക്കോബായ വിഭാഗം കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവരുടെ  ആത്മനാശത്തിനു വേഗം കൂട്ടിക്കൊണ്ടിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയിലെ വിശ്വാസികള്‍ക്കിടയില്‍തന്നെ സഭാനേതൃത്വത്തിന്‍റെ കടുംപിടുത്തത്തോട് എതിര്‍പ്പുള്ളവര്‍ ഏറെയാണ്. കൊല്ലത്തു പണിക്കര്‍ എന്നും  ഇല്ലത്ത് നായരെന്നും ഒക്കെ പേരു പറഞ്ഞ് ഓര്‍ത്തഡോക്സ് വിഭാഗക്കാരില്‍ നിന്നു തന്നെയുള്ളവര്‍ സ്വയം വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭാനേതൃത്വത്തോട് തിരുത്തല്‍ ആവശ്യപ്പെട്ടപ്പോള്‍, യാക്കോബായ വിഭാഗക്കാര്‍ മെത്രാന്മാര്‍ സഹിതം അതിന്‍റെ മുമ്പില്‍ അണിനിരന്ന് സഭാനേതൃത്വത്തെ ചീത്തവിളിച്ചതെന്തിനാണ്? അതോടെ പണിക്കര്‍ക്ക് പിന്‍തുണയുമായി വന്ന ഓര്‍ത്തഡോക്സുകാര്‍ പിന്നോട്ടു പോയില്ലേ? ഇപ്പോഴും 1934-ലെ ഭരണഘടന നടപ്പാക്കുന്ന പള്ളികളില്‍ നിന്നും യാക്കോബായക്കാര്‍ ഒഴിഞ്ഞുപോവുന്നതെന്തിന്? കോടതിവിധിയോട് ചേര്‍ന്നു നിന്ന് സഭയ്ക്കുള്ളില്‍ തന്നെ നില്‍ക്കാനും, തങ്ങളുടെ പള്ളിയും സ്വത്തുക്കളും സംരക്ഷിക്കാനുമുള്ള സാധ്യത സ്വയം ഉപേക്ഷിക്കാന്‍ ആരാണിവര്‍ക്ക് പ്രേരണ നല്‍കുന്നത്? അവന്‍ തന്നെ; ഇരുട്ടില്‍ സഞ്ചരിക്കുന്നവന്‍.

വിവേകത്തെ നശിപ്പിക്കുകയാണ് ഇരുട്ടിന്‍റെ സ്വഭാവം. സഭ പൊതുസമൂഹത്തിനു മുമ്പില്‍ ചീഞ്ഞുനാറുന്നുവെന്നും അതിനു പരിഹാരം കാണണമെന്നും മറുപക്ഷത്തുനിന്നു വിഡ്ഡിത്തം കാട്ടുന്നവരോടു ക്ഷമിക്കണമെന്നും പള്ളിക്കെട്ടിടങ്ങളേക്കാള്‍ വില ജനങ്ങള്‍ക്കാണെന്നും ഒരൊറ്റ വ്യക്തിയെപ്പോലും നമുക്ക്  നഷ്ടപ്പെടുവാന്‍ പാടില്ലായെന്നും വിവേകമതികളായ വൈദികര്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തിന് കത്തെഴുതിയപ്പോള്‍ അത് കിട്ടിയവര്‍ക്ക് അതു മനസിലാകാഞ്ഞിട്ടല്ല അതിനെ എതിര്‍ത്തത്. 'നേരേ ചൊവ്വേ നടെക്കെടാ കുരുത്തംകെട്ടവനേ' എന്ന, താന്‍ പണ്ടു നിരന്തരം കേട്ടുകൊണ്ടിരുന്ന ശാസനയാണ് അത് ലഭിച്ചവര്‍ക്ക് അതില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞതെങ്കില്‍ നമുക്കിന്ന് എന്തു ചെയ്യാനാവും? ഇരുട്ടില്‍ നടക്കുന്നവന്‍ വീണ്ടും ജയിക്കുന്നു.

പാത്രിയര്‍ക്കീസിന്‍റെയും അന്ത്യോഖ്യന്‍ നേതൃത്വത്തിന്‍റെയും ഉള്ളിലിരുപ്പും കയ്യിലിരുപ്പും നേരിട്ടനുഭവിച്ച്  ഊരാക്കുടുക്കിലായിരിക്കുന്ന ശ്രേഷ്ഠബാവായോട് മലങ്കരസഭ സഹാനുഭൂതി പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. അദ്ദേഹത്തിന്‍റെ ശ്രമഫലമായി സ്ഥാപിതമായ വിദേശത്തെ പള്ളികളെല്ലാം പാത്രിയര്‍ക്കീസ് നേരിട്ട് ഏറ്റെടുത്തു. സ്വദേശത്തെ പള്ളികള്‍ ഓര്‍ത്തഡോക്സ് ലിസ്റ്റിലുമായി. പൗരസ്ത്യ കാതോലിക്കാ വെറും മഫ്രിയാനായാണെന്നും ഇന്ത്യയ്ക്കു പുറത്തെ കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്നും പാത്രിയര്‍ക്കീസ് നേരിട്ടു പറഞ്ഞതോടെ താന്‍ നട്ടുവളര്‍ത്തിയതെല്ലാം കാട്ടുമുന്തിരിയായിപ്പോയല്ലോ എന്ന തിരിച്ചറിവില്‍ ഒരു വാക്കും ഉരിയാടാനാകാതെ അസ്തപ്രജ്ഞനായി കഴിയുകയാണദ്ദേഹം. ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടായിരുന്നു ശരിയെന്ന് അദ്ദേഹത്തിനു പൂര്‍ണമായും ബോധ്യപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്സ് നേതൃത്വം അദ്ദേഹത്തെ കാണുകയും ഈ വൃദ്ധതയില്‍ അദ്ദേഹത്തിന് അല്പം 'തുഷ്ടിപുഷ്ടികള്‍' ഉണ്ടാവട്ടെ എന്നു കരുതി പ്രവര്‍ത്തിക്കുകയും ചെയ്താല്‍, തല മറന്ന് അന്ത്യോഖ്യന്‍ എണ്ണ തലയില്‍ തേക്കുന്നവര്‍ക്കെല്ലാം വീണ്ടുവിചാരം ഉറപ്പ്.

ഇപ്പോള്‍ അവിടെയുള്ള മെത്രാന്മാരെയെല്ലാം ഇവിടെ വന്നാല്‍ എന്തു ചെയ്യും എന്ന ചിന്ത തന്നെ അനാവശ്യം. ഇപ്പോള്‍ അവര്‍ക്കുള്ള പള്ളികളും സ്ഥാപനങ്ങളും മാത്രം അവര്‍ക്കു നല്‍കിയാല്‍ മതി. പുതുതായി ഒന്നും കൊടുക്കേണ്ടതില്ല. ഇപ്പോള്‍ റീത്തുകാരും അവരോടു പറയുന്നത് 'നിങ്ങള്‍ വന്നാല്‍ മതി, പുത്തന്‍പള്ളികളുണ്ടാക്കാം സെമിത്തേരികളുണ്ടാക്കാം' എന്നൊക്കെയാണ്. എന്തായാലും റീത്തുകാരുടെ മുട്ടകള്‍ ഓര്‍ത്തഡോക്സുകാരുടെ ചൂടില്‍ വിരിയിക്കാന്‍ നമ്മള്‍ ഇടകൊടുക്കരുത്.

പണ്ട്, വട്ടക്കുന്നേല്‍ ബാവായുടെ കാലത്ത് മീനടം പള്ളിയില്‍ പാത്രിയര്‍ക്കീസ് പക്ഷത്തെ ഒരച്ചന്‍റെ കൊച്ചമ്മ മരിച്ചു. ഇപ്പോഴത്തെ പഴയസെമിനാരി മാനേജര്‍ തോമസ് ഏബ്രഹാം അച്ചനായിരുന്നു വികാരി. വികാരിയുടെ അനുവാദം കൂടാതെ പാത്രിയര്‍ക്കീസ് പക്ഷം  സെമിത്തേരിയില്‍ ശവമടക്കു നടത്തുവാന്‍ തുനിഞ്ഞപ്പോള്‍, എന്തു ചെയ്യണമെന്ന് ബാവായോട് ചോദിച്ച മീനടംകാരോട് മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു, "അവര്‍ അടക്കിയിട്ടു പോകട്ടെ, നിങ്ങള്‍ എതിര്‍ക്കാന്‍ പോവേണ്ടതില്ല." അന്തംവിട്ട പള്ളിക്കാരോട് തിരുമേനി പറഞ്ഞു, "ഇപ്പോള്‍ നമ്മുടെ സമ്മതമില്ലാതെ ശവമടക്കു നടത്തിയവര്‍, നാളെ കുര്‍ബാന ചൊല്ലിക്കാനും ധൂപം വയ്ക്കാനും നമ്മുടെ അടുത്തുവരുമ്പോള്‍ അത് ചെയ്തു കൊടുക്കുകയും വേണം." ബാവായുടെ ദീര്‍ഘദര്‍ശനം എത്ര സത്യമായിരുന്നെന്നോ. ആ അച്ചനും കുടുംബവും എക്കാലത്തും പള്ളിയുടെ ഭാഗമായി തന്നെ നിന്നു. പാത്രിയര്‍ക്കീസ് പക്ഷത്തു കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് അച്ചന്‍ മരിക്കുന്നത്. ശവമടക്കു നടത്തിയത് കോട്ടയം ഭദ്രാസനത്തിന്‍റെ ഈവാനിയോസ് തിരുമേനി. അച്ചന്‍റെ കുടുംബക്കാര്‍ ഇന്നും പള്ളിയോടു ചേര്‍ന്നുനില്‍ക്കുന്നു.

ഇടവക വികാരിയുടെ അനുവാദത്തോടെ ശവമടക്കു നടത്തുന്നതു മൂലം സഭയ്ക്ക് ഒരു തോല്‍വിയുമുണ്ടാകുന്നില്ല. മാത്രമല്ല പിന്നീട് സ്വാഭാവികമായും അവര്‍ പള്ളിയോടു ചേര്‍ന്നുനില്‍ക്കും. മറുപക്ഷത്തുള്ള മുഴുവന്‍ ആളുകളും നമ്മുടെ തന്നെ ഭാഗമാണ്. അവരെ പ്രകോപിച്ചു നമ്മള്‍ വിട്ടുകളയരുത്. യഥാര്‍ത്ഥ സഭാസ്നേഹികള്‍ക്ക് ഒരാളെങ്കിലും സഭ വിട്ടുപോയാല്‍ വേദന തോന്നും. ഈ ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ച അഞ്ചു പുരോഹിതന്മാരെ പുച്ഛത്തോടെ പരാമര്‍ശിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ കമന്‍റുകള്‍ സഭാസ്നേഹികളുടേതാണെന്നു കരുതുക വയ്യ. സഭാസ്നേഹം ഒരു തീവ്രവാദ പ്രവര്‍ത്തനമല്ല. നൂറുകണക്കിനു ഭദ്രാസനങ്ങള്‍ പൗരസ്ത്യ സഭയ്ക്കുണ്ടായിരുന്ന ഇറാന്‍ - ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് ക്രൈസ്തവര്‍ മരുന്നിനു പോലുമില്ല. ആഗോളമത തീവ്രവാദം ക്രൈസ്തവ സമൂഹത്തിന്‍റെ വേരറക്കുവാന്‍ ലക്ഷ്യമിടുന്ന ഈ കാലത്ത്, ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുക പരമപ്രധാനമാണ്. യാക്കോബായ വിഭാഗം നമ്മുടെ രക്തത്തിന്‍റെ രക്തവും മാംസത്തിന്‍റെ മാംസവുമാണ്. വിദേശാധിപത്യം അടിമനുകമാണെന്ന് അവര്‍ ഇന്നു മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ക്ക് സൂചി കുത്താനിടം നല്‍കില്ലായെന്ന നിലപാട് അവരുടെ വീണ്ടുവിചാരത്തിനുള്ള സാധ്യതകള്‍ നശിപ്പിക്കുകയാണ്. മലങ്കരയുടെ മക്കളെ, അന്ത്യോഖ്യയുടെയും റോമിന്‍റെയും ആധിപത്യത്തിലേക്ക് വിടാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം നിലപാട് എടുക്കുക മാത്രമാണ് ഇപ്പോള്‍ വേണ്ടത്. അത് ചെയ്യുമ്പോള്‍ സന്ധ്യയാവും ഉഷസുമാവും. ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനം അപ്രത്യക്ഷമാവുകയും ജീവനുള്ള വെളിച്ചത്തിന്‍റെ വചനം പ്രത്യക്ഷമാവുകയും ചെയ്യും.

(മലങ്കര നവോത്ഥാനം 2019 ഡിസംബര്‍)

Tuesday, 12 September 2023

അര്‍ക്കദിയാക്കോന്‍റെ നിഴല്‍ | ജോര്‍ജുകുട്ടി കോത്തല

2007-ല്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നാം നാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനി പത്രമോഫീസുകളിലേക്ക് പാഞ്ഞെത്തി. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പു വാര്‍ത്ത പത്രങ്ങളില്‍ മുന്‍പേജില്‍ വന്നില്ല എന്നതിലുള്ള പ്രതിഷേധ പ്രകടനമാണ് തുടര്‍ന്നുണ്ടായത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് നിങ്ങള്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ കൊടുക്കുമല്ലോ, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്തയും ഒന്നാം പേജില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ വിവരമറിയും. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയോട് എന്തുമാവാമെന്നോ?

അതിനു മറുപടിയായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. എസ്.എന്‍.ഡി.പി. യുടെയും എന്‍.എസ്.എസ്. ന്‍റെയും സെക്രട്ടറി സ്ഥാനം ആ സംഘടനകളില്‍ അഥവാ സമുദായത്തില്‍ സമുന്നതമാണ്. ഓര്‍ത്തഡോക്സ് സഭാസെക്രട്ടറിയുടെ സ്ഥാനം സഭയില്‍ അത്രത്തോളം സമുന്നതമല്ല. സഭയില്‍ പ്രധാന മേലദ്ധ്യക്ഷപദവി വേറെയുണ്ട്. അതുകൊണ്ടുതന്നെ താങ്കള്‍ ഉദ്ദേശിക്കുന്ന സ്ഥാനം മാധ്യമങ്ങളില്‍ ലഭിക്കില്ല. എങ്കിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് സമൂഹത്തിലുള്ള പ്രാധാന്യം നിമിത്തം നിങ്ങള്‍ക്ക് അര്‍ഹമായ പരിഗണന എല്ലാ മാധ്യമങ്ങളും നല്‍കും.

ആ മറുപടി അദ്ദേഹത്തിനു ആശ്വാസപ്രദമായില്ല. എന്നു മാത്രമല്ല, സ്ഥാനത്തെ ചെറുതാക്കാന്‍ ഓര്‍ത്തഡോക്സ് സഭക്കാരുടെ മാനേജ്മെന്‍റില്‍ നിന്നു പ്രസിദ്ധീകരിക്കുന്നവ ഉള്‍പ്പെടെയുള്ളവര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപ പ്രചരണത്തിനും അദ്ദേഹം തുടക്കമിട്ടു. അതിന്‍റെ അനുരണനങ്ങളാണ് പിന്നീട് സഭാതലത്തില്‍ നിന്നും പൊതുസമൂഹത്തിലേക്ക് ഒഴുകിയെത്തിയ അനാശാസ്യ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചതും.

എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിമാരെപ്പോലെ പ്രാധാന്യം തനിക്കുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരിക്കാം തന്‍റെ കന്നി ബജറ്റ് പ്രസംഗം മാലോകര്‍ക്കു ദൃശ്യമാക്കാന്‍ ടി.വി. ചാനലുകാരെ ക്ഷണിച്ചത്. പ. ദിദിമോസ് ബാവാ ക്ലിപ്പിട്ടില്ലായിരുന്നുവെങ്കില്‍ സെക്രട്ടറിയുടെ ബജറ്റ് പ്രസംഗം നമുക്ക് ലൈവായി കാണാമായിരുന്നു.

താന്‍ സഭാ സെക്രട്ടറിയാണെന്നും സഭയുടെ സി.ഇ.ഒ. ആണെന്നും വൈദിക-അല്‍മായ ട്രസ്റ്റിമാര്‍ തനിക്കു താഴെ ആണെന്നും ഇക്കാര്യങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വാര്‍ത്താ മാധ്യമങ്ങളെ രേഖാമൂലം അറിയിച്ചെങ്കിലും പ. ദിദിമോസ് ബാവാ അതിനും ക്ലിപ്പിട്ടു.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിക്കും ലഭിക്കുന്ന മാധ്യമശ്രദ്ധയും പരിഗണനയും മറ്റ് സമുദായനേതാക്കളില്‍ അസൂയ ജനിപ്പിക്കാറുണ്ട് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ ജനസംഖ്യകൊണ്ട് കേരളത്തില്‍ രണ്ടാമത്തെയും മൂന്നാമത്തെയും സമുദായങ്ങള്‍ എന്ന നിലയിലുള്ള പരിഗണനയ്ക്ക് ഒപ്പം അവരുടെ സംഘടനകള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനശൈലി കൂടിയാണ് അവര്‍ക്ക് ഈ പദവി നല്‍കുന്നതെന്ന് നാം കാണണം. സ്വന്തം സമുദായത്തില്‍പെട്ട നേതാക്കള്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ ഭരണകൂടത്തിലും പാര്‍ട്ടിയിലും ലഭിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനായി അവര്‍ പ്രത്യക്ഷമായും പരോക്ഷമായും നീക്കങ്ങള്‍ നടത്തും. സമുദായത്തിലെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍പോലും പ്രതിരോധിക്കുവാന്‍ അവര്‍ മതിലുകള്‍ പണിയും. എന്നാല്‍ ഓര്‍ത്തഡോക്സ് വക്താക്കളാകട്ടെ, സ്വസമുദായാംഗങ്ങള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുക മാത്രമല്ല അവരെ തള്ളിപ്പുറത്താക്കാന്‍ കൂടി മടിക്കാറില്ല. പള്ളികളിലും സഭാ സമ്മേളനങ്ങളിലുമൊക്കെ പൊതുസമൂഹം ആദരിക്കുന്ന രാഷ്ട്രീയ, രാഷ്ട്രീയേതര നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെ വരെ നമ്മുടെ സഭാനേതൃത്വത്തിലുള്ളവരും പുരോഹിതരും മറ്റും പലപ്പോഴും എതിര്‍ക്കാറുണ്ട്. സമൂഹം അംഗീകരിക്കുന്നവരെ മാനിച്ചാല്‍, തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്ന ഭയമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍, സമൂഹത്തിന്‍റെ ശ്രദ്ധ ലഭിക്കണമെങ്കില്‍ അതിന് ഇതര രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ സാന്നിദ്ധ്യം പലപ്പോഴും അനിവാര്യമായി വരാറുണ്ട്. കേരള സമൂഹത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കംകുറിച്ച മഹാസംഭവത്തെ (പഴയസെമിനാരിയുടെ 200-ാം വാര്‍ഷികത്തെ) മാധ്യമങ്ങളും സമൂഹവും അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാതിരിക്കുക മാത്രമല്ല, അവിടെ നടന്ന പ്രസംഗങ്ങളെ ഒരു കോമഡിഷോയാക്കി ദിവസങ്ങളോളം പ്രചരിപ്പിക്കുക കൂടി ചെയ്തു. ഇതൊക്കെ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതകളാണ്. നേതൃത്വത്തിന്‍റെ ഭാവനാദാരിദ്ര്യം സഭയുടെ ദൗര്‍ഭാഗ്യമായി മാറുന്നതിന്‍റെ ഉദാഹരണങ്ങളും.

കേരളത്തിലെ സമുദായ സംഘടനകളില്‍ ഏറ്റവും ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിന് ആരംഭം കുറിക്കുമ്പോള്‍ മഹാനായ മന്നത്തു പത്മനാഭന്‍ പ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിച്ച പ്രതിജ്ഞ പ്രസിദ്ധമാണല്ലോ. "ഞാന്‍ എന്‍റെ കഴിവുകള്‍ മുഴുവന്‍ എന്‍റെ സമുദായത്തിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി വിനിയോഗിക്കും. എന്നാല്‍ എന്‍റെ സമുദായത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഇതര സമുദായങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും" എന്ന പ്രതിജ്ഞയാണ് ആ സമുദായ സംഘടനയെ കേരള സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ മന്നത്തു പത്മനാഭനെ സമുദായ നേതാവായല്ല 'ഭാരതകേസരി'ആയാണ് കേരളസമൂഹം വിലയിരുത്തിയത്.

സഭയിലൂടെ കൈവരുന്ന സ്ഥാനങ്ങളും അംഗീകാരവും വ്യക്തിപരമായ ഉയര്‍ച്ചയ്ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാനുള്ള വെമ്പലാണ് ഇന്ന് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തെ ഒരു മാമാങ്കമാക്കി മാറ്റുന്നത്. 1653 വരെ വൈദികപ്രമുഖനായിരുന്ന അര്‍ക്കദിയാക്കോനാണ് സഭാഭരണം നിര്‍വഹിച്ചുവന്നത്. സവിശേഷമായ ആ ഭാരതീയപാരമ്പര്യം അര്‍ക്കദിയാക്കോന്‍ മെത്രാന്‍ സ്ഥാനമേറ്റതോടെ അന്യംനിന്നു. അന്നു മുതല്‍ ഇന്നുവരെ സമുദായനേതൃത്വവും സഭാനേതൃത്വവും സഭാധ്യക്ഷന്‍റെ ഉത്തരവാദിത്തമായി. എങ്കിലും അര്‍ക്കദിയാക്കോന്‍റെ നിഴല്‍ ചിലപ്പോഴെങ്കിലും സഭാസെക്രട്ടറിയുടെ മേല്‍ പതിക്കാറുണ്ട്. അവരുടെ സ്വപ്നങ്ങളില്‍ അര്‍ക്കദിയാക്കോന്‍ കടന്നുവരാറുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭാവവും രൂപവും ചിലപ്പോഴൊക്കെ വിജ്രംഭിക്കുന്നത് നമുക്ക് ക്ഷമിക്കാം. എന്നാല്‍ എല്ലാവരും ഒന്നോര്‍ക്കുന്നത് നന്ന്. സഭയില്‍ ഇനി അര്‍ക്കദിയാക്കോന്‍ സ്ഥാനം പുനഃസ്ഥാപിക്കപ്പെടാന്‍ പോവുന്നില്ല. എന്നാല്‍ നമ്മുടെ രാഷ്ട്രവും രാഷ്ട്രീയവും നിയന്ത്രിക്കുന്നത് 'അര്‍ക്കദിയാക്കോന്മാര്‍' തന്നെയാണ്. നമ്മുടെ സഭയില്‍ നിന്നും അങ്ങനെയുള്ള ധാരാളം സ്ഥാനികള്‍ ഉണ്ടാവേണ്ടതുമുണ്ട്. പക്ഷേ, അതിലേക്കുള്ള വഴി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനമല്ല. സമൂഹത്തില്‍ സജീവമായുള്ള പങ്കുവഹിക്കലാണ്. അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള പ്രോത്സാഹനം നല്‍കലാണ് - അവരെ കൈപിടിച്ചുയര്‍ത്തലാണ് - സഭാനേതൃത്വത്തിന്‍റെ ചുമതല, അവരുടെ സ്ഥാനത്ത് എത്തിച്ചേരലല്ല എന്നുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവട്ടെ.

(മലങ്കര നവോത്ഥാനം 2017 മാര്‍ച്ച്) 

സംഹാരകരെ, നവോത്ഥാന സമിതിയുടെ ശൈലി വേറെയാണ് | ജോര്‍ജുകുട്ടി കോത്തല

 നവോത്ഥാന സമിതിക്കും അത്മായട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോര്‍ജ് പോളിനും എതിരെ അനവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ആക്ഷേപഹാസ്യരചന വ്യാപകമായി വിതരണം ചെയ്യപ്പെടുന്നത് കാണാനിടയായി. ദോഷം പറയരുതല്ലോ, ശരിക്കും ചിരിക്കു വക നല്‍കുന്ന ഇത്തരം രചനകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. മലങ്കര മക്കളുടെ തീരാത്ത വേദനയും തോരാത്ത കണ്ണീരുമായ സഭാകേസുകളും പള്ളിവഴക്കുകളുമെല്ലാം ഒരിക്കലും പരിഹരിക്കപ്പെടാതെ പോവുന്നതിന്‍റെ കാരണങ്ങളെയും കാരണക്കാരെയും സ്പഷ്ടമായി ചൂണ്ടിക്കാണിക്കുന്ന ഇതുപോലെയുള്ള വാറോലകള്‍ സത്യത്തിലേക്കു നമ്മെ എത്തിക്കുന്ന ചൂണ്ടുപലകകള്‍ തന്നെയാണ്. 

ഓടക്കാലി പള്ളിയില്‍ ഓടിളക്കാന്‍ ജോര്‍ജ് പോള്‍ ചെന്നില്ല. വരിക്കോലി പള്ളിയില്‍ വാരിക്കുന്തവുമായി അദ്ദേഹത്തെ കണ്ടില്ല, കത്തിപ്പാറത്തടം പള്ളിയില്‍ കത്തിക്കുത്തു നടത്താന്‍ നവോത്ഥാനക്കാര്‍ ചെന്നില്ല. ചവിട്ടുവരി പള്ളിയില്‍ ചവിട്ടു നടന്നപ്പോള്‍ ഇവര്‍ ഇവിടെയായിരുന്നു! പല പള്ളികളിലും നടന്ന ശവമേറു ശുശ്രൂഷയ്ക്ക് ഇവരാരും വന്നില്ല എന്നു തുടങ്ങുന്ന ആക്ഷേപങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെയൊക്കെ ചങ്കു പൊട്ടാത്തതു ഭാഗ്യം. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മഹാനായ പാറേട്ടു തിരുമേനിയെ നവോത്ഥാന സമിതി ഓര്‍ത്തുപോവുകയാണ്. കോട്ടയം ഭദ്രാസനത്തിലുള്ള ഒരു പള്ളിയും ഇന്നും പൂട്ടികിടക്കുന്നില്ല. ഒരു പള്ളിയിലും ശവമേറു വഴിപാടു നടന്നിട്ടില്ല. ഒരു അച്ചനേയും ലോക്കപ്പിലേക്ക് പാക്കയ്പ്പ് ചെയ്യേണ്ടി വന്നിട്ടില്ല. അതിനൊക്കെയും ഒരു കാരണം ആ മഹാനായ തിരുമേനിയുടെ നിലപാടുകളായിരുന്നു. 

കോട്ടയം ഭദ്രാസനത്തിലെ ഇന്ന് പാത്രിയര്‍ക്കീസ് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന പല പള്ളികളിലും ഓര്‍ത്തഡോക്സ് ന്യൂനപക്ഷം നിശബ്ദരായി നിലനില്‍ക്കുന്നുണ്ട്. അവരെ പ്രചോദിതരും പ്രകോപിതരുമാക്കിയാല്‍ ഈ പള്ളികളൊക്കെ പൂട്ടിക്കാനും ശവമേറു നടത്തുവാനും സാധിക്കുമായിരുന്നു. അത്തരം ഒരാവശ്യവുമായി പാത്രിയര്‍ക്കീസ് പക്ഷത്തുള്ള ഒരു പ്രമുഖ പള്ളിയിലെ ചില പ്രമുഖ വ്യക്തികള്‍ അവരുടെയിടയിലെ ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് പാറേട്ട് തിരുമേനിയെ കാണാനെത്തി. ആ പള്ളിയിലെ വികാരിയെ മാറ്റി അവിടെയൊരു തീവ്രവാദിയായ ഓര്‍ത്തഡോക്സ് വൈദികനെ വച്ചാല്‍ പള്ളി പൂട്ടിക്കാമെന്ന വാഗ്ദാനത്തിനു മുമ്പില്‍ തിരുമേനി പറഞ്ഞ വാക്കുകള്‍ എത്രയോ ദീര്‍ഘദര്‍ശിത്വം ഉള്ളതായിരുന്നു:

"ഏതെങ്കിലും ഒരു പള്ളി പൂട്ടിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്. മലങ്കരയിലെ എല്ലാ പള്ളികളും കാതോലിക്കേറ്റിനു പൂര്‍ണമായും അവകാശപ്പെട്ടതു തന്നെയാണ്. അന്ത്യോഖ്യയിലെ ബാവാ ആകാശത്തിലുള്ള ബാവാ തന്നെയാണെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്ന പാവപ്പെട്ട ജനതയെ പറ്റിച്ചു കഴിയുന്ന ചില വ്യക്തികളുടെ കപടത മൂലം സത്യം മനസ്സിലാക്കാന്‍ കഴിയാത്ത തീവ്രവാദികളായ ചിലരാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കു കാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അന്ത്യോഖ്യന്‍ സഭാനേതൃത്വത്തിന്‍റെ ദുരുദ്ദേശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ഇടയില്‍ നിന്നു തന്നെ കാതോലിക്കേറ്റിലേക്ക് ഒരൊഴുക്കുണ്ടാവും. ആ സന്ദര്‍ഭത്തിനായി നമ്മള്‍ കാത്തിരുന്നാല്‍, അങ്ങനെ വരുന്നവര്‍ക്ക് വൈകാരികമായ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ മലങ്കര മുഴുവന്‍ കാതോലിക്കേറ്റിന്‍റെ കീഴിലാവും. അത്തരമൊരു സാഹചര്യത്തിലൂടെ ഉരുത്തിരിയുന്ന സമാധാനം മാത്രമേ ശാശ്വതമാവൂ. അല്ലാതെ പള്ളി പൂട്ടിച്ചും അടിപിടി നടത്തിയും നമുക്ക് കാതോലിക്കേറ്റിന്‍റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ സമൂഹത്തിനു മുമ്പില്‍ നമ്മെ പരിഹാസ്യരാക്കും."

പാറേട്ട് തിരുമേനി ദീര്‍ഘദര്‍ശനം ചെയ്തതുപോലെ പാത്രിയര്‍ക്കീസ് പക്ഷത്തെ വലിയൊരു വിഭാഗം നാലു മെത്രാന്മാരുടെ നേതൃത്വത്തില്‍ കാതോലിക്കേറ്റിനു കീഴിലേക്കു വന്നു. പക്ഷേ സംഭവിച്ചതെന്താണ്? ഇന്ന് വടക്കന്‍ ഭദ്രാസനത്തിന്‍റെ പേരില്‍ നോട്ടീസ് അടിച്ച് വെടക്കാക്കാന്‍ നടക്കുന്ന വ്യക്തികള്‍ തന്നെ ആ തിരുമേനിമാര്‍ക്കു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. കടമറ്റത്തെ പള്ളിയിലെ ഏതാണ്ട് മുഴുവന്‍ ആളുകളും ഒന്നുചേര്‍ന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ പള്ളിയിലേക്കു സ്വീകരിച്ചപ്പോള്‍, ഈ 'സംഹാരകര്‍' എന്താണ് ചെയ്തത്?  ബാവായ്ക്കെതിരെ കേസ് കൊടുത്തു പള്ളി പൂട്ടിച്ചു. അതൊക്കെ ചെയ്തവരാണ് ഇന്ന് നമ്മോട് ചോദിക്കുന്നത്, കടമറ്റത്ത് പള്ളിയിലെ പ്രശ്നങ്ങളില്‍ നിങ്ങള്‍ എന്തു നിലപാടാണ് എടുത്തത് എന്ന്. കോലഞ്ചേരി പള്ളിയിലെ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ആളുകളും അച്ചന്മാരും അത്താനാസ്യോസ് തിരുമേനിയോടൊപ്പം കാതോലിക്കേറ്റിലേക്കു വന്നപ്പോള്‍ ഇപ്പോഴത്തെ നോട്ടീസുകാരായ സഭാസംഹാരകര്‍ എന്താണു ചെയ്തത്? ഇങ്ങോട്ടു വന്ന അച്ചനെ സ്ഥലം മാറ്റിച്ച് തങ്ങള്‍ക്കു യോജിച്ച ഒരു അച്ചനെ അവിടേക്കു നിയമിച്ചു. ഇങ്ങോട്ടു വന്നവരെ മുഴുവനായും തന്നെ തിരിച്ചയയ്ക്കാന്‍ അതിലൂടെ സാധിച്ചു. തുടര്‍ന്ന് കോലഞ്ചേരിയിലുണ്ടായ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം ഈ സംഹാരസമിതിക്കാരല്ലാതെ മറ്റാരുമല്ല. പാത്രിയര്‍ക്കീസ് പക്ഷത്തുള്ള എഴുപതു ശതമാനം വൈദികരും അത്മായക്കാരും അത്താനാസിയോസ് തിരുമേനിക്കൊപ്പമുണ്ടായിരുന്നു. 'ഊഷ്മള സ്വീകരണം' ലഭിച്ചപ്പോള്‍ അവര്‍ മടങ്ങിപ്പോയി. ആ സ്വീകരണം ഏര്‍പ്പാടാക്കിയവര്‍ ഇന്ന് നവോത്ഥാന സമിതിയോട് ചോദിക്കുകയാണ്, കോലഞ്ചേരിയിലെ പ്രശ്നത്തില്‍ നിങ്ങള്‍ എന്തു ചെയ്തുവെന്ന്. അതിവൈകാരികത ചൂടോടെ വിളമ്പി, അത് സഭാനേതൃത്വത്തിന്‍റെ അണ്ണാക്കിലേക്ക് തന്നെ തട്ടിയ നിങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണ് എന്ന് ഞങ്ങള്‍ക്ക് ഇന്നും മനസ്സിലാവുന്നില്ല. തൃക്കുന്നത്തു സെമിനാരിയിലെ പ്രശ്നങ്ങളില്‍ എന്തു ചെയ്തുവെന്നു ചോദിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ? മഹാനായ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിക്കൊപ്പം നിന്ന് മണ്ണാറപ്രായില്‍ അച്ചന്‍ ഈ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ അവഗണിച്ചുകൊണ്ട് ആ വ്യക്തിത്വത്തെ തേജോവധം ചെയ്യുവാന്‍ സംഹാരകര്‍ നടത്തിയ ശ്രമങ്ങളുടെ ആത്യന്തിക പരിണതിയാണ് തൃക്കുന്നത്തു സെമിനാരിയുടെ നിയന്ത്രണം നമുക്കു നഷ്ടപ്പെടുത്തിയത് എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്? തൃക്കുന്നത്തു സെമിനാരിയില്‍ നിന്ന് മണ്ണാറപ്രായില്‍ അച്ചനെ നീക്കം ചെയ്തതിലൂടെ സഭയ്ക്കു എന്താണ് ലഭിച്ചത്? കഴിഞ്ഞ മാസം ആഘോഷപൂര്‍വ്വം സഭാനേതൃത്വം പ്രവേശിച്ച നെടുമ്പാശേരിയിലെ സ്കൂളിന്‍റെ മാനേജ്മെന്‍റ് എങ്ങനെയാണ് സഭയ്ക്ക് ലഭിച്ചത് എന്ന് സംഹാരകസമിതി ഓര്‍ക്കുന്നുണ്ടോ? 

സഭാപ്രശ്നങ്ങളെ ഇന്നത്തെ നിലയിലേക്ക് അധഃപതിപ്പിച്ചതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഈ വാറോല നേതൃത്വത്തിനാണ് എന്നതിന് യാതൊരു സംശയവുമില്ല. പാത്രിയര്‍ക്കീസ് പക്ഷത്ത് ശ്രേഷ്ഠ ബാവാ കഴിഞ്ഞ് ഏറ്റവും സീനിയറായ മെത്രാന്‍ ഏബ്രഹാം മാര്‍ സേവേറിയോസ് തിരുമേനിയാണ്. ഓര്‍ത്തഡോക്സ് പക്ഷത്തേക്കു വന്ന അദ്ദേഹത്തിനു തിരിച്ചു പോവേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചതിന്‍റെ ഉത്തരവാദിത്തവും നിങ്ങള്‍ക്കു തന്നെയാണ്. 

ഏതെങ്കിലും പള്ളിയില്‍ ഓടിളക്കി കയറിയതുകൊണ്ടോ, ഏതെങ്കിലും വൈദികന്‍റെ താടിക്കു തീ വച്ചതുകൊണ്ടോ, മാതാപിതാക്കളുടെ ശവശരീരത്തെ വഴിയിലേക്കു വലിച്ചെറിഞ്ഞതുകൊണ്ടോ ഈ സഭയില്‍ സമാധാനം വരുമെന്നോ, കാതോലിക്കേറ്റിന്‍റെ പതാക പാറിപ്പറക്കുമെന്നോ വിശ്വസിക്കുന്നവരല്ല നവോത്ഥാനസമിതിയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്നത്. 

വൈദികട്രസ്റ്റിയുടെ സ്വന്തം പള്ളിയില്‍ ഇന്നും 1934 ഭരണഘടന നടപ്പാക്കിയിട്ടില്ല എന്നതു ചൂണ്ടിക്കാണിച്ചതുകൊണ്ട് പ്രയോജനമില്ല എന്ന് ഞങ്ങള്‍ക്കറിയാം. ആ പള്ളിക്ക് ഭരണസമിതിയുണ്ടോ വരവുചെലവു കണക്കുണ്ടോ, അതാരെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്നൊന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. മലങ്കരയിലേക്ക് കാതോലിക്കേറ്റ് മാറ്റിസ്ഥാപിക്കണമെന്ന് അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിനു കത്തെഴുതുകയും പാത്രിയര്‍ക്കീസ് ഇവിടെയെത്തി ആ കൃത്യം നിര്‍വഹിച്ചപ്പോള്‍ മുതല്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത പൂര്‍വ്വികരുടെ പാരമ്പര്യം അദ്ദേഹത്തിനു നിലനിര്‍ത്താതിരിക്കാനാവില്ലല്ലോ. വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ വ്യക്തിപരവും സ്വാര്‍ത്ഥപരവുമായ കാരണങ്ങള്‍കൊണ്ട് അവര്‍ നടത്തിയ പ്രചരണങ്ങള്‍ മൂലമാണല്ലോ വടക്കന്‍ ഭദ്രാസനങ്ങള്‍ കാതോലിക്കേറ്റിനോട് അകലാന്‍ ഇടയായതും പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ കോട്ടകളായി അവിടം ഇന്നു നിലനില്‍ക്കുന്നതും. ഇരുട്ടുകൊണ്ട് ശാശ്വതമായി ഓട്ടയടയ്ക്കാന്‍ കഴിയാത്തപോലെ, ഈ അവസ്ഥ ശാശ്വതമായി നിലനില്‍ക്കാന്‍ പോവുന്നില്ല. ആ വിഭാഗത്തിലെ കാര്യവിവരമുള്ള വൈദികരും അത്മായക്കാരും എക്കാലത്തും സത്യത്തിനുനേരെ മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. സ്വാര്‍ത്ഥമതികളായ, ഇപ്പോഴത്തെ സംഹാരസമിതിക്കാരെപ്പോലെയുള്ളവരുടെ ദുഷ്ടലക്ഷ്യങ്ങളും എന്നും വിലപ്പോവാന്‍ പോവുന്നില്ല. 

കോട്ടയം ഭദ്രാസനത്തിലെ കാര്യങ്ങള്‍ പറഞ്ഞായിരുന്നല്ലോ തുടങ്ങിയത്. കോട്ടയത്തെ പാത്രിയര്‍ക്കീസ് പക്ഷത്തെ സിംഹാസനപള്ളിയിലെ റാസ കോട്ടയത്തെ ഓര്‍ത്തഡോക്സ് കേന്ദ്രമായ ചെറിയപള്ളിയിലെത്തുമ്പോള്‍ പള്ളിയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കും. വൈദികരും ജനങ്ങളും അവിടെ കയറി പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും ചെയ്യും. പാത്രിയര്‍ക്കീസ് പക്ഷത്തു മാത്രം സേവനമനുഷ്ഠിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ മൃതദേഹം ഓര്‍ത്തഡോക്സ് ഇടവകയായ മീനടം പള്ളിയില്‍ എത്തിച്ചപ്പോള്‍ ഗീവറുഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ അടക്കം ചെയ്യുവാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഓര്‍ത്തഡോക്സ് പക്ഷത്തെ മഞ്ചയിലച്ചന്‍റെ മൃതദേഹം ആദരവോടെ ഒളശ്ശയിലെ യാക്കോബായ വിഭാഗക്കാര്‍ ഏറ്റുവാങ്ങി അവരുടെ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തിയശേഷം തിരികെ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാര ശുശ്രൂഷയിലേക്കെത്തിച്ചതും പാത്രിയര്‍ക്കീസ് ഭാഗത്തെ കല്ലൂപ്പറമ്പില്‍ അച്ചന് പള്ളം സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്‍റെയും ഓര്‍ത്തഡോക്സ് സഭാ വൈദികരുടെയും നേതൃത്വത്തില്‍  സമുചിതമായ അന്ത്യയാത്രാ ശുശ്രൂഷകള്‍ വി. മദ്ബഹായില്‍ വച്ചു തന്നെ നല്‍കിയതും സഭയ്ക്ക് ആകമാനം പിന്‍തുടരാവുന്ന വിലപ്പെട്ട മാതൃകകള്‍ തന്നെയാണ്. മഹാന്മാരായ പാമ്പാടി തിരുമേനിയുടെയും പാറേട്ട് തിരുമേനിയുടെയും മാതൃകകള്‍ പിന്തുടരുന്നതിനാലാണ് കോട്ടയം ഭദ്രാസനത്തില്‍ സഹോദരന്മാര്‍ ഒത്തൊരുമിച്ചു പോവുന്നത്. ആ മാതൃകയിലൂടെ മലങ്കരസഭയ്ക്ക് മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് നവോത്ഥാനസമിതി പ്രതീക്ഷിക്കുന്നത്. ആളെണ്ണം നോക്കി വീതം വയ്ക്കുവാനോ ആള്‍ബലം നോക്കി കത്തിക്കുത്ത് നടത്തുവാനോ നമുക്കു കഴിയില്ല. കാരണം, മലങ്കരയിലെ പള്ളികളും ജനങ്ങളും കാതോലിക്കേറ്റിന്‍റെ സ്വന്തമാണ്. ഇന്നു മാറിനില്‍ക്കുന്നവരും നാളെ നമ്മുടെ ഒപ്പം നടക്കേണ്ടവരാണ്. അതിവൈകാരികതയുടെ വിഷവിത്തുകളും അവിവേകത്തിന്‍റെ മുള്‍ച്ചെടികളും ദുര്‍മോഹങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും ഒഴിവാക്കുവാന്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതി. പ. വട്ടശ്ശേരില്‍ തിരുമേനി മുതല്‍ പ. പൗലൂസ് രണ്ടാമന്‍ വരെയുള്ളവര്‍ക്കൊപ്പം ഈ സഭ വീഴ്ത്തിയ കണ്ണീര്‍ക്കണങ്ങള്‍ വെറുതെയാവില്ല.

(മലങ്കര നവോത്ഥാനം 2017 ഫെബ്രുവരി) 

Sunday, 3 September 2023

ബലത്തെ ബലഹീനതയാക്കുവാന്‍ മത്സരിക്കുന്ന ഓര്‍ത്തഡോക്സുകാര്‍ | ടി. പി. ജോര്‍ജുകുട്ടി കോത്തല

ഓര്‍ത്തഡോക്സ് സഭയ്ക്ക് 1995-ലെ കോടതിവിധി മുതല്‍ ഇന്നുവരെയുള്ള പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കും കാരണം ഒന്നുമാത്രം - ബലം നല്‍കേണ്ട കരങ്ങളെ നമ്മള്‍ തന്നെ ദുര്‍ബലമാക്കിയ ബുദ്ധിശൂന്യത.

വട്ടശ്ശേരില്‍ തിരുമേനിയുടെ കാലം മുതല്‍ സഭയുടെ ശക്തി അല്മായ നേതൃത്വമായിരുന്നു. കാര്യക്ഷമതയുള്ള വൈദിക നേതൃത്വവും കര്‍മ്മശേഷിയും ബുദ്ധി വൈഭവവും വ ിഭവശേഷിയും സഭാസ്നേഹവും ഒത്തു ചേര്‍ന്ന അത്മായ നേതൃത്വവും ചേര്‍ന്നപ്പോള്‍ പലരും എഴുതിത്തള്ളിയിരുന്ന മെത്രാന്‍ കക്ഷി ഫിനിക്സ് പക്ഷിയേപ്പോലെ ചാരത്തില്‍ നി ന്ന് കുതിച്ചുയര്‍ന്നു. ഇന്നു സഭയ്ക്ക് സാമ്പ ത്തികശേഷി വര്‍ദ്ധിച്ചപ്പോള്‍ കര്‍മ്മശേഷിയുള്ള നേതൃത്വം ഉണ്ടാവുന്നതിനു പല തടസ്സ ങ്ങളും ഉണ്ടായി. തങ്ങളുടെ പ്രമാണിത്തം സഭ യ്ക്ക് നല്‍കിയവരായിരുന്നു മുന്‍കാല നേതൃ ത്വം. മാമ്മന്‍മാപ്പിള, ജോണ്‍ വക്കീല്‍, ഒ. എം. ചെറിയാന്‍, എന്നു തുടങ്ങിയ മഹാരഥന്മാരുടെ ഒരു വലിയ നിരയാണ് ഈ സഭയെ ശക്തിപ്പെടുത്തിയത്. അവരെ ഉള്‍ക്കൊള്ളുവാനും പ്രയോജനപ്പെടുത്തുവാനും വട്ടശ്ശേരില്‍ തിരുമേനിക്കും പിന്‍ഗാമികള്‍ക്കും കഴിഞ്ഞിരുന്നു. സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും തന്ത്രജ്ഞതയോടെ ഭരണ രാഷ്ട്രീയ രംഗത്ത് ആവശ്യമായ സ്വാധീനം ചെലുത്തുവാനും കഴിവുള്ള അല്‍മായ നേതൃത്വം എക്കാല ത്തെയും പോലെ വര്‍ത്തമാനകാലത്തും സഭയ്ക്കുള്ളിലുണ്ട്. എന്നാല്‍ അവരെ പ്രയോജനപ്പെടുത്തുവാന്‍ സഭയ്ക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടു ത്തുവാനും മനോവീര്യം തകര്‍ക്കാനുമുള്ള എതിര്‍ഭാഗം കാണിക്കുന്ന തന്ത്രജ്ഞതയുടെ ആയുധമായി നമ്മുടെ നേതൃത്വം പലപ്പോഴും പ്രകടിപ്പിക്കുന്ന ബുദ്ധിശൂന്യത നമ്മെ ഞെട്ടിപ്പിക്കുവാന്‍ പോന്നതാണ്.

പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആധുനിക കാലത്ത് വളരെ കരുതലും തന്ത്രജ്ഞതയും ആവശ്യമുണ്ട്. രാഷ്ട്രീയമായാലും ബിസിനസ് ആയാലും നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ, അന്ധമായ സഭാഭക്തിയൊന്നും വിവാദ വിഷയങ്ങള്‍ വരുമ്പോള്‍ പലര്‍ക്കും പ്രകടിപ്പിക്കാനാവുകയില്ല. എന്നാല്‍ ഈ വ്യക്തികളുടെ കരുത്തും കരുതലും എപ്പോഴും സഭയ്ക്കൊപ്പം ഉണ്ടാവുകയും ചെയ്യും. മുന്‍കാലങ്ങളില്‍ സഭ പ്രായോഗികമായി വിജയിച്ചു നിന്നത് സഭാ സ്നേഹികളായ ഇത്തരം മഹദ് വ്യക്തികളുടെ സമയോ ചിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു.

അതുകൊണ്ടു തന്നെ ഓര്‍ത്തഡോക്സ് സഭയെ ദുര്‍ബലപ്പെടുത്തുവാന്‍ ആഗ്രഹിക്കു ന്ന ശക്തികള്‍ ആദ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് സഭയുടെ ഈ ശക്തി ദുര്‍ഗ്ഗങ്ങളെ നിര്‍വീര്യമാക്കുവാനാണ്. അതിനുള്ള വ്യക്തമായ പദ്ധതി അവര്‍ തയാറാക്കി. തന്ത്രപൂര്‍വം കരുക്കള്‍ നീക്കിയപ്പോള്‍ ഓര്‍ത്തഡോക്സ് പ ക്ഷത്തെ തീവ്രവാദികള്‍ പേര് ആഗ്രഹിക്കുന്നവര്‍ അതിന് വിധേയരായി ആ ചുമതല നിര്‍വഹിക്കുവാന്‍ തയാറായി വന്നത് ദയനീയമായ കാര്യമായിരുന്നു.

ചില ഉദാഹരണങ്ങള്‍ മാത്രം പറയാം. തൃക്കുന്നത്തു സെമിനാരിയില്‍ പ്രവേശനം ആഗ്രഹിച്ച യാക്കോബായ വിഭാഗത്തിന്‍റെ യഥാര്‍ത്ഥ തടസ്സം ആരായിരുന്നു? മുപ്പതിലധികം വര്‍ഷങ്ങള്‍ മണ്ണാറപ്രായില്‍ അച്ചന്‍റെ നിയന്ത്രണത്തില്‍ നിന്നപ്പോള്‍ അത് യാക്കോബായ പക്ഷത്തിന് ബാലികേറാമ ല ആയിരുന്നു. മണ്ണാറപ്രായില്‍ അച്ചനെ വീഴിക്കാതെ മുന്നോ ട്ടു പോവാന്‍ കഴിയില്ല എന്നു ബോദ്ധ്യപ്പെട്ടവര്‍ അതിനുള്ള കരുക്കള്‍ നീക്കി. അദ്ദേഹത്തിനെതിരെ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓര്‍ത്തഡോക്സുകാരുടെ ലേബലില്‍ ഏതാനും ആളുകള്‍ കോട്ടയത്തു വന്നു സമരമുഖം തുറന്നു. ആ സമരമുഖത്ത് അവര്‍ ലക്ഷ്യം വച്ചത് മണ്ണാറപ്രായില്‍ അച്ച നെ മാത്രമല്ല. ഒരേസമയം ഉമ്മന്‍ചാണ്ടിയേയും മനോരമയേയും ആക്ഷേപിച്ചുകൊണ്ടവര്‍ കലി തുള്ളി.

തൊണ്ണൂറുകാരന്‍ മനോരമ പത്രാധിപരെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കാന്‍ അവര്‍ക്കു മടിയുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്ത ചീത്തയുമില്ല. അതിനു സ്തുതി പാടാന്‍ രാഷ് ട്രീയ ഭിക്ഷാം ദേഹികളുടെ വിടുപണിക്കാരായ ചില പുരോഹിതന്മാരും രംഗത്തെത്തി. ഒടു വില്‍ എന്തു സംഭവിച്ചുവെന്നു നമുക്കറിയാം. മണ്ണാറപ്രായില്‍ അച്ചന്‍ പുറത്തു പോയി. ആ വിടവിലൂടെ മറുപക്ഷത്തിനു അകത്തു കടക്കുവാന്‍ ഒരു ബുദ്ധിമുട്ടും വന്നില്ല. ഒപ്പം ഉമ്മന്‍ചാണ്ടിയും കെ. എം. മാത്യുവും സഭാ ദ്രോഹികളുമായി. ഇങ്ങനെ ഒരേസമയം മലങ്കര സഭയുടെ ശക്തി ചോര്‍ത്തി തങ്ങളുടെ ഇംഗിതം നടപ്പാക്കുവാന്‍ തന്ത്ര വിദഗ്ദ്ധര്‍ക്കു കഴിഞ്ഞപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം ജന ങ്ങള്‍ സത്യമേത് മിഥ്യയേത് എന്നറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു. ഇന്നും നമുക്കതില്‍ നിന്നു പുറത്തുവരാന്‍ കഴിയുന്നില്ല.

ഏറ്റവുമൊടുവില്‍ മലങ്കരസഭയെ പ്രാണനു തുല്യം സ്നേഹിക്കുന്ന പി. സി. അലക് സാണ്ടര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വച്ചു. അലക്സാണ്ടറുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ അത് തടയുവാന്‍ യാക്കോബായ വിഭാഗം പരസ്യമായി പ്രവര്‍ത്തിച്ചതും അതിന്‍റെയും പഴി ഓര്‍ത്തഡോക്സ് നേതൃത്വത്തെ ഏല്‍പ്പിച്ചതും ഇവിടെ വി സ്തരിക്കുന്നില്ല. അലക്സാണ്ടറുടെ നിര്‍ദ്ദേശ ങ്ങളോടു നമുക്കു യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. എങ്കിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തുവരെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകളെ അവഗണിക്കുവാന്‍ ഓര്‍ത്തഡോക്സുകാര്‍ക്കേ കഴിയൂ. എന്നാല്‍ അതിലപ്പുറം അദ്ദേഹ ത്തെ അധിക്ഷേപിക്കുന്നതിലാണ് ഇന്ന് ഓര്‍ത്തഡോക്സു തീവ്രവാദി വിഭാഗം സന്തോഷം കണ്ടെത്തുന്നത്.

അലക്സാണ്ടര്‍ ശിവസേനക്കാരനാണെന്നും സഭാ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹനല്ലെന്നും ഒരു തീവ്രവാദി വിഭാഗം പത്രക്കുറിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നു. അ തു കണ്ടപ്പോള്‍ മനസ്സിലായി ഇന്ന് ജന തീവ്രവാദി വിഭാഗം പ്രവര്‍ത്തിക്കുന്നത്ത് ആരുടെ അജന്‍ഡ നടപ്പാക്കാനാണെന്ന്.

മലങ്കരസഭയ്ക്ക് നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെയും നേതൃത്വം നല്‍ കുവാന്‍ തയാറായിട്ടുള്ള മക്കാറിയോസ് തിരുമേനിയെ ഈ തീവ്രവാദി വേദി ആക്ഷേപിച്ചു കടല്‍ കടത്തിയതു കൊണ്ട് ഉണ്ടായ നേട്ടത്തെപ്പറ്റി ഇന്ന് എല്ലാവര്‍ക്കുമറിയാം.

ഇനിയെങ്കിലും ഇത്തരം കൂലിയെഴുത്തുകാര്‍ ഒന്നു മനസ്സിലാക്കണം. സഭാസ്നേഹം ആരുടെയും തറവാട്ടു സ്വത്തല്ല. ഈ സഭയെ സ്നേഹിക്കുന്ന അനേകരുടെ പ്രാര്‍ത്ഥനയാലാണ്. പ്രവര്‍ത്തികള്‍ കൊണ്ടാണ്. കരുതല്‍ കൊണ്ടാണ്. ഇന്നയോളം അത് നിലനിന്നത്. ഇന്ന് യഥാര്‍ത്ഥ സഭാ സ്നേഹികള്‍ക്കെതിരെ അറിഞ്ഞും അറിയാതെയും ഒളിച്ചിരുന്ന് പക തീര്‍ക്കുന്നവര്‍ മനസ്സിലാക്കുക. യഥാര്‍ത്ഥ സഭാസ്നേഹികളെ തല്‍ക്കാലം നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിയും. എങ്കിലും അവര്‍ തക്ക സമയത്ത് തങ്ങളെത്തന്നെ മറന്ന് വെളിപ്പെടുക തന്നെ ചെയ്യും.

(മനനം, മാര്‍ച്ച് 2007)

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...